ഇരകൾ സ്വാധീനിച്ചെന്നു പറയുന്നതിൽ എന്താണിത്ര നാണക്കേട് ?
‘ജോജി’ കണ്ടപ്പോൾ പല പ്രേക്ഷകരും കെ.ജി.ജോർജിന്റെ ‘ഇരകൾ’ എന്ന ചിത്രത്തെപ്പറ്റി ഓർമിച്ചതിൽ അഭിമാനം തോന്നുന്നുവെന്നാണ് സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും അഭിമുഖങ്ങളിൽ പറഞ്ഞത്. നല്ല കാര്യം. അഭിമാനികളാണവർ. മാസങ്ങൾക്കു മുമ്പ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ടപ്പോൾ ചിലർ ജോർജിന്റെ
‘ജോജി’ കണ്ടപ്പോൾ പല പ്രേക്ഷകരും കെ.ജി.ജോർജിന്റെ ‘ഇരകൾ’ എന്ന ചിത്രത്തെപ്പറ്റി ഓർമിച്ചതിൽ അഭിമാനം തോന്നുന്നുവെന്നാണ് സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും അഭിമുഖങ്ങളിൽ പറഞ്ഞത്. നല്ല കാര്യം. അഭിമാനികളാണവർ. മാസങ്ങൾക്കു മുമ്പ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ടപ്പോൾ ചിലർ ജോർജിന്റെ
‘ജോജി’ കണ്ടപ്പോൾ പല പ്രേക്ഷകരും കെ.ജി.ജോർജിന്റെ ‘ഇരകൾ’ എന്ന ചിത്രത്തെപ്പറ്റി ഓർമിച്ചതിൽ അഭിമാനം തോന്നുന്നുവെന്നാണ് സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും അഭിമുഖങ്ങളിൽ പറഞ്ഞത്. നല്ല കാര്യം. അഭിമാനികളാണവർ. മാസങ്ങൾക്കു മുമ്പ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ടപ്പോൾ ചിലർ ജോർജിന്റെ
‘ജോജി’ കണ്ടപ്പോൾ പല പ്രേക്ഷകരും കെ.ജി.ജോർജിന്റെ ‘ഇരകൾ’ എന്ന ചിത്രത്തെപ്പറ്റി ഓർമിച്ചതിൽ അഭിമാനം തോന്നുന്നുവെന്നാണ് സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും അഭിമുഖങ്ങളിൽ പറഞ്ഞത്. നല്ല കാര്യം. അഭിമാനികളാണവർ. മാസങ്ങൾക്കു മുമ്പ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ടപ്പോൾ ചിലർ ജോർജിന്റെ മറ്റൊരു ചിത്രമായ ആദാമിന്റെ വാരിയെല്ലിനെപ്പറ്റിയും ഓർത്തിരുന്നു. അന്ന് അതിന്റെ സംവിധായകൻ ജിയോ ബേബിയും ആദരവോടെയാണ് കെ.ജി.ജോർജിനെപ്പറ്റി സംസാരിച്ചത്. പ്രേക്ഷകരുടെ ഓർമ തനിക്കുള്ള വലിയ അംഗീകാരം തന്നെയെന്ന് അദ്ദേഹവും പറഞ്ഞു.
ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ കണ്ട അടുക്കള 1983–ൽ തന്നെ കെ.ജി. ജോർജ് മലയാളികളെ കാണിച്ചു തന്നിരുന്നല്ലോ. അടുക്കളയും അന്ത:പ്പുരവും വിട്ടുള്ള പെണ്ണുള്ളുകളുടെ കുതിപ്പുകൂടി ചിത്രീകരിച്ചുകൊണ്ടാണ് അദ്ദേഹം ആദാമിന്റെ വാരിയെല്ല് അവസാനിപ്പിക്കുന്നത്. ഇത്രത്തോളം പോകാൻ ജിയോ ബേബിക്കു കഴിഞ്ഞില്ല.
