ലോകം മുഴുവൻ ‘മിന്നൽ മുരളി’ ആഘോഷിക്കുമ്പോൾ അവര് ദുഃഖിക്കുന്നുണ്ടാകും: മനു ജഗദ് അഭിമുഖം
മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ ‘മിന്നൽ മുരളി’യുടെ വിജയശിൽപികളിലൊരാൾ കലാസംവിധായകൻ മനു ജഗദ് ആണ്. ഫൈൻ ആർട്സ് ബിരുദം പൂർത്തിയാക്കിയ ശേഷം പത്ത് വർഷത്തോളം സാബു സിറിലിന്‍റെ സഹായിയായി ഈ രംഗത്ത് പ്രവർത്തിച്ച ശേഷമാണ് മനു സ്വതന്ത്ര കലാസംവിധായകനായത്.
മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ ‘മിന്നൽ മുരളി’യുടെ വിജയശിൽപികളിലൊരാൾ കലാസംവിധായകൻ മനു ജഗദ് ആണ്. ഫൈൻ ആർട്സ് ബിരുദം പൂർത്തിയാക്കിയ ശേഷം പത്ത് വർഷത്തോളം സാബു സിറിലിന്‍റെ സഹായിയായി ഈ രംഗത്ത് പ്രവർത്തിച്ച ശേഷമാണ് മനു സ്വതന്ത്ര കലാസംവിധായകനായത്.
മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ ‘മിന്നൽ മുരളി’യുടെ വിജയശിൽപികളിലൊരാൾ കലാസംവിധായകൻ മനു ജഗദ് ആണ്. ഫൈൻ ആർട്സ് ബിരുദം പൂർത്തിയാക്കിയ ശേഷം പത്ത് വർഷത്തോളം സാബു സിറിലിന്‍റെ സഹായിയായി ഈ രംഗത്ത് പ്രവർത്തിച്ച ശേഷമാണ് മനു സ്വതന്ത്ര കലാസംവിധായകനായത്.
മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ ‘മിന്നൽ മുരളി’യുടെ വിജയശിൽപികളിലൊരാൾ കലാസംവിധായകൻ മനു ജഗദ്ദാണ്. ഫൈൻ ആർട്സ് ബിരുദം പൂർത്തിയാക്കിയ ശേഷം പത്തു വർഷത്തോളം സാബു സിറിലിന്‍റെ സഹായിയായി പ്രവർത്തിച്ച ശേഷമാണ് മനു ജഗദ് സ്വതന്ത്ര കലാസംവിധായകനായത്.
‘മിന്നൽ മുരളി’ക്ക് വേണ്ടി മനുവും സഹപ്രവർത്തകരും പൊരിവെയിലത്ത് കഷ്ടപ്പെട്ട് പണിതെടുത്ത കാലടി മണപ്പുറത്തെ പള്ളിയുടെ സെറ്റ് ഒരു സംഘമാളുകൾ പൊളിച്ചു കളഞ്ഞത് ഏറെ ചർച്ചയായിരുന്നു. മികച്ച സിനിമയെന്ന ലക്ഷ്യത്തിലേക്ക് എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിച്ചതാണ് പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ‘മിന്നൽ മുരളി’ യാഥാർഥ്യമായതിനു കാരണമെന്നു മനു പറയുന്നു. സോഫിയ പോൾ എന്ന നിർമാതാവിന്റെ സഹകരണവും പിന്തുണയുമാണ് ഏറ്റെടുത്ത ജോലി ഏറ്റവും നന്നായി പൂർത്തിയാക്കാൻ സഹായിച്ചതെന്നും മനു മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയിലെ തന്നെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം ഏറ്റെടുത്തപ്പോൾ
ബേസിൽ പറഞ്ഞിരുന്നു ഇത് ഒരു സൂപ്പർ ഹീറോ ചിത്രമായിരിക്കും, എന്നാൽ സാധാരണ ഹോളിവുഡ് സൂപ്പർ ഹീറോ ചിത്രങ്ങളെപ്പോലെയല്ല എന്ന്. കഥ നടക്കുന്നത് ഒരു ഗ്രാമത്തിലാണ്. നമ്മുടെ നാട്ടിൽ ഉണ്ടായേക്കാവുന്ന ഒരു സൂപ്പർ ഹീറോ എന്ന രീതിയിലാണ് സിനിമ ചെയ്യേണ്ടത്. ബേസിൽ കഥ പറയുന്ന രീതി തന്നെ വളരെ രസകരമായിരുന്നു. സ്പീക്കർ കണക്റ്റ് ചെയ്ത് സ്കോർ ഒക്കെ കേൾപ്പിച്ചാണ് കഥ പറയുക. ഒരു കോമിക് ബുക്ക് വായിക്കുന്ന പോലെ ആണ് കഥ കേട്ടപ്പോൾ തോന്നിയത്. അതേ ഫീൽ ആണ് സിനിമയ്ക്കും കൊടുത്തിരിക്കുന്നത്. എല്ലാവർക്കും ഒരു കോമിക് ബുക്ക് വായിക്കുന്നതുപോലെ തോന്നണം എന്നാണ് ബേസിൽ പറഞ്ഞത്.
