എന്റെ അച്ഛൻ വിടവാങ്ങിയത് സേതു സാറിന്റെ വീട്ടിൽ, ജീവിതം മാറ്റിമറിച്ച വ്യക്തി: മേനക സുരേഷ് പറയുന്നു
കെ.എസ്. സേതുമാധവന് യാത്രയാകുമ്പോൾ ഗുരുവും പിതൃതുല്യനുമായ വ്യക്തിയാണ് അരങ്ങൊഴിഞ്ഞു പോകുന്നതെന്ന് പ്രശസ്ത സിനിമാതാരം മേനക സുരേഷ്. കെ.എസ്. സേതുമാധവന്റെ ‘ഓപ്പോൾ’ എന്ന ചിത്രത്തിലൂടെയാണ് മേനക മലയാളികളുടെ പ്രിയതാരമായി മാറിയത്. അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന മേനക സുരേഷ്,
കെ.എസ്. സേതുമാധവന് യാത്രയാകുമ്പോൾ ഗുരുവും പിതൃതുല്യനുമായ വ്യക്തിയാണ് അരങ്ങൊഴിഞ്ഞു പോകുന്നതെന്ന് പ്രശസ്ത സിനിമാതാരം മേനക സുരേഷ്. കെ.എസ്. സേതുമാധവന്റെ ‘ഓപ്പോൾ’ എന്ന ചിത്രത്തിലൂടെയാണ് മേനക മലയാളികളുടെ പ്രിയതാരമായി മാറിയത്. അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന മേനക സുരേഷ്,
കെ.എസ്. സേതുമാധവന് യാത്രയാകുമ്പോൾ ഗുരുവും പിതൃതുല്യനുമായ വ്യക്തിയാണ് അരങ്ങൊഴിഞ്ഞു പോകുന്നതെന്ന് പ്രശസ്ത സിനിമാതാരം മേനക സുരേഷ്. കെ.എസ്. സേതുമാധവന്റെ ‘ഓപ്പോൾ’ എന്ന ചിത്രത്തിലൂടെയാണ് മേനക മലയാളികളുടെ പ്രിയതാരമായി മാറിയത്. അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന മേനക സുരേഷ്,
കെ.എസ്. സേതുമാധവന് യാത്രയാകുമ്പോൾ ഗുരുവും പിതൃതുല്യനുമായ വ്യക്തിയാണ് അരങ്ങൊഴിഞ്ഞു പോകുന്നതെന്ന് പ്രശസ്ത സിനിമാതാരം മേനക സുരേഷ്. കെ.എസ്. സേതുമാധവന്റെ ‘ഓപ്പോൾ’ എന്ന ചിത്രത്തിലൂടെയാണ് മേനക മലയാളികളുടെ പ്രിയതാരമായി മാറിയത്. അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന മേനക സുരേഷ്, പത്മശ്രീ കിട്ടാതെയുള്ള അദ്ദേഹത്തിന്റെ മടക്കത്തിൽ ദുഃഖമുണ്ടെന്നും കൂട്ടിച്ചേർത്തു. അനശ്വര സംവിധായകന്റെ ഓർമകൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയായിരുന്നു മേനക....
മേനക സുരേഷിന്റെ വാക്കുകളിലേക്ക്,
‘കോലങ്ങൾ’ ആണ് എന്റെ ആദ്യത്തെ മലയാള സിനിമയെങ്കിലും ആദ്യം റിലീസ് ചെയ്തതും എനിക്ക് മലയാളത്തിൽ നടി എന്ന പേരു തന്നതും സേതുമാധവൻ സാറിന്റെ ‘ഓപ്പോൾ’ എന്ന സിനിമയായിരുന്നു. ആ സിനിമയോടെ ഞാൻ മലയാളത്തിന്റെ ‘ഓപ്പോൾ’ ആയി മാറി. ‘ഓപ്പോളിൽ’ അഭിനയിക്കാൻ വരുമ്പോൾ അദ്ദേഹത്തിന്റെ മഹത്വം എനിക്കറിയില്ലായിരുന്നു. കെ. ബാലചന്ദർ എന്ന് പറഞ്ഞാൽ എനിക്കറിയാം. പക്ഷേ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന എനിക്ക് മലയാള സിനിമയെക്കുറിച്ച് ഒന്നുമറിയില്ല.
