കുഞ്ചാക്കോക്കിരീടം
കുഞ്ചാക്കോ ബോബൻ സിനിമയിൽ വന്നതിന്റെ സിൽവർജൂബിലി വർഷമാണിത്. ചാക്കോച്ചൻ ചങ്ങനാശേരി എസ്ബി കോളജിൽ സെക്കൻഡ് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു വർഷം ജൂനിയറായിരുന്നു ഞാൻ. പുള്ളിക്കാരൻ കോളജ് വിദ്യാർഥിയായി അഭിനയിച്ച പടങ്ങൾ ഷൂട്ട് ചെയ്ത മഹാരാജാസ് കോളജിലും പഠിക്കാൻ ഭാഗ്യം
കുഞ്ചാക്കോ ബോബൻ സിനിമയിൽ വന്നതിന്റെ സിൽവർജൂബിലി വർഷമാണിത്. ചാക്കോച്ചൻ ചങ്ങനാശേരി എസ്ബി കോളജിൽ സെക്കൻഡ് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു വർഷം ജൂനിയറായിരുന്നു ഞാൻ. പുള്ളിക്കാരൻ കോളജ് വിദ്യാർഥിയായി അഭിനയിച്ച പടങ്ങൾ ഷൂട്ട് ചെയ്ത മഹാരാജാസ് കോളജിലും പഠിക്കാൻ ഭാഗ്യം
കുഞ്ചാക്കോ ബോബൻ സിനിമയിൽ വന്നതിന്റെ സിൽവർജൂബിലി വർഷമാണിത്. ചാക്കോച്ചൻ ചങ്ങനാശേരി എസ്ബി കോളജിൽ സെക്കൻഡ് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു വർഷം ജൂനിയറായിരുന്നു ഞാൻ. പുള്ളിക്കാരൻ കോളജ് വിദ്യാർഥിയായി അഭിനയിച്ച പടങ്ങൾ ഷൂട്ട് ചെയ്ത മഹാരാജാസ് കോളജിലും പഠിക്കാൻ ഭാഗ്യം
കുഞ്ചാക്കോ ബോബൻ സിനിമയിൽ വന്നതിന്റെ സിൽവർജൂബിലി വർഷമാണിത്. ചാക്കോച്ചൻ ചങ്ങനാശേരി എസ്ബി കോളജിൽ സെക്കൻഡ് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു വർഷം ജൂനിയറായിരുന്നു ഞാൻ. പുള്ളിക്കാരൻ കോളജ് വിദ്യാർഥിയായി അഭിനയിച്ച പടങ്ങൾ ഷൂട്ട് ചെയ്ത മഹാരാജാസ് കോളജിലും പഠിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെനിക്ക്. രണ്ടിടത്തും ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നതിനാൽ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ നടന്ന എംജി സർവകലാശാലാ യുവജനോത്സവങ്ങളിലെ പ്രധാന വ്യക്തിത്വങ്ങളിൽ പലരെയും അക്കാലത്ത് അറിയാനും അടുത്തുപരിചയപ്പെടാനും കഴിഞ്ഞിരുന്നു.
1994 - 2001 കാലത്ത് നടന്ന യുവജനോത്സവങ്ങളിലെല്ലാം പങ്കെടുത്ത എനിക്ക് കുഞ്ചാക്കോ ബോബൻ അതിലൊന്നും പങ്കെടുത്തിട്ടുള്ളതായി അറിയില്ല. പക്ഷേ മലയാള സിനിമയിലെ മുടിചൂടാമന്നൻമാരായി വിരാജിക്കുന്ന പലരുടെയും ഈറ്റില്ലമായിരുന്ന മഹാരാജാസ് കോളജിന് ഒരു തവണ എംജി കലാ കിരീടം നേടിക്കൊടുത്തതിൽ പുള്ളിക്കാരൻ നിർണായകമായൊരു പങ്കുവഹിച്ചിട്ടുണ്ട്. ചാക്കോച്ചൻ പോലുമറിയാത്ത ആ രഹസ്യം ഞാനിവിടെ പൊട്ടിക്കുകയാണ് സൂർത്തുക്കളേ, പൊട്ടിക്കുകയാണ്.
