ഓഡിഷൻ പോലുമില്ലാതെ സിനിമയിൽ; ഒ. ബേബിയിലെ മിനി; അഭിമുഖം
ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം ചെയ്യുന്നതിന് മനസ്സമ്മതം മൂളുന്ന സഹോദരിയോട് ‘ഇത് ക്രൈം ആണ്’ എന്ന് ഉറക്കെപ്പറയുന്ന മിനി എന്നൊരു കൗമാരക്കാരിയുണ്ട് രഞ്ജൻ പ്രമോദ് എഴുതി സംവിധാനം ചെയ്ത ‘‘ഒ.ബേബി’’ എന്ന സിനിമയിൽ! പരസ്പരം വെടിവച്ചു മരിക്കാനൊരുങ്ങി നിൽക്കുന്ന
ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം ചെയ്യുന്നതിന് മനസ്സമ്മതം മൂളുന്ന സഹോദരിയോട് ‘ഇത് ക്രൈം ആണ്’ എന്ന് ഉറക്കെപ്പറയുന്ന മിനി എന്നൊരു കൗമാരക്കാരിയുണ്ട് രഞ്ജൻ പ്രമോദ് എഴുതി സംവിധാനം ചെയ്ത ‘‘ഒ.ബേബി’’ എന്ന സിനിമയിൽ! പരസ്പരം വെടിവച്ചു മരിക്കാനൊരുങ്ങി നിൽക്കുന്ന
ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം ചെയ്യുന്നതിന് മനസ്സമ്മതം മൂളുന്ന സഹോദരിയോട് ‘ഇത് ക്രൈം ആണ്’ എന്ന് ഉറക്കെപ്പറയുന്ന മിനി എന്നൊരു കൗമാരക്കാരിയുണ്ട് രഞ്ജൻ പ്രമോദ് എഴുതി സംവിധാനം ചെയ്ത ‘‘ഒ.ബേബി’’ എന്ന സിനിമയിൽ! പരസ്പരം വെടിവച്ചു മരിക്കാനൊരുങ്ങി നിൽക്കുന്ന
ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം ചെയ്യുന്നതിന് മനസ്സമ്മതം മൂളുന്ന സഹോദരിയോട് ‘ഇത് ക്രൈം ആണ്’ എന്ന് ഉറക്കെപ്പറയുന്ന മിനി എന്നൊരു കൗമാരക്കാരിയുണ്ട് രഞ്ജൻ പ്രമോദ് എഴുതി സംവിധാനം ചെയ്ത ‘‘ഒ.ബേബി’’ എന്ന സിനിമയിൽ! പരസ്പരം വെടിവച്ചു മരിക്കാനൊരുങ്ങി നിൽക്കുന്ന പ്രിയപ്പെട്ടവരെ നോക്കി, അവർ കാണിക്കുന്നത് എന്തൊരു അസംബന്ധമാണെന്നു കൂസലില്ലാതെ പറയുന്ന മിനിയെ ആരും ഇഷ്ടപ്പെട്ടു പോകും. പുതിയ കാലത്തിന്റെ തെളിച്ചവും ആർജവവുമുള്ള മിനിയെ തിളക്കമാർന്ന പ്രകടനത്തിലൂടെ പ്രേക്ഷക മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കുകയാണ് ഗായിക കൂടിയായ ഹാനിയ നഫീസ. മലയാളത്തിൽ ഗോവിന്ദ് വസന്തയ്ക്കും തെലുങ്കിൽ ഗോപി സുന്ദറിനും വേണ്ടി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച ഹാനിയ, ആദ്യം അഭിനയിച്ചത് ‘ഒ.ബേബി’യിൽ ആയിരുന്നെങ്കിലും ആദ്യം റിലീസായത് ‘കണക്ട്’ എന്ന തമിഴ് ചിത്രമാണ്. നയൻതാരയുടെ മകളുടെ വേഷത്തിലെത്തിയ ഹാനിയയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടു പോലെ തന്നെ ഏറെ പ്രിയപ്പെട്ടതായി മാറിയ അഭിനയത്തെക്കുറിച്ചും ‘ഒ.ബേബി’യിലെ കഥാപാത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളുമായി ഹാനിയ നഫീസ മനോരമ ഓൺലൈനിൽ.
