പൊന്നിയിൻ സെൽവന്റെ മകൻ, സാമ്രാജ്യങ്ങളെ വിറപ്പിച്ച ചോളൻ; സിനിമയിൽ പറയാത്ത ആ കഥ
ആയിരം വർഷങ്ങൾക്ക് മുമ്പ് തഞ്ചാവൂരിലെ കാവേരി നദീതീരത്തു നിന്ന് ലോകചരിത്രത്തിലെ ഏറ്റവും സ്ഫോടനാത്മകമായ പടയോട്ടങ്ങളിലൊന്നു പുറപ്പെടുന്നു. ആന്ധ്രയും തെലങ്കാനയും ഒഡീഷയും ഛത്തീസ്ഗഡും കടന്നുള്ള ആ കുതിപ്പിൽ പടിഞ്ഞാറൻ ബംഗാളും കിഴക്കൻ ബംഗാളും വരെ കീഴ്പ്പെട്ടു. അവിടെയും അവസാനിച്ചില്ല ആ മുന്നേറ്റം. അത്
ആയിരം വർഷങ്ങൾക്ക് മുമ്പ് തഞ്ചാവൂരിലെ കാവേരി നദീതീരത്തു നിന്ന് ലോകചരിത്രത്തിലെ ഏറ്റവും സ്ഫോടനാത്മകമായ പടയോട്ടങ്ങളിലൊന്നു പുറപ്പെടുന്നു. ആന്ധ്രയും തെലങ്കാനയും ഒഡീഷയും ഛത്തീസ്ഗഡും കടന്നുള്ള ആ കുതിപ്പിൽ പടിഞ്ഞാറൻ ബംഗാളും കിഴക്കൻ ബംഗാളും വരെ കീഴ്പ്പെട്ടു. അവിടെയും അവസാനിച്ചില്ല ആ മുന്നേറ്റം. അത്
ആയിരം വർഷങ്ങൾക്ക് മുമ്പ് തഞ്ചാവൂരിലെ കാവേരി നദീതീരത്തു നിന്ന് ലോകചരിത്രത്തിലെ ഏറ്റവും സ്ഫോടനാത്മകമായ പടയോട്ടങ്ങളിലൊന്നു പുറപ്പെടുന്നു. ആന്ധ്രയും തെലങ്കാനയും ഒഡീഷയും ഛത്തീസ്ഗഡും കടന്നുള്ള ആ കുതിപ്പിൽ പടിഞ്ഞാറൻ ബംഗാളും കിഴക്കൻ ബംഗാളും വരെ കീഴ്പ്പെട്ടു. അവിടെയും അവസാനിച്ചില്ല ആ മുന്നേറ്റം. അത്
ആയിരം വർഷങ്ങൾക്ക് മുമ്പ് തഞ്ചാവൂരിലെ കാവേരി നദീതീരത്തു നിന്ന് ലോകചരിത്രത്തിലെ ഏറ്റവും സ്ഫോടനാത്മകമായ പടയോട്ടങ്ങളിലൊന്നു പുറപ്പെടുന്നു. ആന്ധ്രയും തെലങ്കാനയും ഒഡീഷയും ഛത്തീസ്ഗഡും കടന്നുള്ള ആ കുതിപ്പിൽ പടിഞ്ഞാറൻ ബംഗാളും കിഴക്കൻ ബംഗാളും വരെ കീഴ്പ്പെട്ടു. അവിടെയും അവസാനിച്ചില്ല ആ മുന്നേറ്റം. അത് സാമ്രാജ്യങ്ങളിലേക്കു തുടർന്നു, കടലിലേക്കു പടർന്നു. ശക്തമായ നാവികസേനയുമായി കുതിക്കുന്ന അവരെക്കുറിച്ചുള്ള ചാരസന്ദേശങ്ങളെത്തി: വരുന്നത് അവരാണ്, ചോളന്മാർ.ആ കടൽ തന്നെ അവരുടേതാണ്; ചോള തടാകം. ആൾബലം കൊണ്ടോ ആയുധബലം കൊണ്ടോ അവരെ എതിർത്തു നിൽക്കാൻ ആർക്കും സാധ്യമല്ല.
