‘രവികുമാറിന്റെയും ശ്രീദേവിയുടെയും റജിസ്റ്റർ വിവാഹത്തിന് ഞാൻ സാക്ഷിയായി’
ഇന്ത്യൻ സിനിമയിൽ പ്രണയ ചക്രവർത്തിമാരായി അറിയപ്പെട്ടിരുന്ന മൂന്നു നായക നടന്മാരാണ് നമുക്കുണ്ടായിരുന്നത്. ഹിന്ദിയിലെ ദേവാനന്ദും തമിഴിലെ ജമിനി ഗണേശനും മലയാളത്തിലെ നമ്മുടെ നിത്യവസന്തമായിരുന്ന പ്രേംനസീറുമായിരുന്നു ആ നിത്യകാമുകന്മാർ. ഇവർ മൂവരിൽ പ്രഥമസ്ഥാനം ജമിനി ഗണേശനായിരുന്നു. തമിഴ് ജനത കാതൽ മന്നൻ എന്നു
ഇന്ത്യൻ സിനിമയിൽ പ്രണയ ചക്രവർത്തിമാരായി അറിയപ്പെട്ടിരുന്ന മൂന്നു നായക നടന്മാരാണ് നമുക്കുണ്ടായിരുന്നത്. ഹിന്ദിയിലെ ദേവാനന്ദും തമിഴിലെ ജമിനി ഗണേശനും മലയാളത്തിലെ നമ്മുടെ നിത്യവസന്തമായിരുന്ന പ്രേംനസീറുമായിരുന്നു ആ നിത്യകാമുകന്മാർ. ഇവർ മൂവരിൽ പ്രഥമസ്ഥാനം ജമിനി ഗണേശനായിരുന്നു. തമിഴ് ജനത കാതൽ മന്നൻ എന്നു
ഇന്ത്യൻ സിനിമയിൽ പ്രണയ ചക്രവർത്തിമാരായി അറിയപ്പെട്ടിരുന്ന മൂന്നു നായക നടന്മാരാണ് നമുക്കുണ്ടായിരുന്നത്. ഹിന്ദിയിലെ ദേവാനന്ദും തമിഴിലെ ജമിനി ഗണേശനും മലയാളത്തിലെ നമ്മുടെ നിത്യവസന്തമായിരുന്ന പ്രേംനസീറുമായിരുന്നു ആ നിത്യകാമുകന്മാർ. ഇവർ മൂവരിൽ പ്രഥമസ്ഥാനം ജമിനി ഗണേശനായിരുന്നു. തമിഴ് ജനത കാതൽ മന്നൻ എന്നു
ഇന്ത്യൻ സിനിമയിൽ പ്രണയ ചക്രവർത്തിമാരായി അറിയപ്പെട്ടിരുന്ന മൂന്നു നായക നടന്മാരാണ് നമുക്കുണ്ടായിരുന്നത്. ഹിന്ദിയിലെ ദേവാനന്ദും തമിഴിലെ ജമിനി ഗണേശനും മലയാളത്തിലെ നമ്മുടെ നിത്യവസന്തമായിരുന്ന പ്രേംനസീറുമായിരുന്നു ആ നിത്യകാമുകന്മാർ. ഇവർ മൂവരിൽ പ്രഥമസ്ഥാനം ജമിനി ഗണേശനായിരുന്നു. തമിഴ് ജനത കാതൽ മന്നൻ എന്നു വിളിച്ചിരുന്ന അദ്ദേഹത്തിന്റെ മാസ്മരിക ഭാവമുള്ള പ്രണയരംഗങ്ങൾ കണ്ടിട്ട് തമിഴിലെ കവിഞ്ജർ കണ്ണദാസൻ ഇന്ത്യൻ സിനിമയിലെ ‘പ്രണയ മിത്തെ’ന്നാണ് ജമിനിയെ വിശേഷിപ്പിച്ചിരുന്നത്. നടികർ തിലകം ശിവാജി ഗണേശൻ ഒരു പത്രക്കാരന്റെ ചോദ്യത്തിന് ജമിനിയെപ്പറ്റി പറഞ്ഞത് ഇങ്ങിനെയായിരുന്നു: ‘‘നവരസങ്ങളിൽ ഏറ്റവും ടഫായിട്ട് എനിക്കു തോന്നിയത് ശൃംഗാര രസമാണ്. കാണുന്നവർക്കു ചുമ്മാ പെണ്ണിന്റെ പുറകെ ഓടി നടന്നു കെട്ടിപ്പിടിച്ചു നടക്കുന്നത് വളരെ സുഖമുള്ള പണിയായിട്ട് തോന്നാം. റോങ്, ലൗ സീനിൽ അഭിനയിക്കുന്നതാണ് എനിക്ക് റൊമ്പ ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്. റൊമാൻസ് ചെയ്യാൻ നമ്മ മച്ചാനെപ്പോലെ വേറെ ആരും ഇങ്ക ഇല്ലൈ.’’
ശിവാജി മച്ചാനെന്നു പറഞ്ഞതു ജമിനി ഗണേശനെക്കുറിച്ചാണ്. ജമിനിയുടെ ഭാര്യയും നടിയുമായ സാവിത്രിയെ സ്വന്തം സഹോദരിയെപ്പോലെ കാണുന്നതു കൊണ്ടാണ് അദ്ദേഹം അങ്ങനെ വിളിക്കുന്നത്. അതുപോലെ തന്നെ യേശുദാസിന്റെ ശബ്ദത്തിൽ നസീർ സാർ പാടി അഭിനയിക്കുന്നതു കണ്ടാൽ, അദ്ദേഹം തന്നെ ഒറിജിനലായി പാടുന്നതായിട്ടേ നമുക്കു തോന്നാറുള്ളൂ. മലയാളത്തിൽ ഏറ്റവും കൂടുതൽ മികച്ച പ്രണയ ഗാനങ്ങൾ പാടി അഭിനയിക്കാൻ ഭാഗ്യം ലഭിച്ചത് നസീർ സാറിനാണ്.
പിന്നീട് ഏറെക്കാലം കഴിഞ്ഞാണ് പുതിയ പ്രണയ നായകന്മാരായ രവികുമാറും വിൻസന്റും വെള്ളിത്തിരയിലെത്തുന്നത്. ഇവർക്കൊന്നും നസീർ സാറിന്റെയത്രയും പ്രണയരസം ചൊരിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും പിന്നെയും നസീർ സാറിന്റെ ചാരത്ത് നിൽക്കാനായത് രവികുമാറിനാണ്. തൊട്ടു പുറകെ തന്നെ വിൻസന്റും.
രവികുമാറിന്റെ പാതി വിടർന്ന ചിരിയും കണ്ണുകളിലെ പ്രണയഭാവവും പ്രത്യേക മാനറിസവും യുവ മനസ്സുകളിൽ പ്രണയത്തിന്റെ നറുനിലാവെട്ടം ചൊരിയുന്നവയായിരുന്നു. അന്നത്തെ കോളജ് കുമാരിമാരുടെ ആരാധനാപാത്രങ്ങളായിരുന്നു ഈ രണ്ടുപേരും. അക്കാലത്ത് രവികുമാറിനെ ആരാധിച്ചിരുന്ന ചില പെൺകുട്ടികളെയും എനിക്കറിയാമായിരുന്നു. ഐ.വി. ശശി ചിത്രങ്ങളാണ് രവികുമാറിന് പ്രണയനായക പട്ടം നേടിക്കൊടുത്തത്.
1975 ൽ ‘റോമിയോ’ യിലൂടെയാണ് രവികുമാറിന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ഒന്നു രണ്ടു ചിത്രങ്ങൾ കൂടി പുറത്തു വന്നെങ്കിലും ഐ.വി. ശശിയുടെ ആശിർവാദം, അംഗീകാരം എന്നീ ചിത്രങ്ങളിലെ നായകന്മാരിലൊരാളായി സാന്നിധ്യം അറിയിച്ചതിലൂടെയാണ് രവികുമാറിനെ ജനം ശ്രദ്ധിക്കാൻ തുടങ്ങിയത്. അക്കാലത്തെ വമ്പൻ ഹിറ്റായ ഐ.വി. ശശിയുടെ ‘അവളുടെ രാവുകളി’ൽ പുതുമുഖമായ സീമയുടെ നായകനായതോടെയാണ് രവികുമാർ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറുന്നത്. ഐ.വി.ശശിയുമായുള്ള കന്മഷമില്ലാത്ത സൗഹൃദമാണ് രവികുമാറിന് ബലമായത്. ആലങ്കാരികമായി പറഞ്ഞാൽ ഐ.വി.ശശിയുടെ ഒരു ‘ഉൽപന്ന’മാണ് രവികുമാർ എന്ന് പറയുന്നതാകും ഏറെ ഭംഗി.
വിധിയിലും നിമിത്തങ്ങളിലും അത്ര വിശ്വാസമില്ലെങ്കിലും ചില സമയങ്ങളിൽ ഈ വിധിയാണ് ശശിയെന്ന രക്ഷകന്റെ രൂപത്തിലെത്തിയതെന്നാണ് രവികുമാർ പറയുന്നത്. അതുകൊണ്ടാണല്ലോ ഐ.വി.ശശിയുടെ ഇരുപതോളം ചിത്രങ്ങളിൽ നായകനായി അഭിനയിക്കാൻ രവികുമാറിന് കഴിഞ്ഞത്.
സിനിമാ പാരമ്പര്യമുള്ള നല്ലൊരു പശ്ചാത്തലത്തിൽ നിന്നു വന്നതുകൊണ്ട് സിനിമ എന്താണെന്നും, ഒരു സിനിമാ നടനു വേണ്ട യോഗ്യതകൾ എന്താണെന്നുമൊക്കെയുള്ള അനുഭവപാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് രവികുമാർ സിനിമ എന്ന കളരിയിലേക്ക് വരുന്നത്. രവികുമാറിന്റെ അച്ഛൻ കെ.എം.കെ. മേനോൻ ഒരു സിനിമാ നിർമാതാവും അമ്മ ഭാരതി മേനോൻ അഭിനേത്രിയുമായിരുന്നു. കെ.എം.കെ. മേനോൻ ഉദയായുടെ കുഞ്ചാക്കോയും മെരിലാന്റിന്റെ പി. സുബ്രഹ്മണ്യവും സിനിമയിൽ വരുന്നതിനു മുൻപേ നിർമാതാവിന്റെ മേലങ്കി അണിഞ്ഞയാളാണ്. തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ ചന്ദ്രിക എന്ന ചിത്രം നിർമിച്ചത് അദ്ദേഹമാണ്. സത്യനും നസീറും ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിച്ച ‘ത്യാഗ സീമ’യാണ് അദ്ദേഹം രണ്ടാമതായി നിർമ്മിച്ചത്. നിർഭാഗ്യവശാൽ പല കാരണങ്ങൾ കൊണ്ടു ‘ത്യാഗസീമ’ക്ക് വെളിച്ചം കാണാനായില്ല. തുടർന്ന് അദ്ദേഹം മലയാളത്തിൽനിന്ന് ചുവടുമാറ്റി ചില സിംഹള ചിത്രങ്ങളും നിർമിച്ചിട്ടുണ്ട്. അമ്മ ഭാരതി മേനോൻ എഴുപതു കാലഘട്ടത്തിൽ മധുവും ജയഭാരതിയും അഭിനയിച്ച ‘ദിവ്യദർശന’ത്തിന്റെ നിർമാതാവുമായിരുന്നു.
അങ്ങനെയുള്ള ഒരു സിനിമാ കുടുംബത്തിൽ നിന്നു വന്നതുകൊണ്ടായിരിക്കാം രവികുമാറിന് എല്ലാവരോടും നന്നായി പെരുമാറാനും ഇടപഴകാനും കഴിഞ്ഞത്. ഞാൻ സിനിമാ കഥാകാരനായി ആദ്യമായി മദ്രാസിൽ ചെല്ലുമ്പോൾ രവികുമാറിനെക്കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുള്ളത് ഇങ്ങനെയാണ്: ‘എളിമയും വിനയവും മുഖമുദ്രയാക്കിയിട്ടുള്ള ഒരു ഡിപ്ലൊമാറ്റിക് പഴ്സൻ’. രവികുമാറിനെക്കുറിച്ച് അന്ന് ഞാൻ കേട്ട ഈ വിശേഷണത്തെക്കുറിച്ച് ‘ഈ മനോഹരതീരത്തിന്റെ ഷൂട്ടിങ്ങിന് രവികുമാർ എറണാകുളത്തു വന്നപ്പോൾ തമാശരൂപേണ ഞാൻ ചോദിച്ചപ്പോൾ കക്ഷി തമിഴും മലയാളവും ചേർത്തു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ‘‘നല്ല വാക്കുകൊണ്ട് ഒരിക്കലും ആർക്കും ഒരു മുറിവുണ്ടാകില്ല. അതുകൊണ്ട് അധികം സംസാരിക്കാതെ കൂടുതൽ പ്രവർത്തിക്കുക എന്നതാണ് എന്റെ ശൈലി.’’
ഈ വിജയ മന്ത്രവുമായി മുന്നോട്ടു പോയതുകൊണ്ടായിരിക്കാം ഐ.വി. ശശിയുടെ അയൽക്കാരി, ഇന്നലെ, ആ നിമിഷം, അഭിനിവേശം, ഏഴാംകടലിനക്കരെ, അങ്ങാടി, ഈ നാട്, ഒരിക്കൽ കൂടി, അശ്വരഥം, ഈ മനോഹര തീരം, പുഴ, കാന്തവലയം തുടങ്ങിയ ചിത്രങ്ങളിൽ രവികുമാറിന് അഭിനയിക്കാനായത്. പതിനഞ്ചോളം തമിഴ് ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ രവികുമാർ അഭിനയിച്ചിട്ടുണ്ട്.
ഞാൻ തിരക്കഥ എഴുതിയ രണ്ടു ചിത്രങ്ങളിൽ മാത്രമേ രവികുമാർ അഭിനയിച്ചിട്ടുള്ളൂ. എൺപതിന്റെ പകുതിയോടെ രവികുമാറിന് പടങ്ങൾ കുറയാൻ തുടങ്ങി. പിന്നീട് തൊണ്ണൂറുകളിൽ രവികുമാർ തമിഴ് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. എല്ലാം ക്യാരക്ടർ റോളുകൾ ആയിരുന്നു. ഐ.വി. ശശിയുടെ 'ഈ മനോഹരതീര'ത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി എറണാകുളത്തെത്തിയപ്പോഴാണ് ഞാനും രവികുമാറുമായി കൂടുതൽ അടുക്കുന്നത്. അതിൽ ജയനും രവികുമാറും തമ്മിലുള്ള ചില സീൻസ് എടുക്കാൻ തുടങ്ങുമ്പോൾ ജയൻ എന്റയടുക്കൽ വന്ന് പറയും: ‘‘ആ ഡയലോഗ് ഒന്നു മാറ്റിതന്നാൽ നന്നായിരുന്നു.’’
പാറപ്പുറത്ത് സാറാണ് അതിന്റെ തിരക്കഥാകാരനെന്ന് അറിയാമെങ്കിലും ജോൺപോളും ഞാനും അതിന്റെ തിരുത്തൽവാദികളാണെന്ന കാര്യം ജയനുമറിയാം അതുകൊണ്ടാണ് ജോൺ പോളിന്റെ അഭാവത്തിൽ ജയൻ എന്നോട് ഡയലോഗ് മാറ്റമോ എന്ന് ചോദിച്ചത്. അതിൽ ജയനെ പിമ്പെന്ന് വിളിക്കുന്ന ഡയലോഗ് വന്നപ്പോൾ ആ ഡയലോഗ് എന്തായാലും മാറ്റണമെന്ന് ജയൻ നിർബന്ധം പിടിച്ചു. ഞാൻ അതുകേട്ട് പറഞ്ഞു: ‘‘ഇതും പറഞ്ഞുകൊണ്ട് അങ്ങോട്ട് ചെല്ല്, ശശി ഓടിക്കും’’. അതുകേട്ട് ജയൻ പിന്നെ ഒന്നും മിണ്ടാതെ നിന്നു. ജയൻ പറയുന്നതെല്ലാം രവികുമാർ കേട്ടെങ്കിലും അതിനൊന്നും പ്രതികരിക്കാൻ കക്ഷി പോയില്ല. ആരോടും അനാവശ്യമായ ഒരു വാക്കും ഉപയോഗിക്കരുതെന്ന് പറഞ്ഞാണ് രവികുമാറിനെ അച്ഛൻ സിനിമയിലേക്ക് വിട്ടിരിക്കുന്നത്. ‘‘രണ്ടു ചെവിയും ഒരു നാവും ദൈവം തന്നിരിക്കുന്നത് കൂടുതൽ കേൾക്കാനും വളരെ കുറച്ചു സംസാരിക്കാനുമാണ്.’’
1982 ൽ ഞാൻ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത കർത്തവ്യത്തിൽ അഭിനയിക്കാനായി വന്നപ്പോൾ അൽപ്പം നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രമാണെന്നറിഞ്ഞിട്ടും ജോഷിയോടോ എന്നോടോ അതെക്കുറിച്ച് ഒരു പരാതിയോ പരിഭവമോ പറയാതെ വളരെ സന്തോഷത്തോടെയാണ് തന്റെ ഭാഗം രവി അഭിനയിച്ചത്. തമിഴിലെ ശ്രീപ്രിയയായിരുന്നു കർത്തവ്യത്തിലെ നായിക. ശ്രീപ്രിയയെ പ്രണയം നടിച്ച് ചതിയിൽ പെടുത്തുന്ന ഒരു കഥാപാത്രമായിരുന്നത്.
ശശിയുടെ ‘അവളുടെ രാവുകൾ’ വരുന്നതിനു മുൻപെ ഞാനും രവികുമാറും തമ്മിൽ പരിചയപ്പെട്ടിട്ടുണ്ട്. അതിന്റെ നാൾ വഴികൾ ഇങ്ങിനെയാണ്.
1977 ലെ ഒരു സായാഹ്നം. ഈ മനോഹരതീരത്തിന്റെ തിരക്കഥ വായിച്ചു കേൾപ്പിക്കാനും ചില ആർട്ടിസ്റ്റുകളെ ബുക്ക് ചെയ്യാനും വേണ്ടി അതിന്റെ നിർമാതാക്കളോടൊപ്പം ഞാനും കിത്തോയെയും കൂട്ടി ഐ.വി.ശശിയെ കാണാൻ ഒരു ദിവസം ഹൈദരാബാദിലേക്കു പോകുന്നു. കൂടെ അതിന്റെ തിരക്കഥാകാരനായ പാറപ്പുറവുമുണ്ട്. ഹൈദരാബാദിലാണ് ശശിയുടെ അംഗീകാരത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.
ഞങ്ങൾ ഹൈദരാബാദില്‍ ശശിയുടെ സെറ്റിൽ എത്തിയപ്പോൾ രവികുമാറും ശ്രീദേവിയും തമ്മിലുള്ള ഒരു സീൻ എടുക്കാനുള്ള ഒരുക്കത്തിലായിരുന്നു ശശി. ഞാൻ ചിത്രപൗർണമിയുടെ പത്രാധിപരായിരുന്നതു കൊണ്ട് ശശി രവികുമാറിനെയും ശ്രീദേവിയെയും എന്നെ പരിചയപ്പെടുത്തിയപ്പോൾ രവികുമാർ ചിരിച്ചു കൊണ്ട് എനിക്ക് കൈ തന്നു.
ഒരു റജിസ്റ്റർ മാര്യേജ് ഓഫിസിന്റെ സെറ്റാണ് അവിടെ ഇട്ടിരിക്കുന്നത്. രവികുമാറും ശ്രീദേവിയും ഒളിച്ചോടി റജിസ്റ്റർ മാര്യേജ് ചെയ്യാനെത്തിയിരിക്കുകയാണ്. അപ്പോൾ സാക്ഷികളായി രണ്ടു പേരെ വേണം. അസോഷ്യേറ്റ് ഡയറക്ടർ കൊണ്ടു വന്ന് നിർത്തിയിരിക്കുന്നത് രണ്ടു തമിഴന്മാരെയാണ്. അതുകണ്ട് ശശി ചൂടായി. ‘‘കേരളത്തിൽ നടക്കുന്ന റജിസ്റ്റർ മാര്യേജിന് തമിഴന്മാരെയാണോടോ സാക്ഷികളായി കൊണ്ടു വന്നിരിക്കുന്നത്.’’
അതുകേട്ട് അസോഷ്യേറ്റ് വല്ലാതെ നിന്ന്പരുങ്ങി. അവിടെ തമിഴന്മാരും തെലുങ്കന്മാരുമല്ലാതെ വേറെയാരുമില്ല താനും.
അവസാനം ശശി എന്നോട് പറഞ്ഞു: ‘‘എടാ നീയും, നിന്റെ കൂടെ വന്ന മാത്യുവും സാക്ഷികളായിട്ട് ഒന്നു നില്ല്"
ഞാൻ മടി പറഞ്ഞെങ്കിലും ശശിയുടെ നിർബന്ധത്തിനു വഴങ്ങി ഒരു സാക്ഷിയായി ഞാൻ നിന്നു. ഞാൻ ആദ്യമായി ഒരു മൂവിക്യാമറയുടെ മുൻപിൽ നിൽക്കുന്നത് ഈ ചിത്രത്തിലാണ്. ഞാനും രവികുമാറും തമ്മിൽ അന്ന് മുതലുള്ള സൗഹൃദമാണ്.
അങ്ങനെ വർഷങ്ങൾ കടന്നുപോയി. കർത്തവ്യത്തിന് ശേഷം രവികുമാറിനെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. രവികുമാർ തമിഴിൽ നല്ല ക്യാരക്ടർ റോളുകൾ ചെയ്തു വീണ്ടും സിനിമയിൽ സജീവമായതായി സുഹൃത്തുക്കൾ പറഞ്ഞ് ഞാൻ അറിഞ്ഞെങ്കിലും ഞാൻ സിനിമയുടെ തിരക്കുകളിൽ ഓടി നടക്കുന്നതുകൊണ്ടു പരസ്പരം കാണാനോ ഫോൺ ചെയ്യാനോ എനിക്ക് സമയം കിട്ടിയിരുന്നില്ല. രവിയുടെ ഫോൺ നമ്പറും മാറിയിരുന്നു.
ഒരു ദിവസം പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെ വിളിച്ച് ഞാൻ രവിയുടെ നമ്പർ ചോദിച്ചു. അവനും നമ്പർ അറിയില്ലായിരുന്നു, പക്ഷേ അവൻ നമ്പർ തപ്പിപ്പിടിച്ച് എനിക്കു തന്നു. അന്നു വൈകിട്ട് തന്നെ ഞാൻ രവിയെ വിളിച്ചു. നീണ്ട മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷമുള്ള ഒരു സൗഹൃദം പുതുക്കലായിരുന്നു അത്. രവി പറഞ്ഞപ്പോഴാണ് ഞാൻ അതറിഞ്ഞത്, ഈയിടെ ഇറങ്ങിയ സിബിഐ ഡയറിക്കുറിപ്പ് 5ലും ആറാട്ടിലും രവി അഭിനയിച്ച കാര്യം. മോഹൻലാലിന്റെ അച്ഛനായിട്ടായിരുന്നു ആറാട്ടിൽ അഭിനയിച്ചത്. ഇപ്പോൾ വീണ്ടും രവി മലയാളത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. കരുത്തുള്ള വില്ലനായും അച്ഛൻ വേഷങ്ങളിലും രവിയെ അഭിനയിപ്പിക്കാൻ പല നിർമാതാക്കളും വിളിക്കുന്നുണ്ടെന്നാണ് രവിയിൽനിന്ന് ഞാൻ അറിഞ്ഞത്. രവിയുടെ രണ്ടാം വരവ് മലയാള സിനിമയിൽ കരുത്തുറ്റ പുതിയ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നതായിരിക്കും.
(തുടരും)