ഓഡിഷനില്ലാതെ സിനിമയിലേക്ക്
ഇൻസ്റ്റഗ്രാമിലെ എന്റെ ഫോട്ടോകളും വിഡിയോകളും കണ്ടാണ് സിനിമയിലേക്കു വിളിച്ചത്. ഓഡിഷനൊന്നും ഉണ്ടായിരുന്നില്ല. ഒരു സീൻ പോലും ചെയ്യിപ്പിച്ചു നോക്കാതെയാണ് രഞ്ജൻ സർ എന്നെ സിനിമയിലേക്ക് ഉറപ്പിക്കുന്നത്. ലഭിച്ച അവസരത്തിന്റെ വലുപ്പം എന്താണെന്ന് അപ്പോൾ എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് പേടി തോന്നിയില്ല. അഭിനയിക്കുകയാണെന്ന് എനിക്കു തോന്നിയിട്ടില്ല. ആ കഥാപാത്രമായി മാറുകയായിരുന്നു. ഞാനൊരു പ്രഫഷനൽ ആക്ടർ അല്ലാത്തതിനാൽ എന്റെ ഇമോഷൻസാണ് ക്യാമറയ്ക്കു മുമ്പിൽ പ്രകടിപ്പിച്ചത്. ഗ്ലിസറിൻ ഉപയോഗിക്കാതെയാണ് ഇമോഷനൽ രംഗങ്ങളിൽ കരഞ്ഞത്. അതിനുവേണ്ടി തയാറെടുക്കുന്നത് ഏറെ ശ്രമകരമായിരുന്നു. എനിക്കേറ്റവും വിഷമം വരുന്ന കാര്യങ്ങൾ ആവർത്തിച്ച് ഓർത്തെടുത്ത്, ആ സങ്കടം മനസ്സിൽ നിറച്ചാണ് ക്യാമറയ്ക്കു മുന്നിലെത്തിയത്. അതുകൊണ്ട്, ഹാനിയ എന്ന വ്യക്തിയെ പലപ്പോഴും മിനിയിൽ കാണാം. അതുകൊണ്ടാവാം പലരും ഞാൻ 'നാച്ചുറൽ' ആയി ചെയ്തു എന്നു പറഞ്ഞത്. പക്ഷേ, ആ പ്രക്രിയ ‘ഇമോഷനലി ടയറിങ്’ ആയിരുന്നു.
കാടും മലയും കയറിയപ്പോൾ
എനിക്കൊട്ടും പരിചിതമല്ലാത്ത ഭൂപ്രദേശത്തായിരുന്നു ഷൂട്ട്. കാടും മലയും ഞാൻ ഇത്രയും അടുത്തറിഞ്ഞിട്ടില്ല. അതായിരുന്നു വലിയ വെല്ലുവിളി. ആനവിലാസം എന്നൊരു കാടിന്റെ ഉള്ളിലൂടെയാണ് കയറിപ്പോകുന്നത്. ഷൂട്ട് ചെയ്ത ചില സ്ഥലങ്ങളിലേക്കു നടന്നു വേണമായിരുന്നു പോകാൻ! ഒരു പോയിന്റു വരെയേ ജീപ്പിൽ പോകാൻ പറ്റൂ. ബാക്കി നടന്നു കയറണം. ഭക്ഷണമായി എന്തെങ്കിലും സ്നാക്സ് മാത്രമേ കയ്യിൽ കരുതാൻ കഴിയുമായിരുന്നുള്ളൂ. ചില ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കൊക്കെ തുടങ്ങിയ ഷൂട്ട്, പിറ്റേ ദിവസം രാവിലെ അഞ്ചു മണിക്കാവും തീരുക. പിന്നെ, നല്ല തണുപ്പാണ്. എനിക്ക് ശ്വാസം മുട്ടൽ വന്നു. എല്ലാവരും കൂടി പുറത്തു ഫയർ പ്ലേസിലിരുന്ന് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന ഒരു സീനുണ്ട്. അതു കട്ട് വിളിച്ചതും എന്നെ എല്ലാവരും ചേർന്ന് എടുത്താണ് അകത്തേക്കു കൊണ്ടു പോയത്. ശ്വാസം മുട്ടൽ നല്ലൊരു പണി തന്നു. ശാരീരികമായി നല്ല ടഫ് ആയിരുന്നു ആ ദിവസങ്ങൾ. എന്നാൽ സിനിമ തിയറ്ററിൽ കണ്ടപ്പോൾ ആ സ്ഥലവും ദിവസങ്ങളും വീടും മുറികളും വല്ലാതെ മിസ് ചെയ്തു. സിനിമയിൽ കാണുന്നതു പോലെ തന്നെ ശരിക്കും ഒരു കുടുംബമായി തന്നെയാണ് ഞങ്ങൾ ആ ഷൂട്ടിങ് ദിവസങ്ങളിൽ കഴിഞ്ഞത്. അതെല്ലാം ഓർമയിൽ വന്നു.
