‘ഫഹദിന്റെ കണ്ണുകളിൽ എല്ലാമുണ്ട്’; ‘പതിനെട്ടാം പടി’ ചവിട്ടി ചന്തുനാഥ് എത്തിയത് മാലിക്കിൽ; അഭിമുഖം
മഹേഷ് നാരായണൻ-ഫഹദ് ഫാസില്‍ ചിത്രം മാലിക്കിനെപ്പറ്റിയുള്ള ചർച്ചകൾ ചൂട് പിടിക്കുമ്പോൾ മലയാള സിനിമയ്ക്ക് നായകനാക്കാൻ പറ്റിയ മറ്റൊരു നടൻ കൂടി ശ്രദ്ധ നേടുകയാണ്. സഹസംവിധായകനായെത്തി ‘പതിനെട്ടാം പടി’ ചവിട്ടി കരുത്തുറ്റ കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭദ്രം എന്ന് തെളിയിച്ച ചന്തുനാഥ് ആണ് ഈ താരം.
മഹേഷ് നാരായണൻ-ഫഹദ് ഫാസില്‍ ചിത്രം മാലിക്കിനെപ്പറ്റിയുള്ള ചർച്ചകൾ ചൂട് പിടിക്കുമ്പോൾ മലയാള സിനിമയ്ക്ക് നായകനാക്കാൻ പറ്റിയ മറ്റൊരു നടൻ കൂടി ശ്രദ്ധ നേടുകയാണ്. സഹസംവിധായകനായെത്തി ‘പതിനെട്ടാം പടി’ ചവിട്ടി കരുത്തുറ്റ കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭദ്രം എന്ന് തെളിയിച്ച ചന്തുനാഥ് ആണ് ഈ താരം.
മഹേഷ് നാരായണൻ-ഫഹദ് ഫാസില്‍ ചിത്രം മാലിക്കിനെപ്പറ്റിയുള്ള ചർച്ചകൾ ചൂട് പിടിക്കുമ്പോൾ മലയാള സിനിമയ്ക്ക് നായകനാക്കാൻ പറ്റിയ മറ്റൊരു നടൻ കൂടി ശ്രദ്ധ നേടുകയാണ്. സഹസംവിധായകനായെത്തി ‘പതിനെട്ടാം പടി’ ചവിട്ടി കരുത്തുറ്റ കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭദ്രം എന്ന് തെളിയിച്ച ചന്തുനാഥ് ആണ് ഈ താരം.
മഹേഷ് നാരായണൻ-ഫഹദ് ഫാസില്‍ ചിത്രം മാലിക്കിനെപ്പറ്റിയുള്ള ചർച്ചകൾ ചൂട് പിടിക്കുമ്പോൾ മലയാള സിനിമയ്ക്ക് നായകനാക്കാൻ പറ്റിയ മറ്റൊരു നടൻ കൂടി ശ്രദ്ധ നേടുകയാണ്. സഹസംവിധായകനായെത്തി ‘പതിനെട്ടാം പടി’ ചവിട്ടി കരുത്തുറ്റ കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭദ്രം എന്ന് തെളിയിച്ച ചന്തുനാഥ് ആണ് ഈ താരം. സിനിമാമേഖലയിലേക്ക് വെറുമൊരു ആവേശത്തിന് എടുത്തുചാടിയതല്ല ചന്തുനാഥ്, മറിച്ച് ചെറുപ്പം മുതൽ യുവജനോത്സവങ്ങളിൽ സജീവ സാന്നിധ്യമായി തിയറ്റർ ഡയറക്‌ഷൻ, അഭിനയം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഇന്റർനാഷ്നൽ സ്കൂളിൽ അധ്യാപകനായി ജോലി നോക്കുമ്പോഴാണ് പതിനെട്ടാം പടിയിൽ എത്തുന്നത്. പതിനെട്ടാം പടിയിലെ അഭിനയം കണ്ട മഹേഷ് നാരായണൻ ചന്തുവിനെ അന്നേ മനസ്സിൽ കുറിച്ചിടുകയായിരുന്നു. മാലിക്കിന്റെ വിജയത്തോടെ വരുന്ന അഭിനന്ദന പ്രവാഹങ്ങൾക്കിടയിൽ മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുകയാണ് ചന്തുനാഥ്
