കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും ആത്മയും ചേർന്ന് സംഘടിപ്പിക്കുന്ന നാലാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 2 മുതൽ 8 വരെ കോട്ടയത്ത്. അനശ്വര തിയറ്ററിലായിരിക്കും സിനിമയുടെ പ്രദർശനം നടക്കുക.
തിരുവനന്തപുരം ഐഎഫ്എഫ്കെയിലും ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ച ചിത്രങ്ങളാണ് ഈ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്. ആകെ 28 ചിത്രങ്ങൾ ഉണ്ടാവും. ദിവസേന നാല് ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിക്കുക.
ലോകസിനിമാ വിഭാഗത്തിൽ 18 ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ 5 ചിത്രങ്ങളും മലയാളത്തിൽ നിന്ന് 5 ചിത്രങ്ങളുമാണ് ഉണ്ടാകുക. ഐ എഫ് എഫ് കെയിൽ ഏറ്റവും നല്ല ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട വജീബ് പ്രേക്ഷകർ തിരഞ്ഞെടുത്ത ന്യൂട്ടൺ നിരവധി പുരസ്കാരങ്ങൾ നേടിയ ഏദൻ, ഐ ക്വിറ്റ് സ്മോക്കിങ്, യങ് കാറൽ മാക്സ്, കറുത്ത ജൂതൻ, അതിശയങ്ങളുടെ വേനൽ എന്നിവയും പ്രദർശിപ്പിക്കുന്നുണ്ട്.
ദിവസവും ഉച്ചകഴിഞ്ഞ് ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പാസ് മൂലം നിയന്ത്രിക്കുന്ന പ്രവേശനത്തിന് 18 വയസ് പൂർത്തിയായിരിക്കണം. വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിൽ പാസുകൾ ലഭ്യമാക്കുന്നുണ്ട്. ആയിരത്തോളം പ്രതിനിധികൾക്കായിരിക്കും പാസ് നൽകുന്നത്. മേളയുടെ നടത്തിപ്പിന് വിപുലമായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. 26ാം തീയതി മുതൽ കോട്ടയം അനശ്വര തിയറ്ററിൽ പാസുകൾ വിതരണം ചെയ്ത് തുടങ്ങും.