ബേസിൽ വരും മുമ്പു തന്നെ സോഫിയ പോൾ തീരുമാനിച്ചു: മിന്നൽ മുരളി ഞാൻ നിർമിക്കും
‘മിന്നൽ മുരളി’ വൻ സ്വീകാര്യത നേടി മുന്നേറുമ്പോൾ സോഫിയ പോൾ എന്ന നിർമാതാവ് സന്തോഷത്തിലും അതിലേറെ സംതൃപ്തിയിലുമാണ്. സംവിധായകൻ ബേസിൽ ഈ സിനിമയിലേക്ക് എത്തും മുമ്പു തന്നെ ഈ ചിത്രത്തിന്റെ കഥ കേൾക്കുകയും അത് നിർമിക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു സോഫിയ. ലോക്കൽ സൂപ്പർ ഹീറോയെ ആളുകൾ ആവേശപൂർവം
‘മിന്നൽ മുരളി’ വൻ സ്വീകാര്യത നേടി മുന്നേറുമ്പോൾ സോഫിയ പോൾ എന്ന നിർമാതാവ് സന്തോഷത്തിലും അതിലേറെ സംതൃപ്തിയിലുമാണ്. സംവിധായകൻ ബേസിൽ ഈ സിനിമയിലേക്ക് എത്തും മുമ്പു തന്നെ ഈ ചിത്രത്തിന്റെ കഥ കേൾക്കുകയും അത് നിർമിക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു സോഫിയ. ലോക്കൽ സൂപ്പർ ഹീറോയെ ആളുകൾ ആവേശപൂർവം
‘മിന്നൽ മുരളി’ വൻ സ്വീകാര്യത നേടി മുന്നേറുമ്പോൾ സോഫിയ പോൾ എന്ന നിർമാതാവ് സന്തോഷത്തിലും അതിലേറെ സംതൃപ്തിയിലുമാണ്. സംവിധായകൻ ബേസിൽ ഈ സിനിമയിലേക്ക് എത്തും മുമ്പു തന്നെ ഈ ചിത്രത്തിന്റെ കഥ കേൾക്കുകയും അത് നിർമിക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു സോഫിയ. ലോക്കൽ സൂപ്പർ ഹീറോയെ ആളുകൾ ആവേശപൂർവം
‘മിന്നൽ മുരളി’ വൻ സ്വീകാര്യത നേടി മുന്നേറുമ്പോൾ സോഫിയ പോൾ എന്ന നിർമാതാവ് സന്തോഷത്തിലും അതിലേറെ സംതൃപ്തിയിലുമാണ്. സംവിധായകൻ ബേസിൽ ഈ സിനിമയിലേക്ക് എത്തും മുമ്പു തന്നെ ഈ ചിത്രത്തിന്റെ കഥ കേൾക്കുകയും അത് നിർമിക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു സോഫിയ. ലോക്കൽ സൂപ്പർ ഹീറോയെ ആളുകൾ ആവേശപൂർവം ഏറ്റെടുക്കുമ്പോൾ സോഫിയ പോൾ മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
മിന്നൽ മുരളിയുടെ തുടക്കം
‘പടയോട്ടം’ എന്ന സിനിമയുടെ മിഡിൽ ഈസ്റ്റ് റിലീസിന് ഞങ്ങൾ എല്ലാവരും ദുബായിൽ പോയപ്പോൾ അവിടെ വച്ചാണ് അരുൺ എന്നോടു മിന്നൽ മുരളിയെക്കുറിച്ചു പറയുന്നത്. അരുൺ ആണ് പടയോട്ടത്തിന്റെ തിരക്കഥാകൃത്ത്. ഒരു നാടൻ സൂപ്പർ ഹീറോ എന്റെ മനസ്സിലുണ്ട് അതിന്റെ പേര് ‘ഞാൻ മിന്നൽ മുരളി’ എന്നാണ് എന്ന് അരുൺ പറഞ്ഞു. എന്റെ മക്കൾ രണ്ടുപേരും സൂപ്പർ ഹീറോ ഫാൻസ് ആണ്. ‘മിന്നൽ മുരളി’ എന്ന പേര് കേട്ടപ്പോഴേ നമുക്ക് ഇത് ചെയ്യണം എന്ന് അവർ പറഞ്ഞു. കൂടുതലൊന്നും ആലോചിക്കാതെ ഞാൻ അപ്പോഴേ അരുണിനോട് പറഞ്ഞു, നമുക്കിത് ചെയ്യാം. അന്ന് കഥ ഒന്നും ആയിട്ടില്ല. അരുൺ പറഞ്ഞു: മാം, എനിക്ക് പറ്റിയ ഒരു സംവിധായകനെ വേണം എന്നാലേ എനിക്ക് ഈ കഥ ഡെവലപ്പ് ചെയ്യാൻ പറ്റൂ. എന്തായാലും ആ വൺ ലൈൻ കേട്ടപ്പോഴേ ഞാൻ യെസ് പറഞ്ഞു അവിടെയാണ് മിന്നൽ മുരളിയുടെ തുടക്കം.
