കാത്തിരിപ്പിനൊടുവിൽ, ആടുതോമ ആടിത്തിമിർത്ത ‘സ്ഫടികം’ 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ വിന്യാസത്തോടെയും തിയറ്ററുകളിൽ വീണ്ടും അവതരിക്കാനൊരുങ്ങുകയാണ്. തോമാച്ചായന്റെ ബുള്ളറ്റ് ശബ്ദം തിയറ്ററുകളിൽ ഇരമ്പിയാർക്കാൻ ഇനി എത്ര ദിവസം കൂടി കാത്തിരിക്കണം...? എന്തുകൊണ്ടാണ് സ്ഫടികം സിനിമയ്ക്ക് രണ്ടാം ഭാഗമില്ലാത്തത്? 4കെ സ്ഫടികത്തെപ്പറ്റി കേട്ടപ്പോൾ മോഹൻലാൽ എന്തു പറഞ്ഞു? സംവിധായകന്‍ ഭദ്രൻ മനസ്സു തുറക്കുന്നു

കാത്തിരിപ്പിനൊടുവിൽ, ആടുതോമ ആടിത്തിമിർത്ത ‘സ്ഫടികം’ 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ വിന്യാസത്തോടെയും തിയറ്ററുകളിൽ വീണ്ടും അവതരിക്കാനൊരുങ്ങുകയാണ്. തോമാച്ചായന്റെ ബുള്ളറ്റ് ശബ്ദം തിയറ്ററുകളിൽ ഇരമ്പിയാർക്കാൻ ഇനി എത്ര ദിവസം കൂടി കാത്തിരിക്കണം...? എന്തുകൊണ്ടാണ് സ്ഫടികം സിനിമയ്ക്ക് രണ്ടാം ഭാഗമില്ലാത്തത്? 4കെ സ്ഫടികത്തെപ്പറ്റി കേട്ടപ്പോൾ മോഹൻലാൽ എന്തു പറഞ്ഞു? സംവിധായകന്‍ ഭദ്രൻ മനസ്സു തുറക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാത്തിരിപ്പിനൊടുവിൽ, ആടുതോമ ആടിത്തിമിർത്ത ‘സ്ഫടികം’ 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ വിന്യാസത്തോടെയും തിയറ്ററുകളിൽ വീണ്ടും അവതരിക്കാനൊരുങ്ങുകയാണ്. തോമാച്ചായന്റെ ബുള്ളറ്റ് ശബ്ദം തിയറ്ററുകളിൽ ഇരമ്പിയാർക്കാൻ ഇനി എത്ര ദിവസം കൂടി കാത്തിരിക്കണം...? എന്തുകൊണ്ടാണ് സ്ഫടികം സിനിമയ്ക്ക് രണ്ടാം ഭാഗമില്ലാത്തത്? 4കെ സ്ഫടികത്തെപ്പറ്റി കേട്ടപ്പോൾ മോഹൻലാൽ എന്തു പറഞ്ഞു? സംവിധായകന്‍ ഭദ്രൻ മനസ്സു തുറക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോമാച്ചായന്റെ റെയ്ബാൻ ഗ്ലാസിനും പിരിച്ചു വച്ച മീശയ്ക്കും 4കെ മിഴിവും, ഡയലോഗുകൾക്ക് ഡോൾബി അറ്റ്മോസിന്റെ മൂർച്ചയും തയാറാവുകയാണ് ഇവിടെ ചെന്നൈയിൽ. സംവിധായകൻ ‍പ്രിയദർശന്റെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ ഏതാനും ദിവസങ്ങളായി നടന്നു വരുന്ന റീമാസ്റ്ററിങ് ജോലികൾ അവസാന ഘട്ടത്തിലാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ആടുതോമ ആടിത്തിമിർത്ത ‘സ്ഫടികം’ 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ വിന്യാസത്തോടെയും തിയറ്ററുകളിൽ വീണ്ടും അവതരിക്കാനൊരുങ്ങുകയാണ്. തോമാച്ചായന്റെ ബുള്ളറ്റ് ശബ്ദം നെഞ്ചിടിപ്പു പോലെ തിയറ്ററുകളിൽ ഇരമ്പിയാർക്കാൻ ഇനി എത്ര ദിവസം കാത്തിരിക്കണം...? എന്തൊക്കെയാണു തിളക്കമേറിയെത്തുന്ന ‘സ്ഫടിക’ത്തിന്റെ പ്രത്യേകതകൾ..? സ്ഫടികത്തിന്റെ ജീവശ്വാസമായ സംവിധായകൻ ഭദ്രൻ വെളിപ്പെടുത്തുന്നു. 

