ജനപ്രിയ പ്രഖ്യാപനങ്ങളുമായെത്തിയ കര്‍ണാടക സ്റ്റേറ്റ് ബഡ്ജറ്റ് സിനിമാപ്രേമികളെയും കയ്യിലെടുത്തു. മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെയുള്ള സിനിമ തിയറ്ററുകളിലെ പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയാക്കി നിജപ്പെടുത്തിയതാണ് സുപ്രധാന തീരുമാനം. തോന്നിയ നിരക്ക് ഇൗടാക്കിയിരുന്ന മൾട്ടിപ്ലെക്സ് ഉടമകൾക്ക് തിരിച്ചടിയാണ് സർക്കാർ തീരുമാനം.
ഇതുകൂടാതെ കന്നഡ സിനിമകളും മറ്റു പ്രാദേശികഭാഷ സിനിമകളും മൾട്ടി പ്ലക്സിലെ ഒരു സ്ക്രീനിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന നിർദ്ദേശവും ഉണ്ട്. പ്രൈം ടൈം ആയ 1.30 മുതൽ 7.30 വരെയാകും ഈ സിനിമകൾ പ്രദർശിപ്പിക്കുക.
ബംഗലൂരുവിലെ മലയാളികൾ അടക്കമുള്ള അന്യസംസ്ഥാനക്കാർക്ക് പ്രയോജനം ചെയ്യുന്നതാണു പുതിയ ബഡ്ജറ്റ് തീരുമാനങ്ങൾ. 500 രൂപയ്ക്കു മുകളിലാണ് ബംഗലൂരുവില്‍ ചില തിയറ്ററുകൾ ടിക്കറ്റ് ചാർജ്ജ് ഇനത്തിൽ ഈടാക്കുന്നത്. മാത്രമല്ല അവധി ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ വ്യത്യാസപ്പെട്ടുമിരിക്കും.
തമിഴ്നാട്ടിൽ 120 രൂപയാണ് മൾട്ടിപ്ലെക്സിലെ ടിക്കറ്റ് നിരക്ക്. എന്നാൽ കേരളത്തിലാവട്ടെ തീവെട്ടി കൊള്ളയാണ് നടക്കുന്നത്. എറണാകുളത്തെയും തിരുവനന്തപുരത്തെയും മൾട്ടിപ്ലെക്സുകളിലെ ടിക്കറ്റ് നിരക്കുകൾ തോന്നിയ പടിയാണ്. സൗകര്യങ്ങൾ കൂടുതലുണ്ടെന്ന ന്യായം പറഞ്ഞ് കാഴ്ചക്കാരനെ പിഴിഞ്ഞെടുക്കന്ന നയമാണ് ഇക്കൂട്ടർ സ്വീകരിക്കുന്നത്. ടിക്കറ്റ് നിരക്കിൽ മാത്രമല്ല ഇവിടെ ലഭിക്കുന്ന ഭക്ഷണ–പാനീയങ്ങൾക്കു വരെ ലോകത്തെങ്ങുമില്ലാത്ത വിലയാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിട്ടുള്ളതാണ്.
ഈ വിഷയത്തിൽ നിങ്ങൾക്കും പ്രതികരിക്കാം