പതിനെട്ടാം പടിയിലെ ജോയി എബ്രഹാം പാലക്കലിൽ നിന്നും മാലിക്കിലെ റിഷഭിലേക്കുള്ള ദൂരം
പതിനെട്ടാം പടി കഴിഞ്ഞ ഉടൻ ഞാൻ ചെയ്ത പടം മാലിക്കാണ്. പതിനെട്ടാം പടിയിൽ വളരെ ഓപ്പൺ ആയ, രസകരമായ ശൈലിയുള്ള അധ്യാപകനെയാണ് അവതരിപ്പിച്ചത്. ആ ഗെറ്റപ്പിൽ നിന്നു പാടെ മാറി എസ്പി റാങ്കിൽ ഉള്ള ഒരു കഥാപാത്രം ആകണം എന്ന ആവശ്യം ആദ്യം കേട്ടപ്പോൾ ചെയ്യാൻ കഴിയുമോ എന്ന സംശയം ഉണ്ടായിരുന്നു. സംവിധായാകന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് അഭിനയിക്കാൻ ആഗ്രഹിക്കുന്ന നടനാണ് ഞാൻ. പതിനെട്ടാംപടിയിൽ ജോയിയുടെ ഇൻപുട്ട് തന്നത് ശങ്കർ രാമകൃഷ്ണൻ സർ ആണ്.
ആ കഥാപാത്രത്തിന്റെ നടപ്പ്, അയാളുടെ ശീലങ്ങൾ, കൈവയ്ക്കുന്ന രീതി, വോയ്‌സ് മോഡുലേഷൻ എല്ലാം ശ്രദ്ധിക്കണം. അത് വളരെയധികം പ്രാക്ടീസ് ചെയ്താണ് ചെയ്തത്. മാലിക്കിലെ കഥാപാത്രം സത്യത്തിൽ അത്ര സ്ട്രിക്റ്റ് ആയ പൊലീസ് ഓഫീസർ അല്ല. അയാൾ അലി ഇക്കയുമായി മാനസിക അടുപ്പം ഉള്ള ആളാണ്. ഔദ്യോഗിക കർത്തവ്യത്തോടൊപ്പംതന്നെ ജയിലിൽ കിടക്കുന്ന ആളോട് ഇമോഷനൽ സെന്റിമെന്റ്സ് ഉണ്ട്. അത് അഭിനയത്തിൽ കൊണ്ടുവരണം. സംവിധായകൻ ആണ് അഭിനേതാവിനെ മോൾഡ് ചെയ്യുന്നത്. അദ്ദേഹത്തിന് വേണ്ട മീറ്റർ പിടിക്കുക, അത് സിനിമ കഴിയുന്നതുവരെ നിലനിർത്തുക എന്നുള്ളതാണ് ഒരു നടന്റെ ജോലി. അല്ലാതെ ഡയലോഗ് പറഞ്ഞ് തകർക്കുക എന്നുള്ളതല്ല.
പൊലീസിൽ അലി ഇക്കയോട് മാനസികമായ അടുപ്പം ഉള്ള ആകെ ഒരാൾ അയാളാണ്. ആ ഒരു നിസ്സഹായത അയാളുടെ ഓരോ ചലനത്തിലും ഉണ്ടാകണം. റിഷഭ് എന്ന കഥാപാത്രത്തിന് വേണ്ടി ശരീരം പരുവപ്പെടുത്തി എടുത്തു, ഒടുവിൽ ഞാനും മഹേഷ് സാറും കൂടി കൊച്ചിയിൽ ഒരു എസ്പി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനെ കണ്ടു സംസാരിച്ചു, അദ്ദേഹത്തെ നിരീക്ഷിച്ചു. കഥാപാത്രത്തിനായി ഗെറ്റപ്പ് മാറ്റിയപ്പോൾ ഒരുപാട് പേര്, ‘താടി കളഞ്ഞു പഴയ ഭംഗി പോയി’ എന്നൊക്കെ പറഞ്ഞു. കുറെപേരിൽ ജോയി നല്ലൊരു സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഞാൻ ഒരു ആക്ടർ അല്ലെ കഥാപാത്രത്തിന് അനുസരിച്ച് എന്നെ മാറ്റാൻ എനിക്കൊരു മടിയുമില്ല. നാളെ ഒരു കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടാൻ പറഞ്ഞാൽ ഞാൻ അത് ചെയ്യും. ഇപ്പോൾ തന്നെ അടുത്ത സിനിമയ്ക്ക് വേണ്ടി ബോഡി സൈസ് കുറയ്ക്കാൻ വർക്കൗട്ട് ചെയ്യുകയാണ്.
