സറഗസി ഒരു പ്ലോട്ട് മാത്രം, ഇനിയുമുണ്ട് രഹസ്യങ്ങൾ: അദൃശ്യം സംവിധായകൻ അഭിമുഖം
Zac Harriss Director Interview
ഒരേസമയം രണ്ട് ചിത്രങ്ങളാണ് നവാഗത സംവിധായകൻ സാക് ഹാരിസിന്റേതായി നാളെ തിയറ്ററുകളിലെത്തുന്നത്. സസ്‌പെന്‍സ് ഡ്രാമ ത്രില്ലറായ അദൃശ്യവും അതിന്റെ തമിഴ് പതിപ്പായ യുകിയും. സംവിധായകൻ ഗൗതം മേനോൻ പോലുള്ളവർ ചെയ്യുന്നതുപോലെ മലയാളത്തിലും തമിഴിലും അഭിനയിക്കുന്നത് വേറെ താരങ്ങളാണ്. കന്നി ചിത്രങ്ങളുടെ വിശേഷങ്ങൾ മനോരമ
ഒരേസമയം രണ്ട് ചിത്രങ്ങളാണ് നവാഗത സംവിധായകൻ സാക് ഹാരിസിന്റേതായി നാളെ തിയറ്ററുകളിലെത്തുന്നത്. സസ്‌പെന്‍സ് ഡ്രാമ ത്രില്ലറായ അദൃശ്യവും അതിന്റെ തമിഴ് പതിപ്പായ യുകിയും. സംവിധായകൻ ഗൗതം മേനോൻ പോലുള്ളവർ ചെയ്യുന്നതുപോലെ മലയാളത്തിലും തമിഴിലും അഭിനയിക്കുന്നത് വേറെ താരങ്ങളാണ്. കന്നി ചിത്രങ്ങളുടെ വിശേഷങ്ങൾ മനോരമ
ഒരേസമയം രണ്ട് ചിത്രങ്ങളാണ് നവാഗത സംവിധായകൻ സാക് ഹാരിസിന്റേതായി നാളെ തിയറ്ററുകളിലെത്തുന്നത്. സസ്‌പെന്‍സ് ഡ്രാമ ത്രില്ലറായ അദൃശ്യവും അതിന്റെ തമിഴ് പതിപ്പായ യുകിയും. സംവിധായകൻ ഗൗതം മേനോൻ പോലുള്ളവർ ചെയ്യുന്നതുപോലെ മലയാളത്തിലും തമിഴിലും അഭിനയിക്കുന്നത് വേറെ താരങ്ങളാണ്. കന്നി ചിത്രങ്ങളുടെ വിശേഷങ്ങൾ മനോരമ
ഒരേസമയം രണ്ടു ചിത്രങ്ങളാണ് നവാഗത സംവിധായകൻ സാക് ഹാരിസിന്റേതായി നാളെ തിയറ്ററുകളിലെത്തുന്നത്. സസ്‌പെന്‍സ് ഡ്രാമ ത്രില്ലറായ അദൃശ്യവും അതിന്റെ തമിഴ് പതിപ്പായ യുകിയും. സംവിധായകൻ ഗൗതം മേനോൻ പോലുള്ളവർ ചെയ്യുന്നതുപോലെ, മലയാളത്തിലും തമിഴിലും അഭിനയിക്കുന്നത് വേറെ താരങ്ങളാണ്. കന്നി ചിത്രങ്ങളുടെ വിശേഷങ്ങൾ മനോരമ ഓൺലൈനിലൂടെ പങ്കുവയ്ക്കുകയാണ് സാക്ക് ഹാരിസ് എന്ന പത്തനംതിട്ടക്കാരൻ...
ദ്വിഭാഷാ ചിത്രമാണ് അദൃശ്യം. ആദ്യ ചിത്രം തന്നെ രണ്ടു ഭാഷയിൽ ഒരേ ദിവസം തിയറ്ററിൽ റിലീസ് ആവുന്നു?
