‘ഉദയാ ആ പടം പൊളിയാൻ എന്താ കാര്യം’; സിനിമ എന്ന യൂണിവേഴ്സിറ്റിയിലെ പ്രഫസർ
ഒരിക്കൽ ഡെന്നിസ് ജോസഫ് എന്നോടു ചോദിച്ചു. ‘‘ഉദയാ, എപ്പോഴാണ് ഒരു തിരക്കഥാകൃത്ത് ഫീൽഡിൽനിന്ന് ഔട്ടാകുന്നത്?’’ ഒന്നാലോചിച്ച് ഞാൻ പറഞ്ഞു: ‘‘അയാളുടെ മനസ്സിലെ കഥ തീരുമ്പോൾ’’ ഒരു പുഞ്ചിരിയോടെ അദ്ദേഹം തിരുത്തി:‘‘അല്ല, ഒരാളുടെ രണ്ട് സിനിമകൾ പരാജയപ്പെട്ടുകഴിഞ്ഞാൽ, പുതിയൊരു കഥയുമായി സംവിധായകരുടെയും
ഒരിക്കൽ ഡെന്നിസ് ജോസഫ് എന്നോടു ചോദിച്ചു. ‘‘ഉദയാ, എപ്പോഴാണ് ഒരു തിരക്കഥാകൃത്ത് ഫീൽഡിൽനിന്ന് ഔട്ടാകുന്നത്?’’ ഒന്നാലോചിച്ച് ഞാൻ പറഞ്ഞു: ‘‘അയാളുടെ മനസ്സിലെ കഥ തീരുമ്പോൾ’’ ഒരു പുഞ്ചിരിയോടെ അദ്ദേഹം തിരുത്തി:‘‘അല്ല, ഒരാളുടെ രണ്ട് സിനിമകൾ പരാജയപ്പെട്ടുകഴിഞ്ഞാൽ, പുതിയൊരു കഥയുമായി സംവിധായകരുടെയും
ഒരിക്കൽ ഡെന്നിസ് ജോസഫ് എന്നോടു ചോദിച്ചു. ‘‘ഉദയാ, എപ്പോഴാണ് ഒരു തിരക്കഥാകൃത്ത് ഫീൽഡിൽനിന്ന് ഔട്ടാകുന്നത്?’’ ഒന്നാലോചിച്ച് ഞാൻ പറഞ്ഞു: ‘‘അയാളുടെ മനസ്സിലെ കഥ തീരുമ്പോൾ’’ ഒരു പുഞ്ചിരിയോടെ അദ്ദേഹം തിരുത്തി:‘‘അല്ല, ഒരാളുടെ രണ്ട് സിനിമകൾ പരാജയപ്പെട്ടുകഴിഞ്ഞാൽ, പുതിയൊരു കഥയുമായി സംവിധായകരുടെയും
ഒരിക്കൽ ഡെന്നിസ് ജോസഫ് എന്നോടു ചോദിച്ചു. ‘‘ഉദയാ, എപ്പോഴാണ് ഒരു തിരക്കഥാകൃത്ത് ഫീൽഡിൽനിന്ന് ഔട്ടാകുന്നത്?’’
ഒന്നാലോചിച്ച് ഞാൻ പറഞ്ഞു: ‘‘അയാളുടെ മനസ്സിലെ കഥ തീരുമ്പോൾ’’
ഒരു പുഞ്ചിരിയോടെ അദ്ദേഹം തിരുത്തി:‘‘അല്ല, ഒരാളുടെ രണ്ട് സിനിമകൾ പരാജയപ്പെട്ടുകഴിഞ്ഞാൽ, പുതിയൊരു കഥയുമായി സംവിധായകരുടെയും നടന്മാരുടെയും അടുത്തുപോകാൻ മടി തോന്നുന്ന ദിവസം അയാളുടെ കരിയർ അവസാനിച്ചു’’
ഒന്നും മിണ്ടാതെ ഞാനദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കിനിന്നു. മലയാളസിനിമയുടെ തിരക്കഥാ ചരിത്രത്തിലെ ഒരേയൊരു രാജാവായിരുന്നു അദ്ദേഹം. 1985 മുതൽ 10 വർഷം ആ പദവിയെ ആരും ചോദ്യം ചെയ്തുമില്ല. തിരക്കഥയ്ക്കും തിരക്കഥാകൃത്തിനും വിലയില്ലാതിരുന്ന കാലത്താണ് ആ രണ്ടു സങ്കൽപങ്ങളെയും അദ്ദേഹം മാറ്റിമറിച്ചത്. അന്യഭാഷകളിൽനിന്ന് പകർപ്പവകാശം വാങ്ങി മലയാളീകരിക്കുന്ന കഥകളായിരുന്നു അന്നു കൂടുതലും പുറത്തിറങ്ങിയിരുന്നത്. അല്ലെങ്കിൽ മലയാളത്തിലെ ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിൽ വന്ന കഥകളും മറ്റും പൊലിപ്പിച്ചൊരു തിരക്കഥയാക്കും.
