ലെന, സുധീർ കരമന, മാലാ പാർവതി; കെജിഎഫ് 2വിലെ മലയാളിതാരങ്ങൾ; ശങ്കര്‍ രാമകൃഷ്ണന്‍ അഭിമുഖം
മലയാളത്തിൽ ഡബ്ബ് െചയ്ത് വന്നിരുന്ന സിനിമകൾക്ക് പണ്ട് വലിയ സ്വീകാര്യത നൽകാതിരുന്ന പ്രേക്ഷകർ ഇന്ന് ഇത്തരം ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ഈ വിജയത്തിനു പിന്നില്‍ കൂട്ടായ്മയുടെ അധ്വാനം കൂടിയുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ‘കെജിഎഫ് 2’. ഇന്ത്യൻ സിനിമയിൽ തരംഗമായി മാറിയ കെജിഎഫിന്‍റെ
മലയാളത്തിൽ ഡബ്ബ് െചയ്ത് വന്നിരുന്ന സിനിമകൾക്ക് പണ്ട് വലിയ സ്വീകാര്യത നൽകാതിരുന്ന പ്രേക്ഷകർ ഇന്ന് ഇത്തരം ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ഈ വിജയത്തിനു പിന്നില്‍ കൂട്ടായ്മയുടെ അധ്വാനം കൂടിയുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ‘കെജിഎഫ് 2’. ഇന്ത്യൻ സിനിമയിൽ തരംഗമായി മാറിയ കെജിഎഫിന്‍റെ
മലയാളത്തിൽ ഡബ്ബ് െചയ്ത് വന്നിരുന്ന സിനിമകൾക്ക് പണ്ട് വലിയ സ്വീകാര്യത നൽകാതിരുന്ന പ്രേക്ഷകർ ഇന്ന് ഇത്തരം ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ഈ വിജയത്തിനു പിന്നില്‍ കൂട്ടായ്മയുടെ അധ്വാനം കൂടിയുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ‘കെജിഎഫ് 2’. ഇന്ത്യൻ സിനിമയിൽ തരംഗമായി മാറിയ കെജിഎഫിന്‍റെ
മലയാളത്തിൽ ഡബ്ബ് െചയ്ത് വന്നിരുന്ന സിനിമകൾക്ക് പണ്ട് വലിയ സ്വീകാര്യത നൽകാതിരുന്ന പ്രേക്ഷകർ ഇന്ന് ഇത്തരം ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ഈ വിജയത്തിനു പിന്നില്‍ കൂട്ടായ്മയുടെ അധ്വാനം കൂടിയുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ‘കെജിഎഫ് 2’. ഇന്ത്യൻ സിനിമയിൽ തരംഗമായി മാറിയ കെജിഎഫിന്‍റെ രണ്ടാം ഭാഗത്തിനായി മലയാളികളും ആകാംക്ഷയോടെയാണ് കാത്തിരുന്നത്. കെജിഎഫ് 2 ന്റെ മലയാളം പതിപ്പ് കേരളത്തിൽ വൻവിജയത്തിലേക്കു കുതിക്കുമ്പോൾ അതിനു പിന്നിൽ പരിശ്രമിച്ച പേരുകളിൽ പ്രധാനപ്പെട്ടതാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്റേത്.
ഒരു സാധാരണ മൊഴിമാറ്റ ചിത്രത്തില്‍നിന്നു വിഭിന്നമായി മികച്ച നിലവാരത്തിലാണ് കെജിഎഫ് 2 ലെ മലയാളം സംഭാഷണങ്ങള്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കിയിട്ടുള്ളതെന്ന് സിനിമ കണ്ടിറങ്ങുന്നവർക്കു മനസ്സിലാകും. മലയാളത്തിലെ പ്രശസ്തരായ ഡബ്ബിങ് ആർട്ടിസ്റ്റുകളെ മുതൽ സിനിമാ താരങ്ങളെ വരെ ഈ ചിത്രത്തിനായി ശങ്കർ ഏകോപിപ്പിച്ചു. ആ പ്രക്രിയയെക്കുറിച്ചും അതിൽ ശബ്ദം നൽകിയ താരങ്ങളെക്കുറിച്ചും മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് ശങ്കർ രാമകൃഷ്ണൻ.
‘‘തമിഴ് സിനിമകളും ഹിന്ദി സിനിമകളും അതാത് ഭാഷകളിൽത്തന്നെ ആസ്വദിക്കുന്നവരാണ് മലയാളികൾ. പക്ഷേ കന്നഡ–തെലുങ്ക് സിനിമകൾക്ക് അത്രത്തോളം പ്രേക്ഷകർ മലയാളത്തിൽ ഉണ്ടോ എന്ന് സംശയമാണ്. കെജിഎഫ് ചാപ്റ്റർ ടു കൂടുതൽ മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കണം എന്നുള്ള ആഗ്രഹം പൃഥ്വിരാജിന് ഉണ്ടായിരുന്നു. കെജിഎഫ് ടീം അവരുടേതായ പുതിയൊരു പ്രപഞ്ചമാണ് സൃഷ്ടിക്കാൻ ആഗ്രഹിച്ചത്. ആ ലോകത്ത് അവരുടേതായ വ്യത്യസ്തമായ ഒരു ഭാഷയുമുണ്ട്. ആ ഭാഷയ്ക്ക് ഒട്ടും കോട്ടം തട്ടാതെ മലയാളത്തിലേക്ക് മൊഴി മാറ്റണം എന്നതായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെയൊരു ഭാഷ ഉണ്ടാക്കിയെടുക്കാൻ പറ്റിയൊരാൾ വേണമെന്ന് പൃഥിരാജിനോട് അവർ പറഞ്ഞപ്പോൾ പൃഥ്വി എന്നെ വിളിച്ചു.
