ചിരിരാജ (പ്പ) ൻ
"കരളെരിഞ്ഞാലും തലപുകഞ്ഞാലും ചിരിക്കണമതേ വിദൂഷക ധർമ്മം. ചിരിയും കണ്ണീരുമിവിടെ കാണുവ - തൊരുപോൽ മിഥ്യയെന്നറിവോനല്ലി നീ ഇവ രണ്ടിൽ ചിരി പരം വരണീയ - മവനിയിൽ ഹാസ്യമമൃതധാര താൻ വിഷാദമാത്മാവിൽ വിഷം വിദൂഷക വിശുദ്ധാനന്ദത്തിൻ വിലേപനം ചിരി." -സഞ്ജയൻ അണിയറയിൽ. കേരളത്തിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച
"കരളെരിഞ്ഞാലും തലപുകഞ്ഞാലും ചിരിക്കണമതേ വിദൂഷക ധർമ്മം. ചിരിയും കണ്ണീരുമിവിടെ കാണുവ - തൊരുപോൽ മിഥ്യയെന്നറിവോനല്ലി നീ ഇവ രണ്ടിൽ ചിരി പരം വരണീയ - മവനിയിൽ ഹാസ്യമമൃതധാര താൻ വിഷാദമാത്മാവിൽ വിഷം വിദൂഷക വിശുദ്ധാനന്ദത്തിൻ വിലേപനം ചിരി." -സഞ്ജയൻ അണിയറയിൽ. കേരളത്തിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച
"കരളെരിഞ്ഞാലും തലപുകഞ്ഞാലും ചിരിക്കണമതേ വിദൂഷക ധർമ്മം. ചിരിയും കണ്ണീരുമിവിടെ കാണുവ - തൊരുപോൽ മിഥ്യയെന്നറിവോനല്ലി നീ ഇവ രണ്ടിൽ ചിരി പരം വരണീയ - മവനിയിൽ ഹാസ്യമമൃതധാര താൻ വിഷാദമാത്മാവിൽ വിഷം വിദൂഷക വിശുദ്ധാനന്ദത്തിൻ വിലേപനം ചിരി." -സഞ്ജയൻ അണിയറയിൽ. കേരളത്തിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച
"കരളെരിഞ്ഞാലും തലപുകഞ്ഞാലും
ചിരിക്കണമതേ വിദൂഷക ധർമ്മം.
ചിരിയും കണ്ണീരുമിവിടെ കാണുവ -
തൊരുപോൽ മിഥ്യയെന്നറിവോനല്ലി നീ
ഇവ രണ്ടിൽ ചിരി പരം വരണീയ -
മവനിയിൽ ഹാസ്യമമൃതധാര താൻ
വിഷാദമാത്മാവിൽ വിഷം വിദൂഷക
വിശുദ്ധാനന്ദത്തിൻ വിലേപനം ചിരി." -സഞ്ജയൻ അണിയറയിൽ.
കേരളത്തിലെ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച കഥാപ്രസംഗക്കാരൻ ആര്? ഈ ചോദ്യത്തിന് ആൾക്കാർ ആദ്യം പറയുന്ന ഉത്തരം സാംബശിവൻ എന്നായിരിക്കും. അപ്പോൾ "വി.ഡി.രാജപ്പനോ ?"
"അത് പിന്നെ... അങ്ങേര് വെറുതെ... കോമഡിക്കഥയൊക്കെയല്ലേ പറഞ്ഞിട്ടുള്ളത്.?"
"കോമഡി എന്താ കഥയല്ലേ ?'
" എന്നു ചോദിച്ചാ.,.. അതൊക്കെ സീരിയസ് ആയി എടുക്കേണ്ട കാര്യമില്ലല്ലോ?"
അതാണ് പൊതുവിലുള്ള ഒരു മനോഭാവം. തമാശ കേൾക്കാനും കാണാനും പറയാനും ചിരിക്കാനും കൊള്ളാം. ഷെൽഫ് ലൈഫ് വേണമെങ്കിൽ കാര്യഗൗരവം വേണം.അപ്പൊ, കുഞ്ചനും ചാർലി ചാപ്ലിനും വികെ എന്നും ചിരിയായുസ്സു കുറഞ്ഞവരോ ?
" ആ സൈസ് ചിരിയല്ലല്ലോ രാജപ്പന്റെത് "
" പിന്നെ ഏതു സൈസ് ?"
" ഒരു ലോ ക്ലാസ് സെൻസിബിലിറ്റിക്ക് വഴങ്ങുന്ന തരത്തിലുള്ള....."
ഓ ,ശരി ശരി, മനസ്സിലായി ഉദാഹരണം പറയാം. ഇത്തരം തമാശയാണോ ക്ലാസ്സ്ലെസ്സ്എന്ന് പറയണേ ?
