‘അസൂയ ഉള്ളവർ ചൊറിഞ്ഞുകൊണ്ടിരിക്കും, പുതിയ ചിത്രം തിയറ്റർ റിലീസ്’; സന്തോഷ് പണ്ഡിറ്റ് പറയുന്നു
മലയാള സിനിമയിൽ സ്വയമൊരു ‘ബ്രാൻഡ്’ ആയ താരമാണ് സന്തോഷ് പണ്ഡിറ്റ്. വിമർശനങ്ങളും ട്രോളുകളും സന്തോഷ് പണ്ഡിറ്റിന് പുതിയതല്ല. ഈയടുത്ത്, ഒരു സ്വകാര്യ ചാനലിലെ ഹാസ്യപരിപാടിയിൽ പങ്കെടുത്ത താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്. നേരിട്ട ദുരനുഭവത്തെക്കുറിച്ചും ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് സന്തോഷ്
മലയാള സിനിമയിൽ സ്വയമൊരു ‘ബ്രാൻഡ്’ ആയ താരമാണ് സന്തോഷ് പണ്ഡിറ്റ്. വിമർശനങ്ങളും ട്രോളുകളും സന്തോഷ് പണ്ഡിറ്റിന് പുതിയതല്ല. ഈയടുത്ത്, ഒരു സ്വകാര്യ ചാനലിലെ ഹാസ്യപരിപാടിയിൽ പങ്കെടുത്ത താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്. നേരിട്ട ദുരനുഭവത്തെക്കുറിച്ചും ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് സന്തോഷ്
മലയാള സിനിമയിൽ സ്വയമൊരു ‘ബ്രാൻഡ്’ ആയ താരമാണ് സന്തോഷ് പണ്ഡിറ്റ്. വിമർശനങ്ങളും ട്രോളുകളും സന്തോഷ് പണ്ഡിറ്റിന് പുതിയതല്ല. ഈയടുത്ത്, ഒരു സ്വകാര്യ ചാനലിലെ ഹാസ്യപരിപാടിയിൽ പങ്കെടുത്ത താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്. നേരിട്ട ദുരനുഭവത്തെക്കുറിച്ചും ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് സന്തോഷ്
മലയാള സിനിമയിൽ സ്വയമൊരു ‘ബ്രാൻഡ്’ ആയ താരമാണ് സന്തോഷ് പണ്ഡിറ്റ്. വിമർശനങ്ങളും ട്രോളുകളും സന്തോഷ് പണ്ഡിറ്റിന് പുതിയതല്ല. ഈയടുത്ത്, ഒരു സ്വകാര്യ ചാനലിലെ ഹാസ്യപരിപാടിയിൽ പങ്കെടുത്ത താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്. നേരിട്ട ദുരനുഭവത്തെക്കുറിച്ചും ഉയരുന്ന വിമർശനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് സന്തോഷ് പണ്ഡിറ്റ് മനോരമ ഓൺലൈനിൽ...
എന്തുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് വിമർശിക്കപ്പെടുന്നത്?
വിമർശിക്കുന്നവരോടാണ് അതു ചോദിക്കേണ്ടത്. ചിലപ്പോൾ എന്റെ കരിയർ തകർക്കൽ ആകാം, അല്ലെങ്കിൽ അവരുടെ വിവരക്കേടോ അസൂയയോ ആകാം. ഈയിടെ ഒരു പരിപാടിയിൽ ഞാൻ പങ്കെടുത്തപ്പോൾ അതിൽ രണ്ടു പഴയകാല നടിമാർ, ഞാൻ പാടുന്ന എന്റെ പാട്ടുകൾ കോപ്പി അടിച്ചതാണെന്ന് കാണിക്കാനായി മറ്റു ചില പാട്ടുകൾ പാടിയിരുന്നു. അത് അവരുടെ വിവരക്കേട് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സഹായിച്ചു.
