പ്രശസ്ത ഉര്‍ദു നാടകകൃത്ത് സയ്യദ് ഇംതിയാസ് അലി താജ് മുഗള്‍ ചക്രവര്‍ത്തി അക്ബറിന്‍റെ കൊട്ടാര നര്‍ത്തകിയായ അനാര്‍ക്കലിയുടെ ശവകുടീരം കാണുന്നത് 1920ലാണ്. അതിമനോഹരമായ ഒരു പ്രണയകഥയുടെ പ്രചോദനമായിരുന്നു ആ കാഴ്ച. ഉറുദു സാഹിത്യത്തിലെ ‘റോമിയോ ആന്‍ഡ് ജൂലിയറ്റ്’ ആയി കൊണ്ടാടപ്പെട്ട അനാര്‍ക്കലി എന്ന പ്രണയ ദുരന്ത

പ്രശസ്ത ഉര്‍ദു നാടകകൃത്ത് സയ്യദ് ഇംതിയാസ് അലി താജ് മുഗള്‍ ചക്രവര്‍ത്തി അക്ബറിന്‍റെ കൊട്ടാര നര്‍ത്തകിയായ അനാര്‍ക്കലിയുടെ ശവകുടീരം കാണുന്നത് 1920ലാണ്. അതിമനോഹരമായ ഒരു പ്രണയകഥയുടെ പ്രചോദനമായിരുന്നു ആ കാഴ്ച. ഉറുദു സാഹിത്യത്തിലെ ‘റോമിയോ ആന്‍ഡ് ജൂലിയറ്റ്’ ആയി കൊണ്ടാടപ്പെട്ട അനാര്‍ക്കലി എന്ന പ്രണയ ദുരന്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത ഉര്‍ദു നാടകകൃത്ത് സയ്യദ് ഇംതിയാസ് അലി താജ് മുഗള്‍ ചക്രവര്‍ത്തി അക്ബറിന്‍റെ കൊട്ടാര നര്‍ത്തകിയായ അനാര്‍ക്കലിയുടെ ശവകുടീരം കാണുന്നത് 1920ലാണ്. അതിമനോഹരമായ ഒരു പ്രണയകഥയുടെ പ്രചോദനമായിരുന്നു ആ കാഴ്ച. ഉറുദു സാഹിത്യത്തിലെ ‘റോമിയോ ആന്‍ഡ് ജൂലിയറ്റ്’ ആയി കൊണ്ടാടപ്പെട്ട അനാര്‍ക്കലി എന്ന പ്രണയ ദുരന്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത ഉര്‍ദു നാടകകൃത്ത് സയ്യദ് ഇംതിയാസ് അലി താജ് മുഗള്‍ ചക്രവര്‍ത്തി അക്ബറിന്‍റെ കൊട്ടാര നര്‍ത്തകിയായ അനാര്‍ക്കലിയുടെ ശവകുടീരം കാണുന്നത് 1920ലാണ്. അതിമനോഹരമായ ഒരു പ്രണയകഥയുടെ പ്രചോദനമായിരുന്നു ആ കാഴ്ച. ഉറുദു സാഹിത്യത്തിലെ ‘റോമിയോ ആന്‍ഡ് ജൂലിയറ്റ്’ ആയി കൊണ്ടാടപ്പെട്ട അനാര്‍ക്കലി എന്ന പ്രണയ ദുരന്ത നാടകം പിറവി കൊള്ളുന്നത് അങ്ങനെയാണ്. ഒരു നൂറ്റാണ്ടിനിപ്പുറവും മനുഷ്യമനസിനെ മഥിക്കുന്ന പ്രണയഗാഥയായി അത് തുടരുന്നു എന്നു തന്നെയാണ് അനശ്വര നടന്‍ ദിലീപ് കുമാറിന്‍റെ വിയോഗ വേളയിലെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. 100 വര്‍ഷത്തിനിടയില്‍ നാടകമായും ചലച്ചിത്രങ്ങളായും ടെലിവിഷന്‍ സീരീസുകളായും നിരവധി അനാര്‍ക്കലിമാര്‍ പിറന്നു വീണു. എന്നാല്‍ ഒരേയൊരു സലീം രാജകുമാരന്‍ മാത്രമാണ് അനുവാചകരുടെ മനസില്‍ ഒളിമങ്ങാതെ നില്‍ക്കുന്നത്. അതാണ് ‘മുഗള്‍ ഇ അസ’മെന്ന ചലച്ചിത്ര കാവ്യത്തെ അനശ്വരമാക്കിയ ദിലീപ് കുമാര്‍ മാജിക്.  

