അമ്മ പണിക്കു പോയ പാടം തന്നെ വാങ്ങാൻ കാരണമുണ്ട്: ഉണ്ണി രാജ അഭിമുഖം
മലയാളികൾക്ക് കാസർഗോഡിന്റെ ബ്രാൻഡ് അംബാസിഡർ ആണ് ഉണ്ണിരാജ് ചെറുവത്തൂർ എന്ന മറിമായം ഉണ്ണി. ചിലർ ഉണ്ണിരാജയെന്നും മറ്റു ചിലർ മൈം ഉണ്ണിയെന്നും ഇനിയും ചിലർ ഉണ്ണി രാജൻ എന്നുമൊക്കെ വിളിക്കുന്ന ഉണ്ണിയുടെ യഥാർഥ മേൽവിലാസം ചിരിയാണ്. അതും കാസർഗോഡിന്റെ കയ്യൊപ്പുള്ള നല്ല അസൽ ചിരി! പ്രേക്ഷകരിൽ ചിരി നിറയ്ക്കാൻ
മലയാളികൾക്ക് കാസർഗോഡിന്റെ ബ്രാൻഡ് അംബാസിഡർ ആണ് ഉണ്ണിരാജ് ചെറുവത്തൂർ എന്ന മറിമായം ഉണ്ണി. ചിലർ ഉണ്ണിരാജയെന്നും മറ്റു ചിലർ മൈം ഉണ്ണിയെന്നും ഇനിയും ചിലർ ഉണ്ണി രാജൻ എന്നുമൊക്കെ വിളിക്കുന്ന ഉണ്ണിയുടെ യഥാർഥ മേൽവിലാസം ചിരിയാണ്. അതും കാസർഗോഡിന്റെ കയ്യൊപ്പുള്ള നല്ല അസൽ ചിരി! പ്രേക്ഷകരിൽ ചിരി നിറയ്ക്കാൻ
മലയാളികൾക്ക് കാസർഗോഡിന്റെ ബ്രാൻഡ് അംബാസിഡർ ആണ് ഉണ്ണിരാജ് ചെറുവത്തൂർ എന്ന മറിമായം ഉണ്ണി. ചിലർ ഉണ്ണിരാജയെന്നും മറ്റു ചിലർ മൈം ഉണ്ണിയെന്നും ഇനിയും ചിലർ ഉണ്ണി രാജൻ എന്നുമൊക്കെ വിളിക്കുന്ന ഉണ്ണിയുടെ യഥാർഥ മേൽവിലാസം ചിരിയാണ്. അതും കാസർഗോഡിന്റെ കയ്യൊപ്പുള്ള നല്ല അസൽ ചിരി! പ്രേക്ഷകരിൽ ചിരി നിറയ്ക്കാൻ
മലയാളികൾക്ക് കാസർഗോഡിന്റെ ബ്രാൻഡ് അംബാസിഡർ ആണ് ഉണ്ണിരാജ് ചെറുവത്തൂർ എന്ന മറിമായം ഉണ്ണി. ചിലർ ഉണ്ണിരാജയെന്നും മറ്റു ചിലർ മൈം ഉണ്ണിയെന്നും ഇനിയും ചിലർ ഉണ്ണി രാജൻ എന്നുമൊക്കെ വിളിക്കുന്ന ഉണ്ണിയുടെ യഥാർഥ മേൽവിലാസം ചിരിയാണ്. അതും കാസർഗോഡിന്റെ കയ്യൊപ്പുള്ള നല്ല അസൽ ചിരി! പ്രേക്ഷകരിൽ ചിരി നിറയ്ക്കാൻ ഉണ്ണിരാജിന് അധിക സമയമൊന്നും വേണ്ട. ഓപ്പറേഷൻ ജാവയിലെ "അതെ... അഖിലേഷേട്ടനാണ്" എന്ന ഒറ്റ ഡയലോഗ് തീർത്ത ഓളം ഇപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ട്.
