വിവാദം, വെറുപ്പ്; സിറോ ടു 1000 കോടി ക്ലബ്: ആസ്തി 6000 കോടി, കിങ് ഖാനെതിരെ ഇനി എന്തുണ്ട്?
‘സിറോ’യിൽ തകർന്നടിഞ്ഞ ഷാറുഖ് ഖാൻ നാല് വർഷത്തെ ഇടവേളയ്ക്കുശേഷം ‘പിക്ചർ അഭി ബാക്കി ഹേ ഭായ്’ എന്നു പറഞ്ഞുകൊണ്ട് ‘പഠാനി’ലൂടെ ബോളിവുഡിനെ വിറപ്പിച്ചിരിക്കുകയാണ്. ഒട്ടേറെ വിവാദങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും മറികടന്ന് ചിത്രം 1000 കോടി ക്ലബിലേക്ക് കുതിക്കുന്നു. ‘പ്രായമായില്ലേ, അഭിനയ ശേഷി കുറഞ്ഞു, സിനിമയിൽ
‘സിറോ’യിൽ തകർന്നടിഞ്ഞ ഷാറുഖ് ഖാൻ നാല് വർഷത്തെ ഇടവേളയ്ക്കുശേഷം ‘പിക്ചർ അഭി ബാക്കി ഹേ ഭായ്’ എന്നു പറഞ്ഞുകൊണ്ട് ‘പഠാനി’ലൂടെ ബോളിവുഡിനെ വിറപ്പിച്ചിരിക്കുകയാണ്. ഒട്ടേറെ വിവാദങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും മറികടന്ന് ചിത്രം 1000 കോടി ക്ലബിലേക്ക് കുതിക്കുന്നു. ‘പ്രായമായില്ലേ, അഭിനയ ശേഷി കുറഞ്ഞു, സിനിമയിൽ
‘സിറോ’യിൽ തകർന്നടിഞ്ഞ ഷാറുഖ് ഖാൻ നാല് വർഷത്തെ ഇടവേളയ്ക്കുശേഷം ‘പിക്ചർ അഭി ബാക്കി ഹേ ഭായ്’ എന്നു പറഞ്ഞുകൊണ്ട് ‘പഠാനി’ലൂടെ ബോളിവുഡിനെ വിറപ്പിച്ചിരിക്കുകയാണ്. ഒട്ടേറെ വിവാദങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും മറികടന്ന് ചിത്രം 1000 കോടി ക്ലബിലേക്ക് കുതിക്കുന്നു. ‘പ്രായമായില്ലേ, അഭിനയ ശേഷി കുറഞ്ഞു, സിനിമയിൽ
‘സിറോ’യിൽ തകർന്നടിഞ്ഞ ഷാറുഖ് ഖാൻ നാല് വർഷത്തെ ഇടവേളയ്ക്കുശേഷം ‘പിക്ചർ അഭി ബാക്കി ഹേ ഭായ്’ എന്നു പറഞ്ഞുകൊണ്ട് ‘പഠാനി’ലൂടെ ബോളിവുഡിനെ വിറപ്പിച്ചിരിക്കുകയാണ്. ഒട്ടേറെ വിവാദങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും മറികടന്ന് ചിത്രം 1000 കോടി ക്ലബിലേക്ക് കുതിക്കുന്നു. ‘പ്രായമായില്ലേ, അഭിനയ ശേഷി കുറഞ്ഞു, സിനിമയിൽ നിന്ന് വിരമിച്ചോളൂ...’ എന്ന് പറഞ്ഞവരുടെയൊക്കെ വായടിപ്പിക്കുന്ന പ്രകടനം. ലഹരിമരുന്നു കേസിൽ മകന്റെ അറസ്റ്റ് ഉൾപ്പെടെ, വ്യക്തിപരവും തൊഴിൽപരവുമായ നിരവധി തിരിച്ചടികൾക്ക് ശേഷമുള്ള 57കാരൻ ഷാറുഖിന്റെ തിരിച്ചുവരവിൽ ആരാധകർ ഹാപ്പിയാണ്. ‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്’ എന്ന് ആരാധകർ പറയുമ്പോഴും ഒരു ചോദ്യം ബാക്കി നിലനിൽക്കുന്നു. ഇതിന് ഇത്രയും വലിയ ഇടവേള ആവശ്യമുണ്ടായിരുന്നോ...? സിറോ എന്ന ബിഗ് ബജറ്റ് ചിത്രം ബോക്സോഫിസിൽ തകർന്നടിഞ്ഞതിനു പിന്നാലെ ഇനി സിനിമയിലേക്കില്ലെന്നു പ്രഖ്യാപിച്ച അതേ ഷാറുഖ് ഇതാ പത്തരമാറ്റു തിളക്കത്തിൽ വീണ്ടും ബോളിവുഡിന്റെ അമരത്ത്. വിവാദങ്ങൾ മേമ്പൊടി ചാർത്തിയ പഠാനിലൂടെ കിങ് ഖാന്റെ മറ്റൊരു റോയൽ എൻട്രി!