 

ADVERTISEMENT

1920ല്‍ ഇംതിയാസ് അലി താജ് ലാഹോറിലെ ഉപേക്ഷിക്കപ്പെട്ട ശവകുടീരം കണ്ടില്ലായിരുന്നെങ്കില്‍ എന്നു പറയുന്നതുപോല അസംബന്ധമാണ് 1947ല്‍  ഇന്ത്യാ-പാക് വിഭജനം സംഭവിച്ചിരുന്നില്ലെങ്കില്‍ എന്നു പറയുന്നത്. സപ്രു എന്ന നടന്‍ ജീവന്‍ പകരേണ്ട സലീം രാജകുമാരനെയാണ് പലായനങ്ങളുടെയും രക്തച്ചൊരിച്ചലുകളുടെയും പ്രക്ഷുബ്ധകാലം ദിലീപ് കുമാറിലേക്ക് എത്തിച്ചത്. 1944ല്‍ കെ. ആസിഫ് ‘അനാര്‍ക്കലി’ എന്ന നാടകം സിനിമയാക്കാന്‍ ആലോചിക്കുന്നതു മുതല്‍ 2004ല്‍ അതിന്‍റെ കളര്‍ ഡിജിറ്റല്‍ പ്രിന്‍റ് റിലീസ് ചെയ്യുന്നതുവരെയുള്ള  ആറ് പതിറ്റാണ്ട് നീണ്ടു നില്‍ക്കുന്നതാണ് ദിലീപ് കുമാര്‍-മധുബാല-പൃഥ്വിരാജ് കപൂര്‍ ത്രയം അവിസ്മരണീയമാക്കിയ ‘മുഗള്‍ ഇ അസ’ത്തിന്‍റെ സംഭവബഹുലമായ ചരിത്രം. പ്രദര്‍ശനത്തിനെത്തിയിട്ട് 48 വര്‍ഷം വേണ്ടി വന്നു ഇന്ത്യന്‍ സിനിമയിലെ ഈ ക്ലാസിക് സൃഷ്ടിയുടെ ബോക്സോഫീസ് റെക്കോര്‍ഡ് തകര്‍ക്കപ്പെടാന്‍! 

 

പല അനാര്‍ക്കലിമാര്‍ 

 

ADVERTISEMENT

അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ നര്‍ത്തകിയായിരുന്നു അനാര്‍ക്കലി. അനാര്‍ക്കലിയുമായി അക്ബറിന്‍റെ മൂത്ത പുത്രന്‍ സലീം രാജകുമാരന്‍ (ജഹാംഗീര്‍ ചക്രവര്‍ത്തി) പ്രണയത്തിലാകുന്നു. മകന്‍റെ പ്രണയത്തെ എതിര്‍ത്ത അക്ബര്‍ അനാര്‍ക്കലിയെ മരണം വരെ തടവില്‍ പാര്‍പ്പിച്ചു എന്നാണ് കഥ. വസ്തുതകളുടെ പിന്‍ബലമില്ലെങ്കിലും മുഗള്‍ ചരിത്രത്തിലെ ഗുപ്തമായ ഏടായി ഇത് കരുതിപ്പോരുന്നു. 1922ലാണ് ‘അനാര്‍ക്കലി’ പ്രസിദ്ധീകരിക്കുന്നത്. ഉര്‍ദു സാഹിത്യത്തിലെ മികച്ച സൃഷ്ടിയായി ആഘോഷിക്കപ്പെട്ട അനാര്‍ക്കലി അക്കാലത്ത് നാടക അരങ്ങുകളെ ത്രസിപ്പിച്ചപ്പോള്‍ ചലച്ചിത്രകാരന്‍മാരുടെ സുന്ദര സ്വപ്നമായി ആ കൃതി മാറി. 

