Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിയായ മഞ്ജുവിനെ കണ്ട് മാധവിക്കുട്ടിയുടെ സഹോദരി പറഞ്ഞത്

manju-aami

കമലിന്റെ ആമിയാകുന്നതിൽ നിന്നും വിദ്യാബാലൻ പിൻമാറിയതോടെയാണ് മഞ്ജു വാര്യരെത്തേടി ഭാഗ്യം എത്തിയത്. ആമിയുമായുള്ള രൂപസാദൃശ്യമായിരുന്നു വിദ്യാബാലനെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. അത്രത്തോളം രൂപസാദൃശ്യം മഞ്ജുവിനില്ലാത്തത് ആമിയാകാൻ മഞ്ജുവിന് സാധിക്കുമോയെന്നുള്ള സംശയം സ്വാഭാവികമായും പ്രേക്ഷകരിൽ  ഉണർത്തിയിരുന്നു. എല്ലാം സംശയങ്ങൾക്കും പൂർണ്ണവിരാമമിട്ട് പുതിയ രൂപത്തിൽ മഞ്ജു കാമറയ്ക്ക് മുമ്പിൽ എത്തി. ആമിയാകാൻ ശരീരഭാരം വർധിപ്പിച്ച മഞ്ജു ചുവന്ന പട്ടു സാരിയും അഴിഞ്ഞകേശഭാരവും നാഗപടമാലയും കറുത്ത ചരടും അണിഞ്ഞ് കാമറയ്ക്ക് മുമ്പിൽ എത്തിയപ്പോൾ ആമിയല്ല മുമ്പിലെന്ന് ആരും പറയില്ല.

Kamal's Aami's shooting started at Panniyoorkulam | Manorama News

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയുടെ ഓർമകളുമായി ആമി തുടങ്ങി. രൂപം കൊണ്ടും ഭാവം കൊണ്ടും ആമിയായി മഞ്ജു എല്ലാ അർഥത്തിലും മാറി. നിർമാതളത്തെ സാക്ഷിയാക്കി പന്നിയൂർകുളത്തെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. തൃശൂര്‍ പുന്നയൂര്‍കുളത്തെ കമലസുരയ്യ സ്മാരകത്തിലുള്ള  നീര്‍മാതളച്ചുവട്ടിലാണ് ആദ്യ  ചിത്രീകരണം. പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ സിനിമയിലുണ്ടാകുമെന്നാണ് വിവരം. 

manju-aami-1

ആമിയാകാൻ കമലസുരയ്യ എഴുതിയ പുസ്തകങ്ങളും സുരയ്യയെക്കുറിച്ചുള്ള പുസ്തകങ്ങളും മഞ്ജുവായിച്ചു. ബന്ധുകളോടും മിത്രങ്ങളോടും നിരന്തരം സംസാരിച്ചു. ആമിയാകാൻ  തിരഞ്ഞടുത്തത് ഭാഗ്യമായിട്ട് കരുതുന്നു എന്നും ഇരുപത് വർഷങ്ങൾക്ക് ശേഷം കമലിന്റെ സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷവും മഞ്ജുവാര്യർ അറിയിച്ചു. 

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള ദിനമാണ് ഇന്ന് എന്ന് സംവിധായകൻ കമൽ പറഞ്ഞു. കമല ഓപ്പു മുമ്പിൽ നിൽക്കുന്നതുപോലെയെന്നാണ് മാധവിക്കുട്ടിയുടെ സഹോദരി മഞ്ജുവിനെ കണ്ടിട്ട് പറഞ്ഞത് ഇതിൽ സന്തോഷം വേറെയൊന്നുമില്ലെന്ന് കമൽ അറിയിച്ചു.