മലയാളസിനിമയുടെ മുത്തശ്ശിയാണ് നടി വത്സലമേനോൻ. പ്രേക്ഷകർ ഇവരെ കണ്ടു തുടങ്ങിയതും മുത്തശ്ശിവേഷങ്ങളിലൂടെ. പുതിയ ചിത്രത്തിൽ മഞ്ജു വാരിയറിനൊപ്പമാണ് വത്സല മേനോൻ എത്തുന്നത്. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയിലാണ് മഞ്ജുവും വത്സല മേനോനും ഇരുപത് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ത്.
സല്ലാപത്തിനും ദില്ലിവാലരാജകുമാരനും ശേഷം അവർക്കൊപ്പം പുതിയ സിനിമയായ 'ആമി'യായി താൻ ഒരുമിക്കുകയാണെന്ന് മഞ്ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
മഞ്ജുവിന്റെ കുറിപ്പ് വായിക്കാം–
ആറ്റുവഞ്ചി പോലെ ഓർമകളിൽ എന്നും പൂത്തുനിൽക്കുന്നുണ്ട്,ഒറ്റപ്പാലം. പാടങ്ങൾ കടന്നുവരുന്നൊരു കാറ്റ് മനസ്സിനെ സദാ തൊടുന്നു. രാധയും ഉണ്ണിമായയുമൊക്കെ ജീവിച്ചത് ഇവിടെയാണ്.
'ആമി' ഒറ്റപ്പാലത്തേക്കുള്ള മടക്കയാത്ര കൂടിയാകുന്നു. ഇതുപോലുള്ള ചില നല്ലനിമിഷങ്ങൾ കൂടി സമ്മാനിക്കുന്നുണ്ട് അത്. വത്സലചേച്ചിയെ ആദ്യം കണ്ടത് സല്ലാപത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ്.
പിന്നെ ദില്ലി വാല രാജകുമാരനിലും ഒരുമിച്ച് അഭിനയിച്ചു. 20വർഷങ്ങൾക്കുശേഷമാണ് ചേച്ചിക്കൊപ്പം ഒരു ചിത്രം. കാലത്തിനൊരിക്കലും മായ്ച്ചുകളയാനാകില്ല ആ മുഖത്തെ വാത്സല്യഭാവം.