 

1960ല്‍ കെ. ആസിഫ് മുഗള്‍ ഇ അസം സംവിധാനം ചെയ്യുന്നതിന് മുന്‍പ് ആറ് ചലച്ചിത്രങ്ങളാണ് ‘അനാര്‍ക്കലി’യെ ഉപജീവിച്ച് വെള്ളിത്തിരയില്‍ എത്തിയത്. സീതാ ദേവി അനാര്‍ക്കലിയായും സ്വര്‍ണ സിംഗ് സലീം രാജകുമാരനുമായി വേഷമിട്ട ‘ദി ലവ്സ് ഓഫ് എ മുഗള്‍ പ്രിന്‍സ്’ ആണ്  ആദ്യ ചിത്രം. സംവിധായകരില്‍ ഒരാളായ ചാരു റായ് തന്നെയാണ് അക്ബര്‍ ചക്രവര്‍ത്തിയെ അവതരിപ്പിച്ചത്. ഗ്രെയ്റ്റ് ഈസ്റ്റേണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ചാരു റായും പ്രഫുല്‍ കുമാര്‍ റായും ചേര്‍ന്നാണ്. 1928ലാണ് ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിശബ്ദ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 

 

ADVERTISEMENT

അതേ വര്‍ഷം തന്നെ രണ്ടാമത്തെ സിനിമയും വെളിച്ചം കണ്ടു. ആര്‍.  എസ്. ചൌധരി സംവിധാനം ചെയ്ത ‘അനാര്‍ക്കലി’യില്‍ അക്കാലത്തെ താരറാണിയായിരുന്ന സുലോചനയും (റൂബി മയേഴ്സ്)  ഡി. ബില്ലിമോറിയയുമായിരുന്നു നായികാ നായകന്‍മാര്‍. ഒന്നാം ‘അനാര്‍ക്കലി’യേക്കാള്‍ വിജയം നേടാന്‍ സുലോചനയുടെ ‘അനാര്‍ക്കലി’ക്ക് സാധിച്ചു.  .

 

1935ല്‍ ആര്‍. എസ്. ചൗധരി അതേ താരങ്ങളെ വെച്ച് ‘അനാര്‍ക്കലി’ എന്ന  ശബ്ദ സിനിമയുമായി രംഗത്തെത്തി. ഇമ്പീരിയല്‍ ഫിലിം കമ്പനിയുടെ ബാനറില്‍ അര്‍ദേഷിര്‍ ഇറാനിയായിരുന്നു ചിത്രം നിര്‍മിച്ചത്. വന്‍ ബോക്സോഫിസ് വിജയമായി ചിത്രം മാറി.  

 