ആ പട നയിച്ചത് മഹാസാമ്രാജ്യം കെട്ടിപ്പടുത്ത പൊന്നിയിൻ സെൽവൻ രാജരാജ ചോളന്റെ മകൻ, ലോകചരിത്രത്തിലെ ഏറ്റവും യുദ്ധതന്ത്രജ്ഞരായ രാജാക്കന്മാരിലൊരാള്‍, ഗംഗാസമതലം തന്റെ കാൽച്ചുവട്ടിലാക്കിയ ഗംഗൈകൊണ്ട ചോളൻ എന്ന രാജേന്ദ്ര ചോളനാണ്. പടയോട്ടത്തിൽ ലക്ഷദ്വീപ്, ശ്രീലങ്ക, മാലി ദ്വീപ്, ആൻഡമാൻ നിക്കോബാർ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പുർ, കംബോഡിയ, ഇന്തൊനേഷ്യൻ ദ്വീപ് സമൂഹം വരെ ആ സാമ്രാജ്യം പടർന്ന് പന്തലിച്ചു. കടൽ കടന്ന് ദേശങ്ങളെ കീഴടക്കിയ ആ പടയോട്ടത്തിനു ശേഷം രാജേന്ദ്ര ചോളന് ചരിത്രം പുതിയൊരു പേരു നൽകി– കടാരം കൊണ്ട ചോളൻ.
ദക്ഷിണേന്ത്യൻ ചരിത്രത്തിലെ സുവർണ ഘട്ടങ്ങളിലൊന്നാണ് ചോളവാഴ്ചയുടെ കാലം. ഒരു നാട്ടുരാജ്യത്തിൽനിന്ന് ചോളന്മാരെ ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപന്മാരാക്കിയത് പൊന്നിയിൻ സെൽവൻ രാജരാജ ചോളൻ ഒന്നാമൻ നടത്തിയ പോരാട്ടങ്ങളാണ്. ചോളന്മാരുടെ സുവർണ കാലത്തിന്റെ ശിൽപിയായി അദ്ദേഹം വാഴ്ത്തപ്പെടുന്നു. എന്നാൽ ചോളന്മാരെ ലോകത്തെ വിറപ്പിച്ച സാമ്രാജ്യമാക്കി മാറ്റിയത് രാജരാജ ചോളന്റെ മകൻ രാജേന്ദ്ര ചോളൻ ഒന്നാമനാണ്. കടൽ കടന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് സാമ്രാജ്യം സ്ഥാപിച്ച രാജാവ്. 1012 ൽ അനന്തരാവകാശിയായി പ്രഖ്യാപിക്കപ്പെട്ട രാജേന്ദ്ര ചോളൻ 1014 ൽ രാജാവായി എന്ന് കരുതപ്പെടുന്നു. പിതാവിന്റെ സാമ്രാജ്യ വികസന നയം പൂർവാധികം ശക്തിയോടെ നടപ്പാക്കുകയായിരുന്നു രാജേന്ദ്ര ചോളന്റെ പ്രധാന ലക്ഷ്യം. പിതാവ് പടവെട്ടി വടക്കൻ പകുതി വരെ പിടിച്ചെടുത്ത ലങ്കയിൽനിന്നു തന്നെ രാജേന്ദ്ര ചോളൻ തുടങ്ങി.
സിംഹള രാജാവായിരുന്ന മഹിന്ദ അഞ്ചാമന് രാജേന്ദ്ര ചോളന്റെ പടയോട്ടത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ലങ്ക മുഴുവനും പിടിച്ചെടുത്ത് രാജേന്ദ്ര ചോളൻ മഹിന്ദ അഞ്ചാമനെ ചോള ദേശത്ത് എത്തിച്ച് 12 വർഷം തുറുങ്കിലടച്ചു. അവിടം കൊണ്ടൊന്നും അദ്ദേഹത്തിന്റെ പടയോട്ടം അവസാനിച്ചില്ല, മഹാനായ ദിഗ്വിജയി സമുദ്രഗുപ്തൻ പടനയിച്ച പാതയിൽ ചോള സൈന്യത്തെ കലിംഗം വഴി ബംഗാളിലേക്ക് അദ്ദേഹം നയിച്ചു. ചാലൂക്യ, കലിംഗ രാജ്യങ്ങളെ കീഴടക്കി ചോളപ്പട ബംഗാളിലെത്തി. ബംഗാളിലെ പാല രാജാവ് മഹിപാല ഒന്നാമനെ രാജേന്ദ്രൻ പരാജയപ്പെടുത്തി. ആ മഹാവിജയത്തിന് ശേഷം ഗംഗയിലെ ജലവുമായി മടങ്ങിയ രാജേന്ദ്ര ചോളൻ പുതിയൊരു പേരിൽ അറിയപ്പെടാൻ തുടങ്ങി – ഗംഗൈ കൊണ്ട ചോളൻ.