" ' സമ്മതിച്ചിരിക്കുന്നു .കുഞ്ഞിന് പേര് ? '
'ഇവിടുന്ന് വല്ലതും കണ്ടു വച്ചിട്ടുണ്ടോ ?'
' ഇല്ല നീ തന്നെ ചിന്തിക്ക്.'
വരാന്തയുടെ അറ്റത്ത് പോയി ചിന്തിച്ച ശേഷം തിരിച്ചുവന്ന വാരിക്കുന്നൻ ചോദിച്ചു :' ദേവയാനി എന്നായാലോ ? ' പ്രസ്തുത നാമധേയത്തെ മനസ്സിലിട്ട് ഒരുനിമിഷം മഥിച്ചശേഷം സർ ചാത്തു പൊട്ടിച്ചിരിച്ചു. പൊട്ടിപ്പൊട്ടി ചിരിച്ചു. താൻ ഫൂൾ ആയോ എന്ന ജാള്യതയോടെ വാരിക്കുന്നൻ ചോദിച്ചു.
' നാണു പറഞ്ഞത് അബദ്ധമായോ? ' 'അബദ്ധമായെന്നോ ? ഇത്രയും സുഭദ്രമായ ഒരു പേര് പേര് നാമിതുവരെ കേട്ടിട്ടില്ല. രസികൻ പേര് ' ആട്ടെ ,എന്താണ് അതിലെ രസികത്തം.? ' വളരെ ചിന്തിച്ചിട്ടും വാരിക്കുന്നനു പിടികിട്ടിയില്ല അദ്ദേഹം തോൽവി സമ്മതിച്ചു. ' സുന്ദരമായ പേര് ' സർ ചാത്തു ആവർത്തിച്ചു. ഇടയ്ക്കൊരു ദീർഘം കൂടി പ്രയോഗിച്ചാൽ കുഞ്ഞ് വന്ന വഴിയുടെ പേരുമായി."
എന്തായാലും ഇത് ഡബിൾ മീനിങ് ആണ്. ദ്വയാർത്ഥം. ഇത്തരം സംഗതികളാണ് സെൻസിബിലിറ്റിയെ തകർക്കുന്നത് .സംശയമില്ലതിന്. പക്ഷേ ഇത് പറഞ്ഞത് ക്ലാസ്സ് ഇല്ലാത്ത കഥാപ്രസംഗകാരനല്ല. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവായ വി.കെ. എൻ. ആണ്. പൊളിറ്റിക്കൽ കറക്ട്ട്‌നസിന്റെ മീറ്റർ ഒന്നും നിലവിൽ വന്നിട്ടില്ലായിരുന്ന കാലത്തും വീ.കെ. എൻ. വച്ചു കീറിയത് പോലെ ലൈസൻസില്ലാതെ വാവിട്ട വാക്ക് പറഞ്ഞിരുന്നില്ല വി.ഡി.രാജപ്പൻ.
രാജപ്പനിൽ നിന്നല്ല ഹാസ്യാനുകരണത്തിന്റെ പുതുനാമ്പുകൾ ആദ്യമായി പൊട്ടിക്കിളിർത്തത്തതോ പൊട്ടി ഒഴുകിയതോ. പാരഡി എന്ന പ്രതിഭാസം കണ്ടുപിടിച്ച എഡിസണും ആയിരുന്നില്ല അദ്ദേഹം.എന്നാൽ പാരഡിപ്പാട്ടിനെയും കോമഡികഥാപ്രസംഗ ത്തെയും കേരളമാകെ തരംഗമാക്കിയ താരമായിരുന്നു സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്ക് പറന്നിരുന്ന രാജപ്പൻ. വി.ഡി.രാജപ്പൻ കത്തി നിന്ന കാലത്ത് പുള്ളിക്കാരൻ കഥ പറയാൻ വന്ന അമ്പലപ്പറമ്പിലും പള്ളിമുറ്റത്തുമൊക്കെ കല്ലെടുത്തെറിയാൻ നിന്നവരെ പോലും കഥ പറഞ്ഞയാൾ കയ്യിലെടുത്തു. അവിടൊക്കെ പൂഴി വാരിയിട്ടാൽ താഴെ വീഴാത്ത പരുവത്തിൽ ആളു കൂടുമായിരുന്നു.
കഥാപ്രസംഗത്തിന്റെ കസെറ്റ് ഇറങ്ങുമ്പോൾ കടയിൽ നൊടിയിടകൊണ്ട് അത് തീർന്നു പോകുമായിരുന്നു.കേട്ടവർ മുഴുവൻ ലോ ക്ലാസെങ്കിൽ അവതരണ കലകളുടെ ആസ്വാദകരിൽ ഭൂരിപക്ഷവും ലോ ക്ലാസ് തന്നെ. ജനാധിപത്യം ഒരു ലോ ക്ലാസ് ഭരണക്രമം എന്നും പറയേണ്ടിവരും. ഭൂരിപക്ഷത്തിന്റെ ഇഷ്ടങ്ങൾ നിലവാരം കുറഞ്ഞതാണെന്ന ഗണിക്കലിലാണല്ലോ അധികാരത്തിന്റെ പട്ടാള ഭരണ വാഴ്ചകൾ അരങ്ങേറിയിട്ടുള്ളത്.