സുലോചന റാണി ജോധാബായി ആയി വേഷമിട്ട മറ്റൊരു ‘അനാര്‍ക്കലി’ 1953ല്‍ പുറത്തിറങ്ങി. സലീം രാജകുമാരന്‍റെ ഈ രജപുത് മാതാവും മറ്റൊരു ഐതിഹ്യ കഥാപാത്രമാണ്. പ്രദീപ്കുമാറാണ് ഇതില്‍ സലീമിനെ അവതരിപ്പിച്ചത്. ഫിലിമിസ്ഥാന്‍ നിര്‍മ്മിച്ച ‘അനാര്‍ക്കലി’ സംവിധാനം ചെയ്തത് നന്ദ് ലാല്‍ ജസ്വന്ത് ലാല്‍ ആണ്. മികച്ച ബോക്സോഫീസ് വിജയമായ ചിത്രത്തില്‍ ബിന റായ് ആണ് അനാര്‍ക്കലി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. സി. രാമചന്ദ്രയുടെ സംഗീതത്തിന്‍റെയും ലതാ മങ്കേഷ്ക്കരുടെ മധുര ശബ്ദത്തിന്‍റെയും പേരില്‍ കൂടി ആണ് 1953ലെ ‘അനാര്‍ക്കലി’ ഓർമിക്കപ്പെടുന്നത്. 

 

1955ല്‍ അഞ്ജലി ദേവി നായികയായി ‘അനാര്‍ക്കലി’യുടെ തെലുഗു പതിപ്പ് പ്രദര്‍ശനത്തിനെത്തി. നാഗേശ്വര്‍ റാവു ആണ് സലീം രാജകുമാരനായി രംഗത്തെത്തിയത്. അഞ്ജലി ദേവി നിര്‍മിച്ച ചിത്രത്തിന്റെ സംഗീതം അവരുടെ ഭര്‍ത്താവ് പി. ആദിനാരായണ റാവു ആയിരുന്നു. ഇതിന്റെ തമിഴ് മൊഴിമാറ്റവും അധികം താമസിയാതെ തിയറ്ററുകളില്‍ എത്തി. 

 

‘അനാര്‍ക്കലി’ക്ക് പാക്കിസ്ഥാനിലും തിരരൂപം ഉണ്ടായി എന്നതാണ് മറ്റൊരു പ്രത്യേകത. 1958ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നൂര്‍ജഹാനായിരുന്നു നായിക. സുധീര്‍ സലീമിന്റെ വേഷം ചെയ്തു, അന്‍വര്‍ കെമാല്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രം ഗാനങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. ഇനായത് ഹുസൈന്‍, റാഷിദ് അത്രെ എന്നിവരായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. 

 

ഒടുവില്‍ മുഗള്‍ ഇ അസം പിറക്കുന്നു

 

1945ല്‍ ‘ഫൂല്‍’ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കെ. ആസിഫ് സംവിധാന രംഗത്തേക്ക് കാലെടുത്തു വെച്ചത്. അതിനു മുന്നേ 1944ല്‍ തന്നെ ‘അനാര്‍ക്കലി’ എന്ന വമ്പന്‍ സിനിമാ പദ്ധതിയെ കുറിച്ചുള്ള ആലോചനകള്‍ ആസിഫ് തുടങ്ങിയിരുന്നു. ദിലീപ് കുമാറിനെക്കൊണ്ട് സലീമിന്റെ വേഷം ചെയ്യിപ്പിക്കണം എന്നായിരുന്നു ആസിഫിന്‍റെ ആഗ്രഹം. എന്നാല്‍ നിർമാതാവ് ഷിറാസ് അലിയുടെ താല്‍പ്പര്യക്കുറവ് തടസ്സമായി. അങ്ങനെ 1950-70 കാലഘട്ടത്തിലെ പ്രമുഖനായ ഹിന്ദി നടനായിരുന്ന സപ്രു സലീമായി. അനാര്‍ക്കലിയുടെ വേഷം നര്‍ഗീസിനായിരുന്നു. 1946ല്‍ ചിത്രീകരണം ആരംഭിച്ചെങ്കിലും ഇന്ത്യാ-പാക് വിഭജനത്തെ തുടര്‍ന്ന് നിര്‍മ്മാതാവ് ഷിറാസ് അലി തന്‍റെ സ്റ്റുഡിയോ വിറ്റൊഴിവാക്കി പാക്കിസ്ഥാനിലേക്ക് കുടിയേറിയതോടെ ചിത്രീകരണം മുടങ്ങി. ഇതിനിടയില്‍ അക്ബറായി അഭിനയിച്ചിരുന്ന ചന്ദ്രമോഹന്‍ മരണപ്പെട്ടു. വിഭജന കാലത്തെ കലാപത്തില്‍ പെട്ട് ചിത്രത്തിന്‍റെ റീലുകള്‍ കത്തിനശിക്കുക കൂടി ചെയ്തതോടെ ചിത്രം പാതി വഴിയില്‍ ഉപേക്ഷിച്ചു. 

