പാലേരി മാണിക്യത്തിലെ മാണിക്യം, സോൾട്ട് ആൻഡ് പെപ്പറിലെ മീനാക്ഷി. ഈ രണ്ട് കഥാപാത്രങ്ങളായിരിക്കും മൈഥിലി എന്ന നടിയെക്കുറിച്ചോർക്കുമ്പോൾ പ്രേക്ഷകഹൃദയങ്ങളിൽ ആദ്യം തെളിയുന്നത്. ആദ്യ ചിത്രത്തിൽത്തന്നെ സ്വാഭാവികമായ അഭിനയം കാഴ്ചവച്ച് സിനിമാപ്രേമികളുടെ മനസ്സിൽ കടന്നുകൂടിയ മൈഥിലി പക്ഷേ പിന്നീടുള്ള പല

പാലേരി മാണിക്യത്തിലെ മാണിക്യം, സോൾട്ട് ആൻഡ് പെപ്പറിലെ മീനാക്ഷി. ഈ രണ്ട് കഥാപാത്രങ്ങളായിരിക്കും മൈഥിലി എന്ന നടിയെക്കുറിച്ചോർക്കുമ്പോൾ പ്രേക്ഷകഹൃദയങ്ങളിൽ ആദ്യം തെളിയുന്നത്. ആദ്യ ചിത്രത്തിൽത്തന്നെ സ്വാഭാവികമായ അഭിനയം കാഴ്ചവച്ച് സിനിമാപ്രേമികളുടെ മനസ്സിൽ കടന്നുകൂടിയ മൈഥിലി പക്ഷേ പിന്നീടുള്ള പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലേരി മാണിക്യത്തിലെ മാണിക്യം, സോൾട്ട് ആൻഡ് പെപ്പറിലെ മീനാക്ഷി. ഈ രണ്ട് കഥാപാത്രങ്ങളായിരിക്കും മൈഥിലി എന്ന നടിയെക്കുറിച്ചോർക്കുമ്പോൾ പ്രേക്ഷകഹൃദയങ്ങളിൽ ആദ്യം തെളിയുന്നത്. ആദ്യ ചിത്രത്തിൽത്തന്നെ സ്വാഭാവികമായ അഭിനയം കാഴ്ചവച്ച് സിനിമാപ്രേമികളുടെ മനസ്സിൽ കടന്നുകൂടിയ മൈഥിലി പക്ഷേ പിന്നീടുള്ള പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലേരി മാണിക്യത്തിലെ മാണിക്യം, സോൾട്ട് ആൻഡ് പെപ്പറിലെ മീനാക്ഷി. ഈ രണ്ട് കഥാപാത്രങ്ങളായിരിക്കും മൈഥിലി എന്ന നടിയെക്കുറിച്ചോർക്കുമ്പോൾ പ്രേക്ഷകഹൃദയങ്ങളിൽ ആദ്യം തെളിയുന്നത്. ആദ്യ ചിത്രത്തിൽത്തന്നെ സ്വാഭാവികമായ അഭിനയം കാഴ്ചവച്ച് സിനിമാപ്രേമികളുടെ മനസ്സിൽ കടന്നുകൂടിയ മൈഥിലി പക്ഷേ പിന്നീടുള്ള പല സിനിമകളിലും പ്രേക്ഷകർ പ്രതീക്ഷിച്ച നിലയിലേക്ക് ഉയർന്നില്ല. സിനിമകളുടെ പരാജയവും തിരഞ്ഞെടുത്ത കഥാപാത്രങ്ങളുടെ പോരായ്മയും അതിൽ മുഖ്യ ഘടകമായി. സിനിമയെ പാഷനായി കാണുന്ന മൈഥിലി സിനിമയില്‍നിന്നു മനഃപൂർവം മാറി നിന്നില്ല. എന്നിട്ടും, ഇടവേളയ്ക്കു ശേഷം നടി തിരിച്ചെത്തുന്നുവെന്ന പ്രചാരണങ്ങളാണ് ഇപ്പോൾ ‘ചട്ടമ്പി’ എന്ന ചിത്രത്തിനൊപ്പം സജീവമാകുന്നത്. പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നതിലും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും എവിടെയാണ് മൈഥിലിക്കു പിഴവ് പറ്റിയത്? തീരുമാനങ്ങൾ എവിടെയാണ് തെറ്റിയത്? മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ മൈഥിലി മനസ്സു തുറക്കുന്നു: 

 

ADVERTISEMENT

ചട്ടമ്പിയിലെ മൈഥിലിയുടെ കഥാപാത്രത്തെക്കുറിച്ച്? 

