മലയാള സിനിമയിലെ ചുരുക്കം വനിതാ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. ജനപ്രീതി നേടിയ ഒരുപിടി സിനിമകൾ സാന്ദ്ര തോമസ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിൽ പങ്കാളി ആയിരുന്ന സാന്ദ്ര ആ കൂട്ടുകെട്ടിൽ നിന്നു പിന്മാറി സിനിമയിൽ നിന്ന് അകന്ന് കുറേക്കാലം നിന്നിരുന്നു. വീണ്ടും സാന്ദ്ര തിരിച്ചു

മലയാള സിനിമയിലെ ചുരുക്കം വനിതാ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. ജനപ്രീതി നേടിയ ഒരുപിടി സിനിമകൾ സാന്ദ്ര തോമസ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിൽ പങ്കാളി ആയിരുന്ന സാന്ദ്ര ആ കൂട്ടുകെട്ടിൽ നിന്നു പിന്മാറി സിനിമയിൽ നിന്ന് അകന്ന് കുറേക്കാലം നിന്നിരുന്നു. വീണ്ടും സാന്ദ്ര തിരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിലെ ചുരുക്കം വനിതാ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. ജനപ്രീതി നേടിയ ഒരുപിടി സിനിമകൾ സാന്ദ്ര തോമസ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിൽ പങ്കാളി ആയിരുന്ന സാന്ദ്ര ആ കൂട്ടുകെട്ടിൽ നിന്നു പിന്മാറി സിനിമയിൽ നിന്ന് അകന്ന് കുറേക്കാലം നിന്നിരുന്നു. വീണ്ടും സാന്ദ്ര തിരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുരുക്കം വനിതാ നിർമാതാക്കൾ മാത്രമുള്ള മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ചയാളാണ് സാന്ദ്ര തോമസ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഭാഗമായിരുന്ന സാന്ദ്ര പിന്നീട് അതിൽ നിന്നും മാറി ഭർത്താവ് വിത്സനോടൊപ്പം ചേർന്ന് സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനി ആരംഭിച്ചു. വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യുന്ന സാന്ദ്രയുടെ ഏറ്റവും പുതിയ ചിത്രം ഷെയ്ൻ നിഗം–മഹിമ നമ്പ്യാർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ലിറ്റിൽ ഹാർട്സ് ആണ്. വനിതാ നിർമാതാവ് എന്ന നിലയിൽ താൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പുതിയ ചിത്രത്തെക്കുറിച്ചും മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുകയാണ് സാന്ദ്ര തോമസ്. 

കാലം വരുത്തിയ പക്വത 

ADVERTISEMENT

ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ പണ്ടത്തെക്കാൾ ഇപ്പോൾ ആണ് ഞാൻ ബുദ്ധിമുട്ട് നേരിടുന്നത്. കാരണം ചെറുപ്പത്തിന്റെ തിളപ്പിൽ ആര് എന്തു പറഞ്ഞാലും നമ്മൾ മൈൻഡ് ചെയ്യില്ല. പത്തു വർഷം കഴിഞ്ഞപ്പോഴേക്കും പക്വത ആയ കൂട്ടത്തിൽ കുറച്ചുകൂടി ചിന്തിച്ചു സംസാരിക്കണം എന്ന് തോന്നുന്നുണ്ട്. കുറച്ചുകൂടി സൗമ്യമായി സംസാരിക്കാൻ തുടങ്ങി. അഞ്ചാറു വർഷത്തിനിപ്പുറം സിനിമാ വ്യവസായത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പണ്ട് സിനിമ എടുക്കാൻ എളുപ്പമായിരുന്നു. കാരണം പടം വിൽക്കാൻ സ്ഥലങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കൂടുതൽ പ്ലാറ്റ്ഫോം ഉണ്ടെങ്കിലും ബുദ്ധിമുട്ട് കൂടുതലാണ്. 