 

ഇതിനിടയില്‍ ദിലീപ് കുമാറുമായി സൌഹൃദം സ്ഥാപിച്ച ആസിഫ് പുതിയ സിനിമാ പദ്ധതികളുമായി സജീവമായി. ദിലീപ് കുമാറിനെയും സുരയ്യയെയും മുഖ്യ താരങ്ങളാക്കി ജാന്‍വര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചെങ്കിലും അത് പാതിയില്‍ മുടങ്ങി. ദിലീപ് കുമാറും സുരയ്യയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമായിരുന്നു കാരണം. അതിനു ശേഷം നര്‍ഗീസിനെയും ദിലീപ് കുമാറിനെയും നായികാ നായകന്‍മാരാക്കി ‘ഹല്‍ച്ചല്‍’ എന്ന സിനിമ നിര്‍മിച്ചു. ആ സിനിമയ്ക്കു ശേഷം ദിലീപ് കുമാറും ആസിഫുമൊന്നിച്ച് ഇനി വര്‍ക്ക് ചെയ്യില്ലെന്ന് നര്‍ഗീസ് ശപഥം ചെയ്തതോടെ ഇരുവരെയും വെച്ചു ‘മുഗള്‍ ഇ അസം’ പുനരാരംഭിക്കാനുള്ള ആസിഫിന്‍റെ സ്വപ്നത്തിന് തിരിച്ചടിയായി. 

 

താമസിയാതെ പൃഥ്വിരാജ് കപൂറിനെ അക്ബര്‍ ആക്കിക്കൊണ്ട് ആസിഫ് വീണ്ടും ‘മുഗള്‍ ഇ അസ’ത്തിന് തുടക്കമിട്ടു. പൃഥ്വിരാജ് കപൂര്‍ തന്റെ സുഹൃത്തുക്കളായ വ്യവസായികള്‍ ഷപൂര്‍ജി-പല്ലോന്‍ജിയോട് സിനിമയ്ക്കു പണം മുടക്കാന്‍ ആവശ്യപ്പെട്ടു. പൃഥ്വിരാജ് കപൂറിന്‍റെ നാടകങ്ങളുടെ ആരാധകരായ ഈ വ്യവസായികള്‍ രണ്ടു കയ്യും നീട്ടി ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്തു. അതോടെ സാമ്പത്തിക വിഷമത കാരണം പടം മുടങ്ങുമെന്ന ഭീതി അവസാനിച്ചു. 

 

എന്നാല്‍ സലീം രാജകുമാരനായി അഭിനയിക്കാനുള്ള ആസിഫിന്‍റെ ആവശ്യം ദിലീപ് കുമാര്‍ നിരസിച്ചത് പിന്നേയും ആശയകുഴപ്പങ്ങള്‍ ഉണ്ടാക്കി. സിനിമയില്‍ അക്ബറും അനാര്‍ക്കലിയുമാണ് പ്രധാന കഥാപാത്രങ്ങള്‍ എന്നും തന്‍റെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുന്നതല്ല സലീം രാജകുമാരന്‍റെ കഥാപാത്രമെന്നുമായിരുന്നു ദിലീപ് കുമാറിന്റെ വിലയിരുത്തല്‍. കൂടാതെ തിരക്കഥയില്‍ തന്‍റെ കഥാപാത്രത്തിന് ഒരു ഗാനരംഗവും ഇല്ല എന്നതും ദിലീപ് കുമാറിനെ പിന്നോട്ടാടുപ്പിച്ചു. എന്നാല്‍ താന്‍ എങ്ങനെയാണ് സലീം രാജകുമാരനെ അവതരിപ്പിക്കാന്‍ പോകുന്നത് എന്ന ആസിഫിന്‍റെ വിശദീകരണത്തോടെ ദിലീപ് കുമാര്‍ പ്രൊജക്ടിന് ഓകെ പറയുകയായിരുന്നു. 

