സിനിമയും ജീവിതവും തമ്മിൽ മിക്കപ്പോഴും ബന്ധമൊന്നുമുണ്ടാവില്ല.എന്നാൽ ചിലപ്പോൾ സിനിമയേക്കാളും രസകരമായ അനുഭവങ്ങൾ ജീവിതത്തിൽ സംഭവിക്കാറുണ്ട്. ഇത്തരമൊരു അനുഭവം കഴിഞ്ഞ ദിവസം നടൻ സുധീർ കരമനക്കുണ്ടായി.
അദേഹത്തിന് ഒരു സർകുലർ തപാലിൽ ലഭിച്ചു. “സ്കൂൾ ബസ് ”എന്ന സിനിമ കുട്ടികളെ കാണിക്കാൻ എല്ലാ സ്കൂൾ പ്രിൻസിപ്പൽമാരും ശ്രമിക്കണമെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഗവൺമെന്റ് ഓർഡർ ആയിരുന്നു അത് ! യഥാർത്ഥ ജീവിതത്തിൽ ഒരു സ്കൂൾ പ്രിൻസിപ്പലാണ് സുധീർ കരമന. അത് കൊണ്ടാണ് എല്ലാ പ്രധാനാധ്യാപകർക്കുമായി വിദ്യാഭ്യാസ ഡയറക്ടർ അയച്ച ഉത്തരവിന്റെ ഒരു കോപ്പി സുധീർ സാറിനും ലഭിച്ചത്. അതേ സിനിമയിൽ ഒരു കലക്ടറുടെ വേഷം ചെയ്ത ആൾക്കാണ് നിത്യ ജീവിതത്തിൽ താൻ പഠിപ്പിക്കുന്ന കുട്ടികളെ സിനിമ കാണിക്കണം എന്ന ഓർഡർ കിട്ടിയത് എന്നതാണിവിടുത്തെ രസാനുഭവം.
മാതാപിതാക്കന്മാരും മക്കളും തമ്മിലുള്ള വിള്ളൽ വീണ ബന്ധം, അധ്യാപകരും-വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിലെ പോരായ്മ, മഴ നനഞ്ഞും തേൻ കുടിച്ചും നാരങ്ങമിഠായി തിന്നും ആഘോഷിച്ചു തിമിർത്ത ബാല്യം…ഇങ്ങനെ ഒരു പിടി നിറക്കാഴ്ചകൾ “സ്കൂൾ ബസിന്റെ ഫ്രെയിമിലുണ്ട്.
ഓർമയിൽ സൂക്ഷിക്കാൻ ഇത്തരത്തിലുള്ള ഒരുനുറുങ്ങ് ഓർമ പോലുമില്ലാത്ത ,വാട്ട്സ് ആപ്പും കമ്പ്യൂട്ടർ ഗെയിമും മാത്രമാണ് തങ്ങളുടെ ലോകം എന്ന് കരുതുന്ന ഇന്നത്തെ കുഞ്ഞു തലമുറകളാണ് ഈ സിനിമ കാണേണ്ടത് .ഒപ്പം ഓരോ മാതാപിതാക്കളും അധ്യാപകരും. തിരക്കിട്ട ഷൂട്ടിങ്ങിനിടയിലും സമയം കണ്ടെത്തി തന്റെ വിദ്യാർത്ഥികളെയും സ്വന്തം മക്കളെയും ഈ സിനിമ തിയറ്ററിൽ കൊണ്ടുപോയി കാണിക്കുവാനുള്ള ശ്രമത്തിലാണ് സുധീർ കരമന.