ഡ്രാമേട്ടൻ
സംഭവം നടക്കുന്നത് പത്തിരുപത്തേഴു വർഷം മുൻപാണ്. ചങ്ങനാശേരി എസ്. ബി. കോളേജിൽ ഒരു വലിയ നാടകമത്സരം നടക്കുന്നു.അതിലെ മികച്ച നടന് ലഭിക്കുന്നത് പ്രേം നസീർ സമ്മാനിച്ച ഒരു മുട്ടൻ എവർറോളിംഗ് ട്രോഫിയാണ്.എടുത്തു പൊക്കാൻ ചുമട്ടു തൊഴിലാളികളെ വിളിക്കേണ്ടത്രയും വലുപ്പമുള്ള പ്രേം നസീർ ട്രോഫി തലേക്കൊല്ലം നേടിയത്
സംഭവം നടക്കുന്നത് പത്തിരുപത്തേഴു വർഷം മുൻപാണ്. ചങ്ങനാശേരി എസ്. ബി. കോളേജിൽ ഒരു വലിയ നാടകമത്സരം നടക്കുന്നു.അതിലെ മികച്ച നടന് ലഭിക്കുന്നത് പ്രേം നസീർ സമ്മാനിച്ച ഒരു മുട്ടൻ എവർറോളിംഗ് ട്രോഫിയാണ്.എടുത്തു പൊക്കാൻ ചുമട്ടു തൊഴിലാളികളെ വിളിക്കേണ്ടത്രയും വലുപ്പമുള്ള പ്രേം നസീർ ട്രോഫി തലേക്കൊല്ലം നേടിയത്
സംഭവം നടക്കുന്നത് പത്തിരുപത്തേഴു വർഷം മുൻപാണ്. ചങ്ങനാശേരി എസ്. ബി. കോളേജിൽ ഒരു വലിയ നാടകമത്സരം നടക്കുന്നു.അതിലെ മികച്ച നടന് ലഭിക്കുന്നത് പ്രേം നസീർ സമ്മാനിച്ച ഒരു മുട്ടൻ എവർറോളിംഗ് ട്രോഫിയാണ്.എടുത്തു പൊക്കാൻ ചുമട്ടു തൊഴിലാളികളെ വിളിക്കേണ്ടത്രയും വലുപ്പമുള്ള പ്രേം നസീർ ട്രോഫി തലേക്കൊല്ലം നേടിയത്
സംഭവം നടക്കുന്നത് പത്തിരുപത്തേഴു വർഷം മുൻപാണ്. ചങ്ങനാശേരി എസ്. ബി. കോളേജിൽ ഒരു വലിയ നാടകമത്സരം നടക്കുന്നു.അതിലെ മികച്ച നടന് ലഭിക്കുന്നത് പ്രേം നസീർ സമ്മാനിച്ച ഒരു മുട്ടൻ എവർറോളിംഗ് ട്രോഫിയാണ്.എടുത്തു പൊക്കാൻ ചുമട്ടു തൊഴിലാളികളെ വിളിക്കേണ്ടത്രയും വലുപ്പമുള്ള പ്രേം നസീർ ട്രോഫി തലേക്കൊല്ലം നേടിയത് കോളേജ് ആർട്സ് ക്ലബ് സെക്രട്ടറി കൂടിയായിരുന്ന മാർട്ടിൻ.പി.എസ്. ആയിരുന്നു. അതു കഴിഞ്ഞപ്പോൾ അയാൾ കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായി.
കോളജ് യൂണിയൻ സംഘടിപ്പിക്കുന്ന നാടകമത്സരത്തിൽ അതിന്റെ സെക്രട്ടറിക്കല്ലാതെ ആർക്കാണ് സമ്മാനം കിട്ടുക.തന്നെയുമല്ല ആ സെക്രട്ടറി കണ്ടാൽ പരമ സുന്ദരനും കലക്കൻ പെർഫോമൻസ് കാഴ്ചവയ്ക്കുന്ന കില്ലാടി നടനുമായിരുന്നു.ഇപ്പോ പുറത്തിറങ്ങുന്ന നായാട്ട് എന്ന പടത്തിൻ്റെ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിൻ്റെ പൂർവാശ്രമത്തെക്കുറിച്ചാണ് കേട്ടോ പറഞ്ഞുവന്നത്.
