രാധതമ്പുരാട്ടിയും മകളും പന്തളം കൊട്ടാരത്തിനു മുമ്പിൽ: വിമർശകരെ ട്രോളി സജിത മഠത്തിൽ

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടി സജിതാ മഠത്തിലിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ നുണപ്രചാരണം. ശബരിമലയില്‍ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സംസ്ഥാന സര്‍ക്കാരും കണ്ണീര് കുടിക്കേണ്ടി വരും എന്ന് പന്തളം കൊട്ടാരത്തിലെ രാധ തമ്പുരാട്ടി പറഞ്ഞുവെന്ന തരത്തില്‍ സജിതാ മഠത്തിലിന്റെ ചിത്രം പ്രചരിച്ചാണ് പ്രചാരണങ്ങള്‍ നടക്കുന്നത്.

പന്തളം കൊട്ടാരത്തിലെ തലമുതിര്‍ന്ന അംഗമാണ് രാധ തമ്പുരാട്ടിയെന്നാണ് പ്രചരിപ്പിക്കുന്നത്. പ്രചാരണത്തോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിലാണ് സിനിമ, നാടക അഭിനേത്രിയായ സജിത മഠത്തിലിന്റെ ചിത്രം കൊടുത്തിരിക്കുന്നത്.

തന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ സജിത മഠത്തില്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ‘ഈ രാധ തമ്പുരാട്ടിയെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു! (ഈ വൃത്തികേടുകള്‍ നിര്‍ത്താന്‍ എന്തു ചെയ്യാന്‍ സാധിക്കും? ദയവുചെയ്ത് എന്നെ സഹായിക്കൂ’.– സജിത കുറിച്ചു.

‘ശബരിമലയില്‍ ഞങ്ങളുടെ പൂര്‍വികര്‍ രൂപപ്പെടുത്തിയ അനുഷ്ടാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സംസ്ഥാന സര്‍ക്കാരും ഒരുപാട് കണ്ണീര് കുടിക്കേണ്ടി വരും. ഇത് ഈ നാട് ഭരിച്ച രാജവംശത്തിന്റെ അമ്മയുടെ ശാപമായ് കരുതിക്കോളൂ. ഈ മാതൃശാപം എന്നും അഗ്‌നിയായ് നീറി നില്‍ക്കട്ടേ’ എന്നാണ് സജിത മഠത്തിലിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം.

ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കുകയാണ് നടി ഇപ്പോൾ. വിഷയവുമായി ബന്ധപ്പെട്ട് രസകരമായൊരു മറുപടി ചിത്രവും സജിത സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.‘ രാധതമ്പുരാട്ടിയും മകളും പന്തളം കൊട്ടാരത്തിനു മുമ്പിൽ!’–ഗോവയിൽ നടി കനി കുസൃതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച ശേഷം സജിത മഠത്തിൽ കുറിച്ച വാക്കുകൾ.