പതിനഞ്ചാം വയസ്സിലാണ് ഞാൻ ഓപ്പോളിൽ അഭിനയിക്കുന്നത്. കഥയൊക്കെ പറഞ്ഞത് അമ്മയോടായിരുന്നു. സിനിമയിൽ അപ്പു എന്ന കഥാപാത്രം എന്റെ മകനാണ് എന്നൊന്നും എനിക്കറിയില്ല. അവനുമായി കളിയാണ് ഞാൻ. സേതു സാർ എനിക്ക് ഓരോ സീനും ക്ഷമയോടെ പറഞ്ഞു തന്ന് അഭിനയിപ്പിക്കുമായിരുന്നു. കുട്ടിക്കളി മാറിയിട്ടില്ലാത്ത ഞാൻ അദ്ദേഹത്തെ അങ്കിൾ എന്നാണു വിളിച്ചിരുന്നത്. ഞാൻ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും അദ്ദേഹം പറയുന്നത് ‘‘നീ പോയി അഞ്ചാമത്തെ സീൻ പഠിച്ചുകൊണ്ടുവരൂ’’ എന്ന്. സ്ക്രിപ്റ്റ് തമിഴിൽ എഴുതിത്തരും. ഞാൻ ഓടിപ്പോയി പഠിച്ചിട്ട് വന്ന് അഭിനയിച്ചിട്ട് വീണ്ടും ഓടിപ്പോയി കളിക്കും. സേതു സർ എനിക്ക് അഭിനയം പഠിപ്പിച്ചു തന്നില്ല പകരം എന്തു ചെയ്യണം എന്നു വിവരിച്ചു തരും. അതു ഞാൻ എനിക്ക് തോന്നുന്നതുപോലെ ചെയ്യും. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടെങ്കിൽ എടുക്കും, ഇല്ലെങ്കിൽ വീണ്ടും ചെയ്യിക്കും. പക്ഷേ അധികമൊന്നും മാറ്റിചെയ്യേണ്ടി വന്നിട്ടില്ല.
കാലിനു സുഖമില്ലാതെ കിടക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ‘കയ്യും തലയും പുറത്തിടരുത്’ എന്ന സിനിമയുടെ തമിഴ് പതിപ്പിൽ ഞാൻ അഭിനയിച്ചത്. എനിക്കു വേണ്ടി അദ്ദേഹം ഡേറ്റ് ഒക്കെ മാറ്റി. എനിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ല. അദ്ദേഹം എന്നോട് ‘റൂമിൽ തന്നെ ഇരുന്നുകൊള്ളൂ എല്ലാം ഇവിടെ എത്തിക്കാം’ എന്നു പറഞ്ഞു, എനിക്ക് കൂട്ടായി അദ്ദേഹം എന്റെ ഒപ്പം വന്നിരുന്ന് ആഹാരം കഴിച്ചു. ചോ രാമസാമി സാറും വെണ്ണിറാഡൈ മൂർത്തി സാറും ഉണ്ട് അന്ന് അതിൽ അഭിനയിക്കാൻ. മൂർത്തി സാറിന് ചോ സാറിനോടൊപ്പമേ കോംബിനേഷൻ ഉള്ളൂ. ചോ സാറിന് രാഷ്ട്രീയത്തിലെ തിരക്കുകൾ ഉണ്ട്. അദ്ദേഹം പോയിട്ടും മൂർത്തി സാർ അവിടെയിരിക്കുന്നതു കണ്ടിട്ട് ഞാൻ ചോദിച്ചു ‘‘സാറിന് ഇനി സീൻ ഒന്നും ഇല്ലല്ലോ, പിന്നെ എന്തിനാണ് ഇവിടെ ഇരിക്കുന്നത്?’’ അപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘ഇത് സേതു മാധവൻ സാറിന്റെ സിനിമയാണ് മോളെ, നമുക്ക് സീൻ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സെറ്റിൽ നിന്ന് പോകാൻ പാടില്ല.’’ അത്ര ചിട്ടയോടെ ആയിരുന്നു സേതു സർ സിനിമകളെ സമീപിച്ചിരുന്നത്. ഓരോരുത്തർ പറയുമ്പോഴാണ് ഞാൻ അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കിയത്. ഞാൻ അദ്ദേഹത്തോട് എന്നും ഒരു കളിക്കുട്ടിയെപ്പോലെയാണ് പെരുമാറിയിട്ടുള്ളത്. വിവാഹം കഴിഞ്ഞ് ഇവിടെ താമസമായി അദ്ദേഹത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കിയപ്പോഴാണ് അങ്കിൾ എന്ന വിളി മാറ്റി ഞാൻ സാർ എന്ന് വിളിച്ചു തുടങ്ങിയത്. ഷോട്ട് റെഡി ആകുമ്പോൾ അദ്ദേഹം വിളിക്കും: ‘‘കുട്ടീ, ഇങ്ങോട്ടൊന്നു വന്നേ, ഇതൊന്ന് ചെയ്തിട്ട് പോ.’’ അപ്പോൾ ഞാൻ കളിച്ചുകൊണ്ടിരിക്കുകയാകും, ഞാൻ പറയും ‘‘ദാ ഒരു മിനിറ്റ്, ഞാൻ ഈ കല്ലൊന്നു ചവിട്ടിയിട്ട് വരട്ടെ.’’.