ബേസിൽ കഥ പറയുമ്പോൾ സിനിമയിലേക്ക് നമുക്ക് പെട്ടെന്നുതന്നെ ഇറങ്ങിച്ചെല്ലാൻ പറ്റും. ബേസിലിന്റെ വിവരണത്തിൽത്തന്നെ കഥാപാത്രങ്ങളും പശ്ചാത്തലവും നമുക്ക് മനസ്സിൽ കാണാൻ കഴിയും. അതുകൊണ്ടുതന്നെ ജോലി എളുപ്പമായി. മലയാളത്തിൽ നമുക്കു കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല വർക്ക് ആയിരുന്നു മിന്നൽ മുരളി.
ഇങ്ങനെയുള്ള സിനിമകൾ എപ്പോഴും സംഭവിക്കുന്നതല്ലല്ലോ. ചരിത്ര സിനിമകളും മറ്റും ഉണ്ടാകാറുണ്ട് പക്ഷേ ഇത്തരത്തിലുള്ള ഒരു ശ്രമം മലയാളത്തിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ ഈ സിനിമ വളരെ ത്രില്ലോടെയാണ് ഏറ്റെടുത്തത്. മലയാളത്തിലെയല്ല, ഇന്ത്യയിലെതന്നെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ കാര്യം തന്നെയാണ്.
ബേസിലിന്റെ കുറുക്കൻമൂല
ബേസിലിന്റെ വീട് കുറുക്കൻമൂല എന്ന സ്ഥലത്താണ് എന്നാണ് എന്റെ ഓർമ. കുറുക്കൻമൂല എന്ന സ്ഥലവുമായി ബേസിലിനു ബന്ധമുണ്ട്. വയനാട്ടിൽത്തന്നെയുള്ള ചെറിയൊരു സ്ഥലമാണ് കുറുക്കൻമൂല. പക്ഷേ സിനിമയുടെ സെറ്റിട്ടത് കർണാടക – വയനാട് ബോർഡറിൽ ബൈരക്കുപ്പ എന്ന സ്ഥലത്താണ്. അവിടെ ഒരു പുഴയുണ്ട്. പുഴയും അതിനോട് ചേർന്ന് ടൗൺഷിപ്പുമായി ഒരു സ്ഥലം രൂപപ്പെടുത്തിയെടുക്കാം എന്നുകരുതിയാണ് അവിടെ ചെയ്തത്.
കുറുക്കൻമൂല എന്ന സാങ്കൽപിക ഗ്രാമം ഞങ്ങൾ അവിടെ സൃഷ്ടിച്ചെടുത്തു. ടൗണിലെ ചായക്കട, ബ്രൂസ്‌ലിയുടെ കരാട്ടെ സെന്റർ, തയ്യൽക്കട എല്ലാം അവിടെ സെറ്റിടുകയായിരുന്നു. അവിടെയുള്ള കടകൾ ഞങ്ങളുടെ ആവശ്യങ്ങൾക്ക് എടുക്കുക ബുദ്ധിമുട്ടായിരുന്നു.