അത് വലിയൊരു ഭാഗ്യമായി കാണുന്നു. തിരക്കഥ എഴുതുന്ന സമയത്ത് രണ്ടു ഭാഷയിൽ ചെയ്യണമെന്ന പ്ലാനൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ചർച്ചകളിലൂടെ കഥ ഡെവലപ്പ് ചെയ്തപ്പോൾ രണ്ടു ഭാഷയിൽ ചെയ്യാൻ പറ്റും എന്നു മനസ്സിലാക്കി. ഞാനൊരു മലയാളി ആയതുകൊണ്ടു തന്നെ എന്തായാലും മലയാളത്തിലും കൂടി ചെയ്യണമെന്നുറപ്പിച്ചു. ഒരു നഗരത്തിന്റെ പശ്ചാത്തലമാണ് ഈ കഥയ്ക്കുള്ളത്. അതായത് ഏതൊരു നഗരത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ചില കാര്യങ്ങളെയാണ് ഞങ്ങൾ ഈ ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്. ഈ കാര്യം പ്രൊഡ്യൂസേഴ്സിനെ അറിയിച്ചപ്പോൾ അവരും അതിന് സമ്മതം മൂളി. പിന്നീട് രണ്ടു ഭാഷകളിലുമായി കഥാപാത്രങ്ങള്‍ക്കനുയോജ്യമായ രീതിയിൽ മാറ്റങ്ങള്‍ വരുത്തി തിരക്കഥയുമൊരുക്കി. ചിത്രീകരണവും വിചാരിച്ച സമയത്തു തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഒരേസമയം റീലീസ് എന്ന ആശയം സാധ്യമായത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചില കഥാപാത്രങ്ങളും അതേ ആര്‍ട്ടിസ്റ്റുകളും രണ്ടു സിനിമയിലും ഒരേ പോലെ വരുന്നുണ്ട്. കുറെയധികം സസ്പെൻസുകളും ട്വിസ്റ്റുകളുമുള്ള സിനിമയാണിത്. രണ്ടു ഭാഷയിൽ ഒരേ പോലെ ഈ ചിത്രം ചെയ്തപ്പോൾ, അതുപോലെയത് രണ്ടിടത്തും ഒരേപോലെ റിലീസ് ചെയ്യാൻ കഴിയണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ തന്നെ ചിത്രം ഇപ്പോൾ റിലീസാവുന്നതിന്റെ സന്തോഷമുണ്ട്.
അദൃശ്യം ?
നോൺലീനിയർ ആയി കഥ പറഞ്ഞു പോകുന്ന ഒരു ചിത്രമാണിത്. ഒരു പെൺകുട്ടിയുടെ മിസ്സിങ്ങും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഒരു സൈഡിൽ ഗ്യാങ്സ്റ്റർ, മറ്റൊരു സൈഡിൽ ഡിറ്റക്റ്റീവ് ഇവയെല്ലാം കൂട്ടി ചേർത്ത് വയലൻസ് കുറഞ്ഞ സിനിമയായാണ് അദൃശ്യം കൺസീവ് ചെയ്തത്. ആക്‌ഷൻ ത്രില്ലർ ആയി വേണമെങ്കിൽ ചിത്രീകരിക്കാൻ കഴിയുന്ന ഒരു ചിത്രത്തെ അതിന്റെ ഇമോഷനൽ വശം കൂടി കോർത്തിണക്കി അവതരിപ്പിച്ചുവെന്നു പറയാം. അതിന് ചേരുന്ന വിധമുള്ള മ്യൂസിക്കൽ എലമെന്റ്സ് കൂടി ചേർത്ത് രസകരമായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. അത്തരത്തിലുള്ള ഒരു സ്ക്രീൻ പ്ലേയാണ് ഈ ചിത്രത്തിനുവേണ്ടി ഒരുക്കിയിരിക്കുന്നത്.
വലിയ താരനിരയുള്ള ഒരു ചിത്രം?
വളരെ യാദൃച്ഛികമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണത്. അതിൽ ഒരുപാട് സന്തോഷമുണ്ട്. ചിത്രത്തിലുള്ള ഓരോ താരവും കഥ കേട്ടപ്പോൾത്തന്നെ ‘ചെയ്യാം’ എന്നുപറഞ്ഞ് എനിക്കൊപ്പം നിന്നു. ആദ്യ ചിത്രം എന്ന നിലയിൽ അത് തരുന്നത് വളരെ വലിയ ഒരു കോൺഫിഡൻസാണ്. കണ്ടന്റിലുള്ള ആ താരങ്ങളുടെ കോൺഫിഡൻസ് കൂടിയാണത്.