ബേസിൽ ജോസഫ്
ബേസിൽ പടയോട്ടത്തിൽ അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത് ബേസിലും ഞാനുമായി മറ്റൊരു സിനിമയുടെ ചർച്ച നടക്കുകയാണ്. അരുൺ ഇതിനെപ്പറ്റി പടയോട്ടത്തിന്റെ സെറ്റിൽ വച്ച് ബേസിലിനോടു പറഞ്ഞിട്ടുണ്ട്. അത് അറിഞ്ഞപ്പോൾ എനിക്ക് ബേസിലിനെ വിളിച്ചു പറയാൻ എളുപ്പമായി. ഞാൻ വിളിച്ചപ്പോൾ ബേസിൽ പറഞ്ഞു, ‘എനിക്ക് താല്പര്യമുണ്ട്, മാം നാട്ടിൽ വരുമ്പോ നമുക്ക് സംസാരിക്കാം’ എന്ന്. നാട്ടിൽ വന്നപ്പോൾ ഞങ്ങൾ എല്ലാവരും കൂടി ഇരുന്നു ചർച്ച ചെയ്തു. അപ്പോൾ ബേസിൽ പറഞ്ഞു, മറ്റൊരു തിരക്കഥാകൃത്തു കൂടി ഇതിൽ വേണമെന്ന്. അങ്ങനെയാണ് ജസ്റ്റിൻ ഇതിൽ ജോയിൻ ചെയ്യുന്നത്. അങ്ങനെയാണ് 2018 ഓഗസ്റ്റിൽ മിന്നൽ മുരളി തുടങ്ങുന്നത്.
ആദ്യം തീരുമാനിച്ച കഥയിൽ വ്യത്യാസം വരുത്തി
ആദ്യം തീരുമാനിച്ച കഥയിൽനിന്ന് ഒരുപാടു മാറിയിട്ടുണ്ട്. ഇപ്പോൾ കാണുന്നത് ആദ്യം കേട്ട കഥയേ അല്ല. പക്ഷേ അപ്പോഴും മനസ്സിൽ ലോക്കൽ ഹീറോ ആണ് നായകൻ. നമ്മുടെ ചുറ്റുപാടിനു ചേരുന്ന ആളായിരിക്കണം നമ്മുടെ സൂപ്പർ ഹീറോ എന്ന് തീരുമാനിച്ചിരുന്നു. ഹോളിവുഡിൽ സൂപ്പർ ഹീറോസ് ചെയ്യുന്നതുപോലെ വേണ്ട, നമ്മുടെ നാട്ടിൽ ഒരാൾക്ക് ഇങ്ങനെ ഒരു ശക്തി കിട്ടിയാൽ അയാൾ എന്തൊക്കെ ചെയ്യും. അതാണ് നമ്മുടെ മനസ്സിൽ ഉണ്ടായിരുന്നത്. മലയാളികൾ എല്ലാ ഭാഷാചിത്രങ്ങളും കാണും. അവർക്ക് ഒരിക്കലും ഹോളിവുഡ് പോലൊരു പ്രോജക്ട് മലയാളത്തിൽ വേണ്ട. അങ്ങനെ ചർച്ച ചെയ്ത് പ്രീപ്രൊഡക്‌ഷൻ ആകാൻ ഒരു വർഷം എടുത്തു.