നിലവിൽ ഉള്ള രാഗങ്ങളിൽ പല മാറ്റങ്ങൾ വരുത്തിയല്ലേ പാട്ട് ചെയ്യാൻ പറ്റൂ അങ്ങനെയല്ലേ നമ്മൾ കേൾക്കുന്ന മുഴുവൻ പാട്ടുകളും ഉണ്ടാകുന്നത്. സംഗീതം അറിയാവുന്നവർക്ക് ഞാൻ പറയുന്നത് മനസ്സിലാകും. മാപ്പിളപ്പാട്ടുകൾ എടുത്താൽ ആര് ചെയ്താലും ഒരുപോലെ ഇരിക്കും. അതുപോലെ നാടൻ പാട്ടുകൾ കേട്ടാൽ മിക്ക പാട്ടുകളും ഒരുപോലെ തോന്നും. അതെല്ലാം കോപ്പിയടി ആണെന്ന് പറയാൻ പറ്റുമോ? എന്റെ ‘പെണ്ണുകെട്ടിക്കഴിഞ്ഞാൽ ജീവിതം’ എന്ന പാട്ടിന്റെ കരോക്കെ ഇട്ട ശേഷം ‘സുട്രും മിഴി സുടറൈ’ എന്ന പാട്ടു പാടാൻ കഴിയുമോ? എന്നാൽ ഈ പണി ഞാൻ ഇവിടെ വച്ചു നിർത്തും. എന്താണ് സംഭവിച്ചത് എന്ന് ഇതെല്ലം കേട്ടുകൊണ്ടിരുന്നവർക്ക് മനസ്സിലാകും. ഒരു പ്രമുഖ സംഗീത സംവിധായകനാണ് അവിടെ നിന്നതെങ്കിൽ അയാളോട്, ഈ പാട്ടുകൾ അടിച്ചുമാറ്റിയത് അല്ലേ എന്ന് ഇവർ ചോദിക്കുമോ? എന്നെ വിമർശിച്ചതുകൊണ്ട് എനിക്ക് ഒന്നും സംഭവിക്കില്ല. സന്തോഷിനെ ട്രോളിയാൽ പത്തുപേര് കാണും. അതായിരിക്കും എന്നെ ട്രോളുന്നത്.
സ്വയം ആക്ഷേപിക്കപ്പെട്ടു എന്ന് പറഞ്ഞ ആൾ മറ്റൊരാളിനെ ആക്ഷേപിച്ചു എന്ന് പറയുന്നുണ്ടല്ലോ?
ബിനു അടിമാലിയെപ്പറ്റി ആയിരിക്കും പറയുന്നത്. ആ പരിപാടിയിൽ ആർട്ടിനു വേണ്ടിയുള്ള വടി കൊണ്ട് അയാൾ എന്റെ തലയ്ക്ക് അടിച്ചു. എനിക്ക് വേദനയൊന്നും ഉണ്ടായില്ല. പക്ഷേ, അങ്ങനെ ഒരു സംഭവം എന്നോട് പറഞ്ഞിട്ടില്ലായിരുന്നു. കാലിൽ ഒക്കെ ആണ് അടിച്ചതെങ്കിൽ ഞാൻ ഒന്നും പറയില്ല. ഒരാളുടെ തലയ്ക്ക് അടിക്കുന്നത് ശരിയായ നടപടി ആണോ? ഈ പരിപാടിക്ക് ശേഷം ഞാൻ പുള്ളിയോടു ചോദിച്ചു, ഇത് ആർട്ടിന്റെ വടി ആണോ എന്ന്. അപ്പോള്‍ പുള്ളി ചോദിച്ചു, എന്താ എന്നെ അടിക്കണം എന്നു തോന്നുന്നുണ്ടോ എന്ന്.