ചെറുപ്പം മുതലേ അഭിനയം ഒരു ലഹരി
ചെറുപ്പം മുതൽ അച്ഛനും അമ്മയും എന്നെ എല്ലാ പ്രോഗ്രാമിനും പങ്കെടുപ്പിക്കുമായിരുന്നു. പഠിച്ച സ്കൂളിലെല്ലാം മോണോ ആക്ട്, കഥാപ്രസംഗം, നാടകം, പ്രസംഗം, കവിത ചൊല്ലൽ, എന്നിങ്ങനെ എല്ലാറ്റിലും പങ്കെടുക്കും. യുവജനോത്സവങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്ത് ചെയ്യാനും ഒരു മടിയും ഇല്ല.
മാർഇവാനിയോസിൽ പഠിക്കുമ്പോൾ യൂണിവേഴ്സിറ്റി യൂത്ത്‌ഫെസ്റ്റിവലിൽ ജേതാവായിട്ടുണ്ട്. അവിടെ വച്ചാണ് തിയറ്ററിൽ മനസ്സുടക്കിയത്. ബിഎയ്ക്ക് പഠിക്കുമ്പോൾ തന്നെ വയലാ വാസുദേവൻ സാറിന്റെ വിഷ്വൽ ആൻഡ് പെർഫോമിങ് ആർട്സ് എന്ന കോഴ്സ് ചെയ്തു. കനൽ എന്ന ഡ്രാമ ഗ്രൂപ്പിന്റെ സ്ഥാപക അംഗമാണ് ഞാൻ. ഒരുപാട് നാടകങ്ങൾ കനലിന്റെ നേതൃത്വത്തിൽ ചെയ്തു. അതിനു ശേഷം ബാംഗ്ലൂർ ക്രൈസ്റ്റിൽ പഠിക്കാൻ പോയി. അവിടെ വച്ച് ഇംഗ്ലിഷ് നാടകങ്ങൾ സംവിധാനം ചെയ്തു. ഇതിൽ നിന്നെല്ലാം കിട്ടിയ അനുഭവസമ്പത്ത് വളരെ വലുതാണ്. എങ്ങനെ ഓരോ കഥാപാത്രവും ഉൾക്കൊള്ളണം, എങ്ങനെ ഡയലോഗ് മോഡുലേറ്റ് ചെയ്യണം, നടക്കുന്നതിന്റെ താളം എന്നുള്ളതിലെല്ലാം ട്രെയിനിങ് കിട്ടിയിട്ടുണ്ട്.
ക്രൈസ്റ്റിൽ പഠിക്കാൻ പോകുന്നതിനു മുൻപ് തന്നെ ആക്ടിങ് ആണ് എന്റെ ഫീൽഡ് എന്ന് തീരുമാനിച്ചിരുന്നു. പഠനം കഴിഞ്ഞ് അധ്യാപകനായി ക്രൈസ്റ്റിലും തിരുവനന്തപുരം ഇന്റർനാഷനൽ സ്കൂളിലും മറ്റു പല സ്കൂളുകളിലും കോളജുകളിലും ജോലി ചെയ്യുമ്പോഴും എന്റെ പാഷൻ എന്നെ പിടിച്ചുവലിച്ചുകൊണ്ടിരുന്നു. ഒന്ന് ട്രൈ ചെയ്തു നോക്കാം എന്ന് എനിക്ക് ബോധ്യം വന്നപ്പോഴാണ് സിനിമയിലേയ്ക്ക് വന്നത്. ഹിമാലയത്തിലെ കശ്മലൻ ആയിരുന്നു ആദ്യ ചിത്രം.
