ഗാവിൻ പക്കാർഡ്; ആ ‘വില്ലനെ’ വീണ്ടും ഓർമിക്കുന്നു, ഈ മക്കളിലൂടെ !
എൺപതുകളുടെ അവസാനത്തിൽ പുറത്തിറങ്ങിയ പത്മരാജൻ സിനിമയായ സീസൺ കണ്ടവർ ഫാബിയൻ എന്ന വില്ലനെ ഒരിക്കലും മറക്കാനിടയില്ല. ഉരുക്കു പോലുള്ള ശരീരവും ചാരക്കണ്ണുകളും ക്രൂരമായ മുഖവുമുള്ള ഗാവിൻ പക്കാർഡാണ് ആ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു കാലത്ത് മലയാള സിനിമയിലെ ഡ്രഗ് ഡീലർക്ക് ഒരൊറ്റ മുഖം മാത്രമേ
എൺപതുകളുടെ അവസാനത്തിൽ പുറത്തിറങ്ങിയ പത്മരാജൻ സിനിമയായ സീസൺ കണ്ടവർ ഫാബിയൻ എന്ന വില്ലനെ ഒരിക്കലും മറക്കാനിടയില്ല. ഉരുക്കു പോലുള്ള ശരീരവും ചാരക്കണ്ണുകളും ക്രൂരമായ മുഖവുമുള്ള ഗാവിൻ പക്കാർഡാണ് ആ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു കാലത്ത് മലയാള സിനിമയിലെ ഡ്രഗ് ഡീലർക്ക് ഒരൊറ്റ മുഖം മാത്രമേ
എൺപതുകളുടെ അവസാനത്തിൽ പുറത്തിറങ്ങിയ പത്മരാജൻ സിനിമയായ സീസൺ കണ്ടവർ ഫാബിയൻ എന്ന വില്ലനെ ഒരിക്കലും മറക്കാനിടയില്ല. ഉരുക്കു പോലുള്ള ശരീരവും ചാരക്കണ്ണുകളും ക്രൂരമായ മുഖവുമുള്ള ഗാവിൻ പക്കാർഡാണ് ആ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു കാലത്ത് മലയാള സിനിമയിലെ ഡ്രഗ് ഡീലർക്ക് ഒരൊറ്റ മുഖം മാത്രമേ
1989 ൽ പുറത്തിറങ്ങിയ പത്മരാജൻ ചിത്രം ‘സീസൺ’ കണ്ടവർ ഫാബിയൻ എന്ന വില്ലനെ ഒരിക്കലും മറക്കില്ല. ഉരുക്കു പോലുള്ള ശരീരവും ചാരക്കണ്ണുകളും ക്രൂരമായ മുഖവുമുള്ള ഗാവിൻ പക്കാർഡ്. ഒരു കാലത്ത് മലയാള സിനിമയിലെ ‘ഡ്രഗ് ഡീലർ’ക്ക് ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളൂ. അതായിരുന്നു ഗാവിൻ! ആര്യന്‍, ബോക്സര്‍, ജാക്പോട്ട്, ആനവാല്‍ മേതിരം, ആയുഷ്കാലം തുടങ്ങി നിരവധി ചിത്രങ്ങൾ! എന്നാൽ, ഏഴു വർഷം മുൻപ് മുംബൈയിലെ ഒരു സ്വകാര്യ നഴ്സിങ് ഹോമിൽ ശ്വാസകോശരോഗം ബാധിച്ച് അദ്ദേഹം മരണമടഞ്ഞത് അധികമാരും അറിഞ്ഞില്ല. മലയാളി പ്രേക്ഷകർക്കു സുപരിചിതനായ ചാരക്കണ്ണുള്ള ആ വില്ലന്റെ മകളെ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ഇൻസ്റ്റഗ്രാമിലെ സിനിമാപ്രേമികൾ യാദൃച്ഛികമായി കണ്ടെടുത്തു. ഗാവിൻ പക്കാർഡിന്റെ മകളും മോഡലുമായ എറീക പക്കാർഡ് പങ്കുവച്ച ഒരു ചിത്രമാണ് അതിനു വഴി വച്ചത്.