 

അനാര്‍ക്കലിയായി മികച്ച പ്രകടനമാണ് മധുബാല കാഴ്ചവെച്ചത്. കമാല്‍ അമ്രോഹി, എഹ്സാന്‍ റിസ്വി, വജാഹത്ത് മിര്‍സ, അമാനുള്ള ഖാന്‍ തുടങ്ങിയ  ഉറുദു സാഹിത്യ രംഗത്തെ മുടിചൂടാമന്നന്‍മാരാണ് തിരക്കഥയില്‍ ആസിഫിനെ സഹായിച്ചത്. പ്രശസ്ത സംഗീതജ്ഞന്‍ നൗഷാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. 20 ഗാനങ്ങളാണ് ചിത്രത്തിന് വേണ്ടി റെക്കോഡ് ചെയ്തത്. ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടിയതിനെ തുടര്‍ന്ന് പകുതി ഗാനങ്ങള്‍ ഉള്‍പ്പെടുത്താതെ ഉപേക്ഷിക്കുകയായിരുന്നു. 

 

15 വര്‍ഷത്തെ കെ. ആസിഫിന്റെ പ്രയത്നം അങ്ങനെ 1960 ആഗസ്റ്റ് 5ന് സഫലമായി. ഇതുപോലെ ഒരു പ്രേക്ഷക ഹിസ്റ്റീരിയ പിന്നീട് കണ്ടത് ബച്ചന്‍-ധര്‍മ്മേന്ദ്ര-ഗബ്ബര്‍ സിങ് കൂട്ടുകെട്ടിന്റെ ‘ഷോലെ’ റിലീസ് ചെയ്തപ്പോഴാണ്. ബോളിവുഡില്‍ അതുവരെ നിര്‍മിക്കപ്പെട്ട ചലച്ചിത്രങ്ങളില്‍ ഏറ്റവു ചിലവേറിയ ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം 197 മിനിറ്റ് ആണ്.  ആ കാലത്ത് ഒട്ടുമിക്ക ഇന്ത്യന്‍ സിനിമകളും നിര്‍മിച്ചിരുന്നത് ‘മുഗള്‍ ഇ അസ’ത്തിന് ചിലവിട്ട പണത്തിന്റെ 10 ശതമാനം ബജറ്റിലാണെന്ന കാര്യം മനസിലാക്കുമ്പോഴാണ് ഈ പ്രൊജക്ടിന്റെ വലിപ്പം മസിലാവുക. 500 ദിവസത്തില്‍ അധികം എടുത്താണ് ചിത്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.  മൂന്ന് റീലുകള്‍ ടെക്നി കളറില്‍ ചിത്രീകരിച്ച ആസിഫ് മികച്ച റിസള്‍ട്ട് കണ്ടതിനെ തുടര്‍ന്ന് ചിത്രം റി-ഷൂട്ട് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചു. എന്നാല്‍ വിതരണക്കാര്‍ സിനിമ ഉടന്‍ റിലീസ് ചെയ്യണം എന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് ‘മുഗള്‍ ഇ അസം’ ഭാഗികമായി കളറിലും റിലീസ് ചെയ്യുകയായിരുന്നു. 

 

1961 ലെ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ‘മുഗള്‍ ഇ അസം’ നേടി. 2008 വരെ ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കലക്ട് ചെയ്ത രണ്ടാമത്തെ ചലച്ചിത്രമായിരുന്നു ‘മുഗള്‍ ഇ അസം’.  

