മാസ്സ് ഡയലോഗുകള്‍ പറഞ്ഞും ക്ലാസ് ജീവിതം പങ്കുവച്ചും വേദി കീഴടക്കി രജനീകാന്ത്. ‘ജയിലര്‍’ സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയ സൂപ്പര്‍ സ്റ്റാറിന്റെ വാക്കുകളാണ് ആരാധകരെ പിടിച്ചിരുത്തിയത്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു പൊതുവേദിയില്‍ എത്തിയതുകൊണ്ട് ആവേശത്തോടെയാണ് രജനീകാന്ത് തന്റെ ‘ജയിലര്‍’ അനുഭവങ്ങളും പിന്നിട്ട സിനിമാജീവിതവും പങ്കുവച്ചത്. താരപരിവേഷത്തിന്റെ ജാഡകളില്ലാതെ വേദി കീഴടക്കിയ രജനിയുടെ പ്രസംഗം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇതിനോടകം 42 ലക്ഷം ആളുകളാണ് യൂട്യൂബിൽ ഈ പ്രസംഗം കണ്ടുകഴിഞ്ഞത്.

മാസ്സ് ഡയലോഗുകള്‍ പറഞ്ഞും ക്ലാസ് ജീവിതം പങ്കുവച്ചും വേദി കീഴടക്കി രജനീകാന്ത്. ‘ജയിലര്‍’ സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയ സൂപ്പര്‍ സ്റ്റാറിന്റെ വാക്കുകളാണ് ആരാധകരെ പിടിച്ചിരുത്തിയത്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു പൊതുവേദിയില്‍ എത്തിയതുകൊണ്ട് ആവേശത്തോടെയാണ് രജനീകാന്ത് തന്റെ ‘ജയിലര്‍’ അനുഭവങ്ങളും പിന്നിട്ട സിനിമാജീവിതവും പങ്കുവച്ചത്. താരപരിവേഷത്തിന്റെ ജാഡകളില്ലാതെ വേദി കീഴടക്കിയ രജനിയുടെ പ്രസംഗം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇതിനോടകം 42 ലക്ഷം ആളുകളാണ് യൂട്യൂബിൽ ഈ പ്രസംഗം കണ്ടുകഴിഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാസ്സ് ഡയലോഗുകള്‍ പറഞ്ഞും ക്ലാസ് ജീവിതം പങ്കുവച്ചും വേദി കീഴടക്കി രജനീകാന്ത്. ‘ജയിലര്‍’ സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയ സൂപ്പര്‍ സ്റ്റാറിന്റെ വാക്കുകളാണ് ആരാധകരെ പിടിച്ചിരുത്തിയത്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു പൊതുവേദിയില്‍ എത്തിയതുകൊണ്ട് ആവേശത്തോടെയാണ് രജനീകാന്ത് തന്റെ ‘ജയിലര്‍’ അനുഭവങ്ങളും പിന്നിട്ട സിനിമാജീവിതവും പങ്കുവച്ചത്. താരപരിവേഷത്തിന്റെ ജാഡകളില്ലാതെ വേദി കീഴടക്കിയ രജനിയുടെ പ്രസംഗം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇതിനോടകം 42 ലക്ഷം ആളുകളാണ് യൂട്യൂബിൽ ഈ പ്രസംഗം കണ്ടുകഴിഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാസ്സ് ഡയലോഗുകള്‍ പറഞ്ഞും ജീവിതാനുഭവങ്ങൾ പങ്കുവച്ചും വേദി കീഴടക്കി രജനീകാന്ത്. ‘ജയിലര്‍’ സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയ സൂപ്പര്‍ സ്റ്റാറിന്റെ വാക്കുകളാണ് ആരാധകരെ പിടിച്ചിരുത്തിയത്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു പൊതുവേദിയില്‍ എത്തിയതുകൊണ്ട് ആവേശത്തോടെയാണ് രജനീകാന്ത് തന്റെ ‘ജയിലര്‍’ അനുഭവങ്ങളും പിന്നിട്ട സിനിമാജീവിതവും പങ്കുവച്ചത്. താരപരിവേഷത്തിന്റെ ജാഡകളില്ലാതെ വേദി കീഴടക്കിയ രജനിയുടെ പ്രസംഗം ഒരു മണിക്കൂറോളം നീണ്ടു.

രജനീകാന്തിന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍:

ADVERTISEMENT

‘‘മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷമാണ് നമ്മള്‍ കാണുന്നത്. കോവിഡ് നമുക്കിടയില്‍ സൃഷ്ടിച്ചത് വലിയ ഇടവേളകളാണ്. ‘ജയിലര്‍’ പോലെയൊരു വലിയ ചിത്രത്തിന്റെ ഭാഗമായി നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. വലിയൊരു ഇടവേള ഉണ്ടായതിന്റെ പ്രധാന കാരണം നല്ല കഥകളോ സംവിധായകരോ എന്നെ തേടിയെത്തിയില്ല എന്നതാണ്.

ഒരു സിനിമയുടെ പിതാവ് നിര്‍മാതാവാണെങ്കില്‍ അതിന്റെ അമ്മയാണ് സംവിധായകന്‍. ഒരു കപ്പലിന്റെ കപ്പിത്താനെപ്പോലെയാണ് സംവിധായകന്‍. സൂപ്പര്‍ സ്റ്റാറുകളെ എല്ലാം വളര്‍ത്തിയത് സംവിധായകരാണ്. ഓരോ കാലഘട്ടത്തിലും നല്ല സംവിധായകരാണ് എന്റെ കരിയറും വളര്‍ത്തിയത്. കഴിഞ്ഞ 48 വര്‍ഷമായി സിനിമയില്‍ സജീവമായി ഞാന്‍ നില്‍ക്കാനുള്ള കാരണം തന്നെ നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതാണ്. പ്രേക്ഷകര്‍ എങ്ങനെയാണോ രജനീകാന്തിനെ കാണാന്‍ ആഗ്രഹിച്ചത്, അങ്ങനെ അവര്‍ എന്നെ അവതരിപ്പിച്ചു.