ഇതൊരു ഡബ്ബിങ് സിനിമ ആയി കാണരുത്, ഇതൊക്കെയാണ് നമുക്കു വേണ്ടതെന്നു പറഞ്ഞു. പൃഥ്വി മലയാളത്തിൽ അവതരിപ്പിക്കുന്ന ഒരു സിനിമയാണ്, കെജിഎഫ് പോലൊരു സിനിമ എടുത്ത പ്രൊഡക്‌ഷൻ ഹൗസിന്റെ അർപ്പണബോധം, ഇത് മലയാളത്തിൽ വരുമ്പോൾ അത് ഏറ്റവും നല്ലൊരു വർക്ക് ആയിരിക്കണം എന്നുള്ള അവരുടെ ആഗ്രഹം, എല്ലാം കൂടി കണക്കിലെടുത്താണ് ഞാൻ ഈ സിനിമ ഏറ്റെടുക്കാൻ തീരുമാനിച്ചത്. അവർ കെജിഎഫിനു വേണ്ടി ഉണ്ടാക്കിയ ഒരു ലോകം എന്താണെന്ന് മലയാളികൾക്ക് നന്നായി അറിയാം. ഇന്ത്യ മുഴുവൻ അത് അംഗീകരിച്ചു കഴിഞ്ഞു. കെജിഎഫ് ടീം ആ സിനിമയ്ക്ക് വേണ്ടിയുണ്ടാക്കിയ ശബ്ദപ്രപഞ്ചം കുറച്ചു ലൗഡ് ആണ്. അത് നമുക്ക് അതുപോലെ മലയാളത്തിലേക്ക് മൊഴിമാറ്റാൻ പറ്റില്ല. പകരം ഒരു പുതിയ പ്രപഞ്ചം മലയാളത്തിനു വേണ്ടി ഉണ്ടാക്കുകയെന്നുള്ളതായിരുന്നു എന്റെ ചാലഞ്ച്.’’
താരങ്ങളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചു
സിനിമാതാരങ്ങളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചത് നിലവിലുള്ള ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് കഴിവില്ലാത്തതുകൊണ്ടോ മോശമായതുകൊണ്ടോ അല്ല. രൂപം കൊണ്ടുപോലും സാമ്യമുള്ള താരങ്ങൾ കെജിഎഫിന്റെ ഭാഗമായാൽ നന്നായിരിക്കും എന്നെനിക്ക് തോന്നി. ആൻഡ്രൂസ് എന്ന കഥാപാത്രത്തിനു ശബ്ദം നൽകിയത് നിസ്താർ സേട്ട് ആണ്. നിസ്‌താർ വളരെ ശ്രദ്ധാപൂർവം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന ആളാണ്. ഞാൻ എപ്പോ വിളിച്ചാലും അദ്ദേഹം ഓടിയെത്താറുണ്ട്.
അതുപോലെ ഏറെ തിരക്കുള്ള താരമാണ് ലെന. രവീണയുടെ കഥാപാത്രത്തിന് ശബ്ദമായത് ലെനയാണ്. ലെനയെ എനിക്ക് വ്യക്തിപരമായി അറിയാം. ഹിന്ദിയും ഇംഗ്ലിഷും വളരെ നന്നായി കൈകാര്യം ചെയ്യുന്ന ആളാണ് ലെന. മലയാളികൾ ഹിന്ദി സംസാരിക്കുമ്പോൾ നമുക്ക് അതു തിരിച്ചറിയാൻ കഴിയും. പക്ഷേ ലെന ഹിന്ദി പറഞ്ഞാൽ പക്കാ ഹിന്ദിക്കാരിയാണ്. ബെംഗളൂരുവിൽ ജനിച്ചു വളർന്ന ആളായതുകൊണ്ടാണ് ലെനയുടെ ഹിന്ദിയും ഇംഗ്ലിഷും വളരെ നന്നായത്. ഞാൻ ഈ കാര്യം പറഞ്ഞപ്പോൾത്തന്നെ വളരെ ലെന താൽപര്യത്തോടെ പ്രതികരിച്ചു. എനിക്കുവേണ്ടിയല്ലാതെ ഇതുവരെ ഞാൻ ഡബ്ബ് ചെയ്തിട്ടില്ല എന്ന് പറഞ്ഞു. രവീണയ്ക്കു വേണ്ടി ആണ് എന്ന് ആദ്യം ഞാൻ പറഞ്ഞില്ല, പറഞ്ഞാൽ ചിലപ്പോൾ ലെനയ്ക്ക് ചെയ്യാൻ പറ്റുമോ എന്ന സംശയം തോന്നിയാലോ. റമിക സെൻ മലയാളം സംസാരിക്കുമ്പോൾ ഉറപ്പുള്ള, വ്യക്തതയുള്ള, അല്പം ഹോട്ടിനെസ്സ് ഉള്ള ഒരു ശബ്ദമാകണം. അത് ലെനയ്ക്ക് ചെയ്യാൻ കഴിയും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
യാഥാസ്ഥിതികമായ, സുന്ദരമായ ഒരു ശബ്ദമല്ല നമുക്ക് വേണ്ടത്. ഇംഗ്ലിഷും ഹിന്ദിയും മലയാളവും ഒരുപോലെ പറയാൻ പറ്റുന്ന ആത്മവിശ്വാസമുള്ള ഒരു ശബ്ദമാണ് വേണ്ടത്. ലെന എന്റെ പ്രതീക്ഷ തെറ്റിച്ചില്ല. സത്യപ്രതിജ്ഞ ചെയ്യുന്ന ഒരു സീനിൽ വളരെ പവർഫുൾ ആയ ഒരു സ്ത്രീയായിട്ടാണ് റമിക സെൻ എത്തുന്നത്. നായകനെതിരെ അതിശക്തമായ എതിർപ്പുകൾ ഉയർന്നുകൊണ്ടിരിക്കുന്ന സമയത്ത് തീരെ പ്രതീക്ഷിക്കാതെ ഒരു സുനാമി പോലെ റമിക സെന്നിന്റെ ഉദയം സംഭവിക്കുകയാണ്. ലെനയുടെ ശബ്ദം അവിടെ നമുക്ക് പ്രതീക്ഷിക്കുന്നതിനും മേലെ ആയിരുന്നു. പാർലമെന്റിന്റെ കോറിഡോറിലൂടെ നടന്നുകൊണ്ടിരിക്കുന്ന സീനിൽ നടന്നുകൊണ്ടു ഡയലോഗ് പറയുന്നിടത്ത് ലെന അത് താൻ ആണെന്ന് സങ്കല്പിച്ചായിരിക്കും ചെയ്തത്. അതൊക്കെ ഒരു കലാകാരിക്കു മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്. .