സുരേഷ് ഉണ്ണിത്താൻ സാറിന്റെ മകൻ അഭിറാം സുരേഷ് ആണ് അത് ചെയ്തത്. അഭി എന്റെ കോളേജ് മേറ്റ് ആണ്. അഭിയുടെ ഭാര്യ എന്റെ ഭാര്യ സ്വാതിയുടെ സുഹൃത്താണ്. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കിയ സിനിമ ആയിരുന്നു അത്. അതിലെ ജോസ് എന്ന കഥാപാത്രവും ഈ പറഞ്ഞ രണ്ടു കഥാപാത്രങ്ങളേക്കാൾ വളരെ വ്യത്യസ്തമാണ്. തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന കള്ളുകുടിക്കുന്ന ഒരു നാട്ടുമ്പുറംകാരന്‍. അതിനു ശേഷമാണ് പതിനെട്ടാം പടി ചെയ്തത്. പതിനെട്ടാം പടി കണ്ടിട്ടാണ് എന്നെ മഹേഷ് നാരായണൻ സർ വിളിച്ചത്. അത് മാലിക്കിന് വേണ്ടിയായിരുന്നു. ഈ മൂന്നു കഥാപാത്രങ്ങളും മൂന്ന് തട്ടിൽ നിൽക്കുന്നവരാണ്. ഒരു കലാകാരൻ എന്ന നിലയിൽ അതിൽ എനിക്ക് സന്തോഷമുണ്ട്. മാലിക് കഴിഞ്ഞു കുറെ പടങ്ങൾ ചെയ്തിട്ടുണ്ട് അതൊക്കെ റിലീസ് ആകാനിരിക്കുന്നു.
മാലിക്കിലേക്കുള്ള വഴി
പതിനെട്ടാംപടി കഴിഞ്ഞ് എന്നെ ആദ്യം വിളിച്ചത് മഹേഷ് നാരായൺ സർ ആണ്. അഭിനയം ഇഷ്ടപ്പെട്ടു മാലിക്ക് എന്നൊരു പടം ഞാൻ ചെയ്യുന്നുണ്ട്, അതിനുവേണ്ടി ഒരു സ്ക്രീൻ ടെസ്റ്റിന് വരണം എന്ന് അദ്ദേഹം പറഞ്ഞു. സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത് സർ എനിക്കിത് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നാണ്. ആ സമയത്ത് എനിക്ക് സ്ക്രിപ്റ്റ് അറിയില്ല. ഞാൻ പറഞ്ഞു ‘സർ ഇത്രയും വലിയ പടത്തിന് എന്നേക്കാൾ ഒരു നല്ല ഓപ്‌ഷൻ സാറിനു കിട്ടുമെന്ന്’. പക്ഷേ അദ്ദേഹം എന്നിൽ വിശ്വസിച്ചു, ഒരുപാട് പിന്തുണ തന്നു.
അന്ന് ഞാൻ തിരിച്ചു വന്നു സുഹൃത്തുക്കളോടും പറഞ്ഞത് ഇത് എനിക്ക് പറ്റിയ കഥാപാത്രം അല്ല എന്നാണ്. അതിനുശേഷം മഹേഷ് സർ എന്നെ വിളിച്ചു, ‘സെലക്ട് ആയി എന്നു പറഞ്ഞു’. പിന്നെ ഞാൻ ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ ശ്രമിച്ചു, ഒരു എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കണ്ട് അദ്ദേഹത്തിന്റെ മാനറിസം ഒക്കെ മനസിലാക്കി. അങ്ങനെയാണ് അത് ചെയ്തത്. പക്ഷേ സിനിമ റിലീസ് ചെയ്തപ്പോൾ ഇത്രയും വലിയ സ്വീകാര്യത ഞാൻ പ്രതീക്ഷിച്ചതല്ല. സിനിമ കണ്ടതിനു ശേഷം എനിക്ക് തന്നെ എന്റെ കഥാപാത്രത്തെ ഇഷ്ടപ്പെട്ട് ഇരിക്കുമ്പോഴാണ് ഫോൺകോളുകളിലൂടെയും മെസ്സേജുകളിലൂടെയും അഭിനന്ദനപ്രവാഹം വരുന്നത്. മഹേഷ് സാറിനോട് എനിക്ക് നന്ദിയുണ്ട്. എന്നിലൂടെ എസ്പി റിഷഭ് എങ്ങനെ പുറത്തുവരും എന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
ഒരു തിയറ്റർ ആർട്ടിസ്റ്റായ ചന്തുനാഥ്, ഫഹദ് ഫാസിൽ എന്ന നടനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
അദ്ദേഹത്തെ വിലയിരുത്താൻ ഞാൻ ആരുമല്ല. അദ്ദേഹത്തിന്റെ വളർച്ച നാം എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നതാണ്. അത്രയും വലിയ പെർഫോമർ ആയ അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് അഭിനയിക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ‘ഫഹദിക്ക എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടായാൽ ഒന്ന് കണ്ണടച്ചേക്കണേ’ എന്നാണു. പക്ഷേ അദ്ദേഹം പറഞ്ഞത് "അയ്യോ ബ്രോ ഞാൻ പതറിപ്പോയാൽ എന്നെ സപ്പോർട്ട് ചെയ്തേക്കണേ’ എന്നും. തലേദിവസം ഒരു കോംപിനേഷന്റെ റിഹേഴ്സൽ ഉണ്ടായിരുന്നു. വളരെ നല്ല പ്ലാനിങ് ആയിരുന്നു. കൂടെ അഭിനയിക്കുന്ന ആൾ ചെയ്യുന്ന കണ്ണുകൊണ്ടുള്ള ചെറിയ ആക്‌ഷൻ പോലും നന്നായിരുന്നു എന്ന് അദ്ദേഹം പറയും.
