Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനൊപ്പമുള്ള അവസാന നാളുകളെ കുറിച്ച് ഷോബി തിലകൻ

thilakan-shoby

അന്തരിച്ച മഹാ‍നടൻ തിലകന്റെ മകനും ഡബ്ബിങ് ആർടിസ്റ്റുമാണ് ഷോബി തിലകൻ. ബാഹുബലിയുടെ മലയാളം പതിപ്പിൽ ഭല്ലാലദേവന് ശബ്ദം നൽകി ഷോബി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഷോബി തിലകനെക്കുറിച്ച് ഡോ. ബാസ്പിൻ എഴുതിയ ഒരു കുറിപ്പ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു.

ബാസ്പിന്റെ കുറിപ്പ് വായിക്കാം–

വാഗമണിൽ നടക്കുന്ന ഒരു ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ഞാൻ ഷോബി ചേട്ടനെ കാണുന്നത് .. സെറ്റിൽ ഒരു ജെന്റിൽമാന് ..അധികം ജാഡകളോ കെട്ടുകാഴ്ചകളോ ഇല്ലാതെ, ഷോട്ട് ഇല്ലാത്ത സമയത്തു മാറിയിരിക്കുന്ന ഒരു ആക്ടർ.

നടൻ എന്നതിനേക്കാളുപരി അദ്ദേഹത്തെ സിനിമ ലോകം അറിയുന്നത് പ്രതിഭയുള്ള ഡബ്ബിങ് ആര്‍ടിസ്റ്റ് ആയിട്ടാണ്. അന്നത്തെ ദിവസം പാക്കപ്പ് ആയി തിരികെയെത്തിയപ്പോൾ ആണ് മനസ്സിലായത് തൊട്ടടുത്ത മുറിയിലാണ് ഞങ്ങൾക്കു അറേഞ്ച് ചെയ്തിരിക്കുന്നത്. ഫ്രഷ് ആയി തിരിച്ചു വന്നപ്പോൾ അദ്ദേഹം പുറത്തു നിൽക്കുന്നുണ്ട്. അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടു. ഒരു അസാമാന്യ പ്രതിഭയുള്ള നടന്റെ മകൻ എന്ന നിലയിൽ പരിചയപ്പെട്ടു എന്ന് പറയുന്നതാവും ശരി.

ഡോക്ടർ ആണെന്ന് പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം തന്റെ ഇടുപ്പിലുള്ള ഒരു വേദനയെപ്പറ്റി പറയുകയും അതിന്റെ വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു. സെലിബ്രിറ്റി ക്രിക്കറ്റിലെ ടീം അംഗമാണെന്നും കേട്ടപ്പോൾ സന്തോഷം തോന്നി. മനു ജഗത് ടീം അംഗമാണെന്നു പറഞ്ഞപ്പോൾ മനുവിനെ വിളിച്ചു സംസാരിക്കുകയും ചെയ്തു.

പിന്നീട് എപ്പോഴോ സംസാരം ആ മഹാനടനിലേക്കു വഴുതി വീണു. അച്ഛനെ കുറിച്ച് നൂറു നാവാണ് ഇപ്പോഴും ഷോബിച്ചേട്ടന്. ആ മഹാ നടന്റെ അവസാന കാലത്തു അച്ഛനെ പരിചരിക്കാനായതിൽ ഇപ്പോഴും ആത്മനിർവൃതി അനുഭവിക്കുന്ന ഒരു മകന്റെ കൂടെയുള്ള സംസാരം നീണ്ടു പോയത് ഏതാണ്ട് രണ്ടര മണിക്കൂർ. 

കുട്ടിക്കാലവും അച്ഛന്റെ സമീപനങ്ങളും സ്വഭാവ സവിശേഷതകളും പിടിവാശികളും മറ്റും വിശദീകരിക്കുമ്പോൾ ഷോബിച്ചേട്ടൻ ആ മഹാനടനെ എന്റെ മുന്നിൽ പലവട്ടം കൊണ്ട് നിർത്തി. ഡബ്ബിങ് ആർടിസ്റ്റ് ആയതു കൊണ്ടാകും പലപ്പോഴും ടോണാലിറ്റിയും റെൻഡറിങ്ങും ആ മഹനടനെ വീണ്ടും വീണ്ടും ഓർമപ്പെടുത്തി. ശ്വാസംമുട്ടും ബുദ്ധിമുട്ടുകളും വരുമ്പോൾ ഹോസ്പിറ്റലിൽ പോകാമെന്നു ഷോബിച്ചേട്ടൻ പറയുമ്പോൾ 'വേണ്ട ആവശ്യമാകുമ്പോൾ ഞാൻ പറയാം അപ്പോൾ കൊണ്ടുപോയാമതി അല്ലെങ്കിൽ ഹോസ്പിറ്റൽ കഴുത്തറക്കും' എന്നുപറഞ്ഞിരുന്നു അദ്ദേഹം.

പക്ഷെ ഒരു രാത്രി ശ്വാസതടസ്സം അൽപം ബുദ്ധിമുട്ടായപ്പോൾ ഷോബിച്ചേട്ടൻ പറഞ്ഞത്രേ ഇന്ന് അച്ഛന്റെ കൂടെ ഞാൻ കിടക്കാം, അന്നും അദ്ദേഹം കൂട്ടാക്കിയില്ല ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം... മനസ്സില്ലാമനസ്സോടെ ഷോബിച്ചേട്ടൻ അടുത്തമുറിയിലേക്കു പോയി.. അർദ്ധരാത്രിയിൽ ഷോബിച്ചേട്ടന്റെ വൈഫിന്റെ മൊബൈലിൽ ഒരു വിളി വന്നു... ‘അവനോടു വരൻ പറയു’ ... ‌‌

ഷോബിച്ചേട്ടൻ ചെല്ലുമ്പോൾ അദ്ദേഹം എണീറ്റിരിക്കുകയാണ്.. ‘എനിക്ക് തീരെ വയ്യ ഹോസ്പിറ്റലിൽ പോണം ആംബുലൻസ് വിളിക്കു’... ഷോബിച്ചേട്ടൻ പറഞ്ഞു നമ്മുടെ കാറിൽ പോകാം.. വേണ്ട പറയുന്നത് കേൾക്കു, ആംബുലൻസ് വിളിക്കു...കിംസ് ആയിരുന്നു പ്ലാൻ എങ്കിലും ആംബുലൻസിലെ നേഴ്സ് മോണിറ്റർ നോക്കി അവസ്ഥ മോശമെന്ന് പറഞ്ഞു.

SUT ഹോസ്പിറ്റലിൽ ഇടക്കുവെച്ചു ICU വിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നു. പിന്നീട് വെന്റിലേറ്ററിൽ കുറച്ചു ദിവസങ്ങൾ .. ആ മഹാനടന്റെ വേർപാടിന്റെ അവസാന നാളുകളെ കുറിച്ച് പറഞ്ഞു നിർത്തുമ്പോൾ ഞാനും ഷോബിച്ചേട്ടനും ഒരു പ്രത്യേക മാനസികാവസ്ഥയിലായിരുന്നു..... ആ മഹാ നടന് പ്രണാമം... ഷോബി തിലകൻ എന്ന മകനും എന്റെ സ്നേഹാദരങ്ങൾ...

related stories