വോയിസ് കാസ്റ്റിങ്
എന്റെ സൗഹൃദവലയത്തിലുള്ള പ്രഫഷനലായ കലാകാരന്മാരിൽ ചിലർ കെജിഎഫിലെ താരങ്ങളുടെ ശബ്ദമായാൽ കൊള്ളാം എന്നു തോന്നി. സംവിധായകൻ പ്രശാന്ത് നീലിന്റെ വലംകൈ ആയ ഡോക്ടർ സൂരിക്കായിരുന്നു തിരക്കഥയുടെ ചുമതല. ഞാൻ ഡോക്ടർ സൂരിയെയും പ്രശാന്ത് നീലിനെയും കണ്ടു സംസാരിച്ചിരുന്നു. അവർ അവരുടെ ടീമിലെ ചന്ദൻ ഭാർഗവ് എന്ന അസോഷ്യേറ്റിനെ വിട്ടു തന്നിരുന്നു. ചന്ദനുമായി ഇരുന്നു ഞാൻ ഈ തിരക്കഥ ഡീകോഡ് ചെയ്തെടുത്തു. കോവിഡിന്റെ സമയമായതുകൊണ്ടു ചിത്രീകരണം തീർന്നിരുന്നില്ല. തിരക്കഥയിൽ തുടരെത്തുടരെ മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു.
സംഭാഷണം മുഴുവൻ എഴുതിത്തീർന്നതിനു ശേഷം ഒരു വോയിസ് കാസ്റ്റിങ് തന്നെ നടത്തി. ഓരോ കഥാപാത്രത്തിനും അനുയോജ്യരെന്ന് തോന്നുന്ന നാലഞ്ചു ശബ്ദങ്ങൾ എടുത്തിട്ട് കെജിഎഫ് ടീമിന് അയച്ചുകൊടുത്തു. ഈ ശബ്ദങ്ങൾ മലയാളത്തിലെ പ്രമുഖ താരങ്ങളുടേതാണെന്നൊന്നും അവർക്ക് അറിയില്ല. പക്ഷേ ഏറ്റവും യോജിക്കുന്നവരെ അവർ തിരഞ്ഞെടുക്കുകയായിരുന്നു. അതിൽ നമ്മുടെ പ്രിയതാരങ്ങളായ ലെന, മാലാ പാർവതി, സുധീർ കരമന, നിസ്താർ തുടങ്ങിയവർ ഉൾപ്പെട്ടു എന്നുള്ളതാണ് സത്യം. ഇവരെ സജസ്റ്റ് ചെയ്യുക എന്ന സ്വാതന്ത്ര്യം നമുക്കുണ്ടായിരുന്നു. നമ്മൾ അഞ്ചു കഥാപാത്രങ്ങൾ ഉള്ള ഒരു സീൻ ചെയ്യുമ്പോൾ ആ സീൻ വർക്ഔട്ട് ആകണമെങ്കിൽ അതിൽ അഞ്ചുപേരും അഭിനയിച്ചതു പോലെ ഡബ്ബ് ചെയ്യണമല്ലോ, ആർട്ടിസ്റ്റുകൾ തന്നെ ചെയ്തതുകൊണ്ടാണ് ഇത്രയും നന്നായത്.
ഒരുപാട് കുട്ടികൾ ഈ സിനിമയിലെ അഭിനേതാക്കളാണ്. കോവിഡിന്റെ സമയമായതുകൊണ്ട് കുട്ടികളെയും കൊണ്ട് യാത്ര ചെയ്യാൻ മാതാപിതാക്കൾ പലരും തയാറല്ലായിരുന്നു. എന്നിട്ടും മലയാളത്തിൽ തിരക്കുള്ള കുട്ടിത്താരമായ ജുവൽ വന്ന് അതു ചെയ്തുതന്നു. ഒരു പൊലീസ് സ്റ്റേഷൻ സീനിൽ ചായ കൊണ്ടുവരുന്ന കഥാപാത്രത്തിന് ജുവൽ ആണ് ശബ്ദം കൊടുത്തത്. ജുവലിന്റെ അച്ഛന് വരാൻ കഴിയാതിരുന്നപ്പോൾ അമ്മ കുട്ടിയെയും കൊണ്ടുവന്ന് ഈ സിനിമയുടെ ഭാഗമാകാൻ കാണിച്ച ആത്മാർഥത എന്നെ അദ്ഭുതപ്പെടുത്തി.