ഡയലോഗുകൾ ഇല്ലാത്ത തിരക്കഥ
എഴുതി വച്ച ഡയലോഗുകളല്ല സിനിമയിൽ ഞങ്ങൾ പറഞ്ഞത്. ഡയലോഗുകൾ ഒന്നും എഴുതിയിരുന്നില്ല. സീൻ പറഞ്ഞു തരും. അതിലെ ഇമോഷൻസ് പറഞ്ഞു തരും. അതിൽ എന്തൊക്കെ വരണം എന്നു കൃത്യമായി സംവദിക്കും. ഏതു തരത്തിൽ അതു പറയണമെന്നു സ്വയം തീരുമാനിക്കണം. സംവിധായകനുമായി സംസാരിച്ച് അതിൽ വ്യക്തത വരുത്തും. അതിനു ശേഷമാണ് ഓരോ രംഗവും എടുക്കുക. എനിക്ക് പ്രേമം തോന്നുന്നുവെന്നു മെറിനോട് (അതുല്യ ചെയ്ത കഥാപാത്രം) പറയുന്ന രംഗമൊക്കെ രസകരമായിരുന്നു. അതു ചെയ്യുമ്പോൾ എനിക്ക് പതിനെട്ടു വയസ്സാണ്. ചെയ്യുന്നത് പതിനാറുകാരിയുടെ പ്രേമവും! പ്രായത്തിൽ രണ്ടു വർഷത്തെ വ്യത്യാസമേ ഉള്ളൂവെങ്കിലും അത് വലിയ മാറ്റമാണ്. ആ പ്രായത്തിലുള്ള ഒരു കുട്ടി എന്തായാലും പ്രേമത്തെക്കുറിച്ച് താത്വികമായി സംസാരിക്കില്ലല്ലോ. ആ സീനിൽ ഞാൻ ‘കാതൽ റോജാവെ’ എന്ന പാട്ട് രണ്ടു വരി പാടുന്നുണ്ട്. ആ രംഗത്തിലൊക്കെ തിയറ്ററിൽ നല്ല ചിരിയായിരുന്നു. ആ പാട്ട് പാടിക്കോട്ടേ എന്നു രഞ്ജൻ സാറിനോട് ചോദിച്ചിട്ടാണ് ആ ഡയലോഗ് ഫിക്സ് ചെയ്തത്. അത് വർക്കൗട്ട് ആയി.
