Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സിനിമയിൽ എന്നെ കണ്ട് അച്ഛനും അമ്മയും ഞെട്ടി’

sreekanth

അല്ല, ആരാണ് ആ പുതിയ നടി! അത് ശരിക്കും പെണ്ണാണോ അതോ ട്രാന്‍സ്ജെന്‍ഡറാണോ. ആളൊരുക്കത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അവിടെ കൂടിയ ഓരോ പ്രേക്ഷകന്റെയും സംശയം ഇതായിരുന്നു. ആരാണ് പ്രിയങ്കയായി വേഷമിട്ടത്. ആ പുതുമയ്ക്കപ്പുറം കഥാപാത്രമായുള്ള പരിവര്‍ത്തനം അത്രമാത്രം വിശ്വസനീയവും അനുപമവുമായിരുന്നു. ശ്രീകാന്ത് മേനോന്‍ ആണ് ഈ കഥാപാത്രമായി പ്രേക്ഷകരെ വിസ്മയിപ്പിച്ചത്.

sreekanth-8

രാജ്യാന്തര ബ്രാന്‍ഡുകളുടെ പരസ്യങ്ങളൊരുക്കുന്ന മെക് ആന്‍ഡ് എറിക്സണ്‍ എന്ന പരസ്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് അഭിനയമെന്ന പാഷനൊപ്പം ശ്രീകാന്ത് മേനോന്‍ സഞ്ചാരം തുടങ്ങിയത്. ലക്ഷങ്ങള്‍ ശമ്പളം കിട്ടാവുന്ന ജോലി നല്‍കുന്ന സന്തോഷത്തിനും സുരക്ഷിതത്വത്തിനും അപ്പുറം ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന പാഷനൊപ്പം പോകാന്‍ തീരുമാനിക്കുമ്പോള്‍ ഇങ്ങനെയൊരു വേഷം ചെയ്യേണ്ടി വരുമെന്ന് ശ്രീകാന്ത് സ്വപ്നത്തിലും വിചാരിച്ചില്ല. പക്ഷേ ആ ചിത്രത്തിനു ദേശീയ പുരസ്‌കാരവും നായകനായ ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിക്കുമ്പോള്‍ അത് പൂര്‍ണമായും അര്‍ഹമായതു തന്നെയെന്ന് ശ്രീകാന്ത് പറയുന്നു.

sreekanth-1

എട്ടു വര്‍ഷം കാമറയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ശേഷമാണ്, വിവാഹമൊക്കെ കഴിഞ്ഞ ശേഷമാണ് ഇനിയുള്ള കാലം അഭിനയത്തിനൊപ്പം പോകാമെന്ന് തനിക്കു തന്നെ ശ്രീകാന്ത് പൂര്‍ണ സമ്മതം നല്‍കിയത്. ജീവിത സഖിയായി ഒപ്പമെത്തിയയാളും സമ്മതം മൂളിയതോടെ അഭിനയ പഠനവും തുടങ്ങി. കൊച്ചിയിലെ ആക്ട് ലാബില്‍ വിദ്യാര്‍ഥിയായിരിക്കേ ചെയ്ത അവള്‍ പേര് ദേവയാനി എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയമാണ് ശ്രീകാന്തിനെ ആളൊരുക്കത്തിലേക്ക് എത്തിച്ചത്. സ്വവര്‍ഗരതിക്കാരുടെ ജീവിതം പറയുന്നൊരു നോവലിനെ ആസ്പദമാക്കിയൊരു പ്രകടനം പഠനത്തോടനുബന്ധിച്ച് ശ്രീകാന്ത് നടത്തിയിരുന്നു. പക്ഷേ ആളൊരുക്കത്തില്‍ സംവിധായകന്‍ ആഗ്രഹിച്ചതു പോലൊരു പ്രിയങ്കയാകുക എളുപ്പമായിരുന്നില്ല. 

sreekanth-6

ഞാന്‍ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. ദീര്‍ഘകാലം മുംബൈയിലായിരുന്നു ജോലി. അച്ഛന്‍ ഡി.വിജയന്‍ കേന്ദ്രമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്. സ്വഭാവികമായും നമ്മളും ഒരു സ്ഥിര ജോലി നേടണം, അഭിനയമൊക്കെയാണെങ്കില്‍ എത്രനാള്‍ പോകും എന്നൊരു ആശങ്ക അച്ഛനുണ്ടായിരുന്നു. പക്ഷേ പിന്നീട് ഞാന്‍ സിനിമയോട് അത്രമാത്രം ഇഷ്ടത്തോടെയാണ് പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ അവര്‍ വലിയ പിന്തുണ തന്നു. ഭാര്യ അര്‍ച്ചന ഡബ്ബിങ് ആര്‍ടിസ്റ്റ് ആണ്. ആളൊരുക്കത്തിലെ എന്നെ കണ്ടിട്ട് അച്ഛനും അമ്മയും ഞെട്ടിപ്പോയി. ഞാന്‍ പോലും ഞെട്ടിപ്പോയി. ശ്രീകാന്ത് പറയുന്നു.