കന്നഡ താരങ്ങൾ പോലും ജുവലിന്റെ പ്രഫഷനലിസം കണ്ട് അമ്പരന്നുപോയി. അതുപോലെ മലയാളം നന്നായി സംസാരിക്കുന്ന ആളുകൾ ബെംഗളൂരിൽ കുറവാണ്. അവിടെയുള്ളവർ സംസാരിക്കുമ്പോൾ അതിൽ കന്നഡയോ ഹിന്ദിയോ കടന്നുവരും. കെജിഎഫിലെ ഖനി ഷൂട്ട് ചെയ്യുന്ന സമയത്ത് ഈശ്വരി റാവു എന്ന കഥാപാത്രവും മകനും ഹിന്ദി കലർന്ന മലയാളം സംസാരിക്കണമെന്നത് അവർക്ക് നിർബന്ധമായിരുന്നു. ‘ഫലക്കദസ്തൂർ ഖുദാക്കാ ഹുക്കും" ഈശ്വരി റാവു പറയുന്ന ഈ ഡയലോഗ് മൊഴിമാറ്റാതെ ഇതുപോലെ തന്നെ പറയണമായിരുന്നു ‘വിധിയുടെയും ഈശ്വരന്റെയും നിശ്ചയപ്രകാരം എന്തൊക്കെ പ്രതിബന്ധങ്ങൾ വന്നാലും ആരാലും എതിർക്കപ്പെടാത്ത നിന്റെ സുൽത്താൻ തിരിച്ചു വരും’ എന്ന മലയാളം പരിഭാഷ നമുക്ക് കൊടുക്കാവുന്നതാണ്. ആ ഡയലോഗ് ഉറുദുവാണ്. അത് അതുപോലെതന്നെ പ്രേക്ഷകരുടെ മനസ്സിൽ പതിയട്ടെ എന്നായിരുന്നു അവരുടെ ആവശ്യം. അവിടെയൊക്കെ കെജിഎഫ് എന്ന അവരുടെ സ്വപ്നത്തോടൊപ്പം നിൽക്കുക എന്നുള്ളതാണ് ഞങ്ങൾ ചെയ്തത്.
ദ്രവീഡിയൻ ഭാഷയാണ് കന്നടയെങ്കിലും അതിന്റെയും മലയാളത്തിന്റെയും സ്പീഡിൽ വ്യത്യാസമുണ്ട്. മലയാളം നീട്ടി പറയുന്ന ഭാഷയാണ്. ആ സമയത്ത് കന്നടയിൽ വളരെ എളുപ്പത്തിൽ ഒരു കാര്യം പറയാം. കെജിഎഫിന്റെ സ്പീഡും ഭയങ്കരമാണ്. ആ സ്പീഡിലേക്കും മീറ്ററിലേക്കും ഡയലോഗ് എഴുതുകയും ചുണ്ടുകളുടെ അനക്കം കൃത്യമായിരിക്കുകയും വേണം. തമിഴ് നമ്മുടെ വ്യാകരണത്തിൽ ഒതുങ്ങുന്ന ഭാഷയാണ്. ശിവാജി ഗണേശന്റെയും എംജിആറിന്റെയും സിനിമകൾ തമിഴായി ആസ്വദിച്ച് വളർന്നവരാണ് നമ്മൾ.
പക്ഷേ കന്നഡ നമുക്കെളുപ്പം വഴങ്ങില്ല. കെജിഎഫ് രണ്ടിന്റെ ഡബ്ബിങ് നടന്നുകൊണ്ടിരുന്നപ്പോൾ അവിചാരിതമായി പുനീത് രാജ് കുമാറിനെ കണ്ടിരുന്നു. അദ്ദേഹം വളരെ കാര്യമായി ഞങ്ങളൊടൊപ്പമിരുന്ന് കെജിഎഫിനെക്കുറിച്ചും മലയാളം ഫ്രാഞ്ചൈസിയെക്കുറിച്ചും സംസാരിച്ചു. അപ്പോൾ മനസ്സിലായി കെജിഎഫ് എന്നത് കുറച്ചുപേരുടെ മാത്രം സിനിമയല്ല, കന്നഡ സിനിമാ വ്യവസായത്തിന്റെ മുഴുവൻ സ്വപ്നമാണ്. ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുന്ന ഒരു സിനിമയി ഇത് മാറണമെന്നത് ഈ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത പുനീത് രാജ്‌കുമാറിന്റെയും ആഗ്രഹമായിരുന്നു. ഞങ്ങൾ സംസാരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് അദ്ദേഹം അകാലത്തിൽ വിടപറഞ്ഞത്. ഞങ്ങൾ ഡയലോഗ് മൊഴിമാറ്റി എന്നതിലുപരി സിനിമയുടെ വികാരം പൂർണ്ണമായും മലയാളത്തിലെത്തിക്കുന്നതിൽ വിജയിച്ചു എന്നതാണ് ഇപ്പോൾ കെജിഎഫ് ടീമിന്റെയും അഭിപ്രായം. അത് കേൾക്കുമ്പോൾ സന്തോഷമുണ്ട്.
