‘പൊന്മുട്ട’യിൽനിന്നു സിനിമയിലേക്ക്; ശ്യാം മോഹന് അഭിമുഖം
നിരവധി ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും സോഷ്യൽ മീഡിയയിൽ സുപരിചിതനായ ശ്യാം മോഹൻ ‘ഹെവൻ’ എന്ന ചിത്രത്തിൽ ‘സുമേഷ്’ എന്ന പൊലീസ് കഥാപാത്രമായി തിയറ്ററുകളിൽ
നിരവധി ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും സോഷ്യൽ മീഡിയയിൽ സുപരിചിതനായ ശ്യാം മോഹൻ ‘ഹെവൻ’ എന്ന ചിത്രത്തിൽ ‘സുമേഷ്’ എന്ന പൊലീസ് കഥാപാത്രമായി തിയറ്ററുകളിൽ
നിരവധി ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും സോഷ്യൽ മീഡിയയിൽ സുപരിചിതനായ ശ്യാം മോഹൻ ‘ഹെവൻ’ എന്ന ചിത്രത്തിൽ ‘സുമേഷ്’ എന്ന പൊലീസ് കഥാപാത്രമായി തിയറ്ററുകളിൽ
നിരവധി ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും സോഷ്യൽ മീഡിയയിൽ സുപരിചിതനായ ശ്യാം മോഹൻ ‘ഹെവൻ’ എന്ന ചിത്രത്തിൽ ‘സുമേഷ്’ എന്ന പൊലീസ് കഥാപാത്രമായി തിയറ്ററുകളിൽ ചിരി പടർത്തുകയാണ്. പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിനു ശേഷം ശ്യാം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഹെവൻ. സിനിമയുടെ വിശേഷങ്ങൾ മനോരമ ഓൺലൈനിലൂടെ പങ്കുവച്ച് ശ്യാം മോഹൻ....
‘പൊന്മുട്ട’യിലൂടെ സിനിമയിലേക്ക്
നാലു വർഷം ‘പൊന്മുട്ട’ എന്ന വെബ്സീരീസിനു വേണ്ടി എഴുതുകയും അഭിനയിക്കുകയും ചെയ്തിരുന്നു. അതിലൂടെയാണ് എന്നെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങുന്നതെന്ന് തോന്നുന്നു. ഒന്നുരണ്ട് ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. എന്നാൽ അതൊന്നും ‘പൊന്മുട്ട’യോളം ഹിറ്റായില്ല.
ഹെവനിൽ ഒരു മുഴുനീള ക്യാരക്ടർ ആയിരുന്നു. എങ്ങനെയാണ് ആ അവസരം എത്തിയത്?
തിരുവനന്തപുരത്തുള്ള വിജയരാഘവൻ ചേട്ടനാണ് എന്നെ ഈ സിനിമയിലേക്ക് അവതരിപ്പിക്കുന്നത്. പ്രൊഡ്യൂസർ ശ്രീകുമാരൻ ചേട്ടനും ഡയറക്ടർ ഉണ്ണി ചേട്ടനും എന്നെ അറിയാമായിരുന്നു. എന്റെ വിഡിയോകൾ അവർ കണ്ടിരുന്നു. സുമേഷ് എന്ന ക്യാരക്ടറിനു വേണ്ടി അവർ കൃത്യമായ സീനുകൾ ഒന്നും എഴുതിയിരുന്നില്ല. പല സീനുകളും അവിടെ വച്ചു തന്നെ ചെയ്തതാണ്. പലതും ഇംപ്രവൈസ് ചെയ്യാൻ സുരാജ് ഏട്ടനും സഹായിച്ചു.
സുരാജ് വെഞ്ഞാറമൂട് എന്ന നടനൊപ്പം?
ഒരുപാട് കാലമായി നമ്മൾ ആരാധിക്കുകയും സ്നേഹിക്കുകയു ചെയ്യുന്ന ഒരാൾക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം വളരെയധികം ഫ്രണ്ട്‌ലിയാണ്. അതുകൊണ്ട് ഹെവനിലും കംഫർട്ടബിൾ ആയി വർക്ക് ചെയ്യാനുള്ള ഒരു സാഹചര്യമുണ്ടായിരുന്നു. എല്ലാവരും ഒപ്പം നിൽക്കുന്നത് കൊണ്ട് സെറ്റിലോ സിനിമയിലോ ഒരു പുതിയ ആളാണെന്നൊന്നും തോന്നിയില്ല. അത്രയധികം സപ്പോർട്ട് ആണ് ഡയറക്ടറും റൈറ്ററും മുഴുവൻ ക്രൂവും തന്നത്. ഇടയ്ക്കിടെ കോവിഡിന്റെ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അതൊന്നും അധികം ബാധിക്കാതെ തന്നെ ഈ ചിത്രം പൂർത്തിയാക്കാൻ സാധിച്ചു.
അതിലൊരു കഞ്ചാവ് പിടിക്കുന്ന സീൻ ഉണ്ടല്ലോ?