 

ചട്ടമ്പി യഥാർഥത്തിൽ ചട്ടമ്പികളുടെ ചിത്രമാണ്. അഭിലാഷേട്ടനാണ് (അഭിലാഷ് എസ്.കുമാർ) സംവിധാനം. എല്ലാവരും ചേർന്നുള്ള ഒരു കൂട്ടായ്മ ഈ ചിത്രത്തിലുണ്ട്. എന്റേത് വളരെ ചെറിയൊരു കഥാപാത്രമാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സ്വഭാവമല്ല എന്റെ കഥാപാത്രത്തിന്റേത്. ഒരു നെഗറ്റീവ് റോൾ ആണ്. അങ്ങനെയുമുണ്ടല്ലോ കഥാപാത്രങ്ങൾ. കൂടെ അഭിനയിച്ച ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ചെമ്പൻ വിനോദ് തുടങ്ങി എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അഭിലാഷേട്ടനുമായി പത്ത് വർഷത്തിലേറെയായുള്ള പരിചയമുണ്ട്. അങ്ങനെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിക്കാൻ എന്നെ ക്ഷണിക്കുന്നത്. 

 

ADVERTISEMENT

രണ്ടാം വരവെന്നു പറയാനാകുമോ?

 

ശരിക്കും ഞാൻ ഇടവേളയെടുത്തിട്ടില്ല. സിഞ്ചാർ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. അതിനുശേഷം നല്ല കഥാപാത്രങ്ങൾ വരട്ടെയെന്നു കരുതി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിൽ കുറച്ചുകാലം അമേരിക്കയിൽ എന്റെ സഹോദരന്റെയടുത്തായിരുന്നു താമസം. 2020 ൽ തിരികെയെത്തിയപ്പോൾ കോവി‍ഡ് ആയി. പിന്നെ 2021 ൽ ‘ചട്ടമ്പി’യിൽ അഭിനയിക്കുകയും ചെയ്തു. കിട്ടിയ പല അവസരങ്ങളും വേണ്ടെന്നു വച്ചിട്ടുണ്ട്. എന്നെക്കാൾ മികച്ച രീതിയിൽ അതു മറ്റൊരാൾക്കു ചെയ്യാൻ സാധിക്കുമെന്ന തോന്നലിൽ നിന്നാണ് അത്തരം തീരുമാനങ്ങളൊക്കെ ഉണ്ടായത്. 

 

ADVERTISEMENT

സോള്‍ട്ട് ആൻഡ് പെപ്പർ, പാലേരി മാണിക്യം എന്നീ ചിത്രങ്ങളില്‍ കാഴ്ചവച്ച അഭിനയ മികവ് പിന്നീടുള്ള ചിത്രങ്ങളിലും തുടരാനായി എന്നി തോന്നുന്നുണ്ടോ?

 