സിനിമയ്ക്കായി മലയാളത്തിൽ ഗാനരചന നടത്തിയത് സുധാംശു എന്ന എഴുത്തുകാരനാണ്. അദ്ദേഹവും സിനിമയുടെ കാൻവാസിന്റെ വലുപ്പം ഉൾക്കൊണ്ടുകൊണ്ട് അത്തരത്തിലാണ് ഗാനരചന നടത്തിയത്. തൂഫാൻ എന്ന ഗാനം റിലീസ് ചെയ്തപ്പോൾത്തന്നെ വൈറൽ ആയിരുന്നു. റിലീസിന് തൊട്ടുമുമ്പാണ് ഞാൻ സുധാംശുവിനെ കാണുന്നത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാം കോൺഫിഡെൻഷ്യൽ ആയിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഞാനോ ഡബ്ബ് ചെയ്തവരോ ഞങ്ങൾ ഈ ചിത്രത്തിൽ വർക്ക് ചെയ്യുന്നു എന്ന് എവിടെയും പറഞ്ഞിട്ടില്ല.
പൃഥ്വി സിനിമയെക്കുറിച്ചുള്ള പോസ്റ്റുകൾ ഇടുമ്പോൾ എന്റെ പേര് ഒരിടത്തും പറഞ്ഞിട്ടില്ല. കെജിഎഫ് ടു എന്ന സിനിമയെ ആസ്വദിക്കുക എന്നുള്ളതായിരുന്നു പ്രധാനം. ഇത് ആര് ഡബ്ബ് ചെയ്തു എന്ന് നോക്കാതെ സിനിമ മുഴുവൻ കണ്ടിട്ട് അതിനെപ്പറ്റി സംസാരിക്കുക. ഇപ്പോൾ എല്ലാവരും ഡബ്ബ് ചെയ്തവരെപ്പറ്റി ചർച്ച ചെയ്യാൻ ഒരു കാരണമുണ്ട്. ഇപ്പോൾ ഏറെപ്പേർ കെജിഎഫ് മലയാളം ചോദിച്ചെത്തുന്നുണ്ട്. കന്നട സിനിമകളെ തമിഴ് ആയിട്ടും ഹിന്ദി ആയിട്ടും കണ്ടുകൊണ്ടിരുന്നവർ മലയാളം സിനിമ തേടി എത്തുന്നു അത് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. അത് മാത്രമാണ് ഈ ചിത്രം ഏറ്റെടുക്കുമ്പോൾ ഞങ്ങളും ആഗ്രഹിച്ചത്. ഒരുപാടുപേർ അതിനു പിന്നിൽ പ്രവർത്തിച്ചവരെ തേടിയെത്തി പ്രശംസിക്കുന്നുണ്ട്.
ശബ്ദത്തിനുടമകൾ
യഷിന് ശബ്ദം കൊടുത്തത് അരുൺ സി.എം. ആണ് അദ്ദേഹം പത്തു വർഷത്തിലേറെയായി ഡബ്ബിങ് മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ്. അദ്ദേഹം എന്റെ അസോഷ്യേറ്റുമായി സഹകരിച്ചു. അദ്ദേഹം പറഞ്ഞത്, ഒരു സംഘം ആൾക്കാർ പോകുമ്പോൾ ‘അങ്ങോട്ട് പോകുന്നവരേ, തിരിഞ്ഞു നോക്കൂ’ എന്നൊക്കെ പറഞ്ഞാണ് ഇതുവരെ ഡബ്ബ് ചെയ്തുകൊണ്ടിരുന്നത്. അത് സിറ്റുവേഷൻ മനസ്സിലാകാതെ തർജമ ചെയ്യുന്നതിന്റെ കുഴപ്പമാണ്. ചിലപ്പോൾ അവർക്ക് യോജിക്കുന്ന വാക്കുകൾ കണ്ടെത്താൻ സമയം കിട്ടാത്തതിന്റെ കുഴപ്പമായിരിക്കും. ഇവിടെ ഞങ്ങൾക്ക് ഈ സിനിമ ചെയ്യാൻ സമയവും സ്വാതന്ത്ര്യവും ഒരുപാടുകിട്ടി.
പൃഥ്വിയോടാണ് എനിക്ക് നന്ദി പറയാനുള്ളത്. ഈ പ്രോസസ്സിന്റെ ഓരോ ഘട്ടത്തിലും അദ്ദേഹം എന്നെ വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. ഹോംബാലെ ഫിലിംസും വിജയും കാർത്തിക്കും പ്രശാന്ത് നീലും ഞങ്ങൾക്ക് പിന്തുണയായി ഉണ്ടായിരുന്നു. ബെംഗളൂരുവിൽ ഉള്ള ആകാശ് സ്റ്റുഡിയോയിൽ ആനന്ദ് രാജ് എന്ന സ്റ്റുഡിയോ എൻജിനീയറുടെ മുന്നിൽ വന്നാണ് എല്ലാ താരങ്ങളൂം ഡബ്ബ് ചെയ്തത്. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള സമയത്താണ് ഇതെല്ാം ചെയ്തത്.
