ചുരുളിയിലെ ജീപ്പ് ഡ്രൈവർ, ജാനേമന്നിലെ സജിയണ്ണൻ; സജിൻ ഗോപുവിന് ഇത് ഡബിൾ ലോട്ടറി
'തലമുടി നാര് കെട്ടിത്തന്നാൽ നീ അക്കരെ കടത്തുവല്ലോടാ!'. ചുരുളിയിൽ ചെമ്പൻ വിനോദിന്റെ ആന്റണി പൊലീസിന്റെ ഈ ഡയലോഗിൽ ചെവി പൊട്ടിയ്ക്കുന്ന തെറി പറഞ്ഞ് നിമിഷാർദ്ധം കൊണ്ടു ഞെട്ടിക്കുന്ന ജീപ്പ് ഡ്രൈവറെ പ്രേക്ഷകർ മറക്കാനിടയില്ല. ചുരുളിയുടെ വന്യതയും നിഗൂഢതയും പ്രേക്ഷകർ അനുഭവിച്ചു തുടങ്ങുന്നത് ആ ജീപ്പ് ഡ്രൈവറിൽ
'തലമുടി നാര് കെട്ടിത്തന്നാൽ നീ അക്കരെ കടത്തുവല്ലോടാ!'. ചുരുളിയിൽ ചെമ്പൻ വിനോദിന്റെ ആന്റണി പൊലീസിന്റെ ഈ ഡയലോഗിൽ ചെവി പൊട്ടിയ്ക്കുന്ന തെറി പറഞ്ഞ് നിമിഷാർദ്ധം കൊണ്ടു ഞെട്ടിക്കുന്ന ജീപ്പ് ഡ്രൈവറെ പ്രേക്ഷകർ മറക്കാനിടയില്ല. ചുരുളിയുടെ വന്യതയും നിഗൂഢതയും പ്രേക്ഷകർ അനുഭവിച്ചു തുടങ്ങുന്നത് ആ ജീപ്പ് ഡ്രൈവറിൽ
'തലമുടി നാര് കെട്ടിത്തന്നാൽ നീ അക്കരെ കടത്തുവല്ലോടാ!'. ചുരുളിയിൽ ചെമ്പൻ വിനോദിന്റെ ആന്റണി പൊലീസിന്റെ ഈ ഡയലോഗിൽ ചെവി പൊട്ടിയ്ക്കുന്ന തെറി പറഞ്ഞ് നിമിഷാർദ്ധം കൊണ്ടു ഞെട്ടിക്കുന്ന ജീപ്പ് ഡ്രൈവറെ പ്രേക്ഷകർ മറക്കാനിടയില്ല. ചുരുളിയുടെ വന്യതയും നിഗൂഢതയും പ്രേക്ഷകർ അനുഭവിച്ചു തുടങ്ങുന്നത് ആ ജീപ്പ് ഡ്രൈവറിൽ
'തലമുടി നാര് കെട്ടിത്തന്നാൽ നീ അക്കരെ കടത്തുവല്ലോടാ!'. ചുരുളിയിൽ ചെമ്പൻ വിനോദിന്റെ ആന്റണി പൊലീസിന്റെ ഈ ഡയലോഗിൽ ചെവി പൊട്ടിയ്ക്കുന്ന തെറി പറഞ്ഞ് നിമിഷാർദ്ധം കൊണ്ടു ഞെട്ടിക്കുന്ന ജീപ്പ് ഡ്രൈവറെ പ്രേക്ഷകർ മറക്കാനിടയില്ല. ചുരുളിയുടെ വന്യതയും നിഗൂഢതയും പ്രേക്ഷകർ അനുഭവിച്ചു തുടങ്ങുന്നത് ആ ജീപ്പ് ഡ്രൈവറിൽ നിന്നാണ്. ശക്തമായ സിനിമാഖ്യാനത്തിന്റെ പുതുവഴികൾ തേടിയ ചുരുളിയിൽ നിന്ന് ഈ ജീപ്പ് ഡ്രൈവർ എത്തിപ്പെട്ടതാകട്ടെ, പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കുന്ന ജാൻ.എ.മൻ എന്ന സിനിമയിലേക്കും! 2019 നവംബറിൽ ചിത്രീകരിച്ച ചുരുളിയും 2020 നവംബറിലെടുത്ത ജാൻ.എ.മന്നും 2021 നവംബറിൽ ഒരേ ദിവസം പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ പുതുമുഖതാരം സജിൻ ഗോപുവിന് ഇരട്ട ബമ്പറടിച്ച ഫീലാണ്! ചുരുളിയിലെ ജീപ്പ് ഡ്രൈവറും ജാൻ.എ.മന്നിലെ സജിയണ്ണനും ക്ലിക്കായതോടെ, നല്ല വേഷത്തിനായി കഴിഞ്ഞ എഴെട്ടു വർഷങ്ങൾ അലഞ്ഞതിന്റെ ആകുലതകളെല്ലാം മാഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു നടനായി പ്രേക്ഷകർ അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് സജിൻ. ചുരുളിയുടെയും ജാൻ.എ.മന്നിന്റെയും വിശേഷങ്ങളുമായി സജിൻ ഗോപു മനോരമ ഓൺലൈനിൽ.
