മലയാളത്തിൽ നിന്ന് തമിഴകത്തെത്തി തിളക്കമാർന്ന വിജയം കൈവരിച്ച നടിമാരുണ്ട്. എന്നാൽ തമിഴിൽ നിന്ന് മലയാളത്തിലെത്തി വിജയനായികയായി മാറിയിരിക്കുകയാണ് പ്രയാഗ മാർട്ടിൻ. മിസ്കിന്റെ പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഈ മലയാളിതാരം ഇപ്പോൾ മലയാളസിനിമയിലെ തിരക്കേറിയ നായികയാണ്. പ്രയാഗ നായികയായി എത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷൻ സൂപ്പർഹിറ്റിലേക്ക് കടക്കുമ്പോൾ സിനിമാവിശേഷങ്ങളുമായി നടി മനോരമ ഓൺലൈനിൽ...
കട്ടപ്പനയിലെ ഋത്വിക്റോഷന് ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ?
സത്യമായിട്ടും പ്രതീക്ഷിച്ചിരുന്നില്ല. മാത്രമല്ല പ്രതീക്ഷകൾ ഏതുകാര്യത്തിലായാവും വളരെ കുറവ് വയ്ക്കുന്ന കൂട്ടത്തിൽപ്പെടുന്ന ഒരാളാണ് ഞാൻ. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നല്ല രീതിയിൽത്തന്നെ മുന്നോട്ടു പോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, പ്രതീക്ഷിച്ചിട്ടു കാര്യമില്ല. കാരണം പ്രതീക്ഷിക്കാത്തതാണ് നമ്മൾക്ക് നേരിടേണ്ടി വരുന്നതെങ്കിൽ വളരെയധികം സങ്കടപ്പെടേണ്ടി വരും. അതുകൊണ്ടുതന്നെ സിനിമയ്ക്കെന്നല്ല, ഒരുകാര്യത്തിലും അധികം പ്രതീക്ഷകൾ വയ്ക്കാറില്ല. പക്ഷേ ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന പോലെ ഇത് നല്ലൊരു സൂപ്പർഹിറ്റിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്റെ കരിയറിന്റെ തുടക്കംതന്നെ ഒരു സൂപ്പർഹിറ്റ് സിനിമയുടെ ഭാഗമാകാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നു.
ശരിക്കും ദൈവസ്പർശം ഉള്ള ഒരു സിനിമയായിട്ടാണ് എനിക്ക് കട്ടപ്പനയിലെ ഋത്വിക്റോഷൻ തോന്നിയിരിക്കുന്നത്. കാരണം ഞങ്ങളാരും വിചാരിക്കാത്ത പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. നമ്മുടെയൊക്കെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും കടത്തി വെട്ടിയ വിജയം. അതു തീർച്ചയായും ദൈവാനുഹ്രഹമാണ്.

കഥാപാത്രത്തെ സമീപിച്ച രീതി?
ഒരുപാട് അഭിനയസാധ്യതയുള്ള കഥാപാത്രമാണെന്ന് പറയാൻ സാധിക്കില്ല. ആൻമരിയ എന്ന പെൺകുട്ടിയാണ് കട്ടപ്പനയിലെ ഋത്വിക്റോഷനിലെ ഒരു പ്രധാനഭാഗം. വേറിട്ടൊരു ലുക്ക് വേണ്ട ഒരു കഥാപാത്രമായിരുന്നു ഇത്. ലുക്ക്സിനും കോസ്റ്റ്യൂംസിനും മേക്ക് അപ്പിനുമെല്ലാം വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ കഥാപാത്രത്തെ ഞാൻ സമീപിച്ചത്.
കോസ്റ്റ്യും ചെയ്തത് സഖി ആണ്. പാട്ടിലൊക്കെ അതിമനോഹരമായ വസ്ത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. മേക്ക്അപ് ഞാൻ തന്നെയാണ് ചെയ്തത്. നാദിർഷിക്ക തന്നെയാണ് ഹെയർസ്റ്റൈൽ ഒക്കെ അങ്ങനെയാകണമെന്ന് പറഞ്ഞത്. ഏതു ലുക്കായിരിക്കും ആൻമരിയ എന്ന കഥാപാത്രത്തിനു വേണ്ടത് എന്നറിയാൻ കുറേയധികം മേക്ക്അപ് ടെസ്റ്റ് നടത്തി നോക്കിയിരുന്നു.
ആൻമരിയ നേരിട്ട പ്രധാന വെല്ലുവിളി?
കിച്ചുവിന്റെയും ആൻമരിയയുടെയും സൗഹൃദമാണ് ചിത്രം പറയുന്നത്, അല്ലാതെ പ്രണയമല്ല. അവൾക്ക് അവനോടുള്ള സൗഹൃദം പ്രണയമാണെന്ന് കിച്ചു ഒരുഘട്ടത്തിൽ തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്. സൗഹൃദവുമായി പോകുമ്പോൾ ഒരു രംഗത്തിൽപ്പോലും പ്രണയത്തോടെ ഇവൾ കിച്ചുവിനെ നോക്കുകയോ സമീപിക്കുകയോ ചെയ്യുന്നില്ല. അതായിരുന്നു എന്റെ കഥാപാത്രത്തിനുള്ള വെല്ലുവിളി. കാരണം അങ്ങനെയുള്ള ഒരു നോട്ടമോ ചിരിയോ പോലും കൊടുക്കരുത്. പക്ഷേ അതല്ലാതെയുള്ള ചിരിയും നല്ല നോട്ടങ്ങളും കൊടുക്കുകയും വേണം.