രാഘവൻ എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തിന് ശബ്ദം കൊടുത്തത് ടോണി എന്ന വളരെ സീനിയർ ആയ ഒരു ആർട്ടിസ്റ്റാണ്. അദ്ദേഹത്തിന് ഒരുപാട് ശാരീരിക ബുദ്ധിമുട്ടുണ്ടായിട്ടും അദ്ദേഹം വന്നു. ട്രെയിനിലോ ഫ്ളൈറ്റിലോ യാത്ര ചെയ്തു വരുമ്പോൾ പലരുടെയും ശബ്ദം അടയും. പിന്നെ അവർക്ക് ഒന്നുരണ്ടു ദിവസം കൊടുത്ത് ശബ്ദം ശരിയായിട്ടാണ് ചെയ്യുന്നത്. ടേക്കുകൾ അനവധി എടുത്തിരുന്നു. ഓരോ കലാകാരന്മാരും നൂറല്ല ഇരുനൂറു ശതമാനം പ്രതിബദ്ധതയോടെ പ്രവർത്തിച്ചു. ഇവരെയെല്ലാം ഏകോപിപ്പിക്കാൻ എന്നെ സഹായിച്ചത് ആദർശ് എന്ന സീനിയർ ആയ ഡബ്ബിങ് ആർട്ടിസ്റ്റാണ്. അദ്ദേഹത്തെ പുലി എന്നാണ് കന്നഡക്കാർ പോലും വിളിക്കുന്നത്. വളരെ മെലിഞ്ഞ ഒരു മനുഷ്യനായ അദ്ദേഹത്തിന്റെ തൊണ്ടയിൽനിന്ന് വരുന്ന ശബ്ദം കേട്ടാൽ ഞെട്ടിപ്പോകും. അദ്ദേഹം ഡബ്ബ് ചെയ്യുമ്പോൾ കാണാൻ എല്ലാവരും വന്നുനിൽക്കുമായിരുന്നു. ഒരു കുടുംബം പോലെയാണ് എല്ലാവരും ഈ സിനിമയുടെ ജോലി ചെയ്തത്.
പതിനെട്ടാം പടിയിലൂടെ വന്ന് സിബിഐ, പാപ്പൻ എന്ന സിനിമയിലൊക്കെ അഭിനയിച്ച ചന്തുനാഥ് ആണ് പ്രകാശ് രാജിന്റെ അച്ഛന്റെ ചെറുപ്പകാലം ഡബ്ബ് ചെയ്തത്. ചന്തു എന്നോട് ചോദിച്ചത് ‘സർ ഇപ്പോൾ ഡബ്ബിങ് സിനിമകൾ ചെയ്യുന്ന ആളായി മാറിയോ, സാറിനെപ്പറ്റി നമ്മുടെ പ്രതീക്ഷ ഇതൊന്നുമല്ല’ എന്നാണ്. ഞാൻ പറഞ്ഞു, ‘ചന്തു ഇതൊരു ഡബ്ബിങ് സിനിമ എന്ന് കാണരുത്. സിനിമ ഇറങ്ങുമ്പോൾ നീ കണ്ടോളൂ.’ ഈ ചിത്രത്തിലൂടെ ചന്തുവും കെജിഎഫ് എന്ന ചരിത്രത്തിന്റെ ഭാഗമായി മാറി.
മാലാ പാർവതിയെ എനിക്ക് വളരെ വ്യക്തിപരമായി അറിയാം. പാർവതി ഒരു സൈക്കോളജിസ്റ്റ് ആണ് അവരുടെ ഇംഗ്ലിഷ് ഡിക്‌ഷൻ നല്ലതാണ്. മാളവിക അവിനാശ് എന്ന താരത്തിന് വേണ്ടിയാണു പാർവതി ശബ്ദം കൊടുത്തത്. ആ കഥാപാത്രം ഇംഗ്ലിഷും മലയാളവും ഇടകലർത്തി പറയുന്ന ആളാണ്. സൂക്ഷിച്ചു നോക്കിയാൽ മാളവികയ്ക്കും മാലാ പാർവതിക്കും കുറച്ചൊക്കെ സാമ്യം തോന്നും. ഒരു അടഞ്ഞ മുറിയിൽ ഇരുന്നു സംസാരിക്കുന്ന ആളാണ് കഥാപാത്രം. പാർവതിയുടെ ശബ്ദം നമ്മൾ കേട്ടിട്ടുള്ളത് വളരെ ലൗഡ് ആയിട്ടാണ്. പക്ഷേ പാർവതിയുടെ ശബ്ദം കെജിഎഫ് ടീം തിരഞ്ഞെടുത്തതാണ്. ഭീഷ്മയിൽ അഭിനയിക്കുമ്പോഴാണ് പാർവതി കെജിഎഫിന് ശബ്ദം കൊടുക്കാനെത്തിയത്. ഫോർട്ട് കൊച്ചി സ്ലാങ്ങിൽ ഉച്ചത്തിലാണ് അവിടെ അഭിനയിക്കുന്നത്. ഇവിടെ അതിനു വിരുദ്ധമായി വളരെ ശാന്തമായി കൺട്രോൾഡ് ആയിട്ടാണ് ഡബ്ബ് ചെയ്യുന്നത്. രണ്ടും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്നത് ആ ഒരു കലാകാരിയുടെ റേഞ്ച് ആണ്.
സഞ്ജയ് ദത്തിന് ശബ്ദം കൊടുത്തത് ബീന ആന്റണിയുടെ ഭർത്താവ് മനോജ് ആണ്. അദ്ദേഹം വലിയൊരു അസുഖം വരുന്നതിനു തൊട്ടുമുമ്പാണ് ഇത് ചെയ്തത്. അദ്ദേഹത്തിന് എന്നോടുള്ളൊരു സ്നേഹത്തിന്റെ പുറത്താണ് ഇത് ചെയ്യാൻ എത്തിയത്. അദ്ദേഹത്തിന്റെ അപാരമായ കഴിവുകൾ തെളിയിക്കുന്ന കുറേ മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു. സഞ്ജയ് ദത്ത് വലിയൊരു ആക്‌ഷൻ സീൻ കഴിഞ്ഞിട്ടാണ് സംസാരിക്കുന്നത്. മുറിവേറ്റ ഒരാൾ സംസാരിക്കുന്നത് വളരെ പതിഞ്ഞ ശബ്ദത്തിലായിരിക്കും, വലിയൊരു പാലത്തിന്റെ മുഴുവൻ ഭാരവും താങ്ങിനിന്ന് സംസാരിക്കുക, അങ്ങനെ ഓരോ സീക്വൻസും ചലഞ്ചിങ് ആയിരുന്നു. അത്തരം കാര്യങ്ങളൊക്കെ മനോജ് വളരെ ഭംഗിയായി കൈകാര്യം ചെയ്തു.
