വേതന വർധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ഫെയ്സ്ബുക്കിൽ ഏറെ ചർച്ചയായ പോസ്റ്റ് തന്റെ ഔദ്യോഗി പേജിൽ ഷെയർ ചെയ്താണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം–
കേരളത്തിൽ ജോലിയെടുക്കുന്ന ബീഹാറികൾക്കും, ബംഗാളികൾക്കും കിട്ടുന്ന ശമ്പളം എങ്കിലും ഈ നഴ്സ് മാലാഖമാർ അർഹിക്കുന്നില്ലേ...നഴ്സുമാരുടെ സമരത്തിന്റെ കാരണം കൂടി അറിയുക ..
രോഗിക്ക് മരുന്ന് എടുത്തു കൊടുക്കലും വല്യ ഡാക്കിട്ടർ വരുമ്പൊ ഫയലുപിടിച്ച് പിന്നാലെ ഓടലും ആണ് നഴ്സുമാരുടെ പണി എന്നാണ് സാമാന്യ ജനങ്ങളുടെ ഇപ്പോഴും ഉള്ള ധാരണ. നിങ്ങളുടെ വേണ്ടപ്പെട്ട ആൾക്ക് നിസാരമല്ലാത്ത ഒരു ബൈക്ക് ആക്സിഡന്റുമായി നിങ്ങൾ ഒരു മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ എത്തി എന്നു വിചാരിക്കുക.തലയിടിച്ച് വീണെങ്കിലും ഒരു പല്ല് പോയതും താടിയിലെ മുറിവും കാലിലെ വേദനയും അല്ലാത്ത പുറമേ കാണത്തക്ക രീതിയിൽ വലിയ മുറിവുകൾ ഒന്നും ഇല്ലാത്തതിനാൽ എമർജൻസി കെയറിൽ നിന്നും എക്സ്റേ അടക്കം അത്യാവശ്യം കാര്യങ്ങൾ ചെയ്ത് രോഗിയെ ന്യൂറൊ ഒബ്സർവേഷനായി ഐസിയുവിലാക്കിയെന്നു കരുതുക.
ഇനി ആ രോഗിയെ നോക്കുന്ന നഴ്സിന്റെ പണി ഏകദേശം ഈ വിധം ആയിരിക്കും.രോഗിയെ എമർജൻസി സ്റ്റാഫിൽ നിന്ന് ഓവറെടുത്ത് റിസീവ് ചെയ്യുന്നു.ഉടനെ ന്യൂറോ ഓൺകോൾ ഡോക്ടറെ വിളിച്ചു പറഞ്ഞ് രോഗിയെ മോണിട്ടേർസുമായി കണക്ട് ചെയ്ത് കാര്യപരിപാടികൾ തുടങ്ങുന്നു.
MRI/CT Scan ചെയ്യുന്നു.എം ആർ ഐ ആണെങ്കിൽ ആ റൂമിനുള്ളിൽ രോഗിയുടെ മോണിട്ടേർസ് നോക്കി കഠിനമായ ശബ്ദവും സഹിച്ച് ജീവന് കാവൽ നിൽക്കുന്നു.
Scanning കഴിഞ്ഞ് രോഗിയുമായി പറന്ന് ICU വിൽ വരുന്നു.തലച്ചോറിലെ രക്തം നീക്കാനുള്ള സർജറി ചെയ്യാൻ Pre Anesthetic Consultion ന് Anesthesia on call നെ വരുത്തുന്നു. ന്യൂറോ സർജറിക്ക് വേണ്ടി ഒ.ടി യിലേക്ക് ഷിഫ്റ്റ് ചെയ്യുന്നു.
ഈ രോഗി സർജറി കഴിഞ്ഞ് തിരിച്ചെത്തും വരെ ഇതുപോലെ വേറൊരു രോഗിയെ നോക്കേണ്ടി വരും.ഇതിനിടയില്‍ രോഗിക്ക് ഈ വക കാര്യങ്ങൾക്കുള്ള മുഴുവന്‍ മരുന്നും മറ്റീരിയൽസും ഫാർമസിയിലേക്ക് പ്രിസ്ക്രിപ്ഷൻ ഓൺലൈൻ ആയും പേപ്പർ പ്രിസ്ക്രിപ്ഷൻ ആയും എത്തിക്കലും അവ കലക്ട് ചെയ്യലും ഓരോ പ്രൊസീജിയറിനും വേണ്ട ബിൽ ചെയ്യിച്ച് ബൈസ്റ്റാണ്ടറെക്കൊണ്ട് പണം അടപ്പിക്കലും ഡോക്ടർ പറയുന്ന കാര്യങ്ങൾ കൂടെയുള്ളവരെ ബോധ്യപ്പെടുത്തലും സ്കാനിങും ventilation ഉം സർജറിയും മുതൽ സകല കാര്യങ്ങളും വിവരിച്ച് കൺസപ്റ്റ് സൈൻ ചെയ്യിച്ച് ഫയൽ ചെയ്യലുമെല്ലാം ചെയ്യേണ്ടിവരും.