എനിക്ക് രണ്ട് ആൺമക്കളും രണ്ടു മരുമക്കളും ഉണ്ട്. ഞങ്ങൾ എല്ലാവരും ഇരുന്നാണ് കഥ കേൾക്കുന്നതും സ്ക്രിപ്റ്റ് വായിക്കുന്നതും. അവരെല്ലാവരും ഇതിൽ പങ്കുചേരണമെന്ന് എനിക്കു നിർബന്ധമുണ്ട്. ഞങ്ങൾ എല്ലാവരും ദുബായിൽ ആണ്. അതുകൊണ്ടു ഞാൻ ബേസിലിനെയും എഴുത്തുകാരെയും ദുബായിൽ കൊണ്ടുവന്നു. സ്ക്രിപ്റ്റ് ഒരു രൂപം ആയപ്പോൾ ബേസിൽ മുഴുവൻ കഥ ഞങ്ങളോട് പറയുന്നത് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ ഇട്ട് അഭിനയിച്ചാണ്. ബേസിൽ പറഞ്ഞു വരുമ്പോൾ ഇടയ്ക്ക് ജസ്റ്റിൻ മ്യൂസിക് കേൾപ്പിക്കും, ബേസിൽ അഭിനയിച്ചു കാണിക്കും. അങ്ങനെ കഥ കേട്ടപ്പോൾത്തന്നെ ഞങ്ങൾ എല്ലാം സിനിമയിലേക്ക് ഇറങ്ങിച്ചെന്നു. ബേസിൽ ആത്മവിശ്വാസത്തോടെ പറയുന്നതു കേട്ടപ്പോൾ ഞങ്ങൾക്കു പിന്നെ ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. അന്ന് ബേസിൽ പറഞ്ഞ കഥയിൽനിന്ന് ഒരുപാടു മാറ്റമൊന്നും വരുത്തിയില്ല. 2019 ഡിസംബറിൽ ഞങ്ങൾ ഷൂട്ടിങ് തുടങ്ങി.
ടീസറിലെ ബിജിഎം എന്തിന് ഒഴിവാക്കി ?
ആ മ്യൂസിക് ടീസറിനു വേണ്ടി മാത്രം ചെയ്തതാണ്. ആ മ്യൂസിക്ക് സിനിമയിൽ ഇടാൻ താല്പര്യമില്ലായിരുന്നു. പക്ഷേ അത് ഹിറ്റ് ആയി. ഷാൻ ആ മ്യൂസിക് ചെയ്തപ്പോഴേ ഇത് വളരെ നന്നായിട്ടുണ്ടല്ലോ എന്നു ഞങ്ങൾക്ക് തോന്നിയിരുന്നു. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. പക്ഷേ ക്ലൈമാക്സ് വേറേ രീതിയിലാണല്ലോ. അപ്പോൾ കഥയ്ക്ക് ചേരുന്ന രീതിയിലല്ലേ മ്യൂസിക് ചെയ്യാൻ പറ്റൂ. അതുകൊണ്ട് അതിനു പറ്റിയ രീതിയിൽ സുഷിനെ കൊണ്ട് മ്യൂസിക് ചെയ്യിച്ചു. ഷാൻ ചെയ്ത മ്യൂസിക് പ്രൊമോഷന് വളരെ ഉപകാരപ്പെട്ടു. എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് ആ മ്യൂസിക്. ഒരുപാടു പേര് ആ മ്യൂസിക് ഇട്ട് മിന്നൽ മുരളി ആയി അഭിനയിച്ച് വിഡിയോ എടുത്ത് ഞങ്ങൾക്ക് അയയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒരു ഹൈപ് വരുമ്പോൾ നമുക്ക് ടെൻഷൻ കൂടും. സിനിമ ആൾക്കാർ എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ലല്ലോ. 2020 ഓണത്തിനാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. പക്ഷേ കോവിഡ് കൂടിയത് കാര്യങ്ങൾ മാറ്റി മറിച്ചു. അതുകൊണ്ടാണ് ഓണത്തിന് ടീസർ ഇറക്കിയത്.