ഏതെങ്കിലും അക്കാദമിയിൽ പോയി അഭിനയം പഠിച്ചിട്ടില്ലെങ്കിലും നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഉണ്ണിരാജിനെ കൊണ്ടെത്തിച്ചത് നാടകപരിശീലകന്റെ വേഷത്തിലാണ്. ഉണ്ണിരാജ് പരിശീലിപ്പിച്ച കുട്ടികൾ സ്കൂൾ–കോളജ് കലോൽസവങ്ങളിൽ സമ്മാനം വാരിക്കൂട്ടിയപ്പോൾ തലയെടുപ്പോടെ അവർക്കൊപ്പം അദ്ദേഹം നിലകൊണ്ടു. കാശില്ലാത്തതുകൊണ്ടു മാത്രം കലോൽസവങ്ങളിൽ നിന്നു മാറി നിൽക്കേണ്ടി കാലത്തിനോട് ഉണ്ണിരാജ് പകരം വീട്ടിയത് അങ്ങനെയായിരുന്നു. കലോൽസവങ്ങളിൽ തീ പാറും പോരാട്ടം നടക്കുന്ന ഇനമായ മൂകാഭിനയത്തിൽ മലബാറിന്റെ ശൈലി രൂപപ്പെടുത്തിയത് ഉണ്ണിരാജ് ആയിരുന്നു. മഴവിൽ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായത്തിലെ കഥാപാത്രം ഉണ്ണിരാജിന്റെ കരിയറിൽ വഴിത്തിരിവായി. പിന്നീട് സിനിമകളിലും സജീവമായി. ധ്യാൻ ശ്രീനിവാസൻ കേന്ദ്രകഥാപാത്രമായെത്തിയ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിൽ മുഴുനീള വേഷത്തിലുണ്ട് ഉണ്ണിരാജ്. അഭിനയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്നു സംസാരിച്ച് ഉണ്ണിരാജ് മനോരമ ഓൺലൈനിൽ.
ധ്യാനിനൊപ്പം ക്ലീനർ രവി
നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ പേര് ക്ലീനർ രവി എന്നാണ്. ധ്യാൻ ശ്രീനിവാസനൊപ്പം വീണ്ടുമൊരു സിനിമയിലെത്തുന്നു എന്ന സന്തോഷമുണ്ട്. ഞങ്ങൾ ഒന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്. ജയിലറിലും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. പക്ഷേ, അതു ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ, നദികളിൽ സുന്ദരി യമുനയ്ക്ക് നല്ല അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിൽ സന്തോഷമുണ്ട്. ധ്യാനിന്റെ കൂടെ ജോലി ചെയ്യുന്നത് നല്ല എൻജോയ്മെന്റ് ആണ്. നല്ല പെരുമാറ്റം. വീണ്ടും ഒരുമിച്ചു ജോലി ചെയ്യാൻ തോന്നും. സമയത്തിന്റെ കാര്യത്തിലൊക്കെ കൃത്യമാണ്. ധ്യാൻ എഴുതുന്ന സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷേ, പോകാൻ പറ്റിയില്ല. വൈകാതെ അങ്ങനെ ഒരു അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
അന്ന് ജീവിതം തീർന്നെന്നു കരുതി
ജയിലർ എന്ന മലയാളം സിനിമയുടെ ഷൂട്ട് കഴിഞ്ഞ് കൊച്ചിയിലെത്തിയ സമയത്ത് ഒരു അപകടം സംഭവിച്ചു. കാർ ഇടിച്ചതോ ലോറി തട്ടിയതോ ഒന്നുമല്ല. നെട്ടൂരിലെ റയിൽവേ ഗേറ്റിന്റെ പടി തട്ടി ഒന്നു വീണു. ചെറിയ വീഴ്ച ആയിരുന്നെങ്കിലും നട്ടെല്ലിന് പരിക്കു പറ്റി. സർജറി വേണ്ടി വന്നു. കിടപ്പിലായിരുന്നു പിന്നീട് കുറെ ദിവസങ്ങൾ. എഴുന്നേൽക്കാൻ ഒന്നും പറ്റുന്നുണ്ടായിരുന്നില്ല. ജീവിതം തീർന്നെന്നു കരുതിപ്പോയി. എനിയെങ്ങനെ നടക്കും എന്ന ചിന്തയേക്കാൾ എന്നെ ആകുലപ്പെടുത്തിയത് ഇനി ഞാനെങ്ങനെ നാടകത്തിനും മൈമിനും ഒക്കെ പോകും, അഭിനയിക്കാൻ പറ്റുമോ എന്ന ചിന്തകളായിരുന്നു. ഭാഗ്യത്തിന് എല്ലാം ഭേദമായി. ഒരു മാസം കൊണ്ടു തന്നെ എനിക്ക് നടക്കാൻ സാധിച്ചു. ആ വീഴ്ച ജീവിതത്തിൽ വലിയ തിരിച്ചറിവ് ഉണ്ടാക്കി. എനിക്കെപ്പോഴും തിരക്കായിരുന്നു. എല്ലാം ഓടിച്ചാടി ചെയ്യും. എറണാകുളത്തേക്ക് വരിക എന്നു പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം എട്ടു മണിക്കൂർ നേരത്തെ യാത്രയാണ്. പലപ്പോഴും ലോക്കൽ കംപാർട്ട്മെന്റിലാവും യാത്ര. അല്ലെങ്കിൽ ബസിൽ. അതെല്ലാം ഇപ്പോഴും ചെയ്യും. പക്ഷേ, ആരോഗ്യത്തെക്കുറിച്ച് അൽപമെങ്കിലും ഇപ്പോൾ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്.