ഒരിക്കൽ എം.ടി. വാസുദേവൻ നായർ സർ സെറ്റിൽ വന്നപ്പോൾ സേതു സർ വിളിച്ച് പരിചയപ്പെടുത്തി. ഞാൻ ‘ഹായ്’ എന്ന് പറഞ്ഞിട്ട് ഒറ്റയോട്ടം. അപ്പോൾ സേതു സർ എന്നെ ചെവിക്കു പിടിച്ച് എംടി സാറിന്റെ അടുത്ത് കൊണ്ടുപോയിട്ട് പറഞ്ഞു. ‘‘ഇത് ആരാണെന്ന് അറിയാമോ, മലയാളത്തിലെ വലിയ ഒരു എഴുത്തുകാരനാണ്.’’ ഞാൻ പറഞ്ഞു: ‘‘മലയാളത്തിലെ എഴുത്തുകാരനെ എനിക്ക് എങ്ങനെ അറിയാൻ, എനിക്കെങ്ങും അറിഞ്ഞൂടാ.’’ ഇങ്ങനെ വെട്ടിത്തുറന്നാണ് ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നത്. അദ്ദേഹം എന്നോട് പറഞ്ഞു ‘‘നീ തമിഴിലെ കൽക്കിയെ വായിച്ചിട്ടില്ലേ, കൽക്കി തമിഴർക്ക് എങ്ങനെയാണോ അതുപോലെയാണ് എംടി സാർ മലയാളത്തിന്.’’ അപ്പോഴാണ് എനിക്ക് അദ്ദേഹം എത്ര വലിയ മനുഷ്യനാണെന്ന് മനസ്സിലായത്. മലയാളത്തിലുള്ളവരെ തമിഴിലെ വലിയ ആളുകളുമായി താരതമ്യപ്പെടുത്തി പറയുമ്പോഴാണ് എനിക്ക് അവരുടെ വില മനസ്സിലാകുന്നത്. പൊന്നമ്മ ചേച്ചി തമിഴിലെ പണ്ടരി ഭായ് പോലെ, ബാലൻ കെ. നായർ സർ തമിഴിലെ എം.എൻ. നമ്പ്യാരെപ്പോലെ എന്നൊക്കെ അദ്ദേഹം എനിക്കു പഠിപ്പിച്ചു തന്നു.
മറ്റുള്ളവർ എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് കണ്ടുപഠിക്കണമെന്നും എന്നെ അദ്ദേഹം പഠിപ്പിച്ചു. അദ്ദേഹത്തിന്റെ പാഠങ്ങൾ പിന്നീട് ശിവാജി ഗണേശൻ സാറിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ എനിക്ക് സഹായകമായി. ശിവാജി സർ ചെയ്യുന്നത് കണ്ടു മനസ്സിലാക്കിയാലേ കൂടെ അഭിനയിക്കുന്നവർക്ക് അവരുടെ ഭാഗം ഭംഗിയായി ചെയ്യാൻ കഴിയൂ അല്ലെങ്കിൽ ശിവാജി സാറിന്റെ അഭിനയം മറ്റുള്ളവരെ വിഴുങ്ങിക്കളയും.