ഞങ്ങൾക്കു വേണ്ട കാര്യങ്ങൾ അവിടെ സൃഷ്ടിച്ചെടുത്തു. സിനിമയിൽ കണ്ട പുഴക്കടവല്ല അവിടെയുള്ളത്. അതും ഞങ്ങൾ സിനിമയ്ക്കായി ഉണ്ടാക്കി എടുത്തതാണ്. അങ്ങനെയുള്ള ഒരു സ്ഥലം കിട്ടാൻ ബുദ്ധിമുട്ടാണ്. ‘കുഞ്ഞിരാമായണം’ എടുക്കുന്ന സമയത്ത് ബേസിൽ ലൊക്കേഷൻ നോക്കി വച്ച സ്ഥലമാണ് ബൈരക്കുപ്പ.
ആ സ്ഥലം ബേസിലിന്റെ മനസ്സിൽ അന്നേ കിടപ്പുണ്ട്. മിന്നൽ മുരളിക്കുവേണ്ടി ലൊക്കേഷൻ നോക്കിയപ്പോൾ ബേസിൽ ഈ സ്ഥലത്തിന്റെ കാര്യം പറഞ്ഞു. ഞങ്ങൾ മറ്റു സ്ഥലങ്ങൾ കണ്ടിട്ട് ഒടുവിൽ ഇവിടെത്തന്നെ എത്തിച്ചേർന്നു. മലയാളവും കന്നടയും ചേർന്ന സംസ്കാരമുള്ള ജനങ്ങളാണ് അവിടെയുള്ളത്. അതൊക്കെ സിനിമയ്ക്ക് ഗുണം ചെയ്തു. ഞങ്ങൾ ഉണ്ടാക്കിയ വീടുകളും ബസും എല്ലാം ഞങ്ങൾ വളരെ ആസ്വദിച്ച് ഇഷ്ടപ്പെട്ട് ചെയ്തതാണ്.
വിഎഫ്എക്സിനു പകരം പ്രാക്ടിക്കൽ എഫക്റ്റ്സ്
സൂപ്പർ പവർ കിട്ടിക്കഴിഞ്ഞ ശേഷം ഷിബു ആ പവർ ഉപയോഗിച്ചു നോക്കാൻ പാത്രങ്ങളൊക്കെ അനക്കുന്നുണ്ട്. ആ പാത്രങ്ങളിൽ എല്ലാമൊന്നും മെറ്റൽ അല്ല. ചിലത് മെറ്റൽ, പ്ലാസ്റ്റിക്, ഗ്ലാസ് ഇവയെല്ലാമാണ്. ഷിബു കൈ നീട്ടുമ്പോൾ ഇതെല്ലാം അനങ്ങണം. ഇയാളുടെ പവർ എല്ലാറ്റിലും തോന്നിക്കണം. വീടിന്റെ ചുമരിലുള്ള ഫോട്ടോ പോലും കിടന്നു കുലുങ്ങണം. അവസാനം വീട് തന്നെ കുലുങ്ങുന്നുണ്ട്. ഇതെല്ലാം കാണിക്കാൻ ഒരുപാട് ബുദ്ധിമുട്ടുണ്ടായിരുന്നു.
പഴയ മോട്ടറുകൾ ഒക്കെ ഉപയോഗിച്ചാണ് പലതും ചെയ്തത്. വളരെ നാൾ കൊണ്ടാണ് ഇതെല്ലാം ചെയ്തെടുത്തത്. പല കാര്യങ്ങൾ ചെയ്തു നോക്കി അവസാനം ഏറ്റവും നന്നായി തോന്നിയ, കാണാനും കുഴപ്പമില്ലാത്ത രീതിയാണ് തിരഞ്ഞെടുത്തത്. പൈലിയുടെ കടയിൽ ബീഡിക്കുറ്റി പോലും ഡസ്കിൽ കിടന്നു ചാടുന്നുണ്ട്. ഇതൊന്നും എന്റെ മാത്രം കഴിവല്ല. എല്ലാം ഒരു ടീം വർക്ക് ആയിരുന്നു. എന്റെ പെയ്ന്റ്ർ, കാർപെന്റെർ, സ്‌പെഷൽ എഫക്റ്റ് ചെയ്യുന്ന ആളുകൾ എല്ലാവരും കൂടിച്ചേർന്ന് ആലോചിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്തത്. എല്ലാവരും വളരെ ആത്മാർഥമായി കൂടെ നിൽക്കുന്നവരാണ്.
