ലൂക്ക് വെറുതെ വിട്ടതോ അതോ പറഞ്ഞയച്ചതോ?; റോഷാക്കിലെ അമ്മു പറയുന്നു
റോഷാക്ക് എന്ന മമ്മൂട്ടി ചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുമ്പോൾ ചിത്രത്തിൽ അഭിനയിച്ച ഓരോരുത്തരും കയ്യടി നേടുകയാണ്. അതിലൊന്നാണ് ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് ശരീരം വിൽക്കേണ്ടി വന്ന അമ്മു എന്ന കഥാപാത്രം. കഷ്ടപ്പാടിനിടയിലും ആത്മധൈര്യത്തോടെ ജീവിതത്തെ നേരിടുന്ന അമ്മു പ്രേക്ഷകർക്ക് പുതിയൊരു
റോഷാക്ക് എന്ന മമ്മൂട്ടി ചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുമ്പോൾ ചിത്രത്തിൽ അഭിനയിച്ച ഓരോരുത്തരും കയ്യടി നേടുകയാണ്. അതിലൊന്നാണ് ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് ശരീരം വിൽക്കേണ്ടി വന്ന അമ്മു എന്ന കഥാപാത്രം. കഷ്ടപ്പാടിനിടയിലും ആത്മധൈര്യത്തോടെ ജീവിതത്തെ നേരിടുന്ന അമ്മു പ്രേക്ഷകർക്ക് പുതിയൊരു
റോഷാക്ക് എന്ന മമ്മൂട്ടി ചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുമ്പോൾ ചിത്രത്തിൽ അഭിനയിച്ച ഓരോരുത്തരും കയ്യടി നേടുകയാണ്. അതിലൊന്നാണ് ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് ശരീരം വിൽക്കേണ്ടി വന്ന അമ്മു എന്ന കഥാപാത്രം. കഷ്ടപ്പാടിനിടയിലും ആത്മധൈര്യത്തോടെ ജീവിതത്തെ നേരിടുന്ന അമ്മു പ്രേക്ഷകർക്ക് പുതിയൊരു
റോഷാക്ക് എന്ന മമ്മൂട്ടി ചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുമ്പോൾ ചിത്രത്തിൽ അഭിനയിച്ച ഓരോരുത്തരും കയ്യടി നേടുകയാണ്. അതിലൊന്നാണ് ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് ശരീരം വിൽക്കേണ്ടി വന്ന അമ്മു എന്ന കഥാപാത്രം. കഷ്ടപ്പാടിനിടയിലും ആത്മധൈര്യത്തോടെ ജീവിതത്തെ നേരിടുന്ന അമ്മു പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരുന്നു. തൊട്ടപ്പനിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ സ്പെഷൽ ജൂറി പുരസ്‌കാരം നേടിയ പ്രിയംവദ കൃഷ്ണനാണ് അമ്മു എന്ന കഥാപാത്രമായെത്തിയത്. തൊട്ടപ്പൻ കഴിഞ്ഞു നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പ്രിയംവദ, പൃഥ്വിരാജ് നായകനാകുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയിലെ നായിക കൂടിയാണ്. ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റിയിൽനിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയ പ്രിയംവദയുടെ അമ്മ മോഹിനിയാട്ടം എന്ന കലയെ പ്രണയിച്ച് ബംഗാളിൽനിന്നു കേരളത്തിലെത്തിയ കലാകാരിയാണ്. മലയാള സിനിമയിൽ കാമ്പുള്ള കഥാപാത്രങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തയാണു താനെന്ന് ഇതിനോടകം തെളിയിച്ച പ്രിയംവദ റോഷാക്കിന്റെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.
തൊട്ടപ്പൻ തൊട്ട് റോഷാക്ക് വരെ
ഞാൻ പഠിച്ചതും വളർന്നതും തൃശൂരാണ്. തൊട്ടപ്പനാണ് ഞാൻ ആദ്യമായി അഭിനയിച്ച ചിത്രം. ആ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ സ്പെഷൽ ജൂറി അവാർഡ് കിട്ടിയിട്ടുണ്ടായിരുന്നു. അതിനു ശേഷം കുറച്ചു ചിത്രങ്ങൾ ചെയ്തു. കോവിഡ് കാരണം അതൊന്നും റിലീസ് ആയിട്ടില്ല. അതിനൊക്കെ ശേഷമാണു റോഷാക്കിൽ അഭിനയിക്കുന്നത്. തൊട്ടപ്പനിലെ അഭിനയം കണ്ടിട്ടാണ് ഈ സിനിമയിലേക്ക് വിളിച്ചത്. കഥ കേട്ടപ്പോൾ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണെന്ന് തോന്നി. മമ്മൂക്കയോടൊപ്പം അഭിനയിക്കുക എന്നത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. റോഷാക്കിലെ അമ്മു എന്ന കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടു ചെയ്തതാണ്. ഒരു തുടക്കക്കാരിയായ എനിക്ക് റോഷാക്കിന്റെ സെറ്റിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. എല്ലാം കൊണ്ടും വളരെ നല്ലൊരു അവസരമാണ് റോഷാക്കിൽ ലഭിച്ചത്.
