ആരായിരുന്നു കുഞ്ഞാലി മരയ്ക്കാർമാർ?
ചരിത്രം തേടുന്നവർ മാത്രമല്ല ഇപ്പോൾ മരയ്ക്കാർമാരെക്കുറിച്ച് അന്വേഷിക്കുന്നത്. മോഹൻലാൽ നായകനായ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം തിയറ്ററിലെത്താൻ പോകുമ്പോൾ സിനിമാപ്രേമികൾക്കും അറിയേണ്ടത് മരയ്ക്കാർമാരെപ്പറ്റിയാണ്. കുഞ്ഞാലി മരയ്ക്കാർ എന്ന ഒറ്റപ്പേരു മാത്രമേ എല്ലാവർക്കും അറിയൂ. എന്നാൽ
ചരിത്രം തേടുന്നവർ മാത്രമല്ല ഇപ്പോൾ മരയ്ക്കാർമാരെക്കുറിച്ച് അന്വേഷിക്കുന്നത്. മോഹൻലാൽ നായകനായ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം തിയറ്ററിലെത്താൻ പോകുമ്പോൾ സിനിമാപ്രേമികൾക്കും അറിയേണ്ടത് മരയ്ക്കാർമാരെപ്പറ്റിയാണ്. കുഞ്ഞാലി മരയ്ക്കാർ എന്ന ഒറ്റപ്പേരു മാത്രമേ എല്ലാവർക്കും അറിയൂ. എന്നാൽ
ചരിത്രം തേടുന്നവർ മാത്രമല്ല ഇപ്പോൾ മരയ്ക്കാർമാരെക്കുറിച്ച് അന്വേഷിക്കുന്നത്. മോഹൻലാൽ നായകനായ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം തിയറ്ററിലെത്താൻ പോകുമ്പോൾ സിനിമാപ്രേമികൾക്കും അറിയേണ്ടത് മരയ്ക്കാർമാരെപ്പറ്റിയാണ്. കുഞ്ഞാലി മരയ്ക്കാർ എന്ന ഒറ്റപ്പേരു മാത്രമേ എല്ലാവർക്കും അറിയൂ. എന്നാൽ
ചരിത്രം തേടുന്നവർ മാത്രമല്ല ഇപ്പോൾ മരയ്ക്കാർമാരെക്കുറിച്ച് അന്വേഷിക്കുന്നത്. മോഹൻലാൽ നായകനായ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം തിയറ്ററിലെത്താൻ പോകുമ്പോൾ സിനിമാപ്രേമികൾക്കും അറിയേണ്ടത് മരയ്ക്കാർമാരെപ്പറ്റിയാണ്. കുഞ്ഞാലി മരയ്ക്കാർ എന്ന ഒറ്റപ്പേരു മാത്രമേ എല്ലാവർക്കും അറിയൂ. എന്നാൽ ‘മരയ്ക്കാർ’ എന്നതൊരു കുടുംബപേരാണ്. അതിലെ പ്രമുഖരായ നാലുപേരാണ് സാമൂതിരിയുടെ കടൽപോരാളികളുടെ സൈന്യാധിപൻമാരായി ഉണ്ടായിരുന്നത്.
കുഞ്ഞാലി മരയ്ക്കാർമാരുടെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായ അറിവൊന്നുമില്ലെങ്കിലും അവർ കൊച്ചിയിലെ കടൽകച്ചവടക്കാരായിരുന്നുവെന്നും പോർച്ചുഗീസുകാർ കൊച്ചിയിൽ വന്ന് കൊച്ചിരാജാവുമായി അടുപ്പമുണ്ടാക്കിയപ്പോൾ കൊച്ചി വിട്ട് കോഴിക്കോട്ടേക്കു വരികയും സാമൂതിരിയുടെ അടുത്ത ആളുകളാകുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം. സാമൂതിരിയുടെ നാട്ടിലെ പൊന്നാനിയിലാണ് ഇവർ ആദ്യമായി താവളം കണ്ടെത്തിയത്. കടൽപോരാട്ടത്തിൽ ഇവരുടെ വൈദഗ്ധ്യം മനസ്സിലാക്കിയ സാമൂതിരി, മരയ്ക്കാർമാരിൽ പ്രമുഖനെ തന്റെ നാവികസൈന്യത്തിന്റെ തലവനാക്കി.