ജീപ്പോടിപ്പിച്ച് ചുരുളിയിലേക്ക്
2015ലെ തിലോത്തമ ആണ് ആദ്യചിത്രം. സിദ്ദിക്കിനൊപ്പം സിനിമയിലുടനീളമുള്ള വേഷമായിരുന്നു. പക്ഷേ, ആ പടം ഓടിയില്ല. പിന്നെ ചെയ്തത് മുംബൈ ടാക്സി എന്ന ചിത്രമാണ്. അതും കൂടി ചെയ്തപ്പോൾ ഞാൻ പോകുന്ന വഴി ശരിയല്ലെന്ന് തോന്നി. അതോടെ സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്ത് തിരക്കഥ എഴുതാൻ തുടങ്ങി. സുഹൃത്ത് സഞ്ജുവിനൊപ്പമായിരുന്നു എഴുത്ത് പരിപാടികൾ. സ്വന്തമായെഴുതുന്ന തിരക്കഥയിലെങ്കിലും നല്ലൊരു വേഷം കിട്ടുമല്ലോ എന്നു മോഹിച്ചായിരുന്നു ആ എഴുത്ത്. ലിജോ ചേട്ടന്റെ ഡയറക്ഷൻ ടീമിലെ അംഗമാണ് സഞ്ജു. ചുരുളിയിലേക്ക് ഓഫ് റോഡ് വണ്ടി നന്നായി ഓടിക്കുന്ന ഒരാളെ അവർ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. സഞ്ജു വഴിയാണ് ചുരുളിയുടെ ടീമിലേക്ക് ഞാനെത്തുന്നത്. കൂട്ടുകാരുടെ ഒപ്പം ഹൈറേഞ്ച് വണ്ടിയൊക്കെ ഓടിച്ചിട്ടുണ്ട്. ആ പരിചയത്തിന്റെ ബലത്തിലാണ് ഞാൻ പോയത്. കുളമാവ് കാടിന്റെ അകത്തായിരുന്നു സെറ്റ്. ഞാൻ അവിടെ ചെന്ന് പ്രൊഡക്ഷൻ ടീമിലെ അംഗങ്ങളെ ജീപ്പിലിരുത്തി വണ്ടി ഓടിച്ചു. അവർക്കത് സെറ്റായി.
'നല്ല സ്പീഡിൽ വച്ചലക്കിക്കോ സജിനേ'
പഴയൊരു മോഡൽ ജീപ്പായിരുന്നു ഓടിക്കാൻ തന്നത്. പവർ സ്റ്റീയറിങ് അല്ല. ഓടിച്ചോടിച്ച് ഞാൻ നല്ല പരുവമായെന്നു ചുരുക്കം. വെറുതെയങ്ങ് ജീപ്പോടിച്ചാൽ മാത്രം മതിയായിരുന്നില്ല. പത്തെൺപതു ലക്ഷം രൂപ വിലയുള്ള ക്യാമറ റിഗിലിരിപ്പുണ്ട്. മരത്തിൽ ക്യാമറ ഇടിക്കാതെ നോക്കണം. ക്യാമറയിലേക്ക് നോക്കാതെ ജീപ്പോടിക്കണം. ഒപ്പം ഡയലോഗ് പറയണം. അഭിനയിക്കണം. രണ്ടു ഗംഭീര അഭിനേതാക്കൾ മുൻ സീറ്റിൽ എനിക്കൊപ്പം ഇരിക്കുന്നുണ്ട്. അവർക്ക് പരിക്കൊന്നും സംഭവിക്കാതെ നോക്കണം. ഇത്രയും പരിപാടി ഒരേസമയം ചെയ്താണ് ആ രംഗങ്ങൾ പൂർത്തിയാക്കിയത്. ഇതെല്ലാം കൂളായി ചെയ്യണം. മുഖത്ത് ടെൻഷനോ പകപ്പോ ഒന്നും കാണിക്കാതെ വേണം ഇതെല്ലാം ചെയ്യാൻ. അതൊരു ടാസ്ക് തന്നെയായിരുന്നു. 'നല്ല സ്പീഡിൽ വച്ചലക്കിക്കോ' എന്നാണ് ലിജോ ചേട്ടൻ പറഞ്ഞത്!