അന്ന് ഒന്നാം സമ്മാനം ലഭിച്ചത് മാർട്ടിനും സംഘവും അവതരിപ്പിച്ച സ്വരം എന്ന നാടകത്തിനായിരുന്നു. യൂണിവേഴ്സിറ്റി തലങ്ങളിലൊക്കെ ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടിയ ജോസഫ് പാണാടനായിരുന്നു സ്വരത്തിൻ്റെ സംവിധായകനും രചയിതാവും. രണ്ടാം സമ്മാനം ലഭിച്ചത് ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് തട്ടിക്കൂട്ടിയ ആസ്ഥാനവിഡ്ഢികൾ എന്ന നാടകത്തിനും. ഐ. ഇസ്താക്ക് എന്ന അധ്യാപകന്റെ സ്റ്റാഫ് ക്വാർട്ടേഴ്സിലെ മുറിയിൽ നിന്നാണ് ജി. ശങ്കരപ്പിള്ള രചിച്ച ആസ്ഥാനവിഡ്ഢികളുടെ കോപ്പി ഞങ്ങൾക്ക് കിട്ടുന്നത്. ഇസ്താക്ക് സാറിൻ്റെ രഞ്ജിമ പബ്ലിക്കേഷൻസായിരുന്നു ആസ്ഥാനവിഡ്ഢികൾ പുറത്തിറക്കിയിരുന്നത്. വിൽക്കാതെ കെട്ടിക്കിടന്നിരുന്ന കിലോക്കണക്കിന് കോപ്പികളിൽ ഒന്നോ രണ്ടോ എങ്കിലും മാറിക്കിട്ടിയാൽ കട്ടിലിനടിയിൽ അത്രയും സ്ഥലം ഒഴിവാകുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു അന്ന് ഇസ്താക്ജി.
അതെന്തായാലും ശരി, നാടകത്തിന്റെ സമ്മാനം പ്രഖ്യാപിച്ചതിനുശേഷം മികച്ച നടനുള്ള പ്രേംനസീർ ട്രോഫി ജേതാവിന്റെ പേര് പ്രഖ്യാപിക്കാൻ മുഖ്യ വിധികർത്താവ് മൈക്കിനടുത്തേക്ക് വന്നു. അധികം പൊക്കമില്ലാത്ത ആ ജഡ്ജ് മാർട്ടിൻ്റെ പേര് പറയുമ്പോൾ കയ്യടിക്കാൻ ഞങ്ങളുടെ നാടകസംഘം മാനസികമായി ഒരുങ്ങിയിരുന്നു. പിൽക്കാലത്ത് സിനിമയിലൊക്കെ കേട്ടുപരിചയിച്ച ശബ്ദത്തിൽ അന്നാ താടിക്കാരൻ ഡ്രാമാക്കാരൻ ഫലം പ്രഖ്യാപിച്ചു.
" മികച്ച നടനുള്ള പ്രേം നസീർ ട്രോഫി ലഭിച്ചിരിക്കുന്നത് ആസ്ഥാനവിഡ്ഢികൾ എന്ന നാടകത്തിലെ വിദൂഷകനെ അവതരിപ്പിച്ച നടന്. "
ആകാശത്തുനിന്ന് അദൃശ്യമായൊരു വെള്ളിടി ഉച്ചിയിലടിച്ചവനെപ്പോലെ കുറച്ചു നേരം ഞാനാ കസേരയിൽത്തന്നെ അനങ്ങാതിരുന്നു പോയി. പിന്നെ കൂട്ടുകാരൊക്കെച്ചേർന്ന് പിടിച്ചെഴുന്നേൽപ്പിച്ച് ഉന്തിത്തള്ളി വിട്ടപ്പോൾ പകുതി ബോധത്തിൽ സ്റ്റേജിൽ ചെന്നാ സ്കൂൾ ഓഫ് ലെറ്റേഴ്സ് അധ്യാപകൻ്റെ കയ്യിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
മുന്നോട്ടുള്ള പോക്ക് കലയുടെ വഴിയേ തന്നെയെന്ന് ഞാൻ തീരുമാനമെടുക്കാനുള്ള പ്രധാനപ്പെട്ട കാരണമായിരുന്നു ആ സമ്മാനലബ്ധി. അത്രയ്ക്ക് കോൺഫിഡൻസായിരുന്നു ആ ട്രോഫിനേട്ടമെനിക്ക് പകർന്നു നൽകിയത്. തുടർച്ചയായി മൂന്നു വർഷത്തേക്ക് ഞാനതാർക്കും വിട്ടുകൊടുത്തില്ല. സന്തോഷ സന്താപങ്ങൾക്കെല്ലാം തുണയായിട്ടെന്റെ മുറിയിൽ നസീർ സാറിന്റെ സമ്മാനം കുറേക്കാലത്തേക്ക് കൂട്ടിനുണ്ടായിരുന്നു.ഇന്നും തിരിഞ്ഞുനോക്കുമ്പോൾ ആ പുരസ്കാരമെനിക്ക് പകരുന്ന കുളിരും പുളകവും ചെറുതല്ല. പക്ഷേ ആ ട്രോഫി ആദ്യമായിട്ടെടുത്തെൻ്റെ കയ്യിൽ വച്ചു തന്ന മനുഷ്യൻ ഇന്നില്ല.നാടക ഗവേഷകരായിരുന്ന രാജാ വാര്യർക്കും അജിത്തിനുമൊപ്പം പ്രധാന വിധികർത്താവായിട്ടന്ന് വന്ന എം.ജി. സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് വാധ്യാരുടെ പേര് പി. ബാലചന്ദ്രൻ എന്നായിരുന്നു. പ്രായത്തിന് മൂത്തവർ തൊട്ട് ചെറുമക്കളുടെ പ്രായമുള്ള പിള്ളേര് സെറ്റ് വരെ സ്വാതന്ത്രത്തോടെ ബാലേട്ടൻ എന്നു വിളിച്ച സ്നേഹചന്ദ്രൻ.