എനിക്ക് അങ്ങനെ സാധിച്ചിട്ടില്ല എന്നത് പല മാധ്യമങ്ങളും എഴുതിപ്പിടിപ്പിച്ച കാര്യമായാണ് തോന്നിയിട്ടുള്ളത്. സിനിമയിൽ വിജയ പരാജയങ്ങൾ സർവസാധാരണമാണ്. സാമ്പത്തികമായി മെച്ചമുണ്ടാകുന്ന ചിത്രങ്ങള്‍ നല്ലതാകണമെന്നോ സാമ്പത്തികമായി പരാജയപ്പെടുന്ന ചിത്രങ്ങൾ മോശമാകണമെന്നോ ഇല്ല. കഥ പറയുമ്പോൾ നല്ല ചിത്രങ്ങളായി തോന്നുന്ന പലതും പക്ഷേ അങ്ങനെയായിരിക്കണമെന്നില്ല. പാലേരി മാണിക്യം എന്ന എന്റെ ആദ്യ ചിത്രം മുതൽ ഇതുവരെയുള്ള എല്ലാം എടുത്തു നോക്കുമ്പോൾ എന്റെ പ്രൊഫൈൽ ഉയർന്ന നിലയിൽ തന്നെയാണ് നിൽക്കുന്നത്. 

 

രഞ്ജിത്തിന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട് അദ്ദേഹത്തിനൊപ്പം സഹസംവിധായികയുമായി. രണ്ടും വ്യത്യസ്ത അനുഭവം അല്ലേ?

 

അഭിനയം ക്യാമറയ്ക്കു മുന്നിലാണ്, സംവിധാനം പിന്നിലും. സിനിമയിലെ എല്ലാ മേഖലയെക്കുറിച്ചും മനസ്സിലാക്കാനുള്ള താൽപര്യം കൊണ്ടാണ് സംവിധാനത്തിലും പങ്കാളിയായത്. സഹസംവിധായികയായി പ്രവർത്തിച്ചപ്പോഴാണ് സംവിധാനം എത്രത്തോളം പ്രയാസമേറിയതാണെന്നു ബോധ്യമായത്. ക്യാമറയ്ക്കു മുന്നില്‍ നിൽക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. 

 

സിനിമയിൽ സ്ത്രീ–പുരുഷ സമത്വം ഉള്ളതായി തോന്നിയിട്ടുണ്ടോ? 

 

സമത്വം ഉള്ളതായി വിശ്വസിക്കുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ നടന്മാരുടെയും നടിമാരുടെയും പ്രതിഫലത്തിന്റെ കാര്യത്തിൽ ഇത്രയേറെ വ്യത്യാസം ഉണ്ടാകില്ലല്ലോ. ഒരു നടൻ വാങ്ങുന്ന പ്രതിഫലം ഇവിടെ നടിക്ക് കിട്ടാറില്ല. പ്രതിഫലത്തിന്റെ കാര്യത്തിൽ തുല്യത വേണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നതാണ്. കാരണം, മറ്റു ഭാഷാ ചിത്രങ്ങളിൽ നടിമാർക്ക് വലിയ മൂല്യം കൽപിക്കപ്പെടുന്നുണ്ട്. പക്ഷേ ഇവിടെ വനിതാ താരങ്ങൾക്ക് അത്തരമൊരു വിലയോ പരിഗണനയോ കിട്ടാറില്ല. 

 

താരസംഘടനകളിൽ അമ്മയിൽ മാത്രമേ വിശ്വസിക്കുന്നുള്ളുവെന്ന് പറഞ്ഞിട്ടുണ്ട്. നിലവിലുള്ള സ്ത്രീ സംഘടനകൾ അത്യാവശ്യമല്ലെന്നാണോ കരുതുന്നത്? 

 

അത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഞാൻ ഒരു സംഘടനയ്ക്കുമെതിരെയല്ല സംസാരിച്ചത്. സ്ത്രീസംഘടനകളെയൊന്നും ഞാൻ എതിർക്കാറില്ല. അത് അവരുടെ കൂട്ടായ്മയാണ്. അതിന്റെ ഭാഗമായി ആരും എന്നെ സമീപിച്ചിട്ടില്ല. സംഘടനയെക്കുറിച്ചു സംസാരിച്ചത് എന്റെ അഭിപ്രായം മാത്രമാണ്. എന്തെങ്കിലുമൊരു പ്രശ്നമുണ്ടായാൽ ഓരോരുത്തരും അത് നേരിടുക തന്നെ വേണം. അതു മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു. 

 

പൊതുവിഷയങ്ങളിൽ മൗനം പാലിക്കുന്നുവല്ലോ. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രതികരണത്തിനു താൽപര്യമില്ലേ?