അണ്ണാത്തെയ്ക്കു ശേഷം നിരവധി യുവസംവിധായകരുടെ കഥകള്‍ കേട്ടു. പക്ഷേ ഒന്നും ഇഷ്ടമായില്ല. ചിലര്‍ ‘ബാഷ’ പോലെ, ‘പടയപ്പ’ പോലെ ഒരു ഗംഭീര സിനിമയാണ് എന്നൊക്കെ പറഞ്ഞാണ് വരുന്നതു തന്നെ. മറ്റു ചിലരൊക്കെ പറയുന്നത് ബ്രഹ്‌മാണ്ഡ ചിത്രങ്ങളും. പക്ഷേ അതൊക്കെ കേട്ടപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുമോ എന്നുതന്നെ ഭയന്ന് വേണ്ടെന്നുവച്ചു. ചില കഥകളൊക്കെ കേള്‍ക്കുമ്പോള്‍ രസമായിരിക്കും. പക്ഷേ സ്‌ക്രിപ്റ്റായി വന്നപ്പോള്‍ ആ കേട്ട സുഖം തോന്നിയില്ല. ഇങ്ങനെ കഥകളുമായി എത്രയോ പ്രതീക്ഷയോടെയാകും ഇവരൊക്കെ എന്റെ അടുത്തേക്ക് എത്തിയതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. അങ്ങനെയുള്ളവരുടെ നിരാശ കാണാന്‍ വയ്യാതെ വന്നതോടെ കഥ കേള്‍ക്കുന്നതിന് ഒരു ഇടവേള നല്‍കി.

അപ്പോഴാണ് സണ്‍ പിക്‌ചേഴ്‌സിന്റെ കണ്ണന്‍ എന്നെ വിളിക്കുന്നത്. സംവിധായകന്‍ നെല്‍സന്റെ കയ്യില്‍ നല്ലൊരു കഥയുണ്ടെന്നും അതൊന്ന് കേള്‍ക്കണമെന്നും പറഞ്ഞു. ഞാന്‍ നെല്‍സന്റെ ചില ചിത്രങ്ങളൊക്കെ കണ്ടിട്ടുണ്ട്. അതുകൊണ്ട് അതൊന്ന് കേള്‍ക്കാമെന്ന് തീരുമാനിച്ചു. ആ സമയത്ത് ബീസ്റ്റിന്റെ ഷൂട്ടിലാണ് നെല്‍സണ്‍. 20 ദിവസം കഴിഞ്ഞ് നാട്ടില്‍ എത്തുമെന്നും അപ്പോള്‍ കഥ പറയുമെന്നും കണ്ണന്‍ എന്നോടു പറഞ്ഞു. പക്ഷേ നാട്ടിലെത്തിയ ശേഷവും നെല്‍സണ്‍ എന്നെ കാണാനെത്തിയില്ല. പത്തു ദിവസം കൂടി കഴിഞ്ഞ് കാണാം എന്നു പറഞ്ഞു. കുഴപ്പമില്ലെന്നു ഞാനും പറഞ്ഞു. അങ്ങനെ ഒരു ദിവസം എന്നെ കാണാന്‍ വരാം എന്ന് അറിയിച്ചു. നെല്‍സണുമായി രാവിലെ പത്തു മണിക്ക് കാണാനെത്താന്‍ ഞാന്‍ കണ്ണനോടു നിര്‍ദേശിച്ചു. രാത്രി വൈകി ഉറങ്ങുന്ന ആളാണ് നെല്‍സണെന്നും അതുകൊണ്ട് രാവിലെ പതിനൊന്നരയ്ക്ക് എത്താമെന്നും ഉറപ്പു പറഞ്ഞു. സമയത്തിന്റെ കാര്യത്തിൽ എനിക്കു കുറച്ച് കൃത്യനിഷ്ഠയുണ്ട്.

ADVERTISEMENT

രാവിലെ പതിനൊന്നരയ്ക്കു മുന്‍പു തന്നെ കണ്ണനെത്തി. പക്ഷേ അപ്പോഴും നെല്‍സണ്‍ എത്തിയിട്ടില്ല. 12 മണിയായിട്ടും നെല്‍സണെ കാണാതായതോടെ കണ്ണന്‍ ടെന്‍ഷനിലായി. ഫോണ്‍ വിളിച്ച് എവിടെയത്തിയെന്നു ചോദിച്ചു. വന്നുകൊണ്ടിരിക്കുകയാണെന്ന് നെല്‍സന്റെ മറുപടിയും കേള്‍ക്കാം. കാര്‍ വീടിന്റെ മുറ്റത്തേക്ക് എത്തി അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ആളിനെ കാണാനില്ല. ഞാന്‍ നോക്കിയപ്പോള്‍ ഫോണൊക്കെ നോക്കി കൂളായി വരുന്ന നെല്‍സണെയാണ് കാണുന്നത്.

അകത്തേക്ക് വന്നിരുന്ന ഉടനെ എന്തു കഴിക്കാന്‍ വേണമെന്നു ഞാന്‍ ചോദിച്ചു. ഒരു നല്ല കാപ്പി വേണമെന്നായി നെല്‍സണ്‍. നേരത്തേ പലതവണ ഇവിടെ വന്നപ്പോള്‍ കൊടുത്ത കാപ്പി ഇഷ്ടപ്പെട്ടിട്ടില്ലെന്ന ഭാവത്തിലാണ് ആ പറച്ചില്‍ തന്നെ. അതു കഴിഞ്ഞ് കണ്ണനുമായി എന്തൊക്കയോ രഹസ്യം പറയാന്‍ തുടങ്ങി. ഇടയ്ക്ക് എന്നെ നോക്കുന്നുമുണ്ട്. ഒരു സാധാരണ മുണ്ടുമുടുത്ത് ബനിയനുമിട്ട് മേക്കപ്പില്ലാതെ നില്‍ക്കുന്ന ഇവനാണോ എന്റെ നായകന്‍ എന്ന ഭാവത്തിലാണ് നെല്‍സണ്‍ നോക്കുന്നതെന്ന് എനിക്കു മനസ്സിലായി.