എംടി സർ സേതു സാറിനോട് പറഞ്ഞത്രേ. ‘‘എടാ ഞാൻ രാവിലെ മുതൽ രാത്രിവരെ കുത്തിയിരുന്ന് എഴുതിയ ഒരു കഥയാണ് ‘ഓപ്പോൾ’. ഈ കുട്ടി എന്താ ഇങ്ങനെ, ഈ കുട്ടിയെക്കൊണ്ട് അത് ചെയ്യാൻ പറ്റുമോ?’’ അപ്പോൾ സേതുമാധവൻ സർ പറഞ്ഞു: ‘‘പടം വരുമ്പോൾ നീ നോക്കൂ വാസൂ. നിന്റെ ഓപ്പോൾ ആയിരിക്കും ഇവൾ.’’ നീലക്കുയിൽ എടുക്കുന്ന സമയത്ത് എംടി സർ സുരേഷേട്ടനോട് ഈ സംഭവം പറഞ്ഞപ്പോഴാണ് ഞാനും ഇക്കാര്യം അറിയുന്നത്. അപ്പോഴാണ് സർ എനിക്ക് തന്നിരുന്ന സ്ഥാനം മനസ്സിലായത്. എനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അവാർഡ് ആയിരുന്നു അത്.
ഓപ്പോളിന് എനിക്ക് അവാർഡ് ഉണ്ടെന്ന് അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു. പക്ഷേ ഇക്കാര്യം അറിഞ്ഞ് ഞാൻ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു ‘‘മോളെ അത് മാറി മറിഞ്ഞു. മറ്റൊരാൾക്കാണ് അവാർഡ്’’. എനിക്ക് അവാർഡ് കിട്ടാൻ വേണ്ട കഴിവുണ്ടെന്ന് അദ്ദേഹം കരുതിയില്ലേ, അതായിരുന്നു എനിക്ക് അവാർഡ് കിട്ടിയതിനേക്കാൾ വിലപ്പെട്ടത്. ഇപ്പോഴും ‘ഓപ്പോൾ’ കാണുമ്പോൾ, ഇത് ഞാൻ തന്നെ അഭിനയിച്ചതാണോ എന്ന് എനിക്കു തോന്നും. എന്നിലുള്ള കഴിവ് ഞാൻ അറിയാതെതന്നെ പുറത്തെടുക്കാൻ അദ്ദേഹത്തിന് അറിയാമായിരുന്നു. എന്റെ സീൻ ഇല്ലാത്ത ഒരു സമയത്ത് ഞാൻ ഒരു വെള്ളപ്പാവാടയും ബ്ലൗസും ഇട്ടു പുറത്തുപോയി കറങ്ങി കളിക്കുമ്പോൾ ആ പാവാട പൊന്തി വരുന്നതിനെ തട്ടിക്കളിക്കുന്നത് കണ്ട അദ്ദേഹം ക്യാമറാമാനോട് പറഞ്ഞ് അത് എടുത്ത് സിനിമയിൽ ചേർത്തു. ഞാൻ അറിയാതെ എടുത്തതാണ് അത്.
മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ് ഈ സമയത്ത് മനസ്സിനെ അലട്ടുന്നത്. അദ്ദേഹത്തിന്റെ ചട്ടക്കാരി മകൻ റീമേക് ചെയ്തപ്പോൾ അത് നിർമിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിനു കൊടുത്ത ഗുരുദക്ഷിണ പോലെയാണ് ഞാൻ കാണുന്നത്. അദ്ദേഹം ആദ്യമായി എന്നെ അഭിനയിക്കാൻ വിളിച്ചപ്പോൾ ഞാൻ ചെയ്യില്ല എന്നാണ് പറഞ്ഞത്. എന്റെ ആദ്യത്തെ സംവിധായകൻ അഴകപ്പൻ സാർ എന്നോട് ചോദിച്ചു ‘‘നീ നിരസിച്ചത് ആരെയാണെന്ന് അറിയാമോ, അദ്ദേഹം മഹാനായ ഒരു സംവിധായകനാണ്’’ അദ്ദേഹമാണ് എന്നെ വഴക്കുപറഞ്ഞ് ഓടിച്ചു വിട്ട് അഭിനയിക്കാൻ സമ്മതം പറയിച്ചത്.