∙ ‘സിറോ’ തകർത്ത സിനിമ മോഹം
മൂന്നു പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയുടെ മുഖമായിരുന്ന ഷാറുഖ് 2019 ഡിസംബറിലായിരുന്നു ആരാധകരെ നിരാശരാക്കിക്കൊണ്ട് താൻ ഇപ്പോൾ സിനിമയിൽ അഭിനയിക്കാനില്ലെന്ന പ്രഖ്യാപനം നടത്തിയത്. കത്രീന കൈഫ്, അനുഷ്‌ക ശർമ, മാധവൻ, അഭയ് ഡിയോൾ തുടങ്ങി മുൻനിര താരങ്ങൾ ഉണ്ടായിട്ടും 200 കോടി ബജറ്റിൽ തയാറാക്കിയ ‘സീറോ’ എന്ന ചിത്രം ബോക്‌സോഫിസിൽ തകർന്നടിഞ്ഞതിന് പിന്നാലെയായിരുന്നു ഈ കടുത്ത തീരുമാനം. ഷാറുഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസും കളർ യെല്ലോ പ്രൊഡക്ഷനും ചേർന്ന് നിർമിച്ച ചിത്രത്തിൽ അദ്ദേഹം ഉയരക്കുറവുള്ള ആളായാണു വേഷമിട്ടിരുന്നത്. തൊട്ടുമുൻപ് ചെയ്ത ചിത്രങ്ങളൊന്നും ക്ലച്ച്പിടിക്കാതെ പോകുന്നതിനാൽ സീറോയിലൂടെ തിരിച്ചുവരവുണ്ടാകുമെന്ന് താരം ഏറെ പ്രതീക്ഷിച്ചിരുന്നു.
യുവതാരങ്ങളുടെ നീണ്ട നിര ബോളിവുഡിൽ തിളങ്ങുന്ന സമയം കൂടിയായതിനാൽ ഷാറുഖ് ഫീൽഡ് ഔട്ട് ആയെന്ന സംസാരവും ഉയർന്നു. പ്രായമായില്ലേ, ഇനി വിരമിച്ചൂടേയെന്ന ആക്ഷേപങ്ങളും പരിഹാസങ്ങളും താരത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. സിറോയുടെ പരാജയം കൂടി ആയതോടെ സിനിമയിൽ ഇടവേള എടുക്കുന്നുവെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഷാറുഖ് അറിയിച്ചു. ചെയ്യാമെന്ന് ഉറപ്പിച്ച സിനിമകളിൽ നിന്നും പിന്മാറി. പിന്നീട് മറ്റ് താരങ്ങളുടെ ചിത്രങ്ങളിൽ അതിഥി വേഷത്തിലും പരസ്യചിത്രങ്ങളിലും മാത്രമായി ഒതുങ്ങി. അപ്പോഴും താരത്തിന്റെ ബ്രാൻഡ് വാല്യുവിൽ കാര്യമായ ഇടിവുണ്ടായില്ല.