അപ്പോഴേക്കും കാപ്പി എത്തി. പിന്നെ കഥ പറയാന്‍ തുടങ്ങി. കഥ കേട്ടപ്പോള്‍ത്തന്നെ വ്യത്യസ്തമായി തോന്നി. ബീസ്റ്റിന്റെ അടുത്ത ഷെഡ്യൂളിനു ശേഷം പത്തു ദിവസം കഴിഞ്ഞ് ഫുള്‍ സ്‌ക്രിപ്റ്റുമായി വരാം എന്നു പറഞ്ഞു. പിന്നീട് ഞാനാ തിരക്കഥ വായിച്ചപ്പോള്‍ പറഞ്ഞതിലും നൂറിരട്ടി കരുത്തുള്ള തിരക്കഥ. എനിക്കിഷ്ടപ്പെട്ടു. പിന്നെ ഞാനീ സിനിമയെക്കുറിച്ചു സംസാരിക്കുന്നത് നിര്‍മാതാവായ കലാനിധി മാരന്‍ സാറിനോടാണ്. കഥ കേട്ടുകഴിഞ്ഞ് അദ്ദേഹം ചോദിച്ചത് ഇത് ശരിയാകുമോ, വയലന്‍സ് കൂടുതലല്ലേ എന്നൊക്കെയാണ്. അങ്ങനെ കുഴപ്പമൊന്നുമില്ല, നിങ്ങള്‍ക്ക് നാണക്കേടുണ്ടാകാത്ത രീതിയില്‍ ഈ പടം ചെയ്യാമെന്ന് ഞാന്‍ ഉറപ്പു കൊടുത്തു. ആ സമയത്ത് മറ്റു കഥാപാത്രങ്ങള്‍ ആരൊക്കെ ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ല. പക്ഷേ മോഹന്‍ലാലും ശിവരാജ് കുമാറും ജാക്കി ഷെറോഫുമൊക്കെ ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നു.

ചിത്രത്തിലെ പ്രധാന വില്ലന്‍ ആരു ചെയ്യുന്നുവെന്നത് നിര്‍ണായകമാണ്. ഒന്നുകില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍, അല്ലെങ്കില്‍ ഒരു പുതുമുഖം. സ്ഥിരം വില്ലന്‍വേഷം ചെയ്യുന്ന നടന്മാര്‍ അത് ചെയ്താലും ശരിയാകില്ല. നോര്‍ത്ത് ഇന്ത്യന്‍ താരങ്ങളെ ഇറക്കിയാലും ശരിയാകാന്‍ സാധ്യതയില്ല. കാരണം അതൊരു ലോക്കല്‍ വില്ലനാണ്. അങ്ങനെ നെല്‍സണ്‍ തന്നെയൊരു സൂപ്പര്‍ താരത്തിന്റെ പേര് എന്നോടു നിര്‍ദേശിച്ചു. അദ്ദേഹമാണെങ്കില്‍ നന്നായിരിക്കുമെന്ന് എനിക്കും ഉറപ്പുണ്ടായിരുന്നു. എങ്കില്‍ രജനി സാര്‍ തന്നെ അദ്ദേഹത്തിനോടു സംസാരിക്കാന്‍ നെല്‍സണ്‍ ആവശ്യപ്പെട്ടു. പിന്നെ ഞങ്ങള്‍ ഫോളോ ചെയ്‌തോളാമെന്നായി നെല്‍സണ്‍. അങ്ങനെ മടിച്ചു മടിച്ച് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. വില്ലന്‍ വേഷമല്ലേ ചെയ്യേണ്ടത്. എന്തായാലും കാര്യം പറഞ്ഞു. നിങ്ങളീ വേഷം ചെയ്താല്‍ നന്നായിരിക്കുമെന്നും പറ്റില്ലെങ്കില്‍ തുറന്നു പറയാന്‍ മടിക്കണ്ടാ എന്നും ഞാന്‍ അദ്ദേഹത്തിനോടു പറഞ്ഞു. ഉടന്‍ തന്നെ താരത്തിന്റെ മറുപടി വന്നു, നിങ്ങള്‍ പറഞ്ഞാൽ എനിക്ക് ഉപേക്ഷിക്കാന്‍ കഴിയില്ല. സംവിധായകനോട് കഥയുമായി വരാന്‍ പറയൂ. അതോടെ എല്ലാവരും ഹാപ്പിയായി.

ADVERTISEMENT

അതിനു ശേഷമുള്ള എന്റെ ടെന്‍ഷന്‍, ഇദ്ദേഹമാണ് വില്ലനെങ്കില്‍ ഒരുപാട് കാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമോ എന്നതായിരുന്നു. ഫൈറ്റ് സീനുകളിലും മറ്റും പരിമിതികളുണ്ടാകും. നെല്‍സണും ഇതേ ആശങ്ക പങ്കുവച്ചു. ആ സൂപ്പര്‍ താരത്തെ വീണ്ടും വിളിച്ച് ഞങ്ങളുടെ ആശങ്കകള്‍ പങ്കിട്ടതോടെ അദ്ദേഹവും അതു ശരിവച്ചു. പിന്നീട് നെല്‍സണ്‍ കുറേ അന്വേഷണങ്ങള്‍ക്കൊടുവില്‍ നടന്‍ വിനായകനെ എനിക്ക് കാണിച്ചു തന്നു. ആ കഥാപാത്രത്തെക്കുറിച്ച് ഇനി കൂടുതലൊന്നും പറയുന്നില്ല.

