കൊച്ചി∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് നടൻ ധർമജൻ ബോൾഗാട്ടിയുടെ മൊഴിയെടുത്തു. ഒന്നരമണിക്കൂർ നീണ്ട മൊഴിയെടുപ്പിനു ശേഷം ധർമജൻ ആലുവ പൊലീസ് ക്ലബിൽ നിന്നു മടങ്ങി. ദിലീപിനെയും നാദിർഷയെയും കുറിച്ച് എന്തെങ്കിലും ചോദിച്ചോ എന്ന ചോദ്യത്തിന് മറുപടി വ്യക്തമാക്കാതിരുന്ന നടൻ, പൊലീസ് തന്നെ ചില ഫോട്ടോകൾ കാണിച്ച് അതെക്കുറിച്ച് ചോദിച്ചതായി പറഞ്ഞു.
സുനി താൻ അഭിനയിച്ച സെറ്റുകളിലെത്തിയിട്ടുണ്ടോ എന്നു പോലീസ് ചോദിച്ചതായും ധർമജൻ പറഞ്ഞു. എന്നാൽ മറ്റു വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ദിലീപിന്റെ സഹോദരൻ ആനൂപിന്റെ മൊഴിയെടുപ്പ് തുടരുകയാണ്.
അതിനിടെ നാദിർഷയെയും ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഇരുവരെയും ഇന്നു തന്നെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കൂടുതൽ തെളിവുകൾക്കായി പൊലീസ് കാത്തിരിക്കുകയാണെന്നാണ് സൂചന.