‘ഇപ്പോൾ ശ്രദ്ധ അഭിനയത്തിൽ, തിരക്കൊഴിയുമ്പോള് സംവിധാനം’; ജോണി ആന്റണി പറയുന്നു
ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജോണി ആന്റണി ഒരു നടൻ എന്ന നിലയിലും മലയാള സിനിമാരംഗത്ത് അനിഷേധ്യ സാന്നിധ്യമായി മാറികഴിഞ്ഞു. ഉദയപുരം സുൽത്താനിൽ അഭിനയജീവിതം തുടങ്ങിയ അദ്ദേഹം ഇപ്പോൾ ഇരുപത്തിയഞ്ചിൽപരം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ന്യൂ ജെനറേഷൻ ചിത്രങ്ങളായ ഹോം, ഹൃദയം തുടങ്ങി പ്രേക്ഷക പ്രീതി
ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജോണി ആന്റണി ഒരു നടൻ എന്ന നിലയിലും മലയാള സിനിമാരംഗത്ത് അനിഷേധ്യ സാന്നിധ്യമായി മാറികഴിഞ്ഞു. ഉദയപുരം സുൽത്താനിൽ അഭിനയജീവിതം തുടങ്ങിയ അദ്ദേഹം ഇപ്പോൾ ഇരുപത്തിയഞ്ചിൽപരം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ന്യൂ ജെനറേഷൻ ചിത്രങ്ങളായ ഹോം, ഹൃദയം തുടങ്ങി പ്രേക്ഷക പ്രീതി
ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജോണി ആന്റണി ഒരു നടൻ എന്ന നിലയിലും മലയാള സിനിമാരംഗത്ത് അനിഷേധ്യ സാന്നിധ്യമായി മാറികഴിഞ്ഞു. ഉദയപുരം സുൽത്താനിൽ അഭിനയജീവിതം തുടങ്ങിയ അദ്ദേഹം ഇപ്പോൾ ഇരുപത്തിയഞ്ചിൽപരം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ന്യൂ ജെനറേഷൻ ചിത്രങ്ങളായ ഹോം, ഹൃദയം തുടങ്ങി പ്രേക്ഷക പ്രീതി
ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജോണി ആന്റണി ഒരു നടൻ എന്ന നിലയിലും മലയാള സിനിമാരംഗത്ത് അനിഷേധ്യ സാന്നിധ്യമായി മാറികഴിഞ്ഞു. ഉദയപുരം സുൽത്താനിൽ അഭിനയജീവിതം തുടങ്ങിയ അദ്ദേഹം ഇപ്പോൾ ഇരുപത്തിയഞ്ചിൽപരം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ന്യൂ ജെനറേഷൻ ചിത്രങ്ങളായ ഹോം, ഹൃദയം തുടങ്ങി പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം, ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനാകുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിലും ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ വിശേഷങ്ങളുമായി ജോണി ആന്റണി മനോരമ ഓൺലൈനിനൊപ്പം.
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്
നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന സിനിമയാണ് ‘ആറാട്ട്’. തിയറ്ററുകളിൽ വളരെ നന്നായി ഓടുന്ന ഒരു സിനിമയുടെ എല്ലാ ചേരുവകളും ചേർത്തിട്ടുണ്ട് അതിൽ. മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ ആരാധകർക്ക് ആറാടാനുതകുന്ന എല്ലാ മേമ്പൊടിയും ചേർന്ന ചിത്രം. ലാലേട്ടൻ ആരാധകർക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലാലേട്ടൻ ഇതുവരെ ചെയ്തിട്ടുള്ള കാര്യങ്ങളും ഇടക്കാലങ്ങളിൽ ചെയ്യാത്ത കാര്യങ്ങളും ആരാധകർ അദ്ദേഹത്തിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളും എല്ലാം കോർത്തിണക്കിയ ചിത്രമായിരിക്കും ഇത്. ഉദയകൃഷ്ണയുടേതാണു തിരക്കഥ. ഉദയൻ എഴുതി മോഹൻലാൽ അഭിനയിച്ച സിനിമകളെല്ലാം വിജയങ്ങളായിരുന്നു. ഉദയന്റെ തിരക്കഥ അതിന്റെ രസം ഒട്ടും ചോരാത്ത രീതിയിൽ ഒരു ചലച്ചിത്രമാക്കി തീർക്കാൻ മാടമ്പിയും ഗ്രാൻഡ്മാസ്റ്ററും വൻ വിജയങ്ങളാക്കിയ സംവിധായകൻ ബി.ഉണ്ണികൃഷ്ണനു കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.
കേസില്ലാ വക്കീൽ
വക്കീലിന്റെ വേഷത്തിലാണ് ചിത്രത്തിൽ ഞാൻ എത്തുന്നത്. കോടതിയിൽ പോകുന്ന വക്കീൽ അല്ല മറിച്ച്, അവിടുത്തെ ഒരു കരപ്രമാണിയുടെ ഉപദേശകനായ, ബുദ്ധിയുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് പക്ഷേ വേണ്ടിടത്ത് ഉപകരിക്കില്ല എന്നൊക്കെ പറയാവുന്ന ഒരു കഥാപത്രമാണത്.
