ആലുവ ∙ സംവിധായകൻ അൽഫോൻസ് പുത്രന്റെ വീട്ടിൽ നിന്നു വാഴക്കുല മോഷ്ടിച്ചവർ, പിതാവ് പുത്രൻ പോൾ നടത്തിയ അന്വേഷണത്തിൽ പിടിയിലായി. പവർ ഹൗസ് കവലയിലെ പഴക്കടയിൽ നിന്നു ‘തൊണ്ടി’ കണ്ടെടുക്കുകയും ചെയ്തു.
വാർത്ത അൽഫോൻസ് പുത്രനും ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ‘എന്റെ അപ്പനാ പുത്രൻ. സമയം കിട്ടുമ്പോൾ വാർത്ത വായിച്ചു നോക്കണേ. ചെറിയൊരു മോഷണക്കേസ് അപ്പൻ തന്നെ കണ്ടുപിടിച്ചു.’–അൽഫോൻസ് പറഞ്ഞു.
പട്ടാപ്പകൽ, വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു കവർച്ച. വീടിനു മുൻപിലെ പൂവൻകുലയിൽ ഒരു കായ പഴുത്തു നിൽക്കുന്നതായി അയൽവാസി ചൊവ്വാഴ്ച പുത്രനെ ഫോൺ ചെയ്തു പറഞ്ഞു. അന്നു കന്യാകുമാരിയിലായിരുന്ന കുടുംബാംഗങ്ങൾ. രാത്രി തിരിച്ചെത്തി. ബുധനാഴ്ച രാവിലെ നോക്കിയപ്പോൾ രണ്ടു കായ പഴുത്തതായി കണ്ടു.
ഒന്നുകൂടി മൂത്തിട്ടു വെട്ടാമെന്നു കരുതി. ഇതിനിടെ വീട്ടുകാർ ഒന്നു പുറത്തുപോയി. തിരികെ എത്തിയപ്പോൾ കുല കാണാനില്ല. അൽഫോൻസും കുടുംബാംഗങ്ങളും ചേർന്നു വീടിനു ചുറ്റുമുള്ള സ്ഥലത്തു ജൈവവാഴക്കൃഷി നടത്തുന്നുണ്ട്. വിൽക്കാനല്ല. സ്വന്തം ആവശ്യത്തിന്. ഒരിക്കൽ ഉണ്ടായ കുലയ്ക്ക് അൽഫോൻസിനേക്കാൾ ഉയരമുണ്ടായിരുന്നു.
അന്നതു വാർത്തയായി. കുറഞ്ഞതു 30 കിലോ തൂക്കമുള്ള പൂവൻകുലയാണ് വെട്ടിക്കൊണ്ടുപോയത്. അൽഫോൻസ് സിനിമയുമായി ബന്ധപ്പെട്ടു ചെന്നൈയിലാണ്. രാവിലെക്കൂടി തൊട്ട് ഓമനിച്ച വാഴക്കുല കള്ളൻ കൊണ്ടുപോയതു പുത്രനെ വിഷമിപ്പിച്ചു.
അദ്ദേഹം നഗരത്തിലെ പഴക്കടകളിൽ അന്വേഷണത്തിനിറങ്ങി. പവർ ഹൗസ് കവലയിലെ കടയിൽ എത്തിയപ്പോൾ, രണ്ടുപേർ കൊണ്ടുവന്ന പൂവൻകുല വാങ്ങിയെന്നും പഴുപ്പിക്കാൻ വച്ചുവെന്നും ഉടമ പറഞ്ഞു.
പഴുക്ക തുറന്നു കാണിച്ചപ്പോൾ അതു തന്റെ വീട്ടിൽ നിന്നുള്ള കുലയാണെന്നു പുത്രൻ തിരിച്ചറിഞ്ഞു. 900 രൂപയോളം വിലവരുന്ന പൂവൻകുല 450 രൂപയ്ക്കാണ് മോഷ്ടാക്കൾ വിറ്റത്. കടയുടമ പണമൊന്നും വാങ്ങാതെ വാഴക്കുല തിരിച്ചുകൊടുത്തു. അതു വിൽക്കാനെത്തിയ യുവാക്കളെ കടക്കാരന് അറിയാമായിരുന്നു. അവർ കുറ്റം സമ്മതിച്ചു. പൊലീസിൽ പരാതിപ്പെടാൻ ഉദ്ദേശ്യമില്ലെന്നു പുത്രൻ പോൾ പറഞ്ഞു.