കാലടി മണപ്പുറത്ത് നിർമിച്ച സെറ്റ് നശിപ്പിച്ചവർ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും
സിനിമ എന്നൊരു കലാരൂപം മാത്രമാണ് ഞങ്ങൾ ചെയ്യാൻ ഉദ്ദേശിച്ചത്. അതിൽ മതസ്പർദ്ധ വളർത്തുകയോ ജാതിപരമായ എന്തെങ്കിലും ഉദ്ദേശ്യമോ ഉണ്ടായിരുന്നില്ല. എല്ലാവർക്കും ആസ്വദിക്കാനുള്ള കലയാണ് സിനിമ. അതിനു വേണ്ടി ഒരു സെറ്റ് നിർമ്മിച്ചത് മതവികാരം വ്രണപ്പെടുത്തിയാണെന്നൊക്കെ പറയുന്നത് എന്ത് കഷ്ടമാണ്. ആ സെറ്റ് പൊളിച്ചത് സാമ്പത്തികമായി ഒരുപാട് ബാധ്യതയുണ്ടാക്കി.
എത്രയോ പേരുടെ കഷ്ടപ്പാടാണ് അവർ ഇല്ലാതാക്കിയത്. അതോടൊപ്പം ആ സെറ്റ് കെട്ടിപ്പൊക്കാൻ ചെലവായ തുക. പൊളിക്കുന്നവർക്ക് ഇതൊന്നും ഓർക്കേണ്ട കാര്യമില്ല ഒരു നിമിഷം കൊണ്ട് എല്ലാം തകർത്തുകളയാൻ പറ്റും. അത് പൊളിച്ചിട്ട് ആരും ഒന്നും നേടിയില്ല. സിനിമ ഇറങ്ങിക്കഴിഞ്ഞ് അവർ ചിന്തിക്കുന്നുണ്ടാകും, എന്തിനാണ് അന്ന് അങ്ങനെ ചെയ്തതെന്ന്. മിന്നൽ മുരളിയിൽ മതപരമായ ഒന്നും പരാമർശിക്കുന്നില്ല. അത് ആ സിനിമയുടെ ക്ലൈമാക്‌സിനു വേണ്ടി ചെയ്ത സെറ്റാണ്. അത് കൂടി ഷൂട്ട് ചെയ്താൽ സിനിമ കഴിഞ്ഞു.
വീണ്ടും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് കർണാടകയിൽ സെറ്റിടാൻ സ്ഥലം കിട്ടിയത്. ഭാഗ്യത്തിന് ഞങ്ങളുടെ സെറ്റിനോടു സാദൃശ്യമുള്ള ഒരു പള്ളി അവിടെ ഉണ്ടായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ ഒരു പള്ളി. സിനിമയ്ക്കു വേണ്ടി പല കാര്യങ്ങളും വീണ്ടും ചെയ്യേണ്ടി വന്നു. പക്ഷേ ആദ്യം ചെയ്തതിനേക്കാൾ ഒരുപാട് നന്നായി വീണ്ടും ചെയ്യാൻ കഴിഞ്ഞു. അത് സിനിമയ്ക്ക് ഗുണം ചെയ്തു.
അയ്യായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ ആവശ്യമുള്ള ഒരു സീൻ ആയിരുന്നു അത്. കൊറോണ സമയത്ത് അവരെ അവിടെ എത്തിക്കാനൊക്കെ നല്ല ബുദ്ധിമുട്ടുണ്ടായി. പക്ഷേ എല്ലാം നല്ലതിനു വേണ്ടി ആയിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്.
ഏറ്റവും കഷ്ടപ്പെട്ട് ചെയ്ത വർക്ക് ആണോ മിന്നൽ മുരളി ?