അന്ന് ബാലേട്ടൻ, അങ്കിൾ ബണ്ണും ഉള്ളടക്കവും പവിത്രവുമൊക്കെ എഴുതിക്കഴിഞ്ഞ ശ്രദ്ധേയനായ തിരക്കഥാകൃത്താണ്. പാവം ഉസ്മാൻ്റെയും മകുടിയുടെയുമൊക്കെ പേരിൽ നാടകരംഗത്ത് അതിനേക്കാൾ പ്രശസ്തനായിരുന്നു അദ്ദേഹം. പ്രേംനസീർ ട്രോഫി മൽസരത്തെ തുടർന്നൊരു നാടകക്കളരിയും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു അക്കൊല്ലം എസ്.ബി.കോളേജ് യൂണിയൻ.മറ്റു കോളജുകളിലെ വിദ്യാർഥികൾ കൂടി പങ്കെടുത്ത ആ ക്യാമ്പിൻ്റെ ഡയറക്ടറും പി. ബാലചന്ദ്രനായിരുന്നു. ആ നാടക ദിനങ്ങളിലാണ് അദ്ദേഹവുമായി അല്പം അടുക്കാൻ കഴിഞ്ഞത്.
പെരുന്ന എൻ.എസ്.എസ്. കോളജിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമൊക്കെ അക്കാലത്ത് അദ്ദേഹം യൂണിവേഴ്സിറ്റി കലോത്സവങ്ങൾക്കായി നാടകം പരിശീലിപ്പിച്ചിരുന്നു. എൻ.എസ്.എസ്. കോളേജ് അവതരിപ്പിച്ച കല്യാണസൗഗന്ധികത്തിൽ ഇന്നത്തെ സിനിമാനടനായ കലാഭവൻ പ്രജോദും സംവിധായകനായ മാർത്താണ്ഡനുമൊക്കെ അഭിനയിച്ചിരുന്നു. എഴുത്തുകാരനായ ബി. രവികുമാർ സാറായിരുന്നു അന്നവരുടെ ഉത്സാഹക്കമ്മിറ്റിയുടെ ആശാൻ. ഒരു അറബി നാടോടിക്കഥയെ ആസ്പദമാക്കി രചിച്ച നാടകമായിരുന്നു സമാറയിലേക്ക്. മരണത്തെക്കുറിച്ചും ജീവിതത്തിൻ്റെ അപ്രവചനനീയതയെക്കുറിച്ചുമൊക്കെ ക്ലാസുകളിൽ സംസാരിക്കേണ്ടി വന്നപ്പോഴൊക്കെ എനിക്ക് തുണയായി നിന്നിട്ടുണ്ട് സമാറയിലേക്ക് എന്ന നാടകം. നാടകം തന്നെയാണ് പി.ബാലചന്ദ്രൻ എന്ന വ്യക്തിയിലേക്ക് എന്നെ കൂടുതൽ കൂടുതൽ വലിച്ചടുപ്പിച്ചത്.