കുഞ്ചൻനമ്പ്യാർ എന്നുപറയുന്ന "പരമ മോശക്കാരനായ" അന്നത്തെ ജനപ്രിയ പ്രമാണി പറഞ്ഞത് ഇങ്ങനെയായിരുന്നു.( കാലം കഴിയുമ്പോൾ ഓരോന്നും ക്ലാസിക് ആവുമല്ലോ. കുട്ടികൃഷ്ണമാരാര് പറയുന്നത് ശരിയാണെന്ന് കരുതുന്നവർക്ക് ഇപ്പോഴും അതൊക്കെ മോശമാണെന്ന്!!!.)
" ഭടജനങ്ങടെ സഭയിലുള്ളൊരു
പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള
ഭാഷതന്നെ ചിതം വരൂ
കടുകടെപ്പടു കഠിന സംസ്കൃത
വികട കടുകവി കേറിയാൽ
ഭടജനങ്ങൾ ധരിക്കയില്ല തിരിക്കു
മൊക്കെയുമേറ്റുടൻ."
ഓരോരുത്തരും എഴുന്നേറ്റു തിരിക്കാത്ത മട്ടിൽ ജനക്കൂട്ടങ്ങളെ പിടിച്ചിരുത്തിയ കഥപറച്ചിലുകാരനായിരുന്നു വി.ഡി.രാജപ്പൻ. ഏത് കൊമ്പത്തെ കാഥികനെയും കീഴടക്കുമെന്ന ഈഗോയുമായി നിന്നവരെ നോക്കി അയാൾ ഇങ്ങനെ പാടി.
" കല്ലെടുത്തു കീച്ചരുതേ നാട്ടാരേ
എല്ലു വലിച്ചൂരരുതേ നാട്ടാരേ.
കപ്പയ്ക്കിടവഴി കവുങ്ങിനിടവഴിയോടും ഞാൻ.
കല്ലെടുത്തു കീച്ചരുതേ നാട്ടാരേ."
എറിഞ്ഞു കൊല്ലാൻ നിന്നവരൊക്കെ ആ അപേക്ഷ കേട്ടപ്പോൾ ചിരിച്ചു മരിച്ചു.എറിയുക എന്ന് ഗമയിൽ നിന്ന് കീച്ചുക എന്ന സാധാരണത്വത്തിലേക്ക് ഭാഷയെ മെരുക്കിയതിൻറെ നാടൻ ചേല് കൊണ്ട് കൂടിയാണ് നാട്ടുകാരൊക്കെയത് കേട്ടിരുന്നത് .പണ്ട് തോലൻ ,നാടുവാണിരുന്ന തമ്പുരാന്റെ തമ്പുരാട്ടിയെ പുകഴ്ത്തി നാടൻ മട്ടിലൊരു ശ്ലോകം ചമച്ചു.
" അന്നൊത്ത പോക്കീ, കുയിലൊത്ത പാട്ടീ,
തേനൊത്ത വാക്കീ തിലപുഷ്പമൂക്കീ
ദരിദ്രയില്ലത്തെ യവാഗു പോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ."
"അരയന്നത്തെ പോലെ നടക്കുന്നവളേ. കുയിലിനെപ്പോലെ പാടുന്നവളേ. തേനിന് തുല്യമായ വാക്കുള്ളവളേ. എള്ളിൻ പൂവു പോലെയുള്ള മൂക്കുള്ളവളേ. ദരിദ്രമായ ഇല്ലത്തെ കഞ്ഞി പോലെ നീണ്ട കണ്ണുകൾ ഉള്ളവളേ." എന്നാണ് ഈ ശ്ലോകത്തിൻറെ അർത്ഥം. ഇതിലെ പോക്കീ ,പാട്ടീ ,വാക്കീ, മൂക്കീ തുടങ്ങിയ പ്രയോഗങ്ങൾ കെട്ടിലമ്മയ്ക്ക് രുചിച്ചില്ല.
അപ്പോൾ മുട്ടിനു മുട്ടിന് കടുകട്ടി വാക്കുകൾ ചേർത്ത് തോലൻ ഒരു സംഗതി തട്ടിവിട്ടു.
" ആർക്കശുഷ്ക്ക ഫല കോമളസ്തനീ
തിന്ത്രിണീ ദലവിശാലാലോചനാ
നിംബ പല്ലവ സമാനകേശിനീ
കീകസാത്മ മുഖീ വിരാജസേ."