ലിറ്റിൽ ഹാർട്സ് ഒരു സേഫ് പ്രോജക്റ്റ് 

പണ്ടുമുതലേ എനിക്ക് പരീക്ഷണ സിനിമകൾ എടുക്കാൻ ആണ് താല്പര്യം.  ഫ്രൈഡേ മുതൽ തന്നെ ഞാൻ അങ്ങനെയാണ് ചെയ്തിരിക്കുന്നത്.  വെറുമൊരു തട്ടുപൊളിപ്പൻ പടം അല്ലാതെ എന്തെങ്കിലും പ്രത്യേകതകൾ ഉള്ള സിനിമകൾ ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്. ഞാൻ തിരിച്ചു വന്നപ്പോഴും 'നല്ല നിലാവുള്ള രാത്രി' പോലെ ഒരു സിനിമയാണ് ചെയ്തത്. 'ആട്' ആ സമയത്ത് ഒരു 'ഗൈറിച്ചി' ഫോർമാറ്റിൽ വന്ന ആദ്യ സിനിമയായിരുന്നു. അന്ന് ആ സിനിമ ആളുകൾക്ക് മനസിലായില്ല. കുറെ നാളുകൾ എടുത്തു, ആ സിനിമ പ്രേക്ഷകർ അംഗീകരിക്കാൻ. അതുപോലെ തന്നെ 'നല്ല നിലാവുള്ള രാത്രി' കുറച്ചുപേർക്ക് ഇഷ്ടപ്പെട്ടു ചിലർക്ക് ഇഷ്ടപ്പെട്ടില്ല. ഒരു നല്ല റിസൾട്ട് അല്ല അതിനു കിട്ടിയത്.  അതുകൊണ്ടു തന്നെ ഒരു സേഫ് പ്രോജക്ട് ചെയ്യണം എന്നുണ്ടായിരുന്നു എനിക്ക്. അതാണ് 'ലിറ്റിൽ ഹാർട്സ്' എന്ന സിനിമ. ഏതു പ്രായക്കാർക്കും ഒരുപോലെ  ആസ്വദിക്കാൻ കഴിയുന്ന സിനിമയാണിത്. ഷെയ്‌നെയും മഹിമയെയും കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ കുട്ടികൾക്കും അവരെ ഇഷ്ടമാണ്. നമ്മുടെ സിനിമയ്ക്ക് സ്കൂളുകളിൽ നിന്നു വിളിച്ച് ബൾക് ബുക്കിങ് ചെയ്യുന്നുണ്ട്. ഒരു കുടുംബചിത്രം ആയതുകൊണ്ട് എല്ലാവർക്കും ഒരുപോലെ കണക്റ്റ് ആകും.

കുടുംബത്തിനൊപ്പം സാന്ദ്ര തോമസ്

എന്തിനാണ് ബാബുരാജിനെ പ്രമോട്ട് ചെയ്യുന്നത് 

ADVERTISEMENT

ഇതൊരു അപ്പന്റെയും മകന്റെയും കഥയാണ്. അപ്പൻ ബാബുരാജ്, മകൻ ഷെയ്ൻ നിഗം.  സിനിമയുടെ പ്രമോഷൻ തുടങ്ങിയപ്പോൾ എന്നോട് ചിലർ ഉപദേശിക്കാൻ വന്നു, ബാബുരാജിന്റെ ഭാഗങ്ങൾ കുറച്ചുകൂടെ? ഞാൻ ചോദിച്ചു, 'അതെന്തിനാണ്' എന്ന്. പടം വിജയിക്കണമെങ്കിൽ ഷെയ്നെയും മഹിമയെയും പ്രമോട്ട് ചെയ്യണം, ബാബുരാജിനെ പ്രമോട്ട് ചെയ്തിട്ട് കാര്യമില്ലെന്നാണ് അവരുടെ പക്ഷം. അതു കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. അത്രത്തോളം ആത്മാർത്ഥമായി കൂടെ നിന്ന് വർക്ക് ചെയ്യുന്ന ആളാണ് ബാബുരാജ് ചേട്ടൻ. ഇത്തരത്തിൽ പല പ്രശ്നങ്ങൾ ആണ് ഞാൻ നേരിടുന്നത്. ഞാൻ സിനിമയുടെ കഥ ആണ് നോക്കുന്നത്. സിനിമ കണ്ടു കഴിയുമ്പോൾ ആളുകൾ സംസാരിക്കാൻ പോകുന്നത് ബാബു ചേട്ടനെക്കുറിച്ച് ആയിരിക്കും എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പാണ്.

