രണ്ടാഴ്ച കരാട്ടെ ക്ലാസിൽ പോയ ധൈര്യത്തിൽ ഓഡിഷൻ: ഫെമിന, ബ്രൂസ്ലി ബിജി ആയതിങ്ങനെ
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘മിന്നൽ മുരളി’ ഒട്ടേറെ സർപ്രൈസുകൾ പ്രേക്ഷകർക്കായി കാത്തുവച്ചിരുന്നു. അവയിലൊന്നാണ് ബ്രൂസ്‌ലി ബിജി എന്ന നായിക. വിവാഹത്തിനു ശേഷം കരാട്ടെ പഠിപ്പിക്കാൻ സമ്മതിക്കില്ലെന്ന ഒറ്റ കാരണത്താൽ കാമുകനെ ഉപേക്ഷിക്കുന്ന ബിജി... അപ്രതീക്ഷിതമായി കിട്ടിയ
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘മിന്നൽ മുരളി’ ഒട്ടേറെ സർപ്രൈസുകൾ പ്രേക്ഷകർക്കായി കാത്തുവച്ചിരുന്നു. അവയിലൊന്നാണ് ബ്രൂസ്‌ലി ബിജി എന്ന നായിക. വിവാഹത്തിനു ശേഷം കരാട്ടെ പഠിപ്പിക്കാൻ സമ്മതിക്കില്ലെന്ന ഒറ്റ കാരണത്താൽ കാമുകനെ ഉപേക്ഷിക്കുന്ന ബിജി... അപ്രതീക്ഷിതമായി കിട്ടിയ
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘മിന്നൽ മുരളി’ ഒട്ടേറെ സർപ്രൈസുകൾ പ്രേക്ഷകർക്കായി കാത്തുവച്ചിരുന്നു. അവയിലൊന്നാണ് ബ്രൂസ്‌ലി ബിജി എന്ന നായിക. വിവാഹത്തിനു ശേഷം കരാട്ടെ പഠിപ്പിക്കാൻ സമ്മതിക്കില്ലെന്ന ഒറ്റ കാരണത്താൽ കാമുകനെ ഉപേക്ഷിക്കുന്ന ബിജി... അപ്രതീക്ഷിതമായി കിട്ടിയ
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘മിന്നൽ മുരളി’ ഒട്ടേറെ സർപ്രൈസുകൾ പ്രേക്ഷകർക്കായി കാത്തുവച്ചിരുന്നു. അവയിലൊന്നാണ് ബ്രൂസ്‌ലി ബിജി എന്ന നായിക. വിവാഹത്തിനു ശേഷം കരാട്ടെ പഠിപ്പിക്കാൻ സമ്മതിക്കില്ലെന്ന ഒറ്റ കാരണത്താൽ കാമുകനെ ഉപേക്ഷിക്കുന്ന ബിജി... അപ്രതീക്ഷിതമായി കിട്ടിയ കിക്കിൽ അടിതെറ്റി താഴെ വീഴുമ്പോഴും സ്റ്റൈലായി ലൈൻഡ് ചെയ്ത് കൂളായി പുഞ്ചിരിക്കുന്ന സൂപ്പർ കൂൾ കരാട്ടെ മാസ്റ്റർ!
സൂപ്പർ ഹീറോ ആയ സുഹൃത്ത് ഉണ്ടായിട്ടും ഒരു പ്രശ്നം വരുമ്പോൾ അതു സ്വന്തം നിലയിൽ പരിഹരിക്കുന്ന കുറുക്കൻ മൂലയിലെ ഒരേയൊരു ട്രാവൽ ഏജന്റ് കം കരാട്ടെ മാസ്റ്റർ... അതാണ് ബ്രൂസ്‌ലി ബിജി. കൊച്ചി സ്വദേശിയായ ഫെമിന ജോർജാണ് മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ബിജിയായി പ്രേക്ഷകരുടെ കയ്യടി നേടിയത്. ചെറുപ്പം മുതൽ സിനിമ വലിയൊരു സ്വപ്നമായി കൊണ്ടു നടന്നിരുന്ന ഫെമിനയ്ക്ക് മിന്നൽ മുരളി കാത്തു വച്ചത് മലയാള സിനിമയിലേക്കുള്ള എൻട്രി ടിക്കറ്റായിരുന്നു. ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട ആ യാത്രയെക്കുറിച്ച് ഫെമിന ജോർജ് മനോരമ ഓൺലൈനോട് മനസു തുറന്നപ്പോൾ.