 

ADVERTISEMENT

∙ വീണ്ടും സ്ഫടികം; ആശയം എവിടെ നിന്നാണ്...?

‘സ്ഫടിക’ത്തിൽ ആടു തോമായായി മോഹൻലാൽ.

 

മോഹൻലാലിന്റെ എല്ലാ പിറന്നാൾ ദിവസവും കാഞ്ഞിരപ്പള്ളിയിൽനിന്നും ഇൗരാറ്റുപേട്ടയിൽനിന്നും കുറേ പിള്ളേർ ബൈക്കിൽ എന്റെ വീടിനു മുന്നിൽ വരും. തല്ലാൻ വരുന്നതു പോലെയാണു തോന്നുകയെങ്കിലും അവർക്കെല്ലാം ഒറ്റക്കാര്യം മാത്രമേ പറയാനുള്ളൂ.. ‘‘ഭദ്രൻ സാർ സ്ഫടികം വീണ്ടും റിലീസ് ചെയ്യണം..’’ ഞാൻ പല തവണ പല ഒഴിവും പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. പിന്നെ ഫോണിലും മറ്റും വരുന്ന മെസേജുകളും ചില്ലറയല്ല. അങ്ങനെയിരിക്കെ ഞാൻ വിചാരിച്ചു സ്ഫടികം വീണ്ടും ഇറക്കിയാലോയെന്ന്. ചങ്ങനാശേരിയിലുള്ള സുഹൃത്ത് ‘ക്ലാസിക്’ സണ്ണിയെ വിളിച്ചു.. ‘‘സണ്ണിയേ.. സ്ഫടികം ഒന്നൂടെ ഇറക്കിയാലോ..?’’ ധൈര്യമായിട്ട് മുന്നോട്ടു പോകാൻ സണ്ണി പറഞ്ഞു. അദ്ദേഹം തന്നെ മറ്റു പാർട്നർമാരെയും കണ്ടെത്തി. അങ്ങനെ പാലാത്ര ഗ്രൂപ്പ്, അർക്കേഡിയ തുടങ്ങിയവരും ഞാനും ചേർന്ന് ജ്യോമട്രി എന്നൊരു കമ്പനി തുടങ്ങി. അവരാണ് ഇൗ ചിത്രം വീണ്ടും തിയറ്ററിലെത്തിക്കുന്നത്. അവർ ഇതിന് ഇറങ്ങിപ്പുറപ്പെട്ടത് പടം സ്ഫടികം ആയതുകൊണ്ടു മാത്രമാണ്.

 

ADVERTISEMENT

∙ സ്ഫടികത്തിന്റെ റീമാസ്റ്ററിങ് എങ്ങനെ സംഭവിച്ചു?

ഭദ്രൻ (2005ലെ ചിത്രം)

 