∙ സ്വാതന്ത്ര്യസമര സേനാനിയുടെ മകൻ സിനിമയിലേക്ക്
1965 നവംബർ 2ന് ഡൽഹിയിലാണ് ഷാറുഖ് ഖാന്റെ ജനനം. ബ്രിട്ടിഷ് ഇന്ത്യയിലെ പെഷാവാറിലെ (ഇന്നത്തെ പാക്കിസ്ഥാൻ) സ്വാതന്ത്ര്യസമര സേനാനിയായിരുന്നു പിതാവായ താജ് മുഹമ്മദ് ഖാൻ. സുഭാഷ് ചന്ദ്രബോസിന്റെ കാലഘട്ടത്തിൽ ഇന്ത്യൻ നാഷനൽ ആർമിയിൽ മേജർ ജനറൽ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്തുപുത്രി ലത്തീഫ് ഫാത്തിമയാണ് മാതാവ്. 1959 ലാണ് താജും മുഹമ്മദും ഫാത്തിമയും വിവാഹിതരാകുന്നത്.
ഡൽഹിയിലെ സെന്റ് കൊളംബസ് സ്‌കൂളിലെ പഠനത്തിനുശേഷം ഹാൻസ് രാജ് കോളജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. പിന്നീട് ഡൽഹി ജാമിയ മിലിയ കോളജിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി. സ്‌കൂൾ സമയത്ത് ഹോക്കി, ഫുട്‌ബോൾ ഹരമായി നടന്നെങ്കിൽ കോളജ് കാലഘട്ടത്ത് അഭിനയം തലയ്ക്കുപിടിക്കുകയായിരുന്നു. തിയറ്റർ ഗ്രൂപ്പുകളിൽ സജീവമായ ഷാറുഖ് സിനിമ മോഹവുമായി നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. 1981ൽ പിതാവ് അർബുദത്തെ തുടർന്ന് മരണമടഞ്ഞു.1991ൽ ഷാറുഖിന് അമ്മയെയും നഷ്ടമായി. പിന്നീട് ഷാറുഖ് മുംബൈയിലേക്ക് താമസം മാറുകയായിരുന്നു.
∙ ദരിദ്രനായി സീരിയലിലേക്ക്, പിന്നെ ബോളിവുഡിന്റെ കിങ് ഖാൻ
1988ൽ ഫൗജി എന്ന ടെലിവിഷൻ പരമ്പരയിൽ 'അഭിമന്യു റായ്' എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് അഭിനയ കരിയർ തുടങ്ങുന്നത്. 1991ൽ ഷാറുഖിന്റെ ജീവിതത്തിലേക്ക് ഗൗരി എത്തി. പതിനെട്ടാം വയസ്സിൽ കണ്ടുമുട്ടിയ പതിനാലുകാരിയെ പിന്നീട് ജീവിതസഖിയാക്കുകയായിരുന്നു. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരായതിനാൽ കടുത്ത എതിർപ്പുകളുണ്ടായിരുന്നിട്ടും എല്ലാം തരണംചെയ്ത് ഇരുവരും ഒരുമിക്കുകയായിരുന്നു. ആ സമയത്ത് ഷാറുഖ് സാമ്പത്തികമായി പിന്നിലും ഗൗരി മെച്ചപ്പെട്ട നിലയിലുമായിരുന്നു. തന്നിൽ ഗൗരി അർപ്പിച്ച വിശ്വാസമാണ് വിവാഹത്തിലേക്ക് നയിച്ചതെന്ന് പിന്നീട് ഷാറുഖ് പറഞ്ഞിട്ടുണ്ട്.
