ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്; വെട്ടം കാണാതെ പോയ 5 തിരക്കഥകൾ: ‘ഹെലൻ’ സംവിധായകൻ പറയുന്നു
രാജ്യത്തെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയതിലുള്ള അഭിനന്ദന സന്ദേശങ്ങളുടെ നിറവിലാണ് യുവസംവിധായകനായ മാത്തുക്കുട്ടി സേവ്യർ. കാക്കനാട്ടെ ഫ്ലാറ്റിലെ സ്വീകരണമുറിയിലെ സോഫയിൽ ഇരുന്ന് കടന്നു വന്ന വഴികളെക്കുറിച്ച് സംസാരിക്കുമ്പോൾ പുറകിലെ ഷോകേസിൽ മറ്റൊരു പുരസ്കാരം ചിരി തൂകി ഇരിക്കുന്നുണ്ട്.
രാജ്യത്തെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയതിലുള്ള അഭിനന്ദന സന്ദേശങ്ങളുടെ നിറവിലാണ് യുവസംവിധായകനായ മാത്തുക്കുട്ടി സേവ്യർ. കാക്കനാട്ടെ ഫ്ലാറ്റിലെ സ്വീകരണമുറിയിലെ സോഫയിൽ ഇരുന്ന് കടന്നു വന്ന വഴികളെക്കുറിച്ച് സംസാരിക്കുമ്പോൾ പുറകിലെ ഷോകേസിൽ മറ്റൊരു പുരസ്കാരം ചിരി തൂകി ഇരിക്കുന്നുണ്ട്.
രാജ്യത്തെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയതിലുള്ള അഭിനന്ദന സന്ദേശങ്ങളുടെ നിറവിലാണ് യുവസംവിധായകനായ മാത്തുക്കുട്ടി സേവ്യർ. കാക്കനാട്ടെ ഫ്ലാറ്റിലെ സ്വീകരണമുറിയിലെ സോഫയിൽ ഇരുന്ന് കടന്നു വന്ന വഴികളെക്കുറിച്ച് സംസാരിക്കുമ്പോൾ പുറകിലെ ഷോകേസിൽ മറ്റൊരു പുരസ്കാരം ചിരി തൂകി ഇരിക്കുന്നുണ്ട്.
രാജ്യത്തെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയതിലുള്ള അഭിനന്ദന സന്ദേശങ്ങളുടെ നിറവിലാണ് യുവസംവിധായകനായ മാത്തുക്കുട്ടി സേവ്യർ. കാക്കനാട്ടെ ഫ്ലാറ്റിലെ സ്വീകരണമുറിയിലെ സോഫയിൽ ഇരുന്ന് കടന്നു വന്ന വഴികളെക്കുറിച്ച് സംസാരിക്കുമ്പോൾ പുറകിലെ ഷോകേസിൽ മറ്റൊരു പുരസ്കാരം ചിരി തൂകി ഇരിക്കുന്നുണ്ട്. സിനിമയെ അത്രമേൽ സ്നേഹിക്കുകയും അകാലത്തിൽ വേർപിരിയുകയും ചെയ്ത ചലച്ചിത്രപ്രതിഭ മോഹൻ രാഘവന്റെ പേരിലുള്ള പുരസ്കാരം. ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B എന്ന ഒറ്റ ചിത്രത്തിലൂടെ നിരൂപകപ്രശംസ നേടിയ മോഹൻ രാഘവന്റെ പേരിലുള്ള ആ പുരസ്കാരം മാത്തുക്കുട്ടിക്ക് സമ്മാനിക്കുന്നതിനു മുൻപ് മുതിർന്ന തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജോൺപോൾ പറഞ്ഞു, "മാത്തുക്കുട്ടി... താൻ സ്വീകരിക്കാൻ പോകുന്നത് ഒരുപാട് അനുഗ്രഹമുള്ള ഒരു അവാർഡാണ്."