ടൊവിനോ
ഞങ്ങൾക്ക് എല്ലാവർക്കും ടൊവിനോയോട് ഒരുപാട് ബഹുമാനം തോന്നിയിരുന്നു. കാരണം സിനിമയ്ക്കു വേണ്ടി ടൊവിനോ ഒരുപാട് കഷ്ടപ്പെട്ടു. രാത്രി ഷൂട്ടിങ് ആയിരുന്നു കൂടുതലും. രാവിലെയാണ് ഇവർ ചില ദിവസങ്ങളിൽ ഷൂട്ടിങ് കഴിഞ്ഞു പോകുന്നത്. പക്ഷേ പിന്നെ വീണ്ടും ടൊവിക്ക് അദ്ദേഹത്തിന്റെ വർക്ക്ഔട്ട് ഉണ്ടാകും. കാരണം ആ സൂപ്പർ ഹീറോ കോസ്റ്റ്യൂം ഇട്ടു കഴിഞ്ഞു പിന്നെ ശരീരം മാറാൻ പാടില്ലല്ലോ. അപ്പൊ ശരീരം അതുപോലെ തന്നെ നിലനിർത്താൻ വേണ്ടി ഡയറ്റും വ്യായാമങ്ങളും തുടരണം. ടൊവി ആ കോസ്റ്റ്യൂം ഇട്ടു കണ്ടപ്പോൾ ഞങ്ങൾ പറഞ്ഞു, മിന്നൽ മുരളി ആകാനായി ജനിച്ച ആളാണ് ടൊവി എന്ന്. അത്രയ്ക്ക് പെർഫെക്റ്റ് ആയിരുന്നു ടൊവി. മിന്നൽ മുരളി ആയി ഞങ്ങൾ വേറെ ആരെയും ചിന്തിച്ചിട്ടില്ല. ആദ്യം മുതൽ തന്നെ എല്ലാവരുടെയും മനസ്സിൽ ടൊവിനോ ആയിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവ് ആയിരിക്കും ഈ സിനിമ.
ഒരുപാട് പ്രതിസന്ധികൾ
വിഷമം വരുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ എന്റെ ഭർത്താവ് പോൾ വലിയ പിന്തുണയാണ് തരുന്നത്. എന്നെയും മക്കളെയും പിന്തുണച്ച് ഞങ്ങൾക്ക് പിന്നിൽ നെടുംതൂണായി നിൽക്കുന്നത് അദ്ദേഹമാണ്. പടത്തിനു വേണ്ട ഫിനാൻസ് തരുന്നത് അദ്ദേഹമാണല്ലോ. അദ്ദേഹം പറയും ഈ സംഭവിക്കുന്നതൊന്നും നമ്മുടെ കുറ്റം കൊണ്ടല്ല, കോവിഡ് എല്ലാവരെയും ബാധിച്ച കാര്യമാണല്ലോ. അദ്ദേഹം തരുന്ന പിന്തുണ വളരെ വലുതായിരുന്നു. അതുകൊണ്ടു കൂടുതൽ ടെൻഷൻ അടിച്ച് ഇരുന്നിട്ടില്ല. സന്തോഷമായിട്ടു തന്നെ മുന്നോട്ടു പോയി.
ആലുവയിലെ സെറ്റ് പൊളിച്ചപ്പോൾ
വയനാട്ടിലെ ഷൂട്ട് തീരുന്നതിനോട് അനുബന്ധിച്ചാണ് ആലുവ കാലടിയിൽ സെറ്റിന്റെ പണി നടന്നത്. ഇതിനിടയിൽ ഒരു ഇടവേള എടുത്ത് ഞാൻ ദുബായിൽ പോയി. അതിനു ശേഷം തിരികെ വന്നപ്പോൾ സെറ്റിന്റെ ജോലികൾ തീരാറായി. മുഴുവൻ ക്രൂ അടുത്തുണ്ട്, ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങാമല്ലോ എന്നു കരുതി എല്ലാവരും സന്തോഷമായിരുന്നു. ആ വർഷം ഓണത്തിന് സിനിമ തിയറ്ററിൽ എത്തിക്കാമല്ലോ എന്നായിരുന്നു ആലോചന. പക്ഷേ അപ്പോഴേക്കും കോവിഡ് വന്നു തിയറ്ററുകൾ അടച്ചു എല്ലാവർക്കും വിഷമമായി. സെറ്റ് ഇട്ടില്ലായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പിന്നീട് ഒരു വർഷമെടുത്തു ഷൂട്ടിങ് പുനരാരംഭിക്കാൻ. പക്ഷേ പിന്നീട് ആലോചിച്ചപ്പോൾ ഇതാണ് സിനിമയുടെ വിധി എന്നു തോന്നി. കാരണം വളരെ വിശാലമായ ഒരു സ്ഥലമാണ് പിന്നീടു സെറ്റിടാൻ കിട്ടിയത്. വളരെ മനോഹരമായ സ്ഥലമായിരുന്നു. ഇരുപത് ദിവസം എടുത്തു ക്ലൈമാക്സ് എടുക്കാൻ അത്രയും ദിവസം ഒരു ഉത്സവം പോലെ ആയിരുന്നു ഞങ്ങൾക്ക്. ആ ഇരുപത് ദിവസവും ടെൻഷൻ ഉണ്ടയായിരുന്നു. ഇതിനിടയിൽ കോവിഡ് കൂടിവരുന്നുണ്ടായിരുന്നു, അവിടെ എത്തിച്ച ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല. എന്നാലും ഞങ്ങൾ സിനിമയ്ക്ക് വേണ്ടി ഒരു മനസ്സോടെ പ്രവർത്തിച്ചു. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ സന്തോഷമുണ്ട്. കാരണം ഞങ്ങൾ കഷ്ടപ്പെട്ടതിനുള്ള പ്രതിഫലം കിട്ടി. ഇപ്പോൾ വിഷമമൊന്നുമില്ല.