ഗൗരിയുടെ വരവിനു പിന്നാലെ ഷാറുഖിന്റെ ബോളിവുഡ് പ്രവേശനവും സാധ്യമായി. 1992ൽ ഷാറുഖ് ഖാൻ നായകനായ ‘ദീവാന’ പുറത്തിറങ്ങി. ചിത്രം സൂപ്പർഹിറ്റായതോടെ ഷാറുഖ് ബോളിവുഡിൽ ക്ലിക്കായി. അതേ വർഷം തന്നെ 4 ചിത്രങ്ങളിൽ അഭിനയിച്ചു. ആ വർഷത്തെ മികച്ച പുതുമുഖതാരത്തിനുള്ള ഫിലിംഫെയർ പുരസ്‌കാരം ഷാറൂഖിനായിരുന്നു. 1993ൽ ഡർ എന്ന ചിത്രത്തിൽ വില്ലൻവേഷത്തിലും ഷാറുഖ് ശ്രദ്ധിക്കപ്പെട്ടു. 1995ൽ മൾട്ടി സ്റ്റാർ ചിത്രത്തിലേക്കും കടന്നു. രാകേഷ് റോഷന്റെ കരൺ അർജുൻ ചിത്രത്തിൽ സൽമാനൊപ്പം ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേവർഷം ചെയ്ത ‘ദിൽവാലേ ദുൽഹനിയ ലേ ജായേഗേ’ എന്ന ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തേയും സൂപ്പർഹിറ്റായി മാറി. സിനിമയിറങ്ങി 27 വർഷമായിട്ടും മുംബൈയിലെ മറാഠ മന്ദിർ തിയേറ്ററിൽ ഇന്നും ആ ചിത്രം പ്രദർശിപ്പിച്ചുവരുന്നു. മറ്റൊരു സ്‌ക്രീനിൽ പഠാനും പ്രദർശനത്തിനെത്തിയിട്ടുണ്ട്. മറാഠ മന്ദിറിനു മുന്നിലെ രണ്ട് ചിത്രങ്ങളുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഷാറൂഖിന്റെ മാനേജർ പൂജ ദദ്‌ലാനി കുറിച്ചത് ഇങ്ങനെ: ‘ഈ രണ്ടു ചിത്രങ്ങൾക്കും ഇടയിൽ നമുക്ക് പ്രിയപ്പെട്ട ഒരാളുടെ യാത്രയുണ്ട്. എസ്ആർകെയുടെ യാത്ര...പഠാൻ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ എന്ത് കാണണമെന്ന് നിങ്ങൾക്കറിയാം!!’
∙ 90കളിലെ ‘ക്രഷ്’, റൊമന്റിക് ഹീറോ
90കളിൽ ഒരു വർഷത്തിൽ നാല് ഷാറുഖ് ചിത്രമെങ്കിലും തിയറ്ററിലെത്തുമായിരുന്നു. 1999ൽ മാത്രമാണ് ‘ബാദ്ഷ’ എന്ന ഒറ്റ ചിത്രത്തിൽ ഒതുങ്ങിയത്. എന്നാൽ 2000 മുതൽ വീണ്ടും സിനിമകളുടെ നിരയാണ്. ദിൽത്തോ പാഗൽഹേ, ദിൽസേ, പർദേശ്, ദേവദാസ്, കഭി ഖുശി കഭി ഹം, മൈ നെയിം ഈസ് ഖാൻ, ഫിർഭി ദിൽഹേ ഹിന്ദുസ്ഥാനി, ഓം ശാന്തി ഓം, രബ്‌നെ ബനാദി ജോടി തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങൾ. വില്ലൻ, കോമഡി, റിയലിസ്റ്റിക് വേഷങ്ങൾ മാറി റൊമാന്റിക് ഹീറോയായി തിളങ്ങി. ഇന്ത്യയിൽ ഇത്രയും റൊമാന്റിക് ആയ മറ്റൊരു നടൻ ഉണ്ടാകുമോയെന്നു തോന്നിപ്പിക്കുന്ന തരത്തിൽ റോളുകൾ കൈകാര്യം ചെയ്തു. കൈ വിരിച്ച് തല ചരിച്ചുകൊണ്ടുള്ള കിങ് ഖാന്റെ ഐക്കോണിക് പോസ് എല്ലാവരെയും ആകർഷിച്ചു. യുവതികളുടെ ‘ക്രഷ്’ ആയി മാറിയ ഷാറുഖ് പത്ത് വർഷത്തിനുള്ളിൽ കോടിക്കണക്കിന് ആരാധകരുള്ള ബോളിവുഡിന്റെ രാജാവായി. എല്ലാവരുടെയും എസ്ആർകെയായി.