 

2004 നവംബര്‍ 12ന് ‘മുഗള്‍ ഇ അസ’ത്തിന്റെ ഡിജിറ്റല്‍ കളര്‍ പതിപ്പ് പ്രദര്‍ശനത്തിനെത്തി. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കളര്‍ ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമയാണ് ഇത്. ‘മുഗള്‍ ഇ അസ’ത്തിന്റെ നിര്‍മാതാക്കളായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് തന്നെയാണ് കളറൈസേഷന്‍ റിസ്റ്റൊറേഷന്‍ പ്രൊജക്ടിന് ചുക്കാന്‍ പിടിച്ചത്. ചെന്നയിലെ ആക്രിസ് ലാബിലാണ് റിസ്റ്റൊറേഷന്‍ വര്‍ക്ക് നടന്നത്. കളറിങ് നടത്തിയത് ഇന്‍ഡ്യന്‍ അക്കാദമി ഓഫ് ആര്‍ട്സ് ആന്‍ഡ് ആനിമേഷനാണ്. ഏകദേശം 18 മാസമാണ് പ്രോജക്റ്റ് റിസെര്‍ച്ചിന് വേണ്ടി ചിലവിട്ടത്. റിസ്റ്റൊറേഷന്‍, കളറിങ് പ്രവർത്തി പൂര്‍ത്തിയാക്കാന്‍ 15 മാസവും. ‘മുഗള്‍ ഇ അസ’ത്തിന്റെ സംഗീതജ്ഞന്‍ നൗഷാദ് തന്നെയാണ് മ്യൂസിക് ട്രാക്കിന്റെ റിസ്റ്റൊറേഷന് നേതൃത്വം നല്കിയത്. 25 ആഴ്ചകളാണ് കളര്‍ പതിപ്പ് തിയറ്ററുകളില്‍ ഓടിയത്.  

 

ഒരു ഭരണാധികാരിയുടെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങള്‍ ഒരു വശത്തും മറുഭാഗത്ത് ഭ്രാന്തമായ പ്രണയവും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ കഥ പറഞ്ഞ അനാര്‍ക്കലിയുടെ കഥയ്ക്ക് എന്തുകൊണ്ട് ഇത്ര റീമേക്കുകള്‍ ഉണ്ടായി എന്നത് ആരെയും വിസ്മയിപ്പിക്കും. കാല്‍പ്പനികതയും നാടകീയതയും നിറഞ്ഞ കഥാവസ്തുവും വിഷാദമധുരമായ പ്രണയവും മുഗള്‍ രാജ കൊട്ടാരം നല്‍കുന്ന ദൃശ്യ സമൃദ്ധിയും അച്ഛനും മകനും തമ്മിലുള്ള സംഘര്‍ഷവും അസൂയയും ചതിയും സൃഷ്ടിക്കുന്ന ട്വിസ്റ്റുകളും ഒക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്ന സംഭവ ബഹുലമായ കഥാന്തരീക്ഷം തന്നെയായിരിക്കാം അതിനു കാരണം. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുണ്ട് എന്നതും പ്രധാനമാണ്. എന്നാല്‍ 1960ല്‍ ‘മുഗള്‍ ഇ അസം’ ഇറങ്ങിയതിന് ശേഷം ഒരു റീമേക്ക് പോലും ഉണ്ടായില്ല എന്നത് ആ ചലച്ചിത്രത്തിന്റെ പ്രാമാണികത തന്നെയാണ് സൂചിപ്പിക്കുന്നത്. 

 

ഏറ്റവും ഒടുവില്‍ സിനിമ നിർമിച്ച ഷപൂര്‍ജി പല്ലോന്‍ജി തന്നെ 2016ല്‍ അതിന്‍റെ നാടക രൂപവും അരങ്ങില്‍ എത്തിച്ചു.