എന്തായാലും ബീസ്റ്റ് റിലീസ് ചെയ്ത ശേഷം ഷൂട്ട് തുടങ്ങാന്‍ തീരുമാനിച്ചു. പക്ഷേ തിയറ്ററുകളില്‍ ബീസ്റ്റിന് അത്ര നല്ല പ്രതികരണമല്ല ഉണ്ടായത്. അതോടെ എന്റെ സിനിമാ സുഹൃത്തുക്കള്‍, ഒന്ന് ആലോചിച്ചിട്ട് പോരേ നെല്‍സണുമൊത്തുള്ള ചിത്രമെന്നു ചോദിച്ചു. പക്ഷേ എനിക്കൊരു ആശങ്കയും ഇല്ലായിരുന്നു. ഞാന്‍ വിശ്വസിക്കുന്നത് ഒരു നല്ല സംവിധായകന്‍ ഒരിക്കലും പരാജയപ്പെടുന്നില്ല എന്നാണ്. സിനിമയുടെ കഥയോ എടുക്കുന്ന വിഷയമോ ആണ് പരാജയപ്പെടുന്നത്. ചിലപ്പോള്‍ കഥ നല്ലതാണെങ്കിലും കഥാപാത്ര നിര്‍ണയം കാരണം സിനിമാ പരാജയപ്പെട്ടേക്കാം. പക്ഷേ ഒരിക്കലും ഒരു സംവിധായകനല്ല അവിടെ പരാജയപ്പെടുന്നത്. നെല്‍സണുമൊത്തുള്ള ചിത്രം അനൗണ്‍സ് ചെയ്തിട്ട് അതില്‍നിന്നു ഞാന്‍ പിന്‍മാറിയാല്‍ ആ സംവിധായകന്റെ ഭാവി എന്താകും? പക്ഷേ അപ്പോഴും അന്തിമ തീരുമാനം എന്റേതല്ല, നിര്‍മാതാക്കളുടേതാണ്. ബീസ്റ്റ് സാമ്പത്തികമായി നഷ്ടമല്ലാത്തതിനാല്‍ നിര്‍മാതാക്കളില്‍നിന്ന് അനുകൂലമായ തീരുമാനം വന്നു. അങ്ങനെയാണ് ഷൂട്ടിങ് തുടങ്ങുന്നത്.

ഷൂട്ട് തുടങ്ങിക്കഴിഞ്ഞ് ഒരു ദിവസം നെല്‍സണ്‍ വന്ന് എന്റെ അടുത്തിരുന്നു. എന്തോ ഗൗരവമേറിയ കാര്യം പറയാനാണെന്നാണ് ഞാന്‍ കരുതിയത്. സാറിന്റെ പ്രണയങ്ങളെക്കുറിച്ചു പറയാമോ എന്നായിരുന്നു നെല്‍സന്റെ ചോദ്യം. ഏതൊക്കെ നായികമാരെ പ്രണയിച്ചു, ഏതൊക്കെ നായികമാര്‍ പ്രണയിച്ചു എന്നിങ്ങനെ ചോദിക്കാന്‍ തുടങ്ങി. എന്റെ വായില്‍നിന്ന് അതൊക്കെ കേള്‍ക്കണമെന്നാണ് നെല്‍സണ്‍ പറയുന്നത്. എന്തിനാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നെല്‍സന്റെ മറുപടിയായിരുന്നു തമാശ, അത് സാര്‍, പടത്തിന്റെ കഥയൊക്കെ സെറ്റായി. ഇനിയൊന്നു ചാര്‍ജ് ആവാന്‍ സാറിന്റെ പ്രണയകഥ കേള്‍ക്കണമത്രേ. ഞാന്‍ അമ്പരന്നു. ബിഗ് ബോസില്‍ നെല്‍സണ്‍ കമലിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. അപ്പോള്‍ ഇത് കമലിനോട് തിരക്കിയോ എന്നു ഞാന്‍ ചോദിച്ചു. എല്ലാം കമല്‍ സാര്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു അപ്പോള്‍ നെല്‍സന്റെ മറുപടി. ഇങ്ങനെ രസകരമായി സംസാരിക്കുമെങ്കിലും ഷൂട്ട് തുടങ്ങിയാല്‍ അയാൾ ഹിറ്റ്‌ലറാണ്. എല്ലാം അളന്നു മുറിച്ചു വേണം. എക്‌സ്പ്രഷനൊക്കെ ഇടുമ്പോഴും അങ്ങനെ തന്നെയാണ്. അളന്നുമുറിച്ചെടുക്കും. 24 വര്‍ഷങ്ങള്‍ക്കു ശേഷം ഈ ചിത്രത്തിലാണ് രമ്യാകൃഷ്ണനുമൊത്ത് അഭിനയിക്കുന്നത്. എന്റെ ഒരു എക്‌സ്പ്രഷന്‍ ഷോട്ടാണ് എടുക്കുന്നത്. എട്ടു ടേക്ക് എടുത്തിട്ടാണ് സംവിധായകന്‍ ഓക്കെയായത്. നീലാംബരിയുടെ മുന്നില്‍ പടയപ്പ നാണംകെട്ട അവസ്ഥയായിപ്പോയില്ലേ അത്...