ആദ്യ വെല്ലുവിളി 'വെയ്റ്റ് ലോസ്'
ഓഡിഷൻ വഴിയാണ് മിന്നൽ മുരളിയിലേക്ക് ഞാനെത്തുന്നത്. ഇൻസ്റ്റയിൽ ഒരു പോസ്റ്റ് കണ്ടു. സൂപ്പർ ഹീറോ പടത്തിലേക്ക് മാർഷ്യൽ ആർട്സ് അറിയുന്ന ഒരു പെൺകുട്ടിയെ തേടുന്നു എന്ന രീതിയിലൊരു ഓഡിഷൻ കോൾ ആയിരുന്നു. രണ്ടാഴ്ച കരാട്ടെ ക്ലാസിൽ പോയ ധൈര്യത്തിലാണ് ഞാൻ ഓഡിഷന് അപ്ലൈ ചെയ്തത്. അവർ വിളിച്ചു. രണ്ടു റൗണ്ടുണ്ടായിരുന്നു ഓഡിഷൻ. സിനിമയിൽ സ്നേഹ ബാബു ചെയ്ത ബിൻസിയുടെ കഥാപാത്രത്തെയാണ് ഓഡിഷന്റെ രണ്ടാമത്തെ റൗണ്ടിൽ അവതരിപ്പിക്കാൻ തന്നത്. ഓഡിഷനു ശേഷം വീണ്ടും അവർ വിളിച്ചു. ഒരു മാസം കൊണ്ട് ശരീരഭാരം കുറയ്ക്കാൻ കഴിയുമോ എന്നു ചോദിച്ചു. ആ സമയത്ത് എനിക്ക് ഏകദേശം 62 കിലോഗ്രാം ഭാരമുണ്ടായിരുന്നു. എന്റെ ഡബിൾ ചിൻ എല്ലാം എടുത്തു കാണാമായിരുന്നു. അൽപം ഭാരം കുറച്ചാൽ, സിനിമയിലെ കഥാപാത്രമായി പരിഗണിക്കാം എന്ന് അവർ പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. അത്യാവശ്യം നല്ല രീതിയിൽ കഷ്ടപ്പെട്ടു. ആഹാരം ക്രമീകരിച്ചു. ജിമ്മിൽ പോയി. ആറേഴു കിലോയോളം ഞാൻ ഒരു മാസം കൊണ്ടു കുറച്ചു.
കരാട്ടെ പരിശീലനം
ശരീരഭാരം കുറച്ചതിനു ശേഷം വീണ്ടും മിന്നൽ മുരളി ടീമിനെ വിളിച്ചു. നേരിൽ കണ്ടപ്പോൾ അവർ ഓകെ പറഞ്ഞു. അപ്പോഴാണ് എന്നോട് ആദ്യമായി ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രക്കുറിച്ച് പറയുന്നത്. ബിജി ആരാണ്, എന്താണ്, കഥയിൽ എങ്ങനെയാണ് ഇടപെടുന്നത്... അങ്ങനെ എല്ലാം വിശദമായി ഒരു ഗ്രൂമിങ് സെഷനിൽ ബേസിലേട്ടൻ പറഞ്ഞു തന്നു. ബിജി കരാട്ടെ മാസ്റ്റർ ആണെങ്കിലും എല്ലാ സ്കിൽസും സിനിമയിൽ കാണിക്കുന്നില്ല. അതുകൊണ്ട് വിശദമായി കരാട്ടെ പരിശീലനം ആവശ്യമുണ്ടായിരുന്നില്ല. പഠിച്ചെടുക്കണം എന്നു നിർബന്ധം പറഞ്ഞത് ആ കിക്ക് ആയിരുന്നു. അത് നല്ല രീതിയിൽ പരിശീലിച്ചെടുക്കണമെന്നു പറഞ്ഞു. ഞാനൊരു ട്രെയ്നറെ വച്ചപ്പോഴും കിക്കും സ്ട്രെചുകളും കൃത്യമാക്കിത്തരണം എന്നാണ് പറഞ്ഞത്. ആ പരിശീലനത്തിനു ശേഷമാണ് ഞാൻ മാനസികമായും ശാരീരികമായും ബ്രൂസ്‌ലി ബിജി ആയത്.