സിനിമയുടെ ഒറിജിനൽ നെഗറ്റീവ് ചെന്നൈയിലെ ജെമിനി സ്റ്റുഡിയോയിലുണ്ടായിരുന്നു. നിർമാതാവ് ആർ.മോഹന്റെ കസ്റ്റഡിയിലായിരുന്നു അത്. ഇൗ നെഗറ്റീവ് യുഎസിൽ കൊണ്ടു പോയി അതിൽനിന്നു നേരിട്ടു പകർത്തിയെടുത്താണു ഡിജിറ്റൽ ഫോർമാറ്റിലേക്കു മാറ്റിയത്. എന്നിട്ടും പണി തീർന്നില്ല. അതിനുതന്നെ 30 ലക്ഷത്തോളം രൂപയായി. പിന്നീട് സിനിമയിലെ ഓരോ ഘടകവും പ്രത്യേകം പ്രത്യേകം മിഴിവു കൂട്ടുകയാണു ചെയ്യുന്നത്. പാളിപ്പോയ ചിലതു വീണ്ടും റീ ഷൂട്ട് ചെയ്തിട്ടുണ്ട്. അതൊക്കെ സർപ്രൈസാക്കി വച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ശബ്ദം മോണോ ഓഡിയോയാണ്. അതു ഡോൾബിയിലേക്കു മാറ്റുമ്പോൾ ഉണ്ടാകുന്ന മാറ്റം എല്ലാവരെയും അദ്ഭുതപ്പെടുത്തുമെന്ന് ഉറപ്പ്. പശ്ചാത്തല സംഗീതത്തിലെ ഓരോ ഭാഗവും അഴിച്ചെടുക്കുന്ന അതിസങ്കീർണമായ ജോലി ചെയ്യുന്നത് ദേശീയ പുരസ്കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനർ രാജാകൃഷ്ണനാണ്. ചിത്രത്തിൽ അഭിനയിച്ച മിക്ക കഥാപാത്രങ്ങളും ഇപ്പോൾ നമുക്കൊപ്പമില്ലെന്നതു കൊണ്ടുതന്നെ മാറ്റി ഡബ്ബ് ചെയ്യിക്കലൊന്നും ആലോചിക്കാൻ പോലുമാകില്ല. അത്തരത്തിലുള്ള വെല്ലുവിളികളെല്ലാം ഫലപ്രദമായി മറികടന്നാണു സ്ഫടികം ഒരുങ്ങുന്നത്. ഒരു കോടി രൂപയ്ക്കു മുകളിലാണു നിർമാണ ചെലവ്. 

 

ADVERTISEMENT

∙ എന്തിനാണ് ഇത്തരത്തിലൊരു സാഹസം എന്നു ചോദിച്ചില്ലേ ആരും...?

സ്ഫടികം സിനിമയിലെ ഒരു രംഗം.

 

ഇൗ സിനിമ നാലല്ല നാൽപതല്ല നാനൂറു വട്ടം കണ്ടവർക്കും വീണ്ടും കാണാൻ എന്ന വാചകവുമായിട്ടായിരിക്കും സ്ഫടികം നിങ്ങളുടെ മുന്നിലെത്തുന്നത്. കാരണം ഇൗ സിനിമയിലെ ഓരോ ഡയലോഗും അഭിനേതാക്കളുടെ മുഖഭാവവും ഓരോ പ്രേക്ഷകനും പരിചിതമാണെങ്കിലും, എപ്പോഴെല്ലാം സിനിമ ടിവിയിൽ വന്നാലും മടുപ്പില്ലാതെ കാണാൻ കഴിയും എന്നതു തന്നെയാണു സ്ഫടികത്തിന്റെ തിളക്കം. ഇൗ ചിത്രം തിയറ്ററിൽ ആസ്വദിക്കാൻ കഴിയാതിരുന്ന കോടിക്കണക്കിനു യുവാക്കളുണ്ട്. അവർക്കു വേണ്ടിയാണ് ഏതാണ്ട് 28 വർഷത്തിനു ശേഷം ഇൗ ചിത്രം വീണ്ടും പുതുമോടിയോടെ പുറത്തിറങ്ങുന്നത്. വീഞ്ഞും വീഞ്ഞു കുപ്പിയും പഴയതു തന്നെയാണെങ്കിലും ഇതിന്റെ വീര്യം ഇരട്ടിക്കുകയാണ് ഇപ്പോൾ. 

 

∙ ചിത്രത്തിൽ എന്തൊക്കെ മാറ്റങ്ങളാണുണ്ടാവുക..?