ഇനി അനിരുദ്ധ്. ഇളയരാജയുടേയും എ.ആര്‍. റഹ്‌മാന്റെയും ഒരു കോംബോയാണ് അനിരുദ്ധ്. ഇളയരാജയേപ്പോലെ നല്ല സ്‌റ്റോറി സെന്‍സ്, സിറ്റുവേഷന്‍ അവര്‍ തന്നെ ഇങ്ങനെ പരുവപ്പെടുത്തിയെടുക്കും. റഹ്‌മാനെപോലെ നല്ല താളബോധം. അനിരുദ്ധിന്റെ സമര്‍പ്പണം അതിശയിപ്പിക്കുന്നതാണ്. സംഗീതം എന്നൊരു ചിന്തയല്ലാതെ ആ മനസ്സില്‍ മറ്റൊന്നുമില്ല.

കാവാലയ്യ പാട്ടിന്റെ ചിത്രീകരണത്തിന് ആറു ദിവസമാണ് എന്നോട് ആവശ്യപ്പെട്ടത്. ഇതിനിടയില്‍ മറ്റൊരു ഷൂട്ടിനും എനിക്കു പോകേണ്ടതുണ്ട്. ഇത് തീരാതെ എനിക്ക് അവിടെ പോകാനും കഴിയില്ല. പാട്ടിന്റെ ചിത്രീകരണം തുടങ്ങി മൂന്നു ദിവസം കഴിഞ്ഞിട്ടും എനിക്കു വിളി വന്നില്ല. തമന്നയാണ് പാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നു പറഞ്ഞു. ഞാനിങ്ങനെ കാത്തിരുന്നു. ആറാം ദിവസമാണ് എനിക്ക് വിളി വന്നത്. അതും ഉച്ചയ്ക്ക് ശേഷം വന്നാല്‍ മതിയെന്നും പറഞ്ഞു. എന്നിട്ടും എന്നെ വിളിച്ചത് ഏഴു മണി കഴിഞ്ഞ്. പ്രതീക്ഷയോടെ ഞാന്‍ ചെന്നപ്പഴാണ് അറിഞ്ഞത് തമന്നയ്‌ക്കൊപ്പമുള്ളത് ഒരു ഷോട്ടു മാത്രമാണെന്ന്. തമന്നയോട് ഒന്നു മിണ്ടാന്‍ പോലും കഴിഞ്ഞില്ല എന്നതാണ് സത്യം. വലിയ ബില്‍ഡപ്പൊക്കെ കൊടുത്ത് എന്നോടു പറഞ്ഞ സോങ്ങാണ്. അതും കഴിഞ്ഞ് രണ്ട് ക്ലോസും എടുത്ത് എന്നെ പറഞ്ഞുവിട്ടു. എന്തായാലും പാട്ട് വലിയ ഹിറ്റായി.

രജനി ആരാധകര്‍ക്കു വേണ്ടി ഒരു പാട്ട് ചിത്രത്തിലുണ്ടെന്ന് അനിരുദ്ധ് പറഞ്ഞു. ഞങ്ങള്‍ക്ക് നിങ്ങളുടെ ആരാധകരെ സന്തോഷിപ്പിക്കണം. അങ്ങനെയൊരു പാട്ടാണിതെന്നാണ് പറഞ്ഞത്. അങ്ങനെ ഞാന്‍ നെല്‍സണുമായും ഈ പാട്ടിനെക്കുറിച്ച് സംസാരിച്ചു. അതിനു ശേഷമാണ് പാട്ടിന്റെ വരികള്‍ ഞാന്‍ കാണുന്നത്. അതില്‍ സൂപ്പര്‍സ്റ്റാര്‍ എന്നും മറ്റുമുള്ള വിശേഷണങ്ങളുണ്ട്. അത് ഒഴിവാക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഫാന്‍സിനു വേണ്ടത് ഇതൊക്കെയാണെന്ന് പറഞ്ഞ് അനിരുദ്ധ് എന്നെ സമാധാനിപ്പിച്ചു.

1977 ല്‍ നിര്‍മാതാവ് തനു എന്റെ ആദ്യ ചിത്രത്തില്‍ എന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചപ്പോള്‍ത്തന്നെ ഞാനതിനെ എതിര്‍ത്തു. അന്ന് ചിലരൊക്കെ പറഞ്ഞത് രജനിക്ക് ഭയമാണെന്നാണ്. പേടിച്ചിട്ടാണ് ആ പദവി നിഷേധിച്ചതെന്ന്. എനിക്ക് രണ്ടു പേരെ മാത്രമേ ഭയമുളളൂ. ഒന്ന് സര്‍വശക്തനായ ദൈവത്തിനെ. അതില്ലാതെ ഒന്നുമില്ല. അടുത്തത് നല്ല ഹൃദയമുള്ള ആളുകളെയാണ്. അവരുടെ ഹൃദയം ഒരിക്കലും വേദനിപ്പിക്കാന്‍ പാടില്ല. അവരെ ബുദ്ധിമുട്ടിക്കാനും പാടില്ല. കാരണം നല്ല മനുഷ്യരുടെ ശാപം ഫലിക്കും. അത് നമ്മുടെ ജീവിതത്തിലുടനീളം പിന്തുടരുകയും ചെയ്യും. ഞാനന്ന് സൂപ്പര്‍സ്റ്റാര്‍ എന്നു വിളിക്കരുതെന്നു പറഞ്ഞത് ഭയന്നിട്ടല്ല. മറിച്ച്, ശിവാജി സാറിനെയും കമല്‍ഹാസനെയും പോലെയുള്ള പ്രതിഭകള്‍ എനിക്കു മുകളിലുള്ളപ്പോള്‍ എന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നത് അവരെ നിന്ദിക്കുന്നതിനു തുല്യമാണെന്ന് തോന്നിയതുകൊണ്ടു മാത്രമാണ്.