ഷാറുഖിന്റെ ആരാധകരുടെ പട്ടികയിൽ വിഖ്യാത എഴുത്തുകാരൻ പൗലോ കൊയ്‌ലോയും ഉണ്ട്. അടുത്തിടെ ഇതിഹാസം എന്നാണ് അദ്ദേഹം ഷാറുഖിനെ വിശേഷിപ്പിച്ചത്. ഷാറുഖിനെ അറിയാത്തവർ ‘മൈ നെയിം ഈസ് ഖാൻ, ഐ ആം നോട്ട് എ ടെററിസ്റ്റ് എന്ന സിനിമ കാണൂ’ എന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.
∙ പരസ്യം, ബിസിനസ്
സിനിമയ്‌ക്കൊപ്പം വൻകിട ബ്രാൻഡുകളുടെ പരസ്യങ്ങളിലും അഭിനയിച്ചു തുടങ്ങി. ഒപ്പം ബിസിനസ് സാമ്രാജ്യവും കെട്ടിപ്പൊക്കി. റെഡ് ചില്ലീസ് എന്ന പേരിൽ സിനിമ നിർമാണ കമ്പനി ആരംഭിച്ചു. ഒപ്പം കുട്ടിക്കാലത്തെ ക്രിക്കറ്റ് മോഹം സാക്ഷാത്കരിക്കാൻ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്ന ഐപിഎൽ ടീമിനെയും സ്വന്തമാക്കി. യുഎഇയുടെ ഹെൽത്ത് കെയർ അംബാസഡർ കൂടിയാണ് ഷാറുഖ്.
ദിവസങ്ങൾക്ക് മുൻപ് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ലോകത്ത് ഏറ്റവും ധനികരായ അഭിനേതാക്കളായ എട്ടുപേരുടെ ലിസ്റ്റിൽ ടോം ക്രൂസ്, ജാക്കിചാൻ, ജോർജ് ക്ലൂണി എന്നിവരെ പിന്നിലാക്കി ഷാറുഖ് നാലാം സ്ഥാനത്തേക്ക് കുതിച്ചു. ഏകദേശം 5,910 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിമൂല്യം. ഏഷ്യയിലെ ഏറ്റവും ധനികനായ അഭിനേതാവാണ്. ഷാറുഖിന്റെ വീടായ മന്നത്തിന്റെ വില 200 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. അതിനൊപ്പം അദ്ദേഹത്തിന്റെ വാനിറ്റി വാനിന് 5 കോടി രൂപ വിലവരുമെന്ന് പറയുന്നു. ബോളിവുഡിൽ ഇത്രയും അത്യാഡംബര വാനിറ്റി വാൻ ഷാറുഖിന് മാത്രമേയുള്ളൂയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
∙ മാർക്കറ്റ് പിടിക്കാൻ ‘ഡൗൺ സൗത്തി’ലേക്ക്’