സിനിമാഭിനയം മോഹിച്ചു നടക്കുന്ന ആൻമരിയയ്ക്ക് പ്രയാഗയുമായി ഏതെങ്കിലും രീതിയിൽ ബന്ധമുണ്ടോ?
ആൻ മരിയയിൽ പ്രയാഗ മാർട്ടിൻ അല്ല. അവൾ ഒരു പോസിറ്റീവ് കാരക്ടർ ആണെന്നതാണ് ഇതിന്റെ ഹൈലൈറ്റ്. കാരണം ഒരു ഘട്ടംവരെ പ്രേക്ഷകർ ചിന്തിക്കുകയും ചെയ്യും ഇവൾ ഒരു വില്ലത്തി ആയിരിക്കുമെന്ന്. അതിനെ ബ്രേക്ക് ചെയ്തുകൊണ്ടാണ് ആൻമരിയ എന്ന പോസിറ്റീവ് കാരക്ടർ നിൽക്കുന്നത്. നമ്മുടെ സമൂഹത്തിലെതന്നെ ഒരുപാട് പെൺകുട്ടികളെയാണ് ആൻമരിയ പ്രതിനിധീകരിക്കുന്നത്. ഒരു നല്ല സൗഹൃദം പ്രണയത്തിൽ അവസാനിക്കണമെന്നില്ല. നമ്മുടെ യഥാർഥജീവിത്തിൽ ഒരുപാട് ബോയ്ഫ്രണ്ട്സ് ഉണ്ടാകാം. അവരോടൊന്നും നമുക്ക് പ്രണയമല്ല. പക്ഷേ, ഒരുഘട്ടത്തിൽ ചിലർ അതു തെറ്റിദ്ധരിക്കപ്പെടാം. അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാകുകയാണെങ്കിൽതന്നെ ശരിയായ രീതിയിൽ വ്യക്തമാക്കി മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന സന്ദേശമാണ് ആൻമരിയ നൽകുന്നത്.

തെറ്റിദ്ധരിക്കപ്പെട്ടാൽ ഭൂരിഭാഗം പേരും ഇങ്ങനെ ഒരു തെറ്റിദ്ധാരണ വന്നല്ലോ എന്നു കരുതി ആ സൗഹൃദം വിട്ടുകളയുകയാണ് ചെയ്യാറ്. എന്നാൽ ആൻമരിയ അതു ചെയ്യുന്നില്ല. ആ നല്ല സൗഹൃദം അവൾ തുടരുന്നു. അത് എന്തുകൊണ്ടാണെന്നുവച്ചാൽ അവൾക്ക് കിച്ചുവിനോടുള്ള സമീപനം എന്നും നിഷ്കളങ്കമായ സൗഹൃദം ആയിരുന്നു. അതുകൊണ്ടാണ് അവൾക്ക് യാതൊരു പശ്ചാത്താപവുമില്ലാതെ അത് തുടരാൻ സാധിക്കുന്നത്.
സലിംകുമാർ, സിദ്ദിഖ് തുടങ്ങിയ പ്രതിഭകൾക്കൊപ്പം?
സലിമേട്ടൻ, സിദ്ദിഖിക്ക, നാദിർഷിക്ക ഈ മൂന്നു പേരും ഞാൻ വളരെ ബഹുമാനപൂർവം നോക്കിക്കാണുന്ന മൂന്നു പേരാണ്. ഇവരുടെ മൂന്നുപേരുടെ പക്കൽ നിന്നും അനുഗ്രഹവും നല്ല ഉപദേശങ്ങളും കിട്ടായതാണ് ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കാണുന്നത്. സിദ്ദിഖിക്കയുമായി ഫുക്രിയിലും ഞാൻ വർക് ചെയ്യുന്നുണ്ട്. വളരെയധികം സപ്പോർട്ടീവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പക്കൽ നിന്ന് കുറേയധികം പഠിക്കാൻ പറ്റി. ബ്രേക്ക് വരുന്ന സമയത്തൊക്കെ ഞാൻ പോയി ഓരോ കാര്യങ്ങൾ ചോദിക്കും. ഒരു ടീച്ചർ പറഞ്ഞുതരുന്ന പോലെ കാര്യങ്ങൾ അദ്ദേഹം പറഞ്ഞുതരും. ധർമജൻ, വിഷ്ണു എന്നിവരോടൊപ്പമായിരുന്നു എനിക്ക് കൂടുതൽ കോംപിനേഷൻ സീനുകൾ ഉണ്ടായിരുന്നത്. അവർ തമാശയുടെ ആൾക്കാരായതുകൊണ്ടുതന്നെ സെറ്റ് മുഴുവൻ കോമഡി ആയിരുന്നു.
ആദ്യ തമിഴ് സിനിമകൊണ്ടുതന്നെ തമിഴ് ലോകം സ്വീകരിച്ചു. ഇപ്പോഴിതാ മലയാളത്തിലെ തിരക്കേറിയ ഒരു നടിയായി പ്രയാഗ മാറിയിരിക്കുന്നു. എങ്ങനെ വിലയിരുത്തുന്നു?