ലോക്ഡൗണിലെ കാത്തിരിപ്പ്
2019 ലാണ് ഞാൻ ഈ പടത്തിൽ ജോയിൻ ചെയ്യുന്നത്. ആ സമയത്ത് എല്ലാം പ്രാക്ടീസ് ചെയ്തു വച്ചിരുന്നു. എന്നാൽ, എല്ലാം ശരിക്കും ഷൂട്ട് ചെയ്തത് 2021 ലാണ്. അതിനിടയിൽ കോവിഡ് വന്നു. ലോക്ഡൗൺ ആയി. ജിം അടച്ചു. പരിശീലനം കൃത്യമായി തുടരാൻ കഴിഞ്ഞില്ല. വീട്ടിലിരുന്ന സമയത്ത് ഞാൻ വീണ്ടും വെയ്റ്റ് കൂടാൻ തുടങ്ങി. സ്ട്രെചുകളെ അതു ബാധിക്കാൻ തുടങ്ങി. ഒരു പരിശീലകൻ ഇല്ലാതെ വീട്ടിൽ എല്ലാം ചെയ്യുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. എങ്കിലും വീട്ടിൽ തന്നെ പരിശീലനം തുടർന്നു. 2021 ഏപ്രിലിലാണ് ടൊവീനോയുമായുള്ള ഫൈറ്റ് സീക്വൻസ് ഷൂട്ട് ചെയ്തത്.
ആക്‌ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് എന്റെ ഭാഗം കൊറിയോഗ്രഫി ചെയ്തത്. ഷൂട്ടിന് ഒരാഴ്ച മുമ്പു തന്നെ ഞങ്ങൾ നേരിൽ കണ്ടു. ജെയ്സണുമായുള്ള ബിജിയുടെ ഫൈറ്റ് എങ്ങനെയാകണം എന്നു അദ്ദേഹം പറഞ്ഞു തന്നു. അതിൽ കൂടുതൽ ചെയ്യുന്നത് പഞ്ചസ് (Karate Punches) ആണ്. പിന്നെ, ചെറിയൊരു കിക്കും. അതിന്റെ പോസ്ചറും മറ്റും അദ്ദേഹം കൃത്യമായി കാണിച്ചു തന്നു. എനിക്ക് അത്രയും സ്പീഡ് ഉണ്ടായിരുന്നില്ല. ആ ഒരാഴ്ചയിലെ പരിശീലനം കൊണ്ടാണ് അതു നേടിയെടുത്തത്. സെറ്റിൽ ഒരുപാട് ടേക്ക് പോകുമെന്നു കരുതിയിരുന്നെങ്കിലും അത്രയൊന്നും വന്നില്ല.
കയ്യടി നേടിയ ആ സീൻ
മിന്നൽ മുരളിയുടെ ഒരു ഇടി കിട്ടിയതിനു ശേഷം ചമ്മൽ പുറത്തു കാട്ടാതെ കൂളായി തലയിൽ കൈ വച്ചു കിടക്കുന്ന രംഗം പലർക്കും വലിയ ഇഷ്ടമായെന്നു പറഞ്ഞറിഞ്ഞു. ആ സീൻ വർക്കൗട്ട് ആയതിനു കയ്യടി അർഹിക്കുന്നത് തീർച്ചയായും സംവിധായകൻ ബേസിൽ ജോസഫ് ആണ്. ഫൈറ്റ് ആദ്യം ഷൂട്ട് ചെയ്തു. വീണു കിടക്കുമ്പോഴുള്ള ചിരി പിന്നീടാണ് എടുത്തത്. ഈ റിയാക്ഷൻ ഷോട്ട് മാത്രമല്ല, എല്ലാ ഷോട്ടിലും എന്താണ് ഞാൻ ചെയ്യേണ്ടതെന്ന് ബേസിലേട്ടൻ പറഞ്ഞു തരും. ഒപ്പം അഭിനയിച്ചും കാണിച്ചു തരും. ഈ റിയാക്ഷൻ ഷോട്ട് അദ്ദേഹം ഇതുപോലെ കാണിച്ചു തന്നിരുന്നു. എന്നിട്ടു പറഞ്ഞു, ഇത് നീയാണെങ്കിൽ എങ്ങനെ ചെയ്യും... അതുപോലെ ചെയ്യൂ എന്ന്! അങ്ങനെ ചെയ്ത ഷോട്ടാണ് അത്. അതിത്രയും ആളുകൾക്ക് ഇഷ്ടമാകുമെന്നു കരുതിയില്ല. അതിലെ ഹ്യൂമറാണ് എല്ലാവർക്കും വർക്കൗട്ട് ആയത്. എന്നെ സംബന്ധിച്ചിടത്തോളം ഏറെ ടെൻഷനുണ്ടായിരുന്ന ഭാഗമായിരുന്നു അത്. കാരണം, ശ്രദ്ധിച്ചു ചെയ്തില്ലെങ്കിൽ അത് ചളിയായി പോകാം. പക്ഷേ, പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല. എല്ലാവരിലേക്കും ആ ഹ്യൂമർ എത്തി.