അതുകൊണ്ടുതന്നെ തിരക്കഥാകൃത്തുക്കൾക്ക് കാര്യമായ ശമ്പളമൊന്നും ഉണ്ടായിരുന്നില്ല. ഡെന്നിസ് ജോസഫിന്റെ വരവോടെ ആ രീതികളൊക്കെ മാറുകയായിരുന്നു. താരങ്ങൾക്കൊപ്പം പ്രതിഫലം വാങ്ങിയ എഴുത്തുകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ തിരക്കഥകൾക്കായി താരങ്ങൾ കാത്തുനിൽക്കുകയും ചെയ്തു. ഇതൊക്കെ നേരിട്ട്–എന്നാൽ കുറച്ച് അകലെനിന്ന് ഞങ്ങളൊക്കെ കണ്ടിട്ടുണ്ട്.
അദ്ദേഹത്തെ ആദ്യം കാണുമ്പോൾ എനിക്ക് 15–16 വയസ്സ് പ്രായം വരും. പ്രീഡിഗ്രിക്ക് എങ്ങനെയെങ്കിലും മഹാരാജാസ് കോളജിൽ ഒരു സീറ്റ് സംഘടിപ്പിച്ചെടുക്കണം എന്നായിരുന്നു അന്നത്തെ ആഗ്രഹം. മറ്റൊന്നും കൊണ്ടല്ല, സിനിമയിൽ എത്താനുള്ള ഏറ്റവും എളുപ്പവഴി അതാണെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞു തന്നിരുന്നു. അന്ന് ഞങ്ങളുടെ വീട് കോതമംഗലത്താണ്. പക്ഷേ, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള എസ്ആർഎം റോഡിൽ അച്ഛന് ഒരു താവളമുണ്ട്.
ടാങ്കർ ലോറിയുമായി നടക്കുന്ന അച്ഛന് ഇടയ്ക്ക് വന്ന് കുളിച്ച്് ഫ്രെഷ് ആകാനുള്ള ഒരു ഇടത്താവളം. മുറിയെന്നോ വീടെന്നോ തീർത്തു പറയാനാവില്ല. അത്തരം ഒരു പാട് സങ്കേതങ്ങളുണ്ടായിരുന്നു അവിടെ. പ്രീഡിഗ്രി മോഹവുമായി ഞാൻ അവിടെയെത്തുമ്പോൾ, സമീപത്തുള്ള ഒരാളാണ് പറഞ്ഞത് തൊട്ടപ്പുറത്തെ മുറിയിൽ ഒരു തിരക്കഥാകൃത്ത് താമസിക്കുന്നുണ്ടെന്ന്. പേര് ഡെന്നിസ് ജോസഫ്. പക്ഷേ, ഒരു സിനിമയുടെയും ടൈറ്റിൽ കാർഡിൽ ഞാൻ അങ്ങനെയൊരു പേരു കണ്ടിട്ടില്ല. ഏതായാലും ആളെ കണ്ടു. നീണ്ടു മെലിഞ്ഞ സുമുഖനായ ഒരു ചെറുപ്പക്കാരൻ. ടിവിയും വിസിആറും ഒക്കെയുള്ള മുറിയാണ്. ഇടയ്ക്ക് സിഗരറ്റ് വലിക്കാനായി പുറത്തിറങ്ങി വരും. നേരിട്ട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പേടി കൊണ്ട് സംസാരിച്ചില്ല. ഇതിനിടയിൽ അവധിക്കാലം കടന്നുപോയി. മഹാരാജാസിൽ അഡ്മിഷൻ കിട്ടാതിരുന്നതുകൊണ്ട് ഞാൻ കോതമംഗലത്തേക്ക് തിരിച്ചുപോയി അവിടെ പ്രീഡിഗ്രിക്കു ചേർന്നു.