 

അതു പറഞ്ഞാൽ പിന്നെ സർപ്രൈസ് പോയില്ലേ..? എങ്കിലും ആദ്യ ചിത്രത്തിൽ മനഃപൂർവമല്ലാതെ ഉണ്ടായ ചില പാളിച്ചകൾ ഇതിൽ പരിഹരിച്ചിട്ടുണ്ട്. പുതിയ സ്ഫടികത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വന്നതെന്നു കണ്ടെത്താനുള്ള ഉത്തരവാദിത്തം ഞാൻ പ്രേക്ഷകർക്കാണു നൽകുന്നത്. എത്ര ഷോട്ട് പുതുതായി ചേർത്തെന്നു കണ്ടെത്തി അറിയിക്കുന്നവർക്ക് റെയ്ബാൻ ഗ്ലാസും ബുള്ളറ്റും സമ്മാനം നൽകാൻ ഒരുങ്ങിയിരിക്കുകയാണു ഞാൻ.

 

സംവിധായകൻ ഭദ്രൻ

∙ ഈ ആശയത്തെപ്പറ്റി മോഹൻലാൽ എന്തു പറഞ്ഞു..?

 

ലാലിനെ നിങ്ങൾക്കറിയില്ലേ..? ഒരു ആപ്പിൾ ലാലിന്റെ കയ്യിൽ കൊടുത്താൽ അദ്ദേഹം പറയും.. ‘ഹായ് നല്ല ചുവന്ന ആപ്പിൾ..’ അതിൽപ്പോലും കൗതുകവും സന്തോഷവും കണ്ടെത്തുന്നയാളാണ് അദ്ദേഹം. സ്ഫടികം വീണ്ടും പുറത്തിറങ്ങുന്നെന്ന കേട്ടപ്പോൾ അതിയായ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചത്. വീണ്ടും സ്ഫടികം കാണുമ്പോൾ, ഈ സാഹസം മോഹൻലാലിന് തന്റെ അഭിനയശൈലി റീഡിസൈൻ ചെയ്യാൻ തോന്നലുണ്ടാക്കുമെന്നാണു ‍ഞാൻ കരുതുന്നത്. പണ്ടത്തെ ലാൽ ഇങ്ങനെയായിരുന്നെന്നു വലിയ സ്ക്രീനിൽ കണ്ട് തിരിച്ചറിയാൻ പ്രേക്ഷകർക്കുള്ള അവസരം കൂടിയാണിത്. 

പൃഥ്വിരാജും ഭദ്ദ്രനും. ഫയൽ ചിത്രം: മനോരമ

 

∙ എന്തുകൊണ്ടാണ് സ്ഫടികം രണ്ടാം ഭാഗമില്ലാത്തത്..?

 

സ്ഫടികത്തിനു രണ്ടാം ഭാഗമില്ല. കാരണം തന്റെ ലോറിക്ക് സ്വന്തം അപ്പൻ ചെകുത്താൻ എന്നു പേരിട്ടു. പക്ഷേ, പിന്നീട് അദ്ദേഹം തിരിച്ചറിയുകയാണ് തന്റെ മകൻ ചെകുത്താനല്ല തെളിമയുള്ള സ്ഫടികമാണെന്ന്. ആ മകനെ ചെകുത്താനാക്കിയത് താനാണെന്നും അദ്ദേഹം തിരിച്ചറിയുന്നു. പിതാവു തന്നെ മനസിലാക്കിയതു തിരിച്ചറിഞ്ഞ തോമ പിന്നീട് മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കാനും തുണിപറിക്കാനും ചുവപ്പും കറുപ്പും അണിയാനും പോകില്ല. തന്റെ പിതാവ് മായിച്ചു കളഞ്ഞ പേര് ഇനി എഴുതാനാകില്ല. അത്ര തീഷ്ണമായ കണ്ടന്റ് ഇനി ഉണ്ടാക്കാനാകില്ല. 

 

∙ എന്നു വരും തിയറ്ററിൽ..?

 

സിനിമയുടെ റീമാസ്റ്ററിങ് ജോലികൾ നവംബർ 5നു പൂർത്തിയാകും. പിന്നീട് റിലീസിനുള്ള നടപടികൾ തുടങ്ങും. 2023 ജനുവരിയൊക്കെയാണു മനസ്സിലുള്ളത്. എന്തായാലും അധികം വൈകില്ല. 