മിന്നൽ മുരളിക്കിടെ മറ്റു സിനിമകൾ ചെയ്തില്ല
ഞാൻ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റൊരു സിനിമ ചെയ്യാറില്ല. സിനിമകൾ കമ്മിറ്റ് ചെയ്യാറുണ്ട് പക്ഷേ ഷൂട്ടിങ് തുടങ്ങില്ല കാരണം നമ്മുടെ ശ്രദ്ധ മുഴുവൻ ഒരു സിനിമയ്ക്ക് കൊടുക്കണം. മിന്നൽ മുരളി ഒരു വലിയ സിനിമയാണ്. അതിന് എല്ലാവരുടെയും മുഴുവൻ ശ്രദ്ധയും വേണം. അതുകൊണ്ട് മറ്റു സിനിമകൾ ഒന്നും തുടങ്ങിയില്ല.
തിയറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല
തിയറ്ററിനു വേണ്ടിയാണ് മിന്നൽ മുരളി നിർമിച്ചത്. പക്ഷേ ഒരു സിനിമ എടുത്തിട്ട് കാത്തിരിക്കുന്നതിനു ഒരു പരിധിയുണ്ടല്ലോ. മിന്നൽ മുരളി ഒടിടിയിലേക്ക് കൊടുക്കാം എന്നു തീരുമാനിച്ച സമയത്ത് തിയറ്ററുകൾ തുറന്നിട്ടില്ല. പക്ഷേ ഒടിടിയിൽ റിലീസ് ചെയ്തതുകൊണ്ട് ഇപ്പോൾ വിഷമമില്ല. കാരണം അതുകൊണ്ട് സിനിമയ്ക്ക് ഒരു ഗ്ലോബൽ സ്വീകരണമാണ് കിട്ടിയത്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം തിയറ്റർ അനുഭവം നഷ്ടപ്പെട്ടു. മലയാളം സിനിമാ വ്യവസായം വച്ച് നോക്കുമ്പോൾ ഈ സിനിമയുടെ റീച്ച് വലുതാണ്. നെറ്റ്ഫ്ലിക്സ് അത്രത്തോളം പ്രമോഷൻ ചെയ്തു. നെറ്റ്ഫ്ലിക്സ് സിനിമയെ ഗ്ലോബൽ ലെവലിൽ എത്തിച്ചു.
നെറ്റ്ഫ്ലിക്സ് സിനിമ കണ്ടപ്പോൾ തന്നെ അവർക്ക് ഇഷ്ടമായി. അവർ എന്നോടു പറഞ്ഞത് മിസ്റ്റർ ഇന്ത്യയ്ക്ക് ശേഷം അവർക്കിഷ്ടപ്പെട്ട ഒരു സൂപ്പർ ഹീറോ സിനിമ ഇതാണ് എന്നാണ്. അതൊരു വലിയ അംഗീകാരം ആയിരുന്നു. എല്ലാ പ്രമോഷനും ഞങ്ങളെ അറിയിക്കാറുണ്ട്. വലിയ വലിയ പ്ലാറ്റ്ഫോമിൽ സിനിമ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു. അവർ യുവരാജ് സിങ്ങിനെ വച്ച് ഒരു പ്രമോഷൻ ചെയ്തു അതൊക്കെ നമ്മുടെ സിനിമയെ മറ്റൊരു ലെവലിൽ എത്തിച്ചു. മലയാളം സിനിമയ്ക്ക് ആകമാനം ഒരു അഭിമാനം തന്നെയാണ്. ഇപ്പോഴും നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിലും യുഎഇയിലും നമ്പർ വൺ ആണ്. ചില രാജ്യങ്ങളിൽ രണ്ടാമതും. സിനിമാമേഖലയിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത, ഇന്ത്യൻ സിനിമയിലെ വലിയ ആൾക്കാരൊക്കെ എനിക്ക് മെസ്സേജ് അയയ്ക്കുന്നു. അതൊക്കെ വലിയ ഭാഗ്യമാണ്. തിയറ്ററിൽ ആയിരുന്നെങ്കിൽ എങ്ങനെ ആയിരിക്കും എന്ന് ചിന്തിച്ചിട്ടില്ല. ഈ സിനിമയ്ക്ക് കിട്ടേണ്ട മാക്സിമം റീച്ച് കിട്ടി. അതാണ് ഏറ്റവും വലിയ സന്തോഷം.