 

ഞാൻ എപ്പോഴും സൈലന്റ് ആണ്. എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ പറയും. പക്ഷേ അതിനുള്ള ഒരു പ്ലാറ്റ്ഫോം കിട്ടിയെങ്കിൽ മാത്രമേ ഞാനത് പറയൂ. അല്ലാതെ വെറുതെ ബഹളം വയ്ക്കില്ല. 

 

സിനിമയിൽ ഒരുപാട് സുഹൃത്തുക്കളുണ്ടാകുമല്ലോ. ആ സൗഹൃദങ്ങളെ അവസരങ്ങൾക്കു വേണ്ടി ഉപയോഗിച്ചിട്ടുണ്ടോ?

 

എനിക്ക് ആരെയും അങ്ങനെ ഉപയോഗിക്കാൻ അറിയില്ല. ആരിൽനിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല ഞാൻ എന്റെ ബന്ധങ്ങളെ സംരക്ഷിക്കുന്നത്. സൗഹൃദങ്ങൾ സംരക്ഷിക്കുകയെന്നതാണ് വലിയ കാര്യം. എല്ലാവർക്കും സൗഹൃദങ്ങൾ ഉണ്ടാകും. പക്ഷേ അത് നിലനിർത്താന്‍ എല്ലാവർക്കും സാധിക്കണമെന്നില്ല. സൗഹൃദങ്ങളെ ജീവിതകാലം മുഴുവൻ നിലനിർത്തണമെന്നാണ് ‍ഞാൻ ആഗ്രഹിക്കുന്നത്. എന്റെ എല്ലാ സുഹൃത്തുക്കളോടും എനിക്കെന്നും സ്നേഹവും ബഹുമാനവും മാത്രമാണ്. അവർ എപ്പോഴും എന്റെ കൂടെ നിൽക്കുന്നവരാണ്. 

 

ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ തെറ്റിപ്പോയെന്നു തോന്നിയിട്ടുണ്ടോ? എവിടെയാണ് മൈഥിലിക്കു വീഴ്ച പറ്റിയത്?

 

തീർച്ചയായും. ഞാൻ ചെയ്ത പല വേഷങ്ങളും വേണ്ടിയിരുന്നില്ല എന്ന് എനിക്കു പിന്നീട് തോന്നിയിട്ടുണ്ട്. കഠിനാധ്വാനം ചെയ്തെങ്കിലും പ്രതീക്ഷിക്കുന്ന ഫലം കിട്ടാതെ വരുമ്പോൾ സങ്കടം തോന്നുമല്ലോ. അപ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട്, ഇതൊക്കെ എന്തിനാണ് ചെയ്തതെന്ന്. അതൊക്കെ വീഴ്ചകളാണെങ്കിലും ഞാൻ അതേക്കുറിച്ചോർക്കാറില്ല. വീഴ്ചകളേക്കാൾ മുന്നോട്ടുള്ള ജീവിതത്തെയും അതിലെ ഉയർച്ചകളെയും കുറിച്ചു മാത്രമാണ് ഞാൻ ആലോചിക്കുന്നത്. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചോർത്തു തല പുകയ്ക്കാറില്ല. ചിന്ത എപ്പോഴും ഭാവിയെക്കുറിച്ചു മാത്രം. അതാണ് നല്ലത്. 

 

സമ്പത്തുമായുള്ള പരിചയം, അടുപ്പം, പ്രണയം, വിവാഹം?