അങ്ങനെ പറയാൻ കഴിയില്ല എല്ലാ സിനിമയും ഇഷ്ടപ്പെട്ട് ചെയ്യുന്നതാണ്. അപ്പൊ ബുദ്ധിമുട്ട് തോന്നാറില്ല. ഏറ്റെടുക്കുന്ന ജോലി ചെയ്തു തീർക്കുക എന്നുള്ളതാണ് എന്റെ കടമ. എത്ര ബുദ്ധിമുട്ടിയാലും അതെന്റെ ജോലിയാണ്. പ്രൊഡ്യൂസറുടെ പിന്തുണ വളരെയധികം ഉള്ളതുകൊണ്ട് എനിക്ക് മിന്നൽ മുരളി അനായാസം ചെയ്യാൻ കഴിഞ്ഞു. ബേസിൽ ഉൾപ്പെടെ ഞങ്ങളെല്ലാം വളരെ ആസ്വദിച്ച് ചെയ്ത സിനിമയാണ്. അതുകൊണ്ട് ഒരു കഷ്ടപ്പാടും തോന്നിയില്ല. മൊത്തത്തിൽ ഒരു ടീം വർക്ക് ആയിരുന്നു. സെറ്റ് പൊളിച്ചത് എല്ലാവരെയും വളരെ വിഷമിപ്പിച്ചു. കൊറോണ സമയത്ത് എല്ലാവരും സെറ്റിന് വേണ്ടി തിരഞ്ഞു.
എങ്ങനെയും ഈ സിനിമ ഭംഗിയായി പൂർത്തിയാക്കണം എന്നുള്ളത് എല്ലാവരുടെയും ദൗത്യമായിരുന്നു. കർണാടകയിൽ പള്ളിയിൽ സെറ്റിട്ടപ്പോൾ അവിടെയും ചില ഇഷ്യൂ വന്നു. പക്ഷേ അവർ വന്നു കണ്ട് ഒരു പ്രശ്നവുമില്ല എന്ന് മനസ്സിലാക്കി പെർമിഷൻ തന്നിട്ട് പോയി. സർക്കാരിന്റെ ഭാഗത്തുനിന്ന് നല്ല പിന്തുണയായിരുന്നു. മിന്നൽ മുരളി ലോകം മുഴുവൻ ആഘോഷിക്കപ്പെടുമ്പോൾ അവർ ദുഃഖിക്കുന്നുണ്ടാകും. കാലടിയിൽ ആ ഷൂട്ട് നടന്നിരുന്നെങ്കിൽ അവിടെയുള്ള ആൾക്കാർക്ക് ഒരുപാട് നേട്ടം ഉണ്ടായേനെ. അവിടെയുള്ള ഹോട്ടലുകാർക്ക് നേട്ടമുണ്ടാകും, ഒരുപാട് ആളുകൾക്ക് ജോലി കിട്ടും. അതൊക്കെ ഇല്ലാതാക്കി.
പ്രൊഡക്‌ഷന്റെ പൂർണ പിന്തുണ
പ്രൊഡക്‌ഷൻ സൈഡിൽനിന്ന് നല്ല പിന്തുണയായിരുന്നു. നമുക്ക് എന്തു വേണമെങ്കിലും ആദ്യം വേണ്ടത് സാമ്പത്തിക പിന്തുണയാണ്. അക്കാര്യത്തിൽ സോഫിയ മാഡം നല്ല സപ്പോർട്ട് ആയിരുന്നു, സിനിമയുടെ പൂർണതയ്ക്കു വേണ്ടി എന്തു ചെയ്യാനും അനുവാദം ഉണ്ടായിരുന്നു. അങ്ങനെ എല്ലാവരുടെയും കൂട്ടായ്മയുടെ വിജയമായിരുന്നു മിന്നൽ മുരളി. പ്രൊഡക്‌ഷൻ നല്ലതാണെങ്കിൽ മാത്രമേ നമുക്ക് ജോലി ആസ്വദിച്ച് ചെയ്യാൻ കഴിയൂ.