ആദ്യകാലത്ത് ഒരുപാട് എതിര്‍പ്പുകളുണ്ടായിട്ടുണ്ട്. ഞാന്‍ നേരിട്ട എതിര്‍പ്പും വെറുപ്പുമൊക്കെ ഒരു സുനാമി പോലെയായിരുന്നു. ആ വെറുപ്പില്‍നിന്നും എതിര്‍പ്പില്‍നിന്നും എന്നിലേക്ക് ഒരു തീ പടര്‍ന്നു. ആ തീയില്‍നിന്നു വളര്‍ന്ന ചെടിയാണ് ഈ രജനീകാന്ത്. ആ ചെടിയെ സംരക്ഷിച്ചതും വളര്‍ത്തിയതും ദൈവവും എന്റെ കഠിനാധ്വാനവുമാണ്, അതിന്റെ ഫലമായി ഞാന്‍ നേടിയ ആരാധകരുമാണ്. എന്റെ ഏറ്റവും മോശമായ സാഹചര്യങ്ങളില്‍ അവര്‍ എനിക്കൊപ്പം ഒരു ഇരുമ്പുകോട്ടയായി നിന്നു. നല്ല സിനിമകളൊക്കെ എനിക്ക് ലഭിച്ചത് ഉള്ളിലെ ആ തീപ്പൊരി കാരണമാണ്. ആ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. അതിന്റെ തീക്കനല്‍ ഇപ്പോഴും കത്തിക്കൊണ്ടേയിരിക്കുകയാണ്.

ഈ വെറുപ്പും എതിര്‍പ്പുമൊക്കെ എല്ലാവരും നേരിടുന്നൊരു പ്രശ്‌നമാണ്. അതിനെ എങ്ങനെയാണു നേരിടേണ്ടത്? പക്ഷികളില്‍ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാല്‍ കഴുകനിങ്ങനെ മുകളില്‍ കൂടി പറക്കും. അത് അപൂര്‍വമായി മാത്രമാണ് താഴെവരിക. കാക്കയ്ക്ക് ഉയര്‍ന്നു പറക്കുന്ന കഴുകനെ നോക്കിക്കാണാനേ കഴിയൂ. കാരണം കാക്ക ചിറകടിച്ചാലും കഴുകനെപ്പോലെ ഉയര്‍ന്നു പറക്കാന്‍ കഴിയില്ല. അസൂയപ്പെട്ട് കാക്ക കഴുകനെ കൊത്താന്‍ ശ്രമിച്ചാലും കഴുകന്‍ ഒന്നും ചെയ്യില്ല. അത് ഉയര്‍ന്നു പറന്നു കൊണ്ടേയിരിക്കും. കാക്ക ഒരു പരിധിവരെ പിന്നാലെ ചെല്ലാന്‍ ശ്രമിക്കും. പിന്നെ സ്വയം തളര്‍ന്ന് പിന്മാറും. അതുകൊണ്ട് ആരെങ്കിലും നമ്മോട് ഏറ്റുമുട്ടിയാല്‍ നിശബ്ദത എന്ന ഏറ്റവും നല്ല ഭാഷയില്‍ നാം പ്രതികരിക്കണം. ഇത് പ്രത്യേകിച്ച് ആരെയും കുറിച്ചുള്ളതല്ല. ഇനി കഴുകനാരാ, കാക്കയാരാ എന്നൊന്നും ഊഹിച്ചെടുക്കരുത്. കുരയ്ക്കാത്ത നായയും പരാതിപ്പെടാത്ത ഒരു വായയും ഇല്ല. ഇതൊക്കെ എല്ലായിടത്തുമുണ്ട്.

‘ജയിലറി’ല്‍ അഭിനയിച്ച എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. ജാക്കി ഷ്റോഫ് വിവാഹിതനായപ്പോള്‍ അദ്ദേഹത്തിന്റെ വിവാഹച്ചടങ്ങളില്‍ പങ്കെടുത്ത ഇരുപതു പേരില്‍ ഒരാള്‍ ഞാനും മറ്റൊരാൾ എന്റെ ഭാര്യയുമാണ്. എനിക്ക് അത്രയും നല്ലൊരു സുഹൃത്താണ് അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും നല്ല നടന്മാരില്‍ ഒരാള്‍, എല്ലാവരോടും സ്്‌നേഹത്തോടെ മാത്രമാണ് പെരുമാറുന്നത്. പിന്നെ മോഹന്‍ലാല്‍, അദ്ദേഹത്തെ അടുത്തറിഞ്ഞപ്പോഴാണ് അദ്ദേഹത്തിലെ ബഹുമുഖ പ്രതിഭയെ ഞാന്‍ അടുത്തറിഞ്ഞത്. എന്തൊരു നല്ല മനുഷ്യനാണ് അദ്ദേഹം. നന്നായി പാചകം ചെയ്യും, പാടും, മാജിക്ക് കാണിക്കും, ബിസിനസുകള്‍ നോക്കാന്‍ അറിയാം. ജീനിയസ് ആണ് അദ്ദേഹം.

ശിവരാജ്കുമാര്‍, ഒരു വലിയ മനുഷ്യന്റെ മകനാണ് അദ്ദേഹം. അത് നിലനിര്‍ത്തിക്കൊണ്ടു പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ അതിന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കര്‍ണാടകയില്‍ ഉള്ളവര്‍ അദ്ദേഹത്തിന് ജീവന്‍ നല്‍കാനും തയാറാണ്. സഹോദരന്‍ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിതമായ മരണത്തെ അദ്ദേഹം കൈകാര്യം ചെയ്ത രീതിയൊക്കെ അതിശയമാണ്. അതുപോലെ സുനില്‍, തിരക്കുകളൊക്കെ മാറ്റിവച്ചുവന്ന രമ്യാ കൃഷ്ണന്‍. പിന്നെ തമന്ന.. എത്ര ഭംഗിയായാണ് അവര്‍ നൃത്തം ചെയ്യുന്നത്. അത് അവരുടെ സ്വഭാവത്തിന്റെ കൂടി സവിശേഷത കൊണ്ടാണ്. അത്ര ആത്മവിശ്വാസമുണ്ട്.