കാസർഗോട് ഭാഷ ഇപ്പോൾ ഹിറ്റല്ലേ?
ഞാൻ മറിമായത്തിൽ വന്നിട്ട് ഇപ്പോൾ ഒമ്പതു വർഷമായി. മനോരമയിലെ എന്റെ സുഹൃത്ത് പ്രദീപാണ് എന്നെ മറിമായത്തിലേക്ക് വിളിക്കുന്നത്. ചെറിയൊരു വേഷം ചെയ്യാൻ വന്ന ഞാൻ പിന്നീട് മറിമായത്തിലെ സ്ഥിരം സാന്നിധ്യമായി. കാസർഗോഡ് ഭാഷ ലോകമലയാളികൾക്കു മുമ്പിൽ ഇത്ര രസകരമായി ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ഒരു പക്ഷേ, മറിമായത്തിലാകും. അതിനുശേഷമാണ് കാസർഗോഡു ഭാഷയിൽ സിനിമ വന്നതും ഇത്രയേറെ പ്രചാരം കിട്ടിയതും. ഇപ്പോൾ ആളുകൾക്ക് ഞങ്ങളുടെ ഭാഷ ഇഷ്ടമാണ്. കാസർഗോഡിന്റെ ഭാഷയ്ക്ക് സ്വീകാര്യത ലഭിക്കുന്നതിന് ഒരു കാരണമായതിൽ എനിക്കും സന്തോഷമുണ്ട്. അഭിമാനമുണ്ട്. കാരണം, പണ്ടൊക്കെ ഞങ്ങളുടെ ഭാഷ കേൾക്കുമ്പോൾ പലരും കളിയാക്കും. ഞങ്ങൾ പറയുന്നത് മനസിലാകുന്നില്ല എന്നു പറയും. ഇപ്പോൾ അങ്ങനെയല്ല. കാസർഗോഡ് ഭാഷ പറയുമ്പോൾ ആളുകൾക്ക് അതു കേൾക്കാൻ ഇഷ്ടമാണ്. ആ ഭാഷാശൈലിയിൽ ഇറങ്ങിയ സിനിമയെല്ലാം ഹിറ്റല്ലേ?
സിനിമ യാദൃച്ഛികം
യാദൃച്ഛികമായാണ് സിനിമയിലെത്തിയത്. ആദ്യം അഭിനയിച്ചത് രഞ്ജിത് സർ സംവിധാനം ചെയ്ത 'ഞാൻ' എന്ന സിനിമയിലാണ്. സ്ക്രീനിൽ വന്നു പോയെന്നു പറയാം. അതിൽ കുറച്ചു നാടകക്കാരെ ആവശ്യമുണ്ടായിരുന്നു. അതു ശരിയാക്കിക്കൊടുക്കാൻ പോയതായിരുന്നു. അങ്ങനെയാണ് ആ സിനിമയിൽ മുഖം കാണിച്ചത്. ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തത് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലാണ്. "സർ ഞാൻ കവിയാണ്, രാജേഷ് അമ്പലത്തറ", എന്ന എന്റെ ഡയലോഗും കഥാപാത്രവും പ്രേക്ഷകർ ഏറ്റെടുത്തു. അതോടെ സിനിമ ചെയ്യാൻ ഒരു ആത്മവിശ്വാസമൊക്കെ വന്നു. അരവിന്ദന്റെ അതിഥികൾ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ഓപ്പറേഷൻ ജാവ അങ്ങനെ ഒരുപാടു നല്ല വേഷങ്ങൾ പിന്നീട് എനിക്ക് ചെയ്യാൻ കഴിഞ്ഞു.