പോരാത്തതിന് രോഗിയെ ചുരുങ്ങിയത് 2 മണിക്കൂറിൽ ഒരിക്കലെങ്കിലും തിരിച്ചും മറിച്ചും കിടത്തലും മലം പോയിക്കിടക്കുന്ന പാഡുകൾ മാറ്റലും വെന്റിലേറ്റർ ട്യൂബിൽ കെട്ടിക്കിടക്കുന്ന കഫം മാറ്റലും, diatery department ൽ നിന്ന് പ്രിസ്ക്രൈബ് ചെയ്ത ദ്രവ ഭക്ഷണം എത്തിച്ച് ട്യൂബിൽ കൂടി നൽകലും ഓരോ നേരത്തും തുടർച്ചയായി പോവേണ്ട ജീവൻ രക്ഷാ മരുന്നുകളും ആന്റിബയോട്ടിക്സും നേരത്തിന് എത്തിച്ച് കൊടുക്കലും.
പോരാത്തതിന് ഈ പറഞ്ഞ സകല കാര്യങ്ങളും അതാത് സമയത്ത് Nurses notes ആയി സമയമടക്കം എഴുതിവെക്കണം.ഈ കാര്യങ്ങൾ ചെയ്തു എന്നതിന് ആകെയുള്ള ലീഗൽ പ്രൂഫ് ആയ നോട്ട്സ് ആണ്. ബ്ലഡ് ഷുഗൽ ലെവൽ അടക്കം സകല vital parameters ഉം ഓരോ മണിക്കൂറിലും chart ചെയ്യണം.രോഗിയുടെ ശരീരത്തിലെ ഓരോ ട്യൂബിനും പ്രത്യേകം കെട്ടു കണക്കിന് ചാർട്ടുകൾ ഉണ്ടാകും.അതൊക്കെ ഫിൽ ചെയ്യണം.
ഇതിനൊക്കെ പുറമെ,രോഗിയുടെ ബൈസ്റ്റാന്ററിന്റെ കയ്യിൽ പണം ഇല്ലാത്തതിനാൽ procedure നു പണം അടക്കാത്തത് മൂലം, സ്കാനിങ് റൂമിലോ ഒ.ടിയിലോ സ്ലോട്ട് ഇല്ലാത്തത് മൂലം,ഫാർമസിയിൽ നിന്ന് മരുന്ന് സമയത്തിന് എത്താത്തത് മൂലം, ലാബിലെ എറർ മൂലം ഓൺകോളിൽ വിളിച്ച doctor വരാൻ താമസിച്ചത് മൂലം-അങ്ങനെ ഏതെങ്കിലും കാരണത്താൽ ചെയ്യേണ്ട കാര്യങ്ങൾ വൈകിയാൽ ഏതുഭാഗത്തുനിന്നുമുള്ള കുറ്റപ്പെടുത്തൽ താങ്ങേണ്ടത് അവിെട നിയമനമുള്ള നഴ്സ് ആയിരിക്കും. 3 ഷിഫ്റ്റ് ഉള്ള ആശുപത്രികളിൽ 8 മണി ഡ്യൂട്ടിക്ക് 7.30 ക്കു വന്ന് യൂണിറ്റിലെ സകല ഇൻവെന്ററി മുതൽ കണക്കുനോക്കി തുടങ്ങുന്ന ജോലി,മുഴുവന്‍ തീർത്ത് ഇറങ്ങുമ്പോൾ പലപ്പോഴും ഒരു മണിക്കൂറിലേറെ അധികം വേണ്ടിവരും.
ഐസിയുകളിൽ ഇതുപോലെ നാല് വരെ രോഗികളേയും,വാർഡുകളിൽ 15 മുതൽ 40 വരെ രോഗികളേയും ഒരാളുടെ തലയിലിട്ട് 'മഹത്തായ ജീവ കാരുണ്യ പ്രവർത്തനം ' നടത്തുന്നവരാണ് അധികവും.സ്വാർത്ഥ ലാഭത്തിനായി രോഗികളുടെ ജീവൻകൊണ്ട് പന്താടുന്നത് ആരാണെന്ന് പൊതുജനം തീരുമാനിക്കട്ടെ.
പ്രമുഖ സ്വകാര്യ ആശുപത്രികളിൽ കേന്ദ്ര സർവീസിലേതിനേക്കാൾ പതിൻ മടങ്ങാണ് ജോലിഭാരം ഉണ്ടാകാം.....ഏഴാം ശമ്പള പരിഷ്കരണ കമീഷൻ അനുസരിച്ചുള്ള (അലവൻസ് വർധന തീരുമാനമാകാത്തതിനാൽ അത് കുറച്ച്) അറുപതിനായിരം + ആണ് നഴ്സിന്റെ സാലറി.അതിലുള്ള അപാകത വേറെ ചർച്ച ചെയ്യേണ്ട വിഷയമാണ്.പക്ഷെ,അതിന്റെ പകുതിയെങ്കിലും വേതനം ലഭിക്കാതെ United Nurses Association തുടങ്ങിവെച്ച പോരാട്ടം അവസാനിപ്പിക്കരുത്.
ജനിച്ച മണ്ണിൽ മാന്യമായി ജീവിക്കാനുള്ള അവകാശം കഴിഞ്ഞ് മതി ജീവകാരുണ്യവും മാലാഖാ പട്ടവും.! (നന്ദി തൗഫീഖ്)