തുല്യ പ്രാധാന്യമുള്ള സ്ത്രീ–പുരുഷ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുള്ളത്?
നരേൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, ആനന്ദി തുടങ്ങി ഈ ചിത്രത്തിലെ താരങ്ങൾ എല്ലാവരും കരിയറിൽ തിളങ്ങിയവരാണ്. അവർ കഥ കേട്ടപ്പോൾത്തന്നെ ഈ ചിത്രത്തിനായി കൂടെ നിന്നു. അത് ഈ സ്ക്രിപ്റ്റിലുള്ള അവരുടെ വിശ്വാസമാണ്. ഓരോ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും അവരുടെ ഗ്രേ ഷെയ്ഡ് കൂടി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ആനന്ദി ആദ്യമായിട്ടാണ് മലയാളത്തിൽ വരുന്നത്?
വളരെ ശക്തമായ കഥാപാത്രത്തെയാണ് ഈ സിനിമയിൽ അവർ അവതരിപ്പിച്ചിരിക്കുന്നത്. ഇൻഡിപെൻഡന്റ് ആയി സിനിമകൾ ഹിറ്റാക്കിയ ഹീറോയിനാണവർ. അവരെപ്പോലെ ഒരു ആർട്ടിസ്റ്റിന്റെ സാന്നിധ്യം വലിയ അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്.
സറഗസിയെപ്പറ്റി സിനിമയിൽ പറയുന്നുണ്ടല്ലോ?
ദുർബലമായ ഒരു സമൂഹത്തെ വളരെ പ്രബലമായ വിഭാഗം ചൂഷണം ചെയ്യുന്നത് എല്ലാക്കാലവും സംഭവിക്കുന്നതാണ്. സറഗസി പോലെയുള്ളതോ അല്ലെങ്കിൽ സമൂഹത്തിൽ നടക്കുന്നതോ ആയ ഏത് കാര്യമെടുത്താലും നമുക്കത് കാണാം. എന്നാൽ അതിലുൾപ്പെടുന്ന ഓരോ വിഭാഗത്തെക്കുറിച്ച് ഒറ്റയ്ക്കൊറ്റയ്ക്ക് ചിന്തിച്ചാൽ നമുക്ക് അതിന്റെ രണ്ടു വശങ്ങളാകും കാണാൻ കഴിയുന്നതും. ഓരോ വിഭാഗത്തിനും ഓരോ കഥ പറയാനുണ്ടാകും. സറഗസിയുടെ മറ്റൊരു വശമാണ് ഈ സിനിമയിൽ നമ്മൾ പറയുന്നത്. അത് ഈ സിനിമയിലെ ഒരു പ്ലോട്ട് മാത്രമാണ് എന്നും പറയാം.
സറഗസി ചർച്ചയിൽ നിറഞ്ഞ് നിൽക്കുമ്പോൾ ആണ് ചിത്രം റിലീസ് ചെയ്യുന്നത്?