വർഷം 2000. എംജി സർവകലാശാല യുവജനോൽസവം. വേദി റാന്നി. പ്രധാന പോരാട്ടം മഹാരാജാസും സെന്റ് തെരേസാസും തമ്മിൽ. വള്ളംകളിയിൽ പണ്ടത്തെ കാവാലം ചുണ്ടനും കാരിച്ചാലുമെന്നപോലെ ഇഞ്ചോടിഞ്ച് മത്സരം. വർഷങ്ങളായി മഹാരാജാസിന്റെ കുത്തകയായിരുന്ന ഫിലിം റിവ്യൂ മത്സരത്തിന് അക്കൊല്ലം പങ്കെടുക്കുന്നത് മിഷ്ടർ ഞാനായിരുന്നു. സോണൽ മത്സരത്തിൽ എനിക്ക് രണ്ടാം സ്ഥാനമേ കിട്ടിയിരുന്നുള്ളൂ. (അക്കൊല്ലം രണ്ട് സോണൽ മത്സരങ്ങളും അതിൽ മുൻപന്തിയിൽ എത്തിയവർ തമ്മിലുള്ള ഇന്റർസോൺ മത്സരവുമായിരുന്നു.) എറണാകുളം സോണിൽ ഒന്നാം സ്ഥാനം കിട്ടിയത് തെരേസാസിലെ ഒരു പെൺപുലിക്കായിരുന്നു. സ്കൂൾ ഓഫ് ലെറ്റേഴ്സിൽനിന്നു രണ്ട് ബുദ്ധിജീവി സിങ്കങ്ങളും മത്സരത്തിന് വരുന്നുണ്ടെന്നറിഞ്ഞിരുന്നു. പിൽക്കാലത്ത് മാധ്യമ കേസരികളായി മാറിയ കെ.പി. ജയകുമാറും റഷീദ് കെ.പി.യും.
ഫിലിം റിവ്യൂ മത്സരത്തിന് സാധാരണ കാണിച്ചിരുന്നത് ഏതെങ്കിലും മലയാളം ബുജി സിനിമയായിരുന്നു. അക്കൊല്ലം പതിവു തെറ്റി. തന്നത് ഷേക്സ്പിയർ ഇൻ ലവ്. നാടോടിക്കാറ്റിലെ തിലകനെപ്പോലെ ‘ഇംഗ്ലിഷ്, എസ്കേപ്പ്’ എന്നൊരാത്മഗതം അറിയാതെന്റെ അന്തരാത്മാവിൽനിന്ന് പുറത്തേക്ക് പുളിച്ചുതികട്ടി. ജയകുമാറും റഷീദും തെരേസാസ് പുലിയുമാകട്ടെ മിഥുനത്തിലെ ഇന്നസെന്റിനെപ്പോലെ തരിമ്പും കുലുക്കമില്ലാതെ കരിങ്കല്ല് പോസിൽ നിൽക്കുകയാണ്. സ്കൂൾ ഓഫ് ലെറ്റേഴ്സിൽ സിലബസിന്റെ ഭാഗമായിത്തന്നെ ആ സിനിമ പഠിച്ചിട്ടുള്ള വിദ്വാൻമാരാണ് ജയനും റഷീദും. വി.സി.ഹാരിസിന്റെ ശിഷ്യന്മാരുണ്ടോ ഇംഗ്ലിഷ് കണ്ടാൽ വിരണ്ടോടുന്നു. തെരേസാസിലാണെങ്കിൽ പെമ്പിള്ളേര് ഏമ്പക്കം വിടുന്നതുവരെ ഇംഗ്ലിഷിലാണെന്നാണ് കേട്ടിട്ടുള്ളത്. അപകർഷത മനസ്സിലടിച്ചെന്റെ ആത്മവിശ്വാസം തകർന്നു. പ്രതീക്ഷകൾ പാതാളത്തോളമിടിഞ്ഞു.
അറിയാത്ത ഭാഷയിൽ പടം കാണിച്ചിട്ട് റിവ്യൂ ചെയ്യാൻ പറയുന്നത് അന്യായമാണ്; സ്ഥിരമായി തിയറ്ററിൽ കാണിച്ചിരുന്ന സിനിമ ഇത്തവണ ടിവിയിൽ കാണിക്കുന്നത് ആസ്വാദനത്തിന് തടസ്സമുണ്ടാക്കും. ഇങ്ങനെ ചില ക്രമപ്രശ്നങ്ങൾ ഉന്നയിച്ചുനോക്കി ഞാൻ. ഉടനെതന്നെ എതിർവാദങ്ങൾ വന്നു. സിനിമയുടെ ഭാഷ സാർവലൗകികമാണ്. ഒരു യൂണിവേഴ്സൽ ആർട്ടിന്റെ ആസ്വാദനത്തെ പ്രാദേശികഭാഷാവാദത്തിന്റെ സങ്കുചിതത്വം കൊണ്ട് പരിമിതപ്പെടുത്തരുത്. പിന്നെ വിഡിയോ കസെറ്റ് ഇട്ട് പടം കാണിക്കുന്ന പ്രശ്നം. മത്സരിക്കുന്നവരെല്ലാം കാണുന്നത് ഒരേ ടെലിവിഷൻ തന്നെയാണല്ലോ. അത് കാഴ്ചയിലും ക്ലാരിറ്റിയിലും ആർക്കും പ്രിവിലേജും പക്ഷഭേദവുമുണ്ടാക്കുന്നില്ലല്ലോ. ആഗോളവാദികളുടെ ഒച്ചയിൽ ലോക്കൽ വാദിയുടെ ന്യായപ്പടക്കം ചീറ്റിപ്പോയി. ഇംഗ്ലിഷ് ജയിച്ചു ഇന്ത്യക്കാരൻ തോറ്റു. എനിക്ക് പിടികിട്ടാത്ത ഭാഷയിൽ സിനിമയിലെ കഥാപാത്രങ്ങൾ ടിവിയിൽ എന്തൊക്കെയോ പറഞ്ഞുതുടങ്ങി.
