‘പുഷ്പാ ഡീ’...; ഷൂട്ടിനിടെ തെങ്ങിൽ കയറി കരിക്കിട്ട് കുടിച്ച രമ്യ സുരേഷ്: അഭിമുഖം
പടവെട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തെങ്ങിൽ കയറി സ്വയം കരിക്കിട്ട് കുടിച്ച ആളാണ് നടി രമ്യ സുരേഷ്. കോലോത്ത് വീട്ടിലെ രവിയുടെ ചിറ്റയായ പുഷ്പയായി രമ്യ സുരേഷ് മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചതും. കുട്ടൻ പിള്ളയുടെ ശിവരാത്രിയിലൂടെ അഭിനയരംഗത്തെത്തി ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് കഴിവ് തെളിയിച്ച താരം
പടവെട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തെങ്ങിൽ കയറി സ്വയം കരിക്കിട്ട് കുടിച്ച ആളാണ് നടി രമ്യ സുരേഷ്. കോലോത്ത് വീട്ടിലെ രവിയുടെ ചിറ്റയായ പുഷ്പയായി രമ്യ സുരേഷ് മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചതും. കുട്ടൻ പിള്ളയുടെ ശിവരാത്രിയിലൂടെ അഭിനയരംഗത്തെത്തി ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് കഴിവ് തെളിയിച്ച താരം
പടവെട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തെങ്ങിൽ കയറി സ്വയം കരിക്കിട്ട് കുടിച്ച ആളാണ് നടി രമ്യ സുരേഷ്. കോലോത്ത് വീട്ടിലെ രവിയുടെ ചിറ്റയായ പുഷ്പയായി രമ്യ സുരേഷ് മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചതും. കുട്ടൻ പിള്ളയുടെ ശിവരാത്രിയിലൂടെ അഭിനയരംഗത്തെത്തി ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് കഴിവ് തെളിയിച്ച താരം
പടവെട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തെങ്ങിൽ കയറി സ്വയം കരിക്കിട്ട് കുടിച്ച ആളാണ് നടി രമ്യ സുരേഷ്. കോലോത്ത് വീട്ടിലെ രവിയുടെ ചിറ്റയായ പുഷ്പയായി രമ്യ സുരേഷ് മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചതും. കുട്ടൻ പിള്ളയുടെ ശിവരാത്രിയിലൂടെ അഭിനയരംഗത്തെത്തി ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് കഴിവ് തെളിയിച്ച താരം അപ്രതീക്ഷിതമായാണ് വെള്ളിത്തിരയിലെത്തിയത്. ദുബായിൽ ഭർത്താവിനോടും മക്കളോടുമൊപ്പം ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങിക്കൂടിയിരുന്ന രമ്യ സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ ഒരു പാട്ട് പാടി പോസ്റ്റ് ചെയ്യുകയും അത് കൈമറിഞ്ഞു പോയി സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് ഇരയാവുകയും ചെയ്തിരുന്നു. ആ സംഭവമാണ് ഒരു സിനിമാനടിയിലേക്കുള്ള തന്റെ വഴി വെട്ടിത്തുറന്നതെന്ന് രമ്യ പറയുന്നു. തന്നെ അസഭ്യം പറഞ്ഞവരോടും വിമർശിച്ചവരോടും ഒരു മധുരപ്രതികാരം പോലെ പടവെട്ടിലെ പുഷ്പയായി പ്രേക്ഷക പ്രശംസ നേടി നിൽക്കുമ്പോൾ എല്ലാം ഒരു നല്ല നിമിത്തമായി കാണാനാണ് ആഗ്രഹമെന്ന് രമ്യ പറയുന്നു. പടവെട്ടിന്റെ വിശേഷങ്ങളുമായി രമ്യ സുരേഷ് മനോരമ ഓൺലൈനിനിൽ..