സമാധാനത്തിൽ സംവിധാനം
ഇപ്പോൾ അഭിനയത്തിൽ കുറച്ച് തിരക്കുണ്ട്. അത് അങ്ങനെ തന്നെ നിലനിൽക്കട്ടെയെന്നാണു ഞാൻ ആഗ്രഹിക്കുന്നത്. ഏറ്റെടുത്ത കുറച്ചു ജോലികൾ പൂർത്തിയാക്കാനുണ്ട്. അതൊക്കെ തീർന്ന് സമാധാനമാകുന്ന സമയത്ത് സംവിധാനം ചെയ്താൽ മതി എന്നാണു തീരുമാനം. അഭിനയം കുറച്ചുകൂടി എളുപ്പമുള്ള ജോലിയാണ്. നമ്മൾ പ്രോജക്റ്റ് ചെയ്യാൻ നിൽക്കണ്ട മറ്റുള്ളവർ ചെയ്യുന്നതിൽ നമ്മുടെ ഭാഗം നന്നായി അവതരിപ്പിച്ചാൽ മാത്രം മതി. സിനിമയിൽ നിലനിന്നു പോവുക എന്നുള്ളത് നിസ്സാരകാര്യമല്ല. ഒരുപാടു കഴിവുള്ളവർ ഉള്ള സിനിമാരംഗത്തു സ്വന്തമായൊരിടം കണ്ടെത്തുകയും ആളുകളെ മടുപ്പിക്കാതിരിക്കുകയുമാണു വേണ്ടത്. നല്ല കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുകയും വ്യത്യസ്തമായി അഭിനയിക്കാൻ ശ്രമിക്കുകയുമാണ് ഞാൻ ചെയ്യാറ്. അഭിനയിക്കുന്നതുകൊണ്ട് ഒരുപാട് പുതിയ സംവിധായകരെയും എഴുത്തുകാരെയും പരിചയപ്പെടുന്നുണ്ട്. അതൊക്കെ ഒരു പാഠം കൂടിയാണ്. പലരിൽ നിന്നും പലതും പഠിക്കാൻ കഴിയുന്നുണ്ട്. അതോടൊപ്പം എന്റെയും അഭിരുചികൾ മാറുന്നുണ്ട്. അതുകൊണ്ട് ഇനിയൊരു സിനിമ ചെയ്യുമ്പോൾ ഈ അനുഭവങ്ങൾ മുതൽക്കൂട്ടാകും എന്നുതന്നെയാണു വിശ്വാസം.
എന്നാണു മോഹൻലാലിനെ വച്ച് ഒരു സിനിമ എടുക്കുക?
ലാലേട്ടനെ വച്ച് സിനിമ ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒന്നുരണ്ടു ശ്രമങ്ങൾ നടത്തിയിട്ടുമുണ്ട്. അതൊന്നും ഫലം കണ്ടില്ല. മമ്മൂക്കയെയും ലാലേട്ടനെയും നായകനാക്കി സിനിമ ചെയ്യുക എന്നുള്ളത് എല്ലാ സംവിധായാകരുടെയും ആഗ്രഹമാണ്. മമ്മൂക്കയെ വച്ച് സിനിമ ചെയ്യാനുള്ള ഭാഗ്യമുണ്ടായി. ഇനിയും അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്യുന്നുണ്ട്. ലാലേട്ടനെ വച്ച് ചെയ്യാൻ പറ്റുന്ന കഥയും അനുയോജ്യമായ സാഹചര്യങ്ങളും വരുമ്പോൾ അതിനുള്ള ശ്രമങ്ങൾ നടത്തും.