ആവേശം പകർന്ന ക്ലൈമാക്സ്
എന്നോടു ചോദിച്ചാൽ, സിനിമയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട രംഗം ക്ലൈമാക്സാണ്. ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രത്തിന്റെ ആദ്യ വിവരണം കേട്ടപ്പോഴും ഞാൻ ഏറെ ആകർഷിച്ചതും ക്ലൈമാക്സ് ആയിരുന്നു. ബ്രൂസ‌്‌ലി ബിജിക്ക് നല്ല രീതിയിൽ പെർഫോം ചെയ്യാൻ അവസരമുള്ള ഒരു ക്ലൈമാക്സാണല്ലോ! ഒത്തിരി പേർ അക്കാര്യം എടുത്തു പറഞ്ഞ് അഭിനന്ദിച്ചു. പൊതുവെ സിനിമകളിൽ നായിക, നായകന്റെ നിഴലോ അല്ലെങ്കിൽ അയാളെ ആശ്രയിച്ചു നിൽക്കുന്ന ഒരാളോ ആകും. മിന്നൽ മുരളിയിൽ അങ്ങനെയല്ല. ഒരു പ്രശ്നം വരുമ്പോൾ മിന്നൽ മുരളിക്കായി അവർ കാത്തു നിൽക്കുന്നില്ല. ബിജിക്ക് ബിജി മതി. അവൾക്ക് പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ എന്നൊരു ബോധ്യം അവൾക്കുണ്ട്. അങ്ങനെയൊരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. അതു സൃഷ്ടിച്ചതിന് എഴുത്തുകാരായ അരുണിനും ജസ്റ്റിനും വലിയ നന്ദി. അവരാണല്ലോ ഈ കഥാപാത്രത്തെ അങ്ങനെ എഴുതി വച്ചത്. അതു നല്ല രീതിയിൽ അവതരിപ്പിച്ചെടുക്കാൻ ബേസിലേട്ടനും സഹായിച്ചു.
അതിൽ പറയുന്നതെല്ലാം വാസ്തവമല്ല
എന്നെപ്പറ്റി സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങളിൽ പലതും തെറ്റാണ്. ഞാൻ ഡിഗ്രി സെന്റ് തെരേസാസിൽ നിന്നല്ല എടുത്തത്. രാജഗിരിയിലാണ് ഡിഗ്രി ചെയ്തത്. എംകോം ചെയ്തത് സെന്റ് തെരേസാസിലായിരുന്നു. ഞാൻ ജനിച്ചത് സൗദിയിലാണ്. പിന്നീടാണ് കൊച്ചിയിലെത്തിയത്. ബികോം പൂർത്തിയാക്കിയതിനു ശേഷം ഒരു വർഷം ഇൻഫോപാർക്കിൽ ജോലി ചെയ്തു. അതിനുശേഷമാണ് പി.ജി പഠിക്കാൻ പോയത്. 2021ൽ എംകോം പൂർത്തിയാക്കി. ആ കോഴ്സിനു ചേർന്ന സമയത്താണ് മിന്നൽ മുരളിയുടെ ഓഡിഷനു പോയതും തിരഞ്ഞെടുക്കപ്പെട്ടതും. ചെറുപ്പം മുതൽ തന്നെ സിനിമ വളരെ ഇഷ്ടമായിരുന്നു. പത്രം തുറന്നാൽ സിനിമാവാർത്തകളെ വായിക്കാറുള്ളൂ. ചെറുപ്പത്തിലൊക്കെ കണ്ണാടിയിൽ നോക്കി പലതരത്തിൽ ഓരോന്നു ചെയ്തു നോക്കും.