സിനിമയിൽ മാത്രമല്ല പുറത്തും എങ്ങനെ പെരുമാറണമെന്ന് എന്നെ അദ്ദേഹം പഠിപ്പിച്ചു. എനിക്ക് ഉണ്ടായിരുന്ന ഒരു മോശം മുഖഭാവം ഫോട്ടോ എടുത്ത് എന്നെ കാണിച്ചു തന്നിട്ട് ഇനി ഇങ്ങനെ കാണിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ഗുരുവും പിതൃതുല്യനുമായിരുന്നു അദ്ദേഹം. ഇന്നോളം അദ്ദേഹവും കുടുംബവുമായി ഞങ്ങൾ ആ ബന്ധം കാത്തുസൂക്ഷിച്ചു. സംസ്ഥാന അവാർഡിന്റെ ജൂറിയായി അദ്ദേഹത്തോടൊപ്പം ഇരുന്നു സിനിമകൾ ആസ്വദിക്കാൻ കഴിഞ്ഞു. അദ്ദേഹം എങ്ങനെയാണ് സിനിമകളെ വിലയിരുത്തുന്നത് എന്ന് ഞാൻ കണ്ടു മനസ്സിലാക്കി. എന്റെ മകളുടെ വിവാഹത്തിന് വന്നു കുട്ടികളെ ആശീർവദിച്ചു. അന്ന് അദ്ദേഹം എന്റെ രേവതിയെയും കീർത്തിയെയും അനുഗ്രഹിച്ചു. എന്റെ ഗുരുവിന്റെ അനുഗ്രഹം എന്റെ കുട്ടികൾക്കും കിട്ടിയത് ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
ഡയറക്ടേഴ്സ് കോളനിയിലെ അദ്ദേഹത്തിന്റെ വീടിനോട് എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഒരിക്കൽ വാടകവീട് മാറിക്കൊടുക്കേണ്ട അവസ്ഥ വന്നപ്പോൾ അദ്ദേഹം എനിക്കും കുടുംബത്തിനും താമസിക്കാൻ ആ വീട് വിട്ട് തന്നിരുന്നു. ആ വീട്ടിലാണ് എന്റെ അച്ഛൻ അദ്ദേഹത്തിന്റെ അവസാന ദിവസങ്ങൾ കഴിച്ചുകൂട്ടിയത്. എന്റെ അച്ഛൻ മരിച്ചപ്പോൾ സേതുസാറാണ് ആദ്യം വണ്ടിയുമായി വന്ന് സഹായിച്ചത്. എന്റെ മകളുടെ വിവാഹം സേതുസാറിനെ വിളിക്കാൻ പോയപ്പോൾ ഞാൻ അച്ഛൻ കിടന്ന മുറി ഒന്ന് കയറിക്കണ്ടോട്ടെ എന്ന് അനുവാദം ചോദിച്ച് കുറച്ചു സമയം അവിടെ ചെലവഴിച്ചു. സേതുസാറിന്റെ വേർപാട് എനിക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. അദ്ദേഹം ഇനിയില്ല എന്ന് ഓർക്കാൻ പോലും എനിക്ക് കഴിയുന്നില്ല.
ഒരുപാടു കാര്യങ്ങളാണ് മനസ്സിലേക്ക് ഓടി എത്തുന്നത്. അദ്ദേഹം വളരെ ആരോഗ്യവാനായിരുന്നു. കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ പിറന്നാളിനും വിളിച്ചു സംസാരിച്ചിരുന്നു. രണ്ടുദിവസമായി ആഹാരം കഴിക്കാതെയായിട്ട് എന്ന് അദ്ദേഹത്തിന്റെ മകൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു എങ്കിലും ഇത്ര പെട്ടെന്ന് വിടപറയുമെന്ന് കരുതിയില്ല. ഈയിടെ ജന്മഭൂമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കൊടുത്തപ്പോൾ അദ്ദേഹവും ഭാര്യയും വന്നിരുന്നു. വളരെ ചിട്ടയോടെ ജീവിച്ച ആളായിരുന്നതുകൊണ്ട് അദ്ദേഹം ആരോഗ്യവാനായി ഇരുന്നു. അദ്ദേഹത്തിന്റെ ശിഷ്യ ആണെന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു. നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചില്ല എന്നൊരു വിഷമം എനിക്കുണ്ട്. അർഹതയില്ലാത്ത ഒരുപാട് പേർക്ക് കിട്ടിയിട്ടും സേതുസാറിന് പത്മശ്രീ കിട്ടിയില്ല. അത് നേടാനുള്ള അർഹത അദ്ദേഹത്തിനുണ്ടായിരുന്നു. ജെ.സി. ഡാനിയൽ പുരസ്‌കാരം പോലും അദ്ദേഹത്തിന് വളരെ താമസിച്ചാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകണം എന്ന് കരുതുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ ഈ വേർപാട് സഹിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും കഴിയട്ടെ.