ഗിവ് ആൻഡ് ടേക്ക് ആണ് അവിടെയൊക്കെ സംഭവിച്ചത്. അഭിനയത്തോട് വലിയ പാഷൻ ആണ് അദ്ദേഹത്തിന്. നമ്മുടെ മുന്നിൽ നിൽക്കുന്ന ആ ചെറിയ മനുഷ്യനിൽനിന്നും വരുന്ന എനർജി അപാരമാണ്. അദ്ദേഹത്തിന്റെ കണ്ണുകളിൽ എല്ലാമുണ്ട്. ഒപ്പം അഭിനയിക്കുമ്പോൾ നമുക്ക് ഒന്നും തോന്നില്ല, കാരണം നമ്മുടെ പാർട്ട് നന്നാക്കണം എന്നായിരിക്കും നമ്മുടെ മനസ്സിൽ, അപ്പോൾ ഒപ്പം നിൽക്കുന്നവരുടെ അഭിനയം ആസ്വദിക്കാൻ കഴിയില്ല. അതുകഴിഞ്ഞ് സ്‌ക്രീനിൽ കാണുമ്പോളാണ് അതിന്റെ അപാര സാധ്യത മനസ്സിലാകുന്നത്. ആക്‌ഷൻ പറയുന്നതിന് തൊട്ടുമുമ്പുവരെ നിന്ന ആളല്ല, പിന്നെ അദ്ദേഹം, പ്രായമായ അലി ഇക്ക ആയി മാറുകയാണ്. അദ്ദേഹത്തിന്റെ സമയം മെനക്കെടുത്താൻ പാടില്ലല്ലോ അതുകൊണ്ട് ഞാൻ നന്നായി തയാറെടുത്താണ മുന്നിൽ നിന്നതും.
മഹേഷ് നാരായണൻ എന്ന സംവിധായകൻ
വളരെ റിയലിസ്റ്റിക് ആക്ടിങ് ആണ് അദ്ദേഹത്തിന്റെ രീതി. അദ്ദേഹത്തിന്റെ പടത്തിൽ ഒരാളുപോലും വെറുതെ വന്നു പോകില്ല. മാലിക്കിൽ അഭിനയിച്ച ഓരോ ചെറിയ കഥാപാത്രത്തിനുപോലും എന്തൊക്കെയോ ചെയ്യാനുണ്ട്. കഥാപാത്രമായി പെരുമാറുക, നാച്ചുറൽ ആയി ചെയുക. എല്ലാവരും സ്ക്രിപ്റ്റ് വായിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. മഹേഷ് സാറിന്റെ മനസ്സിൽ ഉണ്ട് മുഴുവൻ സിനിമ. മനസ്സിൽ എഡിറ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. ആ കട്ട് പോയിന്റിൽ കിട്ടേണ്ടത് മതി അദ്ദേഹത്തിന്.