ഞാൻ പറഞ്ഞു, ‘നിങ്ങൾ പറയാതെ ആണല്ലോ എന്നെ അടിച്ചത്... ഒരടി തിരിച്ചും തരണം എന്ന് എനിക്ക് ആഗ്രഹമുണ്ട്’ എന്ന്! ഇതു പറഞ്ഞിട്ടാണ് ഞാൻ പുള്ളിയുടെ തോളിൽ ഒരു അടി കൊടുത്തത്. ചോദിച്ചു സമ്മതം വാങ്ങിയിട്ടാണ് അടിച്ചത്. മറ്റൊരു ഗെയിമിൽ അദ്ദേഹം എന്നെ അടിച്ചിട്ട്, അത് മലയാള സിനിമയ്ക്കു വേണ്ടി സമർപ്പിക്കുന്നു എന്നാണു പറഞ്ഞത്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങൾ മലയാള സിനിമയ്ക്കു വേണ്ടി സമർപ്പിക്കണ്ട... മിമിക്രിക്കാർക്ക് വേണ്ടി സമർപ്പിക്കൂ എന്ന്.
ഇദ്ദേഹം വന്ന അന്നു മുതൽ ചെയ്തിട്ടുള്ളത് സത്യൻ എന്ന മഹാനടനെയും ഹരിശ്രീ അശോകനെയും ജയനെയും മറ്റും വളരെ പരിഹാസ്യ രൂപത്തിൽ അവതരിപ്പിക്കുകയാണ്. ഇദ്ദേഹം തന്നെ പറഞ്ഞത് ‘അയ്യോ, ഞാൻ പാവം ഒരു മിമിക്രി കലാകാരൻ ആണേ... എന്റെ പടം ഒന്നും നൂറു കോടി ക്ലബ്ബിൽ കയറിയിട്ടില്ല എന്നാണ്. മിമിക്രിക്കാരൻ എന്ന് പറഞ്ഞത് അദ്ദേഹത്തിന് മോശം ആണോ? അദ്ദേഹം ചെയ്യുന്ന ജോലി അതല്ലേ? അവർക്കു വേണ്ടി സമർപ്പിക്കാൻ പറയുന്നത് മോശം ആയി തോന്നുന്നതെന്തിന്?! ഞാൻ വന്ന അന്ന് മുതൽ ഇന്നുവരെ സിനിമയ്ക്കായി ജീവിക്കുന്ന വ്യക്തിയാണ്. ഞാൻ എന്റെ ടീമിലെ അംഗങ്ങളോട് ചോദിച്ചിട്ടാണ് എന്റെ ‘ഉരുക്കു സതീശൻ’ എന്ന സിനിമയിലെ ‘നീയൊന്നും ജീവിച്ചിരിക്കുമ്പോൾ ശ്രദ്ധിക്കാൻ ആരും ഉണ്ടാകില്ല ചത്താൽ ചിലപ്പോൾ ശ്രദ്ധിക്കാൻ ആരെങ്കിലും വരും’ എന്ന ഡയലോഗ് പറഞ്ഞത്.
ഞാൻ മുൻപും പല പരിപാടിക്കിടയിലും ഈ ഡയലോഗ് പറഞ്ഞിട്ടുണ്ട്. ഒരാൾ പറയുന്നതെല്ലാം കോമഡിയായി എടുക്കും. മറ്റൊരാൾ പറയുന്നതെല്ലാം സീരിയസ് ആയി എടുക്കുന്നത് എന്തിനാണ്? ആദ്യം മുതൽ അവസാനം വരെ സിനിമയ്ക്കായി നിൽക്കുന്ന എന്റെ പ്രഫഷനെ ആണ് ഇയാൾ ചോദ്യം ചെയ്തത്. എംബിബിഎസ് കഴിഞ്ഞു ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുന്ന ഒരാളോട് നിങ്ങൾ തട്ടിപ്പു ഡോക്ടർ ആണെന്ന് പറഞ്ഞാൽ അവർ സഹിക്കുമോ? എന്റെ വീട് വിറ്റിട്ടാണ് ഞാൻ സിനിമ ചെയ്തു തുടങ്ങിയത്. അതൊക്കെ ഞാൻ തിരിച്ചു പിടിച്ചു. അത് വേറേകാര്യം. ഇവർക്ക് ആർക്കെങ്കിലും ഈ ധൈര്യം കാണുമോ? ഞാൻ ഇദ്ദേഹത്തോട് ഒരു വെല്ലുവിളിയേ നടത്തുന്നുള്ളൂ. ഞാൻ ചെയ്തതുപോലെ വീട് വിറ്റ് ഒരു സിനിമയെടുത്തു വിജയിപ്പിച്ചു കാണിക്ക്.