sreekanth-4

‘ഇത്തരത്തിലൊരു വേഷമാണ് എന്നറിഞ്ഞപ്പോള്‍ ആദ്യമേ തന്നെ ഇങ്ങനെയൊന്നു ചെയ്യണോ എന്നൊരിക്കലും തോന്നിയിട്ടില്ല. കാരണം ഒരു വേഷം കിട്ടാന്‍ കൊതിച്ചു നടക്കുന്ന സമയമായിരുന്നു. ഈ ചിത്രത്തിന്റെ കഥ കേട്ടു കഴിഞ്ഞപ്പോഴേ അത് മനസ്സില്‍ കയറിക്കൂടിയിരുന്നു. പക്ഷേ അഭിനയിച്ചു ഫലിപ്പിക്കാനാകുമോ എന്നൊരു ചെറിയ സംശയം ഉണ്ടായിരുന്നു. എനിക്ക് നിര്‍ഭാഗ്യവശാല്‍ മുംബൈയിലെയും ഡല്‍ഹിയിലെയും ട്രാഫിക് സിഗ്‌നലുകളില്‍ ഗതികെട്ട ജീവിതം നയിക്കുന്ന ട്രാന്‍സ്ജെന്‍ഡറുകളെ കണ്ട പരിചയമേയുണ്ടായിരുന്നുള്ളൂ. അങ്ങനെയുള്ളൊരു ഭാവമാണോ ഉദ്ദേശിക്കുന്നതെന്ന് സംവിധായകനായ അഭിലാഷ് ചേട്ടനോട് ചോദിച്ചു.’

sreekanth-7

അങ്ങനെയൊന്നു മനസ്സില്‍ വച്ചിട്ടാണെങ്കില്‍ ചിത്രത്തിലേക്കു വരേണ്ടെന്ന് അഭിലാഷേട്ടന്‍ തീര്‍ത്തു പറഞ്ഞു. അത് ക്ലീഷേ ആണ്. അത് നമ്മള്‍ അവര്‍ക്കുണ്ടാക്കിക്കൊടുത്ത മുഖങ്ങളിലൊന്നാണ്. അങ്ങനെയല്ലാതെ തീര്‍ത്തും സാധാരണ രീതിയില്‍ ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അവരിലൊരാളായാല്‍ മതി. കഥാപാത്രത്തെ കുറിച്ചുള്ള പഠനത്തിന് ഇത്രയും നാള്‍ കണ്ടതൊക്കെ മനസ്സില്‍ നിന്ന് മായ്ച്ച് കളയുക, അതിനായി ഒരു ട്രാഫിക് സിഗ്‌നലിലും പോകേണ്ടതില്ല വീട്ടിലെ അമ്മയേയും ഭാര്യയേയുമൊക്കെ  നോക്കി പഠിച്ചാല്‍ മതി. 

കാരണം എനിക്കു വേണ്ടത് മനസ്സുകൊണ്ടും ശരീരം കൊണ്ടും സ്ത്രീയായി മാറിയ, പെണ്ണിന്റെ ശരീരം ആത്മാവുമുള്ള നല്ലൊരു വീട്ടമ്മയെ ആണ് വേണ്ടതെന്ന്്. അത്ര വേഗത്തില്‍ ഈ കഥാപാത്രം ചെയ്യാനാകില്ല എന്നെനിക്കു തോന്നി. ഞാന്‍ അദ്ദേഹം പറഞ്ഞതു പോലെ തന്നെ ചെയ്തു. ആ സമയത്തായിരുന്നു എനിക്ക് മകനുണ്ടായത് വീട്ടില്‍ പെണ്ണുങ്ങളുടെ എണ്ണവും കൂടി...അമ്മയും ഭാര്യയും അവളുടെ അമ്മയും ഒക്കെയായി. അവരെയാണ് ഞാനീ കഥാപാത്രത്തിനു വേണ്ടി നോക്കിക്കണ്ടത്.

പ്രിയങ്കയായി മാറിയതില്‍ ബാക്കി ക്രെഡിറ്റ് സന്തോഷ്, തമ്പി എന്നീ മേക്കപ്പ് ആര്‍ടിസ്റ്റുകള്‍ക്കാണ്. സാരിയൊക്കെ ചുറ്റിയപ്പോള്‍ ഇടുപ്പിന്റെ ഭാഗം ശരിയാകുന്നില്ല. അവിടെയൊരു ചന്തക്കുറവ്. സ്ത്രീകള്‍ക്ക് അവിടെ ചെറിയൊരു കര്‍വ് പോലെയുണ്ടല്ലോ. അത് കിട്ടാനായി അവര്‍ പിന്നീട് ഒരു സ്പെഷ്യല്‍ നിക്കര്‍ തയ്പ്പിച്ചു. സാരിയുമുടുത്ത് ആദ്യ ദിവസം സെറ്റിലെത്തിയപ്പോള്‍ ആകെയൊരു അങ്കലാപ്പോ...സമ്മര്‍ദ്ദമോ എന്തൊക്കെയോ തോന്നിയിരുന്നു. 