2000 മുതലാണ് ഷാറുഖ് ചിത്രങ്ങൾ കേരളത്തിലെ തിയറ്ററുകളിൽ സജീവമായത്. മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, രജനി, ചിരഞ്ജീവി തുടങ്ങിയവർക്ക് ലഭിക്കുന്ന അതേ ആരവം ഷാറുഖിനും ലഭിച്ചുതുടങ്ങി. തുടക്കത്തിൽ മൊഴിമാറ്റം നടത്തി പ്രദർശിപ്പിച്ചെങ്കിലും പിന്നീട് ഹിന്ദിയിൽ തന്നെ ചിത്രങ്ങൾ റിലീസ് ചെയ്തു തുടങ്ങി, സ്ക്രീനുകളുടെ എണ്ണവും കൂടി. മാത്രമല്ല, എ.ആർ. റഹ്മാൻ, മണിരത്‌നം തുടങ്ങി തെന്നിന്ത്യക്കാരുടെ പ്രിയപ്പെട്ടവർക്കൊപ്പം പ്രവർത്തിച്ചത് സൗത്ത് മാർക്കറ്റ് പിടിക്കാൻ എളുപ്പമായി. 2000ൽ കമൽഹാസൻ സംവിധാനം ചെയ്ത് അഭിനയിച്ച ‘ഹേ റാം’ എന്ന തമിഴ് ചിത്രത്തിൽ ഷാറുഖ് മുഖ്യവേഷത്തിലെത്തിയിട്ടുണ്ട്. കൂടാതെ ബോളിവുഡിൽ തന്നെ ‘സൗത്ത് ടച്ച്’ സിനിമകളും ചെയ്തു തുടങ്ങി. റാവൺ, ചെന്നൈ എക്‌സ്പ്രസ്, ദിൽസേ എന്നിവ ഉദാഹരണം.
ക്രമേണ തമിഴ്, മലയാളം അവാർഡ് നിശകളിലും ഷാറുഖ് പങ്കെടുത്തു തുടങ്ങി. കൈയടിച്ച് അവാർഡും വാങ്ങി പോകാതെ അദ്ദേഹം എല്ലാ കലാകാരന്മാരെയും അഭിനന്ദിച്ചു, അവർക്കൊപ്പം കൂടി. ബോളിവുഡ് സ്റ്റാർ എന്ന അഹങ്കാരം ഒട്ടുമില്ലാത്ത ഷാറുഖിനെ തങ്ങളിലൊരാളായി തെന്നിന്ത്യക്കാർ ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. അദ്ദേഹത്തിന്റെ വരവോടുകൂടിയാണ് കൂടുതൽ ബോളിവുഡ് താരങ്ങൾ ‘ഡൗൺ സൗത്തി’ ലെ അവാർഡ് നിശകളിൽ പങ്കെടുത്തു തുടങ്ങിയത്.
∙ പുരസ്കാര നിറവിൽ, പക്ഷേ...
14 ഫിലിം ഫെയർ പുരസ്‌കാരം, 9 സ്റ്റാർ സ്‌ക്രീൻ അവാർഡ്, 2 ഗ്ലോബൽ ഇന്ത്യൻ ഫിലിം അവാർഡ് എന്നിങ്ങനെ രാജ്യത്ത് അകത്തും പുറത്തുമായി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ടെങ്കിലും ഇതുവരെ ഷാറുഖ് ദേശീയ പുരസ്‌കാരം നേടിയിട്ടില്ലെന്നത് ആരാധകരെ വേദനിപ്പിക്കുന്നുണ്ട്. 2005ൽ രാജ്യം ഷാരുഖിന് പത്മശ്രീ നൽകി ആദരിച്ചു. 2014ൽ ഫ്രഞ്ച് സർക്കാർ ലീജിയൻ ഓഫ് ഓണർ നൽകി. 2009ൽ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ബെഡ്‌ഫഡ് ഷൈയറും, 2019ൽ യൂനിവേഴ്‌സിറ്റി ലോ ലണ്ടനും ഷാറുഖിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.
∙ അസഹിഷ്ണുത, വിവാദങ്ങൾ
സ്റ്റാർ പദവിയിൽ നിൽക്കുമ്പോൾ പ്രതികരിച്ചാൽ കരിയറിനെ ബാധിക്കുമെന്ന ഭയം കൊണ്ടാവാം ഷാറുഖ് പലപ്പോഴും സാമൂഹിക വിഷയങ്ങളിൽ മൗനം പാലിച്ചത്. എന്നാൽ ഇത് അധികകാലം തുടർന്നില്ല. 2010ൽ ഐപിഎല്ലിൽ നിന്ന് പാക്കിസ്ഥാൻ താരങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതോടെ വിവാദത്തിനും തുടക്കമായി. ഷാറുഖ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശിവസേന പ്രതിഷേധം ശക്തമാക്കിയെങ്കിലും താരം നിലപാടിൽ ഉറച്ചുനിന്നു. പിന്നാലെ ‘മൈ നെയിം ഈസ് ഖാൻ’ എന്ന ചിത്രത്തിനെതിരെ തിരിഞ്ഞു. സിനിമ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയർന്നു. പക്ഷേ, സിനിമ സൂപ്പർഹിറ്റായി.
2015ൽ 50-ാം ജന്മദിനത്തിൽ രാജ്യത്ത് അതിതീവ്രമായ അസഹിഷ്ണുതയുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. ഇതിനുപിന്നാലെ അദ്ദേഹത്തിനെതിരെ അധിക്ഷേപങ്ങൾ ഉയർന്നു. പ്രശ്നം വഷളായതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് തോന്നുന്നില്ലെന്നും പറഞ്ഞ് താരം തടിയൂരി. ഷാറുഖ് ഖാന്റെ അമ്മ തന്റെ വലിയ ഭക്തയാണെന്നും തന്റെ അനുഗ്രഹം കൊണ്ടാണ് ഷാറുഖ് സൂപ്പർസ്റ്റാർ ആയെന്നും 2016ൽ സ്വാമി ഓം അവകാശവാദമുന്നയിച്ചിരുന്നു. പണത്തിനുവേണ്ടി മാത്രമാണ് ഷാറുഖ് ഖാൻ ഗൗരിയെ വിവാഹം ചെയ്തതെന്നും അദ്ദേഹം പറയുകയുണ്ടായി.
∙ വിവാദത്തിൽപ്പെട്ട് മക്കൾ
ഷാറുഖിന് മക്കൾ മൂന്ന്. ആര്യൻ, സുഹാന, അബ്രാം. വാടക ഗർഭപാത്രത്തിലൂടെയാണ് അബ്രാമിനെ ദമ്പതികൾ സ്വന്തമാക്കിയത്. അബ്രാമിന്റെ ജനനത്തെക്കുറിച്ച് യാതൊന്നും ഷാറുഖ് പറയാതിരുന്നതോടെതന്നെ അപവാദ പ്രചരണങ്ങൾ വന്നുതുടങ്ങി. അടുത്ത ഇര മകൾ സുഹാനയായിരുന്നു. വസ്ത്രത്തെചൊല്ലിയും സുഹൃത്തുക്കൾക്കൊപ്പമുള്ള നിശാപാർട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചും സുഹാനയെ അപകീർത്തിപ്പെടുത്താൻ ശ്രമമുണ്ടായി.
ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ലഹരിക്കേസിൽ ആര്യന്റെ അറസ്റ്റ്. ആഡംബര കപ്പലിലെ പാർട്ടിയിൽ ലഹരി ഉപയോഗിച്ചുവെന്ന് ആരോപിച്ച് 2021 ഒക്ടോബർ 2നാണ് ആര്യൻ ഖാനെ അറസ്റ്റ് ചെയ്യുന്നത്. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ ലഹരി മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണമാണ് ആര്യനിലേക്കും നീങ്ങിയത്. 25 ദിവസത്തിനുശേഷമാണ് ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
∙ ദീപികയുടെ ഉൾവസ്ത്രവും പ്രശ്നം
പഠാനിലെ നായിക ദീപിക പദുക്കോൺ ‘ബേഷരം’ എന്ന ഗാനത്തിൽ കാവി നിറമുള്ള ഉൾവസ്ത്രം ധരിച്ചതാണ് ഒടുവിലത്തെ വിവാദം. ഒരു വിഭാഗം ആളുകൾ സിനിമയുടെ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചപ്പോൾ മറ്റൊരു വിഭാഗം സോഷ്യൽമിഡിയയിൽ ‘ബോയ്‌കോട്ട് പഠാൻ’ ക്യാംപെയ്ൻ തുടങ്ങി. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ സർവകലാശാലയെ പിന്തുണച്ച ദീപിക കൂടി ചിത്രത്തിന്റെ ഭാഗമായതിനാൽ പ്രതിഷേധം അൽപം കടുപ്പിച്ചു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ‘ആസ്ക് മി എനിതിങ്’ എന്ന ട്വിറ്റർ ചാറ്റിനിടെ ഷാറൂഖിനെയും സിനിമയെയും ചിലർ ആക്രമിച്ചു. സിനിമ പ്രദർശനം തടയുമെന്നും അഭിനയം നിർത്തണമെന്നും പറഞ്ഞവർക്ക് അതേ നാണയത്തിൽ രസകരമായി തന്നെ ഷാറുഖ് മറുപടി നൽകുകയായിരുന്നു.