ഇരകളാണോ ജോജിയാണോ മികച്ച സിനിമ എന്ന പരിശോധന ഈ കുറിപ്പിന്റെ ലക്ഷ്യമല്ല. അങ്ങനെയൊരു പരിശോധനയും നടത്താവുന്നതാണ്. ചിലരെങ്കിലും ഇതിനകം അതു നടത്തിക്കഴിഞ്ഞിട്ടുമുണ്ട്. ഏതായാലും ഇരകൾ എന്ന ക്ലാസിക് സിനിമയിലെ കഥാപശ്ചാത്തലവും കഥാപാത്രങ്ങളും അവരുടെ മനോവ്യാപാരങ്ങളും വരെ അതുപോലെ സ്വീകരിച്ച് ചില വ്യത്യാസങ്ങൾ വരുത്തി മറ്റൊരു സിനിമയുണ്ടാക്കിയ ശേഷം അതിന്റെ പിതൃത്വം വില്യം ഷേക്സ്പിയർക്കു നൽകിയ ക്രിയേറ്റീവ് ബുദ്ധിയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. മുമ്പ് എഴുതിയവയെല്ലാം ഒറിജിനൽ തിരക്കഥകളായിരുന്നെന്നും ജോജി ചർച്ച ചെയ്തുണ്ടാക്കിയതാണെന്നും ശ്യാം സമ്മതിക്കുന്നുണ്ട്. ഈ ചർച്ചയ്ക്കിടയിലാവണം ഇരകളുമായി വേഴ്ച നടന്നതും ജോജി പിറന്നതും.
ഇരകളുമായി വല്ല സാദൃശ്യവും ജോജിക്കുണ്ടോ എന്ന ചോദ്യത്തിന് രണ്ടിലും റബർ മരങ്ങൾ കാണുന്നതുകൊണ്ട് കാഴ്ചക്കാർക്കു വെറുതെ തോന്നുന്നതാവാമെന്നാണ് ശ്യാം പുഷ്‌കരന്റെ മറുപടി. ഈ തോന്നൽ മാറ്റാൻ വേണ്ടിയാവണം കഥയുടെ പ്രചോദനം കാളിദാസനോ ഭാസനോ അല്ല സാക്ഷാൽ വില്യം ഷേക്‌സ്പിയറാണെന്ന് ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ എഴുതിക്കാണിക്കുന്നത്.
ഇരകൾ കണ്ടിട്ടില്ലാത്ത പുതുതലമുറ പ്രേക്ഷകരിൽ പലരും ഇതിൽ വീണുപോയിട്ടുണ്ട്. ഏതെങ്കിലുമൊരു ഷേക്സ്പിയർ നാടകത്തിലെ മുഹൂർത്തവുമായി ഏതു കഥാചിത്രത്തെയാണ് ബന്ധപ്പെടുത്താൻ കഴിയാത്തത്. സിദ്ധിക്ക് ലാലിന്റെ ഗോഡ്ഫാദർ റോമിയോ ആൻഡ് ജൂലിയറ്റ് ആണെന്നും പറയാമല്ലോ. ട്രാജഡിക്കു പകരം കോമഡിയാക്കി എന്ന വ്യത്യാസം മാത്രം. സിനിമകളുടെ മാക്ബത്ബാധ പുതിയ സംഭവമല്ല. മാക്ബത് സ്വാംശീകരിച്ച് പല ഭാഷകളിലായി എത്രയോ സംവിധായകർ സിനിമകളുണ്ടാക്കിയിട്ടുണ്ട്. മാക്ബത് എന്ന പേരിൽ തന്നെ ഇരുപതോളം ചിത്രങ്ങളുണ്ട്. ലോകപ്രശസ്ത ചലച്ചിത്രകാരനായ അകിര കുറസോവ 1957–ൽ ചിത്രീകരിച്ച ത്രോൺ ഓഫ് ബ്ലഡ് മാക്ബത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ലോകസിനിമയുടെ തലതൊട്ടപ്പനായ ഓർസൻ വെൽസ് 1948–ൽ തന്നെ മാക്ബത് സിനിമയാക്കി. ഇതിൽ പ്രധാന വേഷം അഭിനയിക്കുന്നതും വെൽസ് തന്നെയാണ്. ഈ ചിത്രത്തിൽ നിന്നാണ് തനിക്കു പ്രചോദനം കിട്ടിയതെന്ന് കുറസോവ പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്.