മുതിർന്നപ്പോൾ സിനിമാമോഹം ഉള്ളിലുണ്ടായിരുന്നെങ്കിലും വീട്ടിൽ പറയാൻ പേടിയായിരുന്നു. രാജഗിരിയിലെ ഡിഗ്രി പഠനകാലത്താണ് മനസിലെ ആഗ്രഹം വീട്ടിൽ തുറന്നു പറയാനുള്ള ധൈര്യം കിട്ടിയത്. മാതാപിതാക്കളെ വിശ്വാസത്തിലെടുക്കാൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ അവരെ സമ്മതിപ്പിച്ചെടുത്തു. മിന്നൽ മുരളിയുടെ ഓഡിഷന്റെ സമയമായപ്പോഴേക്കും അവർ ഏകദേശം ഓകെ ആയിരുന്നു. ഇപ്പോൾ അവർ ഹാപ്പിയാണ്. അവരിപ്പോൾ അഭിമാനത്തോടെ എന്നെക്കുറിച്ച് പറയും, 'അഭിനയമാണ് അവളുടെ ഇഷ്ടം... അവൾ അതു ചെയ്യട്ടെ' എന്ന്! കെ.പി. വർക്കി എന്നാണ് അച്ഛന്റെ പേര്. എല്ലാവരും വിളിക്കുന്നത് പക്ഷേ, ജോയ് എന്നാണ്. ബിസിനസ് ആണ്. അമ്മ നഴ്സായിരുന്നു. ഇപ്പോൾ ബിസിനസിലേക്ക് തിരിഞ്ഞു. ഒറിജിനൽ പേര് റജീനമ്മ എന്നാണ്. വീട്ടിൽ സീന എന്നാണ് വിളിക്കുക. ഒരു അനിയനുണ്ട്. ഫെബിൻ ജോർജ്. കണ്ടാൽ എന്റെ ചേട്ടനാണെന്നു പറയും! അവന് എന്നെയല്ല, എനിക്ക് അവനെയാണ് പേടി.
ലക്ഷ്യം നല്ല സിനിമകൾ
സിനിമയാണ് എനിക്ക് വേണ്ടതെന്നു പറഞ്ഞപ്പോൾ ആർക്കും അതു പെട്ടെന്ന് അംഗീകരിക്കാൻ കഴിഞ്ഞില്ല. പ്രത്യേകിച്ച് ഡാഡിക്ക്! കാരണം, സിനിമ ഒരു സെയ്ഫ് കരിയറായി കാണുന്ന ഒരു കുടുംബമല്ല എന്റേത്. പക്ഷേ, ഇപ്പോൾ അവർക്ക് അഭിപ്രായം മാറി. ഡിഗ്രിക്കു ശേഷം ഞാൻ കുറച്ചുകാലം ജോലിയൊക്കെ ചെയ്തിരുന്നു. പക്ഷേ, ഇന്നാണ് ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ സന്തോഷമായി ഇരിക്കുന്നത്. ഞാൻ സ്വപ്നം കണ്ട നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സിനിമയിൽ തന്നെ നിലനിൽക്കണം എന്നാണ് ആഗ്രഹം. ഒരു കഥാപാത്രത്തിനു വേണ്ടി ശരീരഭാരം ക്രമീകരിക്കാനാണെങ്കിലും മറ്റു പരിശീലനങ്ങൾ നേടാനാണെങ്കിലും ഞാൻ തയാറാണ്. നല്ല സിനിമകൾ... നല്ല കഥാപാത്രങ്ങൾ...
ഇതാണ് എന്റെ ലക്ഷ്യം. അക്കാര്യത്തിൽ എനിക്ക് നല്ല കൃത്യതയുണ്ട്. ബാക്കിയുള്ളവർ പറയുന്നത് ഗൗനിക്കാറില്ല. രണ്ടു വർഷം മുമ്പ്, ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നു പറയുമ്പോൾ പലരും സംശയത്തോടെ ചോദിച്ചിട്ടുണ്ട്, സിനിമയോ? അതു റിസ്കല്ലേ? നിനക്ക് വേറെ വല്ല ജോലിയും ചെയ്തൂടെ എന്ന്? അന്ന് അങ്ങനെ ചോദിച്ചവരിൽ പലരും സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ ചോദിക്കുന്നത് അടുത്തത് ഏതാ പടം എന്നാണ്! എല്ലാവരും ഇങ്ങനെ മാറിയെന്നല്ല. സിനിമ തന്നെ വേണോ എന്നു ചോദിക്കുന്നവർ ഇപ്പോഴുമുണ്ട്. എങ്കിലും എനിക്ക് നല്ല വിശ്വാസമുണ്ട്. സിനിമ തന്നെയാണ് എനിക്ക് വേണ്ടത്.