പടവെട്ടിലെ പുഷ്പയായത് ഓഡിഷൻ വഴി
ഓഡിഷൻ വഴിയാണ് എന്നെ പടവെട്ടിലേക്ക് തെരഞ്ഞെടുത്തത്. പടവെട്ടിലെ കഥാപാത്രത്തിന് വേണ്ടിയുള്ള ഓഡിഷൻ കണ്ടപ്പോൾ ഒരു വിഡിയോ അയച്ചുകൊടുത്തു. ഓഡിഷന് ഒരുപാടു പേരുണ്ടായിരുന്നു. സിനിമയിലെ തന്നെ ഒരു സീൻ ആണ് ചെയ്തു കാണിക്കാൻ പറഞ്ഞത്. ഓഡിഷൻ കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്നെ തിരഞ്ഞെടുത്തു എന്ന് വിളിച്ചു പറയുകയായിരുന്നു. സംവിധായകൻ ലിജു കൃഷ്ണ അടിപൊളി മനുഷ്യനാണ്. ഒരു ആർടിസ്റ്റിൽ നിന്ന് വേണ്ടതെല്ലാം പിഴിഞ്ഞെടുക്കാൻ ലിജുവിന് അറിയാം. ഇനി മുന്നോട്ടുള്ള അഭിനയ ജീവിതത്തിൽ എനിക്ക് ഈ സിനിമയിലെ അനുഭവം ഒരു മുതൽക്കൂട്ടായിരിക്കും. ഇതുവരെ അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ കൂടുതൽ സ്ക്രീൻ സ്‌പേസ് ഉള്ളതും അഭിനയ സാധ്യതയുള്ളതും ഈ ചിത്രത്തിൽ ആയിരുന്നു.
"വെട്ടിക്കൊടുക്കെടാ പുഷ്പ ഇട്ട കരിക്ക്"
പടവെട്ടിലെ പുഷ്പ എന്ന കഥാപാത്രം തനി നാട്ടിൻപുറത്തുകാരിയായ തന്റേടിയായ ഒരു സ്ത്രീയാണ്. പ്രായമുണ്ടെങ്കിലും നല്ല എനർജറ്റിക്ക് ആയി ഓടി നടന്ന് വീട്ടിലെ പണിയെല്ലാം ചെയ്യുന്ന, പശുവിനെ വളർത്തി പാല് കറന്നു വിൽക്കുന്ന, തെങ്ങിൽ കയറി തേങ്ങ ഇടാൻ പോലും മടിയില്ലാത്ത ഒരു സ്ത്രീ. തെങ്ങിൽ കയറണം എന്ന് പറഞ്ഞപ്പോൾ എന്റെ കിളിപോയി. മെഷീൻ ഉപയോഗിച്ചാണ് തെങ്ങിൽ കയറേണ്ടത്. ആദ്യമായി ആ മെഷീൻ കാണുമ്പോൾ പേടി തോന്നാതിരിക്കാൻ ഞാൻ എന്റെ വീടിനടുത്തുള്ള പഞ്ചായത്തിൽ പോയി ഈ മെഷീനിൽ ഒന്ന് കേറി നോക്കി. ദിവസവും കയറി നോക്കിയാൽ ശരിയാകും എന്നെനിക്ക് തോന്നി. സെറ്റിൽ ചെന്നപ്പോൾ ഈ മെഷീൻ അവർ വാങ്ങി വച്ചിട്ടുണ്ടായിരുന്നു. ദിവസവും തെങ്ങിന്റെ പകുതി വരെ കയറി പഠിക്കാൻ പറഞ്ഞു. അങ്ങനെ തെങ്ങിന്റെ പകുതി വരെ കയറുന്നത് കുഴപ്പമില്ലാതെ ആയി.