 

കോവിഡ് കാലത്തെ വിരസതയകറ്റാന്‍ ഞാനും കുടുംബവും ഒരു ദിവസം കൊടൈക്കനാലിലേക്കു യാത്ര പോയി. അവിടെ താമസിച്ച ദിവസങ്ങളിൽ അവിടുത്തെ സ്ഥലവും ഭൂപ്രകൃതിയും ഒരുപാട് ഇഷ്ടമായി. അങ്ങനെ കൊടൈക്കനാലിൽ കുറച്ചു സ്ഥലം വാങ്ങാൻ ഞാനും കുടുംബവും തീരുമാനിച്ചു. തിരികെ വീട്ടിലെത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ഞാൻ കൊടൈക്കനാലിലേക്കു പോയി. സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങളെല്ലാം ചെയ്യുന്നതിനു വേണ്ടിയായിരുന്നു ആ യാത്ര. അന്ന് പോയ ഞാൻ 4 മാസങ്ങൾക്കു ശേഷമാണ് തിരികെ വീട്ടിലെത്തുന്നത്. ആ കാലയളവിൽ കൊടൈക്കനാലിലെ ഒരു സ്ഥലത്ത് ട്രീ ഹൗസ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു സമ്പത്ത്. ഞാൻ ആ സമയത്ത് അവിടെയെത്തുകയും മരത്തിനു മുകളിൽ നിൽക്കുന്ന സമ്പത്തിനെ അവിചാരിതമായി കാണുകയുമായിരുന്നു. അതാണ് ഞങ്ങളുടെ ആദ്യ കാഴ്ച. അപ്പോൾ പക്ഷേ മനസ്സിലൊന്നും തോന്നിയില്ല. പിന്നീട് പരിചയപ്പെട്ടു, സുഹൃത്തുക്കളായി, പിന്നീട് പ്രണയം തോന്നിത്തുടങ്ങിയപ്പോൾ വീട്ടിൽ പറഞ്ഞു. അങ്ങനെ വൈകാതെ വിവാഹിതരാവുകയായിരുന്നു.

 

അഭിനയജീവിതത്തിൽ കുടുംബത്തിന്റെ പിന്തുണ? 

 

എന്റെ ഭർത്താവും കുടുംബാഗങ്ങളും വളരെ വലിയ പിന്തുണയാണ് നൽകുന്നത്. പരസ്പര ബഹുമാനമാണ് കുടുംബജീവിതത്തിന്റെ അടിസ്ഥാനമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനും ഭർത്താവും തമ്മിൽ ആ ബഹുമാനം നിലനിൽക്കുന്നു. അതിലൂടെയാണ് മുന്നോട്ട് നീങ്ങുന്നത്. ഇപ്പോഴത്തെ പരസ്പര ബഹുമാനം എപ്പോഴുമുണ്ടാകും. 

 

വിവാഹശേഷം അഭിനയം നിർത്തുമെന്നു തീരുമാനിച്ചിരുന്നോ?

 

ഒരിക്കലുമില്ല. അഭിനയം എപ്പോഴും ഞാൻ തുടരും. സിനിമ എന്റെ പാഷനാണ്. അതിനെ കൊല്ലാൻ ആരെയും ഞാൻ അനുവദിക്കില്ല. എന്റെ കുടുംബാംഗങ്ങൾ എല്ലാ പിന്തുണയും നൽകുന്നതുകൊണ്ട് മാറി ചിന്തിക്കേണ്ട ആവശ്യമില്ല. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ചാൽ തീർച്ചയായും ഞാൻ ചെയ്യും. കലയെ ഒരിക്കലും കൊന്നുകളയരുത്. അക്കാര്യം എന്റെ ഭർത്താവും കുടുംബാംഗങ്ങളുമെല്ലാം തിരിച്ചറിയുന്നുവെന്നതു തന്നെയാണ് ഏറ്റവും പ്രധാന ഘടകം. 

 

കൺമണിയെ കാത്ത്

 

വീട്ടിൽ എല്ലാവരും വളരെ സന്തോഷത്തോടെ കുഞ്ഞിനെ കാത്തിരിക്കുകയാണ് ഇപ്പോൾ. അമ്മയാകാനുള്ള തയാറെടുപ്പുകളൊക്കെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. ചെറിയ ചലനങ്ങളൊക്കെ അറിഞ്ഞു തുടങ്ങി. ഞാൻ ഇടയ്ക്കു സംസാരിക്കുകയും പാട്ടു പാടി കൊടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. ആദ്യകൺമണിക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു.