ശാലിനിയുടെ കഥ; ശ്യാംലിയുടെയും
ശാലിനി ബാലതാരമായി തുടങ്ങിയ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമ റിലീസിന്റെ 40 ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നായികയായി തുടങ്ങിയ അനിയത്തിപ്രാവ് 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. പ്രതീക്ഷകളോടെ ചെന്നൈയിലേക്ക്... നമുക്കറിയാത്ത എന്തൊക്കെയോ കൂടി ചേര്‍ന്നതാണ് ജീവിതം എന്നു തോന്നുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്.
ശാലിനി ബാലതാരമായി തുടങ്ങിയ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമ റിലീസിന്റെ 40 ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നായികയായി തുടങ്ങിയ അനിയത്തിപ്രാവ് 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. പ്രതീക്ഷകളോടെ ചെന്നൈയിലേക്ക്... നമുക്കറിയാത്ത എന്തൊക്കെയോ കൂടി ചേര്‍ന്നതാണ് ജീവിതം എന്നു തോന്നുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്.
ശാലിനി ബാലതാരമായി തുടങ്ങിയ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമ റിലീസിന്റെ 40 ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നായികയായി തുടങ്ങിയ അനിയത്തിപ്രാവ് 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. പ്രതീക്ഷകളോടെ ചെന്നൈയിലേക്ക്... നമുക്കറിയാത്ത എന്തൊക്കെയോ കൂടി ചേര്‍ന്നതാണ് ജീവിതം എന്നു തോന്നുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്.
ശാലിനി ബാലതാരമായി തുടങ്ങിയ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമ റിലീസിന്റെ 40 ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നായികയായി തുടങ്ങിയ അനിയത്തിപ്രാവ് 25 വര്‍ഷങ്ങള്‍ പിന്നിടുന്നു.
പ്രതീക്ഷകളോടെ ചെന്നൈയിലേക്ക്...
നമുക്കറിയാത്ത എന്തൊക്കെയോ കൂടി ചേര്‍ന്നതാണ് ജീവിതം എന്നു തോന്നുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. യുക്തിയുടെയോ ശാസ്ത്രീയതയുടെയോ അളവുകോല്‍ കൊണ്ട് നിര്‍വചിക്കാനാവാത്ത ചില അനുഭവങ്ങള്‍. നിമിത്തം, നിയോഗം, യാദൃച്ഛികത എന്നൊക്കെ അതിനെ പേരിട്ടു വിളിക്കുമ്പോള്‍ ഈശ്വരനെയും വിധിയെയും കൂട്ടുപിടിച്ച് വ്യാഖ്യാനിക്കുന്നവരുമുണ്ട്. എന്തായിരുന്നാലും ചിലരുടെ ജീവിതാനുഭവങ്ങള്‍ നമ്മെ വിസ്മയത്തുമ്പത്ത് കൊണ്ടുചെന്ന് നിര്‍ത്തും. ഒരു കാലത്തു മലയാളികളുടെ മനസ്സിന്റെ പാതിയായിരുന്ന ബേബി ശാലിനി ആ തരത്തില്‍ രൂപപ്പെട്ടു വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. സിനിമാക്കഥകളെ അതിശയിപ്പിക്കുന്ന, നാടകീയമായ വഴിത്തിരിവുകള്‍ അടങ്ങുന്ന കഥ. ശാലിനിയുടെ പിതാവ് ബാബുവുമായുള്ള സൗഹൃദത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ ബാബു പലപ്പോഴായി പറഞ്ഞ കാര്യങ്ങള്‍ ചേര്‍ത്തു വായിച്ചാല്‍ ശാലിനിയുടെ ജീവിതകഥയായി.
1968
കൊല്ലത്തായിരുന്നു ബാബുവിന്റെ സ്വദേശം. പാട്ട് എന്നാല്‍ ജീവവായുവായിരുന്നു ബാബുവിന്. സിനിമയില്‍ പാട്ടുകാരനാവണം എന്നായിരുന്നു മോഹം. അന്ന് സിനിമയുടെ ആസ്ഥാനം മദ്രാസാണ്. അവിടെ ചെന്നുപെട്ടാല്‍ മാത്രമേ ആ രംഗത്ത് എന്തെങ്കിലുമാകാന്‍ സാധിക്കൂ. പക്ഷേ അവിടെ ആരെയും പരിചയമില്ല. മീശ മുളയ്ക്കാത്ത പ്രായത്തില്‍ തീര്‍ത്തും അപരിചിതമായ ഒരു ഭൂമികയില്‍ ചെന്നുപെട്ട് അവസരങ്ങള്‍ നേടിയെടുക്കുക എന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. എന്നാല്‍ ആഗ്രഹത്തിന്റെ തീവ്രത ഏറെയാണു താനും.
വീടിനടുത്താണ് റെയില്‍വെ സ്‌റ്റേഷന്‍. രാത്രി 9.30 ന് മദ്രാസിലേക്ക് ഒരു ട്രെയിനുണ്ട്. അതിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ പ്രതീക്ഷയോടെ കാതോര്‍ക്കും. എന്നെങ്കിലും ഒരിക്കല്‍ താനും ആ സ്വപ്നലോകത്ത് എത്തിപ്പെടുന്നതിന്റെ പ്രതീക്ഷകളില്‍ മനസ്സ് അഭിരമിക്കും. എംജിആറിന്റെയും ശിവാജി ഗണേശന്റെയും ഒറ്റ പടം പോലും വിടാതെ കാണും. അവരിലൂടെയായിരുന്നു ആ യുവാവ് മദ്രാസിനെ അറിയാന്‍ ശ്രമിച്ചത്. എന്തായാലും തുടര്‍ച്ചയായി തമിഴ് സിനിമകള്‍ കണ്ടുകണ്ട് ഭാഷ കുറെയൊക്കെ വശംവദയായി.
ആയിടയ്ക്ക് ദൈവം ഇസ്മയില്‍ എന്ന ആളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. കൊല്ലം സ്വദേശിയായ അദ്ദേഹം ചെന്നൈയില്‍ ഫൈറ്റ് മാസ്റ്ററായിരുന്നു. ഇടയ്ക്ക് ബന്ധുക്കളെ കാണാനായി കൊല്ലത്ത് വരും. അദ്ദേഹത്തെ ചെന്ന് പരിചയപ്പെട്ടു. ബാബു ആദ്യമായി കാണുന്ന സിനിമാക്കാരന്‍. അതൊരു അനുഭവമായിരുന്നു. എംജിആറിനെയൊക്കെ അടുത്തു കാണുകയും സംസാരിക്കുകയും ചെയ്ത ഒരാളെ ആരാധനയോടെ ഏറെനേരം നോക്കി നില്‍ക്കും, വിശേഷങ്ങള്‍ ചോദിച്ചറിയും.
ബാബുവിന്റെ ആഗ്രഹത്തിന്റെ തീവ്രത കണ്ട് ഇസ്മയില്‍ പറഞ്ഞു: ‘‘മദ്രാസിലേക്ക് വരൂ. ഷൂട്ടിങ് കാണാം’’
ആ വാക്കുകള്‍ വലിയ പ്രചോദനമായി. അടുത്ത കൂട്ടുകാരനുമായി ആലോചിച്ചപ്പോള്‍ അവനും പിന്തുണച്ചു. പിന്നെ കൂടുതല്‍ ആലോചിക്കാന്‍ നിന്നില്ല. ട്രെയിനില്‍ മദിരാശിയിലേക്കു പുറപ്പെട്ടു. ഇസ്മയില്‍ ഇക്കയുടെ വിലാസം കയ്യിലുണ്ട് എന്നതു മാത്രമാണ് ധൈര്യം. എല്ലാ താരങ്ങളും വന്നു പോകുന്ന മസൂദി സ്ട്രീറ്റിലാണ് അദ്ദേഹം താമസിക്കുന്നത്.
അങ്ങനെ ഇസ്മയിലിനെ പോയി കണ്ടു. അദ്ദേഹം പൂര്‍ണഹൃദയത്തോടെ സ്വാഗതം ചെയ്തു. ഭര്‍ത്താവിന്റെ നാട്ടുകാരന്‍ എന്ന പരിഗണനയില്‍ ഇസ്മയിലിന്റെ ഭാര്യ മോഹനയും വളരെ കാര്യമായിത്തന്നെ പെരുമാറി. താമസിക്കാന്‍ ഇടം തന്നു. നല്ല ഭക്ഷണവും താമസവും മദ്രാസിലെ കാഴ്ചകളും ഒന്നുമായിരുന്നില്ല ബാബുവിന്റെ പ്രശ്‌നം. എങ്ങനെയും ഷൂട്ടിങ് കാണണം. താരങ്ങളെ പരിചയപ്പെടണം. അന്ന് ഇന്നത്തെപ്പോലെ ഔട്ട്‌ഡോര്‍ ഷൂട്ടിങ് വളരെ കുറവാണ്. ചിത്രീകരണം ഭൂരിഭാഗവും സ്റ്റുഡിയോക്കുളളിലാണ്. അതിനകത്ത് കയറിപ്പറ്റുക എളുപ്പമല്ല. അപരിചിതരെ തീരെ അനുവദിക്കില്ല. ഇസ്മയിലിന്റെ ശുപാര്‍ശയുളളതുകൊണ്ടു മാത്രം ബാബുവിനു അകത്തു കയറാന്‍ സാധിച്ചു.
ശാരദാ സ്റ്റുഡിയോയില്‍ മാട്ടുക്കാരവേലന്‍ എന്ന പടത്തിന്റെ ഷൂട്ടിങാണ് ആദ്യം കണ്ടത്. എംജിആറിന്റെ ഫൈറ്റ് സീന്‍. ചുവന്നു തുടുത്ത സുന്ദരനായ എംജിആറിനെ കണ്ട് ബാബു അന്തംവിട്ടു നിന്നു. ഇനി ശിവാജി ഗണേശനെക്കൂടി കാണണം.അതിനും ഇസ്മയില്‍ വഴിയുണ്ടാക്കി. ശിവാജിയുടെ ഗുരുദക്ഷിണ എന്ന പടത്തിന്റെ ഷൂട്ടിങ്ങാണ് ആദ്യം കണ്ടത്. പിന്നീട് ശിവാജി മൂന്നു റോളുകളില്‍ അഭിനയിക്കുന്ന ദൈവമകന്റെ ഷൂട്ടിങ് കണ്ടു. ധാരാളം, തമിഴ്, തെലുങ്ക് പടങ്ങളുടെ ചിത്രീകരണം കണ്ടു. നല്ല ശാപ്പാട്, പുതിയ സ്ഥലം, പുതിയ ആളുകള്‍, പുതിയ കാഴ്ചകള്‍... പക്ഷേ അതുകൊണ്ടൊന്നും ജീവിതം ആകുന്നില്ലല്ലോ? തൊഴിലില്ല. വരുമാനമില്ല. ഇസ്മയിലിന്റെ ഔദാര്യത്തണലില്‍ ഒരു ജീവിതം. ഭാവി എന്താണെന്ന് ഒരു എത്തും പിടിയുമില്ല. പക്ഷേ ബാബു അതേക്കുറിച്ചൊന്നും ആലോചിച്ചില്ല. സ്വപ്നലോകത്തു വന്നു പെട്ട പ്രതീതിയായിരുന്നു ആ യുവാവിന്. ചുറ്റും നയനമനോഹരമായ കാഴ്ചകള്‍.
ഇങ്ങനെ മുന്നോട്ടു പോകുന്നതില്‍ അർഥമില്ലെന്ന് കൊല്ലത്തുനിന്നു കൂട്ടു വന്ന ചങ്ങാതിക്ക് ബോധ്യമായി. അദ്ദേഹം നാട്ടിലേക്കു മടങ്ങാനൊരുങ്ങി. ഒപ്പം വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബാബു പറഞ്ഞു: ‘‘ഞാന്‍ ഇനി എങ്ങോട്ടുമില്ല.’’
അസാധാരണമായ നിശ്ചയദാര്‍ഢ്യം നിറഞ്ഞ ഒരു വാക്കായിരുന്നു അത്. ജീവിതം വലിയ ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുമ്പോഴും മദ്രാസിനോട് ബാബുവിന് അസാധാരണമായ ഒരു ആത്മബന്ധം തോന്നിത്തുടങ്ങിയിരുന്നു. അന്നത്തെ മദ്രാസ് ഇന്നത്തേതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഭൂമിശാസ്ത്രപരമായി പോലും ഏറെ അന്തരം. ചെറിയ റോഡുകള്‍, നിറയെ കുണ്ടും കുഴിയും, നിരനിരയായി നീങ്ങുന്ന പ്ലിമത്ത് കാറുകള്‍...
പക്ഷേ ഇതൊന്നും ആ യുവാവിന്റെ ആത്മവീര്യം കെടുത്തിയില്ല. സ്വപ്നസുന്ദരമായ സിനിമ എന്ന മഹാദ്ഭുതം ജനിക്കുന്ന നാട് എന്ന ആകര്‍ഷണത്തിനപ്പുറം മദ്രാസിന്റെ പരിമിതികള്‍ അയാളെ അലട്ടിയില്ല. അവിടെ ജനിക്കാനും ജീവിക്കാനും കഴിയുന്നവര്‍ ഭാഗ്യവാന്‍മാരാണെന്ന് മനസ്സ് പറഞ്ഞു. എന്തായാലും ഇനിയുളള ജീവിതം ഇവിടെത്തന്നെ കരുപ്പിടിപ്പിക്കണമെന്ന തീരുമാനം എടുത്തു. പക്ഷേ എങ്ങനെ..?. ആ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.
മനസ്സുണ്ടെങ്കിലും ദീര്‍ഘകാലം ഒരാളെക്കൂടി തീറ്റിപ്പോറ്റാനുളള ചുറ്റുപാടുകളായിരുന്നില്ല ഇസ്മയിലിന്റേത്. ഒരു ടെലഫോണ്‍ ബൂത്തിന്റെ വലിപ്പം മാത്രമുളള വീട്. കിടക്കാന്‍ സ്ഥലമില്ലാത്തതു കൊണ്ട് കെട്ടിടത്തിന്റെ ടെറസിലായിരുന്നു ബാബു അന്തിയുറങ്ങിയിരുന്നത്. രാത്രി ഉറക്കം വരാതെ ആകാശത്തെ നക്ഷത്രങ്ങളെയും നോക്കി സ്വപ്നം കണ്ട് കിടക്കും. ഇസ്മയിലിന്റേത് ഒരു വലിയ കുടുംബമാണ്. ആറു മക്കള്‍. മൂന്നാണും മൂന്നു പെണ്ണും.
അതിനിടയില്‍ അപ്രതീക്ഷിതമായി ഒരു അതിഥിയും. പക്ഷേ ഇസ്മയില്‍ ഒരിക്കലും ദുര്‍മുഖം കാട്ടിയില്ല. മനുഷ്യത്വത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും മഹാമുഖമായി അദ്ദേഹം ബാബുവിനൊപ്പം നിലകൊണ്ടു. ഒന്നുമില്ലായ്മയുടെ ആ ദിനങ്ങളിലും അയാള്‍ സന്തുഷ്ടനായിരുന്നു. ആഗ്രഹിച്ച ലോകത്ത് എത്തിപ്പെട്ടതിന്റെ ചാരിതാര്‍ത്ഥ്യം മാത്രമായിരുന്നു മനസ്സില്‍. എന്നാല്‍ ബാബുവിന്റെ വീട്ടുകാര്‍ക്ക് അത് ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. ജോലിയും വരുമാനവുമില്ലാതെ തീര്‍ത്തും അപരിചിതമായ ഒരു ലോകത്ത് മകന്‍ തനിയെ...
നാട്ടിലേക്കു മടങ്ങി വരാന്‍ അവര്‍ പല തവണ ആവശ്യപ്പെട്ടു. പക്ഷേ മടങ്ങിപ്പോക്ക് എന്ന ചിന്ത മനസ്സില്‍ വിദൂരമായി പോലുമില്ലെന്ന് ബാബു തീര്‍ത്തു പറഞ്ഞു. നന്നായാലും നശിച്ചാലും അത് മദ്രാസില്‍ത്തന്നെ. ആ നഗരത്തെ അതിനോടകം അത്രമേല്‍ തീവ്രമായി സ്‌നേഹിച്ചു പോയിരുന്നു. പാട്ട്, നൃത്തം, അഭിനയം, കല. സിനിമ... ഇതൊക്കെയായിരുന്നു മനസ്സില്‍. ഏതെങ്കിലും തരത്തില്‍ അതിന്റെ ഭാഗമാവണം എന്ന ചിന്ത മാത്രമായിരുന്നു ഊണിലും ഉറക്കത്തിലും.
ഇസ്മയിലിന്റെ വീടിന് അടുത്ത് ഒരു ഡാന്‍സ് ട്രൂപ്പുണ്ട്. പകല്‍ സമയത്ത് അവിടെ പോയി വെറുതെ നോക്കി നില്‍ക്കും. ഇടയ്ക്ക് അവര്‍ നാടകങ്ങളൂടെ റിഹേഴ്‌സലും നടത്തും. തമിഴ്ഭാഷയില്‍ നല്ല ഈണത്തിലും താളത്തിലുമുളള എന്നാല്‍ കുറിക്ക് കൊളളുന്ന ഉശിരന്‍ ഡയലോഗുകള്‍ അക്കാലത്തെ നാടകങ്ങളുടെ ഒരു പ്രത്യേകതയായിരുന്നു. ബാബു അതൊക്കെ ആസ്വദിച്ച് സ്വയംമറന്ന് നില്‍ക്കും. ആ കൗതുകം കണ്ട് ട്രൂപ്പ് ഉടമ മോഹന്‍കുമാര്‍ പറഞ്ഞു: ‘‘ഉളെള വന്തിരിക്ക്...’’
ബാബു പ്രതീക്ഷയോടെ അകത്തേക്ക് കടന്നിരിക്കും.
‘‘ചെറിയ വേഷം ചെയ്യുന്നോ?’’
‘‘'ഇല്ല’’
‘‘ഞാന്‍ പറഞ്ഞു തരാം’’
മോഹന്‍കുമാര്‍ സഹോദരതുല്യമായ സ്‌നേഹവാത്സല്യങ്ങളോടെയാണ് പെരുമാറിയത്. പക്ഷേ ബാബുവിന്റെ മനസ്സ് നിറയെ സംഗീതമായിരുന്നു. അഭിനയമല്ല, പാട്ടാണ് തന്റെ ലക്ഷ്യമെന്നു തുറന്നു പറഞ്ഞപ്പോള്‍ മോഹന്‍കുമാര്‍ എന്തോ മനസ്സില്‍ കണ്ടിട്ടെന്ന പോലെ ചിരിച്ചു. അന്ന് രാഷ്ട്രീയപാര്‍ട്ടികളൂടെ പ്രചാരണാർഥം സിനിമാ പാട്ടുകള്‍ പാരഡിയാക്കി മാറ്റുന്ന പതിവുണ്ട്. ബാബുവിന്റെ കഴിവുകള്‍ ആ തരത്തില്‍ പ്രയോജനപ്പെടുത്താമെന്ന് മോഹന്‍കുമാര്‍ തീരുമാനിച്ചു. അന്ന് വളരെ പ്രശസ്തമായ ‘പാരപ്പാ... പഴനിയപ്പാ.. പട്ടണമാ.. പട്ടണമാ..’ എന്ന ഗാനം ‘തങ്കത്തില്‍ തങ്കമപ്പാ... ശണ്ഠയിലേ ശിങ്കമപ്പാ.. എം.ജി.ആര്‍ മണ്‍റമപ്പാ ഊരെങ്കും പരവതപ്പാ..’എന്നാക്കി ബാബുവിനെക്കൊണ്ട് പാടിച്ച് പുറംലോകത്ത് എത്തിച്ചു. ആ പ്രായത്തില്‍ കിട്ടാവുന്ന ഒരു വലിയ അംഗീകാരമായി ബാബുവിന് തോന്നി. വലിയ സന്തോഷമായി. മദ്രാസിലേക്കുളള വരവ് വെറുതെയായില്ല എന്ന തോന്നല്‍ ഉളളില്‍ ശക്തിപ്പെട്ടു.
രണ്ടു കാരണങ്ങളാണ് ശരിക്കും ഉളളില്‍ തട്ടിയത്. ഒന്ന് പാട്ടിനെ സ്‌നേഹിച്ചു നടന്ന തനിക്കും ഇതാ പാടാന്‍ കഴിഞ്ഞിരിക്കുന്നു. രണ്ട് ആരാധനാമൂര്‍ത്തിയായ അണ്ണനെ സ്തുതിക്കുന്ന പാട്ട്. പക്ഷേ പാട്ട് കൊണ്ടു വയറ് നിറഞ്ഞില്ല. ഇതിനൊന്നും നയാപൈസ പ്രതിഫലം കിട്ടിയില്ല. റിഹേഴ്‌സല്‍ സമയത്ത് അഞ്ചുപേര്‍ ചേര്‍ന്നാണ് രണ്ടു ചായ കുടിക്കുന്നത്. പരിമിതികളുടെ കൂടായിരുന്നു നാടകക്യാംപ്. എന്നിട്ടും മനസ്സ് ഏറെ ഉത്സാഹഭരിതമായിരുന്നു. ഇഷ്ടപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ സന്തോഷമാണ് ഏറ്റവും പ്രധാനമെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങള്‍.
അന്ന് എംജിആറിനു വേണ്ടി അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പാടിയിരുന്നത് ടി.എം. സൗന്ദര്‍രാജനാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിലും ശൈലിയിലും ബാബുവിനും പാടാന്‍ കഴിഞ്ഞു. ആയിരത്തോളം പാട്ടുകള്‍ അക്കാലത്ത് ബാബു മനഃപാഠമാക്കിയിരുന്നു. ഇതൊക്കെയാണെങ്കിലും ജീവിതം എങ്ങുമെത്താതെ അനിശ്ചിതത്വത്തില്‍ കഴിഞ്ഞു. എക്കാലവും ഇസ്മയിലിക്കയെ ആശ്രയിച്ച് ജീവിക്കുക പ്രായോഗികമല്ല. ഇന്നേവരെ അദ്ദേഹം ദുര്‍മുഖം കാണിച്ചിട്ടില്ല. മറുത്ത് ഒരു വാക്ക് പറഞ്ഞിട്ടില്ല. ഒരുപക്ഷേ പറയുകയുമില്ല. എന്നാലും നമ്മുടെ ജീവിതം കെട്ടിപ്പടുക്കേണ്ട കടമ നമുക്കുളളതാണ്. ആ ബോധ്യത്തോടെ ഒരു ജോലിക്കായുളള അന്വേഷണം ആരംഭിച്ചു.