ഭർത്താവിനും മക്കൾക്കുമൊപ്പം

പ്രണയത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ 

പല പ്രായത്തിലെ പ്രണയങ്ങൾ ലിറ്റിൽ ഹാർട്സ് പറയുന്നുണ്ട്.  ഒന്ന് മഹിമ–ഷെയ്ൻ കോംബോ, മറ്റൊന്നാണ് രമ്യ സുവി–ബാബുരാജ് എന്നിവരുടെ പ്രണയം. അതുപോലെ, ഷൈൻ ടോം ചാക്കോയുടെ ഒരു പ്രണയം കൂടി സിനിമയിലുണ്ട്. രമ്യയുടെ കഥാപാത്രത്തിന്റെ  ഭർത്താവ് ജീവിച്ചിരിപ്പുണ്ടെങ്കിലും ഭർത്താവിനെ കുറിച്ച് ഏഴു വർഷമായി ഒരു വിവരവുമില്ല. പക്ഷേ, അങ്ങനെ ഒരാൾ മറ്റൊരാളെയും പ്രണയിക്കാനും വിവാഹം കഴിക്കാനോ പാടില്ല എന്ന് പറയുന്ന ഒരു സമൂഹത്തിൽ, അവരുടെ കൈ പിടിക്കാനും സ്നേഹിക്കാനും ഒരാൾ വരുന്നു. മറ്റുള്ളവർക്കു വേണ്ടി മാത്രമല്ല, നമുക്കു കൂടി വേണ്ടി നമ്മൾ ജീവിക്കണം ആ ഒരു മെസ്സേജ് ഈ സിനിമയിലൂടെ കൊടുക്കുന്നുണ്ട്. മഹിമയും ഷെയിൻ നിഗവും തമ്മിലുള്ള പ്രണയകഥ, ഒരു സാധാരണ പ്രണയമാണ്. എപ്പോൾ വേണമെങ്കിലും ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ഇടയിൽ സംഭവിക്കാവുന്ന ഒന്നാണ്. അതിന് വലിയ പ്രത്യേകതകൾ ഒന്നുമില്ല. പക്ഷേ അവർ തമ്മിലുള്ള കെമിസ്ട്രിയാണ് സിനിമയിലെ ഹൈലൈറ്റ്.

നിർമാണം അറിയാവുന്ന പണി 

ADVERTISEMENT

ഞാൻ സിനിമയിൽ എപ്പോഴും കെട്ടിപ്പിണഞ്ഞു കിടക്കുന്നയാളല്ല. അതുകൊണ്ട് തന്നെ എനിക്ക് എപ്പോൾ വേണമെങ്കിലും സിനിമയിൽ നിന്നും പോകാം. അതാണ് കുറേക്കാലം എനിക്ക് സിനിമയിൽ നിന്നും മാറിനിൽക്കാൻ കഴിഞ്ഞത്. പക്ഷേ, കുറെ ആളുകളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ഒരാൾ വീടിനുള്ളിൽ മാത്രം ഒതുങ്ങി പോകുമ്പോൾ നമുക്ക് തന്നെ ഒരു ബുദ്ധിമുട്ട് നേരിടും. അങ്ങനെ കുറേക്കാലം വീടിനുള്ളിൽ ഇരുന്നപ്പോൾ എനിക്ക് കൂടുതൽ ആളുകളുമായി ഒരുമിച്ചു പ്രവർത്തിക്കണമെന്ന് തോന്നി. എനിക്കാണെങ്കിൽ വളരെ ശാന്തമായ ഒരു കുടുംബജീവിതമാണ് ഉള്ളത്. എങ്കിലും കുറെ കാലം കഴിയുമ്പോൾ, അമ്മ എന്താണെന്ന് ചോദിച്ചാൽ എന്റെ മക്കൾ പറയണം അമ്മ ആരായിരുന്നു എന്ന്. ഇപ്പോൾ തന്നെ എന്റെ മക്കൾ പറയാറുണ്ട് അമ്മ പ്രൊഡ്യൂസർ ആണെന്ന്. അത് എന്റെ മക്കൾ വളരെ അഭിമാനത്തോടെയാണ് പറയുന്നത്. അങ്ങനെയാണ് ഞാൻ വീണ്ടും സിനിമ ചെയ്യാമെന്ന് ഒരു തീരുമാനത്തിലേക്ക് എത്തുന്നത്. 