സാഹചര്യവശാൽ സറഗസിക്ക് വിധേയമാകുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയാണ് ഈ ചിത്രത്തിലൂടെ ഞങ്ങൾ പങ്കുവയ്ക്കുന്നത്. സറഗസി പോലെയുള്ള വിഷയങ്ങൾ സിനിമകളിലൂടെ ചർച്ച ചെയ്യപ്പെടേണ്ടതാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇതേ പോലെയുള്ള വിഷയങ്ങൾ മുമ്പും പലതവണ നമ്മൾ സിനിമകളിലൂടെ കണ്ടിട്ടുമുണ്ട്. ഉദാഹരണത്തിന് ലാലേട്ടന്റെ ദശരഥം പോലെയുള്ള സിനിമകൾ. വർഷങ്ങൾക്കു മുൻപ് ആർട്ടിഫിഷ്യൽ ഇൻസെമിനേഷനെപ്പറ്റി ആ ചിത്രത്തിലൂടെ പ്രേക്ഷകരോട് പറഞ്ഞപ്പോൾ അത് കാലിക പ്രസക്തമായ ഒരു വിഷയമായിരുന്നു. എന്നാൽ ഇപ്പോൾ നമ്മൾ അത് പോലെ ഒരു കഥ ആലോചിച്ചാൽ ആ ചിന്ത തന്നെ റെലവന്റ് അല്ല എന്നു പറയേണ്ടതായി വരും. കാരണം ഇന്ന് ആർട്ടിഫിഷ്യൽ ഇൻസെമിനേഷന് നിയമത്തിന്റെ പിൻബലമുണ്ട്. സത്യത്തിൽ ഇന്നിപ്പോൾ സറഗസി ചർച്ചയിൽ വരുമ്പോൾ സന്തോഷമുണ്ട്. മൂന്നുവർഷം മുമ്പ് പ്ലാൻ ചെയ്ത ഒരു കഥയിൽ പറയുന്ന സറഗസി എന്ന ഒരു വിഷയം, ചിത്രം റിലീസിനൊരുങ്ങുന്ന സമയത്ത് വലിയൊരു ചർച്ചയാവുമെന്ന് സത്യത്തിൽ കരുതിയിരുന്നില്ല. അത് വലിയൊരു ഭാഗ്യമായി കാണുന്നു.
അദൃശ്യം എന്ന പേരിലേക്ക് ?
തമിഴില്‍ യുകി എന്നതിന്റെ അര്‍ത്ഥം ഊഹം എന്നാണ്. ഒരു സിനിമ കാണുമ്പോൾ, അടുത്തതായി എന്താണ് സ്ക്രീനിൽ കാണാൻ പോകുന്നത് എന്ന് പ്രേക്ഷകർ എല്ലായ്പ്പോഴും ഊഹിക്കാനിടയുണ്ട്. എന്നാലത് സംഭവിക്കാതിരിക്കുമ്പോഴാണ് അവിടെ ഒരു സർപ്രൈസ് ഉണ്ടാകുന്നത്. അത് തന്നെയാണ് സിനിമയെന്ന മീഡിയത്തിൽ നമ്മെ പിടിച്ചിരുത്തുന്ന ഏറ്റവും വലിയ ഫാക്ടർ എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അത് തന്നെയാണ് ഈ പേരിനും കാരണമായത്.
പത്തു വർഷമായി സിനിമയെന്ന സ്വപ്നത്തിന് പിന്നാലെ പായുന്ന ഒരാളാണ്?
ഒരു സിനിമ സംവിധാനം ചെയ്യുക, അല്ലെങ്കിൽ സംവിധായകൻ ആവുക എന്നത് വളരെയേറെ ബുദ്ധിമുട്ടും അതോടൊപ്പം വലിയ റിസ്‌ക്കുമുള്ള ഒരു കാര്യമാണ്. സിനിമ ചെയ്യാൻ ഒരു അവസരം ലഭിക്കുക, അതിലൂടെ മുന്നോട്ട് പോകാൻ കഴിയുക എന്നത് ഒക്കെ വലിയ കാര്യമായിട്ടാണ് ഞാൻ കാണുന്നത്. നമ്മുടെ സമയം നല്ലതായിരിക്കണം, തിരഞ്ഞെടുക്കുന്ന കഥകൾ നല്ലതായിരിക്കണം ഇങ്ങനെ കുറച്ചു കാര്യങ്ങളും അതോടൊപ്പമുണ്ട് എന്നും ഞാൻ കരുതുന്നു. അതിനു കാരണം 'ജയിച്ചവർ മാത്രം നിൽക്കുന്ന ഒരു സ്റ്റേജ് ആണ് സിനിമയെന്നത് തന്നെ'.