മിന്നൽ മുരളി രണ്ടാം ഭാഗം
അങ്ങനെ ഒരു ചിന്ത മനസ്സിലുണ്ട്. പക്ഷേ ഇപ്പോൾ അതിനെക്കുറിച്ച് പറയാൻ സമയമായിട്ടില്ല. ഇപ്പോൾ ഞങ്ങൾ ഈ സിനിമയുടെ വിജയാഘോഷത്തിലാണ്. രണ്ടാം ഭാഗത്തിനെക്കുറിച്ച് ആലോചിക്കാൻ ഇനിയും സമയമുണ്ട്. മിന്നൽ അടിച്ച മറ്റൊരാൾ ഉണ്ട് എന്നൊക്കെ ഒരുപാടു പേര് പറയുന്നുണ്ട്. രണ്ടാം ഭാഗം ഇങ്ങനെയായിരിക്കും എന്നൊക്കെ പറയുന്നുണ്ട്. അതൊക്കെ കേൾക്കുമ്പോൾ സന്തോഷമുണ്ട്. കാരണം നമ്മുടെ സിനിമ ഇഷ്ടപ്പെടുന്നതുകൊണ്ടാണല്ലോ ആളുകൾ കാത്തിരിക്കുന്നത്.
വില്ലൻ വിജയിക്കുമെന്ന് അറിയാമായിരുന്നു
ഗുരുവിന്റെ കഥാപാത്രം വിജയിക്കുമെന്ന് സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ അറിയാമായിരുന്നു. സ്പോട്ട് എഡിറ്റിങ് ചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. അവസാന സീൻ ഒക്കെ കണ്ടിട്ട് അത്രമാത്രം മനസ്സ് നിറഞ്ഞിട്ടുണ്ട്. സിനിമ ഇറങ്ങുമ്പോൾ ഗുരു വേറെ ലെവൽ ആകും, വില്ലൻ ഒരു ഭയങ്കര സംഭവമാകും എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങൾ ഒരുപാടു പേരെ ഈ കഥാപാത്രത്തിന് വേണ്ടി നോക്കിയിരുന്നു. ബേസിലിന്റെ തിരഞ്ഞെടുപ്പാണ് ഗുരു. ബേസിലിനു ഗുരുവിനെ വിശ്വാസമായിരുന്നു. ഒരു സൂപ്പർ ഹീറോയുടെ വില്ലൻ എന്ന് പറയുമ്പോൾ ശാരീരികമായി അതുപോലെ ഇരിക്കുന്ന ഒരാളെ ആയിരിക്കും എല്ലാവരും പ്രതീക്ഷിക്കുക. ഞങ്ങളുടെ വില്ലൻ അങ്ങനെ വേണ്ട എന്ന് ഞങ്ങൾക്കു തോന്നി. ഗുരുവിന്റെ അഭിനയം കണ്ടു കഴിഞ്ഞപ്പോൾ ആർക്കും ഒരു സംശയവും ഉണ്ടായില്ല. ഈ സിനിമ ഇറങ്ങുമ്പോൾ അദ്ദേഹത്തിനായിരിക്കും കൂടുതൽ പ്രശംസ കിട്ടുക എന്ന് അറിയാമായിരുന്നു.