കുഞ്ഞാലി ഒന്നാമൻ
അടിച്ചിട്ടോടുക എന്നതായിരുന്നു കുഞ്ഞാലി ഒന്നാമന്റെ യുദ്ധതന്ത്രം. പോർച്ചുഗീസ് കപ്പൽ വരുന്നതുകണ്ടാൽ കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള സൈന്യം ചെറുവള്ളങ്ങളിൽ ശരവേഗത്തിൽ പാഞ്ഞെത്തി പോർച്ചുഗീസ് കപ്പലിലേക്കു തീപ്പന്തമെറിയും. പറങ്കികൾ കാര്യം തിരിച്ചറിയുമ്പോഴേക്കും കുഞ്ഞാലിയും കൂട്ടരും രക്ഷപ്പെട്ടിരിക്കും. ഹിറ്റ് ആൻഡ് റൺ എന്ന യുദ്ധതന്ത്രത്തിലൂടെ പോർച്ചുഗീസുകാരെ വെള്ളം കുടിപ്പിച്ച ആളാണ് കുഞ്ഞാലി ഒന്നാമൻ.
മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ, കുട്ടി മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ എന്നിങ്ങനെ രണ്ടു പേരിൽ അറിയപ്പെടുന്നുണ്ട് കുഞ്ഞാലി ഒന്നാമൻ. ഏകദേശം 1524–1539 കാലഘട്ടത്തിലാണ് ഇദ്ദേഹം സാമൂതിരിക്കു വേണ്ടി പോർച്ചുഗീസുകാരോട് ഏറ്റുമുട്ടിയതായി കണക്കാക്കുന്നത്.
പോർച്ചുഗീസുകാരുടെ ഇടപെടൽ കാരണം സാമൂതിരിക്കും ഈജിപ്തിലെ സുൽത്താനും കടൽവഴിയുള്ള കച്ചവടം നടക്കാത്ത അവസ്ഥയായി. കോഴിക്കോട് അടക്കമുള്ള നാട്ടുരാജ്യങ്ങളിൽ നിന്നായിരുന്നു ഈജിപ്തിലേക്ക് സുഗന്ധദ്രവ്യങ്ങളൊക്കെ കടൽമാർഗം കൊണ്ടുപോയിരുന്നത്. എന്നാൽ പോർച്ചുഗീസുകാരുടെ കപ്പൽസൈന്യം ശക്തമായപ്പോൾ അവരുടെ കച്ചവടം നിലച്ചു. അങ്ങനെയാണ് സാമൂതിരിയും സുൽത്താനും ചേർന്ന് പോർച്ചുഗീസുകാരെ കെട്ടുകെട്ടിക്കാൻ ഇറങ്ങിത്തിരിച്ചത്. സാമൂതിരിയെ സഹായിക്കാൻ കുറച്ചു കപ്പലുകൾ സുൽത്താൻ അയച്ചുകൊടുത്തു.
സാമൂതിരിയും സുൽത്താനും ഒന്നിച്ചാലുണ്ടാകുന്ന അപകടം മുൻകൂട്ടി മനസ്സിലാക്കിയ പോർച്ചുഗീസ് ക്യാപ്റ്റൻ ലോറൻസ് ഡ അൽമേഡ ഗുജറാത്തിലെ ഭരണാധികാരിയെ കൂട്ടുപിടിച്ച് സാമൂതിരി സൈന്യത്തിനുള്ള ഭക്ഷണമെത്തിക്കൽ തടഞ്ഞു. അതോടെ സുൽത്താന്റെ സൈന്യം പിൻവാങ്ങി. കുഞ്ഞാലി ഒന്നാമന്റെ നേതൃത്വത്തിലുള്ള സൈന്യം പോർച്ചുഗീസുകാരോട് ഏറ്റുമുട്ടി. ആദ്യഘട്ടത്തിൽ കുഞ്ഞാലി മുന്നേറിയെങ്കിലും അംഗബലത്തിൽ പോർച്ചുഗീസുകാരായിരുന്നു മുന്നിൽ. ഒടുവിൽ കുഞ്ഞാലി ഒന്നാമന് തോൽവി സമ്മതിക്കേണ്ടി വന്നു. 1539 ൽ ശ്രീലങ്കൻ തീരത്തുള്ള വിതുലയിൽ വച്ച് പോർച്ചുഗീസ് സൈന്യാധിപൻ മെഗൽ പെരേരയുടെ മിന്നലാക്രമണത്തിൽ കുഞ്ഞാലി വധിക്കപ്പെട്ടു.