കോടമ്പാക്കത്ത് ഒരു ഫാന്‍സി ഷോപ്പില്‍ സെയില്‍സ്മാനായി ജോലി കിട്ടി. താമസം മോഹന്‍കുമാറിനൊപ്പമാക്കി. മോഹന്‍ എങ്ങനെയെങ്കിലും നാടകത്തില്‍നിന്നു സിനിമയില്‍ കയറിപ്പറ്റണമെന്ന മോഹം കൊണ്ടുനടക്കുന്നയാളാണ്. ബാബുവിനാകട്ടെ വിശേഷിച്ച് ഒരു സ്വപ്നവുമില്ല. അന്നന്നത്തെ ജീവിതം രസകരമായി കടന്നു പോവുക എന്നു മാത്രം. പാട്ട് പാടുക, മേശപ്പുറത്ത് താളം പിടിക്കുക.. ഇതിലൊക്കെയാണ് കൗതുകം. പകല്‍ മുഴുവന്‍ ജോലി ചെയ്ത് രാത്രി മടങ്ങി വരും. അന്നന്നത്തെ കൂലി കൊണ്ട് കുറച്ച് റവ വാങ്ങിക്കൊണ്ടു വന്ന് ഉളളി അരിഞ്ഞിട്ട് ഉപ്പുമാവ് ഉണ്ടാക്കി എല്ലാവരും കൂടി കഴിക്കും. അന്ന് 15 പൈസയുടെ റവ ഉണ്ടെങ്കില്‍ 6 പര്‍ക്ക് കഴിക്കാം. എന്നാല്‍ ആ ജോലി കൊണ്ടൊന്നും സാമ്പത്തികമായി ക്ലച്ച് പിടിക്കില്ലെന്ന് ബോധ്യമായി. അത്രയ്ക്ക് തുച്ഛമായിരുന്നു വരുമാനം.
അന്നും ഇന്നും ബാബുവിന്റെ ഏറ്റവും വലിയ മേന്മയായി അദ്ദേഹവും മറ്റുളളവരും കരുതുന്നത് മറ്റുളളവരുമായി സൗഹൃദം സ്ഥാപിക്കാനുളള കഴിവാണ്. ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും ആ കഴിവ് അദ്ദേഹത്തെ തുണച്ചു. ജോലി ചെയ്തിരുന്ന കട സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയാണ് സാമുവല്‍. കടയുടെ തൊട്ടുപിന്നിലായിരുന്നു സാമുവലിന്റെ വീടും. അദ്ദേഹത്തിന്റെ അമ്മയും അമ്മായിയമ്മയും ഉള്‍പ്പെടെ ആ വീട്ടിലുളള എല്ലാവര്‍ക്കും ബാബുവിനെ ജീവനാണ്. അവര്‍ക്കു വേണ്ട എന്തു സഹായവും ചെയ്ത് ഉത്സാഹത്തോടെ ഓടി നടക്കുന്ന ആ പയ്യനെ ആരും ഇഷ്ടപ്പെട്ട് പോകുമായിരുന്നു. ബാബുവിനെ ഒന്ന് രക്ഷപ്പെടുത്തണമെന്ന ആഗ്രഹം കൊണ്ട് സാമുവല്‍ കട വിലയ്ക്കു വാങ്ങി മുഴുവന്‍ ചുമതലയും കക്ഷിയെ ഏല്‍പിച്ചു. അവരുടെ വീട്ടില്‍ തന്നെ താമസിക്കാനും ഇടം കൊടുത്തു. ആഴ്ചയില്‍ ഒരു ദിവസം-അതും ഞായറാഴ്ച മാത്രം അവധി. അന്ന് നാടകട്രൂപ്പിനൊപ്പം പോകാന്‍ അനുമതിയുണ്ട്. ജീവിക്കാനുളള തത്രപ്പാടിനിടയിലും പാട്ടിനെ ഉപേക്ഷിക്കാന്‍ ആ യുവാവിന് മനസ്സ് വന്നില്ല. സാമുവലിനും അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. അന്ന് കല്യാണവീടുകളില്‍ പോലും പാടാന്‍ പോയിട്ടുണ്ട്.