തിരക്കഥ തിരഞ്ഞെടുക്കുന്നത്
‘ബാംഗ്ലൂർ ഡേയ്സ്’ ആണ് ആദ്യമായി നിർമിക്കുന്ന സിനിമ. അൻവർ എന്റെ ഫേവറിറ്റ് സംവിധായകനാണ്. എന്റെ മൂത്ത മകന് അൻവറിനെ ഭയങ്കര ഇഷ്ടമാണ്. അൻവറിനെ പോയി കണ്ടപ്പോൾ അൻവർ ചോദിച്ചു, ചേച്ചി, ഞാൻ ഇപ്പോൾ ഒരു സിനിമ ചെയ്യാൻ പോകുവാണ്. ചേച്ചിക്ക് ആ സിനിമയിൽ കൂടാമോ എന്ന്. അങ്ങനെയാണ് ബാംഗ്ലൂർ ഡേയ്സ് ചെയ്യുന്നത്. ഒരു പ്രേക്ഷകൻ എങ്ങനെയാണു സിനിമ കാണുന്നത് എന്നാണ് ഞങ്ങൾ നോക്കുന്നത്. ഞങ്ങൾ ഒരു പ്രേക്ഷകനായി കഥ കേൾക്കും. പ്രേക്ഷകന് ഇഷ്ടപ്പെടും എന്ന് തോന്നുന്ന സിനിമയാണ് ചെയ്യുന്നത്.
പ്രേക്ഷകർക്കറിയാത്ത സോഫിയ പോൾ
ഞങ്ങൾ 1986 മുതൽ ദുബായിലാണ്. അതിനിടയിൽ നാട്ടിൽ വന്നിട്ട് എന്തെങ്കിലും ചെയ്യാമോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. സിനിമ ഇഷ്ടം കൊണ്ട് ചെയ്യുന്നതാണ്. ചെയ്യുമ്പോൾ നല്ല സിനിമകൾ തന്നെ ചെയ്യണം എന്ന് നിർബന്ധമുണ്ട്. ഞങ്ങൾ എല്ലാവരും സ്ക്രിപ്റ്റ് വായിക്കും. ഞങ്ങൾക്ക് കംഫർട്ടബിൾ ആയ ആളുകളുമായിട്ടാണ് പ്രോജക്റ്റ് ചെയ്യുന്നത്. മിന്നൽ മുരളി ചെയ്യാൻ തീരുമാനിക്കുമ്പോൾ ഞങ്ങൾക്കറിയാം ഇതൊരു സൂപ്പർ ഹീറോ മൂവി ആണ്, അതിനുവേണ്ടിയുള്ള എല്ലാം ചെയ്യേണ്ടിവരും എന്ന്. മകൻ തന്നെ ഐഎംഡിബിയിൽ അക്കൗണ്ട് ഉണ്ടാക്കി ഹോളിവുഡിൽ ഉള്ള നല്ല ആക്‌ഷൻ ഡയറക്ടേഴ്സിനെ ബന്ധപ്പെട്ടു. കുറച്ചുപേരുമായി സംസാരിച്ചതിനു ശേഷമാണ് അവസാനം വ്ളാഡിനെ കൊണ്ടുവരുന്നത്.
നമ്മുടെ പ്രൊഡക്‌ഷൻ സൈഡിൽനിന്ന് അത്തരം പണികൾ ഞങ്ങൾ ചെയ്യും. കാരണം ഞങ്ങളുടെ പ്രോജക്റ്റ് അത്രയും നന്നാക്കണം. ഒരു സിനിമ ഏറ്റെടുത്തു കഴിഞ്ഞാൽ അതിനെ സപ്പോർട്ട് ചെയ്യാൻ എന്തു വേണമെങ്കിലും ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. എന്റെ ഭർത്താവിന്റെ അച്ഛൻ തിയറ്ററുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഭർത്താവിന്റെ സഹോദരന് പ്രതീക്ഷ പിക്ചേഴ്സ് എന്ന ഒരു പ്രൊഡക്‌ഷൻ കമ്പനി ഉണ്ടായിരുന്നു. അവർ കുറെ സിനിമകൾ ചെയ്തിട്ടുണ്ട്. ‘നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം’ എന്ന സിനിമ ഒക്കെ അവരാണ് ചെയ്തത്. അന്ന് മുതൽ വെക്കേഷന് വരുമ്പോൾ ഞങ്ങൾ സെറ്റിലൊക്കെ പോകാറുണ്ട്. അങ്ങനെയുള്ള ഒരു പരിചയം