മക്കൾക്കൊപ്പം സാന്ദ്ര തോമസ്

സിനിമ ചെയ്യുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേഖല പ്രൊഡക്ഷൻ ആണ്. അതാണ് എനിക്ക് അറിയാവുന്നത്. കുറച്ചു സിനിമകളിൽ അഭിനയിച്ചെങ്കിലും എനിക്ക് അത് അത്ര വലിയ താല്പര്യം ഇല്ലാത്ത കാര്യമാണ്. എനിക്ക് എന്റെ പ്രൈവസി നഷ്ടപ്പെടുന്നത് ഇഷ്ടമല്ല.  പക്ഷേ കൂട്ടത്തിൽ നിൽക്കുമ്പോൾ എനിക്ക് അംഗീകാരം വേണം. എനിക്ക് ഒരു തലയെടുപ്പ് വേണം. അങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. പ്രൊഡ്യൂസർ ആകുമ്പോൾ നമ്മളാണ് അവിടെയെല്ലാം തീരുമാനിക്കുന്നത്. ഒരു പവർ പൊസിഷനാണ് പ്രൊഡക്ഷൻ. അതുകൊണ്ടാണ് പ്രൊഡക്ഷനിലേക്ക് തന്നെ തിരിച്ചു വന്നത്. 

ഭർത്താവിനൊപ്പം സാന്ദ്ര തോമസ്

ആ മറിയാമ്മ ഞാൻ തന്നെ 

എന്റെ സ്വഭാവവുമായി ഒരുപാട് സാദൃശ്യമുള്ള കഥാപാത്രമാണ് ആമേൻ സിനിമയിലെ മറിയാമ്മ. കൂട്ടത്തിൽ നിൽക്കുമ്പോൾ തലയെടുപ്പുണ്ട് എന്നാൽ കുടുംബവുമായി വളരെ അടുപ്പം പുലർത്തുന്ന ആളാണ്. ഉള്ളിൽ അലിവുള്ള ആളാണ്. വളരെ നല്ല രസമുള്ള കഥാപാത്രമായിരുന്നു. അതുകൊണ്ടാണ് അതു ചെയ്തത്. എനിക്ക് അഭിനയത്തോട് വലിയ താല്പര്യമില്ല. ആരുടെ അടുത്തും ചാൻസ് ചോദിച്ച് പോകാൻ ഇഷ്ടവുമല്ല. എന്റെ സിനിമയിൽ തന്നെ കയറി അഭിനയിക്കണം എന്ന് ആഗ്രഹം ഒട്ടുമില്ല. എന്റെ സിനിമയിൽ ഞാൻ ബന്ധുക്കളെ പോലും അഭിനയിപ്പിക്കാൻ താൽപര്യപ്പെടാറില്ല. പക്ഷേ, ഈ സിനിമയിൽ എനിക്ക് പ്രിയപ്പെട്ടവർ ഉണ്ട്. മകൾ തങ്കം മഹിമയുടെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെതന്നെ എന്റെ പപ്പയും അഭിനയിച്ചിട്ടുണ്ട്. പപ്പയ്ക്ക് സിനിമ വലിയ ഇഷ്ടമാണ് അതാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. 

ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും

തങ്കത്തോട് ഞാൻ ചോദിച്ചു, 'മോളെ ഈ സിനിമയിൽ അഭിനയിക്കുമോ' എന്ന്. അവൾ ആദ്യം പറഞ്ഞത് 'എനിക്ക് വയ്യ' എന്നാണ്. അപ്പോൾ എന്റെ അമ്മ പറഞ്ഞു, 'മോള് ചെയ്യാത്തതുകൊണ്ട് അമ്മയ്ക്ക് ഇനി കുറെ പൈസ പോകുമല്ലോ, വേറൊരാളിനെ കൊണ്ടുവരാൻ' എന്ന്. അപ്പോൾ‍ അവൾ പറഞ്ഞു 'ആ ഞാൻ ചെയ്യാം'. എന്നോട് പറഞ്ഞു, മൂന്നു പ്രാവശ്യം മാത്രമേ ഞാൻ അഭിനയിക്കൂ എന്ന്. അവൾ ഉദേശിച്ചത് മൂന്നു ടേക്ക് ആണ്. ഇപ്പോൾ അവൾ പറയുന്നത് 'അമ്മേ ഞാൻ ഇനിയും അഭിനയിക്കാം' എന്നാണ്. പക്ഷേ, കുൽസുവിന് അഭിനയിക്കാൻ വലിയ താല്പര്യം ഇല്ല. അവർക്ക് രണ്ടുപേർക്കും ഷെയ്നെ വലിയ ഇഷ്ടമാണ്. ഈ സിനിമയിൽ ഷെയ്നെ  കാസ്റ്റ് ചെയ്യാൻ ഒരു കാരണം എന്റെ കുട്ടികളാണ്. ആർഡിഎക്സ് കണ്ടതിനു ശേഷം ഷെയ്ന്റെ ഫാൻസ് ആയി അവർ. തങ്കം എന്നോട് പറഞ്ഞത്, ‘അമ്മേ ഈ ചേട്ടനെയും ചേച്ചിയെയും വച്ച് പകലുള്ള ഒരു സിനിമ ചെയ്യുമോ’ എന്ന്! ഞാൻ ചെയ്ത 'നല്ല നിലാവുള്ള രാത്രി' എന്ന സിനിമ രാത്രി ആണ് ഷൂട്ട് ചെയ്തത്. അതാണ് പകൽ വേണമെന്ന് തങ്കത്തിനു തോന്നാൻ കാര്യം. 

അവരാണ് താരങ്ങൾ 

ഷെയ്ൻ നിഗവും മഹിമയും വളരെ നല്ല കുട്ടികളാണ്. കഴിഞ്ഞ ദിവസങ്ങളിൽ കുറച്ചുദിവസം ഞാൻ ദുബായിൽ അവരുടെ കൂടെ പ്രചരണ പരിപാടികളിൽ ആയിരുന്നു. ഒരു പ്രൊഡ്യൂസർ ആയിട്ടല്ല എന്നെ അവർ കാണുന്നത്. രണ്ടുപേരും വളരെ പ്രൊട്ടക്റ്റീവ് ആയി കൂടെ നിൽക്കും. സാധാരണ എല്ലാവരും പ്രൊഡ്യൂസറെ മറ്റൊരു ലെവലിലാണ് വയ്ക്കുന്നത്. എന്തെങ്കിലും കുറ്റം പറയാനോ അല്ലെങ്കിൽ പരാതി പറയാനോ ഒക്കെയാണ് പ്രൊഡ്യൂസറുടെ അടുത്ത് ആളുകൾ വരുന്നത്. എന്നാൽ അവർ അവരുടെ സ്വന്തം ചേച്ചിയെ കാണുന്നതു പോലെയാണ് എന്നെ കണ്ടത്. ‘ചേച്ചി ഞങ്ങൾ എല്ലാത്തിനും കൂടെയുണ്ട്’ എന്നു പറയും. ഈ സിനിമയിലെ ഏറ്റവും വലിയ ഭാഗ്യം ഷെയ്ൻ നിഗം, മഹിമ, ബാബുരാജ് എന്നിവരാണ്. വലിയ പിന്തുണയും സ്നേഹവുമായി കൂടെ നിന്നവരാണ് അവർ.