സ്പോട്ടിൽ ഡയലോഗ്
സെറ്റിൽ എല്ലാവരും സീനിയേഴ്സ് ആണല്ലോ. അവരുടെ മുമ്പിൽ മോശമാകരുതെന്ന് കരുതി ഡയലോഗെല്ലാം തലേദിവസം നന്നായി പഠിച്ചു വച്ചിരുന്നു. ആദ്യ ദിവസം പുലർച്ചെ അഞ്ചരയ്ക്കു തന്നെ സെറ്റിലെത്തി. എന്റെ സീൻ ആയപ്പോഴേക്കും പത്തര–പതിനൊന്ന് ആയി. ഡയലോഗെല്ലാം പഠിച്ചു വച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഞാൻ. പക്ഷേ, ടേക്കിനു മുമ്പ് ലിജോ ചേട്ടൻ പറഞ്ഞു, സ്ക്രിപ്റ്റിലെ ഡയലോഗ് പറയണ്ട... ഞാനിപ്പോൾ പറഞ്ഞു തരുന്നത് പറഞ്ഞാൽ മതിയെന്ന്! ഞാൻ ആകെ പെട്ടു! ലിജോ ചേട്ടന്റെ പടമായതുകൊണ്ട് എറണാകുളത്തുള്ള ഫിലിം ടെക്നീഷ്യൻസ് എല്ലാം സെറ്റിലെത്തിയിട്ടുണ്ട്. ആദ്യ ദിവസമല്ലേ... ! അവസാനം, ഒരു വിധത്തിൽ ഞാൻ അതു ചെയ്തു തീർത്തു.
വെല്ലുവിളിയായ പാലം സീക്വൻസ്
ഷൂട്ട് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് പാലത്തിലൂടെ വണ്ടി ഓടിച്ചു കയറുന്ന രംഗം ചിത്രീകരിച്ചത്. പാലം സെറ്റിട്ടതായിരുന്നു. എങ്കിലും താഴേക്ക് അത്യാവശ്യം ആഴമുണ്ട്. കുറുകെ ഇട്ട മരത്തടികളിലൂടെ വണ്ടി ഓടിച്ചു കയറ്റുന്നതാണ് സീൻ. അതു ചെയ്യാൻ ഹൈദരാബാദിൽ നിന്ന് ഒരു ഡ്യൂപ്പ് വന്നിരുന്നു. എന്നാലും ഞാൻ തന്നെ ഒന്നു ഓടിച്ചു കയറ്റാൻ ശ്രമിച്ചു. അത് വർക്ക് ആയി. അതുകൊണ്ട് ഡ്യൂപ്പിനെ ഇറക്കേണ്ടി വന്നില്ല. ഫ്രെയിമിൽ വരാത്ത രീതിയിൽ സ്റ്റണ്ട് മാസ്റ്റർ എനിക്ക് നിർദേശങ്ങൾ തരാൻ നിന്നിരുന്നു. അദ്ദേഹം വിളിച്ചു പറഞ്ഞു തന്നുകൊണ്ടിരുന്ന നിർദേശങ്ങൾ അനുസരിച്ചാണ് ഞാൻ വണ്ടി ഓടിച്ചത്. കേട്ട് ഓടിച്ചതുകൊണ്ട് കൃത്യമായി ആ തടിയിലൂടെ തന്നെ വണ്ടി എടുക്കാൻ പറ്റി. അല്ലെങ്കിൽ വണ്ടി പാലത്തിൽ നിന്നു മറിഞ്ഞേനെ!
തടിയിലൂടെ വണ്ടി കയറ്റി ഇറക്കിയപ്പോൾ വൻ കയ്യടിയായിരുന്നു. സെറ്റിൽ നല്ല ഓളമായിരുന്നു. 19 ദിവസം രാത്രിയും പകലും പോയതറിഞ്ഞില്ല. സ്ക്രിപ്റ്റ് ഉണ്ടായിരുന്നെങ്കിലും അതു നോക്കിയല്ല ലിജോ ചേട്ടൻ ഷൂട്ട് ചെയ്തിരുന്നത്. പലരും കൂടുതൽ സംസാരിക്കുന്നത് സിനിമയിലെ ഭാഷയെക്കുറിച്ചാണ്. സത്യത്തിൽ, ക്രിമിനൽ സ്വഭാവമുള്ളവരുടെ 'ഭീകരത' പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സംവിധായകൻ ഉപയോഗിച്ചിരിക്കുന്ന ടൂൾ ആണ് ആ ഭാഷ. അവരുടെ ഉള്ളിലെ വയലൻസ് ആണ് തെറിയായി പുറത്തു വരുന്നത്. ഒരു ക്രിമിനലിനെ എസ്റ്റാബ്ലിഷ് ചെയ്യുന്നത് ആ ഭാഷയിലൂടെയാണ്. അതുകൊണ്ടാണ് അത്രയും തെറി ഉപയോഗിച്ചിരിക്കുന്നത്.