2012–ൽ തായ്‌ലൻഡിൽ നിർമിച്ച മാക്ബത് ചിത്രത്തിന്റെ പേര് ‘ഷേക്‌സ്പിയർ മസ്റ്റ് ഡൈ’ എന്നായിരുന്നു. വിദ്യാർഥി കലാപത്തെ അടിച്ചമർത്തിയ അർധസൈനിക നടപടിയെ അപലപിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ഈ ചിത്രം തായ്‌ലൻഡിൽ നിരോധിച്ചു. ജയരാജിന്റെ നവരസപരമ്പരയിലെ ചിത്രമായ വീരവും മാക്ബതിന്റെ സന്തതി തന്നെ. കുനാൽ കപൂറായിരുന്നു ഇതിലെ നായക കഥാപാത്രം. മാക്ബത് നാടകം താൻ വായിച്ചുപഠിച്ചിട്ടില്ലെന്നും വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത ‘മക്ബൂൽ’ എന്ന ചിത്രം കണ്ടിട്ടുണ്ടെന്നുമാണ് ശ്യാം പുഷ്‌കരൻ ഒരഭിമുഖത്തിൽ പറഞ്ഞത്. മക്ബൂലും മാക്ബത് നാടകത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ചിത്രമാണ്. 2004–ൽ ഇറങ്ങിയ മക്ബൂലിൽ ഇർഫാൻ ഖാനും തബുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുംബൈ അധോലോകത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രവും മാക്ബത്തിലെ വൈകാരിക മുഹൂർത്തങ്ങൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്.
ഷേക്സ്പിയറുടെ നാടകം അതേപടി സിനിമയാക്കിയവയൊഴിച്ചാൽ ബാക്കിയുള്ളവയിലെല്ലാം അധികാരത്തോടുള്ള പുരുഷന്റെ ആർത്തിയെ തട്ടിയുണർത്തുന്ന സ്ത്രീ കഥാപാത്രം, കൊലപാതകം തുടങ്ങിയ സമാനതകൾ മാത്രമാണുള്ളത്. കഥാപശ്ചാത്തലം രൂപപ്പെടുത്തുന്നതിലും പാത്രസൃഷ്ടിയിലുമെല്ലാം ഓരോരുത്തരും അവരവരുടേതായ സ്വാതന്ത്ര്യമെടുക്കുന്നുണ്ട്. എഴുതിക്കാണിച്ചിരുന്നില്ലെങ്കിൽ ജോജി എന്ന ചിത്രത്തിന് മാക്ബത് ബന്ധമുണ്ടെന്ന് ഒരാളും സംശയിക്കുമായിരുന്നില്ല. എന്നാൽ സിനിമാ സാക്ഷരതയുള്ള എല്ലാ മലയാളികളും ഇരകളുമായുള്ള ബന്ധത്തെപ്പറ്റി സംശയിക്കുകയും ചെയ്യും. ഈ സംശയമാകട്ടെ വെറും റബർ തോട്ടവും ഭൂപ്രകൃതിയും കൊണ്ടാണെന്നു പറഞ്ഞാൽ സമ്മതിച്ചു തരാനും പ്രയാസമാണ്. ഇരകളെ ശരിക്കും ഓർമിപ്പിക്കുമെങ്കിലും ജോജി വളരെ വ്യത്യസ്തമായ ചലച്ചിത്രാനുഭവമാണെന്നതിൽ തർക്കമില്ല. ഇരകളുമായുള്ള സാദൃശ്യം ഈ സിനിമയ്ക്ക് ദോഷമേയല്ലെന്നും വേണമെങ്കിൽ പറയാം. 1985–ൽ കെ.ജി. ജോർജ് പറഞ്ഞതിനു സമാനമായ പശ്ചാത്തലത്തിലുള്ള കുടുംബകഥ പുതിയ കാലത്തിനനുസരിച്ച് മാറ്റിപ്പറയുന്നതിൽ ഒരു തെറ്റുമില്ല. ദിലീഷ് പോത്തൻ എന്ന സംവിധായകൻ അതു ഭംഗിയായി നിർവഹിച്ചിട്ടുമുണ്ട്. എന്നാൽ ഇതു തുറന്നുപറയാനുള്ള ആർജവം സൃഷ്ടാക്കൾ കാണിക്കേണ്ടിയിരുന്നു.