അടുത്ത ഓണക്കാലത്താണ് നിറക്കൂട്ട് എന്ന ചിത്രം പുറത്തിറങ്ങുന്നത്. ആദ്യദിവസം തന്നെ പോയി കണ്ടു. ടൈറ്റിൽ കാർഡ് കണ്ട് ഞാനൊന്നു ഞെട്ടി. കഥ, തിരക്കഥ, സംഭാഷണം– ഡെന്നിസ് ജോസഫ്. അടുത്ത ദിവസം രാവിലെ ഞാൻ എറണാകുളത്തേക്കു വണ്ടി കയറി. രണ്ടോ മൂന്നോ ദിവസം കൊണ്ട് ആ പരിസരമൊന്നുമാറി. അദ്ദേഹത്തിന്റെ മുറിയിൽ പതിവില്ലാത്ത തിരക്ക്. എല്ലാവരും വലിയ വലിയ ആളുകൾ ആണെന്ന് ഒറ്റനോട്ടത്തിൽ കണ്ടാൽ അറിയാം. തമ്പി കണ്ണന്താനം, ജോഷി, ജോയി തോമസ് അങ്ങനെ പലരും. നിറക്കൂട്ട് ഹിറ്റായി എന്ന് എനിക്കു മനസ്സിലായി.
നാട്ടിലേക്കു തിരിച്ചുപോയ ഞാൻ അടുത്ത അവധിക്കാലത്ത് എറണാകുളത്ത് എത്തുമ്പോൾ ആ മുറിയിൽ പക്ഷേ, ഡെന്നിസ് ജോസഫ് ഇല്ല. അദ്ദേഹം വേറെ എവിടേയ്ക്കോ പോയിരുന്നു. പിന്നീട് രാജാവിന്റെ മകനും ന്യൂഡെൽഹിയുമൊക്കെ പുറത്തിറങ്ങിയപ്പോൾ വെറുതെ ഞാനുമൊന്ന് അഹങ്കരിച്ചു. പരിചയമുള്ള ഒരാൾ എഴുതിയ പടങ്ങളാണല്ലോ! അഞ്ചു വർഷങ്ങൾക്കു ശേഷം ഡിഗ്രി കഴിഞ്ഞ് ഞാനും സിനിമയുടെ വഴിയോരക്കാഴ്ചകളിൽ എവിടെയോ അടിഞ്ഞുകൂടിയ കാലത്താണ് പിന്നീടദ്ദേഹത്തെ കാണുന്നത്.
അന്ന് സൂപ്പർതാരപരിവേഷമുള്ള തിരക്കഥാകൃത്താണ് അദ്ദേഹം. മമ്മുക്കയെ മമ്മൂട്ടി എന്ന് വിളിക്കുന്ന– ജോഷി സാറിനെ ജോഷീ എന്ന് പേരെടുത്തു വിളിക്കുന്ന അപൂർവം ചിലരിൽ ഒരാൾ. ഒരാളുടെയും മുൻപിൽ തലകുനിക്കാത്ത– നട്ടെല്ലു വളയ്ക്കാത്ത അപൂർവ വ്യക്തിത്വം. ആർക്കും ആരാധന തോന്നുന്ന പേഴ്സനാലിറ്റി. അകലെനിന്നു നോക്കിക്കണ്ടതല്ലാതെ പരിചയപ്പെടാൻ അപ്പോഴും തോന്നിയില്ല.
പിന്നെയും വർഷങ്ങൾ കഴിഞ്ഞ് ഞങ്ങൾ ജോഷി സാറിനുവേണ്ടി റൺവേ എഴുതിക്കൊണ്ടിരുന്ന സമയത്താണ് അദ്ദേഹത്തെ നേരിൽ പരിചയപ്പെടുന്നത്. അതൊരു വലിയ സൗഹൃദത്തിന്റെ തുടക്കമായിരുന്നു. ഓരോ സിനിമകൾ പുറത്തിങ്ങുമ്പോഴും അതിന്റെ ശരിതെറ്റുകൾ ഞങ്ങൾ ചർച്ച ചെയ്യും. മണിക്കൂറുകൾ ഫോണിൽ സംസാരിക്കുമായിരുന്നു അദ്ദേഹം. വളരെ രസകരമാണ് സംസാരം. കുറിക്കുകൊള്ളുന്ന ഫലിതം അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ആയിരുന്നു. കോട്ടയം കുഞ്ഞച്ചൻ പോലൊരു ചിത്രം എഴുതാൻ അതുകൊണ്ടാണ് അദ്ദേഹത്തിന് സാധിച്ചത്.