ചില ആളുകള്‍ക്ക് ജീവിതത്തില്‍ എന്താകണമെന്ന കൃത്യമായ ബോധമുണ്ട്. അതിനനുസരിച്ച് അവര്‍ ജീവിതം വഴിതിരിക്കും. മറ്റു ചിലര്‍ക്ക് ജീവിതം തികച്ചും ആകസ്മികതയാണ്. എന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. ഞാനൊരുപാട് സിനിമകള്‍ ആസ്വദിക്കുമായിരുന്നുവെങ്കിലും ഒരു നടനാകണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്റെ പരിമിതികള്‍ എനിക്ക് നന്നായി അറിയാമായിരുന്നു. 85 കിലോയാണ് ഭാരം. കുടവയറും ഇരുണ്ട നിറവും പിന്നെയീ മുടിയും. ഇതൊക്കെവച്ച് എങ്ങനെ നടനാകാനാണ്. പക്ഷേ അന്നു മുതലേ എല്ലാവരേയും അനുകരിക്കുന്നത് എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമായിരുന്നു. അതിനെ കണ്ടവരൊക്കെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അന്നെന്റെ അടുത്ത സുഹൃത്താണ് ഡ്രൈവറായിരുന്ന രാജബഹദൂര്‍. വളരെ സമ്പന്നന്‍. വീട്ടില്‍ അന്‍പത്, അറുപത് പശുക്കളൊക്കെയുണ്ട്. പക്ഷേ ഇതിനെയൊക്കെ നോക്കുന്നത് ബുദ്ധിമുട്ടായി വന്നപ്പോഴാണ് അവന്‍ ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞത്. കാണാനൊക്കെ ആള് സുന്ദരനാണ്. നല്ല വാച്ചും വേഷവുമൊക്കെ ധരിച്ചേ നടക്കൂ. കയ്യിലൊരു ചെയ്‌നൊക്കെയുണ്ട്. അവന് സിനിമാ നടനാകാനായിരുന്നു കൊതി. അവന്റെ കൂടെ നടന്നിട്ടും അവനെപ്പോലെ നല്ല രീതിയില്‍ വസ്ത്രം ധരിക്കണമെന്നുപോലും ഞാന്‍ ആഗ്രഹിച്ചിട്ടില്ല.

രാജബഹദൂര്‍ അന്ന് നാടകങ്ങളിലൊക്കെ അഭിനയിക്കുന്നുണ്ട്. അവന്‍ അഭിനയിക്കുന്ന കുരുക്ഷേത്ര എന്നൊരു നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാംപിലേക്ക് എന്നെയും കൂട്ടികൊണ്ടു പോകുമായിരുന്നു. ഭീഷ്മരായാണ് അവന്‍ അഭിനയിക്കുന്നത്. നാടകത്തിലേക്ക് അസുരനായി അഭിനയിക്കാന്‍ ഒരാളെ വേണം. എല്ലാവരും പരസ്പരം നോക്കി. അന്നത്തെ എന്റെ രൂപം കണ്ട് നാടക സംവിധായകന്‍ ഞാനത് ചെയ്യാന്‍ ആവശ്യപ്പെട്ടു. റിഹേഴ്‌സലിന് ദിവസവും ചെന്നിരുന്നതുകൊണ്ട് ഡയലോഗുകളൊക്കെ എനിക്ക് കാണാപ്പാഠമായിരുന്നു. എന്തായാലും ഞാനാ ധൈര്യത്തില്‍ അഭിനയിച്ചു. അങ്ങനെ ആ നാടക ട്രൂപ്പിന്റെ ഭാഗമായതാണ് അഭിനയ ജീവിതത്തിന്റെ തുടക്കം.

മറ്റൊരിക്കല്‍ നാടകത്തിനു മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെ, പ്രധാന കഥാപാത്രമായ ദുരോധ്യനനെ അവതരിപ്പിക്കുന്ന ആള്‍ പനി പിടിച്ച് കിടപ്പിലായി. അയാള്‍ക്ക് നില്‍ക്കാനും നടക്കാനും കഴിയാത്ത അവസ്ഥ. അതോടെ സംവിധായകന്‍ ആ വേഷം ഞാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. ആ കഥാപാത്രത്തിന്റെ ഡയലോഗൊക്കെ എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ ഡയലോഗുകള്‍ക്കിടയില്‍ വരുന്ന പാട്ടുകളൊന്നും പാടാന്‍ അറിയില്ലായിരുന്നു. അതിനൊരു പരിഹാരവും സംവിധായകന്‍ തന്നെ നിര്‍ദേശിച്ചു. അദ്ദേഹം പാടിത്തരുമ്പോള്‍ ഞാന്‍ ചുണ്ടനക്കിയാല്‍ മതി.

പക്ഷേ ഈ വേഷമെടുത്താല്‍ എന്റെ കയ്യില്‍ നില്‍ക്കുമോ എന്ന ആശങ്കയുണ്ട് രാജബഹദൂറിന്. ഞാനതൊന്നും കാര്യമാക്കിയില്ല. ആ റോള്‍ ചെയ്യാന്‍ തന്നെ തീരുമാനിച്ചു. 1966ല്‍ ഇറങ്ങിയ ശ്രീകൃഷ്ണപാണ്ഡവീയം എന്ന സിനിമയില്‍ എന്‍ടിആര്‍ ദുര്യോധനനായി അഭിനയിച്ചിട്ടുണ്ട്. ആ വേഷം അനുകരിച്ച് എനിക്ക് നല്ല പരിചയമുണ്ട്. അതുകൊണ്ട് ആദ്യ റിഹേഴ്‌സലില്‍ത്തന്നെ നന്നായി ആ വേഷം ചെയ്യാന്‍ എനിക്കു കഴിഞ്ഞു. അടുത്ത ദിവസം ഫൈനല്‍ റിഹേഴ്‌സലാണ്. ദുരോധ്യനന്റെ കഥാപാത്രം ഒരു ഡയലോഗ് പറഞ്ഞശേഷം സിംഹാസനത്തില്‍ പോയിരിക്കുന്നൊരു ഭാഗമുണ്ട്. അതില്‍ വലിയ പുതുമയൊന്നും ഇല്ലെന്ന് എനിക്ക് തോന്നി. ഞാനത് സംവിധായകനോടു തുറന്നു പറഞ്ഞു.