ഈ രീതി മനസ്സിലാക്കിയാൽ പിന്നെ നമുക്കും എളുപ്പമാണ്. ഇന്ദ്രൻസ് ചേട്ടൻ തന്നെ എന്ത് മനോഹരമായാണ് ചെയ്തിരിക്കുന്നത്. ആദ്യ ദിവസം തന്നെ അദേഹത്തിന് താൻ എന്താണ് ചെയ്യേണ്ടത് എന്നുള്ള വ്യക്തമായ ധാരണ കിട്ടും, പിന്നെ അങ്ങ് പെർഫോം ചെയ്യുകയാണ്. താൻ ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥതയാണ് ഞാൻ മഹേഷ് സാറിന്റെ പ്ലസ് ആയി കണ്ടത്. സിനിമയിലെ ഓരോ കഥാപാത്രത്തെയും വളരെ സൂക്ഷ്മതയോടെ തെരഞ്ഞെടുത്ത് അവരെ ആ കഥാപാത്രം അങ്ങ് എൽപിച്ചുകൊടുക്കുകയായിരുന്നു. അവരിൽ നിന്നും എന്ത് കിട്ടും എന്ന് അദ്ദേഹത്തിന് അറിയാം. ഒരു ചെറിയ കഥാപാത്രം ചെയ്തയാൾക്ക് പോലും നിരാശ ഉണ്ടാകില്ല. അതിന്റെ ഫലം മാലിക്ക് ഇറങ്ങിയപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകുമല്ലോ.
റിഷഭിനു കിട്ടുന്ന പ്രതികരണങ്ങൾ ?
പ്രതികരണങ്ങൾ വളരെ വലുതാണ്. തിയറ്റർ റിലീസിന്റെ ആഡംബരം നഷ്ടമാകുന്നുണ്ട് . നമ്മുടെ ചുറ്റും ഇരിക്കുന്നവരുടെ പ്രതികരണങ്ങൾ, ആരവങ്ങൾ, കയ്യടികൾ അതൊക്കെ ഏതു നടനും ആഗ്രഹിക്കുന്നതാണ്. പക്ഷേ ഇന്ത്യയൊട്ടാകെ ഒരുമിച്ച് ഒരുപാടുപേര് കണ്ടിട്ട് കിട്ടുന്ന റെസ്പോൺസ് വളരെ വലുതാണ്. ഒരു സ്മാർട്ട്ഫോൺ ഉള്ള ഏതാൾക്കും കാണാൻ പറ്റും എന്നുള്ള മെച്ചമുണ്ട്. ഈ സിനിമ തിയറ്ററിന് വേണ്ടി തന്നെ ചെയ്തതാണ്, സൗണ്ട് ക്വളിറ്റിയിലും, എഡിറ്റിങ്ങിലും, സിജി വർക്കിലുമൊക്കെ അത്രത്തോളം എഫർട്ട് ഇട്ടു ചെയ്ത സിനിമയാണ്. തിയറ്ററിൽ കാണുന്ന അനുഭവം വളരെ വലുതായിരിക്കും. എന്റെ വലിയ സ്‌ക്രീനിൽ കണ്ടിട്ട് ഫോണിൽ കാണുമ്പോൾ പോലും സൗണ്ടിലും വിഷ്വലിലും കളറിലുമൊക്കെ വളരെ വ്യത്യാസമുണ്ട്. ആ ഒരു നഷ്ടം ഒഴിച്ചാൽ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. എന്റെ കഥാപാത്രം ഇത്രത്തോളം ശ്രദ്ധിക്കപ്പെടും എന്ന് കരുതിയില്ല.
പുതിയ പ്രോജക്ടുകൾ
അടുത്തത് ട്വെൽത് മാനിലേക്ക് പ്രവേശിക്കുകയാണ്. ലാലേട്ടനോടും ജീത്തു സാറിനോടുമൊപ്പം വീണ്ടും സഹകരിക്കുക എന്ന ആവേശമുണ്ട്. അത് വേറൊരുതരം ഷൂട്ടിങ് വേറൊരുത്തരം കഥാപാത്രമൊക്കെയാണ്. ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ വേഷം. ആശിർവാദിന്റെ ഒപ്പം അഭിനയിക്കുക എന്നത് ആശിച്ചിരുന്നതാണ്, അത് ഇതിലൂടെ സാധിച്ചു.
റാം ഇതേ ടീം ആയിരുന്നു. പക്ഷേ നിർമാണം വേറെ കമ്പനിയായിരുന്നു. എത്രയോപേർ ആഗ്രഹിക്കുന്നതാണ് ലാലേട്ടനോടൊപ്പം അഭിനയിക്കാൻ. എനിക്ക് ആദ്യം ടെൻഷൻ ഉണ്ടായിരുന്നു, മലയാള സിനിമയിലെ രണ്ടു ടോപ് സ്റ്റാറുകളിൽ ഒരാളാണ്, എന്നാൽ ആദ്യ ദിവസം തന്നെ അദ്ദേഹം നമ്മെ സ്നേഹം കൊണ്ട് കീഴ്പെടുത്തിക്കളയും. പിന്നെ ഒരു സഹോദരനെപ്പോലെയാണ്, വീട്ടിലേക്ക് വിളിക്കുന്നു ഡിന്നർ തരുന്നു. ആ പടം തീരരുതേ എന്നായിരുന്നു പ്രാർഥന. ജീത്തു സാറിനോടൊപ്പം ആയാലും അഭിനയിക്കാൻ നല്ല സമാധാനമാണ്. അദ്ദേഹത്തിന് എന്തുകാര്യത്തിനും ബദലുണ്ട്.
വീണ്ടും കുടുംബത്തിലേക്ക് ചെന്നു കയറുന്ന ഫീൽ ആണ് ട്വെൽത് മാന്‍ എന്ന പ്രോജക്ടും. അതിന്റെ ഷൂട്ടിങ് ഉടനെ തുടങ്ങുമെന്ന് കരുതുന്നു. ഏകദേശം ഒൻപത് പടങ്ങൾ ഇതുവരെ ചെയ്തു. മാലിക് കഴിഞ്ഞു ചെയ്തത് ഖജുരാവോ ഡ്രീംസ് ആണ്. അത് കഴിഞ്ഞു ചെയ്തത് റാം, സഞ്ജിത്ത് സംവിധാനം ചെയ്ത സണ്ണി വെയ്ൻ–ധ്യാൻ ശ്രീനിവാസൻ ഒക്കെ അഭിനയിക്കുന്ന ത്രയം. അനൂപ് മേനോൻ ചേട്ടന്റെ 21 ഗ്രാംസ് എന്ന ചിത്രം ചെയ്തു, ഒരുപാട് കാസ്റ്റുള്ള ചിത്രമാണ് അത്. ജോഷി സാറിന്റെ സുരേഷ്‌ഗോപി ചിത്രം പാപ്പനിലും അഭിനയിച്ചു. ഇതെല്ലാം ചിത്രീകരണം കഴിഞ്ഞ് റിലീസ് കാത്തുനിൽക്കുന്ന ചിത്രങ്ങളാണ്. സർക്കാരിന് വേണ്ടി ഡിവോഴ്സ് എന്ന ചിത്രത്തിൽ ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്.
കുടുംബം
തിരുവനന്തപുരം കരമന ആണ് താമസം. വളരെ ചെറുപ്പത്തിൽ തന്നെ കൊല്ലത്തുനിന്നും ജോലി സംബന്ധമായി ഇവിടെ എത്തിയതാണ് അച്ഛനും അമ്മയും. അമ്മ കാര്യവട്ടം ഹിന്ദി ഡിപ്പാർട്മെന്റിൽ പ്രൊഫസർ ആണ്, അച്ഛൻ ഫോറെസ്റ്റ് റേഞ്ച് ഓഫിസർ ആയിരുന്നു. എനിക്ക് എല്ലാവിധ പ്രോത്സാഹനവും തന്നത് അവരാണ്. ഭാര്യ സ്വാതി ബിയോടെക്നോളജിയിൽ പിഎച്ച്ഡി ചെയ്യുന്നു. ഭാര്യ ഒരു ഗായിക കൂടിയാണ്. റിയാലിറ്റി ഷോകളിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട്. മകൻ രണ്ടു വയസുകഴിഞ്ഞ നീലൻ എന്ന് വിളിക്കുന്ന നീലാംശ്.
സ്വപ്നം?
വലിയ സ്വപ്‌നങ്ങൾ കാണുന്ന ആളാണ് ഞാൻ. ഒരിക്കൽ ഒരു എഫ്എം ഇന്റർവ്യൂവിൽ ചോദിച്ചു, ഇപ്പോൾ മമ്മൂക്കയോടൊപ്പം അഭിനയിച്ചു ഇനി എന്താ സ്വപ്നം എന്ന്. ഞാൻ പറഞ്ഞു ഇനി ലാലേട്ടനോടൊപ്പം അഭിനയിക്കണം എന്നുതന്നെയാണ് സ്വപ്നം. അത് കഴിഞ്ഞു ഉടൻ തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു . ചെറിയ വേഷങ്ങൾ ചെയ്തു മുന്നോട്ടു പോകണം എന്നതല്ല എന്റെ ലക്ഷ്യം. കിട്ടുന്ന കഥാപാത്രങ്ങളിൽ എന്തെങ്കിലും ചെയ്യാൻ ഉണ്ടാകണം. ഏതു കഥാപാത്രം കിട്ടിയാലും ചെയ്യാൻ കഴിയുന്ന രീതിയിൽ ഇവോൾവ് ചെയ്യണം.
മമ്മൂക്ക, ലാലേട്ടൻ, സുരേഷേട്ടൻ, ഫഹദിക്ക, അനൂപ് ഏട്ടൻ, അർജുൻ അശോക് ടീമ്, ഇവരോടൊപ്പമൊക്കെ അഭിനയിക്കാൻ കഴിഞ്ഞു ഇനി പൃഥ്വിരാജിനോടൊപ്പം അഭിനയിക്കണം. ലാലേട്ടന്റെ വീട്ടിൽ വച്ച് രാജുവേട്ടനെ കണ്ടിരുന്നു. പതിനെട്ടാംപടിയിൽ ഞങ്ങൾക്ക് കോംപിനേഷൻ സീൻ ഉണ്ടായില്ല, പക്ഷേ അദ്ദേഹം അഭിനയിക്കുമ്പോൾ ഞാൻ അവിടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു, ശങ്കർ സാർ ആണ് പരിചയപ്പെടുത്തിയത്. പിന്നീട് കണ്ടപ്പോൾ പടം കണ്ടു, നന്നായിരുന്നു എന്ന് രാജുവേട്ടൻ പറഞ്ഞു. പിന്നെ ഒരുപാട് സംസാരിച്ചു.
സ്കൂൾ മുതൽ കാണുന്നതല്ലേ അദ്ദേഹത്തെ, അസൂയ കാരണം ഒരുപാട് പേര്‍ തള്ളിപ്പറഞ്ഞ മനുഷ്യനാണ് അദ്ദേഹം. പക്ഷേ ഈ മനുഷ്യൻ മറ്റൊരു തലത്തിലേയ്ക്ക് വളരാൻ പോകുന്ന ആളാണെന്ന് എനിക്ക് തോന്നിയിരുന്നു. അസാധ്യ അഭിനയം കാഴ്ചവച്ച് ഏറ്റവും നല്ല നടനായി മാറുന്നതാണ് ഞാൻ കാണുന്ന സ്റ്റാർഡം. അങ്ങനെ ഒരാളായി മാറണം എന്നാണ് എന്റെ ആഗ്രഹം. എനിക്ക് ഇവിടെ ഒരു ക്രിയേറ്റിവ് സ്പേസ് ഉണ്ട്, പത്തോളം സ്ക്രിപ്റ്റ് ഞങ്ങൾ ഇവിടെ ചെയ്തു വച്ചിട്ടുണ്ട്. മമ്മൂക്ക, ലാലേട്ടൻ, ഇവരെയൊക്കെ മനസ്സിൽ കണ്ട് എഴുതിയ സ്ക്രിപ്റ്റുകൾ ഉണ്ട്. ഞാനിപ്പോ ശ്രദ്ധിക്കുന്നത് അഭിനയത്തിലാണ്. "ചോര" എന്ന ഒരു ഹ്രസ്വചിത്രം കോവിഡ് കാലത്ത് എഴുതി സംവിധാനം ചെയ്തിരുന്നു. ഒരു സംഭവകഥയുടെ ആഖ്യാനം ആണ്. പ്രശസ്ത കാമറാമാൻ പ്രദീപ് നായർ ആണ് അതിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. നല്ല മുതൽമുടക്കി തന്നെ ചെയ്തതാണ് അത്. എനിക്ക് ചവിട്ടി നിൽക്കാൻ ഒരു സ്പേസ് ഉണ്ടായാൽ, ഒരു പടം ചെയ്യാൻ അവസരം ഉണ്ടായാൽ എന്നെങ്കിലും ഒരു സിനിമ സംവിധാനവും ചെയ്‌തേക്കും. അങ്ങനെ അങ്ങനെ എന്റെ സ്വപ്‌നങ്ങൾ അനന്തമാണ്.