ബോഡി ഷെയ്മിങ് കോമഡി ആണ് ഇവർ ചെയ്യുന്നത്. മൽസ്യ തൊഴിലാളി, വാർക്കപ്പണിക്കാരൻ ഇവരെയൊക്കെയാണ് വളരെ മോശമായി ചിത്രീകരിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്യുന്നത്? അതാണോ കോമഡി? അയാൾ രാവിലെ മുതൽ വൈകിട്ടുവരെ വെയിൽ കൊണ്ട് കഷ്ടപ്പെട്ടാണ് പണി ചെയ്യുന്നത്. ഇവരൊക്കെ എന്താണ് ചെയ്യുന്നത്? ഈ ജോലിക്കാരെയും അനുഗൃഹീത കലാകാരന്മാരെയുമൊക്കെ കോമാളിയാക്കി ചിത്രീകരിച്ചാണ് ഇവർ ജീവിക്കുന്നത്.
ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സന്തുഷ്ടനാണോ?
സ്വതന്ത്ര രാജ്യമായ ഇന്ത്യയിൽ എനിക്ക് ഇഷ്ടമുള്ള ജോലി ചെയ്തു ജീവിക്കാൻ അവകാശമുണ്ട്. എന്റെ സിനിമയിൽ ആരെ വിളിക്കണമെന്നും ഞാൻ കോമാളി ആകണോ എന്നുമൊക്കെ ഞാനാണ് തീരുമാനിക്കുന്നത്. മറ്റുള്ള സിനിമയൊക്കെ എല്ലാം തികഞ്ഞതാണോ? എല്ലാം നൂറുകോടി കലക്ട് ചെയ്യുന്ന സിനിമകൾ ആണോ? അവരോടൊക്കെ ഈ ചോദ്യം ചോദിക്കാത്തതെന്താണ്? കേരള സംസ്ഥാനത്ത് എല്ലാവരാലും ഇഷ്ടപ്പെടുന്ന ഒരാളുടെ പേര് പറയാമോ? സന്തോഷ് പണ്ഡിറ്റ് സിനിമ ചെയ്യുന്നത് ഒരു ബിസിനസിന്റെ ഭാഗമാണ്. ബിനു അടിമാലി മറ്റു നടന്മാരെ എടുത്തു മോശമായി ചെയ്യുന്നത് ഒരു ബിസിനസ് ആണ്. സൂപ്പർ താരങ്ങളെപ്പോലും മറ്റു നടന്മാരുടെ ഫാൻസ് ആക്രമിക്കുന്നില്ലേ? ആർക്കും ആരെയും കുറ്റം പറയാനുള്ള മേന്മയൊന്നും ഇല്ല.
ഗൂഗിളിൽ ഏറ്റവും കൂടുതൽ മലയാളികൾ കാണുന്ന വിഡിയോകൾ
എന്റെ വിഡിയോകൾക്കെല്ലാം പത്തുലക്ഷത്തിൽ കൂടുതൽ വ്യൂ വരാറുണ്ട്. പത്തു വർഷമായി ഞാൻ ഇവിടെത്തന്നെയുണ്ട്. ഇത്രയും നാളും എന്നെ ആളുകൾ സെർച്ച് ചെയ്‌തു കാണണമെങ്കിൽ ഞാൻ ഇടുന്ന വിഡിയോ അവർക്ക് ഇഷ്ടപ്പെടാതെയാണോ? കഴിഞ്ഞ ആറു മാസത്തെ വിഡിയോകൾ എടുത്തു നോക്കൂ... അപ്പോൾ അറിയാം എത്ര വിഡിയോകൾ പത്തുലക്ഷം പേർ കണ്ടു എന്ന്. ഉറപ്പായും വളരെ പുതുമയോടെ നിലവാരത്തോടെ വർക്ക് ചെയ്യുന്നതുകൊണ്ടാണ് ആളുകൾ എന്നെ ഇഷ്ടപ്പെടുന്നത്. എത്ര നടന്മാർക്ക് അത്രയും വ്യൂ ഉണ്ട്? എന്തുകൊണ്ടാണ് അവർക്ക് വ്യൂ കിട്ടാത്തത്? അവരുടേത് നിലവാരം കൂടിയതുകൊണ്ടു കാണുന്നില്ല എന്നാണോ? സന്തോഷ് പണ്ഡിറ്റിനെ എല്ലാവരും വെറുക്കുന്നു. പക്ഷേ ഇടുന്ന വിഡിയോ എല്ലാം ആളുകൾ കാണുന്നുണ്ട്. എന്താണ് അതിന്റെ അർഥം?