അതും അന്നേരം തോന്നി ചെയ്തതാണ്. സുരാജേട്ടനാണ് നമുക്കത് മറ്റൊരു രീതിയിൽ കൂടി നോക്കാം എന്നു പറഞ്ഞത്. അതൊക്കെ ഒരുപാട് ഹെൽപ്പ് ചെയ്തു. അതുകൊണ്ടാണ് നന്നായി ചെയ്യാൻ കഴിഞ്ഞതും. ഹെവൻ പോലെ ഒരു വലിയ സിനിമയുടെ ഭാഗമായതിൽ ഒരുപാട് സന്തോഷമുണ്ട്. ഞാൻ ഒരുപാട് ആരാധിക്കുന്ന സുരാജ് ഏട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമാണ്.
ഹെവൻ പ്രേക്ഷകർ ഏറ്റെടുത്തു. ഇപ്പോൾ എന്തു തോന്നുന്നു?
വളരെയധികം സന്തോഷം. സിനിമ ഞാനും രണ്ടു മൂന്നു തവണ കണ്ടു. തിയറ്റർ റെസ്പോൺസ് അറിയാനാണ് പോയത്. അപ്പോഴൊക്കെ എന്നെയും ആളുകൾ തിരിച്ചറിയുന്നുണ്ടെന്നത് മനസ്സിലാക്കി. കുറച്ചു പേർ അടുത്ത് വന്നു നന്നായിരുന്നു എന്നൊക്കെ പറഞ്ഞു. തുടക്കത്തിൽത്തന്നെ ഇത്രയും വലിയ ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിലും അതിലൂടെ ആളുകൾ തിരിച്ചറിയുന്നതിലും ഒരുപാട് സന്തോഷം.
സോഷ്യൽ മീഡിയയിൽ സജീവമാണല്ലോ?
സ്‌മ്യൂളിൽ പാടുന്നുണ്ടായിരുന്നു. ഷോർട്ട് കോമഡി വിഡിയോസും ചെയ്തു. അങ്ങനെ കുറച്ച് ഫോളോവേഴ്‌സ് ഉണ്ടായി. കരിക്ക് ടീമിന്റെ 'ബെറ്റർ ഹാഫ്' സീരീസിൽ സ്ക്രിപ്റ്റ് എഴുതുകയും അഭിനയിക്കുകയും ചെയ്തതിലൂടെ അത് കൂടി. ഒപ്പം മ്യൂസിക് വിഡിയോകളും ആളുകളിലേക്ക് എത്തി. പിന്നീട് അതിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് സോഷ്യൽ മീഡിയയിൽ അൽപം കൂടി സജീവമായത്. അതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ട പലരെയും പരിചയപ്പെടാനും കഴിഞ്ഞു.
ബാങ്കിങ് മേഖല ഉപേക്ഷിച്ചു സിനിമയിൽ?
എഴുതാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പിന്നെ സിനിമ ഒരാഗ്രഹമാണ്. അതിലേക്ക് എത്തിപ്പെടാനാണ് ജോലി ഉപേക്ഷിച്ചത്. അതുകൊണ്ട് ഇപ്പോൾ എഴുത്തുകൾ സീരിയസായി നടക്കുന്നുണ്ട്. പിന്നെ അഭിനയത്തിലും കോൺസൻട്രേറ്റ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.
ഗായകൻ ജി. വേണുഗോപാൽ ശ്യാമിന്റെ വിഡിയോകൾ ഷെയർ ചെയ്യാറുണ്ടല്ലോ?
വലിയൊരു എക്സ്പീരിയൻസായിരുന്നു അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞത്. 'ചവർസോങ്' എന്നൊരു വിഡിയോ ഞാൻ ചെയ്തിരുന്നു. ജാക്ക് ആൻഡ് ജില്ലിന്റെ ഡയലോഗ് എഴുതിയ സുരേഷേട്ടനാണ് വേണുഗോപാൽ സാറിന് അത് അയച്ചുകൊടുത്തത്. അദ്ദേഹമെനിക്ക് വേണു സാറിന്റെ നമ്പർ തന്നു. അങ്ങനെ മെസേജുകൾ അയച്ചു സാറിനെ പരിചയപ്പെട്ടു. അങ്ങനെ ഒരിക്കൽ ഒരു വിഡിയോ ചെയ്യാൻ അദ്ദേഹമെന്നെ വിളിച്ചു. കവടിയാറിൽ സ്റ്റുഡിയോയിൽ പോയിട്ടാണ് ഞങ്ങളത് ഷൂട്ടു ചെയ്തത്. അദ്ദേഹത്തിന്റെ പാട്ടുകൾ ഒരുപാട് പാടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി. വളരെ ഭാഗ്യമാണത്. സോഷ്യൽ മീഡിയയുടെ ശക്തിയാണതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
പുതിയ സിനിമകൾ?
‘വികാരം’ എന്നൊരു പുതിയ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാകുന്നു. ശ്രീനാഥ് ഭാസി, അനു മോഹൻ ഒക്കെ ഉള്ള സിനിമയാണത്. ‘ചാൻസ്’ എന്ന പേരിൽ മറ്റൊന്നു കൂടിയുണ്ട്. അതിൽ മുഴുനീള കഥാപാത്രമാണ്.