സിനിമയ്ക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുകയും വേണം എന്നാൽ പ്രൊഡ്യൂസർ കാശ് മുടക്കാൻ തയാറുമല്ലെങ്കിൽ കുഴഞ്ഞുപോകും. ആർക്കുവേണ്ടി ചെയ്യുന്നു എന്നുള്ള ബോധ്യം അവർക്കു വേണം. ഇതിനു മുൻപ് ചില മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മൾ ആത്മാർഥമായി, നേരേ ചൊവ്വേ സംസാരിക്കുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകും. അതല്ലാതെ ഒരു സിനിമയ്ക്കു വേണ്ടി എല്ലാവരും ഒരേ മനസ്സോടെ നിന്നപ്പോൾ കാര്യങ്ങൾ സൂപ്പറായി. കുറേക്കാലത്തിനു ശേഷമാണു നല്ല ഒരു സിനിമയിൽ പ്രവർത്തിക്കാൻ പറ്റിയത്. നല്ല പ്രൊഡക്‌ഷനോടൊപ്പം വർക്ക് ചെയ്തപ്പോൾ അതിന്റെ റിസൾട്ട് കാണാനുണ്ട്.
സമീർ താഹിർ എന്ന നെടുംതൂൺ
സിനിമയുടെ മറ്റൊരു നെടുംതൂൺ സമീർ താഹിർ എന്ന സിനിമാറ്റോഗ്രാഫർ ആണ്. ഞാൻ എന്തൊക്കെ ചെയ്താലും അത് നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ ഫ്രെയിമിൽ വന്നെങ്കിൽ മാത്രമേ സിനിമയ്ക്ക് ഗുണമുണ്ടാകൂ. ആ കാര്യത്തിൽ സമീർ താഹിർ എന്ന വ്യക്തിയുടെ കഴിവ് എടുത്തുപറയേണ്ടതാണ്. അത്രയും നല്ല സിനിമട്ടോഗ്രഫി ആയിരുന്നു. അനാവശ്യമായ ഒരു ഫ്രെയിം പോലും ഇല്ല. ആദ്യം മറ്റൊരു ക്യാമറാമാനെ ആയിരുന്നു മിന്നൽ മുരളിയിലേക്ക് തീരുമാനിച്ചിരുന്നത്.
അദ്ദേഹവുമായി ഞാൻ സംസാരിച്ച് കളർ പാലറ്റ് ഒക്കെ തീരുമാനിച്ചിരുന്നതാണ്. പക്ഷേ പിന്നീട് എന്തുകൊണ്ടോ അദ്ദേഹം പ്രോജക്ടിൽ നിന്ന് മാറി. പുതിയൊരു ആള്‍ വരുമ്പോൾ അദ്ദേഹം വിഷ്വലൈസ് ചെയ്യുന്നത് വേറെ രീതിയിലായിരിക്കും. പുതിയ ആളുമായി വീണ്ടും എല്ലാം വീണ്ടും ചർച്ച ചെയ്തു തീരുമാനിക്കുക എന്നുള്ളതായിരുന്നു എന്റെ ബുദ്ധിമുട്ട്. പക്ഷേ സമീർ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നന്നായി ചെയ്തു. ഞങ്ങൾ ചെയ്തതൊക്കെ സിനിമയിൽ വളരെ മനോഹരമായി കാണിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. എന്നെപ്പോലെ ഒരാൾക്ക് ഏറ്റവും സന്തോഷം തന്ന കാര്യമാണ് അത്.
തിയറ്ററിൽ കാണാൻ പറ്റാത്തതിൽ ദുഃഖം
‘മിന്നൽ മുരളി’ തിയറ്ററിൽത്തന്നെ കാണേണ്ട സിനിമയായിരുന്നു. അതിനു കഴിയാത്തതിൽ നിരാശയുണ്ട്. ഈ പടം ഒരു തിയറ്റർ എക്സ്പീരിയൻസ് ആകേണ്ടതാണ്. പിന്നെ ഒരു സന്തോഷമുള്ളത്, ലോകം മുഴുവനുള്ളവർക്ക് കാണാൻ കഴിഞ്ഞു, കൂടുതൽ ആളുകളിലേക്ക് സിനിമ വളരെ വേഗം എത്തി എന്നുള്ളതാണ്. നമ്മൾ ചെയ്ത ഒരു വർക്ക് തിയറ്ററിൽ എല്ലാവരുടെയും ഇടയിലിരുന്ന് ആസ്വദിക്കുക എന്ന സന്തോഷം മിസ് ചെയ്തു.