കുഞ്ഞാലി രണ്ടാമൻ
സാമൂതിരിക്കു വെല്ലുവിളിയെന്നോണം പോർച്ചുഗീസുകാർ ചാലിയത്തൊരു കോട്ട നിർമിച്ചിരുന്നു. വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന പ്രദേശമായിരുന്നു ചാലിയം. ഇവിടെ കോട്ട നിർമിച്ച് സൈന്യത്തെ പാർപ്പിച്ചത് സാമൂതിരിയെ വെല്ലുവിളിക്കുക എന്ന ഉദ്ദേശ്യത്തോടെത്തന്നെയായിരുന്നു. എപ്പോൾ വേണമെങ്കിലും പോർച്ചുഗീസുകാർക്ക് സാമൂതിരിയുടെ കടൽസൈന്യത്തെ ആക്രമിക്കാൻ പറ്റുമായിരുന്നു. സാമൂതിരിയുടെ തൊണ്ടയിലേക്കു നീട്ടിയ പീരങ്കിയെന്നാണ് ഈ കോട്ടയെ വിശേഷിപ്പിച്ചിരുന്നത്. കുഞ്ഞാലി ഒന്നാമന്റെ മരണത്തോടെ, യുവാവായ കുഞ്ഞാലി രണ്ടാമൻ സൈന്യാധിപന്റെ സ്ഥാനമേറ്റെടുത്തു. കുട്ടി അഹമ്മദ് മരയ്ക്കാർ, അലി ഇബ്രാഹിം മരയ്ക്കാർ, പാപ്പാച്ചി മരയ്ക്കാർ, ഹസ്സൻ മരയ്ക്കാർ തുടങ്ങിയവരായിരുന്നു രണ്ടാമന്റെ പിൻബലം. കുഞ്ഞാലി ഒന്നാമനേക്കാൾ ശക്തനായിരുന്നു രണ്ടാമൻ. ഒരു വർഷം കൊണ്ട് അൻപതോളം പോർച്ചുഗീസ് കപ്പലുകളാണ് രണ്ടാമന്റെ നേതൃത്വത്തിൽ നശിപ്പിച്ചത്.
പോർച്ചുഗീസുകാരെ ഇന്ത്യൻ സമുദ്രമേഖലയിൽനിന്ന് പൂർണമായും പിന്തിരിപ്പിക്കുക എന്നതായിരുന്നു സാമൂതിരിയുടെ ലക്ഷ്യം. അതിനായി തുർക്കിയുടെ സഹായം തേടി. പോർച്ചുഗീസുകാർക്കെതിരെ യുദ്ധത്തിനെത്തിയ തുർക്കി സൈന്യം ഗുജറാത്ത് തീരത്തെത്തിയെങ്കിലും പെട്ടെന്നു തന്നെ പിന്തിരിഞ്ഞു. സാമൂതിരിക്ക് ഇതു വലിയ ക്ഷീണമുണ്ടാക്കി. നിരന്തരമായ യുദ്ധം സാമൂതിരിയുടെ സാമ്പത്തികനിലയും തകർത്തിരുന്നു. 1540 ൽ പോർച്ചുഗീസുകാരുമായി സന്ധിയിലേർപ്പെടാൻ സാമൂതിരിയെ നിർബന്ധിതനാക്കി. ഇതോടെ കോഴിക്കോട്ടെ വ്യാപാരത്തിന്റെ കുത്തക സാമൂതിരിക്കു നഷ്ടമായി.
എന്നാൽ സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിലുണ്ടാക്കിയ സന്ധി താൽക്കാലികമായിരുന്നു. കൊച്ചി രാജാവും വടക്കുംകൂർ രാജാവും തമ്മിലുള്ള യുദ്ധത്തിൽ പോർച്ചുഗീസുകാർ ഇടപെട്ടത് സാമൂതിരിക്ക് ഇഷ്ടപ്പെട്ടില്ല. യുദ്ധത്തിൽ വടക്കുംകൂർ രാജാവ് കൊല്ലപ്പെട്ടു. സാമൂതിരിയുടെ സുഹൃത്തായിരുന്നു മരിച്ച രാജാവ്. സാമൂതിരി കൊച്ചി ആക്രമിച്ചു. കൊച്ചിയുടെ കൂടെയുണ്ടായിരുന്ന പോർച്ചുഗീസുകാർ സാമൂതിരിക്കെതിരെ സൈന്യത്തെ നയിച്ചു. കൊയിലാണ്ടിക്കടുത്തുള്ള പന്തലായനി കൊല്ലം പീരങ്കിവച്ച് തകർത്തു.
