Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണഘടനയ്ക്കൊപ്പമെന്ന് ഡബ്ല്യുസിസി; സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം

wcc-press-meet

ഭരണഘടനയക്കൊപ്പം എന്ന ഹാഷ്ടാഗിൽ ഡബ്ല്യുസിസി സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് വിവാദമായി.  സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാൻ നടത്തുന്ന ഒരോ ഇടപെടലിനുമൊപ്പവും ഡബ്ല്യുസിസി നിലകൊള്ളുന്നു എന്നു വ്യക്തമാക്കുന്ന പോസ്റ്റിനെതിരെയാണ് വിമർശനം ഉയർന്നത്.

"വുമൺ ഇൻ സിനിമാ കലക്ടീവ് ഇന്ത്യൻ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു. സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാൻ നടത്തുന്ന ഒരോ ഇടപെടലിനുമൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു," എന്നായിരുന്നു ഡബ്ല്യുസിസി ഔദ്യോഗിക പേജിൽ കുറിച്ചത്. എന്നാൽ കുറിപ്പ് ശബരിമല സ്ത്രീപ്രവേശനവുമായി താരതമ്യപ്പെടുത്തിയായിരുന്നു പലരും വിമർശനത്തിന് എത്തിയത്.

ശബരിമല വിഷയത്തെക്കുറിച്ചാണ് പോസ്റ്റിലെ സൂചനയെങ്കിൽ അത് വ്യക്തമായി തുറന്നു പ്രഖ്യാപിക്കണമെന്നായിരുന്നു ഒരു വിഭാഗം ആളുകളുടെ പ്രതികരണം. സിനിമയിലെ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞാൽ മതിയെന്നും വിശ്വാസത്തിന്റെ കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നുമുള്ള കമന്റുകൾ പേജിൽ നിറഞ്ഞു. സിനിമയിലെ ലിംഗനീതിയെക്കുറിച്ചുള്ള നിലപാടുകളിൽ പിന്തുണയ്ക്കുമ്പോഴും ശബരിമല വിഷയത്തിൽ ഡബ്ല്യുസിസിയുടെ പ്രസ്താവനയോടു യോജിക്കാൻ കഴിയില്ലെന്നും ചിലർ വ്യക്തമാക്കി. 

ശബരിമല വിഷയം മുൻനിറുത്തി ഡബ്ല്യുസിസിയെ കടന്നാക്രമിക്കാനും ചിലർ രംഗത്തെത്തി. ഡബ്ല്യുസിസി അംഗങ്ങളെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള കമന്റുകളും പേജിൽ നിറഞ്ഞു. 

എന്നാൽ, സ്ത്രീവിഷയത്തിലെ സംഘടനയുടെ നിലപാടുകളോട് ഒരു വിഭാഗം അനുകൂലമായും പ്രതികരിച്ചു. നിലപാടുകൾ ഉറക്കെ പറയാൻ ധൈര്യം കാണിച്ചതിൽ ഡബ്ല്യുസിസിയെ ചിലർ അഭിനന്ദിക്കുകയും ചെയ്തു.