ഒഴിഞ്ഞു മാറാൻ ശ്രമിച്ച 'അഖിലേഷേട്ടൻ'
ഒറ്റ ഡയലോഗിൽ ഹിറ്റടിച്ച കഥാപാത്രമായിരുന്നു ഓപ്പറേഷൻ ജാവയിലെ അഖിലേഷേട്ടൻ. ആകെ പത്തോ പതിനഞ്ചോ സെക്കൻഡ് മാത്രമേ ഞാൻ സ്ക്രീനിൽ ഉള്ളൂ. ആ കഥാപാത്രം എഴുതുമ്പോഴേ തരുൺ മൂർത്തി സാറിന്റെ മനസിൽ ഞാൻ ആയിരുന്നു. അതൊന്നും ഞാൻ അറിയുന്നില്ലല്ലോ. പ്രൊഡക്ഷനിൽ നിന്ന് എന്നെ വിളിച്ചു പറഞ്ഞത് ഒരു ദിവസത്തെ ജോലിയേ ഉള്ളൂ എന്നാണ്. അതിന് എറണാകുളത്തു വരണം. ഞാൻ അപ്പോൾ കാസർഗോഡ് ആണ്. കലോത്സവത്തിന്റെ മൈം ചെയ്യുന്ന തിരക്കിലായിരുന്നു. "വണ്ടി കയറിയില്ലേ" എന്നു ചോദിച്ചാണ് വിളി വന്നത്. ഒരു ദിവസം കൂടി കഴിഞ്ഞാൽ യൂണിവേഴ്സിറ്റി കലോൽസവം ആണ്. അതുകൊണ്ട് സിനിമയ്ക്കു വരുന്നില്ല എന്ന് ഞാൻ പറഞ്ഞു. ചെറിയ വേഷമല്ലേ? അതു വേറെ ആരെക്കൊണ്ടെങ്കിലും ചെയ്യിപ്പിച്ചാൽ പോരേ എന്നൊക്കെ ഞാൻ ചോദിച്ചെങ്കിലും അവർ വിട്ടില്ല. ഞാൻ വരാതെ പറ്റില്ലെന്ന് അവർ കട്ടായം പറഞ്ഞപ്പോൾ, രാത്രിക്കു രാത്രി ബസു പിടിച്ച് അടുത്ത ദിവസം രാവിലെ സെറ്റിലെത്തി. അവിടെ ഷൂട്ട് തകൃതിയായി നടക്കുകയാണ്. ഡയലോഗ് എന്തെങ്കിലും ഉണ്ടെങ്കിൽ പഠിക്കാൻ വേണ്ടി ഞാൻ അസിസ്റ്റന്റിനോടു ചോദിച്ചു. "അതെ... അഖിലേഷേട്ടനാണ്" എന്ന ഒറ്റ ഡയലോഗേ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഈ ഒറ്റ ഡയലോഗിനാണോ എന്നെ ഇത്രയും യാത്ര ചെയ്യിപ്പിച്ച് ഇവിടെ എത്തിച്ചതെന്ന് ഞാൻ ഓർത്തു. അവസാനം ഞാൻ അതു ചെയ്തു. ടേക്ക് പോയപ്പോൾ അവരെല്ലാം ചിരിക്കുന്നുണ്ടായിരുന്നു. എനിക്ക് കാര്യമൊന്നും മനസിലായില്ല. സിനിമ ഇറങ്ങിയപ്പോഴാണ് ആ ചിരിയുടെ കാര്യം പിടി കിട്ടിയത്.