ഷാറുഖ് ആരാണെന്ന് ചോദിച്ച അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയെ പുലർച്ചെ 2 മണിക്ക് ഫോണിൽ വിളിച്ച് ഷാറുഖ് പരിചയപ്പെട്ടു. അസമിൽ പഠാൻ പ്രദർശനം സുഗമമാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മകൾക്കൊപ്പം പഠാൻ കാണുമോ എന്ന ഒരു രാഷ്ട്രീയ നേതാവിന്റെ വെല്ലുവിളിയും താരം ഏറ്റെടുത്തു. മകൾ സുഹാനയെ മാത്രമല്ല, ഭാര്യ ഗൗരിയെയും ഒപ്പം കൂട്ടിയാണ് ഷാറുഖ് സിനിമ കാണാൻ പോയത്. സിനിമ കണ്ട ഇളയമകൻ അബ്രാം ഷാറുഖിനോട് പറഞ്ഞത് ഇങ്ങനെയാണ്: ‘അതെല്ലാം വിധിയാണ്, അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നു...’
∙ സിനിമ അനുഭവം പ്രണയാനുഭവം
ബോളിവുഡിന് നല്ലകാലം സമ്മാനിച്ച് പഠാൻ വിജയഗാഥ തുടരുകയാണ്. ഏറെ നാളുകൾക്ക് ശേഷം ആരാധകരെ നേരിട്ട് കാണാൻ ഷാറുഖ് തയാറായി. സിറോയ്ക്ക് ശേഷം ആത്മവിശ്വാസം ഇല്ലാതായിപ്പോയെന്നും ചിലപ്പോഴൊക്കെ പേടിയുണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘സിനിമ വ്യവസായത്തിന് ജീവൻ നൽകിയതിന് നന്ദി, ഒന്നും അസ്തമിച്ചിട്ടില്ല. എന്നെ സ്‌നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. സിനിമ അനുഭവം ഒരു പ്രണയാനുഭവമാണ്. അത് ആരെയും വേദനിപ്പിക്കാൻ പാടില്ല...’
∙ പിക്ചർ ബാക്കി ഹേ ഭായ്...
ഈ വർഷം ഷാറുഖിന്റേതായി രണ്ട് ചിത്രങ്ങൾ കൂടി തിയറ്ററിലെത്തും. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രവും രാജ്കുമാർ ഹിറാനി ഒരുക്കുന്ന ദങ്കിയും. നയൻതാര, വിജയ് സേതുപതി, യോഗി ബാബു എന്നീ തെന്നിന്ത്യൻ താരങ്ങളാണ് ജവാനിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ജവാൻ ജൂണിലും ദങ്കി ഡിസംബറിലും എത്തിയേക്കും. കിങ് ഖാനെ ബിഗ്സ്ക്രീനിൽ വീണ്ടും കാണാൻ ആരാധകരും കട്ട വെയിറ്റിങ്ങിൽ!
English Summary: Shah Rukh Khan from Zero to Hero in Four Years through Pathaan, Analysis