ഒരുത്തൻ തീവ്രമായി ആഗ്രഹിച്ചാൽ അത് നടത്തിക്കൊടുക്കാൻ പ്രപഞ്ചം മുഴുവൻ കൂട്ടുനിൽക്കുമെന്ന് പൗലോ കൊയ്‌ലോ പറഞ്ഞത് ഒള്ളതാണെന്ന് തോന്നുന്നു. ഭാസന്റെയും കാളിദാസന്റെയും മുതൽ എൻ.എൻ. പിള്ളയുടെ വരെ ആത്മാക്കൾ എനിക്കുവേണ്ടി ഷേക്സ്പിയർക്കെതിരെ ഗൂഢാലോചന നടത്തിയിട്ടുണ്ടാകും. കസെറ്റിന്റെ വള്ളിയിൽ നിറച്ചുണ്ടായിരുന്ന ഫംഗസ് ഇംഗ്ലിഷ് വാദികൾക്ക് വില്ലനും എനിക്ക് രക്ഷകനുമായിത്തീർന്നു എന്നുപറഞ്ഞാൽ മതിയല്ലോ. വെട്ടിവെട്ടിക്കാണുന്ന വിഡിയോദൃശ്യങ്ങൾ കാഴ്ചയ്ക്കു തടസ്സമായപ്പോൾ സംഘാടകർക്കു മുമ്പിൽ ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. റാന്നിയിലെ ഒരു പഴഞ്ചൻ കൊട്ടകയിലേക്ക് മത്സരക്കാരെ കൊണ്ടുപോവുക, അവിടെ ഓടിക്കൊണ്ടിരിക്കുന്ന പടത്തിന്റെ റിവ്യൂ എഴുതിപ്പിക്കുക. അന്നവിടെ കളിച്ചിരുന്നത് ചാക്കോച്ചൻ നായകനായ സത്യം ശിവം സുന്ദരം ആയിരുന്നു. ക്ലാസിക് ചിത്രങ്ങൾക്കു പകരം കച്ചവടസിനിമ കാണിച്ചു മത്സരത്തിന്റെ ക്ലാസ്സ് കളയരുതെന്നു പറഞ്ഞ് ജയനും റഷീദും ചാടിവീണു. എതിർന്യായവുമായി ഞാനും.
‘‘അതെന്താ കച്ചവടസിനിമ കണ്ടാൽ കയ്യിലെ വള ഊരിപ്പോകുമോ? കുഞ്ചാക്കോബോബൻ നിങ്ങളെ സ്ക്രീനിൽ നിന്നിറങ്ങിവന്നു കടിക്കുമോ? എല്ലാവരും കാണുന്നത് ഒരേ സിനിമയല്ലേ? അത് കാഴ്ചയിൽ പക്ഷഭേദമുണ്ടാക്കുന്നില്ലല്ലോ? കൊള്ളാത്ത പടമാണെന്നഭിപ്രായമുണ്ടെങ്കിൽ അത് റിവ്യൂവിൽ പറഞ്ഞാൽ പോരേ? എന്തുകൊണ്ടാണ് ഒരു സിനിമ നല്ലതാകുന്നതെന്നും മോശമാകുന്നതെന്നുമൊക്കെ പറയുന്നതല്ലേ ചലച്ചിത്രനിരൂപണത്തിന്റെ ധർമം?’’ ഇക്കുറി എന്റെ ചോദ്യങ്ങൾ എറിച്ചു. ചലോ റാന്നിക്കൊട്ടക എന്ന് സംഘാടകർ പറഞ്ഞു.