ക്ലാസിക്കുകളിൽ നിന്നു പ്രചോദനമുൾക്കൊണ്ട് വ്യത്യസ്തമായ കലാസൃഷ്ടികളുണ്ടാക്കുന്നത് വലിയ പാതകമൊന്നുമല്ലല്ലോ. മാക്ബത് നാടകം വായിക്കാതെ ഹിന്ദി ചലച്ചിത്രമായ മക്ബൂൽ കണ്ട ശ്യാം പുഷ്‌കരൻ തീർച്ചയായും ഇരകൾ കണ്ടിട്ടുണ്ടാവണം. എന്നിട്ടും ഇരകളുമായുള്ള സാദൃശ്യം പ്രേക്ഷകർ പറഞ്ഞ ശേഷമേ അറിഞ്ഞുള്ളൂ എന്ന ആ നിഷ്‌കളങ്കതയുണ്ടല്ലോ, അതത്ര വിശ്വസനീയമല്ല. മക്ബൂൽ കണ്ട് പ്രചോദിതനായി എന്നു വെളിപ്പെടുത്താമെങ്കിൽ കെ.ജി. ജോർജിന്റെ ഇരകൾ സ്വാധീനിച്ചിട്ടുണ്ടെന്നു പറയുന്നതിൽ എന്താണിത്ര നാണക്കേട് ? സംവിധാനത്തിൽ തന്റേതായ ശൈലി വികസിപ്പിക്കാൻ ശ്രമിക്കുന്നയാളാണ് ദിലീഷ് പോത്തൻ. തിരക്കഥയിൽ ശ്യാമും ഈ ശ്രമം നടത്തുന്നുണ്ട്. ‘ജോജി’യിൽ ഇവരുടെ വ്യത്യസ്തമായ കയ്യൊപ്പുണ്ടെന്നതിലും തർക്കമില്ല. പക്ഷേ മലയാളികൾക്കു സുപരിചിതമായ ഒരു ക്ലാസിക് ചിത്രത്തെയെടുത്ത് കുഴച്ചുമറിച്ച ശേഷം അൽപം മാക്ബത്തും ചേർത്ത് കഥയുടെ ക്രെഡിറ്റ് ഷേക്സ്പിയറിനു നൽകുന്നത് അൽപം കടന്നകയ്യാണ്.
ഇരകളിൽ തിലകൻ അവതരിപ്പിക്കുന്ന പാലക്കുന്നേൽ മാത്തുക്കുട്ടി ധിക്കാരിയായ അപ്പനാണ്. തോട്ടം ഉടമയും. ജോജിയിൽ പി. എൻ. സണ്ണി അവതരിപ്പിക്കുന്ന പനച്ചേൽ കുട്ടപ്പനും അങ്ങനെ തന്നെ. ഇരകളിലെ ധാർഷ്ട്യക്കാരനായ മാത്തുക്കുട്ടിക്ക് സുകുമാരൻ അവതരിപ്പിക്കുന്ന സണ്ണി, പി.സി. ജോർജ് അവതരിപ്പിക്കുന്ന കോശി, കെ. ബി. ഗണേഷ്‌കുമാറിന്റെ ബേബിച്ചൻ എന്നിങ്ങനെ മൂന്ന് ആൺമക്കളുണ്ട്. ശ്രീവിദ്യ അവതരിപ്പിക്കുന്ന ആനി എന്നൊരു സഹോദരിയും. ജോജിയിലെ പനച്ചേൽ കുട്ടപ്പന് ജോമോൻ, ജെയ്‌സൺ, ജോജി എന്നിങ്ങനെ മൂന്നു മക്കളാണ്. സഹോദരിയില്ല. മാത്തുക്കുട്ടിയുടെ അപ്പൻ പാപ്പിയെപ്പോലെയും വീട്ടുവേലക്കാരൻ ഉണ്ണൂണ്ണിയെപ്പോലെയും ഇന്നസന്റ് അവതരിപ്പിക്കുന്ന കാര്യസ്ഥൻ അനിയൻ പിള്ളയെപ്പോലെയും ഇരകളിലുള്ള പല കഥാപാത്രങ്ങളേയും ജോജിയിൽ ഒഴിവാക്കിയിട്ടുണ്ട്.