 

∙ ഭദ്രകാളിയിൽ നിന്നുള്ള ഭദ്രൻ

 

നാല് പതിറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തിനിടയിൽ 12 സിനിമകൾ മാത്രമേ ഭദ്രൻ മാട്ടേൽ സംവിധാനം ചെയ്തിട്ടുള്ളു. എങ്കിലും മലയാള സിനിമാ സംവിധായകരുടെ മുൻനിരയിൽ ആ പേര് ഇടം പിടിച്ചു. മലയാള സിനിമാചരിത്രത്തിൽ ഒഴിവാക്കാനാകാത്ത സ്ഫടികം എന്ന ഒറ്റ ചിത്രം മതി ഈ സംവിധായകന്റെ മികവ് മനസിലാക്കാൻ. പാലാ കൊല്ലപ്പള്ളി മാട്ടേൽ കുടുംബത്തിലാണ് ജനനം. തോമസ് എന്നാണ് യഥാർഥ പേര്. സ്കൂൾകാലത്ത് ലഭിച്ച ഭദ്രകാളി എന്ന ഇരട്ടപ്പേര് പരിഷ്കരിച്ച് ഭദ്രൻ എന്ന പേര് സ്വയം സ്വീകരിക്കുകയായിരുന്നു. 

 

1982ൽ പുറത്തിറങ്ങിയ ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു’ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മോഹൻലാലിന് വില്ലൻ വേഷങ്ങളിൽനിന്ന് ആദ്യമായി മാറ്റമുണ്ടായത് ഈ ചിത്രത്തിലാണ്. ചങ്ങാത്തം, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, പൂമുഖപ്പടിയിൽ നിന്നെയുംകാത്ത്, ഇടനാഴിയിൽ ഒരു കാലൊച്ച. അയ്യർ ദ് ഗ്രേറ്റ്, അങ്കിൾ ബൺ, സ്ഫടികം, യുവതുർക്കി, ഒളിംപ്യൻ അന്തോണി ആദം, വെള്ളിത്തിര, ഉടയോൻ എന്നിങ്ങനെ പ്രമേയത്തിലും ചിത്രീകരണത്തിലും തികച്ചും വ്യത്യസ്തമായ 12 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ഇവയിൽ എട്ട് ചിത്രങ്ങൾ എഴുതിയതും അദ്ദേഹമാണ്. തന്റെ ചിത്രങ്ങളിൽ 70 ശതമാനവും സ്വന്തം ജീവിതാനുഭവങ്ങളാണെന്ന് ഭദ്രൻ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സൂപ്പർ താരങ്ങളെ അണിനിരത്തി മികച്ച ബജറ്റിലാണ് അദ്ദേഹം മിക്ക ചിത്രങ്ങളും ചെയ്തത്. അദ്ദേഹത്തിന്റെ ഏഴ് ചിത്രങ്ങളിൽ മോഹൻലാലും നാല് ചിത്രങ്ങളിൽ മമ്മൂട്ടിയും നായകനായി. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് (1986), അയ്യർ ദ് ഗ്രേറ്റ്( 1990), സ്ഫടികം (1995) എന്നീ ചിത്രങ്ങൾ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡുകൾ അദ്ദേഹത്തിന് നേടിക്കൊടുത്തു.

 

∙ കൃത്യം തിരക്കഥ 

 

ചെയ്യാൻപോകുന്ന സിനിമയെക്കുറിച്ച് ഭദ്രന് വ്യക്തമായ ധാരണയുണ്ടാകും. എത്ര തവണ തിരുത്തി എഴുതിയാലും പൂർണവും, കൃത്യവുമായ തിരക്കഥയുമായാണ് അദ്ദേഹം ചിത്രീകരണം ആരംഭിക്കുക. സ്ഫടികം എന്ന ചിത്രത്തിന്റെ തിരക്കഥ 8 തവണ മാറ്റിയെഴുതി. അയ്യർ ദ് ഗ്രേറ്റ് എന്ന സിനിമയ്ക്കുവേണ്ടി മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയ തിരക്കഥയിൽപോലും കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് ഭദ്രൻ സിനിമ എടുത്തത്. സിനിമയുടെ പൂർണതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. സംഘട്ടന സീനുകളെക്കുറിച്ചുപോലും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. സംസാരഭാഷയിലെ കൃത്രിമത്വം അദ്ദേഹത്തിന് സഹിക്കാനാവില്ല. സൗണ്ട് മിക്സിങ് ഉൾപ്പെടെയുള്ള സാങ്കേതിക കാര്യങ്ങളിൽ ഏറ്റവും മികച്ചവ മാത്രമേ അദ്ദേഹം തിരഞ്ഞെടുക്കാറുള്ളൂ. 

