മകളെ തട്ടിക്കൊണ്ടുപോയെന്ന് നടിയുടെ ഭർത്താവ്; രൂക്ഷപ്രതികരണവുമായി വനിത

നടി വനിത വിജയകുമാറിനെതിരെ ഗുരുതരമായ ആരോപണവുമായി ഭർത്താവ് രംഗത്ത്. ആനന്ദ് രാജനാണ് സ്വന്തം മകളെ ഭാര്യ തട്ടിക്കൊണ്ടുപോയതായി പരാതി നൽകിയിരിക്കുന്നത്. തമിഴിലെ പ്രമുഖ സ്വഭാവ നടൻ വിജയകുമാറിന്റെ മകളും നടിയുമായ വനിതയ്ക്കെതിരേയാണ് മുൻ ഭർത്താവ് പരാതി നൽകിയിരിക്കുന്നത്. 

എന്നാൽ ഇതെല്ലാം ആനന്ദിന്റെ ഗൂഡാലോചനയാണെന്ന് വനിത പറയുന്നു. ആനന്ദിനെതിരെ രൂക്ഷപ്രതികരണവുമായി വനിത എത്തി. ‘ ആനന്ദ് രാജൻ എന്റെ രണ്ടാമത്തെ ഭർത്താവ് ആണ്. ഞങ്ങൾ 2012ൽ വേർ പിരിഞ്ഞു. പിന്നീട് കോടതി നിർദ്ദേശപ്രകാരം മകളെ അയാൾ വളർത്താമെന്നായിരുന്നു കരാർ. ഉടമ്പടി പ്രകാരം തിങ്ങൾ മുതൽ വെള്ളിവരെ ആനന്ദും മറ്റുദിവസങ്ങളില്‍ മകളെ ഞാനുമാണ് നോക്കിയിരുന്നത്. 

എന്നാൽ കുറച്ചുനാൾ കഴിഞ്ഞ ശേഷം ഞങ്ങൾ തമ്മിൽ യാതൊരു പരിചയവും ഇല്ലാതെയായി. അയാൾ വീടും ഫോൺ നമ്പറും എല്ലാം മാറ്റി. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഒരുദിവസം പെട്ടന്നാണ് മകൾ വിളിക്കുന്നത്. അവൾ ഹൈദരാബാദാണെന്നും ഇവിടെ നിന്ന് എങ്ങനെയെങ്കിലും തന്നെ രക്ഷിക്കണമെന്നും പറഞ്ഞു. ഞാൻ ഉടൻ തന്നെ ഹൈദരാബാദ് എത്തി കുട്ടിയെക്കൂട്ടിക്കൊണ്ടു പോന്നു. പൊലീസിനോടും ഇക്കാര്യം പറഞ്ഞിരുന്നു. ’വനിത പറഞ്ഞു.

‘ഇവിടെ വന്നുകഴിഞ്ഞപ്പോഴാണ് അവളുടെ വേദന എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. അവൾ ദിവസവും കരച്ചിലായിരുന്നെന്നും അവിടെ മനസ്സ് മടുത്താണ് കഴിഞ്ഞിരുന്നതെന്നും പറഞ്ഞു. അച്ഛൻ തന്റെ കാര്യം ഒന്നും നോക്കിയിരുന്നില്ലെന്നും പറഞ്ഞു. ഇതെല്ലാം നടന്നിട്ടും ഇപ്പോൾ അയാൾ കള്ളക്കേസ് കൊടുത്തിരിക്കുകയാണ്. മകളെ തട്ടിയെടുത്തു എന്ന വാർത്ത കണ്ട് ഞെട്ടിപ്പോയി. എവിടെയും എനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. അവളെ ആരും തട്ടിക്കൊണ്ടുംപോയിട്ടില്ല. ഇപ്പോൾ ആണ് അവൾ സുരക്ഷിതയായത്. 

ചീപ് പബ്ലിസിറ്റിക്ക് വേണ്ടി മകളെപ്പോലും ഉപയോഗിക്കുകയാണ്. എന്റെ മകൾ വന്ന് സത്യം പറഞ്ഞാൽ ഉടഞ്ഞുപോകും അയാളുടെ മുഖംമൂടി. ഇവരുെട മരണം എങ്ങനെയാകും. ദൈവം ഉണ്ട്. അയാൾക്ക് തക്ക ശിക്ഷ തന്നെ ലഭിക്കും.’ വനിത പറഞ്ഞു.

ആനന്ദുമായുള്ള  വിവാഹം വേർപെടുത്തിയതിനു ശേഷം വനിത ഡാൻസ് മാസ്റ്ററായ റോബർട്ടിനെ മൂന്നാമതായി വിവാഹം ചെയ്തിരുന്നു. വിവാഹമോചനത്തിന് ശേഷം മകളുടെ സംരക്ഷണം കോടതി ആനന്ദ രാജനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഹൈദരാബാദിലാണ് ആനന്ദ രാജ താമസിക്കുന്നത്. കുട്ടിയെ കാണാന്‍ വനിത ഹൈദരാബാദില്‍ ഇടയ്ക്കിടെ വരുമായിരുന്നു. അവധിക്കാലമായത് കൊണ്ട് അമ്മയ്‌ക്കൊപ്പം ചെന്നൈയിലേക്ക് പോയ കുഞ്ഞിനെ പിന്നീട് അച്ഛന്റെ അടുത്തേക്ക് വിട്ടില്ലെന്നാണ് ആനന്ദിന്റെ പരാതി.

പത്തു വർഷം മുൻപായിരുന്നു ബിസിനസുകാരനായ ആനന്ദ രാജയുമായി വനിതയുടെ രണ്ടാം വിവാഹം. അഞ്ചുവർഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്സ് അടക്കം ഏതാനും ചിത്രങ്ങളിൽ‌ വനിത നായികയായിരുന്നു. വനിതയുടെ സഹോദരങ്ങളായ പ്രീത വിജയകുമാർ, ശ്രീദേവി വിജയകുമാർ, അരുൺ വിജയകുമാർ എന്നിവർ തമിഴ് ചിത്രങ്ങളിൽ താരങ്ങളാണ്. അമ്മ പരേതയായ മഞ്ജുളയും മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.