പിന്നെ സിനിമയിൽ ശാശ്വതമായ ഒരു നിലനിൽപ്പും ഉണ്ടാവുന്നില്ലല്ലോ. സിനിമയെ സീരിയസായി സമീപിച്ചുകൊണ്ട് അതിനു വേണ്ടി പ്രവർത്തിച്ചാൽ, അതിനായി നാം സ്വയം നവീകരിച്ചുകൊണ്ടിരുന്നാൽ ഒരു പരിധിവരെ സിനിമയിൽ പിടിച്ചുനിൽക്കാൻ കഴിയും എന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. അതിനു കഴിഞ്ഞില്ലെങ്കിൽ ഒരുപക്ഷേ ഈ ഫീൽഡിൽനിന്നു പുറത്തു പോകാനുമുള്ള സാധ്യതകളും ഉണ്ട്.
കോവിഡ് കാലത്തെ ഷൂട്ടിങ്?
ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷൻ വർക്കുകൾ നടക്കുമ്പോഴാണ് കോവിഡ് വരുന്നത്. ഏകദേശം 97 ദിവസമാണ് ഷൂട്ടിങ് ഉണ്ടായിരുന്നത്. ഭാഗ്യവശാൽ കോവിഡ് ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽത്തന്നെ ചിത്രം ഷൂട്ട് ചെയ്യാനുള്ള അനുമതി ഞങ്ങൾക്ക് ലഭിച്ചു. വളരെ കരുതലോടെയാണ് അന്ന് ചിത്രീകരണവും മറ്റും മുന്നോട്ടു പോയത്. ചെന്നൈ നഗരത്തിന് അകത്തും പുറത്തുമായി കുറെയധികം ലൊക്കേഷനുകളുണ്ടായിരുന്നു. കോവിഡിന്റെ സമയമായതുകൊണ്ട് അന്ന് ലൊക്കേഷൻ കിട്ടുന്നതിലൊക്കെ കുറെയധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചില രംഗങ്ങൾക്കായി സെറ്റിടേണ്ടതായും വന്നിട്ടുണ്ട്. ഉദാഹരണത്തിന് ആശുപത്രി രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി നിരവധി ആശുപത്രികളെ ഞങ്ങൾ സമീപിച്ചെങ്കിലും കോവിഡ് അതിന് തടസ്സമായി. പിന്നീട് ആശുപത്രി രംഗങ്ങൾ ഒരു ഹോട്ടലിൽ സെറ്റിട്ടാണ് ചെയ്തത്.
പ്രേക്ഷകരോട്?
'ഞാൻ ചെയ്യുന്ന ജോലി എന്താണോ അത് ബെസ്റ്റ് ആകും' എന്ന ഒരു കോൺഫിഡൻസ് എല്ലാവരിലും ഉണ്ടാകും. അതുപോലെ തന്നെയാണ് സിനിമ എന്ന മേഖലയിൽ പ്രവർത്തിക്കുന്ന ഓരോരുത്തരും ചിന്തിക്കുന്നതും. ഒരു സിനിമ സംവിധാനം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന സംവിധായകനും അതിനോടൊപ്പം നിൽക്കുന്ന മറ്റ് അണിയറ പ്രവർത്തകരും അവരുടെ ചിത്രം മികച്ചത് ആവണം എന്നു കരുതി തന്നെയാണ് അധ്വാനിക്കുന്നത്. എല്ലാവർക്കും അവരവരുടേതായ ഒരു വിശ്വാസവുമുണ്ടാകുമല്ലോ. ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ ജനങ്ങളാണ് അതിന്റെ വിധി നിർണയിക്കുന്നത്. ഒരു പടം എങ്ങനെയാണ് എന്നു പറയേണ്ടത് അവർ തന്നെയാണ് എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ സിനിമ കണ്ടിട്ട് വരുന്ന പ്രേക്ഷകരുടെ അഭിപ്രായമറിയാനുള്ള കാത്തിരിപ്പിലാണിപ്പോൾ.
സ്വദേശം?
പത്തനംതിട്ടയിലാണ് ഞാൻ ജനിച്ചു വളർന്നത്. ഞാനൊരു പത്തനംതിട്ടക്കാരനാണ് എന്നു പറയുന്നതിൽ വളരെയധികം അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. സിനിമയ്ക്കായി കൊച്ചിയിലെത്തി. ഇപ്പോള്‍ ചെന്നൈയിലാണ് താമസം.