രാജേന്ദ്ര ചോളന്റെ ഭരണകാലത്ത് ചോളരാജവംശം ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ സാമ്രാജ്യങ്ങളിലൊന്നായി. കാവേരീമുഖത്ത് പുതുതലസ്ഥാനം നിർമിച്ച അദ്ദേഹം ആ നഗരത്തിനു ഗംഗൈ കൊണ്ട ചോളപുരം എന്ന പേരു നൽകി. സമുദ്രമാർഗമുള്ള വ്യാപാരം ചോള സാമ്രാജ്യത്തിന്റെ അടിത്തറയായിരുന്നു. ചൈനയുമായി വളരെ അടുത്ത വ്യാപാര ബന്ധം ചോളന്മാർക്കുണ്ടായിരുന്നു. എന്നാൽ പ്രധാന കമ്പോളമായ ചൈനയിലേക്കുള്ള വാണിജ്യ സമുദ്രപാത ശ്രീവിജയ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. പത്താം നൂറ്റാണ്ടിൽ പുനരുദ്ധരിക്കപ്പെട്ട ശ്രീവിജയ സാമ്രാജ്യം മലയ ഉപദ്വീപ്, സുമാത്ര, ജാവ, അയൽ ദ്വീപുകൾ എന്നിവിടങ്ങളിലായി വരെ വ്യാപിച്ച് കിടന്ന ഒരു മഹാ സാമ്രാജ്യമായിരുന്നു. മഹായാന ബുദ്ധമത വിശ്വാസികളായ ശൈലേന്ദ്ര രാജാക്കന്മാരായിരുന്നു ശ്രീവിജയ സാമ്രാജ്യം ഭരിച്ചിരുന്നത്. അവർക്ക് ചോളന്മാരുമായി അടുത്ത ബന്ധവുമുണ്ടായിരുന്നു.
നാഗപട്ടണത്ത് ശൈലേന്ദ്ര രാജാവ് നിർമിച്ച ബുദ്ധവിഹാരത്തിന്റെ സംരക്ഷണത്തിനായി ഒരു ഗ്രാമം തന്നെ രാജേന്ദ്ര ചോളൻ അനുവദിച്ച് നൽകിയിരുന്നു. ചോളന്മാരുടെ വ്യാപാര കപ്പലുകൾ ശ്രീവിജയ സാമ്രാജ്യത്തിന്റെ കീഴിലുള്ള തുറുമുഖം കടന്നായിരുന്നു ചൈനയിലേക്കെത്തിയത്. പലപ്പോഴും ആ കപ്പലുകൾക്ക് കടൽക്കൊള്ളക്കാരുടെ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ കടൽക്കൊള്ളക്കാരെ അയയ്ക്കുന്നത് ശ്രീവിജയ സാമ്രാജ്യമാണെന്ന വിവരം ചാരന്മാർ വഴി ചോളന്മാർക്ക് ലഭിച്ചിരുന്നു. തമിഴ് വ്യാപാരസംഘങ്ങൾക്ക് തെക്കുകിഴക്കൻ ഏഷ്യയിൽ സുരക്ഷിത കച്ചവട പാത വേണമെങ്കിൽ ശ്രീവിജയ സാമ്രാജ്യത്തെ കീഴടക്കിയാൽ മാത്രമേ കഴിയൂ എന്ന് രാജേന്ദ്ര ചോളൻ മനസ്സിലാക്കി. എന്നാൽ അവരുമായി വളരെ അടുത്ത ബന്ധം ചോളന്മാർക്കുണ്ട്, അവരെ കീഴടക്കുക അത്ര എളുപ്പവുമല്ല. കാരണം കടൽ കടന്ന് വേണം അവരെ കീഴടക്കാൻ.
ശക്തമായ സൈന്യമുള്ള, സമുദ്രാധിപത്യമുള്ള ശ്രീവിജയ സാമ്രാജ്യത്തെ നേരിടാൻ രാജേന്ദ്ര ചോളൻ തന്റെ സേനയെ ഉടച്ചുവാർത്തു. ചോളന്മാർക്ക് ധാരാളം കപ്പലുകളുണ്ടായിരുന്നെങ്കിലും അവ വാണിജ്യ ആവശ്യങ്ങൾക്കായിരുന്നു ഉപയോഗിച്ചിരുന്നത്. രാജേന്ദ്ര ചോളൻ ചരക്കുകപ്പലുകളെ യുദ്ധക്കപ്പലുകളാക്കി മാറ്റി. വിവിധ വ്യൂഹങ്ങളായി, നാവിക സേന എന്ന് വിളിക്കാവുന്ന ഒരു കപ്പൽപ്പട അദ്ദേഹം സജ്ജമാക്കി. ശത്രുവിനെ വഴിതെറ്റിച്ച് കെണിയിലകപ്പെടുത്തുന്ന ട്രാപ്പ് ഷിപ്പുകൾ ചോളന്മാർക്കുണ്ടായിരുന്നതായി ചില ചരിത്ര രേഖകൾ സൂചിപ്പിക്കുന്നുണ്ട്. തങ്ങളുടെ സൈന്യത്തെ ശത്രുവിന്റെ കരയിലെത്തിക്കുക എന്നതായിരുന്നു ഈ കപ്പൽവ്യൂഹങ്ങളുടെ ദൗത്യം. കുതിരകളും ആനകളും വരെ ഉൾപ്പെടുന്ന സൈന്യത്തെ വഹിക്കാവുന്ന വമ്പൻ കപ്പലുകൾ നിർമിക്കപ്പെട്ടു.
പൂർണമായും തദ്ദേശീയമായി ആയിരുന്നില്ല ഈ കപ്പലുകൾ അവർ വികസിപ്പിച്ചത്. അതിന് ചൈനയുടെ സഹായം ലഭിച്ചതായും വിവരങ്ങളുണ്ട്. നാവിക സേന സജ്ജമായതോടെ ഒരാക്രമണത്തിനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതായി ചോളരുടെ അടുത്ത ലക്ഷ്യം. അതിനായി അവർ ശ്രീവിജയ സാമ്രാജ്യത്തിന്റെ അധീനതയിലുള്ള സമുദ്രപാതയിലെ നിയമങ്ങൾ ലംഘിക്കാനാരംഭിച്ചു. കൂടുതൽ ചരക്കു കപ്പലുകളെ ചോളന്മാർ അങ്ങോട്ടേക്ക് അയച്ചു. അവർ പ്രതീക്ഷിച്ചതുപോലെ ശ്രീവിജയ സാമ്രാജ്യം കടൽക്കൊള്ളക്കാരുടെ സഹായത്തോടെ ചോളരുടെ കച്ചവടക്കപ്പലുകളെ ആക്രമിച്ചു. അവസരം മുതലെടുത്ത് രാജേന്ദ്രൻ തന്റെ നാവിക സേനയുമായി ശ്രീവിജയ സാമ്രാജ്യം ലക്ഷ്യമാക്കി കുതിച്ചു. ഒരു മിന്നലാക്രമണമായിരുന്നു അത്. ശ്രീവിജയ സാമ്രാജ്യത്തിന്റെ കണക്കുകൂട്ടലുകൾക്കപ്പുറമായിരുന്നു ആ നാവികമുന്നേറ്റം. കടലിൽ അവർക്ക് കണക്കുകൾ പിഴച്ചു. ചോള സൈന്യം അവരുടെ കരയിലേക്ക് ഇരച്ചുകയറി.
കടാരം അഥവാ ഇന്നത്തെ കേദ ഉൾപ്പെടെ മലയാ ഉപദ്വീപിലെയും സുമാത്രയിലെയും പല പ്രദേശങ്ങളും ഈ അധിനിവേശത്തിൽ കീഴടങ്ങി. ശ്രീവിജയ സാമ്രാജ്യത്തെ വീഴ്ത്തി കംബോഡിയയിലെയും ഇന്തൊനീഷ്യൻ ദ്വീപ് സമൂഹത്തിലെയും നിരവധി രാജ്യങ്ങളിലെ അധികാരം രാജേന്ദ്ര ചോളൻ തന്റെ പടത്തലവന്മാർക്കു നൽകി. അങ്ങനെ സമുദ്രാധിപത്യം ചോളന്മാരുടെ കൈകളിലായി. ബംഗാൾ ഉൾക്കടലിനെ അവർ ചോള തടാകമാക്കി മാറ്റി. രാജേന്ദ്ര ചോളൻ ആഗ്രഹിച്ചതു പോലെ തമിഴ് വ്യാപാരസംഘങ്ങൾക്ക് തെക്കുകിഴക്കൻ ഏഷ്യയിൽ സുഗമമായ വ്യാപാര പാത തുറക്കപ്പെട്ടു. ഈ മഹാ വിജയത്തിനു ശേഷം രാജേന്ദ്ര ചോളന് മറ്റൊരു പേരു കൂടി ലഭിച്ചു– കടാരം കൊണ്ട ചോളൻ.
സമുദ്രാധിപത്യം നേടിയ രാജേന്ദ്ര ചോളൻ തന്റെ പ്രതിനിധികളെ ചൈനയിലേക്കയച്ചു. ഇതിനു പിന്നിൽ നയതന്ത്രപരവും വാണിജ്യപരവുമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ചൈനയിലെ രാജവംശങ്ങൾ ചോളന്മാരെ ബഹുമാനിച്ചിരുന്നു. നിരവധി ചൈനീസ് ചരിത്ര രേഖകളിൽ ചോളന്മാരും ചൈനയുമായുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്.
സർവാധികാരങ്ങളും രാജാവായ രാജേന്ദ്ര ചോളനായിരുന്നെങ്കിലും അദ്ദേഹത്തെ ഉപദേശിക്കാൻ ഒരു മന്ത്രിസഭയുണ്ടായിരുന്നു. ആനകളും അശ്വസേനയും കാലാൾപ്പടയും അടങ്ങിയ മൂന്ന് ദളങ്ങളുള്ള വിപുലമായ സൈന്യം കരയിലും കപ്പൽപടകൾ കടലിലുമായി ചോളസാമ്രാജ്യത്തെ സംരക്ഷിച്ചു. സ്വന്തം ജീവൻ ബലികൊടുത്തും രാജാവിനെ സംരക്ഷിക്കാൻ ശപഥം ചെയ്ത സംരക്ഷകർ രാജേന്ദ്ര ചോളനുണ്ടായിരുന്നു. രാജാവ് മരിച്ചാൽ ഇവർ ചിതയിൽ ചാടി ആത്മഹത്യ ചെയ്യും. പതിമൂന്നാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ വെനീഷ്യൻ സഞ്ചാരി മാർകോ പോളോ ചോള സൈന്യത്തെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ചോളരുടെ കപ്പൽപട മലബാറും കോറമാൻഡൽ തീരവും ബംഗാൾ ഉൾക്കടലും പൂർണമായും അധീനതയിലാക്കിയിരുന്നു. പതിമൂന്നാം നൂറ്റാണ്ടോടെ ചോളസാമ്രാജ്യം ക്ഷയിക്കാനാരംഭിച്ചു, പരസ്പരം പോരടിച്ച് അവർ സ്വയം നശിക്കുകയായിരുന്നെന്ന് ചില ചരിത്ര രേഖകൾ പറയുന്നുണ്ടെങ്കിലും അതിന്റെ ആധികാരികത ഇന്നും വ്യക്തമല്ല. ചോളരുടെ സ്ഥാനം കൈവശപ്പെടുത്തിയത് പാണ്ഡ്യരും ഹോയ്സാലരുമാണ്.. രാജേന്ദ്ര ചോളൻ പണികഴിപ്പിച്ച തലസ്ഥാനമായ ഗംഗൈകൊണ്ട ചോളപുരം ഇന്ന് തഞ്ചാവൂരിനടുത്തുള്ള ഒരു ചെറു ഗ്രാമം മാത്രമാണ്. എന്നാൽ ചോളന്മാരുടെ കല, സംസ്കാരം, സാഹിത്യം, വാസ്തുവിദ്യ തുടങ്ങിയവ ഇന്നും ദക്ഷിണേന്ത്യയിൽ വലിയ സ്വാധീനമുണ്ടാക്കുന്നു. അവരുടെ നിർമാണ ശൈലി പിൽകാലത്ത് ദ്രാവിഡ ശൈലി എന്ന് വിളിക്കപ്പെട്ടു.
സാഹിത്യത്തിൽ വലിയ സംഭാവനകൾ നൽകിയ രാജേന്ദ്ര ചോളൻ പണ്ഡിത ചോളനെന്നും വിളിക്കപ്പെട്ടു. എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയ രാജേന്ദ്ര ചോളൻ ഒരു മതേതര രാജാവായും ചരിത്രത്തിൽ അടയാളപ്പെട്ടു. രാജേന്ദ്ര ചോളന്റെ പിതാവ് രാജരാജ ചോളൻ പണികഴിപ്പിച്ച തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം വാസ്തുവിദ്യയിൽ ആധുനിക എൻജിനീയറിങ് വൈദഗ്ധ്യത്തെപ്പോലും ഞെട്ടിക്കുന്നതാണ്. ബൃഹദീശ്വര ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിലെ ക്ഷേത്ര കമാനത്തിനു മുകളിൽ 80 ടൺ ഭാരമുള്ള ഒറ്റക്കല്ലിൽ തീർത്ത താഴികക്കുടം എങ്ങനെ സ്ഥാപിച്ചുവെന്ന് കൃത്യമായി പറയാൻ ഇന്നും ആർക്കും കഴിഞ്ഞിട്ടില്ല. മണ്ണുകൊണ്ട് ചരിവുതലം നിർമിച്ച് അതിലൂടെ മനുഷ്യരും ആനകളും ചേർന്ന് വലിച്ച് കല്ല് മുകളിലെത്തിച്ചു എന്നാണ് ഭൂരിഭാഗം ചരിത്രകാരന്മാരും അവകാശപ്പെടുന്നത്. ഇങ്ങനെയൊരു നിർമിതി ലോകത്ത് മറ്റെവിടെയുമില്ല. ഈ നിർമിതിയിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് രാജേന്ദ്ര ചോളൻ ഗംഗൈകൊണ്ട ചോളപുരത്ത് ഗംഗൈകൊണ്ട ചോളേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്. ഇന്ന് ജീർണാവസ്ഥയിലാണെങ്കിലും അദ്ഭുതകരമാണ് ഇതിന്റേയും നിർമിതി.
ആയിരം വർഷങ്ങൾക്കു മുൻപ് കാവേരി നദിക്ക് കുറുകെ ഒരു അണക്കെട്ടു നിർമിക്കാൻ ചോളന്മാർക്കു കഴിഞ്ഞു. കരികാല ചോളനാണ് ഈ വിസ്മയം പണികഴിപ്പിച്ചത് എന്നാണു കരുതപ്പെടുന്നത്. പ്രാചീന വാസ്തുശിൽപശൈലിയിൽ നിർമിച്ച കല്ലണൈ എന്ന ഈ റിസർവോയർ ബലപ്പെടുത്തലുകൾക്കു ശേഷം ഇന്നും പ്രവർത്തിക്കുന്നു. തിരുച്ചിറപ്പള്ളിയിൽനിന്നു 15 കിലോമീറ്ററകലെ കാവേരി നദിക്ക് കുറുകെയാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
ലോകത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച രാജവംശങ്ങളിലൊന്നാണ് ചോളന്മാർ. സംഘകാലത്തെ കൃതികളിൽ നിന്നാണ് ചോളന്മാരെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ലഭിച്ചത്. ഇതിന് പുറമേ പെരിപ്ലസ് ഓഫ് എറിത്രിയൻ സിയിലും ടോളമിയുടെ രേഖകളിലും ശ്രീലങ്കയിൽനിന്നു കണ്ടെടുത്ത ബുദ്ധഗ്രന്ഥമായ മഹാവംശിയിലുമൊക്കെ ചോളന്മാരെക്കുറിച്ചുള്ള വിവരങ്ങളുണ്ട്.
രാജേന്ദ്ര ചോളനു ശേഷം ചോളരുടെ സാമ്രാജ്യ വ്യാപനം നടത്താൻ മറ്റൊരു രാജാവുണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്നാലെ വന്ന ദുർബലരായ രാജാക്കന്മാരാണ് ചോള സാമ്രാജ്യത്തിൻറെ തകർച്ചയ്ക്കു കാരണമെന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ സമുദ്രമേഖലയെ രാജേന്ദ്ര ചോളനോളം ശക്തിപ്പെടുത്തിയ മറ്റൊരു ഭരണാധികാരി ചരിത്രത്തിലില്ല. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഇന്ത്യൻ നാവിക സേനയുടെ പരിശീലന കപ്പലിന് ടി.എസ്. രാജേന്ദ്ര എന്ന പേരാണ് നൽകിയത്. നെപ്പോളിയൻ ബോണപ്പാർട്ടിനെപ്പോലെ, മഹാനായ അലക്സാണ്ടർ ചക്രവർത്തിയെപ്പോലെ, രാജേന്ദ്ര ചോളനും ചരിത്രം തിരുത്തിക്കുറിച്ച ഭരണാധികാരിയാണ്.