പക്ഷേ അവിടെയുണ്ടായിരുന്നവര്‍ എല്ലാവരും വലിയ പിന്തുണയാണ് തന്നത്. എനിക്കെന്തോ ഒരു പ്രശ്‌നമുണ്ടെന്ന് തോന്നിയിട്ട് എല്ലാമൊരു തമാശയെന്ന മട്ടില്‍ അവര്‍ സുന്ദരി  എന്നൊക്കെ വിളിച്ച് എന്നെ കളിയാക്കാന്‍ തുടങ്ങി...പതിയെ ഞാനും അതിനോടൊപ്പം ചേര്‍ന്നു.  അതിനേക്കാള്‍ എന്നെ അതിശയിപ്പിച്ചത് ഇന്ദ്രന്‍സ് എന്ന വ്യക്തിയാണ്. ഇത്രയും സീനിയര്‍ ആയിട്ടും അതിന്റെയൊരു ഭാവമോ പെരുമാറ്റമോ ഒന്നും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. അത്രമാത്രം സിമ്പിള്‍ ആയിട്ടാണ് അദ്ദേഹം അഭിനയിച്ചതും പെരുമാറിയതും. 

ഏറ്റവും കഠിനമായി തോന്നിയത് ബീച്ചിലെ നടത്തമായിരുന്നു. ഒരു ദിവസം മുഴുവന്‍ ബീച്ചില്‍. സാരിയും ബ്രേസിയറും പാവാടയുമൊക്കെ ഉടുത്തുള്ള നടത്തം വലിയ കഷ്ടമായിരുന്നു. അതിനേക്കാള്‍ കഷ്ടമായിരുന്നു അവിടെ നിന്ന് കിട്ടിയ ചില നോട്ടങ്ങള്‍. തുറിച്ചു നോട്ടങ്ങളെ കുറിച്ച് സ്ത്രീകള്‍ പറയുന്നത് എത്രമാത്രം സത്യമാണെന്ന് എനിക്ക് മനസ്സിലായി. അതെത്രമാത്രം അസിഹിഷ്ണുത നിറഞ്ഞതാണെന്ന് ബോധ്യമായി...അങ്ങനെ കുറേ അനുഭവങ്ങളാണ് ഈ സിനിമ സമ്മാനിച്ചത്. അഭിനയ ജീവിതത്തില്‍, ഏതൊരു അഭിനേതാക്കള്‍ക്കും അത്യപൂര്‍വമായിരിക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ എന്നാണ് എനിക്ക് തോന്നുന്നത്. അഭിനയിക്കുകയായിരുന്നില്ല...അഭിലാഷേട്ടനില്‍ നിന്ന് കഥ കേട്ടതു മുതല്‍ അത് ശരിക്കും അനുഭവിക്കുകയായിരുന്നു. 

സത്യം, ഷെഫ് എന്നീ ചിത്രങ്ങളില്‍ കാമിയോ റോളില്‍ മാത്രമാണ് സിനിമയിലെത്തിയിട്ടുള്ളത്. അതിനു ശേഷം കിട്ടിയ ചിത്രമാണ് ആളൊരുക്കം. അത് ഇത്രമേല്‍ അംഗീകരിക്കപ്പെടുമ്പോള്‍ അപ്രതീക്ഷിതമായി ഒരു പുരസ്‌കാരം എന്നെ തേടി വരുമ്പോള്‍ ഇത്രയും നാള്‍ വളരെ സേഫ് ആയൊരു ഇടത്തു നിന്ന് ഇറങ്ങി സിനിമ മാത്രം ലക്ഷ്യമാക്കി നടന്നതിനുള്ള പ്രതിഫലമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇനിയൊരു ചിത്രം തേടി വരുമോയെന്നോ സിനിമയില്‍ ഇനിയും തുടരാനാകുമോ എന്നൊന്നും അറിയില്ല. പക്ഷേ ആളൊരുക്കം ഒരിക്കലും മനസ്സില്‍ നിന്നു മായില്ല.’–ശ്രീകാന്ത് പറയുന്നു.

ആളൊരുക്കം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വികാര വിക്ഷോഭങ്ങളും നിസഹായതയും മാത്രമല്ല തുറന്നു കാട്ടിയത്. നാം അടങ്ങുന്ന കപടലോകം അവര്‍ക്ക് ചാര്‍ത്തിക്കൊടുത്ത ഒരു കോലംകെട്ട മുഖഭാവത്തിനുള്ള കനത്ത മറുപടി കൂടിയാണ് സമ്മാനിച്ചത്. ആണില്‍ നിന്നു പെണ്ണായി നല്ല വീട്ടമ്മായായി ജീവിക്കുന്ന പ്രിയങ്കയിലേക്കുള്ള ശ്രീകാന്തിന്റെ പരിവര്‍ത്തനത്തിലെ സ്വാഭാവിക ഭംഗി തന്നെയാണ് അതിനു പ്രധാന കാരണം. 

related stories