വർഷങ്ങൾക്കപ്പുറം ഒരു വിഷുവിന്റെ തലേദിവസം. മകളുടെ സ്കൂൾ ആനിവേഴ്സറി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി (ജോമോൾ) കണ്ടത് ബാഗ് പാക്ക് ചെയ്ത് യാത്രയ്ക്ക് തയാറായി നിൽക്കുന്ന ഭർത്താവ് ചന്തുവിന്റെ അച്ഛനമ്മമാരെയാണ്. ‘നാട്ടിൽ നിന്ന് ഫോൺ വന്നു, ഗൗരിയുടെ അച്ഛൻ സീരിയസായി ഐസിയുവിലാണ്. നമുക്ക് പോയി കാണാം.’ വിവാഹത്തോടെയുണ്ടായ പ്രശ്നങ്ങൾ തീരും മുമ്പേ നാട്ടിലേക്ക്.
പക്ഷേ, അന്ന് ആശുപത്രിയിൽ വച്ച് ഉരുകിപ്പോയത് വർഷങ്ങൾ പഴക്കമുള്ള പിണക്കവും പരിഭവവുമായിരുന്നു. അച്ഛൻ ആരോഗ്യത്തോടെ ചിരിക്കുന്നത് കണ്ട് മകൾ അരികിലിരുന്നു. വാത്സല്യ വാക്കുകളിൽ സന്തോഷത്തിന്റെ കണിക്കൊന്ന പൂത്തു. അന്നുമുതൽ ഗൗരിയുടെ മനസ്സിൽ വിഷു കൂടിച്ചേരലിന്റെ ആഘോഷമാണ്. നഷ്ടപ്പെട്ടു പോകുമെന്ന് ഭയന്ന സന്തോഷം തിരികെ കിട്ടിയ ദിവസം.
അത്രയും ഹാപ്പിയായ വിഷുക്കാലം ജീവിതത്തിലുണ്ടായിട്ടില്ലെന്നു പറയുന്നു, മലയാളിയുടെ പ്രിയപ്പെട്ട ജോമോൾ. വിവാഹശേഷമാണ് ജോമോൾ ഗൗരിയെന്ന് പേര് മാറ്റിയത്. ഇക്കുറി വിഷു കെങ്കേമമാക്കാനുള്ള ഒരുക്കങ്ങളുമായി തൊട്ടടുത്ത് മക്കൾ ആര്യയും ആർജയുമുണ്ട്.
കൊച്ചി രാജഗിരി പബ്ലിക് സ്കൂളിൽ ഏഴാം ക്ലാസിലും മൂന്നാം ക്ലാസിലുമാണ് ഈ കുറുമ്പികൾ. തനിക്ക് അമ്മയെക്കാൾ പൊക്കമുണ്ടെന്നു പറഞ്ഞ് ആര്യ ചൊടിപ്പിക്കുമ്പോൾ ‘ചേച്ചി അമ്മയേക്കാൾ സ്വീറ്റ് അല്ലല്ലോ’ എന്നുപറഞ്ഞ് ആർജ ഫൈറ്റിനിറങ്ങുന്നു. മക്കളെ അനുനയിപ്പിച്ചിരുത്തി ഗൗരി സംസാരിച്ചു, ജീവിതത്തെക്കുറിച്ച്, സിനിമയിലേക്കുള്ള രണ്ടാം വരവിനെക്കുറിച്ച്.