റിവ്യൂ ചെയ്തു കൊന്ന 'ആട്' 

സിനിമയിൽ ഒരുപാട്  റിസ്ക് എടുത്തു നിൽക്കുന്ന ഒരു പ്രൊഡ്യൂസർ ആണ് ഞാൻ. ബാബു ചേട്ടനൊക്കെ എന്നെ ഇടയ്ക്ക് കളിയാക്കും. തറവാട് കൂടെ വിൽക്കാനുള്ളു എന്ന്. അത്രയ്ക്കും പണം മുടക്കി പലതും നഷ്ടപ്പെടുത്തിയാണ് നിൽക്കുന്നത്. കഴിഞ്ഞ പടം തന്നെ ഞാൻ പറഞ്ഞില്ലേ നഷ്ടമായിരുന്നു. അതു നശിപ്പിച്ചത് റിവ്യൂവേഴ്സ് ആണ്. ആദ്യ ദിവസം തന്നെ മോശം റിവ്യൂ ഇട്ടു. എനിക്ക് ആരോടും ദേഷ്യമോ പരിഭവമോ ഒന്നുമില്ല. അത് നമ്മുടെ വിധി എന്നേ ഞാൻ കണക്കാക്കുന്നുള്ളൂ. എന്റെ 'ആട്' എന്ന സിനിമ നശിപ്പിച്ചത് ആദ്യ ദിവസത്തെ റിവ്യൂ ആയിരുന്നു. ആ സിനിമ പിന്നീട് വിജയിച്ചെങ്കിലും അതുകൊണ്ട് പ്രൊഡ്യൂസർക്ക് ഒരു ഗുണവുമില്ല. ഈ സ്നേഹം മുഴുവൻ ആട് 2 വിന് കിട്ടി. പക്ഷേ, ആ സമയം ഞാൻ ആ സിനിമയിൽ ഇല്ല. നമ്മൾ സിനിമ ഇറക്കുമ്പോൾ ആ സമയത്ത് ആളുകൾ അംഗീകരിച്ചാലേ പ്രൊഡ്യൂസറിന് കാര്യമുള്ളൂ. അല്ലാതെ കുറെനാൾ കഴിയുമ്പോൾ ആ സിനിമ നന്നായിരുന്നു എന്നു പറഞ്ഞിട്ട് ഒരു കാര്യമില്ല. സിനിമ ചെയ്യണമെങ്കിൽ പ്രൊഡ്യൂസർ വേണം ചുമരില്ലാതെ ചിത്രം വരയ്ക്കാൻ കഴിയില്ലല്ലോ. ഇന്ന് സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത് വളരെ റിസ്ക് ആണ്. രണ്ടുവർഷം മുമ്പുള്ള ഒരു അവസ്ഥയല്ല ഇപ്പോൾ. 

സുവർണ്ണകാലമാണ്, പക്ഷേ ! 

സാറ്റ്‌ലൈറ്റും ഒടിടിയും ഒന്നും മലയാളം സിനിമ എടുക്കുന്നില്ല. മലയാള സിനിമകളെക്കുറിച്ച് വലിയ വർത്തമാനം ഒക്കെ നടക്കുന്നുണ്ടെങ്കിലും ആരും മലയാളം സിനിമ എടുക്കുന്നില്ല. നെറ്റ്ഫ്ലിക്സ് പറയുന്നത് ഒരു വർഷത്തേക്കുള്ള സിനിമ ആയി എന്നാണ്. ആമസോൺ ആണെങ്കിൽ പേ പെർ വ്യൂവിൽ മാത്രമേ സിനിമ എടുക്കുകയുള്ളൂ. പേ പെർ വ്യൂ എന്നു പറഞ്ഞാൽ പടം ആളുകൾ കാണുന്നതിനനുസരിച്ച് പൈസ കിട്ടും. അല്ലെങ്കിൽ വലിയ വലിയ താരങ്ങളുടെയോ വലിയ കോടിക്കണക്കിന് ബിസിനസ് നടക്കുന്ന സിനിമയോ ആയിരിക്കണം. ഒരു വനിതാ നിർമാതാവ് എന്ന നിലയിൽ എനിക്ക് ഒരുപാട് പരിമിതികൾ ഉണ്ട്. അവർ എപ്പോഴും മുൻഗണന കൊടുക്കുന്നത് പുരുഷന്മാർക്കാണ്. വലിയ പ്രൊഡക്ഷൻ കമ്പനികൾക്ക് മുൻഗണന ഉണ്ട്. നമ്മൾ ഇരക്കുന്ന അവസ്ഥയിലാണ് സിനിമ ബിസിനസിൽ നിൽക്കുന്നത്. തിയറ്ററിനെ മാത്രം ആശ്രയിച്ചാണ് ഇപ്പോൾ സിനിമ ഇറക്കുന്നത്. ഇത്രയും വർഷങ്ങൾക്കിടയിൽ ഇത്രയും മോശമായ അവസ്ഥയിൽ കൂടി കടന്നു പോകുന്നത് ആദ്യമായിട്ടാണ്. ഏറ്റവും ചുരുങ്ങിയത്, നിങ്ങൾ പടം ഒന്നു കാണൂ എന്ന് പറഞ്ഞാൽ കാണാൻ പോലും അവർ കൂട്ടാക്കുന്നില്ല. 