കുഞ്ഞാലി മൂന്നാമൻ
സാമൂതിരിക്കു വലിയ ക്ഷീണമുണ്ടാക്കിയ സംഭവമായിരുന്നു ഇത്. എന്നാൽ സാമൂതിരി ഇതിനു പകരം വീട്ടിയത് ചാലിയം കോട്ട തകർത്തുകൊണ്ടാണ്. അതിനു നേതൃത്വം നൽകിയത് കുഞ്ഞാലി മൂന്നാമനായിരുന്നു. പോർച്ചുഗീസുകാരോടു നേരിട്ട് ഏറ്റുമുട്ടാതെ മുൻഗാമികൾ ചെയ്തതുപോലെ ആക്രമിച്ച് കടന്നുകളയുക എന്ന തന്ത്രം തന്നെയായിരുന്നു മൂന്നാമനും കൈകൊണ്ടത്. പടമരയ്ക്കാർ, പട്ടുമരയ്ക്കാർ, പാത്തുമരയ്ക്കാർ എന്നിങ്ങനെ പല പേരുകളിൽ ഇദ്ദേഹം അറിയപ്പെട്ടിരുന്നു.
പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ സാമൂതിരി ബീജാപ്പുർ സുൽത്താനുമായും അഹമ്മദ് നഗറിലെ നൈസാമുമായും സഖ്യമുണ്ടാക്കി. കുഞ്ഞാലി മൂന്നാമനായിരുന്നു ഇതിനു ചുക്കാൻ പിടിച്ചത്. ഗോവ, ചൗൾ, ചാലിയം എന്നിങ്ങനെ പോർച്ചുഗീസുകാരുടെ മൂന്നു കോട്ടകൾ ഒരുമിച്ച് ആക്രമിക്കാൻ ത്രികക്ഷിസഖ്യം തീരുമാനിച്ചു. 1571 ൽ സാമൂതിരിയുടെ കാലാൾപ്പടയും കുഞ്ഞാലിയുടെ കരസേനയും ഒരുമിച്ച് ചാലിയം കോട്ട ആക്രമിച്ചു തകർത്തു. ഒരു കല്ലുപോലും അവശേഷിപ്പിക്കാതെയാണ് കോട്ട തകർത്തത്. പരപ്പനാട് രാജാവ് നൽകിയ സഹായത്തിന്റ പേരിൽ, ചാലിയം കോട്ട നിലനിന്നിരുന്ന പ്രദേശം അദ്ദേഹത്തിനു നൽകി.
ചാലിയം കോട്ട തകർക്കാൻ സഹായിച്ച കുഞ്ഞാലി മൂന്നാമന് ഒരു നായർ സേനാനായകനുള്ള എല്ലാ അധികാരവും സാമൂതിരി നൽകി ആദരിച്ചു. ചാലിയം കൈവിട്ടത് പോർച്ചുഗീസുകാർക്കു വലിയ ക്ഷീണമുണ്ടാക്കി. നിരന്തര ശ്രമത്തിന്റെ ഫലമായി അവർ പൊന്നാനിയിൽ ഒരു കോട്ട നിർമിക്കാനുള്ള അനുവാദം സാമൂതിരിയിൽനിന്നു വാങ്ങുകയുണ്ടായി. സാമൂതിരിയെയും കുഞ്ഞാലിയെയും പരസ്പരം അകറ്റുക എന്നതായിരുന്നു പൊന്നാനിയിൽ കോട്ട കെട്ടുന്നതിലൂടെ പോർച്ചുഗീസുകാർ ലക്ഷ്യമിട്ടത്. അവർ കരുതിയതുപോലെ കാര്യങ്ങൾ നീങ്ങി.
കുഞ്ഞാലിയെ പിണക്കാതിരിക്കാൻ സാമൂതിരി അദ്ദേഹത്തിന് വടകരയ്ക്കടുത്ത് കോട്ടയ്ക്കലിൽ ഒരു കോട്ട പണിയാൻ അനുവാദം നൽകി. ഇരിങ്ങൽ പാറയുടെ അടുത്തായി അദ്ദേഹം വലിയൊരു കോട്ട നിർമിച്ചു. അതിനടുത്ത് പുതുപട്ടണം എന്ന നഗരവും പടുത്തുയർത്തി.
