Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഒരു കാര്യവുമില്ലാതെ, ഇദ്ദേഹത്തിന്റെ ഫോട്ടോ ഇടുന്നു’

yathish-chandra-angry

നിലയ്ക്കലിൽ സുരക്ഷാചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയാണ് സമൂഹമാധ്യമങ്ങളിൽ ഇന്നത്തെ സൂപ്പർസ്റ്റാർ. ശബരിമലയിൽ എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായുള്ള വാക്കുതർക്കത്തിന്റെയും പിന്നീട് സമാധാനപരമായി നടന്ന ഒത്തുതീർപ്പിന്റെയും വിഡിയോ ആണ് ചർച്ചയാകുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്‍ എസ്പിയോടു തട്ടിക്കയറുന്നതും വിഡിയോയില്‍ കാണാം.

വാഹനങ്ങൾ കടത്തിവിടാത്തതെന്ത്? പൊലീസും കേന്ദ്രമന്ത്രിയും തമ്മിൽ വാക്കുതർക്കം

യതീഷ് ചന്ദ്രയുടെ കൃത്യനിർവഹണത്തെ പ്രശംസിച്ച് സിനിമാതാരങ്ങൾ ഉൾപ്പടെയുള്ളവർ രംഗത്തുവന്നു. മിഥുൻ മാനുവൽ, എം.എ നിഷാദ് എന്നിവര്‍ യതീഷ് ചന്ദ്രയുടെ ഫോട്ടോ അടക്കം പങ്കുവച്ചാണ് പ്രകീർത്തിച്ചത്.

‘യതീഷ് ചന്ദ്ര എസ്പി. വെറും വെറുതെ, ചുമ്മാ, ഒരു കാര്യവുമില്ലാതെ, ഇദ്ദേഹത്തിന്റെ ഒരു ഫോട്ടോ ഇടുന്നു.’– മിഥുൻ മാനുവൽ കുറിച്ചു.

‘ആനയെ പേടിക്കാത്തവൻ ആനപ്പിണ്ടത്തെ പേടിക്കുമോ ? ആ നോട്ടത്തിലുണ്ട് എല്ലാം... യതീഷ് ചന്ദ്ര..പൊളിച്ചു..
NB..നിങ്ങളെന്തിനാ നോക്കി പേടിപ്പിക്കുന്നതെന്ന് രാധൻ...ഒറ്റ നോട്ടത്തിൽ തന്നെ കാവി കളസം നനഞ്ഞു എന്നത് വേറെ സത്യം.’– എം.എ. നിഷാദ് എഴുതി.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്തായിരുന്നു കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും നിലയ്ക്കലിൽ സുരക്ഷാചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയും തമ്മിലുള്ള തർക്കം. കെഎസ്ആർടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാൽ കെഎസ്ആർടിസി ബസ് അവിടെ പാർക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങൾ പോയാൽ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നൽകി. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എസ്പിയോട് തട്ടിക്കയറി. മന്ത്രി ഉത്തരവിട്ടാൽ ഗതാഗതം അനുവദിക്കാമെന്നായിരുന്നു എസ്പിയുടെ മറുപടി. അതിനു തനിക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. പിന്നീട് മന്ത്രിയും സംഘവും ബസിൽ പമ്പയിലെത്തി മല കയറി.