നായികയായ ശ്രീനിധി ഷെട്ടിക്ക് ശബ്ദം നൽകിയത് മോഡല്‍ ഷാനു സുരേഷ് ആണ്. ഷാനുവിന്റെ ആദ്യ അനുഭവം കൂടിയായിരുന്നു ഇത്. അത് അവർ മനോഹരമായി ചെയ്തു.
പ്രകാശ് രാജിന്റെ കഥാപാത്രം ഡബ്ബ് ചെയ്യാൻ അദ്ദേഹം തന്നെ വേണമെന്ന് ഞങ്ങൾ വാശിപിടിച്ചിരുന്നു, മലയാളികൾക്ക് സുപരിചിതനായ താരമാണ് അദ്ദേഹം. ബാക്കി എല്ലാ ഭാഷയിലും അദ്ദേഹമാണ് ഡബ്ബ് ചെയ്തത്. മലയാളത്തിൽ ഡബ്ബ് ചെയ്യാൻ അദ്ദേഹത്തിന് കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. അഞ്ചുതവണ പ്ലാൻ ചെയ്തിട്ടും പല കാരണങ്ങൾകൊണ്ട് മുടങ്ങി. ഞങ്ങൾ മൂന്നുപേരെക്കൊണ്ട് ട്രാക്ക് എടുത്തു. എന്നിട്ടും ഞങ്ങൾ അതുപോരാ, പ്രകാശ് രാജ് തന്നെ വേണമെന്ന് നിർബന്ധം പിടിച്ചു. അദ്ദേഹത്തിന് മലയാളം നന്നായി പറയാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദത്തിനൊരു പകരക്കാരനെ മലയാളികൾ അംഗീകരിക്കില്ല.
പടം ലോഡ് ചെയ്യുന്നതിന് രണ്ടുദിവസം മുൻപ് പുലർച്ചെ രണ്ടുമണിക്കാണ് അദേഹം ഡബ്ബ് ചെയ്യാം എന്ന് സമ്മതിച്ചതായി കോൾ വരുന്നത്. പിറ്റേന്ന് ഞങ്ങൾ ചെന്നൈക്കു പോയി അദ്ദേഹം രാത്രി ഏഴുമണി മുതൽ രണ്ടര വരെ ഇരുന്ന് ഒറ്റയടിക്കാണ് മുഴുവൻ സിനിമയും ഡബ്ബ് ചെയ്തത്. മലയാളം ചെയ്യാൻ അദ്ദേഹത്തിന് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല പക്ഷെ ഞങ്ങൾ വിളിച്ചിട്ടു വരാതെ അദ്ദേഹത്തിന് കിടന്നിട്ട് ഉറക്കം വരുന്നുമില്ല എന്നാണു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിനയത്തിന്റെ വികാരം മനസ്സിലാക്കി ഡബ്ബ് ചെയ്യാൻ ഒരാൾക്കും കഴിയില്ല. അദ്ദേഹത്തിന്റെ മലയാളത്തിലെ തെറ്റുകുറ്റങ്ങൾ മലയാളികൾക്ക് മനസിലാകും.
ദുബായിലെ ഒരു ഡോൺ ആയ ഇനായത് ഖലീൽ ഹിന്ദിയിലാണ് സംസാരിക്കുന്നത്. അദ്ദേഹം ഒരു അറബി ആണ്. അദ്ദേഹം ഒരിക്കലും മലയാളത്തിലും ഹിന്ദിയിലും സംസാരിക്കില്ല. പക്ഷേ അദ്ദേഹത്തിനെക്കൊണ്ട് മലയാളം സംസാരിപ്പിച്ചാൽ വല്ലാതെ മോശമായിപ്പോകും. ഷാരൂഖിന്റെയോ ആമിറിന്റെയോ മലയാളം ഡബ്ബിങ് മലയാളി ആസ്വദിക്കില്ല. ഹിന്ദി സിനിമ അതുപോലെ ആസ്വദിക്കാൻ മലയാളികൾക്ക് കഴിയും.