അന്നത്തെ അവസ്ഥ വിഷമിപ്പിച്ചിട്ടില്ല
ശരിയായ പേര് ഉണ്ണി രാജൻ എന്നാണ്. അരവിന്ദന്റെ അതിഥികളിൽ മോഹൻ സർ പേരൊന്നു പരിഷ്കരിച്ച് 'ഉണ്ണിരാജ' എന്നാക്കി. ഉണ്ണിരാജ് എന്നു വിളിക്കുന്നവരുണ്ട്. മറിമായത്തിലെത്തിയപ്പോൾ ഉണ്ണിയായി. അങ്ങനെ പല പേരുകളുണ്ട്. എന്തായാലും ഉണ്ണി തന്നെ. അച്ഛൻ ഇട്ട പേരാണ് ഉണ്ണി രാജൻ എന്നത്. അച്ഛന്റെ പേര് കണ്ണൻ എന്നായിരുന്നു. കഷ്ടപ്പാടു നിറഞ്ഞ കുട്ടിക്കാലമായിരുന്നു. നല്ല ഭക്ഷണമോ നല്ല വസ്ത്രങ്ങളോ ഇല്ലാത്ത കാലം. വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കണമെങ്കിൽ ഓണമോ വിഷുവോ വരണം. അല്ലെങ്കിൽ, ആരെങ്കിലും കല്യാണത്തിനു വിളിക്കണം. വിനോദയാത്രയ്ക്ക് പോകുന്നവർ എഴുന്നേൽക്കാൻ സ്കൂളിൽ നിന്നു പറയുമ്പോൾ ഞാനടക്കം ചിലർ എഴുന്നേൽക്കില്ല. ചെറിയൊരു ദൂരത്തിനു പോലുമുള്ള പൈസ ഉണ്ടാവില്ല. അങ്ങനെയൊരു അവസ്ഥ ആയിരുന്നു. പക്ഷേ, അതിലൊരു വിഷമവും തോന്നിയിട്ടില്ല.
നാടകം പഠിക്കാതെ പരിശീലകനായി
നാടകത്തോടു വല്ലാത്ത ഇഷ്ടമായിരുന്നു. നാടകം ജീവനായിരുന്നു എന്നു പറയാം. ചെറുവത്തൂരിലെ എന്റെ വീടിനു മുമ്പിലൊരു സ്റ്റേജ് ഉണ്ട്. കുഞ്ഞുനാൾ മുതൽ ആ സ്റ്റേജിലെ നാടകം കണ്ടു വളർന്നതാണ് ഞാൻ. സ്കൂളിൽ പഠിക്കുന്ന സമയത്ത് കലോൽസവം വരുമ്പോൾ നാടകത്തിനു മത്സരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പലപ്പോഴും സാധിക്കാറില്ല. സാമ്പത്തിക പ്രതിസന്ധി തന്നെ കാരണം. പതിനേഴു പതിനെട്ടു വയസിൽ അടുത്ത സ്കൂളിൽ ഒരു ചെറിയ പരിപാടിക്ക് നാടകം പഠിപ്പിക്കാൻ പോയതാണ് എന്റെ തുടക്കം. കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ 'പൊന്നുരുക്കുന്നിടത്തൊരു പൂച്ച' എന്നൊരു നാടകം ചെയ്തു. ഒരു 30 വർഷം മുമ്പാണ് അത്. ഒരിക്കലും അതൊന്നും മറക്കാൻ പറ്റില്ല. പിന്നീട് നാടകം പഠിപ്പിക്കാൻ പലരും വിളിച്ചു. നാടകത്തിന് സ്ക്രിപ്റ്റ് കിട്ടാത്ത സന്ദർഭങ്ങളിൽ സ്വന്തമായി എഴുതി. ഞാനെഴുതിയ നാടകങ്ങൾ സംസ്ഥാന സ്കൂൾ യുവജനോൽസത്തിൽ സമ്മാനം നേടിയിട്ടുണ്ട്. നാടകപരിശീലനവുമായി ഞാൻ സഞ്ചരിക്കാത്ത ജില്ലകളില്ല. 28 വർഷം യുവജനോൽസവങ്ങളുടെ പിന്നാലെയായിരുന്നു.