രസകരമാണ് ആ കണ്ടെത്തലിന്റെ കഥ. മുംബൈയിൽ മോഡലായ എറീക പക്കാർഡ് ഇൻസ്റ്റഗ്രാമിൽ തന്റെയൊരു കുട്ടിക്കാലചിത്രം പങ്കു വയ്ക്കുന്നു. മരിച്ചു പോയ തന്റെ അച്ഛന്, അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടായിരുന്നു എറീകയുടെ ഇൻസ്റ്റ പോസ്റ്റ്. പാവാടയും ടോപ്പുമിട്ട് അച്ഛന്റെ കയ്യിൽ തൂങ്ങിയാടുന്ന എറീക്കയെയല്ല, മറിച്ച് ഫിറ്റ്നസ് ഫ്രീക്കിന്റെ ശരീരമുള്ള എറീക്കയുടെ അച്ഛനെയാണ് ഇൻസ്റ്റ സുഹൃത്തുക്കൾ ശ്രദ്ധിച്ചത്.
എൺപതുകളിലും തൊണ്ണൂറുകളിലും ഹിന്ദി–മലയാളം സിനിമകളിൽ ത്രസിപ്പിക്കുന്ന വില്ലൻ വേഷങ്ങൾ ചെയ്ത ഗാവിൻ പക്കാർഡാണ് ചിത്രത്തിലെ ഫിറ്റ്നസ് മാൻ എന്നു തിരിച്ചറിഞ്ഞതോടെ നിരവധി സിനിമാപ്രേമികൾ ഗാവിനെക്കുറിച്ചുള്ള സിനിമാസ്മരണകൾ പങ്കുവച്ചു.
സിനിമയിൽ നമ്മൾ കണ്ടു പരിചയിച്ച വില്ലന്റെ മുഖമല്ല മക്കളായ എറീകയും കമില്ലെയും പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ ഗാവിനുള്ളത്. മക്കൾക്കൊപ്പം ചിരിച്ചുല്ലസിച്ച് കുസൃതി കാണിച്ചു നടക്കുന്ന വാത്സല്യവാനായ പിതാവായിരുന്നു ഗാവിൻ. മക്കളുടെ ജന്മദിനത്തിൽ അവരുടെ കൂട്ടുകാർക്കൊപ്പം പാർട്ടി നടത്തിയിരുന്ന 'ഗാവിൻ അങ്കിളി'നെ എറീകയുടെയും കമില്ലെയുടെയും സുഹൃത്തുക്കൾ ഇപ്പോഴും ഓർക്കുന്നു.
അദ്ദേഹത്തിന്റെ ബലിഷ്ഠമായ കരങ്ങളിൽ തൂങ്ങിയാടി കളിച്ചിരുന്ന ദിനങ്ങളുടെ ഓർമകൾ എറീകയും പങ്കു വച്ചു. ‘അച്ഛൻ ഞങ്ങൾക്കൊരു സൂപ്പർമാനായിരുന്നു. കരൺ അർജുനിൽ സൽമാനൊപ്പമുള്ള സംഘട്ടനരംഗമൊക്കെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. സഡക്കിലെ അദ്ദേഹത്തിന്റെ പ്രകടനവും ഏറെ ഇഷ്ടമാണ്.’ എറീക പറയുന്നു.
അവ്രിൽ പക്കാർഡ് ആണ് എറീകയുടെയും കമില്ലെയുടെയും അമ്മ. ഗാവിനും അവ്രിലും നിയമപരമായി വിവാഹമോചനം നേടിയിരുന്നു. ഇന്ന് മുംബൈയിലെ അറിയപ്പെടുന്ന മോഡലാണ് എറീക. രൺബീർ കപൂറിനൊപ്പം രണ്ട് പരസ്യ ചിത്രങ്ങളിലും എറീക്ക അഭിനയിച്ചു. എറീക്കയുടെ സഹോദരി കമില്ലെ കൈല പക്കാർഡിന്റെ രക്ഷകർത്താവ് ഇപ്പോള്‍ നടൻ സഞ്ജയ് ദത്ത് ആണ്.
ഒരു സിനിമക്കഥ പോലെയായിരുന്നു ഗാവിൻ പക്കാർഡിന്റെ ജീവിതം. അമേരിക്കൻ സൈന്യത്തിലായിരുന്നു ഗാവിന്റെ മുത്തച്ഛനായ ജോൺ പക്കാർഡ്. ഐറിഷ് അമേരിക്കൻ വംശജനായ അദ്ദേഹം ഇന്ത്യയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഗാവിന്റെ അച്ഛനായ ഏൾ പക്കാർഡ് വിവാഹം ചെയ്തത് ഒരു മഹാരാഷ്ട്രക്കാരിയെ ആയിരുന്നു.