ആ വാക്കുകൾ സത്യമായി. തൊട്ടടുത്ത ദിവസമാണ് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം മാത്തുക്കുട്ടിയെ തേടിയെത്തിയത്. സത്യത്തിൽ ഒരുപാടു പേരുടെ സ്നേഹാലിംഗനങ്ങളുടെ ഊഷ്മളതയുണ്ട് മാത്തുക്കുട്ടിക്ക് ലഭിച്ച ഈ പുരസ്കാരത്തിന്. സിനിമ എന്ന മോഹം നെഞ്ചിലേറ്റി മാത്തുക്കുട്ടി സേവ്യർ എന്ന ചെറുപ്പക്കാരൻ നടന്നു തീർത്ത വഴികൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നാൽ ആ വഴികളിൽ മാത്തുക്കുട്ടി കണ്ടെത്തിയതും കൂടെക്കൂട്ടിയതും സിനിമാമോഹികളായ ഒരു കൂട്ടം ചെറുപ്പക്കാരെയാണ്. അവരുടെ 'ഔട്ട് ഓഫ് ദ ബോക്സ്' ചിന്തകളാണ് ഹെലൻ എന്ന സിനിമ സാധ്യമാക്കിയത്. സിനിമയിലേക്കെത്തിയ വഴികളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും മനസു തുറന്ന് മാത്തുക്കുട്ടി സേവ്യർ മനോരമ ഓൺലൈനിനൊപ്പം.
അധികമാരും ഇല്ലാതിരുന്ന ആദ്യ പ്രദർശനം
2019 നവംബർ 15നാണ് ഹെലൻ റിലീസ് ആവുന്നത്. ആദ്യ ഷോ കാണാൻ അധികമാരും ഉണ്ടായിരുന്നില്ല. പിന്നെ ആ സിനിമ കണ്ടവർ പരസ്പരം പറഞ്ഞു പറഞ്ഞാണ് വൈകുന്നേരം ആയപ്പോഴേക്കും ആളുകൾ തീയറ്ററിലെത്തിയത്. അങ്ങനെയാണ് ഹെലൻ വിജയിച്ചത്. അന്നു തൊട്ട് ആളുകൾ തരുന്ന സ്നേഹത്തിന് വലിയ സന്തോഷമുണ്ട്. ദേശീയ പുരസ്കാരം ലഭിച്ചതിനു ശേഷം എനിക്കു ലഭിക്കുന്ന മെസജുകളിലെല്ലാം ആ സ്നേഹമുണ്ട്. ആ പടത്തിലൂടെ ലഭിച്ച സ്നേഹമാണ് ഇത്. അതിൽ എല്ലാവർക്കും ഒത്തിരി സന്തോഷമുണ്ട്. ആ സ്നേഹത്തിന്റെ ഉത്തരവാദിത്തം തീർച്ചയായും ഇനി വരുന്ന സിനിമകളിലുണ്ടാകും.
കഷ്ടപ്പാടുകളെ തുണച്ച ഭാഗ്യം
ഞാൻ, ആൽഫ്രഡ് (ആൽഫ്രഡ് കുര്യൻ ജോസഫ്), നോബിളേട്ടൻ (നോബിൾ ബാബു തോമസ്) ... ഞങ്ങൾ മൂന്നു പേരിലാണ് ഈ സിനിമയുടെ എഴുത്ത് തുടങ്ങിയതെങ്കിലും പിന്നീട് ഇതിലേക്ക് ഒരുപാടു പേർ വന്നു ചേർന്നു. വിനീതേട്ടൻ, ബോണി ചേച്ചി, ലാൽ സർ, അന്ന ബെൻ അങ്ങനെ നിരവധി പേർ. കുഞ്ഞു ബജറ്റിൽ ഒരു വലിയ സിനിമ എന്ന സ്വപ്നത്തിനു പിന്നാലെയായിരുന്നു എല്ലാവരും. അഞ്ചു വർഷമാണ് ഈ സിനിമ ഒരുക്കാനെടുത്തത്. ഒരു സിനിമയ്ക്കു വേണ്ടി അതിൽ കൂടുതൽ കഷ്ടപ്പെടുന്നവരുണ്ട്. ഞങ്ങൾ വിശ്വസിക്കുന്നത് ഞങ്ങൾക്കൊപ്പമുള്ളവരുടെ പ്രാർത്ഥനയുടെയും അവരുടെ പരിശ്രമങ്ങളുടെയും പ്രതിഫലമാണ് ഈ പുരസ്കാരം എന്നാണ്. ഇത്രയും ഗംഭീരമായ സിനിമകളുടെ ഇടയിൽ ഞങ്ങളുടെ കൊച്ചു സിനിമയ്ക്ക് പുരസ്കാരം ലഭിച്ചത് വലിയൊരു ഭാഗ്യമായി കാണുന്നു.
ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്
സിനിമ എഴുതാൻ വേണ്ടിയാണ് 2015 സെപ്റ്റംബറിൽ ജോലി രാജി വച്ചത്. ഒറ്റയ്ക്ക് എഴുതാനായിരുന്നു അന്നത്തെ ശ്രമം. നല്ല ക്ഷമ വേണ്ട പ്രക്രിയ ആണ് എഴുത്ത്. ഞാൻ എഴുതുന്നത് കുറച്ചൊക്കെ ശരിയാവും... കുറെ പറ്റുന്നില്ല... അങ്ങനെ പോകുമ്പോഴാണ് എന്റെ കൂടെ എൽകെജി–യുകെജി ക്ലാസിൽ പഠിച്ചിരുന്ന ആൽഫ്രഡിനെ പള്ളിയിൽ വച്ചു കാണുന്നത്. അവൻ ആ സമയത്ത് ഫെയ്സ്ബുക്കിൽ സിനിമയെക്കുറിച്ചൊക്കെ ചെറിയ കുറിപ്പുകൾ എഴുതിയിടുമായിരുന്നു. സിനിമയിൽ അവന് താൽപര്യമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ഞാൻ എന്താണ് ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ എന്റെ സിനിമാ എഴുത്തിനെക്കുറിച്ച് ആൽഫ്രഡിനോടു പറഞ്ഞു. എഴുതുന്ന കഥയെക്കുറിച്ചും ഞങ്ങൾ കുറച്ചു സംസാരിച്ചു. രസകരമായ കാര്യം പിന്നീടാണ് സംഭവിച്ചത്. വൈകുന്നേരമായപ്പോൾ വാട്ട്സാപ്പിൽ എനിക്ക് ഒരു സീൻ അവൻ അയച്ചു തന്നു. ആ വാട്ട്സാപ്പ് ചാറ്റ് പിന്നെയും തുടർന്നു. അങ്ങനെ അതൊരു സ്ക്രിപ്റ്റ് ആയി. സത്യത്തിൽ ആ സ്ക്രിപ്റ്റും കൊണ്ടാണ് ഞങ്ങൾ ആദ്യമായി സിനിമാക്കാരെ കാണാൻ പോകുന്നത്. ആ സ്ക്രിപ്റ്റ് ആണ് ഞങ്ങളെ നോബിളേട്ടനിൽ എത്തിച്ചത്. അങ്ങനെയാണ് ഞങ്ങൾ മൂന്നുപേരും കൂടി ഒരു സിനിമ എഴുതാനുള്ള സാഹചര്യമൊരുങ്ങിയത്. അഞ്ചു വർഷമെടുത്ത ആ യാത്രയിലാണ് ഹെലൻ സംഭവിച്ചതും. ഇവരെ രണ്ടു പേരെ കണ്ടില്ലായിരുന്നെങ്കിൽ ജീവിതം ഏതു വഴിയിലൂടെ പോകുമായിരുന്നെന്ന് അറിയില്ല. വിനീതേട്ടനെ കണ്ടുമുട്ടിയതായിരുന്നു മറ്റൊരു വഴിത്തിരിവ്. അതുവരെ സിനിമ എന്നത് ഞങ്ങളുടെ തലയിൽ മാത്രമായിരുന്നു. അതിനെ റിയാലിറ്റി ആക്കിയത് വിനീതേട്ടനാണ്. ഞങ്ങൾ ഹെലന്റെ നരേഷൻ (narration) കൊടുത്ത്, അതിലെ തിരുത്തലുകൾ വാങ്ങാൻ പോയപ്പോഴാണ്, 'മാത്തൂ... ഇത് ഞാൻ നിർമ്മിച്ചോട്ടെ' എന്ന് വിനീതേട്ടൻ ചോദിക്കുന്നത്. ഞങ്ങളുടെ അഞ്ചു വർഷത്തെ പ്ലാനിങ് സിനിമയിലേക്ക് എത്തിയത് അപ്പോഴായിരുന്നു.
