ചരക്ക്, സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിലാകുന്നതോടെ പഞ്ചായത്തുകളിലൊഴികെ സിനിമാ ടിക്കറ്റ് നിരക്കു കുറയേണ്ടതാണെങ്കിലും കേരളത്തിലെ സിനിമാ പ്രേമികൾക്കു പ്രതീക്ഷയ്ക്കു വകയില്ല. 10 രൂപ മുതൽ 15 രൂപ വരെ ടിക്കറ്റ് നിരക്ക് ഉയർത്താൻ അണിയറനീക്കങ്ങൾ സജീവം. ജിഎസ്ടി വരുന്നതോടെ മൂന്നുരൂപ മുതൽ 10 രൂപ വരെ കുറയേണ്ട സാഹചര്യത്തിലാണിത്.
നിലവിലുള്ള നിയമപ്രകാരം തദ്ദേശ സ്ഥാപനങ്ങളാണു സിനിമാ ടിക്കറ്റിനുള്ള വിനോദ നികുതി ഇൗടാക്കുന്നത്. ജിഎസ്ടി വരുന്നതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇൗ അവകാശം നഷ്ടപ്പെടുമെന്നു മാത്രമല്ല, ടിക്കറ്റ് നിരക്കു നിയന്ത്രിക്കാനുള്ള അധികാരവും ഇല്ലാതാകും. നിരക്കു നിയന്ത്രിക്കാൻ ആരുമില്ലാത്ത പുതിയ സാഹചര്യം മുതലെടുത്തു ടിക്കറ്റ് നിരക്കു വർധിപ്പിക്കാൻ സിനിമാ രംഗത്തെ സംഘടനകൾ തമ്മിൽ ധാരണയായെന്നാണു സൂചന. സിനിമാ വ്യവസായം നഷ്ടത്തിലാണെന്ന കാരണം പറഞ്ഞാണിത്.
പഞ്ചായത്തു പരിധിയിൽ 10%, മുനിസിപ്പാലിറ്റികളിൽ 20%, കോർപറേഷനു കീഴിൽ 25% എന്നിങ്ങനെയാണ് ഇപ്പോൾ തിയറ്ററുകളിൽനിന്ന് ഇൗടാക്കുന്ന വിനോദനികുതി. ഇതിനു പുറമേ സർവീസ് ചാർജായി അഞ്ചു രൂപയും സെസ് ആയി മൂന്നു രൂപയും വാങ്ങുന്നു. ജിഎസ്ടി നിയമപ്രകാരം 100 രൂപ വരെയുള്ള ടിക്കറ്റുകൾക്കു 18 ശതമാനവും 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്ക് 28 ശതമാനവുമാണു നികുതി. ഇതിനു പ്രദേശ വ്യത്യാസമില്ല.
മുനിസിപ്പൽ പരിധിയിലെ 110 രൂപയുടെ ടിക്കറ്റിന്റെ അടിസ്ഥാനവില ഏകദേശം 90 രൂപയേ വരുന്നുള്ളൂ. അതിനാൽ ജിഎസ്ടിയിൽ, ഇതിനു 100 രൂപയിൽ താഴെയുള്ള നികുതി നിരക്കായ 18% നികുതി ഇൗടാക്കിയാൽ മതി. അതായത്, ജിഎസ്ടി വരുന്നതോടെ ടിക്കറ്റ് വിലയിൽ മൂന്നു രൂപ വരെ കുറയണം. കോർപറേഷൻ പരിധിയിൽ 25% നികുതി 18% ആകുന്നതോടെ ഏഴു മുതൽ 10 രൂപ വരെ കുറയേണ്ടതാണ്. പഞ്ചായത്തു പരിധിയിൽ ഇപ്പോൾ 10% നികുതി മാത്രം ഇൗടാക്കുന്നതിനാൽ ജിഎസ്ടി വരുന്നതോടെ ഇവർക്ക് 8% അധികം നികുതി പിരിക്കേണ്ടി വരും. ഇതുവഴി എട്ടു മുതൽ 10 രൂപ വരെ ടിക്കറ്റ് നിരക്കു വർധിക്കാം.
മൾട്ടിപ്ലെക്സിൽ നികുതി ഉയരും
നിരക്കു കൂടിയ മൾട്ടിപ്ലെക്സുകളിൽ ജിഎസ്ടി വരുമ്പോൾ നിരക്കു വീണ്ടും ഉയരും. 100 രൂപ മുതൽ 500 രൂപയ്ക്കു വരെ ടിക്കറ്റ് വിൽക്കുന്നവയാണു മിക്ക മൾട്ടിപ്ലെക്സുകളും. നികുതി 28 ശതമാനമായി വർധിക്കുന്നതോടെ ടിക്കറ്റ് നിരക്കു കാര്യമായി ഉയരാം. 250 രൂപയ്ക്കു ടിക്കറ്റ് വിറ്റിരുന്ന മുനിസിപ്പാലിറ്റി പരിധിയിലെ മൾട്ടിപ്ലെക്സിന് ഇപ്പോൾ നികുതി 20 ശതമാനമാണെങ്കിൽ ഇനി 28 ശതമാനമാകും. 10 രൂപ വരെ വർധന.