പുതിയ തലമുറയുടെ ഹൃദയം
വിനീത് ശ്രീനിവാസൻ എന്റെ ‘സൈക്കിൾ’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. വിനീതിന്റെ ചിത്രമായ ‘ഹൃദയ’ത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം എനിക്കും ഉണ്ടായി. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചിരുന്നു. കല്യാണി പ്രിയദർശനും ദുൽഖർ സൽമാവുമൊക്കെ ആ ചിത്രത്തിലുണ്ട്. ഹൃദയത്തിൽ കല്യാണിയുടെ അച്ഛനായിട്ടാണ് അഭിനയിച്ചത്. ഈ കുട്ടികളോടൊപ്പം ജോലി ചെയ്യുന്നത് ഞാനും ആസ്വദിക്കുന്നു. മലയാള സിനിമയിലെ മഹാരഥന്മാരുടെ മക്കൾ അവരെപ്പോലെ അല്ലെങ്കിൽ അവരെക്കാൾ നന്നായി സിനിമ ചെയ്യുന്നതു കാണുമ്പോൾ ഒരു ചലച്ചിത്രപ്രേമി എന്ന നിലയിൽ സന്തോഷമുണ്ട്. പ്രതിഭകൾ വറ്റിപ്പോകുന്നില്ല ഇനിയും നല്ല സിനിമകളും മികച്ച അഭിനയമുഹൂർത്തങ്ങളും ഉണ്ടാകും എന്നൊക്കെയുള്ള പ്രതീക്ഷയാണത്. വിനീത് കഴിവ് തെളിയിച്ച പ്രതിഭയാണ്. വിനീതിന്റെ എല്ലാ ചിത്രങ്ങളും വിജയിച്ചിട്ടുണ്ട്. ലാലേട്ടന്റെ മകൻ പ്രണവുമായി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണു ജോലി ചെയ്യാൻ കഴിഞ്ഞത്. വളരെ ശാന്തനായ, പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള നല്ല പ്രതിഭയുള്ള ഒരു ചെറുപ്പക്കാരനാണ് പ്രണവ്. ഒരുപാടു യാത്രകൾ ചെയ്തും പുസ്തകങ്ങൾ വായിച്ചും നേടിയെടുത്ത പ്രണവിന്റെ അനുഭവപരിചയം അഭിനയത്തിലും മുതൽക്കൂട്ടാകും. അതു നമ്മൾ കുഞ്ഞാലി മരയ്ക്കറിലെ പ്രണവിന്റെ പ്രകടനത്തിൽ നിന്നു മനസ്സിലാക്കിയതാണ്. ഹൃദയത്തിലും ഒരു ചെറുപ്പക്കാരന്റെ കൗമാര കാലം മുതൽ ഒരു കുട്ടിയുടെ അച്ഛനാകുന്ന പ്രായം വരെയുള്ള മുഹൂർത്തങ്ങൾ വളരെ കയ്യടക്കത്തോടെയാണു പ്രണവ് അഭിനയിച്ചു ഫലിപ്പിച്ചത്. അച്ഛനെപ്പോലെ തന്നെ മകനും നല്ല മെയ്‌വഴക്കമുണ്ട്. മലയാള സിനിമയ്ക്കു ഭാവിയിൽ ഒരു മുതൽക്കൂട്ടായിരിക്കും ഈ ചെറുപ്പക്കാരാനെന്നു നൂറു ശതമാനം ഉറപ്പാണ്. അതിനുള്ള പ്രാപ്തി പ്രണവിനുണ്ട്.
തിയറ്ററുകളുടെ വസന്തകാലം മടങ്ങിവരും
‘ആറാട്ട്’ എന്ന ചിത്രം പ്രേക്ഷകരെ തിയറ്ററുകളിലേക്കു മടക്കിക്കൊണ്ടുവരുമെന്നാണു വിശ്വാസം. സിനിമയുടെ പ്രീ ബുക്കിങ് നല്ല രീതിയിൽ നടക്കുന്നുണ്ട്. ആളുകൾ ആഗ്രഹിച്ചിരുന്ന, പ്രതീക്ഷിച്ചിരുന്ന ലാലേട്ടൻ സിനിമയാണ് ‘ആറാട്ട്’. സിനിമയുടെ അണിയറപ്രവർത്തകർ അവരുടെ ജോലി ഭംഗിയായി പൂർത്തിയാക്കിയിട്ടുണ്ട്. ആറാട്ടിനു ശേഷം ഫെബ്രുവരി 25 ന് അരുൺ വൈഗ സംവിധാനം ചെയ്ത ‘ഉപചാരപൂർവം ഗുണ്ടാ ജയൻ’ റിലീസ് ചെയ്യുകയാണ്. സൈജു കുറുപ്പും സിജു വിത്സനും ശബരീഷും ആണ് പ്രധാന താരങ്ങൾ. ഞാനും ഒരു വേഷം ചെയ്യുന്നുണ്ട്. ചിത്രം കണ്ടിഷ്ടപ്പെട്ട ദുൽഖർ സൽമാന്റെ പ്രൊഡക്‌ഷൻ കമ്പനിയായ വേഫേറര്‍ ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത്. നവാഗതരായ ആന്റോ-എബി സംവിധാനം ചെയ്ത് അർജുൻ അശോകൻ നായകനാകുന്ന ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ ആണ് ഞാൻ അഭിനയിച്ചതിൽ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. തമാശയുടെ മേമ്പൊടിയോടെ വളരെ വ്യത്യസ്തമായി എടുത്തിരിക്കുന്ന ചിത്രമാണിത്. മൂന്നു ചിത്രങ്ങളിലും വേറിട്ട കഥാപാത്രങ്ങളെയാണ് ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാം വളരെ പ്രതീക്ഷ നൽകുന്നു. ഒരുപാടു നല്ല ചിത്രങ്ങൾ പണിപ്പുരയിലുണ്ട്. വീണ്ടും തിയറ്ററുകൾ നിറയുന്ന കാലമാണ് വരാൻ പോകുന്നതെന്നാണു പ്രതീക്ഷ.