ജീവിക്കാൻ പെയിന്റു പണിക്കാരനായി
നാടകത്തിനൊപ്പം കൈ വച്ച മറ്റൊരു മേഖല മൂകാഭിനയം (മൈം) ആയിരുന്നു. ഞാൻ മൂകാഭിനയം പരിശീലിപ്പിച്ചു തുടങ്ങിയ സമയത്ത് ഗൂഗിളോ യുട്യൂബോ പ്രചാരത്തിലില്ല. യാതൊരു അറിവും കൂടാതെയാണ് മൂകാഭിനയത്തിന്റെ പരിശീലനത്ത് ഇറങ്ങിയത്. ഒരു ധാരണയില്ലാതെ ചെയ്ത അന്നത്തെ മൈമുകൾ എല്ലാം ഹിറ്റായി. വടക്കൻ കേരളത്തിൽ മൈമിന്റെ പ്രത്യേക ശൈലിയുണ്ടാക്കാൻ സാധിച്ചു. വ്യത്യസ്തമായ പ്രമേയങ്ങൾ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. യുവജനോൽസവങ്ങളിൽ അവ സമ്മാനം നേടി. തെയ്യം രൂപത്തെ മൈമിൽ ആദ്യമായി അവതരിപ്പിച്ചത് എന്റെ ടീമായിരുന്നു. കാസർകോട്ടെ എൻഡോസൾഫാൻ വിഷയമൊക്കെ മൈമിൽ കൊണ്ടു വന്നതും ഏറെ ശ്രദ്ധ നേടി. മുഴുവൻ സമയ കലോത്സവ പരിശീലകൻ ആയിരുന്നെങ്കിലും അതിൽ നിന്നും സാമ്പത്തികലാഭമൊന്നും ലഭിച്ചിരുന്നില്ല. ജീവിക്കാൻ വേണ്ടി പല പണികളും ചെയ്തിട്ടുണ്ട്. പെയിന്റു പണി ആയിരുന്നു പ്രധാനം. സ്കൂളുകളിൽ പരിശീലനം ഇല്ലാത്ത ദിവസങ്ങളിൽ പെയിന്റു പണിക്കു പോകും.
അമ്മയുടെ സന്തോഷമാണ് എന്റെ ആനന്ദം
അച്ഛനും അമ്മയും കൃഷിപ്പണി ചെയ്താണ് ഞങ്ങൾ മൂന്നു മക്കളെ വളർത്തി വലുതാക്കിയത്. കാലക്രമത്തിൽ അമ്മ പണിക്കു പോയ പാടം തന്നെ എനിക്ക് വാങ്ങി നൽകാൻ കഴിഞ്ഞു. അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. വയസ്സ് ആയാലും അമ്മയ്ക്ക് കണ്ടത്തിൽ പണിയെടുക്കണമെന്ന് ആഗ്രഹമുണ്ട്. സ്വന്തം ഭൂമിയിൽ തന്നെ പണിയെടുക്കാലോ എന്നോർത്താണ് പാടം വാങ്ങിക്കൊടുത്തത്. ആ കൃഷിസ്ഥലം വിൽക്കുന്നോ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, വിൽക്കാനല്ല ഞാൻ ആ സ്ഥലം വാങ്ങിയത്. അമ്മയെ ഏറെ സന്തോഷത്തോടെ കാണുക എന്നതിലാണ് എന്റെ ആനന്ദം. അമ്മ അഭിനയത്തെക്കുറിച്ചൊന്നും സംസാരിക്കാറില്ല. എന്റെ സിനിമകൾ കാണുമ്പോൾ പറയും, ഞാൻ വീട്ടിൽ പറയുന്നതൊക്കെ തന്നെയല്ലേ, അവിടെ പോയി കാണിക്കുന്നതെന്ന്! പിന്നെ, അമ്മയ്ക്ക് എന്റെ കഥാപാത്രം സിനിമയിൽ നല്ലോണം വേണമെന്നാണ്. വന്നു പോകുന്ന ചെറിയ വേഷങ്ങൾ കാണുമ്പോൾ പറയും, അതു പോരാ... സിനിമയിൽ ഇടയ്ക്കിടക്കെ വരണം എന്നൊക്കെ!