അന്നൊക്കെ എല്ലാ ജനുവരി ഒന്നാം തീയതിയും നടക്കുന്ന ജി.ശങ്കരപ്പിള്ള അനുസ്മരണത്തിന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ബാലേട്ടന്റെ നേതൃത്വത്തിലുള്ള ഒരു നാടകാവതരണം പതിവായിരുന്നു. മാറാമറയാട്ടം നേരമ്പോക്ക്, ചത്തവനും കൊന്നവനും ഭാര്യാസമേതം, മായാസീതാങ്കം - ഒരു പുണ്യപുരാണ പ്രശ്നനാടകം , ഇയാഗോ........... എത്രയെത്ര നാടക രാവുകൾ.ഇയാഗോ ഒഴികെ ബാക്കി എല്ലാ നാടകങ്ങളും ബാലേട്ടൻ തന്നെ എഴുതിയവയായിരുന്നു. ഇതൊക്കെ വണ്ടിക്കൂലി മുടക്കി സ്ഥിരമായി വന്ന് കണ്ട്, മിണ്ടാതെ കോട്ടയം ശാസ്ത്രി റോഡിൽ നിന്ന് കെ.എസ്.ആർ.ടി.സി വരെ ചണ്ടക്കം മുണ്ടക്കം നടന്ന്, അവിടെ കൊതുക് കടിയും കൊണ്ട് കുത്തിയിരുന്ന്, എപ്പോഴോ വരുന്ന ബസ്സിൽ ഇടിച്ചുനുഴഞ്ഞുകയറി,കാല് കഴച്ചുകുത്തി നിന്ന്, വീട്ടിലേക്കോ വാടകമുറിയിലേക്കോ മടങ്ങിയിരുന്നൊരു കോളജ് വിദ്യാർത്ഥിയായിരുന്നു ഞാൻ അന്തക്കാലങ്ങളിൽ .
ഇന്നത്തെ ആക്ടിവിസ്റ്റും സുപ്രീം കോടതി അഭിഭാഷകയുമായ രശ്മിത രാമചന്ദ്രനായിരുന്നു അന്ന് മായാസീതാങ്കത്തിലെ നായിക.ഇയാഗോയിലെ നായകനാകട്ടെ ഇപ്പോഴത്തെ നാടകക്കാരിലെ ഗുരുവായൂർ കേശവനായ ദീപൻ ശിവരാമൻ. വി.സി.ഹാരിസ് സാർ എത്ര മനോഹരമായിട്ടാണ് ബാലേട്ടന്റെ നാടകങ്ങളിൽ പെർഫോം ചെയ്തിരുന്നത്. ജലമർമ്മരം പോലുള്ള ചുരുക്കം സിനിമകളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഹാരിസ് എന്ന നടൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മലയാളസിനിമയ്ക്ക് തീരെ കഴിഞ്ഞിരുന്നില്ല. ബാലേട്ടൻ്റെ കാര്യത്തിൽ അങ്ങനെ പറയാൻ കഴിയില്ല.എഴുത്തുകാരനായും നടനായും സംവിധായകനായുമെല്ലാം സിനിമയിലദ്ദേഹം ചില മുദ്രകളൊക്കെ പതിപ്പിച്ചിട്ടുണ്ട്. തർക്കമില്ല. പക്ഷേ ആളുടെ അകപ്പൊരുളിന്റെ ആഴം വെച്ചളക്കുമ്പോഴാണ് അവ ആ മനുഷ്യന്റെ ഉള്ളടക്കത്തെ ശരിയായ പരുവത്തിൽ ആലേഖനം ചെയ്യാൻ പര്യാപ്തമായിരുന്നോ എന്നൊരാശങ്ക അലതല്ലുന്നത്. അത്തരം സംശയങ്ങളുള്ള പലരുമുണ്ടാകാനിടയുണ്ട്. കാരണം വളരെ ലളിതമാണ്.നാടകമെന്ന മാധ്യമത്തിലാണ് പി.ബാലചന്ദ്രനെന്ന പ്രതിഭയുടെ പൂന്ത് വിളയാടൽ നടന്നത്.
സിനിമയെന്ന വ്യവസായത്തിന്റെ പ്ലാസ്റ്റിക് സ്വഭാവം അദ്ദേഹത്തെപ്പോലൊരു കലാകാരന്റെ സ്വൈര്യവിഹാരത്തിന് പലതരത്തിലും പ്രതിബന്ധങ്ങൾ ഉയർത്തുന്നതായിരുന്നു. സിനിമാനടന് കിട്ടുന്ന ഖ്യാതി നാടകക്കാരന് ലഭിക്കാറില്ലെങ്കിലും ബാലേട്ടന്റെ ആത്മാവിന്റെ മീഡിയം നാടകമായിരുന്നു എന്ന് കരുതാൻ ഒരുപാട് ന്യായങ്ങളുണ്ട്. അധ്യാപകനെന്ന നിലയിൽ പി.ബാലചന്ദ്രൻ എന്തായിരുന്നു എന്ന് പറയാൻ ഞാനാളല്ല.അദ്ദേഹത്തിന്റെ ചിന്താ ചക്രവാളത്തെ അടുത്തറിഞ്ഞ മനുഷ്യരിൽനിന്ന് അത്തരം ചില അടയാളപ്പെടുത്തലുകൾ വരുമെന്നെനിക്ക് പ്രതീക്ഷയുണ്ട്. പ്രത്യേകിച്ച് എസ്.ബി.കോളജിലെ ഇംഗ്ലീഷ് അധ്യാപകനായ ജോസി ജോസഫ് സാറിനെപ്പോലുള്ള ബാലേട്ടൻ ഗ്യാങ് മെമ്പർമാരിൽ നിന്ന്.