കുഞ്ഞാലി നാലാമൻ
പടമരയ്ക്കാരുടെ ദീർഘവീക്ഷണമായിരുന്നു കോട്ടയ്ക്കലിലെ കോട്ട. അദ്ദേഹത്തിന്റെ മരണത്തോടെ ചുമതലയേറ്റ കുഞ്ഞാലി നാലാമൻ കോട്ട കൂടുതൽ ശക്തമാക്കി. ഏതു സമയവും പോർച്ചുഗീസുകാരുമായി ഏറ്റുമുട്ടൽ അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. ഇതിനിടെ സാമൂതിരിയെയും കുഞ്ഞാലിമാരെയും അകറ്റാനുള്ള തന്ത്രം പോർച്ചുഗീസുകാർ മെനഞ്ഞുകൊണ്ടിരുന്നു. ഇന്ത്യൻ സമുദ്രങ്ങളുടെ അധിനായകൻ എന്ന് കുഞ്ഞാലി സ്വയം വിശേഷിപ്പിച്ചത് സാമൂതിരിക്ക് ഇഷ്ടപ്പെട്ടില്ല.
ഇതിനിടെ സാമൂതിരിയുടെ ആനയുടെ വാൽ കുഞ്ഞാലി മുറിച്ചെന്നും അതു ചോദിക്കാൻ ചെന്ന നായർ പ്രമുഖനോട് കുഞ്ഞാലി മോശമായി പെരുമാറിയെന്നും കിംവദന്തി പരന്നു. ഇതിന്റെയെല്ലാം പിന്നിൽ പോർച്ചുഗീസുകാരായിരുന്നുവെന്ന കാര്യം സാമൂതിരി മനസ്സിലാക്കിയില്ല. കുഞ്ഞാലിമാരെ സാമൂതിരി ശത്രുവായി പ്രഖ്യാപിച്ചു. 1598 ൽ പോർച്ചുഗീസുകാരും സാമൂതിരിയും ചേർന്ന് മരയ്ക്കാർ കോട്ട ആക്രമിച്ചെങ്കിലും തോറ്റു പിൻവാങ്ങേണ്ടി വന്നു. പോർച്ചുഗീസുകാരെ തർക്കാൻ സാമൂതിരി വളർത്തിയെടുത്ത കുഞ്ഞാലിമാരെ ഇല്ലായ്മ ചെയ്യാൻ സാമൂതിരി പോർച്ചുഗീസുകാരുടെ പിന്തുണ സ്വീകരിച്ചു. സാമൂതിരിയുടെ കൂടെയുള്ള പലരും ഇതിനെ എതിർത്തെങ്കിലും ഫലമുണ്ടായില്ല.
1600 ൽ സാമൂതിരി വീണ്ടും കോട്ടയ്ക്കൽ കോട്ട ആക്രമിച്ചു. പോർച്ചുഗീസുകാരുടെ നാവികസേനയുടെ സഹായം കൂടുതൽ ലഭിച്ചതോടെ യുദ്ധത്തിൽ ജയിക്കുമെന്ന അവസ്ഥയുണ്ടായി. മാപ്പു നൽകാമെന്ന് സാമൂതിരി അറിയിച്ചതിനെ തുടർന്ന് കുഞ്ഞാലിയും കൂട്ടരും അദ്ദേഹത്തിനു മുന്നിൽ കീഴടങ്ങി. എന്നാൽ സാമൂതിരി വാക്കു പാലിച്ചില്ല. അദ്ദേഹം കുഞ്ഞാലിയെ പിടികൂടി പോർച്ചുഗീസുകാർക്കു കൈമാറി. അവർ കുഞ്ഞാലിയെയും കൂട്ടരെയും ഗോവയിലേക്കു കൊണ്ടുപോയി അവിടെ വച്ച് വധിച്ചു. കുഞ്ഞാലിയുടെ തല വെട്ടിയെടുത്ത് ഉപ്പിലിട്ട് കണ്ണൂരിൽ കൊണ്ടുവന്ന് പ്രദർശനത്തിനു വച്ചു. ചരിത്രത്തിലെ ദുരന്തനായകനായി കുഞ്ഞാലി നാലാമന്റെ ജീവിതം അവസാനിച്ചു. അവസാന നിമിഷം വരെ വിദേശികളോടു ചെറുത്തുനിന്ന കുഞ്ഞാലിമാരുടെ ദേശസ്നേഹമാണ് ഇപ്പോഴും എല്ലാവർക്കും പ്രചോദനമാകുന്നത്.