( ഉണങ്ങിയ എരിക്കിൻ കായ പോലുള്ള സ്‌തനങ്ങളും വാളൻ പുളിയിലയോളം വിശാലമായ കണ്ണുകളും ആര്യവേപ്പിൻ തളിരിന് സമാനമായ തലമുടിയും രാക്ഷസാകാരമുള്ള മുഖമുള്ളവളുമായ ഭവതി ശോഭിക്കുന്നു.)
പക്ഷേ കിട്ടിയത് പട്ടും വളയും. കനമുള്ള പദങ്ങൾ നിരന്നപ്പോൾ പൊരുൾ ആര് നോക്കുന്നു. ദേശ്യഭാഷകളുടെ പ്രയോഗഭംഗികളെക്കുറിച്ച് സാഹിത്യ സിംഹങ്ങൾക്കിടയിൽ സൈദ്ധാന്തിക ചർച്ച ഉണ്ടാകുന്നതിനു മുൻപ് കോട്ടയംകാരന്റെ കപ്പ മലയാളത്തിൽ കേരളമൊട്ടുക്ക് ഓടിനടന്ന് കഥ പറഞ്ഞൊരുകാഥികന്റെ ആഖ്യാന ഭാഷ പകർന്ന ഊറ്റത്തിന്റെയും ഊർജ്ജത്തിന്റെയും അളവ് ഒരു കണക്കിലും രേഖപ്പെട്ടിട്ടില്ല ഇതുവരെ. സി.വി.രാമൻപിള്ളയല്ല വി.ഡി. രാജപ്പൻ. ബഷീറും അല്ല രാജപ്പൻ. പക്ഷേ ദേശ്യഭേദങ്ങളെ പഠിക്കുന്നവർക്ക് അങ്ങേരെ ഒഴിവാക്കാൻ കഴിയില്ല. ഉറപ്പ്.ബുദ്ധിജീവികൾ ഒന്നും രാജപ്പനെ കണ്ടതായി പോലും നടിച്ചിരുന്നില്ല പണ്ടും. പക്ഷേ കെ.ജി.എസിന്റെ കവിതയിലെ കാക്കയെ പോലെ ആയിരുന്നു ആ കഥപറച്ചിലുകാരന്റെ വളർച്ച.
" മയിലിനോടും
കുയിലിനോടും
അരയന്നത്തോടും തോറ്റ്
ജനകീയതയിൽ ജയിച്ച്
വെളിച്ചത്തിൽ വിശ്വസിച്ച്
കറുകറുത്ത് വളർന്ന്
അതൊരു വലിയ കാക്കയായി.
ഭൂമിയിലും ആകാശത്തിലും
അതിന് വഴികൾ അവസാനിച്ചില്ല."
നിഘണ്ടു പ്രകാരം പാരഡി എന്ന വാക്കിന്റെ അർത്ഥം ഇങ്ങനെയാണ്. " 1 a humorous exaggerated imitation of an author, literary work, style ,etc.2 .a feeble imitation." വിശ്വവിജ്ഞാനകോശം പാരഡിയെ ഇങ്ങനെ നിർവചിക്കുന്നു " ഹാസ്യാനുകരണ കവിത." പരോദിയ" ( Parodeia ) എന്ന ഗ്രീക്ക് പദത്തിന്റെ രൂപാന്തരമാണ് പാരഡി എന്ന ഇംഗ്ലീഷ് പദം. രണ്ടുപേർ ചേർന്ന് പാടുന്ന പാട്ടിനാണ് ആദ്യം ഈ പേര് വന്നത്.പിന്നീട് മറ്റൊരാളുടെ ആശയ പ്രകാശന രീതിയോ ശൈലിയോ (style) വൃത്തമോ പദങ്ങളോ ഒരേ സമയം ഇവയിൽ പലതുമോ അനുകരിച്ച് ഒരു കവിയെയോ ഒരു കാവ്യപ്രസ്ഥാനത്തെയോ വ്യക്തികളെയോ പരിഹസിക്കുന്ന കവിതകൾക്ക് ഈ പേര് വന്നു.
ഈ നിർവചനങ്ങൾ ഒന്നും വി.ഡി.രാജപ്പന് അറിയില്ലായിരുന്നു. വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടിൽ അയാൾ പാടിയും പറഞ്ഞും പെർഫോം ചെയ്തു. ഇതൊക്കെ ഇപ്പോൾ പറയുന്നതിന് ഒരു കാരണമുണ്ട്. ഒരുപാട് സിനിമകളിൽ അഭിനയിച്ച അങ്ങേരെക്കുറിച്ച് പറയുന്നതിന്റെ കാരണം അടുത്ത ചന്ദ്രഹാസത്തിൽ പറഞ്ഞു നിർത്താം.