പിടിച്ചു നില്ക്കാൻ പ്രയാസം

ഒരാൾ ഉയർന്നു വരുമ്പോൾ അടിച്ചു താഴ്ത്താൻ ഒരുപാട് പേര്‍ ഉണ്ടാകും സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. ഈ കഷ്ടപ്പെടുന്ന കാലം അതിജീവിക്കാൻ  കുറച്ചു പാടാണ്. ഈ സിനിമ ചെയ്യുന്നതിനിടയിൽ ഒരുപാട് തടസ്സങ്ങൾ വന്നിട്ടുണ്ട്. ഇത് എങ്ങനെ ഇവിടെ വരെ എത്തി എന്നുള്ളത് എനിക്കും ദൈവത്തിനു മാത്രമേ അറിയൂ. ഒരു സ്ത്രീ ഒരു സിനിമ എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പണ്ട് കുറച്ചുകൂടി എളുപ്പമായിരുന്നു ഇപ്പോൾ അങ്ങനെയല്ല. പുരുഷന്മാരുടെ പ്രൊഡക്ഷൻ കമ്പനിയോട് ഒപ്പം ചേർന്ന് പ്രവർത്തിക്കുന്നവർക്ക് ആണെങ്കിൽ കുഴപ്പമില്ല. ഒരു വലിയ സപ്പോർട്ട് ആയി ഒരാൾ അപ്പുറത്ത് ഉണ്ട് അവർക്ക്. അതുപോലെ അല്ല ഒറ്റയ്ക്കു നിന്ന് സിനിമ ചെയ്യുന്ന ഒരു സ്ത്രീയുടെ കാര്യം. പ്രൊഡക്ഷനിൽ നിൽക്കുന്നവരെ നോക്കിയാൽ അറിയാം, പലർക്കും ഒരു പങ്കാളി ഉണ്ടാകും. പക്ഷേ, ഒറ്റയ്ക്ക് ഒരു സ്ത്രീ നിൽക്കുന്നത് അപൂർവമാണ്. സ്ത്രീ  വിവേചനം എന്നു പറയുന്നത് പല മേഖലയിലും ഉണ്ട്. ഒരു ഓഫീസിൽ വർക്ക് ചെയ്യുന്നവർക്ക് പോലും അത് മനസ്സിലാകും. നമ്മൾ ഒരു അഭിപ്രായം പറഞ്ഞാൽ, നമ്മുടെ മുഖത്തു നോക്കി സംസാരിക്കാൻ താല്പര്യം കാണില്ല.  ഇവൾക്ക് ഞാൻ എന്തിനു ഉത്തരം കൊടുക്കുന്നു എന്ന് ചിന്തിക്കുന്നവരാണ് അധികവും. അവർ പുരുഷന്മാരോട്  ആയിരിക്കും മറുപടി പറയുന്നത്. സ്ത്രീകൾ ഉണ്ടെങ്കിൽ മാത്രമേ സ്ത്രീകളുടെ പ്രശ്നം എന്തെന്ന് മനസ്സിലാകൂ. 