വളരെ സന്തോഷം. അഭിനയം എന്ന എന്റെ തീരുമാനം ഗൗരവപൂർവം ഞാനെടുക്കുന്നത് പിസാസ് ചെയ്തതിനു ശേഷമാണ്. സിനിമയിൽ അഭിനയിക്കുമ്പോൾ ആ സംവിധായകൻ സങ്കൽപിച്ചപോലെ ഒരു കഥാപാത്രത്തെ കൊണ്ടുവരാൻ സാധിക്കുന്നതാണ് ഒരു ആർട്ടിസ്റ്റിന്റെ വിജയം. അത് എത്രത്തോളമെന്ന് വിലയിരുത്തുന്നത് പ്രേക്ഷകരാണ്. ഞാനൊക്കെ എപ്പോഴും കടപ്പെട്ടിരിക്കുന്നത് പ്രേക്ഷകരോടാണ്. അവർ എന്റെ കഥാപാത്രത്തെ സ്വീകരിച്ചതുകൊണ്ടാണ് എനിക്ക് തുടർന്നും സിനിമകൾ ചെയ്യാൻ സാധിക്കുന്നത്. ഞാൻ ഏറ്റവും വിലമതിക്കുന്നതും പ്രേക്ഷകരുടെ കമന്റുകൾ തന്നെ. ഈയൊരവസരത്തിൽ ഞാൻ പ്രേക്ഷകരോടുള്ള എന്റെ നന്ദിയും അറിയിക്കുന്നു. അവർക്കു വേണ്ടിയാണ് സംവിധായകൻ സിനിമ അവർക്കു മുന്നിലേക്കെത്തിക്കുന്നത്. നമ്മൾ ഓരോ കഥാപാത്രമായി വരുമ്പോൾ നമ്മളെ ഉൾക്കൊണ്ട്, സ്വീകരിച്ച് രണ്ടു മണിക്കൂർ കണ്ടുകൊണ്ടിരിക്കുന്നത് അവരുടെ അംഗീകാരമാണ്. അപ്പോൾ തീർച്ചയായിട്ടും അവരോടാണ് നന്ദി പറയേണ്ടത്.
മലയാളത്തിൽ ഇനി ഇറങ്ങാനുള്ളത്?
ഫുക്രിയാണ് ഇറങ്ങാനുള്ള ചിത്രം. സിദ്ദിഖ് സാറാണ് സംവിധാനം ചെയ്യുന്നത്. ജയസൂര്യയുടെ ഓപ്പോസിറ്റായാണ് വരുന്നത്. കഥാപാത്രം പ്രേക്ഷകർതന്നെ കണ്ടുനോക്കി വിലയിരുത്തണം.
മലയാളത്തിൽ നായികമാർക്ക് നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ലെന്നു പറഞ്ഞാൽ?
എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല. എനിക്കു നല്ല കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്. അത് തീർച്ചയായും ദൈവാനുഗ്രഹമാണ്. എന്റെ എക്സ്പീരിയൻസ് വച്ചു പറയുകയാണെങ്കിൽ നല്ല കഥാപാത്രങ്ങൾ തേടിയെത്തുന്നുണ്ട്. പിന്നെ ആഗ്രഹിച്ചാൽ മാത്രം പോരാ, നമ്മൾ അതിനുവേണ്ടി പ്രയത്നിക്കുക കൂടി വേണം. കഠിനാദ്ധ്വാനത്തിനു പകരം വേറൊന്നില്ല. ഹാർഡ് വർക്കിന് അതുതന്നെ ചെയ്യണം. ആരു ഹാർഡ് വർക്ക് ചെയ്യുന്നുവോ അവർക്ക് എന്തായാലും അതിന്റെ ഫലവുമുണ്ടാകും.

കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം?
മാനദണ്ഡമുണ്ട്. പക്ഷേ അത് എന്റെ കഥാപാത്രങ്ങളിലൂടെ മനസ്സിലാക്കാനാണ് എനിക്കിഷ്ടം.