സെറ്റിൽ ചെന്നത് മുതൽ എന്നെ എല്ലാവരും പുഷ്പ എന്നാണു വിളിക്കുന്നത്. ഷൂട്ടിന്റെ സമയത്ത് ലിജു പറഞ്ഞു, ‘‘പുഷ്പ തെങ്ങിൽ കയറിക്കോ കട്ട് പറയുമ്പോൾ തിരിച്ചിറങ്ങിയാൽ മതി’’. ആയിരത്തോളം ആൾക്കാരുണ്ട് തെങ്ങിന് ചുറ്റും. ഞാൻ ആത്മവിശ്വാസത്തോടെ കയറിത്തുടങ്ങി. തെങ്ങിന്റെ പകുതി കഴിഞ്ഞിട്ടും കട്ട് പറയുന്നില്ല, തിരിഞ്ഞു നോക്കാൻ പറ്റില്ലല്ലോ എനിക്കാകെ വിറ തുടങ്ങി. കയറി കയറി തെങ്ങിന്റെ മുകളിലെത്തി. ഞാൻ ആ സീൻ കുളമാക്കിയാൽ സിനിമയ്ക്ക് ഒരുപാട് നഷ്ടമുണ്ടാകുമെന്നു എനിക്കറിയാം അതുകൊണ്ടു പേടി ഒന്നും കാണിച്ചില്ല. മുകളിലെത്തിയപ്പോൾ ലിജു പറഞ്ഞു, ‘‘പുഷ്പേ ഒരു തേങ്ങ ഇട്ടേക്കൂ’’. എനിക്ക് തേങ്ങാ ഇടാൻ അറിയില്ല. തേങ്ങ ഇടണമെങ്കിൽ മെഷിനിൽ നിന്ന് കൈ വിടണം. താഴെ നിന്ന് അവർ വിളിച്ചു പറഞ്ഞു, രണ്ടു വിരൽ തേങ്ങയുടെ അകത്തുകൂടി ഇട്ട് ഒന്ന് വലിച്ചാൽ മതി. അങ്ങനെ ഞാൻ സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് മെഷിനിൽ നിന്ന് വലത് കൈ വിട്ട് തെങ്ങിൽ ചുറ്റിപ്പിടിച്ച് ഇടത് കൈകൊണ്ടു തേങ്ങ വലിച്ചിട്ടു.
അങ്ങനെ മൂന്നുനാലു തേങ്ങ ഇട്ടു. കൊതുമ്പിൽ നിന്നുള്ള പൊടിയടിച്ച് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. നല്ല സമയമെടുത്താണ് ഇതെല്ലാം ചെയ്തത്. വളരെ എക്സ്പീരിയൻസ് ആയ ഒരാൾ തേങ്ങ ഇടുന്നതിന്റെ പെർഫക്‌ഷൻ ഒന്നും ആ സീനിൽ ഉണ്ടാകില്ല. തിരിച്ച് താഴെ ഇറങ്ങാൻ ആണ് ഏറെ പണിപ്പെട്ടത്. തെങ്ങിന്റെ മുകളിൽ നിന്ന് താഴോട്ട് നോക്കുമ്പോൾ തല കറങ്ങും. ലിജു കട്ട് പറഞ്ഞ് ഇറങ്ങിക്കോ എന്ന് പറഞ്ഞപ്പോൾ ഞാൻ പതിയെ ഇറങ്ങിത്തുടങ്ങി. എല്ലാവരും പേടിച്ചും പ്രാർഥിച്ചും നിൽക്കുകയായിരുന്നു തെങ്ങിന്റെ പകുതി എത്തിയപ്പോൾ താഴെ നിന്ന് കയ്യടി തുടങ്ങി. ചുറ്റും നിന്ന എല്ലാവരും കയ്യടിക്കുകയായിരുന്നു. ഞാൻ താഴെ എത്തിയതും ലിജു ഓടി വന്നു കെട്ടിപ്പിടിച്ചു എന്നിട്ട് പറഞ്ഞു "വെട്ടിക്കൊടുക്കെടാ പുഷ്പ ഇട്ട കരിക്ക്". അങ്ങനെ ഞാനിട്ട കരിക്ക് വെട്ടി തന്ന് എന്നെക്കൊണ്ട് കുടിപ്പിച്ചു. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമായിരുന്നു അത്. എന്റെ കരിയറിൽ ചെയ്ത ഏറ്റവും വലിയ കഥാപാത്രമാണ് പടവെട്ടിലെ പുഷ്പ.