ജാൻ.എ.മന്നിലേക്ക്
എ.പി അനിൽകുമാർ എന്ന സാറിന്റെ കൂടെ ഞാൻ കുറെ നാടകങ്ങൾ ചെയ്തിട്ടുണ്ട്. ആ സമയത്ത് കുറെ ഓഡിഷനുകളിലും പങ്കെടുത്തിട്ടുണ്ട്. എനിക്കൊപ്പം ഓഡിഷനിൽ പങ്കെടുത്ത പലരും സിനിമയിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ നമ്മുടെ സമയം എപ്പോൾ വരുമെന്നോർത്ത് ആകുലപ്പെട്ടിട്ടുണ്ട്. ഒടുവിൽ സിനിമയ്ക്ക് തിരിക്കഥ എഴുതാമെന്നു കരുതി സുഹൃത്ത് സഞ്ജുവുമായി ചേർന്ന് എഴുത്ത് തുടങ്ങി. അതിനിടയിലാണ് ചുരുളി സംഭവിക്കുന്നത്. അതു കഴിഞ്ഞിരിക്കുന്നതിനിടയിൽ ചിദംബരത്തിന്റെ സിനിമയിൽ ഒരു റോളുണ്ടെന്ന് സുഹൃത്ത് പറഞ്ഞറിഞ്ഞു.
ചുരുളിയുടെ ട്രെയിലർ കണ്ടിട്ട് അവർ എന്നെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ ഓഡിഷനു പോയി. അവിടെ ഗണപതിയും ഉണ്ടായിരുന്നു. ചെന്നപ്പോൾ ഗണപതി ചോദിച്ചു, എന്താ മച്ചാനെ പേര്? ഞാൻ പറഞ്ഞു, സജിൻ! ഗണപതി ഞെട്ടി. കാരണം അവർ എനിക്കു വേണ്ടി കരുതി വച്ചിരുന്ന കഥാപാത്രത്തിന്റെ പേരും സജിൻ വൈപ്പിൻ എന്നായിരുന്നു. അപ്പോൾ തന്നെ ഗണപതി പറഞ്ഞു, സെറ്റ്! അങ്ങനെയാണ് ഞാൻ ജാൻ.എ.മന്നിലെ കലിപ്പൻ സജിൻ ആയത്.
സജിയണ്ണാ... അസിസ്റ്റന്റ് എവിടെ?
ചുരുളിയിൽ നിന്ന് ജാൻ.എ.മന്നിന്റെ സെറ്റിലെത്തിയപ്പോൾ ഞാൻ ശരിക്കും ഫ്രീ ആയി. എല്ലാവരും ഏകദേശം ഒരേ പ്രായം. നല്ല വൈബായിരുന്നു ഷൂട്ട്. ലിജോ ചേട്ടന്റെ പടത്തിൽ അഭിനയിച്ചതിന്റെ പരിചയം നന്നായി സഹായിച്ചു. അതുകൊണ്ട് സുഖമായി ചെയ്യാൻ കഴിഞ്ഞു. സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഞാൻ കുടുംബത്തിനൊപ്പം പത്മയിലാണ് സിനിമ കണ്ടത്. പ്രേക്ഷകർ കയ്യടിച്ചു ചിരിച്ചാണ് പല രംഗങ്ങളും ആസ്വദിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ വരെ വലിയ കയ്യടി കിട്ടി. അതു കണ്ടപ്പോൾ വലിയ സന്തോഷമായി. സിനിമ കണ്ടിറങ്ങിയപ്പോൾ പലരും ചോദിച്ചത്, 'സജിയണ്ണാ... അസിസ്റ്റന്റ് എവിടെ' എന്നായിരുന്നു. അത്രയും പ്രേക്ഷകരുമായി ഒരു കണക്ട് ഉണ്ടാക്കിയെന്നറിയുന്നതിൽ സന്തോഷം. ആളുകളെ ചിരിപ്പിക്കാൻ കഴിഞ്ഞല്ലോ! മൗത്ത് പബ്ലിസിറ്റി വഴിയാണ് സിനിമ കേറിയത്. ഇപ്പോൾ കൂടുതൽ തിയറ്ററുകളും ലഭിച്ചു.