ഞാനെഴുതിയ സിനിമകളിലൊന്നും ബാലേട്ടൻ അഭിനയിച്ചിട്ടില്ല. അഭിനയിപ്പിക്കാൻ ആലോചിച്ചപ്പോഴാകട്ടെ അദ്ദേഹത്തിന് ഒഴിവുമില്ലായിരുന്നു. അവസാനമായി ബാലേട്ടനോട് സംസാരിക്കുമ്പോഴും വിഷയമായി കടന്നുവന്നത് സിനിമയല്ല, നാടകമായിരുന്നു. ബാലേട്ടന്റെ നാടകങ്ങൾ പ്രസിദ്ധീകരിച്ച ഭാഷാപോഷിണി ലക്കങ്ങളും സമാറയിലേക്ക് , മായാസീതാങ്കം , മധ്യവേനൽ പ്രണയരാവ് തുടങ്ങിയ പുസ്തകങ്ങളും എന്റെ പക്കലുണ്ടെന്നറിഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് പുള്ളി പറഞ്ഞു.
" അതിൽ പലതും എന്റെ കയ്യിൽ പോലുമില്ലല്ലോടാ ഉവ്വേ."
അതെ, ശരിയാണ് ബാലേട്ടാ. എഴുതിയതും പറഞ്ഞതും പ്രകടിപ്പിച്ചതുമൊക്കെ അവരവർ മറന്നു പോകുമ്പോഴും അന്യർ അവയൊക്കെ നിധി പോലെ സൂക്ഷിച്ചു വയ്ക്കുമ്പോഴാണല്ലോ ഒരു കലാജീവിതം ഏറ്റവും ധന്യമാവുക. ആ ധന്യതയോടെ തന്നെ നിങ്ങൾക്കിവിടെ നിന്ന് പോകാൻ കഴിയുമെന്ന് നൂറ്റിയൊന്ന് ശതമാനം ഉറപ്പുണ്ട്. തട്ടിന്മേൽ തുടരുന്ന ഞങ്ങൾ ഷേക്സ്പിയർ പറഞ്ഞയാ വിഡ്ഢിക്കഥ കളിച്ചുകൊണ്ടേയിരിക്കുമ്പോൾ തെന്നി വീഴാതെ പിടിച്ചു നിൽക്കാൻ ബാലേട്ടൻ അർത്ഥപൂർണ്ണമായി ഞാത്തിയിട്ടിട്ട് പോയ ചില നാടകപ്പിടിവള്ളികൾ അവശേഷിക്കുന്നുണ്ടല്ലോ. അരങ്ങെഴുത്തിൻ്റെയും അവയുടെ അവതരണങ്ങളുടെയും പച്ചയിലാണ് നിങ്ങൾ കുറച്ചുപേരുടെയെങ്കിലുമൊക്കെ ആത്മാവിൽ അച്ചു കുത്തപ്പെട്ടിരിക്കുന്നത്.അതുകൊണ്ടു തന്നെ സിനിമാക്കാരനായ ബാലേട്ടനേക്കാൾ സജീവമായിരിക്കും അത്തരക്കാരുടെ മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന
"അവരുടെ സ്വന്തം ഡ്രാമേട്ടൻ "
" കാര്യക്കാരൻ : ഹൗ വാസ് മൈ ആക്ടിംഗ്?
വാസ് ദാറ്റ് മാർവലസ് ? ഒരാക്ടർക്ക് ഏറ്റവും ഇഷ്ടം എന്താണെന്നറിയാമോ ?
മരണരംഗം. അതഭിനയിക്കുമ്പോൾ കിട്ടുന്ന ആനന്ദം !
അതാണ് പരമാനന്ദം ! "
- സമാറയിലേക്ക്
പി.ബാലചന്ദ്രൻ