പ്രതികരണങ്ങളിൽ സന്തോഷം
ചിത്രത്തിന് അടിപൊളി റെസ്പോൺസ് ആണ് കിട്ടുന്നത്. ഒരുപാട് പേര് വിളിക്കുന്നുണ്ട് നല്ല അഭിപ്രായം പറയുന്നുണ്ട്. സിനിമയിൽ നിന്ന് സലിം അഹമ്മദ് സാർ, വി.സി. അഭിലാഷ്, സംഗീത്, സഞ്ജു വി സാമുവൽ തുടങ്ങി എന്റെ ഒപ്പം അഭിനയിച്ചവർ വരെ ഒരുപാടുപേർ വിളിച്ചു. തിയറ്ററിൽ നിന്ന് കിട്ടുന്ന പ്രതികരണങ്ങൾ സന്തോഷിപ്പിക്കുന്നു. സ്ക്രിപ്റ്റ് വായിക്കാൻ തന്നപ്പോൾ തന്നെ ലിജു പറഞ്ഞത് പുഷ്പക്ക് നന്നായി ചെയ്യാനുണ്ട്. എന്റെ പടം എന്തായി തീർന്നാലും പുഷ്പയ്ക്ക് ഈ ഒരു സിനിമ ഒരു വഴിത്തിരിവായിരിക്കും. അതുപോലെ തന്നെയാണ് കിട്ടുന്ന പ്രതികരണങ്ങൾ. എല്ലാവരും ഇപ്പോൾ പുഷ്പ എന്നാണു വിളിക്കുന്നത്.
നിവിൻ പോളി സിംപിളാണ്
വളരെ അനായാസമായി അഭിനയിക്കുന്ന താരമാണ് നിവിൻ പോളി. ഒരു സീനിലും കഷ്ടപ്പെട്ട് ചെയ്യുന്നതായി തോന്നാറില്ല. വളരെ സിംപിൾ ആയി പെട്ടെന്നാണ് ഓരോന്ന് ചെയ്യുന്നത്. നിവിനുമായി ഉള്ള ഓരോ ഷോട്ടും നല്ല രസമായിരുന്നു. ഞാൻ തെറിവിളിക്കുന്ന ഒരുപാട് സീനുണ്ട്. കോഴിയെ വളർത്തുന്നതിന് തെറി പറഞ്ഞിട്ട് വന്നിരുന്നു, പുഴുങ്ങിയ മുട്ടയുണ്ടോ എന്ന് ചോദിക്കുമ്പോൾ "കുറച്ചു കോഴിക്കാട്ടമുണ്ട് പുഴുങ്ങിത്തരട്ടെ" എന്ന് ചോദിക്കുന്ന സീനിൽ എനിക്ക് ശരിക്കും ചിരി വന്നു. ക്യാമറ ക്ലോസ് വച്ചിരുന്നത് നിവിനെ ആയിരുന്നു ഞാൻ പുറം തിരിഞ്ഞു നിന്ന് ചിരിക്കുകയായിരുന്നു.
തണുത്ത രാത്രിയിൽ ചെളിയിൽ കുളിച്ച അനുഭവം
ഡിസംബർ മാസത്തിൽ കണ്ണൂരിലെ ഒരു വയലിലാണ് ഉത്സവത്തിനിടെ നിവിനും കുറച്ചു പിള്ളേരുമായി അടിപിടി നടന്നത് ഷൂട്ട് ചെയ്‌തത്. അന്ന് ചെറിയ മഞ്ഞ് വീഴ്ച ഉണ്ടായിരുന്നു. നിവിൻ എന്നെ പിടിച്ചു തള്ളുന്ന ഒരു സീനുണ്ട് ഞാൻ ചെന്ന് ചെളിയിൽ വീണു. രാത്രിയിലെ തണുപ്പിൽ ചെളി കൂടി ആയപ്പോൾ തണുത്തു വിറയ്ക്കുകയായിരുന്നു. ഞാൻ ചെളിയിൽ മുഴുവൻ മുങ്ങിയില്ല, പാടത്ത് ഇരുന്നതേ ഉള്ളൂ, പക്ഷേ നിവിനും ബാക്കി ഉള്ളവരും ചെളിയിൽ പൂണ്ടു വിളയാടുകയാണ്. ആ ഷോട്ട് വെളുപ്പാൻകാലം വരെ നീണ്ടു. അത്രയും നേരം തണുത്തുവിറച്ചു നിന്ന താരങ്ങളെ സമ്മതിക്കാതെ തരമില്ല.