ഉള്ളതുകൊണ്ട് ഞങ്ങൾക്ക് ഒരു പ്രൊഡക്‌ഷൻ ഹൗസ് വേണം എന്നു തോന്നി. മക്കൾക്ക് സിനിമ വളരെയിഷ്ടമാണ്. എപ്പോഴും വീട്ടിൽ സിനിമാചർച്ചകൾ മാത്രമേ ഉള്ളൂ. ഒരു കഥ കേട്ടാൽ അത് നല്ലതാണോ എന്ന് നമുക്ക് മനസ്സിലാകുമല്ലോ. ഒരു സിനിമ ചെയ്യാനുള്ള തീരുമാനം ഞങ്ങൾ എല്ലവരും കൂടി ആണ് എടുക്കുന്നത്. എല്ലാ ജോലിക്കും റിസ്ക് ഉണ്ട്. ഇപ്പോൾ പ്രേക്ഷകർ ഒരുപാട് പ്രബുദ്ധരാണ്. അവരെ മനസ്സിലാക്കി സിനിമ എടുക്കുക എന്നുള്ളതാണ് നമ്മുടെവിജയം
ജീവിതത്തിൽ റിസ്ക് എടുത്തതിന്റെ വിജയം
ഞങ്ങൾ നാട്ടിലുള്ളപ്പോൾ ഒരിക്കൽ ആഗ്രഹിച്ച് ഒരു വീട് വച്ചു. നാട്ടിൽ ബിസിനസിന് ചില പ്രശ്നങ്ങൾ വന്നപ്പോൾ ആ വീട് വിറ്റിട്ട് ബാധ്യതകൾ തീർത്തു തിരിച്ചു പോയി. പക്ഷേ ആ വീട് ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നു. കുറേ വർഷങ്ങൾ കഴിഞ്ഞ് ഞങ്ങൾ ആ വീട് തിരിച്ചു വാങ്ങി. ബേസിൽ പെട്ടെന്ന് വിഷമം വരുന്ന ഒരാളാണ്. ബേസിൽ ഒക്കെ ഒരുപാടു ടെൻഷൻ അടിക്കുമ്പോൾ ഞാൻ പറയും, ബേസിൽ, ഇതൊന്നും ഒന്നുമല്ല ജീവിതത്തിൽ. നമ്മൾ എല്ലാം പോസിറ്റീവ് ആയി കാണണം. ബേസിൽ പ്രോജക്ടിനോട് വളരെ ആത്മാർഥതയുള്ള ആളാണ്. ഇടയ്ക്ക് ഞങ്ങളുടെ ക്യാമറാമാൻ നിർത്തി പോയി.
അപ്പോൾ ബേസിൽ ആകെ വിഷമിച്ച്, മാഡം നമ്മൾ ഇനി എന്ത് ചെയ്യും എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ബേസിൽ ടെൻഷൻ എടുക്കണ്ട. സമയമെടുത്ത് ഇഷ്ടമുള്ള ഒരാളെ കണ്ടുപിടിക്കൂ. ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ ഫേസ് ചെയ്തിട്ടാണ് ഞാൻ ഇവിടെ ഇരിക്കുന്നത്. അങ്ങനെയൊക്കെ പറഞ്ഞു ബേസിലിനു എപ്പോഴും പിന്തുണ കൊടുക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഏറ്റവുമധികം റിസ്ക് എടുത്തു ചെയ്ത സിനിമ തന്നെയാണ് മിന്നൽ മുരളി. രണ്ട് ഓണം മിസ് ചെയ്തു. ഇടക്ക് പല പ്രശ്നങ്ങളും വന്നു. അങ്ങനെ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു. എന്നാലും അവസാനഫലം കാണുമ്പോൾ സംതൃപ്തിയുണ്ട്. മൂന്നുനാലു പ്രോജക്ടുകൾ ചർച്ചയിലുണ്ട്.
അടുത്ത ചിത്രങ്ങൾ
എഴുത്തു പരിപാടികൾ നടക്കുന്നു. താമസിയാതെ പ്രഖ്യാപിക്കും. മിന്നൽ മുരളിയുടെ വിജയം ഉത്തരവാദിത്തം കൂട്ടുന്നുണ്ട്. ഇനി ഓരോ പ്രൊജക്റ്റും വളരെ ശ്രദ്ധിച്ചേ തിരഞ്ഞെടുക്കാൻ കഴിയൂ.