ക്ലൈമാക്‌സ് ഒക്കെ ചെയ്തപ്പോൾ. ബിഗ്സ്‌ക്രീനിൽ ഇത് എങ്ങനെവരും എന്ന് മനസ്സിൽ കണ്ടുകൊണ്ടാണ് ചെയ്തത്. ലൊക്കേഷനിൽ ഞങ്ങൾ ആസ്വദിച്ച് ചെയ്തതാണ് ക്ലൈമാക്‌സ്. അത് സ്‌ക്രീനിൽ കാണുക എന്ന സന്തോഷം നഷ്ടമായി. കുറച്ചു കാലങ്ങൾക്കു ശേഷമാണല്ലോ ഇങ്ങനെയൊരു സിനിമ മലയാളത്തിൽ വന്നത്. അത് തിയറ്ററിൽ കാണാൻ കഴിഞ്ഞില്ല എന്നത് നഷ്ടം തന്നെയാണ്.
കൂട്ടായ്മയുടെ വിജയം
എന്റെ കൂടെയുള്ളവരെക്കുറിച്ച് എനിക്ക് അഭിമാനം തോന്നിയിട്ടുണ്ട്. പെയിന്റർ തൊട്ട് എല്ലാവരും ചേർന്ന നല്ല ഒരു കൂട്ടായ്മ ഈ സിനിമയ്ക്കായി ഉണ്ടായിരുന്നു. അവരോടെല്ലാം എനിക്ക് നന്ദിയുണ്ട്. വിഎഫ്എക്സ് ടീമും ഞങ്ങളും തമ്മിൽ നല്ല കോഓർഡിനേഷൻ ഉണ്ടായിരുന്നു. വിഎഫ്എക്സ് ആണെന്ന് തോന്നുന്ന വിധത്തിൽ ഒരുപാടു കാര്യങ്ങൾ ഈ സിനിമയ്ക്കായി ചെയ്തിട്ടുണ്ട്. അതൊക്കെ ചാലഞ്ചിങ് ആയിരുന്നു. അവർ എന്ത് ചെയ്യണമെന്നും, ഞങ്ങൾ ചെയ്തതിനു ശേഷം എന്ത് കൂട്ടിച്ചേർക്കണമെന്നും നല്ല ധാരണ അവർക്കുണ്ടായിരുന്നു.
ബസപകടം നടക്കുന്ന സീൻ ഒക്കെ സെറ്റിട്ട് ചെയ്തതാണ്. അത് സെറ്റാണെന്ന് തോന്നാത്ത രീതിയിൽ അവർ നന്നായി വിഎഫ്എക്സ് ചെയ്തു. ഷിബുവിന്റെ വീട്ടിൽ അയാൾക്ക് ചുറ്റും ഒരു കാന്തിക വലയം വരുന്നതൊക്കെ കാണിക്കുമ്പോൾ അതിൽ ഒട്ടും അസ്വാഭാവികത വരാൻ പാടില്ലല്ലോ. ഇപ്പോൾ ചെറിയ കുട്ടികൾക്ക് പോലും വിഎഫ്എക്സ് ഒക്കെ അറിയാം. ഒരു കുറ്റവും പറയാൻ പറ്റാത്ത രീതിയിൽ നല്ല രീതിയിൽ അവർ ചെയ്തിട്ടുണ്ട്.
സാബു സിറിലിന്റെ ശിഷ്യൻ
സാബു സിറിൽ സാറിന്റെ ഒപ്പം പത്തുവർഷം അസിസ്റ്റന്റായി പ്രവർത്തിച്ച അനുഭവം കാരണമാണ് ഇങ്ങനെയൊരു സിനിമ ഏറ്റെടുത്തു ചെയ്യാൻ സാധിച്ചത്. വലിയ വലിയ സിനിമകൾ എടുത്തു ചെയ്യുന്ന ആളാണ് സാബു സർ. എത്ര വലിയ പ്രശ്‍നം സെറ്റിൽ ഉണ്ടായാലും അത് കൂൾ ആയി കൈകാര്യം ചെയ്യാനുള്ള കഴിവാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം. സാബു സാറിൽനിന്ന് മാത്രം പഠിച്ച കുറേ കാര്യങ്ങളുണ്ട്. സാറിനെ മനസ്സിൽ വിചാരിച്ചുകൊണ്ടാണ് ഓരോ പടത്തിനായും ഇറങ്ങിത്തിരിക്കുക.