മക്കൾ ആണ് പ്രയോറിറ്റി 

എന്റെ കുട്ടികൾക്ക് എന്നെ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു സമയമാണിത്. അവർ വളർന്നു വരുന്ന സമയമാണ്. കഴിഞ്ഞദിവസം കുട്ടികൾ എന്നോട് പറഞ്ഞു, 'അമ്മ ഇനി സിനിമ ചെയ്യേണ്ട, ഞങ്ങൾ എന്തെങ്കിലും ചോദിക്കാൻ വരുമ്പോൾ അമ്മ ഭയങ്കര തിരക്കിലാണ്' എന്ന്. അപ്പോഴാണ് ഞാൻ ആലോചിക്കുന്നത്. ശരിയാണ് അവർക്ക് കൊടുക്കേണ്ട സമയമാണ് ഞാൻ ഇങ്ങനെ സിനിമയ്ക്ക് വേണ്ടി ചിലവഴിക്കുന്നത്. അവരുടെ കുട്ടിക്കാലം എനിക്ക് മിസ്സ് ചെയ്യുന്നുണ്ട്. എനിക്ക് അവർ കഴിഞ്ഞിട്ടേ സിനിമയുള്ളൂ. ഞാൻ എത്ര തിരക്കിലാണെങ്കിലും അവരുടെ കൂടെ ഇടയ്ക്കിടെ ട്രിപ്പ് പോകാൻ ഒക്കെ സമയം ചെലവഴിക്കാറുണ്ട്. ആ സമയത്ത് ഞാൻ പൂർണമായും അവർക്കൊപ്പമാണ്. ഫോൺ പോലും ഓഫ് ചെയ്തു വയ്ക്കും. 

റിവ്യൂ ചെയ്യാം പക്ഷേ 

ഇത്രയും വെല്ലുവിളികൾ നേരിട്ട് ഒരു സിനിമ തിയറ്ററിലേക്ക് കൊണ്ടുവരുമ്പോൾ അതിനെ മോശം റിവ്യൂ പറഞ്ഞു കൊല്ലുന്ന ഒരു പ്രവണത നിർത്തണം എന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്. ലിറ്റിൽ ഹാർട്സ് ആരും മോശം പറയുന്ന ഒരു പടം ആയിരിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ടു മൂന്നു ദിവസമെങ്കിലും ആ സിനിമയ്ക്ക് ശ്വാസം വിടാൻ അവസരം കൊടുക്കണമെന്നാണ് എന്റെ അഭ്യർത്ഥന. ഒരു മാനുഷിക പരിഗണന എങ്കിലും നമുക്ക് തരണം. റിവ്യൂ പറയുന്നവർ അവർക്ക് കാശുണ്ടാക്കാൻ ആണല്ലോ ചെയ്യുന്നത്. ഈ ഓഡിയൻസിനെ തന്നെ അവർക്ക് ഒരു മൂന്നു ദിവസം കഴിഞ്ഞാലും കിട്ടും. ഇത്രയും നാളത്തെ കഷ്ടപ്പാട് ഒരൊറ്റ ദിവസം കൊണ്ട് റിവ്യൂ പറഞ്ഞു തുലച്ചു കളയുന്നത് ശരിയാണോ എന്ന് കൂടി നിങ്ങൾ ചിന്തിച്ചു നോക്കുക. അതുകഴിഞ്ഞാൽ എന്തു വേണമെങ്കിലും പറഞ്ഞു കാശുണ്ടാക്കാം. ഞാനെന്തും നേരിടാനുള്ള ഒരു മാനസികാവസ്ഥയിൽ ആയി മാറിക്കഴിഞ്ഞു. എനിക്ക് ആരോടും ദേഷ്യമോ പരാതിയോ ഇല്ല. പക്ഷേ, മറ്റുള്ളവരോട് ഒരു മാനുഷിക പരിഗണന കാണിക്കുക. അത് ഈ കിട്ടുന്ന പണത്തേക്കാൾ കൂടുതൽ മനസമാധാനം ലഭിക്കാൻ കാരണമാകും.

English Summary:

Chat with actor producer Sandra Thomas