സോഷ്യൽ മീഡിയ ആക്രമണം എന്നെ നടിയാക്കി
അഭിനയം എന്നൊരു ചിന്ത എന്റെ മനസ്സിൽ പോലും ഉണ്ടായിരുന്നതല്ല. ഒരു നടി ആകണം എന്ന ആഗ്രഹമൊന്നും വിദൂരസ്വപ്നത്തിൽ പോലും ഇല്ലായിരുന്നു. ഒരിക്കൽ സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ആക്രമണം നേരിട്ടപ്പോൾ എന്നാൽ ഒരു നടി ആയേക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്റെ സുഹൃത്തുക്കൾ ഉള്ള വാട്സാപ്പ് ഗ്രൂപ്പിൽ ഒരിക്കൽ ഞാൻ പാട്ട് പഠിച്ചു എന്നൊക്കെ ഒരു കഥ ഇറക്കി. അവർ അത് വിശ്വസിച്ചു, അങ്ങനെയിരിക്കെ ഞാൻ ഒരു പാട്ട് പാടി വിഡിയോ പോസ്റ്റ് ചെയ്തു. ശരിക്കും ഞാൻ ബോർ ആയിട്ടാണ് പാടിയത്. ഒരു തമാശയ്ക് സുഹൃത്തുക്കൾക്ക് വേണ്ടി ഇട്ടതാണ്, അതുകണ്ട എല്ലാവരും ചിരിയായിരുന്നു. പക്ഷേ അതിൽ ആരോ ഒരാൾ മറ്റൊരാൾക്ക് അയച്ചുകൊടുത്തു, പിന്നെ അത് കൈമറിഞ്ഞുപോയി സോഷ്യൽ മീഡിയയിൽ വൈറൽ ആയി.
അത് കണ്ട എല്ലാരും തെറി വിളിക്കാൻ തുടങ്ങി. ഞാൻ ഫെയ്മസ് ആകാൻ വേണ്ടി ഒരു പാട്ട് നശിപ്പിച്ചു എന്നൊക്കെ പറഞ്ഞു. ആ സംഭവം എന്നെ വല്ലാതെ ഉലച്ചു. അന്ന് എന്റെ ഒപ്പം നിന്നത് എന്റെ ഭർത്താവാണ്. ഒരു പാട്ടല്ലേടി അതിനെന്താ സാരമില്ല എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഞാൻ ഇത് മനഃപൂർവം ചെയ്തതല്ല എന്ന് എല്ലാവരെയും അറിയിക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ഞാൻ ഒരു സിനിമാതാരം ആയാൽ എനിക്കൊരു ഇന്റർവ്യൂവിൽ ഇതിന്റെ സത്യാവസ്ഥ പറയാമല്ലോ. അങ്ങനെ ഒരു ചിന്തയാണ് എന്നെ ഒരു ഓഡിഷന് പോകുന്നതിൽ വരെ എത്തിച്ചത്. എന്റെ ഭർത്താവാണ് ഒരു കാസ്റ്റിങ് കാൾ കണ്ടു നീ അയച്ചു നോക്കാൻ പറഞ്ഞത്. "കുട്ടൻപിള്ളയുടെ ശിവരാത്രി" എന്ന ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത് അങ്ങനെയാണ്.