ഇറങ്ങിയ ദിവസം തന്നെ, റൂംമേറ്റായ അൻവർ റഷീദിന്റെ കൂടെ എറണാകുളത്തുനിന്ന് കണ്ടതായിരുന്നു ആ ചാക്കോച്ചൻ പടം. ബാക്കിയെല്ലാവരും സിനിമ കണ്ടിരുന്ന സമയത്ത് നിരൂപണത്തിന് വേണ്ട കാര്യങ്ങളാലോചിക്കാനും കുറിപ്പെടുക്കാനും ആവശ്യത്തിനു സമയം കിട്ടിയെനിക്ക്. റിവ്യൂ എഴുതാൻ നേരത്ത് വൃത്തിയായിട്ടൊന്ന് പകർത്തേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. മത്സരത്തിന്റെ മുഖ്യ വിധികർത്താവ് ബി. രവികുമാർ സാറാണെന്ന് കേട്ടിരുന്നു. ആ കലക്കൻ മനുഷ്യനെ അന്നൊരു പരിചയവുമില്ല. കലോത്സവത്തിന്റെ അവസാന ദിവസത്തെ അവസാന മത്സരമായിരുന്നു സംഘനൃത്തം. അതിനു തൊട്ടു മുൻപുവരെ ഫൊട്ടോഗ്രഫിയുടെയും ഫിലിം റിവ്യൂവിന്റെയും മത്സരഫലം പുറത്തു വന്നിരുന്നില്ല. അൻവറും (ഇന്നത്തെ സിനിമാസംവിധായകൻ തന്നെ) ഞാനും റിസൽട്ട് കാത്തിരുന്ന ക്ഷീണം കൊണ്ട് ഒരു കെട്ടിടത്തിന്റെ മുകളിൽ കിടന്നുറങ്ങിപ്പോയി. പോയിന്റ് നിലയിൽ തെരേസാസിനു തൊട്ടുപിന്നിലായിരുന്നു അപ്പോൾ മഹാരാജാസ്. ഗ്രൂപ്പ് ഡാൻസിന് ഒന്നാമതെത്തിയാൽപോലും തെരേസാസ് രണ്ടാംസമ്മാനം നേടിയാൽ കലാകിരീടം അവർ കൊണ്ടു പോകാനുള്ള സാധ്യതയുണ്ടായിരുന്നു.
എന്തോ ഒരു അനൗൺസ്മെന്റും ആർപ്പുവിളി ശബ്ദവും കേട്ടുണർന്ന ഞങ്ങൾ മുഖ്യ വേദിയിലേക്കോടി. അൻവറിന് ഫൊട്ടോഗ്രഫിയിൽ മൂന്നാംസ്ഥാനമുണ്ടെന്ന് അവ്യക്തമായി കേട്ടു. ഫിലിം റിവ്യൂ മത്സരഫലം വ്യക്തമായില്ല. അവിടെയെത്തുമ്പോഴേക്കും മഹാരാജാസ് സംഘനൃത്ത ടീമിലെ പെൺകുട്ടികളെല്ലാംകൂടി കരഞ്ഞുനിലവിളിച്ചുകൊണ്ട് എന്റെ നേർക്ക് ഓടി വരുന്നു. എന്തോ പ്രശ്നമുണ്ട്. തിരിഞ്ഞോടിയാലോ എന്നോർത്തു. അപ്പോഴേക്കും അവരെല്ലാം കൂടി എന്നെ പൊക്കിയെടുത്ത് ആകാശത്തേക്കുയർത്തിക്കഴിഞ്ഞിരുന്നു. അന്നൊന്നും അത്ര സാധാരണമല്ലാത്തയാ കാഴ്ച കണ്ടു മറ്റു കോളജുകളിലെ വിദ്യാർഥികളൊക്കെ വണ്ടറടിച്ചു നിന്നു. ആണൊരുത്തനെ പെൺപിള്ളേരെല്ലാം കൂടി തോളത്തെടുത്തുകൊണ്ടോടുന്നു.
പെൺകരുത്തിന്റെ പൊക്കത്തിരുന്ന് ഞാനാ സത്യം മനസ്സിലാക്കി. ഫിലിം റിവ്യൂവിന് ഒന്നാം സമ്മാനം മഹാരാജാസിനു തന്നെ. അതിനു പിന്നാലെ സംഘനൃത്തത്തിനും കൂടി ഒന്നാമതെത്തിയപ്പോൾ എംജി കലാകിരീടം അത്തവണ ഞങ്ങളുടെ കോളജിന്റെ ചില്ലലമാരയ്ക്കകത്തിരുന്നു. മഹാരാജാസുകാരുടെ സന്തോഷക്കണ്ണീരിൽ വഴിയരികിലെ പോസ്റ്ററുകളിലെ ചാക്കോച്ചനന്നൊരു മധ്യസ്ഥപുണ്യാളനെപ്പോലെ തിളങ്ങി.
ഇളമാൻ കണ്ണിലൂടെ ഐ ആം തിങ്കിങ് ഓഫ് യൂ എന്ന പാട്ട് കേൾക്കുമ്പോഴൊക്കെ ആ റാന്നി കലോത്സവത്തെക്കുറിച്ചും അന്ന് ഫോട്ടോഫിനിഷിൽ മഹാരാജാസിന് കിട്ടിയ "കുഞ്ചാക്കോക്കിരീട" ത്തെക്കുറിച്ചും ഞാനിപ്പോഴും ഓർക്കാറുണ്ട്.