പുരസ്കാരം സമർപ്പിച്ചത് നാടിന്
മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ശരിക്കും സർപ്രൈസ് ആയിരുന്നു. പുരസ്കാരത്തിന്റെ കാര്യം ഫോണിലൂടെ അറിഞ്ഞപ്പോൾ എനിക്ക് വിശ്വാസം ആയില്ല. പിന്നെ, ടിവിയിൽ കണ്ടപ്പോഴാണ് വിശ്വാസം ആയത്. കാസർഗോഡ് ഭാഷ പറഞ്ഞ്, കുഞ്ഞു വേഷങ്ങളിലൂടെ വന്ന ആളല്ലേ ഞാൻ. സാധാരണ ഒരു നാട്ടിൻപുറത്തുകാരൻ. അഭിനയം ഏതെങ്കിലും അക്കാദമിയിൽ പോയി പഠിച്ചിട്ടില്ല. ഞാൻ ചെയ്യുന്നത് വലിയ അഭിനയം ആണെന്ന് ഇപ്പോഴും തോന്നിയിട്ടില്ല. എന്നാലും, എന്റെ തമാശകൾക്കു കിട്ടിയ വലിയ അംഗീകാരം ആയിരുന്നു സംസ്ഥാന പുരസ്കാരം. വലിയ സന്തോഷമായിരുന്നു. എന്റെ ഭാഷയ്ക്കും കൂടി ലഭിച്ച അംഗീകാരമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ആ പുരസ്കാരം എന്റെ നാട് ചെറുവത്തൂരിനാണ് ഞാൻ സമർപ്പിച്ചത്. നാടും വീടും ചെറുവത്തൂർ ആണെങ്കിൽ ഇപ്പോൾ ജോലിയുടെ ഭാഗമായി കൂടുതൽ ദിവസങ്ങളും കൊച്ചിയിലാണ്. ഇടയ്ക്കൊരു ദിവസം എങ്കിലും ബ്രേക്ക് കിട്ടിയാൽ ഞാൻ ചെറുവത്തൂർ പോകും. നാട്ടുവഴികളിലൂടെ നടക്കും. നാടിനോട് എനിക്ക് പ്രത്യേകമൊരു ഇഷ്ടമുണ്ട്. എവിടെ പോയാലും എനിക്ക് നാടു മിസ് ചെയ്യും.
പ്രേക്ഷകരുടെ സ്നേഹമെന്ന ഊർജ്ജം
സിനിമയ്ക്കൊപ്പം നാടകവും കലോത്സവ പരിശീലനവുമൊക്കെ തുടരാനാണ് പരിപാടി. അതെല്ലാം എനർജിയാണ്. എത്രയൊക്കെ സിനിമ ലഭിച്ചാലും മറിമായത്തിനുള്ള ഡേറ്റ് എപ്പോഴും ഉണ്ടാകും. കാരണം, ഞാൻ എന്തെങ്കിലുമൊക്കെ ആയത് മറിമായത്തിലൂടെയാണ്. ഇങ്ങനെ ഒരു ഉണ്ണിരാജ് ഉണ്ടെന്ന് മലയാളികൾ അറിഞ്ഞത് ഈ പരിപാടിയിലൂടെയാണ്. ഒരു ജീവിതം തന്നത് ഈ പരിപാടിയാണ്. വീണപ്പോൾ പിടിച്ചു കയറ്റിയതും 'മനോരമ'യാണ്. അതു മറക്കാൻ പറ്റില്ല. ഒരുപാട് സിനിമയിൽ അഭിനയിച്ചാലും ആളുകൾ തിരിച്ചറിയണം എന്നില്ല. പക്ഷേ, മറിമായം എന്നെ പ്രേക്ഷകർക്കിടയിൽ പരിചിതനാക്കി. ചെറിയ കുട്ടികൾ പോലും എന്നെ കാണുമ്പോൾ 'ഉണ്ണി മാമാ' എന്നു വിളിക്കും. ഇതെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്. പ്രേക്ഷകരുടെ സ്നേഹമാണ് ഈ ലോകത്ത് ഒരു കലാകാരൻ ഏറ്റവും ആഗ്രഹിക്കുന്നത്. അത് എനിക്കു ലഭിക്കുന്നുണ്ട്. ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് പിന്നെന്തു വേണം?