കാശു കണ്ടെത്താൻ വെഡിങ് ടീസർ
ജോലി രാജി വച്ചിറങ്ങിയപ്പോൾ അഭിമുഖീകരിച്ച പ്രധാന പ്രശ്നം പണം തന്നെയായിരുന്നു. അതുവരെ എല്ലാ മാസവും കൃത്യമായി ഒരു തുക അക്കൗണ്ടിൽ വരും. പെട്ടെന്ന് അതു നിന്നു. വീട്ടിൽ ചോദിക്കാൻ കഴിയില്ല. കാരണം, വീട്ടുകാരെ സപ്പോർട്ട് ചെയ്യേണ്ട പ്രായത്തിൽ അവരോട് പണം ചോദിക്കുന്നത് ശരിയല്ലല്ലോ. ഞാൻ ആലോചിച്ചത്, ഈ പ്രായത്തിൽ ഇങ്ങനെ ചെയ്തില്ലെങ്കിൽ പിന്നെ എപ്പോൾ എന്നായിരുന്നു. ഞങ്ങൾ എങ്ങനെയോ അങ്ങ് ഇറങ്ങി. അത്രയും പാഷൻ സിനിമയോട് ഉണ്ടായിരുന്നു. ഈയൊരു പ്രായം കഴിഞ്ഞാൽ ഇതു നടക്കില്ലെന്ന് തോന്നി. ഇതു കഴിഞ്ഞാൽ ഇതിലും ബുദ്ധിമുട്ടാവും കാര്യങ്ങൾ. എന്തെങ്കിലും ചെയ്യണമെങ്കിൽ ഈ പ്രായത്തിലേ നടക്കൂ എന്നൊരു തോന്നലുണ്ടായിരുന്നു. അടിസ്ഥാന ആവശ്യങ്ങൾക്ക് പണം കണ്ടെത്തണമല്ലോ... ഭക്ഷണം കഴിക്കണം, താമസിക്കാൻ സ്ഥലം വേണം... അതിന് ഞങ്ങൾ ഒരു വഴി കണ്ടെത്തി. ഞങ്ങളുടെ സീനിയർ ഒരു ചേട്ടനുണ്ടായിരുന്നു. വിൻസ്റ്റന്റ് എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന് ഒരു വെഡിങ് കമ്പനിയുണ്ട്. അവരുടെ വിവാഹ വിഡിയോകൾക്ക് ഞങ്ങൾ ടീസർ ചെയ്തു കൊടുക്കും. അങ്ങനെ കുറച്ചു പണം കിട്ടും. അത്തരത്തിൽ സഹായിക്കുന്ന കുറച്ചു സുഹൃത്തുക്കളുണ്ടായിരുന്നു. അവരുടെ സപ്പോർട്ട് കൊണ്ടാണ് ഇത്രയും വർഷങ്ങൾ ഞങ്ങൾക്ക് പിടിച്ചു നിൽക്കാനായത്.
ഹെലന് മുൻപ് എഴുതിയത് 5 തിരക്കഥകൾ
ഒരു പടം അസിസ്റ്റ് പോലും ചെയ്യാതെ സിനിമ ചെയ്യാൻ പോവുകയാണോ എന്നൊക്കെ ആളുകൾ എന്നോടു ചോദിച്ചിട്ടുണ്ട്. സത്യത്തിൽ അസിസ്റ്റ് ചെയ്യാൻ അന്വേഷിച്ചപ്പോൾ അതിനുള്ള ചാൻസ് കിട്ടിയില്ല. അതൊരു നല്ല കാര്യമായി ഞാൻ കരുതുന്നു. കാരണം, അതുകൊണ്ടാണ് ഞങ്ങൾ സ്ക്രിപ്റ്റിൽ കൂടുതൽ ശ്രദ്ധിച്ചത്. ഹെലന് മുൻപ് അഞ്ചു തിരക്കഥകൾ എഴുതിയിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ട് അതൊന്നും നടന്നില്ല. ആ തിരക്കഥകൾ കൊണ്ട് ഞങ്ങൾ കുറെ പേരെ കാണാൻ നടന്നിട്ടുണ്ട്. ഓരോ സെറ്റിലേക്ക് പോകും. അസിസ്റ്റ് ചെയ്യാൻ പോയിരുന്നെങ്കിൽ ഒരു സെറ്റിലോ ഏതെങ്കിലും ഒന്നോ രണ്ടോ സംവിധായകരുടെ കൂടെയേ വർക്ക് ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. തിരക്കഥയുമായി ഓരോ സെറ്റിലും പോകുമ്പോൾ അവിടെ രാവിലെ മുതൽ വൈകീട്ടു വരെയൊക്കെ നിൽക്കേണ്ടി വരും. അവർ ഫ്രീ ആകുമ്പോഴല്ലേ നമുക്ക് സംസാരിക്കാൻ കഴിയൂ. അങ്ങനെ ഓരോ സെറ്റിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് നോക്കി പഠിക്കാൻ കഴിഞ്ഞത്. അങ്ങനെയാണ് ഞങ്ങൾ സെറ്റ് ഹാൻഡലിങ് പഠിച്ചത്. ഞങ്ങൾ ആദ്യം എഴുതിയ തിരക്കഥ ഷൂട്ട് ചെയ്താൽ അഞ്ചു മണിക്കൂർ ഉണ്ടാകുമെന്ന് പറഞ്ഞു തന്നത് സംവിധായകൻ റോജിൻ ചേട്ടനും മാർട്ടിൻ ചേട്ടനുമാണ്. അന്ന് അത് സിനിമ ആകാതെ പോയത് നന്നായെന്ന് ഞാനെപ്പോഴും ആൽഫ്രഡിനോട് പറയാറുണ്ട്. അവരിൽ നിന്നു കുറെ കാര്യങ്ങൾ പഠിച്ചു. അവർ പറഞ്ഞു തന്ന നിർദേശങ്ങൾ ഉൾക്കൊണ്ടാണ് ഞങ്ങൾ വീണ്ടും തിരക്കഥകൾ എഴുതാൻ തുടങ്ങിയത്.
പ്രേക്ഷകരെ നിരാശപ്പെടുത്തില്ല
മമ്മൂക്കയ്ക്കും ലാലേട്ടനും പറ്റിയ സബ്ജക്ടറ്റുകൾ മനസിൽ വരാറുണ്ട്. കുഞ്ഞു കുഞ്ഞു സബ്ജക്ടറ്റുകളാണ് അവ. ഇത് ലാലേട്ടൻ ചെയ്താൽ നന്നാകുമല്ലോ എന്നൊക്കെ തോന്നും. പക്ഷേ, അവരെ നേരിൽ ഇതുവരെ സമീപിച്ചിട്ടില്ല. ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല സമീപിക്കാത്തത്. നമുക്ക് ചിലപ്പോൾ അവരുമായി ഒരൊറ്റ അവസരമാകും ലഭിക്കുക. അതു കൈമോശം വരാതെ ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹം. അവർ ചെയ്താൽ ഗംഭീരമാകും എന്നു തോന്നുന്ന സബ്ജക്ടുകൾ നന്നായി വർക്ക് ചെയ്തു, വ്യക്തമായ തിരക്കഥ തയ്യാറാക്കി അവരെ സമീപിക്കണമെന്നാണ് ആഗ്രഹം. അതിന് ഇനിയും സമയമെടുക്കും. ഇപ്പോൾ മനസിലുള്ള വിഷയങ്ങൾ കുഞ്ഞു സബ്ജക്ടുകളാണ്. ആൽഫ്രഡ് സ്വതന്ത്രമായി ഒരു സിനിമ സംവിധാനം ചെയ്യുന്നു. അതിന്റെ വർക്കിലാണ് ഇപ്പോൾ. നോബിളേട്ടന്റെ സിനിമയും വൈകാതെ ഉണ്ടാകും. എന്തായാലും ഹെലനിൽ നിന്നു വ്യത്യസ്തമായ സിനിമയാകും അടുത്തത്. ഒന്നുറപ്പാണ്, പ്രേക്ഷകരെ മാനിക്കുന്ന രീതിയിൽ തിരക്കഥ ഒരുക്കിയ സിനിമ ആയിരിക്കും അത്. നിങ്ങൾ മുടക്കുന്ന ടിക്കറ്റിന്റെ കാശ് നഷ്ടമായെന്നു തോന്നാത്ത സിനിമ ആയിരിക്കും.