ഗണേഷ്‌കുമാറിന്റെ ആദ്യ ചിത്രം കൂടിയാണ് നടൻ സുകുമാരൻ നിർമിച്ച ഇരകൾ. ജോജിയിലെ ഫഹദ് ഫാസിലിന്റെ വേഷമാണ് ഇരകളിൽ ഗണേഷ് കുമാറിന്; അസംതൃപ്തനായ ഇളയ മകൻ. മുഴുവൻ സമയവും മദ്യത്തിൽ അഭയം തേടുന്ന സുകുമാരന്റെ സണ്ണിക്കു സദൃശനായി ജോജിയിൽ ബാബുരാജിന്റെ ജോമോനുണ്ട്. പനച്ചേൽ വീട്ടിൽ ഉണ്ണിമായ അവതരിപ്പിക്കുന്ന ബിൻസിയെപ്പോലെ ഇരകളിലെ പാലക്കുന്നേൽ വീട്ടിൽ കണ്ണൂർ ശ്രീലതയുടെ റോസ്‌ലിനുണ്ട്. വ്യത്യസ്തരെങ്കിലും രണ്ടു ചിത്രങ്ങളിലും ഓരോ പുരോഹിതന്മാരുണ്ട്. ഇരകളിൽ ഭരത് ഗോപിയും ജോജിയിൽ ബേസിൽ ജോസഫുമാണ് ഈ വേഷം അഭനയിക്കുന്നത്. രണ്ടു പുരോഹിതരും കുടുംബത്തിലെ പ്രശ്നത്തിൽ ഇടപെടുന്നവരുമാണ്. അച്ഛനഹങ്കാരത്തോടുള്ള പകയാണ് ഇരകളിലെ ബേബിച്ചനിലെ അസ്വസ്ഥതയ്ക്കു തുടക്കമാകുന്നതെങ്കിലും സമൂഹത്തോട് ഒന്നടങ്കമുള്ള വിദ്വേഷം അയാളിൽ വളർന്നുവരുന്നുണ്ട്. തിരക്കഥാകൃത്തു തന്നെ വെളിപ്പെടുത്തുന്നതു പോലെ ലോക്ഡൗണിനു ശേമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പെട്ടെന്നു തയാറാക്കിയ ഒടിടി ചിത്രമായതുകൊണ്ടാവാം ഇരകളിലേതു പോലെ രാഷ്ട്രീയമാനങ്ങളൊന്നും ജോജിയിൽ ഇല്ല. പനച്ചേൽ കുടുംബത്തിൽ രൂപപ്പെട്ട് ചുമരിനകത്ത് ഒടുങ്ങുന്ന സംഘർഷമേ ഈ ചിത്രത്തിലുള്ളൂ.
ജോജിയിൽ കുടുംബനാഥൻ ആദ്യം തന്നെ കൊല്ലപ്പെടുന്നെങ്കിൽ ഇരകളിൽ അങ്ങനെ സംഭവിക്കുന്നില്ല. ഒട്ടേറെ കൊലപാതകങ്ങൾ നടത്തുന്ന ബേബിച്ചനെന്ന ഇളയ മകനെ അവസാനം അപ്പൻ തന്നെയാണ് വകവരുത്തുന്നത്. കഥാംശത്തിൽ ഇങ്ങനെയൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നു പറയാമെങ്കിലും ജോജിയിയെല കഥാപാത്രങ്ങളും അവരുടെ സ്വഭാവ സവിശേഷതകളും പോലും ഇരകളിലേതിനു സമാനമാണെന്നു കാണാം. ഇരകളിൽ നിന്ന് വ്യത്യസ്തമായി എന്നാൽ ഇരകളുടെ ചുവടുപിടിച്ചുതന്നെ പുതിയ കാലത്തിനനുസരിച്ച് രൂപപ്പെടുത്തിയ മറ്റൊരു ചിത്രം, അതാണ് ജോജി. എഴുതി കാണിക്കുന്ന മാക്ബത് ബന്ധം കൊണ്ട് എന്തായാലും ഈ സാദൃശ്യത്തെ ഒളിപ്പിക്കാനാവില്ല. ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ ഏതായാലും ജോജിയുടെ പിതാവ് ഷേക്‌സ്പിയറല്ലെന്നു തെളിയും.