റോക്കിയുടെ വലംകൈ ആയ കാസിംഭായി എന്ന ചാച്ചാ കഥാപാത്രം ചെയ്‌തത് സുധീർ കരമന ആണ്. ഞാൻ ഇതേക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ‘‘ഒരുവശത്ത് പൃഥ്വിരാജ് മറുവശത്ത് നിങ്ങൾ, ഞാൻ എങ്ങനെ നിരസിക്കും, ഞാൻ അതിന്റെ ഭാഗമാണ്’’ എന്നുപറഞ്ഞ് അദ്ദേഹം കേറി വന്നു. സുധീർ മലയാളത്തേക്കാൾ നന്നായി ഹിന്ദി പറയും. കാസിം എന്ന കഥാപാത്രം സുധീറിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഹരീഷ് റോയ് എന്ന നടനാണ് ഈ കഥാപാത്രം ചെയ്തത്. ഹരീഷ് റോയിയും സുധീറും കാണാനും ഒരുപാട് സാമ്യമുണ്ട്. സുധീർ പറഞ്ഞത് എനിക്ക് വേണ്ടിത്തന്നെ ഡബ്ബ് ചെയ്യുന്നതുപോലെയാണ് എനിക്ക് തോന്നുന്നത് എന്നാണ്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡ്രൈവറായ, ആറാട്ടിലും ഭീഷ്മയിലും അഭിനയിച്ച, വരാനിരിക്കുന്ന ഒരുപാടു സിനിമകളിൽ ഭാഗമാകുന്ന കോട്ടയം രമേഷ് എന്ന അതുല്യ നടനാണ് ഗുരു പാണ്ഡ്യൻ എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തത്. ഈശ്വരി റാവുവിനു വേണ്ടി ശബ്ദം കൊടുത്തത് ഷാൽമ എന്ന ഡബ്ബിങ് ആർട്ടിസ്റ്റാണ്. ബെംഗളൂരുവിലുള്ള നീതുവാണ് റോക്കിയുടെ അമ്മ കഥാപാത്രത്തിന് ശബ്ദമായത്.
വളരെ പെർഫെക്റ്റ് ആയ ഒരു വർക്ക് ആണ് കെജിഎഫ് മലയാളം സിനിമയ്ക്ക് വേണ്ടി ഞങ്ങൾ ചെയ്തത് എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ നമ്മൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു മലയാളമാണ് ഇതിൽ കേൾക്കാൻ കഴിയുക. ഒരുപാട് ടേക് എടുത്തിട്ടാണ് ഞങ്ങൾ അവസാനരൂപത്തിൽ എത്തിയത്. കെ ജി എഫ് ചാപ്റ്റർ ടൂവിന്റെ യഥാർത്ഥ തിരക്കഥ എന്താണോ അതിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരു വർക്ക് എന്നുള്ള നിലയിൽ ഞങ്ങളുടെ ശ്രമം വിജയിച്ചു എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ഞാൻ തിരക്കഥ എഴുതിക്കൊടുത്തിട്ട് പോകാതെ സ്റ്റുഡിയോയിൽ നിന്ന് ഡബ്ബിങ് ഡയറക്‌ഷൻ ചെയ്യാൻ അവർ എനിക്ക് അവസരം തന്നു.
ഞാൻ എഴുതിക്കൊടുത്തിട്ട് പോയെങ്കിൽ ഈ സിനിമ എങ്ങനെയാകുമെന്ന് എനിക്ക് ഉറപ്പു പറയാൻ കഴിയില്ല. ഇത്രയും ആളുകളെ ഇവിടെ നിന്ന് കൊണ്ടുപോകാനും അവരെക്കൊണ്ട് അവിടെ അഭിനയിച്ച് ശബ്ദം കൊടുക്കാനും കഴിഞ്ഞു. യഷിന്റെ യഥാർഥ ശബ്ദവും അരുണിന്റെ ശബ്ദവും ടോണിൽ വ്യത്യാസമുണ്ട്. അരുണിന് യഷിലേക്കെത്താൻ നല്ല പ്രയത്നം വേണ്ടിവന്നു.
വളരെ ക്രൂരനായ ഒരു കഥാപാത്രമാണ് വാനരം, ആ ക്രൗര്യം മുഴുവൻ ശബ്ദത്തിൽ കൊണ്ടുവരാൻ ആദർശിന് കഴിഞ്ഞു. നമ്മുടെ നിലവിലുള്ള ഡബ്ബിങ് താരങ്ങൾക്ക് സമയവും നല്ല ടെക്സ്റ്റും കൊടുത്താൽ അവർക്ക് നിസാരമായി ചെയ്യാൻ കഴിയുന്ന കാര്യമാണിത്. കെജിഎഫ് കുടുംബത്തിൽ എന്നെയും കൂടി ഉൾപ്പെടുത്തിയതിന് പൃഥ്വിരാജ്, ഹോംബാലെ ഫിലിംസ്, ആനന്ദ് രാജ് ചന്ദൻ, ഡോക്ടർ സൂരി, പ്രശാന്ത് നീൽ തുടങ്ങി കെ ജി എഫ് കുടുംബത്തിന് ഞാൻ നന്ദി പറയുകയാണ്.
പുതിയ പ്രോജക്ടുകൾ
സിപിഎമ്മിന് വേണ്ടി ഇ.കെ. നായനാർ മ്യൂസിയം ഈയിടെ കണ്ണൂരിൽ ഉൽഘാടനം ചെയ്തിട്ടുണ്ട്. അതൊരു ഹൈബ്രിഡ് മ്യൂസിയമാണ്. അതിനു വേണ്ടി വിഷ്വൽ സ്റ്റോറി സംവിധാനം ചെയ്തത് ഞാൻ ആണ്. ഓറിയന്റേഷൻ തിയറ്ററിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ സമരങ്ങളും പ്രതിപാദിക്കുന്ന സിനിമകൾ ഒക്കെ കാണിക്കുന്നുണ്ട്. അതിന്റെ ഒന്നാം ഘട്ടം ഇപ്പോൾ ചെയ്തു കഴിഞ്ഞു. സന്തോഷ് ശിവന് വേണ്ടി ഒരു വലിയ സിനിമയുടെ തിരക്കഥ എഴുതുന്നുണ്ട്. സ്വന്തമായി ഒരു സിനിമ ചെയ്യാനും നിർമിക്കാനുമൊക്കെ പ്ലാനുണ്ട്.