ആ ഒരു സിനിമ ചെയ്തു നിർത്താം എന്നാണു കരുതിയത്. പക്ഷേ അതിനു ശേഷം വിളിച്ചത് സത്യൻ അന്തിക്കാട് സാർ ആണ്. അദ്ദേഹം വിളിക്കുമ്പോൾ ഒന്ന് ശ്രമിച്ചു നോക്കുകയെങ്കിലും ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ. അങ്ങനെയാണ് "ഞാൻ പ്രകാശൻ" ചെയ്തതും ഇപ്പോൾ ഇവിടെ പുഷ്പയിൽ വരെ എത്തി നിൽക്കുന്നതും. എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ജീവിതം ആകെ മാറി മറിഞ്ഞു. ദുബായിൽ താമസമാക്കിയ ഞാൻ നാട്ടിൽ വന്നു സെറ്റിലായി. സിനിമകളിൽ അഭിനയിക്കുന്നു, പ്രേക്ഷകർ സ്നേഹത്തോടെ സമീപിക്കുന്നു, ഇതൊന്നും എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന കാര്യമാണ്.
കുടുംബം എന്റെ ശക്തി
ഭർത്താവും മക്കളുമായി ദുബായിൽ ആയിരുന്നു താമസം. അദ്ദേഹം അവിടെ ജോലി ചെയ്യുകയാണ്. മകൾ അഞ്ചിലും മകൻ എട്ടിലും ആണ് പഠിക്കുന്നത്. ഇപ്പോൾ എന്റെ ജോലിയുടെ സൗകര്യത്തിനു ഞാൻ നാട്ടിൽ വന്നു സെറ്റിലായി. ഞാൻ സിനിമയിലെത്തുന്നത് ഭർത്താവിന്റെ അച്ഛന് വലിയ താല്പര്യമില്ലായിരുന്നു. പക്ഷേ ഞാൻ അഭിനയിച്ച ചിത്രങ്ങൾക്ക് കിട്ടുന്ന പ്രതികരണം കണ്ട് അച്ഛന് സന്തോഷമായി. പടവെട്ട് ഞാൻ വളരെയധികം കഷ്ടപ്പെട്ട് ചെയ്ത സിനിമയായിരുന്നു എന്ന് അച്ഛനറിയാം ആ ചിത്രം കാണണമെന്ന് അച്ഛന് വലിയ ആഗ്രഹമായിരുന്നു, പക്ഷേ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയല്ലോ, അച്ഛൻ അടുത്തിടെ മരിച്ചു. അച്ഛനെ പടവെട്ട് കാണിക്കാൻ കഴിയാത്തത് ഒരു ദുഃഖമായി മനസ്സിൽ അവശേഷിക്കുന്നു.
പുതിയ ചിത്രങ്ങൾ
കുറെ ചിത്രങ്ങൾ റിലീസിന് തയാറെടുക്കുന്നു. സൗദി വെള്ളക്ക, വെള്ളരി പട്ടണം, ആളങ്കം , വികാരം, ചേര, മമ്മൂക്കയുടെ ക്രിസ്റ്റഫർ തുടങ്ങി ഏഴെട്ട് ചിത്രങ്ങൾ ആണ് വരാനുള്ളത്. സൗദി വെള്ളക്കയിൽ അത്യാവശ്യം നല്ല കഥാപാത്രമാണ്. നിമിഷ സജയൻ, റോഷൻ എന്നിവർ അഭിനയിക്കുന്ന ചേരയിലും പ്രധാനപ്പെട്ട വേഷത്തിലുണ്ട്. പടവെട്ടിന്റെ റെസ്പോൺസ് കണ്ടിട്ട് കൂടുതൽ സ്ക്രീൻ സ്പേസും പ്രസക്തിയുമുള്ള കഥാപാത്രങ്ങൾ എന്നെത്തേടി വരുമെന്ന് പ്രതീക്ഷിക്കുന്നു.