 

∙ സ്ഫടികത്തിന്റെ വഴി

 

മലയാളത്തിലെ എക്കാലത്തെയും മികച്ച ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ് സ്ഫടികം. 1995ൽ പുറത്തിറങ്ങിയ ചിത്രം 225 ദിവസം തുടർച്ചയായി തിയറ്ററിൽ പ്രദർശിപ്പിച്ചു. ആടുതോമ എന്ന നായകകഥാപാത്രം മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികകല്ലായി മാറി. തിലകൻ അവതരിപ്പിച്ച ചാക്കോമാഷ് എന്ന കഥാപാത്രവും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി. ഉർവശി, കെപിഎസി ലളിത, നെടുമുടി േവണു, കരമന ജനാർദനൻ നായർ, സിൽക്ക് സ്മിത തുടങ്ങിയവരാണ് മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

ഭദ്രൻ എന്ന സംവിധായകപ്രതിഭയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് സ്ഫടികം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഭദ്രന്റേതായിരുന്നു. തന്റെ ജീവിതത്തിൽനിന്നാണ് ഭദ്രൻ സ്ഫടികത്തിന്റെ കഥ മെനഞ്ഞെടുത്തത്. ജന്മനാടായ പാലായിലും പരിസരപ്രദേശങ്ങളിലും കണ്ടുപരിചയിച്ചവരായിരുന്നു കഥാപാത്രങ്ങളിൽ മിക്കവരും. എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ‍ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കവെ, വിദ്യാർഥി രാഷ്്ട്രീയ സംഘടനകളിൽനിന്ന് ഭീഷണി ഉണ്ടായപ്പോൾ സംരക്ഷണത്തിന് എത്തിയ സുഹൃത്തിന്റെ ജ്യേഷ്ഠൻ, പോലീസുകാരെ തല്ലുകയും എതിരാളികളെ തല്ലി പാലത്തിൽനിന്ന് മീനച്ചിലാറ്റിലേക്ക് വീഴ്ത്തുകയും ചെയ്തിരുന്ന പാലായിലെ പ്രമുഖ റൗഡിയും ഭദ്രന്റെ സഹപാഠിയുമായിരുന്ന വ്യക്തി, പാലായിലെ അക്കാലത്തെ ഒരു നാട്ടുപ്രമാണി തുടങ്ങിയവരൊക്കെയാണ് ആട് തോമ എന്ന കഥാപാത്രത്തിന് പ്രചോദനമായതെന്ന് ഭദ്രൻ വെളിപ്പെടുത്തിയിട്ടുണ്ട്.പ്രൈമറി സ്കൂളിൽ പഠിപ്പിച്ച ആലക്കാപ്പള്ളി തോമസ് മാഷും പിള്ളസാറും ഇരിങ്ങാലക്കുട ഡോൺബോസ്കോയിൽ കണക്കു പഠിപ്പിച്ച ഭൂതലിംഗം മാഷും സ്വന്തം പിതാവുതന്നെയും ചാക്കോ മാഷ് എന്ന കഥാപാത്രത്തിന് പ്രചോദനമായി. സ്കൂൾ പ്രിൻസിപ്പലായിരുന്ന ആൻഡ്രൂ ദൊരൈരാജ് അച്ചനിൽനിന്നാണ് നെടുമുടി വേണു അവതരിപ്പിച്ച രാവുണ്ണിമാഷിനെ കണ്ടെടുത്തത്.

 

English Summary: Mohanlal Starrer 'Spadikam' Movie to get a Re-release in 4K; Director Bhadran Speaks