മമ്മൂക്ക എന്ന യൂണിവേഴ്സിറ്റി
ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവമാണ് മമ്മൂക്കയോടൊപ്പമുള്ള അഭിനയം. നമ്മൾ സിനിമ കണ്ടു തുടങ്ങുന്ന കാലം മുതൽ കാണുന്ന താരങ്ങളാണ് മമ്മൂക്കയും ലാലേട്ടനുമൊക്കെ. അഭിനയമോഹം ഉള്ളവരെല്ലാം മോഡൽ ആയി കാണുന്ന താരങ്ങൾ. മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ അമ്പരപ്പായിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ ഞാൻ ഒരുപാട് നെർവസ് ആയിരുന്നു. എനിക്ക് വളരെ കുറച്ചു ദിവസമേ വർക്ക് ഉണ്ടായിരുന്നുള്ളു. കൂടെ അഭിനയിക്കുമ്പോൾ മമ്മൂക്ക വളരെ ക്ഷമാപൂർവം ചില കാര്യങ്ങൾ പറഞ്ഞു തരും. ചില വാക്കുകൾ സ്ട്രെസ് ചെയ്യണം, ഡയലോഗ് ഇങ്ങനെ പറയണം, ഇങ്ങനെ നിൽക്കണം, എന്നൊക്കെ പറഞ്ഞു തരുമായിരുന്നു. അതൊക്കെ വലിയ പാഠങ്ങളാണ്. ഓരോ പുതിയ സിനിമ ചെയ്യുമ്പോഴും ഞാൻ ഓരോ പുതിയ കാര്യം പഠിക്കുകയാണ്. റോഷാക്കിൽ അഭിനയിക്കുമ്പോഴും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി.
നർത്തകിയായ അമ്മയിൽനിന്ന് കിട്ടിയ കല
വളരെ കുഞ്ഞായിരിക്കുമ്പോൾ ഒന്നുരണ്ടു നാടകങ്ങൾ ചെയ്തതൊഴിച്ചാൽ എനിക്ക് വലിയ അഭിനയ പരിചയം ഇല്ല. എട്ടാം ക്ലാസ് മുതൽ ഞാൻ ജീവിതത്തിൽ എന്താകണം എന്ന് ആലോചിക്കുമായിരുന്നു. ഓരോ ദിവസം ഓരോ ആഗ്രഹമാണ്. ഇന്ന് എൻജിനീയർ ആകണം എന്ന് ആഗ്രഹിച്ചാൽ അടുത്ത ദിവസം വക്കീൽ ആകണം എന്നായിരിക്കും ആഗ്രഹം. ഒരു ജീവിതത്തിൽ ഇതെല്ലാം ആകണമെങ്കിൽ അതിനു പറ്റിയ ആകെ ഒരു പ്രഫഷൻ അഭിനയമാണ്. ആ ചിന്തയാണ് എന്നെ അഭിനയത്തിലേക്ക് ആകർഷിച്ചത്. എന്റെ അമ്മ മോഹിനിയാട്ടം നർത്തകിയാണ്. അമ്മ മലയാളിയല്ല. ബംഗാൾ ആണ് ജന്മസ്ഥലം. കലയ്ക്കു വേണ്ടിയാണ് അമ്മ കേരളത്തിൽ വന്നത്. അച്ഛൻ കെ.കെ. ഗോപാലകൃഷ്ണൻ ഒരു എഴുത്തുകാരനാണ്. അങ്ങനെ ചെറുപ്പം മുതൽ എനിക്കു കലയുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഒരു കലാകാരിയാകണം എന്ന ആഗ്രഹം മനസ്സിൽ വളർന്നു.
ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റിയിൽ വിഷ്വൽ കമ്യൂണിക്കേഷനാണ് പഠിച്ചത്. അപ്പോഴേക്കും ഒരു കലാകാരി ആകണമെന്ന് തീർച്ചപ്പെടുത്തിയിരുന്നു. സെമസ്റ്റർ ബ്രേക്കിന് വീട്ടിൽ നിന്നപ്പോൾ പത്രത്തിൽ അച്ഛൻ ഒരു കാസ്റ്റിങ് കോൾ കണ്ടു ഫോട്ടോ അയച്ചുകൊടുത്തു. ഞാനും അച്ഛനും അമ്മയും കൂടി ഓഡിഷന് കൊച്ചിയിൽ പോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ, എന്നെ തിരഞ്ഞെടുത്തു എന്നു പറഞ്ഞു വിളി വന്നു. അങ്ങനെയാണ് തൊട്ടപ്പനിലേക്ക് എത്തിയത്. അതിനു ശേഷം സിനിമയിൽത്തന്നെ ആയിരുന്നു. ഇതിനിടയിൽ മറ്റു ജോലികൾ കണ്ടെത്താൻ സമയമുണ്ടായില്ല.
റോഷാക്കിന് കിട്ടുന്ന പ്രതികരണം
റോഷാക്ക് കണ്ടിട്ട് ഒരുപാടുപേർ വിളിക്കുന്നുണ്ട്. എല്ലാ തിയറ്ററിലും ഹൗസ് ഫുൾ ആണ്. എല്ലാവർക്കും നല്ല അഭിപ്രായമാണ്. മലയാളത്തിൽ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു സൈക്കോ ത്രില്ലർ ആണ് റോഷാക്ക്. അമ്മു എന്ന എന്റെ കഥാപാത്രത്തിനും നല്ല പ്രതികരണമാണ് കിട്ടുന്നത്. അമ്മുവിനെ ലൂക്ക് ആന്റണി പറഞ്ഞയച്ചതാണോ, അമ്മുവിന് പിന്നീട് എന്തുപറ്റിയെന്നൊക്കെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ചെറിയ വേഷമായിരുന്നിട്ടു കൂടി ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷം. മാത്രമല്ല റോഷാക്കിൽ അഭിനയിക്കാൻ കഴിഞ്ഞതിലും വളരെ സന്തോഷവും അഭിമാനവുമുണ്ട്.
വിലായത്ത് ബുദ്ധ അടുത്ത പ്രതീക്ഷ
ജി.ആർ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന പേരിൽ തന്നെയുള്ള നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ചെയ്യുന്നത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ചിത്രമാണ്. ചൈതന്യം എന്നൊരു കഥാപാത്രമാണ് എന്റെ വേഷം. തൊട്ടപ്പൻ കണ്ടിട്ടാണ് ഈ സിനിമയിലേക്കും വിളിച്ചതെന്ന് തോന്നുന്നു. റിഹേഴ്സൽ ക്യാംപ് ഒക്കെ ഉണ്ടായിരുന്നു വളരെ നല്ലൊരു പഠനക്കളരി തന്നെയായിരുന്നു അത്. ഇപ്പോൾ ഞാൻ മറയൂരിൽ ലൊക്കേഷന്റെ പരിസരത്തുള്ള ആളുകളുടെ ജീവിത രീതിയും ഭാഷാശൈലിയും മനസ്സിലാക്കികൊണ്ടിരിക്കുകയാണ്. ഷൂട്ടിങ് ഉടനെയുണ്ടാകും. സിനിമയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയുന്ന, സിനിമയിൽ ഒരുപാട് മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള പൃഥ്വിരാജ് എന്ന താരത്തിനോടൊപ്പം അഭിനയിക്കാൻ കഴിയുന്നതും ഭാഗ്യമാണ്. അദ്ദേഹത്തിൽ നിന്ന് കൂടി പല കാര്യങ്ങളും എനിക്ക് പഠിക്കാൻ കഴിയുമെന്നാണ് വിശ്വാസം.
പുതിയ ചിത്രങ്ങൾ
തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തിൽ അഭിനയിച്ചു. അർജുൻ അശോകൻ, ഗണപതി തുടങ്ങിയവരാണ് അതിൽ ഉള്ളത്. ഇടി മഴ കാറ്റ് എന്ന ചിത്രവും ചെയ്തു, അതിനു ശേഷമാണു റോഷക്ക് ചെയ്തത്. കേരളം സർക്കാരിന്റെ ഒരു പ്രോജക്ടിന് വേണ്ടി ഡിവോഴ്സ് എന്നൊരു ചിത്രം ചെയ്തു. റോഷാക്ക് ഒഴിച്ച് ബാക്കി എല്ലാ ചിത്രങ്ങളിലും ലീഡ് റോൾ ആയിരുന്നു. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൽ അഭിനയിക്കാൻ തയാറെടുക്കുകയാണ് ഇപ്പോൾ.