ഞാൻ തുടക്കം മുതൽ ഇപ്പോൾ വരെ മലയാളികളെ മനസ്സിലാക്കി അവർ അർഹിക്കുന്നത് കൊടുക്കുന്നു. എന്റെ സിനിമകളിലെ സീനുകൾ ഇടുന്നതു മിക്കതും നാൽപതു ലക്ഷം ആളുകൾ വരെ കാണാറുണ്ട്. ഇതെന്താണ് നാൽപതു ലക്ഷം ആളുകളും 2011 മുതൽ വെറുത്തുവെറുത്തു കണ്ടുകൊണ്ടേയിരിക്കുകയാണോ? എന്നാൽ അവരുടെ തലയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് ഞാൻ പറയും. ഒന്നും രണ്ടും തവണ അബദ്ധം പറ്റുന്നതു മനസ്സിലാക്കാം. പക്ഷേ, പത്തു വർഷവും അതേ അബദ്ധം പറ്റുകയാണെങ്കിൽ അതിനെ എന്താണു പറയേണ്ടത്? ഞാൻ പോസ്റ്റ് ചെയ്യുന്നത് ഞാൻ ചെയ്യുന്ന ചാരിറ്റി വിഡിയോ, അമ്പലങ്ങളിലെ പരിപാടികൾ, സിനിമകളിലെ സീനുകൾ ഒക്കെയാണ്. ഇതെല്ലാം കാണാൻ ആളുണ്ട്. അതുകൊണ്ടാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്.
ഈ ആരോപണങ്ങൾ ഒക്കെ അസൂയയിൽനിന്ന് വരുന്നതാണ്. ഞാൻ എന്റെ സ്വന്തം കഴിവുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. അല്ലാതെ മറ്റുള്ളവരെ കളിയാക്കി അല്ല. എനിക്ക് പോസ്റ്റ് ചെയ്യാൻ എന്റെ തന്നെ കണ്ടന്റ് ഉണ്ട്. അല്ലാതെ മറ്റുള്ളവരെ അനുകരിച്ച് അത് ചാനലിൽ വരുമ്പോൾ അത് കട്ട് ചെയ്തിട്ടല്ല. നാളെ ഒരു ചാനൽ എന്നെ ഇനി വിളിക്കില്ല എന്ന് പറഞ്ഞാലും എനിക്കൊന്നും സംഭവിക്കില്ല. ആരുടെയും പിന്തുണ ഇല്ലാതെയാണ് ഞാൻ ഇവിടെ വരെ എത്തിയത്. എന്റെ സ്വന്തം പണത്തിനു ഞാൻ ഇനിയും പടം ചെയ്യും. ഒരു തിയറ്റർ കിട്ടിയില്ലെങ്കിൽ പോലും മുടക്കുമുതൽ എങ്ങനെ തിരിച്ചുപിടിക്കണമെന്ന് എനിക്ക് നല്ല ധാരണയുണ്ട്.
ഇന്നുവരെ ഒരു ചാനലും എന്റെ സിനിമയുടെ സാറ്റലൈറ്റ് എടുത്തിട്ടില്ല എന്നുകരുതി സന്തോഷ് തോറ്റുപോയോ? അതിപ്പോ ഒരു സൂപ്പർ സ്റ്റാറിനോടാണ് ചാനലുകൾ ചെയ്യുന്നതെങ്കിലോ? അവർ എന്നേ ഫീൽഡിൽനിന്ന് ഔട്ട് ആയേനെ! സന്തോഷ് ഇതുകൊണ്ടൊന്നും തോൽക്കില്ല. ഞാൻ ലാഭമുണ്ടാക്കുകയും എനിക്ക് കിട്ടുന്നതിൽ പകുതി ഞാൻ പാവങ്ങൾക്കു കൊടുക്കും എന്ന് എന്റെ അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയും ചെയ്യും. ഞാൻ ജനങ്ങളുടെ മനസ്സ് മനസ്സിലാക്കി അവർക്ക് താല്പര്യമുള്ളതു കൊടുക്കുന്നു, വിജയിക്കുന്നു. അതിൽ അസൂയ ഉള്ളവർ ചൊറിഞ്ഞുകൊണ്ടിരിക്കും. അതല്ല, സന്തോഷ് പണ്ഡിറ്റിനെപ്പോലെ ആകണം എന്നുണ്ടെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കൂ. എനിക്കു പറയാൻ സ്വന്തമായി സിനിമയെങ്കിലും ഉണ്ട്. അത് ഇല്ലാത്തവരാണ് എന്നെ വിമർശിക്കുന്നത്. അസൂയ ഒന്നിനും ഒരു ഉത്തരമല്ല. വിജയിക്കുന്നത് പ്രയാസമാണ്. അതിനേക്കാൾ ബുദ്ധിമുട്ടാണ് ആ വിജയം നിലനിർത്തുന്നത്. ഞാൻ എന്റെ സിനിമകളിൽ നൂറുപേർക്ക് അവസരം കൊടുക്കും. ഒരുപാട് പുതിയ പെൺകുട്ടികൾ അവസരം ചോദിച്ചു വരാറുണ്ട്. കഴിയുന്നവരെ സഹായിക്കാൻ ശ്രമിക്കാറുണ്ട്.
പുതിയ പ്രോജക്ടുകൾ
എന്റെ പത്താമത്തെ സിനിമ ‘ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ’ പൂർത്തിയായി. അത് ഒന്നരവർഷമായി പൂർത്തിയായി ഇരിക്കുകയാണ്. ഒടിടി റിലീസിന് ശ്രമിക്കുന്നില്ല. തിയറ്റർ കിട്ടുന്ന മുറയ്ക്കേ റിലീസ് ചെയ്യൂ. തിയറ്ററിൽ ആളുകൾ വന്നു തുടങ്ങണമല്ലോ. തിയറ്ററിൽ റിലീസ് ചെയ്തു കഴിഞ്ഞിട്ട് ഞാൻ സിനിമയുടെ കുറച്ച് ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇടും. പാർട്ട് പാർട്ടായിട്ടാണ് ഇടുന്നത്. അപ്പോൾ ഫുൾ സിനിമയ്ക്ക് ആളുകൾ കാത്തിരിക്കും. രണ്ടു സിനിമകളുടെ പ്ലാനിങ്ങിൽ ആണ് ഇപ്പോൾ. നിയന്ത്രണങ്ങൾ കുറഞ്ഞാൽ മാത്രമേ ഷൂട്ടിങ് തുടങ്ങാൻ കഴിയൂ. എപ്പോൾ വിളിച്ചാലും ഷൂട്ടിന് വരാൻ ടെക്‌നിഷ്യൻസ് ഉണ്ട്. ഞാൻ എപ്പോഴും ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ തുടരുന്നു. വെറുതെ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു കളയാൻ എനിക്ക് സമയമില്ല. എന്നെ കാത്തിരിക്കുന്ന ഒരുപാടു പേരുണ്ട്. ഇപ്പോൾ പത്തനംതിട്ട കേന്ദ്രീകരിച്ചാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.