അങ്ങനെ ഗാവിന്റെ കുടുംബം മുംബൈയിൽ സ്ഥിരതാമസമാക്കി. 1964 ലാണ് ഗാവിൻ ജനിച്ചത്. ചെറുപ്പത്തിലേ ബോഡി ബിൽഡിങ്ങിൽ താൽപര്യം ഉണ്ടായിരുന്ന ഗാവിൻ വളരെ പെട്ടെന്നു സിനിമയിലെത്തി. ചെറുവേഷങ്ങളായിരുന്നു ആദ്യം ലഭിച്ചതെങ്കിലും എൺപതുകളോടെ ശ്രദ്ധേയമായ വില്ലൻ വേഷങ്ങൾ കിട്ടിത്തുടങ്ങി.
അൻപതിലധികം ബോളിവുഡ് ചിത്രങ്ങളിലും പത്തോളം ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും നെഗറ്റീവ് കഥാപാത്രങ്ങളിൽ ഗാവിൻ തിളങ്ങി. ഉരുക്കിനെ തോൽപ്പിക്കുന്ന ശരീരവും ഭയപ്പെടുത്തുന്ന നോട്ടവും ഗാവിനെ പകരക്കാരനില്ലാത്ത വില്ലനാക്കി. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഗാവിനിലെ നടനെ അടയാളപ്പെടുത്തിയത് പത്മരാജൻ സംവിധാനം ചെയ്ത സീസൺ എന്ന ചിത്രമായിരുന്നു. കോവളം ബീച്ചിലേക്ക് അതിസുന്ദരിയായ മെർലിനുമൊത്ത് ബൈക്കിൽ ഉല്ലസിച്ചെത്തുന്ന ചാരക്കണ്ണുള്ള ഫാബിയനെ ഗാവിൻ അനശ്വരനാക്കി.
സിനിമകൾ പക്ഷേ, ഗാവിനു സമ്മാനിച്ചത് കഷ്ടപ്പാടിന്റെ ദിവസങ്ങളായിരുന്നു. അഭിനയിച്ച വേഷങ്ങൾക്കൊന്നും പ്രതിഫലം കണക്കു പറഞ്ഞു വാങ്ങാൻ ഗാവിൻ ശ്രമിച്ചില്ല. കിട്ടിയ തുക വാങ്ങി സെറ്റിൽനിന്നു മടങ്ങുകയായിരുന്നു രീതി. സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, സൽമാൻ ഖാന്റെ അംഗരക്ഷകൻ ഷേര തുടങ്ങിയവരുടെ ആദ്യകാല ഫിറ്റ്നസ് ട്രെയിനർ കൂടിയായിരുന്നു ഗാവിൻ. സിനിമയിൽ തിരക്കു കുറഞ്ഞപ്പോൾ പോലും ബോഡി ബിൽഡിങ്ങിനോടുള്ള താൽപര്യം അദ്ദേഹം ഉപേക്ഷിച്ചില്ല. ബോഡി ബിൽഡിങ്ങിൽ നിരവധി ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ ഗാവിനെ തേടിയെത്തി.
മൊഹ്റ, കരൺ അർജുൻ, ബഡേ മിയാൻ ഛോട്ടേ മിയാൻ, ബാഗി തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങളിൽ ഗാവിൻ അവതരിപ്പിച്ച നെഗറ്റീവ് കഥാപാത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടി. സീസണിലെ ഫാബിയൻ, ആനവാൽമോതിരത്തിലെ ബെഞ്ചമിൻ ബ്രൂണോ, ആര്യനിലെ ദാദ, ബോക്സറിലെ ബോക്സിങ് താരം എന്നിങ്ങനെ അഭിനയിച്ച മലയാള ചിത്രങ്ങളിലെല്ലാം ഗംഭീരപ്രകടനമാണ് ഗാവിൻ കാഴ്ച വച്ചത്. എന്നാൽ, രോഗാതുരമായ അവസാനകാലത്ത് സിനിമയിലെ സുഹൃത്തുക്കളിൽനിന്ന് അവഗണനയായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് 2012 ൽ മുംബൈയിലെ ഒരു നഴ്സിങ് ഹോമിൽ 48ാം വയസ്സിൽ ഗാവിൻ മരണത്തിനു കീഴടങ്ങി.
മറ്റു പലർക്കുമൊപ്പം മറവിയുടെ പട്ടികയിലേക്കു നടന്നു കയറിയ ആ ‘വില്ലൻ’ മക്കളിലൂടെ മലയാളികളുടെ മുന്നിലേക്ക് വീണ്ടുമെത്തുമ്പോൾ സിനിമാപ്രേമികൾക്ക് അത് നോവുന്ന ഒാർമപ്പെടുത്തലാകുന്നു.