ഇരുനിലവീടായിരുന്നു സാമുവലിന്. മുകള്‍നിലയില്‍ തിരുവനന്തപുരം സ്വദേശി റോബിന്‍ മാന്‍ഫ്രഡ് എന്നൊരാള്‍ താമസിച്ചിരുന്നു. അദ്ദേഹം ടെന്നിസ് കോച്ചായിരുന്നു. രാവിലെയും വൈകുന്നേരവും സ്‌റ്റേഡിയത്തില്‍ കുട്ടികള്‍ക്ക് കോച്ചിങ് കൊടുക്കും. സ്വന്തമായി ടെന്നിസ് കോര്‍ട്ടുളള സമ്പന്ന ഭവനങ്ങളില്‍ പോയും റോബിന്‍ ക്ലാസ് എടുക്കും. റോബിന് ആ വകയിലൊക്കെ നല്ല വരുമാനമുണ്ടായിരുന്നു. സൗഹൃദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിദഗ്ധനായ ബാബു അയാളുമായും വലിയ ചങ്ങാത്തത്തിലായി. ഓട്ടോയിലും ടാക്‌സിയിലുമായിരുന്നു റോബിന്റെ യാത്ര. ആ വകയില്‍ നല്ല തുക അനാവശ്യമായി ചെലവാകുന്നതു കണ്ട് ബാബു പറഞ്ഞു: ‘‘സ്വന്തമായി ഒരു കാറ് വാങ്ങിയാലോ? നമ്മുടെ ആവശ്യം കഴിഞ്ഞ് ഓട്ടം പോകാലോ?’’
അത് നല്ല ആശയമായി റോബിന് തോന്നി. അങ്ങനെ പിറ്റേമാസം തന്നെ റോബിന്‍ ഒരു പ്രീമിയര്‍ പത്മിനി കാര്‍ വാങ്ങി ഡ്രൈവറെയും നിയമിച്ചു. ധാരാളം ഓട്ടം പോകാന്‍ തുടങ്ങി. ഓട്ടം പോകുമ്പോള്‍ കിലോമീറ്റര്‍ നോക്കുന്നതും മറ്റു കണക്കുകള്‍ നോക്കുന്നതുമെല്ലാം ബാബുവിന്റെ ചുമതല. സംഗതി വന്‍ലാഭത്തിലായി. റോബിന്‍ രണ്ടാമത് ഒരു കാര്‍ കൂടി വാങ്ങി. എല്ലാ ദിവസവും രാത്രി ഡിന്നറിന് റോബിന്‍ ബാബുവിനെയും ഒപ്പം കൂട്ടും. അന്ന് ഏറ്റവും മുന്തിയ ഭക്ഷണം ലഭിക്കുന്ന ഹോളിവുഡ് റസ്‌റ്ററന്റില്‍നിന്ന് വാങ്ങിക്കൊടുക്കും. ആറു വര്‍ഷത്തോളം അവര്‍ വലിയ സുഹൃത്തുക്കളായിരുന്നു. ജീവിതം അനായാസവും അയത്‌നലളിതവുമായ ഒരു അനുഭവമാണെന്ന് ബാബുവിന് തോന്നി. അനിശ്ചതത്വം അതിന്റെ കൂടപ്പിറപ്പാണെന്ന സത്യം തത്കാലത്തേക്കെങ്കിലും അയാള്‍ മറന്നു.
റോബിന്റെ വീട്ടില്‍ വിവാഹാലോചനകള്‍ നടക്കുന്ന കാര്യം അറിയാമായിരുന്നു. പക്ഷേ അത്ര പെട്ടെന്ന് അത് ഒരു കടവില്‍ അടുക്കുമെന്ന് വിചാരിച്ചില്ല. താംബരത്തുളള ഒരു പെണ്‍കുട്ടിയും റോബിനും തമ്മിലുളള വിവാഹം ഉറപ്പിച്ചു. തൊട്ടുപിന്നാലെ കല്യാണവും നടന്നു. വിവാഹം കഴിഞ്ഞതോടെ റോബിന്‍ എഗ്മൂറിലുളള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. ജീവിതവഴിയില്‍ പൊടുന്നനെ അനാഥനായതു പോലെ ബാബുവിന് തോന്നി. ഇനിയെന്ത് എന്നത് സംബന്ധിച്ച് ഒരു രൂപവുമില്ല. അപ്പോഴും അദ്ദേഹം സ്വയംസമാധാനിച്ചു. ജീവിതം നമുക്കായി ചില നല്ല അവസരങ്ങള്‍ എന്നും കാത്തുവയ്ക്കും. വരട്ടെ...എല്ലാം കാത്തിരുന്ന് കാണാം...
(തുടരും)