ഒരു വ്യത്യസ്തതയ്ക്കുവേണ്ടി സദസ്സിനു പുറം തിരിഞ്ഞു നിന്ന് എന്റേതായ ഒരു സ്റ്റൈലില്‍ തിരിയുന്നു. എന്നിട്ട് കയ്യിലുള്ള ഗദ മറുകൈയിലേക്ക് എറിഞ്ഞ് പിടിച്ച് ഒരു വില്ലന്‍ ചിരി ചിരിച്ചാല്‍ നന്നാകില്ലേ എന്ന് സംവിധായകനോടു തന്നെ ചോദിച്ചു. അതു ചെയ്തുകൂടി കാണിച്ചപ്പോള്‍ എല്ലാവര്‍ക്കും സമ്മതം. എന്നാല്‍ രാജബഹദൂര്‍ അത് നിരുത്സാഹപ്പെടുത്തി. ഇങ്ങനെ ആക്‌ഷനും കലര്‍ത്തി ചെയ്താല്‍ സംഭാഷണങ്ങള്‍ നീ മറന്നു പോകുമെന്ന മുന്നറിയിപ്പാണ് അവന്‍ നല്‍കിയത്. കയ്യില്‍നിന്ന് ഗദ വീണുപോയാലും പ്രശ്‌നമാണ്. നാടകത്തിന് സ്റ്റേജില്‍ കയറിയപ്പോഴും ഇതൊന്നും വേണ്ടെന്ന് അവന്‍ ഓര്‍മപ്പെടുത്തി. പക്ഷേ ഞാനതൊക്കെ ചെയ്തു. ജനം കയ്യടിച്ചു. നാടകം കഴിഞ്ഞിറങ്ങുമ്പോള്‍ എന്നെ കാണാന്‍ ഗ്രീൻറൂമില്‍ കുറേ ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

അന്ന് നാടകം കഴിഞ്ഞ് ഒരു ഓട്ടോയില്‍ കയറി ഞാനും രാജബഹദൂറും ഒരു ബാറില്‍ പോയി. നന്നായി മദ്യപിച്ചു. ലക്കുകെട്ടതോടെ അവന്‍ ഉറക്കെ കരയാന്‍ തുടങ്ങി. നീ ഗംഭീരമാക്കിയെടാ, ബസ് കണ്ടക്ടറല്ല, എസ്.വി.രാമദാസിനെപ്പൊലെ ഒരു ഗ്ലാമര്‍ താരമാകേണ്ടവനാണ് എന്നു പറഞ്ഞു. ഇവിടെ നില്‍ക്കാതെ മദ്രാസില്‍ പോകാനും നിര്‍ബന്ധിച്ചു.

എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ രാത്രി രണ്ടു മണി കഴിഞ്ഞു. വീടിനു പുറത്ത് ചേട്ടന്‍ എന്നെ കാത്തിരിക്കുന്നുണ്ട്. ചേട്ടനെ നോക്കാതെ വീട്ടിലേക്ക് കയറിപ്പോകാന്‍ ഒരുങ്ങിയ എന്നെ അദ്ദേഹം അടുത്തേക്കു വിളിച്ചു. എന്നെ കെട്ടിപ്പിടിച്ചു. ചേട്ടത്തിയെ വിളിച്ച് എനിക്ക് ദൃഷ്ടി പതിക്കാതിരിക്കാന്‍ ഉഴിഞ്ഞിടാന്‍ പറഞ്ഞു. വലിയവനാവേണ്ടവനാണ് നീ, അതുകൊണ്ട് ഈ മദ്യപാനശീലം കളയണമെന്ന് സങ്കടത്തോടെ ചേട്ടന്‍ ഓര്‍മപ്പെടുത്തി. മദ്യപാനശീലം ഇല്ലായിരുന്നുവെങ്കില്‍ രജനീകാന്ത് ഇതിലും ഉയരത്തില്‍ എത്തുമായിരുന്നു. എനിക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു. അളവു കുറയ്ക്കുക. ദിവസം കുടിച്ചാൽ ജീവിതം തന്നെ ബുദ്ധിമുട്ടാകും. ആരോഗ്യം മാത്രമല്ല മനസ്സും നഷ്ടമാകും. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളെപ്പോലും ഇത് ബാധിക്കും. നിങ്ങളുടെ അച്ഛനും അമ്മയും ഭാര്യയും മക്കളുമൊക്കെ ഇത് മൂലം കഷ്ടപ്പെടും. ഈ ശീലം ഉപേക്ഷിക്കൂ. അനുഭവശാലിയാണ് ഈ പറയുന്നത്. മദ്യപാനത്തിനുവേണ്ടി ചെലവഴിക്കുന്ന സമയത്ത് നല്ല ഭക്ഷണം വയറു നിറയെ കഴിച്ചാല്‍ മതി.

നെൽസൺ തന്റെ ജീവൻ കൊടുത്ത് ചെയ്തിരിക്കുന്ന ചിത്രമാണ് ‘ജയിലർ’. ഇതിൽ പ്രവർത്തിച്ചിരിക്കുന്ന ഓരോരുത്തരും അവരുടെ ജീവൻ നൽകിയിട്ടുണ്ട്. സിനിമ നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി.’’–രജനികാന്ത് പറഞ്ഞു.