‘മിനി’യിലെ ഹാനിയ
എന്നെ സ്ക്രീനിൽ കണ്ട സുഹൃത്തുക്കളും കുടുംബാംഗങ്ങളും പരിചയക്കാരും പറയുന്നത് അവർ സിനിമയിൽ കണ്ട മിനി ഞാൻ തന്നെയാണെന്നാണ്. ആകെയുണ്ടായിരുന്ന വ്യത്യാസം എന്റെ വർത്തമാനത്തിലെ കണ്ണൂർ ശൈലി ഇല്ലായിരുന്നു എന്നതാണ്. ഇടുക്കി സ്ലാങ് അൽപം വെല്ലുവിളി ആയിരുന്നു. കാരണം, സിനിമ സിങ്ക് സൗണ്ട് ആയിരുന്നു. പിന്നെ, എഴുതിത്തയാറാക്കിയ ഡയലോഗുകളും അല്ല. എന്തായാലും അതു കുഴപ്പമില്ലാതെ വന്നു. ബേസിലിന്റെ കഥാപാത്രം ചെയ്ത ദേവദത്തും പുതുമുഖമായിരുന്നു. കളരിപ്പയറ്റ് ആർടിസ്റ്റാണ് ദേവദത്ത്. ഫൈറ്റ് കൊറിയോഗ്രാഫി ചെയ്യാനാണ് വിളിച്ചതെന്നായിരുന്നു അദ്ദേഹം ആദ്യം വിചാരിച്ചത്. പിന്നെയാണ് അഭിനയിക്കണമെന്നു മനസ്സിലായത്. എല്ലാവരും പരസ്പരം നന്നായി സഹായിച്ചു. ഞാനും ദേവദത്തും അതുല്യയുമായിരുന്നു പ്രധാന കമ്പനി. ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. ഷൂട്ടിന് നാലഞ്ചു ദിവസം മുമ്പെ ഞങ്ങൾ സെറ്റിലെത്തിയിരുന്നു. അങ്ങനെ എല്ലാവരുമായും നല്ല സൗഹൃദമായി. അതു ഗുണം ചെയ്തു. ആ സൗഹൃദം സ്ക്രീനിലും പ്രതിഫലിച്ചു.
നളൻ നല്ലൊരു നടൻ
സിനിമയിൽ ഒരു നായയുണ്ട്. നളൻ എന്നാണ് അതിന്റെ ഒറിജിനൽ പേര്. നളൻ നല്ലൊരു നടനാണ്. സിനിമയിൽ വെള്ളയാൻ എന്നായിരുന്നു അവന്റെ പേര്. നല്ല പരിശീലനം നേടിയ കക്ഷിയാണ് നളൻ. എനിക്ക് ആദ്യം പേടിയായിരുന്നു. അവന് നല്ല വലുപ്പമുണ്ട്. സിനിമയിൽ ഞങ്ങൾ ഒരുമിച്ചുള്ള സീനുകൾ ഉണ്ട്. പെട്ടെന്ന് സീനിൽ കക്ഷി വരുമ്പോൾ ഞാൻ പേടിക്കാൻ പാടില്ലല്ലോ. പക്ഷേ, നളനെപ്പോലെ ഇത്ര നല്ല സഹഅഭിനേതാവ് വേറെ ഇല്ലെന്നു പറയാം! ശരീരം മാത്രമെ വലുപ്പത്തിൽ ഉള്ളൂ. നളൻ ആളൊരു സ്വീറ്റ് കക്ഷിയാണ്.
അഭിനയം ഇഷ്ടമാണ്
അഭിനയം ഒരു ടാസ്ക് ആയി തോന്നിയിട്ടില്ല. എന്നെ പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമം എന്ന നിലയിലാണ് ഞാൻ അഭിനയത്തെ കാണുന്നത്. അത് ഞാൻ ആസ്വദിക്കുന്നുണ്ട്. കുറച്ചു സമയത്തേക്ക് വേറെ ഒരു വ്യക്തിയായി ജീവിക്കാൻ പറ്റുക, അവരുടെ പ്രശ്നങ്ങൾ തലയിൽ കൊണ്ടു നടക്കുക... അത് രസമുള്ള പരിപാടിയാണ്. അത്ര എളുപ്പമല്ല. നല്ല ബുദ്ധിമുട്ടാണ്. പക്ഷേ, ആ ബുദ്ധിമുട്ടുകളുടെ ഫലം സ്ക്രീനിൽ കാണുമ്പോഴുള്ള സന്തോഷം വലുതാണ്.
English Summary: Chat with Haniya Nafisa