ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ സഹായവുമായെത്തിയപ്പോൾ പ്രശസ്തിക്കുവേണ്ടിയാണെന്നു കുറ്റപ്പെടുത്തിയവരുണ്ട്. നഴ്സുമാരുടെ സമരത്തിനു പിന്തുണ നൽകിയതു സിനിമയുടെ പ്രചാരത്തിനു വേണ്ടിയാണെന്നു കളിയാക്കിയവരുമുണ്ട്. എല്ലാവരോടും സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത് ‘ഉരുക്കു സതീശൻ’ എന്ന സിനിമയിലെ ഈ ഡയലോഗാണ്:
കപ്പൽ തിന്നുന്ന സ്രാവിനെ നോക്കി തുപ്പൽ തിന്നുന്ന പരൽമീനുകൾ വാ പൊളിച്ചിട്ടു കാര്യമില്ല. നീ എന്റെ തലയിലെ ഒരു മുടി പിഴുതാൽ നിന്റെ തല ഞാൻ കൊയ്യും. നീ പറയും, ഞാൻ ചെയ്തു കാണിച്ചുതരും.
Urukku Satheeshan By Santhosh Pandit Song Kamukimaar [3D Audio Please Use Headset]
∙ പ്രശസ്തിക്കു വേണ്ടിയാണോ പാവപ്പെട്ടവരെ സഹായിക്കുന്നത്?
എനിക്കു വേണമെങ്കിൽ ആരും കാണാതെ, ആരെയും അറിയിക്കാതെ കോളനികളിലേക്കു പോകാം. പക്ഷേ, എന്റെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താമെന്നല്ലാതെ അതുകൊണ്ട് അവർക്കു കൂടുതൽ ഗുണമൊന്നുമില്ല. അവിടെ ചെന്നപ്പോഴാണു പണമില്ലാത്തതിനാൽ വിദ്യാഭ്യാസം മുടങ്ങിയ കുട്ടികളുടെ കാര്യം അറിഞ്ഞത്. എല്ലാവരെയും സഹായിക്കാനുള്ള പണം എന്റെ കയ്യിലില്ലല്ലോ. കോളനിയുടെ അവസ്ഥ കൂടുതലാളുകൾ അറിയുമ്പോഴല്ലേ പരിഹാരമുണ്ടാകൂ? ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നും അതിൽ എനിക്കു ചെയ്യാനാകുന്നതു ചെയ്തുവെന്നും ഇനിയും കുട്ടികളെ സ്പോൺസർ ചെയ്യാൻ തയാറുള്ളവർ അതിനു ശ്രമിക്കണമെന്നും പറഞ്ഞു. അതാണു പ്രശസ്തിക്കു വേണ്ടിയെന്നു ചിലർ വിമർശിക്കുന്നത്.
∙ സമരപ്പന്തലുകളിലും സന്തോഷ് പണ്ഡിറ്റ് എത്തുന്നുണ്ടല്ലോ?
നഴ്സുമാരുടെ സമരത്തിൽ പങ്കെടുക്കണമെന്നും പിന്തുണയ്ക്കണമെന്നും എന്നോട് അവർ പറഞ്ഞിരുന്നു. അങ്ങനെയാണു പോയത്. അവരുടെ കഷ്ടപ്പാട് ലോകം അറിയണം. ന്യായമായ ആവശ്യമായിരുന്നു നഴ്സുമാരുടേത്. നമ്മളൊക്കെ ചെല്ലുമ്പോൾ ചോദിക്കാനും പറയാനും ആരെങ്കിലുമൊക്കെ ഉണ്ടെന്ന തോന്നൽ അവർക്കുണ്ടാകും. അതാണു പ്രധാനം. എല്ലാം നാലാളുകളോട് വിളിച്ചു പറഞ്ഞിട്ടല്ല സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നത്. വിളിച്ചു പറയാതെ ചെയ്യുന്നതുമുണ്ട്.
∙ എന്തു ചെയ്താലും വിമർശനം എന്നുതോന്നുന്നുണ്ടോ?
കള്ളവുമില്ല ചതിവുമില്ല, എള്ളോളമില്ല ഗൂഢാലോചന – ഇതാണ് എന്റെ പോളിസി. ആരെയും പ്രീതിപ്പെടുത്തണമെന്ന് എനിക്കില്ല. ഞാൻ ആരെയെങ്കിലും കുറ്റപ്പെടുത്തി സംസാരിക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? പക്ഷേ, പലരും അസൂയ മൂത്തിട്ടാണു വിമർശിക്കുന്നത്.
∙ വരുമാനത്തിന്റെ പകുതി ജീവകാരുണ്യത്തിനു ചെലവാക്കുന്നുണ്ടല്ലോ?
എനിക്ക് ജീവിക്കാനുള്ള പണമൊക്കെ അത്യാവശ്യം കയ്യിലുണ്ട്. പിന്നെ നമ്മൾ ഇവിടെ ഡെപ്പോസിറ്റ് കൂട്ടിവച്ചിട്ടെന്തിനാ? മരിക്കുമ്പോൾ കൂടെക്കൊണ്ടുപോകാൻ പറ്റുമോ? നല്ലൊരു ജോലി രാജിവച്ചു സിനിമയിൽ വന്നയാളാണു ഞാൻ. നമ്മൾ നമ്മുടെ പണിയെടുക്കുന്നു. ആരെയും സുഖിപ്പിക്കാനോ പ്രീതിപ്പെടുത്താനോ ഇല്ല. അഭിപ്രായം പറയുന്നതിന്റെ പേരിൽ സിനിമ പോകുമെന്ന പേടിയുമില്ല.
∙ രാഷ്ട്രീയത്തിലെങ്ങാനും ഇറങ്ങുമോ?
ജാതി, മതം, രാഷ്ട്രീയം, ദേശം... നമ്മുടെ ചിന്താഗതി ഇതിൽ ഏതിനെ ചുറ്റിപ്പറ്റിയായാലും ഇതിലെല്ലാം നല്ലതും ചീത്തയുമുണ്ട്. എനിക്കു കൃത്യമായ രാഷ്ട്രീയമുണ്ട്. അത് ഏതാണെന്നു പറയാതിരിക്കുന്നതാണു നല്ലത്. എന്നെ ഇഷ്ടപ്പെടുന്ന മിക്ക ആളുകളും എനിക്ക് ഇഷ്ടമേയില്ലാത്ത രാഷ്ട്രീയപാർട്ടികളിൽ വിശ്വസിക്കുന്നവരാണ്. അത് എനിക്കു വലിയ വിഷമമുണ്ടാക്കുന്നു. തിരിച്ചു ഞാൻ അവർക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയപാർട്ടിയുടെ ആളാണെന്നറിഞ്ഞാൽ അവർക്കും വിഷമമാകില്ലേ?
∙ സന്തോഷ് പണ്ഡിറ്റ് എന്ന നടനെയാണോ സംവിധായകനെയാണോ കൂടുതൽ ഇഷ്ടം?
സിനിമയുടെ പതിനെട്ടോളം മേഖലകളിൽ കൈവച്ചിട്ടുണ്ട്. പക്ഷേ, ഇതുവരെ എന്നെ മറ്റു സിനിമക്കാർ അവരുടെ സിനിമയിൽ പാട്ടെഴുതാനോ പാട്ടുപാടാനോ വിളിച്ചിട്ടില്ല. സന്തോഷ് പണ്ഡിറ്റ് എന്ന നടനെയായിരിക്കും അവർക്ക് ഇഷ്ടം.