സിനിമകളുടെ സബ്ജക്ട് തിരഞ്ഞെടുത്തതിലെ ഈ വ്യത്യസ്തതയാണ് അദ്ദേഹത്തെ എഴുത്തിലെ രാജാവാക്കിയത്. ബിഗ് ബജറ്റിൽ ചിത്രീകരിച്ച ത്രില്ലർ മൂവിയായിരുന്നു ന്യൂഡെൽഹി. എന്നാൽ ചെറിയ ബജറ്റിൽ തീർത്ത പടമാണ് രാജാവിന്റെ മകൻ. എങ്കിലും ആ സിനിമയ്ക്ക് അതിന്റേതായ ഒരു റിച്ച്നസ്സ് ഉണ്ട്. അതാണ് തിരക്കഥയുടെ മിടുക്ക്. ഇതുമായൊന്നും ബന്ധമില്ലാത്തൊരു വിഷയമാണ് കോട്ടയം കുഞ്ഞച്ചന്റേത്. വേറൊരു പാറ്റേണാണ് അഥർവം. ആകാശദൂത് ഇതിൽനിന്നെല്ലാം വ്യത്യസ്തം.
അതുവരെയുള്ള തിരക്കഥയെഴുത്തിന്റെ പാറ്റേൺ അപ്പാടേ മാറ്റി മറിക്കുന്നതായിരുന്നു ഡെന്നിസ് ജോസഫിന്റെ എഴുത്ത്. നായകന്റെ കുടുംബജീവിതമായിരുന്നു അന്നുവരെ ഏറെയും സിനിമകൾ ചർച്ച ചെയ്തിരുന്നത്. എന്നാൽ അയാളുടെ പ്രഫഷനൽ ജീവിതം കൂടി വരച്ചുകാട്ടുന്ന ചിത്രങ്ങളായിരുന്നു ഡെന്നിസ് ജോസഫിന്റേത്. നിറക്കൂട്ടും ന്യൂഡെൽഹിയും കണ്ടാൽ, അതിൽ ഒരു പത്രപ്രവർത്തകന്റെ പ്രഫഷനൽ ജീവിതമുണ്ട്. അതുപോലെ നായർസാബിൽ ഒരു പട്ടാളക്കാരന്റെ പ്രഫഷനൽ ജീവിതമുണ്ട്.
മലയാളത്തിൽനിന്ന് ഒരു പോപ്പുലർ സിനിമ ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ടത് ന്യൂഡെൽഹിയിലൂടെയാണ്. ദേശീയ അവാർഡിലൂടെയും മറ്റും മലയാള സിനിമകൾ ശ്രദ്ധ നേടിയുട്ടുണ്ടെങ്കിലും ഒരു മുഖ്യധാരാ ചിത്രവും അതിനുമുൻപ് ഇതുപോലെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ന്യൂഡൽഹി ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. തമിഴിൽ മാത്രം അത് നടന്നില്ല. കാരണം അതിന്റെ മലയാളം പതിപ്പുതന്നെ തമിഴ്നാട്ടിൽ നൂറു ദിവസം കളിച്ചിരുന്നു.
ഞാൻ ഏറ്റവും സമയമെടുത്ത് എഴുതിയ സിനിയായിരുന്നു ജൂലൈ 4. പൂർത്തിയാക്കിയ തിരക്കഥയോടെയാണ് അതിന്റെ ഷൂട്ടിങ് തുടങ്ങിയതും. എന്നാൽ, പടം വൻ പരാജയമായി. കുറച്ചുദിവസങ്ങൾക്കു ശേഷം ഡെന്നിസ് ജോസഫ് എന്നെ വിളിച്ചു. ’’ഉദയാ ആ പടം പൊളിയാൻ എന്താ കാര്യം’’ ആകാംക്ഷയോടെ അദ്ദേഹം ചോദിച്ചു. ഞാൻ പല കാരണങ്ങളും നിരത്തി നോക്കി. ഒടുവിൽ അദ്ദേഹം പറഞ്ഞു. ‘‘ആ ജോണറലുള്ള പടം ലോകത്ത് ഒരിടത്തും വിജയിച്ചിട്ടില്ല. ഞാൻ ഈ കഥ നേരത്തെ എഴുതിയിട്ടുണ്ട്– തുടർക്കഥ’’ പിന്നീടാണ് ഞാൻ തുടർക്കഥ കണ്ടുനോക്കിയത്. അതു തന്നെ ജൂലൈ 4. ഓരോ സബ്ജക്ടുകളെക്കുറിച്ചും അതു പറയുന്ന രീതിയെപ്പറ്റിയും അദ്ദേഹം എത്രമാത്രം പഠിച്ചിരുന്നു എന്നറിയാൻ ഇതുമാത്രം മതി. അനുഭവങ്ങളാണ് സിനിമയുടെ യൂണിവേഴ്സിറ്റിയെങ്കിൽ അവിടുത്തെ സീനിയർ പ്രഫസർ ആയിരുന്നു ഡെന്നിസ് ജോസഫ്.